Monday, October 24, 2011

25 Sept 2011, MSS സംഘടിപ്പിച്ച പരിപാടിയില്‍ KJU അവതരിപ്പിച്ച പ്രബന്ധത്തോടുള്ള Hijra committe പ്രതികരണം .

This document is given by Abdul Shukkoor Sahib.

SCRIBD
Samvadathinte Backi Rev 01-New Matter





ഒരു സംവാദത്തിന്റെ ബാക്കിപത്രം


കഴിഞ്ഞ റമദാന്‍ 30ന്ന്‌(29.08–2011) തിങ്കളാഴ്‌ച ആഗോള സമയം 03.04 നായിരുന്നു ന്യൂമൂണ്‍ അന്ന്‌ കേരളത്തില്‍ സൂര്യാസ്‌തമയശേഷം 6 മിനുട്ട്‌ കഴിഞ്ഞ്‌ ചന്ദ്രന്‍ അസ്‌തമിച്ചു. റമദാന്‍ ഒരു ദിവസം വൈകി ആരംഭിച്ച കേരള മുസ്‌ലിംകള്‍ക്ക്‌ ശവ്വാല്‍ തുടങ്ങാന്‍ ചന്ദ്രക്കല കാണേണ്ടതുണ്ടായിരുന്നു. ഒരു മിനുട്ടിന്റെ അസ്‌തമയ വ്യത്യാസത്തില്‍ പോലും ഹിലാല്‍ നഗ്നനേത്രം കൊണ്ട്‌ `കാണാന്‍' സാധിച്ചിരുന്ന കേരളത്തില്‍ ഇപ്പോള്‍ 6 മിനുട്ടിലും 12 മിനുട്ടിലും ചന്ദ്രക്കല കാണാന്‍ കഴിയാതെ വന്നിരിക്കുന്നു!! അതിനാല്‍ ചൊവ്വാഴ്‌ചക്ക്‌ പകരം ബുധനാഴ്‌ചയാണ്‌ ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചത്‌. ചന്ദ്രക്കല ചക്രവാളത്തില്‍ ഉണ്ടായാല്‍ മതി കാണേണ്ടതില്ല, ഒരു ദൃശ്യമേഖലയില്‍ ഒരിടത്ത്‌ കണ്ടാല്‍ മതി, ലോകത്ത്‌ എവിടെ കണ്ടാലും സ്വീകരിക്കാം തുടങ്ങിയുള്ള വാദമുഖങ്ങള്‍ ഉന്നയിച്ചവര്‍ ആരും തന്നെ ലോകത്തെ ബഹുഭൂരിപക്ഷം ജനതയുടെയും രാഷ്‌ട്രങ്ങളുടേയും കൂടെ ചൊവ്വാഴ്‌ച(30.08.11) ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചില്ല. കേരള മുസ്‌ലിം ജനതയുടെ അസ്വസ്ഥത പൂരിതമായ ഹൃദയവികാരം ഉള്‍ക്കൊണ്ട മുസ്‌ലിം സര്‍വ്വീസ്‌ സൌസൈറ്റി ജനങ്ങളുടെ വിശ്വാസം കൊണ്ടുള്ള മേല്‍ തമാശക്കളിയെ സംബന്ധിച്ച്‌ ഒരു ചര്‍ച്ച നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കേരളത്തിലെ എല്ലാവിഭാഗം മതസംഘടനകളേയും ആയതിന്നായി ക്ഷണിച്ചെങ്കിലും കേരള ജംഇയ്യത്തുല്‍ ഉമല പ്രസിഡന്റ്‌ എ.അബ്‌ദുല്‍ ഹമീദ്‌ മദീനി ഒഴിച്ച്‌ മറ്റാരും തന്നെ ആയതിന്‌ തയ്യാറായില്ല.
എം.എസ്‌.എസ്‌.ഭാരവാഹികള്‍ ഹിജ്‌റ കമ്മിറ്റി ഓഫ്‌ ഇന്ത്യയെ സമീപിക്കുകയും ശവ്വാല്‍ മാസം ആരംഭിച്ചത്‌ ചൊവ്വാഴ്‌ചയാണെന്ന്‌ തെളിയിക്കാന്‍ ആവശ്യപ്പെടുകയും ഹിജ്‌റ കമ്മിറ്റി ആയത്‌ സഹര്‍ഷം സ്വീകരിക്കുകയും ചെയ്‌തു. ശവ്വാല്‍ ഒന്നാം തിയതി ബുധനാഴ്‌ചയായിരുന്നു വെന്നതിന്‌ കേരള ജംഇയത്തുല്‍ ഉലമ തെളിവ്‌ ഹാജറാക്കുന്നതാണെന്നും അവര്‍ അറിയിച്ചു.
ഹിജ്‌റ കമ്മിറ്റിയും കെ.ജെ.യുവും തമ്മില്‍ ഒരു തുറന്ന ചര്‍ച്ചക്ക്‌ വേദിയൊരുങ്ങി. ചര്‍ച്ചയുടെ ഘടന തീരുമാനിക്കാന്‍ ഇരുസംഘടനാ പ്രതിനിധികളും എം.എസ്‌.എസ്‌ ഭാരവാഹികളും കൂടിയിരുന്നപ്പോഴാണ്‌ കെ.ജെ.യുവിന്റെ പൂച്ച പുറത്ത്‌ ചാടിയത്‌. അവര്‍ പറഞ്ഞു അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളെ മാത്രമേ ചര്‍ച്ച ചെയ്യേണ്ടതുള്ളൂ. ശവ്വാല്‍ ഒന്ന്‌ ചൊവ്വാഴ്‌ചയായിരുന്നു എന്നതില്‍ തങ്ങള്‍ക്ക്‌ സംശയമില്ലെന്ന്‌ കെ.ജെ.യു പ്രസിഡന്റ്‌ വ്യക്തമാക്കി, മാത്രവുമല്ല രണ്ടുവിഷയത്തില്‍ മാത്രമേ അഭിപ്രായ വ്യത്യാസമുള്ളുവെന്നും ഒന്നാമത്തേത്‌ ന്യൂമൂണിനെ സംബന്ധിച്ചും രണ്ടാമതായി ദിവസം തുടങ്ങുന്നതെപ്പോള്‍ എന്നതുമാണ്‌ അഭിപ്രായ വ്യത്യാസമുള്ള വിഷയമെന്നും അദ്ദേഹം പറഞ്ഞു.
അസ്‌ട്രോണമിക്കല്‍ ന്യൂമൂണ്‍ അതോ ക്രസന്റ്‌ ന്യൂമൂണോ?
മേല്‍ പറഞ്ഞതില്‍ ക്രസന്റ്‌ ന്യൂമൂണാണ്‌ മാസമാറ്റത്തിന്റെ മാനദണ്‌ഡമെന്ന്‌ കെ.ജെ.യു പ്രസിഡന്റ്‌ വ്യക്തമാക്കി. അസ്‌ട്രോണമിക്കല്‍ ന്യൂമൂണാണ്‌ ഹിജ്‌റ കമ്മിറ്റി തീരുമാനമെന്ന്‌ അദ്ദേഹം തന്നെ പ്രസ്‌താവിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത ഈ ലേഖകന്‍ ആയത്‌ നിഷേധിച്ചു. അങ്ങിനെ വാദമില്ലെന്നും ഇസ്‌ലാമില്‍ മാസമാറ്റം തീരുമാനിക്കേണ്ടത്‌ ഖുര്‍ആന്‍ 2:189 ആയത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഞങ്ങള്‍ വ്യക്തമാക്കി. തദടിസ്ഥാനത്തില്‍ വിശദീകരണങ്ങള്‍ ഒഴിവാക്കുകയും മാസ നിര്‍ണയത്തില്‍ ഇസ്‌ലാമിക മാനദണ്‌ഡം എന്ന വിഷയം തിരഞ്ഞെടുക്കുകയും ചെയ്‌തു. അസ്‌ട്രോണമിക്കല്‍ ന്യൂമൂണും ക്രസന്റ്‌ ന്യൂമൂണും ഒന്നാണെന്നും ആദ്യത്തേത്‌ സംഭവിച്ച നിമിഷം തന്നെ രണ്ടാമത്തേത്‌ ഉണ്ടാവുമെന്നും ഞങ്ങള്‍ വ്യക്തമാക്കുകയും ചെയ്‌തു. ക്രസന്റ്‌ ന്യൂമൂണ്‍ ആണ്‌ തങ്ങളുടെ അടിസ്ഥാനമാണെന്ന്‌ കെ.ജെ.യുവും അസ്‌ട്രോണമിക്കല്‍ ന്യൂമൂണ്‍ എന്താണെന്ന്‌ ഹിജ്‌റ കമ്മിറ്റിയും വിശദീകരിക്കുമെന്ന്‌ ഉള്‍പ്പെടുത്തി കരാര്‍ ഒപ്പിട്ടു.
പക്ഷെ, എല്ലാ ധാരണകളും തെറ്റിച്ച്‌ ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയെന്ന്‌ വിളിച്ച്‌ തല്ലിക്കൊല്ലുന്ന കാടന്‍ രീതി തന്നെയാണ്‌ കെ.ജെ.യു പണ്‌ഡിതന്‍മാര്‍ സംവാദത്തില്‍ സ്വീകരിച്ചത്‌. കെ.ജെ.യു/കെ.എന്‍.എം നേതാക്കള്‍ നേരിട്ട്‌ ഹിജ്‌റാ കമ്മിറ്റി പ്രതിനിധിയെ വിളിച്ച്‌ സംവാദം സൌഹാര്‍ദ്ദപരമാവണമെന്ന്‌ അഭ്യര്‍ത്ഥിച്ച്‌ അനുകൂലാവസ്ഥ സൃഷ്‌ടിക്കാന്‍ തന്ത്രം മെനഞ്ഞിരുന്നുവെങ്കിലും സംവാദസ്ഥലത്ത്‌ അവ-രുടെ കുതന്ത്രമായിരുന്നു അതെന്ന്‌ വ്യക്തമായി. കരാര്‍ ഒപ്പിടുന്ന വേളയല്‍ ആദ്യം താന്‍ പ്രസംഗിക്കുമെന്നും രണ്ടാമതായി സി.പി.ഉമര്‍ സുല്ലമി പ്രസംഗിക്കുമെന്നും കെ.ജെ.യു പ്രസിഡന്റ്‌ തറപ്പിച്ചു പറയുകയുണ്ടായി. ഹിജ്‌റ കമ്മിറ്റി ഭാഗത്ത്‌ നിന്നും അബ്‌ദുറഷീദ്‌ സേലം പ്രസംഗിക്കുമെന്ന്‌ അറിയിച്ചു. എന്നാല്‍ വാക്കിന്ന്‌ യാതൊരു വിലയും കല്‌പിക്കാത്ത കെ.ജെ.യു.അബ്‌ദുല്‍ ഹമീദ്‌ മദീനിയെ സ്റ്റേജിലിരുത്തി മറ്റു രണ്ടുപേരെ കൊണ്ടു പ്രസംഗിപ്പിക്കുകയായിരുന്നു. അതില്‍ ഒരാള്‍ കെ.ജെ.യു/ കെ.എന്‍.എം അംഗംപോലുമല്ലാത്ത എന്‍.വി.സക്കരിയ്യ എന്ന യാളായിരുന്നു എന്നതാണ്‌ അതിശയം. മാസപ്പിറവി വിഷയം കൈകാര്യം ചെയ്യാന്‍ കെ.ജെ.യുവിന്ന്‌ പണ്‌ഡിതക്ഷാമമോ? എന്തുകൊണ്ട്‌ കെ.ജെ.യു പണ്‌ഡിതന്‍മാര്‍ വിഷയം പഠിക്കുന്നില്ല. പഠിക്കാതെ എന്തിന്‌ മാസപ്പിറവി പ്രഖ്യാപിക്കാന്‍ പോകണം. കെ.ജെ.യു.നിലപാടിന്ന്‌ വിരുദ്ധമായ അഭിപ്രായമാണ്‌ ജ.എന്‍.വി.സക്കരയി മൌലവി പ്രകടിപ്പിച്ചിട്ടുള്ളത്‌ എന്നതും ശ്രദ്ധിക്കേണ്ടതാണ്‌.
കെ.ജെ.യു പ്രബന്ധം
പരസ്‌പര വിരുദ്ധമായ അഭിപ്രായങ്ങളാണ്‌ ജ.മന്‍സൂറലി ചെമ്മാട്‌ അവതരിപ്പിച്ച പ്രബന്ധത്തിലുള്ളത്‌. ക്രസന്റ്‌ ന്യൂമൂണ്‍ എന്നാല്‍ സൂര്യാസ്‌തമയശേഷം ചക്രവാളത്തില്‍ ചന്ദ്രന്‍ ഉണ്ടാവുക എന്നതാണെന്നും കാണല്‍ നിബന്ധനയല്ലെന്നും കരാര്‍ ചര്‍ച്ചയില്‍ മദീനി വ്യക്തമാക്കിയതാണ്‌. എന്നാല്‍ പ്രബന്ധത്തില്‍ പറയുന്നത്‌ ഹിലാല്‍ കണ്ടാല്‍ നോമ്പു തുടങ്ങാനാണ്‌ എല്ലാ പണ്‌ഡിതന്‍മാരും പറഞ്ഞിട്ടുള്ളതെന്നാണ്‌. എന്നിട്ട്‌ കാണാന്‍ സാധിക്കാത്ത കലകളെ കണ്ടു എന്ന കള്ളസാക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 35 വര്‍ഷം കേരളത്തില്‍ മാസപ്പിറവി തീരുമാനിക്കുന്നു എന്ന വസ്‌തുത സൌകര്യപൂര്‍വ്വം മൂടിവെയ്ക്കുകയും ചെയ്യുന്നു.
പലഘട്ടങ്ങളിലായി ശബാബില്‍ എഴുതിയ ലേഖനങ്ങള്‍ തുന്നിച്ചേര്‍ത്ത്‌ തയ്യാറാക്കിയതാണ്‌ കെ.ജെ.യു.പ്രബന്ധം ഹിജ്‌റ കമ്മിറ്റി ഇതിനെല്ലാം മറുപടി എഴുതി ശബാബിന്ന്‌ അന്നു തന്നെ നല്‍കിയിട്ടുള്ളതാണ്‌. അതൊന്നും മുഖവിലയ്ക്കെടുക്കാതെ പഴകി പുളിച്ച കഞ്ഞിവെള്ളം പുതിയ ചട്ടിയില്‍ വിളമ്പിയിരിക്കുകയാണ്‌. ഖുര്‍ആന്‍ 2:189 ആയത്തിലെ മവാക്കീത്ത്‌ എന്ന വാക്കിന്‌ സമയ നിര്‍ണയമെന്നാണ്‌ ഇപ്പോഴും അര്‍ത്ഥം പറയുന്നത്‌. ചന്ദ്രക്കലകള്‍ നോക്കി സമയം നിര്‍ണയിക്കുന്ന രീതി ഒന്നു പഠിപ്പിച്ചു തരണം. ``ചന്ദ്രക്കലകളെ കാലനിര്‍ണയത്തിന്നായി അല്ലാഹു നിശ്ചയിച്ചിരിക്കുന്നു.'' എന്ന ഹദീസില്‍ മേഘം മൂടിയാല്‍ 30 പൂര്‍ത്തിയാക്കണമെന്ന്‌ പരിഭാഷപ്പെടുത്തുന്നു. എന്നിട്ട്‌ കേരളത്തിലെ കഴിഞ്ഞ 35 വര്‍ഷത്തെ ചരിത്രത്തില്‍ മേഘം മൂടിയ സന്ദര്‍ഭത്തില്‍ ഒരിക്കലെങ്കിലും ഹിലാല്‍ നോക്കേണ്ടതില്ലെന്ന്‌ ഹിലാല്‍ കമ്മിറ്റി/കെജെയു പറഞ്ഞിട്ടുണ്ടോ? ലോകത്തെവിടെയെങ്കിലും ഈ നിയമം നടപ്പിലുണ്ടോ? എന്താണു പ്രമുഖ സ്വഹാബികള്‍ ചെയ്‌തിരുന്നത്‌. ചന്ദ്രക്കല 29–ാം ദിവസം കാണാതെ വന്നാല്‍ അടുത്ത ദിവസം നോമ്പെടുക്കുകയാണ്‌ അവര്‍ ചെയ്‌തിരുന്നത്‌. സ്വഹാബത്ത്‌ മനസ്സിലാക്കിയതാണോ മുജാഹിദ്‌ പണ്‌ഡിതന്‍മാരുടെ അഭിപ്രായമാണോ ശരി? ചിന്തിക്കുക. ജനങ്ങളെ പരമാവധി തെറ്റിദ്ധരിപ്പിക്കുക എന്നതായിരുന്നു ജ.എന്‍.വി.സക്കരിയ്യ മൌലവിയുടെ ദൌത്യം. യാതൊരൂ മനസ്സാക്ഷിക്കുത്തുമില്ലാതെ അസത്യപ്രസ്‌താവനകളിറക്കുകയാണ്‌ അദ്ദേഹം ചെയ്‌തത്‌. മുജാഹിദ്‌ പണ്‌ഡിതന്‍മാര്‍ക്ക്‌ ശാസ്‌ത്രവിഷയങ്ങള്‍ സംബന്ധിച്ച്‌ തെറ്റായ ധാരണകള്‍ പഠിപ്പിച്ചുകൊടുക്കുന്നത്‌ ഇദ്ദേഹമാണെന്ന്‌ തോന്നുന്നു. മഹാഖ്‌, നോമൂണ്‍ തുടങ്ങിയ പദങ്ങളും ന്യമൂണ്‍ കഴിഞ്ഞ്‌ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞശേഷം ദൃശ്യമാകുന്നതാണ്‌ ഹിലാല്‍ എന്ന ആശയവും ഇദ്ദേഹത്തിന്റെ വകയാണ്‌. ഈ വാദമുഖങ്ങള്‍ ശരിയല്ലെന്നും നിങ്ങള്‍ തന്നെ പ്രാക്‌ടീസ്‌ ചെയ്യുന്നത്‌ ഇതിന്നു വിരുദ്ധമാണെന്നും ന്യൂമൂണ്‍ സംഭവിച്ച ഉടനെ തന്നെ ഹിലാല്‍ ഉണ്ടാവുമെന്നും പല തവണ പറഞ്ഞു കൊടുത്തിട്ടും ഇദ്ദേഹമോ ഇദ്ദേഹത്തെ അന്ധമായി തഖ്‌ലീദ്‌ ചെയ്യുന്ന കെ.ജെ.യു നേതൃത്വമോ തങ്ങളുടെ അബദ്ധ ധാരണകള്‍ തിരുത്താന്‍ തയ്യാറാകാത്തതാണ്‌ മുജാഹിദ്‌ പ്രസ്ഥാനങ്ങള്‍ നേരിടുന്ന വലിയ പ്രശ്‌നം. ഇദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ച വന്‍ അബദ്ധങ്ങള്‍ കാണുക.
ആശൂറാഅ്‌
ഇബ്‌നു അബ്ബാസ്‌(റ)യോട്‌ ആശൂറാഅ്‌ നോമ്പ്‌ എന്നാണ്‌ എടുക്കേണ്ടത്‌ എന്ന ചോദ്യത്തിന്ന്‌ ``നിങ്ങള്‍ കല കണ്ടതുമുതല്‍ എണ്ണുക, 9–ാം ദിവസം നോമ്പുകാരനാവുക'' എന്നാണ്‌ പറഞ്ഞു കൊടുത്തത്‌. ഇതിനര്‍ത്ഥം ഹിലാല്‍ കണ്ടദിവസം ഒന്നാം തിയ്യതിയാണെന്നാണ്‌. കല കണ്ടതിന്നുശേഷം എണ്ണിയാല്‍ 9–ാം ദിവസം ആശൂറാഅ്‌(മുഹറം 10) ആയിരിക്കും. എന്നാല്‍ സക്കരിയ്യാ മൌലവിയുടെ വിധി രസകരമാണ്‌. ആശൂറാഅ്‌ എന്നാണെന്ന ചോദ്യത്തിന്‌ താസൂറാഅ്‌ എന്നാണെന്ന്‌ ഇബ്‌നു അബ്ബാസ്‌ (റ) മറുപടി പറഞ്ഞുവത്രെ!! മൌലവിമാര്‍ കാര്യങ്ങള്‍ തലകുത്തിനിന്നാണ്‌ മനസ്സിലാക്കുന്നതെന്നര്‍ത്ഥം.
മഹാഖും ഹിലാലും
വീണ്ടും മഹാഖും കൊണ്ടാണ്‌ ഇവര്‍ വന്നിരിക്കുന്നത്‌. മഹാഖ്‌ ഖുര്‍ആനില്‍ പറഞ്ഞിട്ടില്ല. ഹിലാല്‍ ഖുര്‍ആനിലും സുന്നത്തിലും വന്നിട്ടുണ്ടെന്ന ഒരു കള്ള പ്രസ്ഥാവന നടത്തിയിരിക്കുന്നു. ഖുര്‍ആനില്‍ ഒരിടത്തും ഹിലാലിനെ സംബന്ധിച്ച്‌ പറഞ്ഞിട്ടില്ല. ഹദീസില്‍ മാത്രമാണുള്ളത്‌. ഖുര്‍ആനില്‍ അഹില്ല എന്നുണുള്ളത്‌. മഹാഖ്‌ എന്ന പദം ഖുര്‍ആനിലും സുന്നത്തിലുമില്ല. മഹാഖ്‌ ന്യൂമൂണാണെന്ന ഇവരുടെ പ്രസ്ഥാവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്‌. ഒരു ചന്ദ്രമാസത്തിലെ അവസാന 3 ദിവസത്തിന്‌ പറയുന്ന പേരാണ്‌ മഹാഖ്‌. 28–ാം തിയിതിയും 29 –ാം തിയതിയും ചില സന്ദര്‍ഭങ്ങളില്‍ ചന്ദ്രക്കല കാണാന്‍ സാധിക്കുന്നതാണ്‌. അതെങ്ങിനെ ന്യൂമൂണാവും. ന്യൂമൂണ്‍ കാണാന്‍ പറ്റുമെന്ന്‌ ആരാണു പറഞ്ഞത്‌. ന്യൂമൂണ്‍ എന്നതിന്റെ നിഘണ്ടുവിലെ അര്‍ത്ഥം പരതുന്നത്‌ വിഡ്‌ഢിത്തമാണ്‌. ശാസ്‌ത്രസാങ്കേതിക പദങ്ങള്‍ക്ക്‌ അവകൊണ്ടുദ്ദേശിക്കുന്ന സാങ്കേതികാര്‍ത്ഥം എന്താണോ അത്‌ മാത്രമേ പറയാന്‍ പാടുള്ളൂ. `ശിര്‍ഖ്‌'എന്നതിന്റെ ഡിഷ്‌ണറിയിലെ അര്‍ത്ഥം പങ്കുവെയ്ക്കല്‍, കൂട്ടുകൂടല്‍ തുടങ്ങിയവയാണ്‌. ഇസ്‌ലാമിലെ സാങ്കേതികാര്‍ത്ഥത്തില്‍ കൂട്ടുകച്ചവടം `ശിര്‍ക്കാ'വുമോ? ചന്ദ്രമാസത്തിലെ അവസാന ദിവസം ഭൂമിക്കും സൂര്യനുമിടയില്‍ കൂടി ഒരു നേര്‍രേഖയില്‍ ചന്ദ്രന്‍ മറികടക്കുന്ന പ്രതിഭാസത്തിന്നാണ്‌ ന്യൂമൂണ്‍, കണ്‍ചക്ഷന്‍, ഗ്രഹണം എന്നെല്ലാം പറയുന്നത്‌. ഇത്‌ ചുരുങ്ങിയ മിനുട്ടുകള്‍ മാത്രമെടുക്കുന്ന ഒരു പ്രാപഞ്ചിക വ്യവസ്ഥയാണ്‌. അല്ലാഹുവിന്റെ നിശ്ചയ പ്രകാരം നടക്കുന്ന പ്രപഞ്ച നിയമങ്ങളെ നിഷേധിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത്‌ അല്ലാഹുവിനെ തന്നെ നിഷേധിക്കലായി തീരുന്നതിനെ വിശ്വാസികകള്‍ ഭയപ്പെടണം. വാദത്തിന്നുവേണ്ടി ന്യൂമൂണ്‍ അറബിയില്‍ മഹാഖാണെന്ന്‌ വെയ്ക്കുക. ഖുര്‍ആനിലും ഹദീസിലും മഹാഖ്‌ എന്നു പറഞ്ഞിട്ടില്ലാത്തതിനാല്‍ സ്വീകാര്യമല്ലെങ്കില്‍ പിന്നെ എങ്ങിനെയാണു ശബാബ്‌/സുല്ലമുസ്സലാം കലണ്ടറുകളില്‍ ചന്ദ്രാസ്‌തമയം കണക്കുകൂട്ടി രേഖപ്പെടുത്തിയിട്ടുള്ളതെന്ന്‌ കെ.ജെ.യു വിശദീകരിക്കണം. ന്യൂമൂണ്‍ പരിഗണിക്കാതെ കലണ്ടറിലെ കണക്ക്‌ തയ്യാറാക്കിതരാന്‍ കെ.ജെ.യുവിനെ ഹിജ്‌റ കമ്മിറ്റി വെല്ലുവിളിക്കുന്നു. നിങ്ങള്‍ക്കതിന്നു സാധിക്കില്ലെങ്കില്‍ അല്ലാഹു(സു.ത) പ്രപഞ്ചസംവിധാനത്തിന്റെ ഭാഗമായി നിശ്ചയിച്ചതും ഹിസാബ്‌(10:5) നടത്താന്‍ അനിവാര്യവുമായ ന്യൂമൂണിനെ നിഷേധിക്കരുത്‌. ന്യൂമൂണിന്‌ അറബിയില്‍ മഹാഖ്‌ എന്നല്ല ഇഖ്‌തിറാന്‍ എന്നാണു പറയുക. മദീനി തന്റെ പുസ്‌തകത്തില്‍ ഇക്കാര്യം സമ്മതിക്കുന്നുണ്ടെങ്കിലും പഠിച്ചതേപാടുകയുള്ളൂ.
ന്യൂമൂണ്‍ സംഭവിക്കുന്ന അതേ നിമിഷത്തില്‍ ഹിലാല്‍ ജനിക്കുന്നുവെന്നും അതിനാല്‍ അസ്‌ട്രോണമിക്കല്‍ ന്യൂമൂണ്‍, ക്രസന്റ്‌ ന്യൂമൂണ്‍ എന്നിങ്ങനെ പറയുന്നതില്‍ സാംഗത്യമില്ലെന്നും പലവട്ടം വ്യക്തമാക്കിയിട്ടുള്ളതാണ്‌. റഷീദ്‌ സേലം സുല്ലമുസ്സലാം കലണ്ടര്‍ കാണിച്ചുകൊണ്ട്‌ സംവാദവേദിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌. എത്രയോ പ്രാവശ്യം ന്യൂമൂണ്‍ ദിവസം നിങ്ങളുടെ മഹാഖ്‌ ദിവസം തന്നെ– ഹിലാല്‍ കണ്ടതായി കെ.ജെ.യു ഹിലാല്‍ കമ്മിറ്റി തീരുമാനമുണ്ടായിട്ടുണ്ട്‌. എന്‍.വി.സക്കരിയ്യ തന്നെ കഠിനാദ്ധ്വാനം ചെയ്‌ത്‌. 1426ല്‍ ഈദുല്‍ ഫിത്വര്‍ തീരുമാനിച്ചിരുന്നത്‌ മഹാഖ്‌ ദിവസമായിരുന്നു. സക്കരിയ്യക്കും കെ.ജെ.യുവിനും മഹാഖ്‌ സ്വീകരിക്കാം ഹിജ്‌റ കമ്മിറ്റിക്ക്‌ പാടില്ല എന്നാണോ വാദം?
ഉര്‍ജൂനുല്‍ ഖദീം
വി.ഖുര്‍ആനിലെ ആയത്തുകളെപ്പോലും തങ്ങളുടെ ജാള്യത തീര്‍ക്കാന്‍ എത്രലാഘവ ബുദ്ധിയോടെയാണ്‌ ഇവര്‍ കൈകാര്യം ചെയ്യുന്നത്‌ എന്ന്‌ നാം തിരിച്ചറിയേണ്ടതുണ്ട്‌. യാസീന്‍ 39–ാം വചനത്തില്‍ ചന്ദ്രന്റെ മനാസിലുകളെ സംബന്ധിച്ച്‌ പറഞ്ഞശേഷം അവസാനത്തെ കലയെ ഉര്‍ജൂനുല്‍ ഖദീം എന്നു പരിചയപ്പെടുത്തിയിരിക്കുന്നു. ദൃശ്യമാകുന്ന അവസാനത്തെ കലയെപ്പറ്റിയാണു ഖുര്‍ആന്‍ പറയുന്നത്‌. പ്രസ്‌തുത കലയെ ഒരാള്‍ കണ്ടാല്‍ അടുത്ത ദിവസം `ഗുമ്മ' എന്നു നബി(സ)പഠിപ്പിച്ച കല കാണാത്ത ദിവസവുമായിരിക്കും. അന്നേദിവസം മാസം അവസാനിക്കും എന്നതു തീര്‍ച്ചയാണ്‌. നിര്‍ഭാഗ്യവശാല്‍ തങ്ങളുടെ ഇബ്‌ലീസിയന്‍ വാദത്തെ ന്യായീകരിക്കാന്‍ ഖുര്‍ആന്‍ ആയത്തിനെപ്പോലും ഇവര്‍ തള്ളിപ്പറയാന്‍ ശ്രമിക്കുകയാണ്‌. കെ.ജെ.യു. പ്രബന്ധത്തിലെ ഈ വരികള്‍ ശ്രദ്ധിക്കുക. `ന്യൂമൂണിനെപ്പോലെ ഉര്‍ജൂനുല്‍ ഖദീം എന്നൊരു മാനദണ്‌ഡവും മാസമാറ്റത്തിന്‌ ഹിജ്‌റ കമ്മിറ്റിക്കാര്‍ ഇപ്പോള്‍ പ്രയോഗിച്ചു വരുന്നതായി കാണുന്നു.(ഖുര്‍ആനില്‍ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെപ്പറ്റി പറഞ്ഞപ്പോള്‍ നടത്തിയ ഒരു ഉപമയെ ചന്ദ്രന്റെ ഒരു ഘട്ടമായി പരിചയപ്പെടുത്തുന്നത്‌ എന്തുമാത്രം അബന്ധമാണ്‌)''. ചന്ദ്രന്ന്‌ അഹില്ലയും മനാസിലും നിശ്ചയിച്ചിരിക്കുന്നത്‌ അല്ലാഹുവാണ്‌. അവസാനം കാണുന്ന മന്‍സില്‍ ഉര്‍ജൂനുല്‍ ഖദീം ആണെന്ന്‌ ഖുര്‍ആനിന്റെ കല്‌പനയാണ്‌.(36:39). അടുത്ത ദിവസം തീരെ കാണാന്‍ കഴിയാത്ത `ഗുമ്മി'യായ മന്‍സില്‍ ആണ്‌. അബദ്ധം ചെയ്‌തത്‌ ഹിജ്‌റ കമ്മിറ്റിയല്ല, കെ.ജെ.യു ആണെന്ന്‌ വായനക്കാര്‍ മനസ്സിലാക്കണം.
കലണ്ടറിന്റെ പ്രാധാന്യം:
``ഖുര്‍ആനില്‍ കലണ്ടറിനേക്കാള്‍ പ്രാധാന്യത്തോടെ വിശദീകരിച്ച നിരവധി വിഷയങ്ങളുണ്ട്‌. നമസ്‌കാരം, നോമ്പ്‌, ഹജ്ജ്‌ മുതലായവ ഉദാരഹണം.'' (കെ.ജെ.യു.പ്രബന്ധം) ഇവര്‍ പറയുന്നതെന്തെന്ന്‌ ഇവര്‍ അറിയുന്നില്ല. അല്ലാഹുവെ ഇവര്‍ക്ക്‌ നീ പൊറുത്തു കൊടുക്കേണമേ എന്ന്‌ നമുക്ക്‌ പ്രാര്‍ത്ഥിക്കാം.
ഖുര്‍ആനില്‍ ഏറ്റവും മുന്തിയ പ്രാധാന്യം നല്‍കിയത്‌ കലണ്ടറിനാണെന്ന്‌ ആരെങ്കിലും പറഞ്ഞുവോ? ഏതായാലും കലണ്ടറിനു തീരെ പ്രാധാന്യമില്ലെന്ന്‌ പറഞ്ഞില്ലല്ലോ? ആശ്വാസം. സക്കരിയ്യ മൌലവിയുടെ കൂടെ ഇടിമുഴിക്കല്‍ സംവാദത്തില്‍ പങ്കെടുത്ത ഉമര്‍ ഫാറൂഖ്‌ എന്നയാള്‍ ഇസ്‌ലാമിന്ന്‌ കലണ്ടറില്ലെന്നാണ്‌ വിചിന്തനത്തില്‍ എഴുതിയിരിക്കുന്നത്‌. ചന്ദ്രക്കല കണ്ടശേഷം മാസം തുടങ്ങുന്നതിനാല്‍ കലണ്ടര്‍ ഉണ്ടാക്കാന്‍ കഴിയില്ല, അതിനാല്‍ കലണ്ടര്‍ നമുക്കുവേണ്ടത്രേ! ഖുര്‍ആന്‍ വമ്പിച്ച പ്രാധാന്യത്തോടെ കല്‌പിച്ച നമസ്‌കാരം, സക്കാത്ത്‌, ഹജ്ജ്‌, നോമ്പ്‌ തുടങ്ങിയ നിര്‍ബന്ധ കര്‍മങ്ങള്‍ക്ക്‌ കലണ്ടര്‍ അനിവാര്യമാണെന്ന്‌ മൌലവിമാര്‍ക്ക്‌ മനസ്സിലായിട്ടില്ല. കലണ്ടറിലെ ഒരു യൂണിറ്റാണ്‌ മാസം. നോമ്പ്‌ അനുഷ്‌ഠിക്കാന്‍ മാസം തീരുമാനിക്കണം. സക്കാത്ത്‌ വര്‍ഷത്തിലായതിനാല്‍ വര്‍ഷം എന്നാലെന്താണെന്നറിയണം. ഒരു മാസത്തിന്റെ യൂണിറ്റാണ്‌ ദിവസം ഒരു ദിവസം 5 നേരം നമസ്‌കരിക്കണം. അതിനാല്‍ ദിവസവും തിയതിയും നിര്‍ണയിക്കണം. അതില്‍ സമയം കണക്കാക്കണം. ഹജ്ജിന്റെ ദിവസങ്ങള്‍ ചന്ദ്രക്കലകള്‍ അടിസ്ഥാനമാക്കി നിശ്ചയിക്കണമെന്ന്‌ ഖുര്‍ആന്‍ 2.189 ല്‍ നേരിട്ട്‌ വ്യക്തമാക്കിയിരിക്കുന്നു. ഹിലാല്‍ കാണല്‍ മാനദണ്‌ഡമാക്കി ന്യൂമൂണ്‍ പരിഗണിക്കാതെയും കലണ്ടറുണ്ടാക്കി കെ.ജെ.യു പരസ്യപ്പെടുത്തുക തന്നെവേണം.
ഹജ്ജത്തുല്‍ വിദാഅ്‌:
നബി(സ)യുടെ ഹജ്ജ്‌(അറഫ)ഏതു ദിവസത്തിലായിരുന്നു എന്ന ഒരു തര്‍ക്കം ഒരു വര്‍ഷംമുമ്പ്‌ വിചിന്തനം വാരിക കൊണ്ടുവന്നിരുന്നു. അതേറ്റുപിടിച്ചുകൊണ്ട്‌ കെ.ജെ.യു പ്രസിഡന്റ്‌ അബ്‌ദുല്‍ ഹമീദ്‌ മദീനിയും സെക്രട്ടറി കെ.പി.സക്കരിയ്യാ മൌലവിയും സംയുക്തമായി ശബാബില്‍ അതാവര്‍ത്തിച്ചെഴുതി. നബി(സ)യുടെ അറഫ വെളളിയാഴ്‌ചയായിരുന്നു എന്നാണ്‌ അവര്‍ പറയാന്‍ ശ്രമിച്ചത്‌. തെളിവായി ഉദ്ദരിച്ചത്‌ ബുഖാരിയിലെ ഹദീസാണ്‌. അല്‍യൌമുലുകും... എന്ന ആയത്ത്‌ വെള്ളിയാഴ്‌ചയാണ്‌ ഇറങ്ങിയത്‌ എന്ന പരാമര്‍ശം. ഇതേ ആയത്ത്‌ വ്യാഴാഴ്‌ച രാത്രിയിലാണ്‌ അവതരിച്ചതെന്നതിന്‌ ശക്തമായ തെളിവ്‌. എന്നാല്‍ നബി(സ)യുടെ അറഫ വ്യാഴാഴ്‌ചയായിരുന്നു എന്നതിന്‌ 10 ലധികം തെളിവുകളോടെ ഞങ്ങള്‍ മറുപടി നല്‍കിയിരുന്നു. ഞങ്ങള്‍ നല്‍കിയ തെളിവുകള്‍ നിഷേധിക്കാന്‍ കഴിയാതെ ലേഖനത്തിലെ വരികള്‍ ദുര്‍വ്യാഖ്യാനം നല്‍കിയും ദുരാരോപണങ്ങള്‍ ഉന്നയിച്ചും അവര്‍ നല്‍കിയ മറുപടിക്ക്‌ ശക്തമായ വിയോജനലേഖനം നല്‍കിയെങ്കിലും ആയതിന്‌ ശബാബോ, കെ.ജെ.യുവോ ഇന്നുവരെ മറുപടി നല്‍കിയിട്ടില്ല. ആയതിന്നു മറുപടി നല്‍കാതെ വീണ്ടും പഴയവാദം ഉന്നയിക്കുന്നത്‌ പരാജയബോധം ഒന്നുകൊണ്ടുമാത്രമാണ്‌. നബി(സ)യുടെ അറഫ വ്യാഴാഴ്‌ചയായിരുന്നു എന്നത്‌ സുവ്യക്തമായ സത്യമാണ്‌. ഖുര്‍ആന്‍ 2:189ല്‍ പറഞ്ഞതുപ്രകാരം ചന്ദ്രക്കലകള്‍ നിരീക്ഷണം നടത്തുകയും 7–ാം തിയതി രാത്രി 7–ാം തിയതിയുടെ കല അര്‍ദ്ധരാത്രിയില്‍ അസ്‌തമിക്കുന്നത്‌ കണ്ണുകൊണ്ട്‌ കണ്ടിട്ടുതന്നെയാവണം അവര്‍ മിനായിലേക്ക്‌ 8–ാം തിയതി പോയിട്ടുണ്ടാവുക. കാരണം നബി(സ)യുടെ ജീവിതം ഖുര്‍ആന്‍ ആയിരുന്നെന്ന്‌ ആയിശ(റ)പറഞ്ഞിട്ടുണ്ട്‌.
ദിനാരംഭം:
ദിനാരംഭത്തെ സംബന്ധിച്ച്‌ ഹിജ്‌റ കമ്മിറ്റി ആദ്യം മുതല്‍ പറഞ്ഞിട്ടുള്ളത്‌ ഫജര്‍ മുതല്‍ ആരംഭിക്കുന്നു എന്നാണ്‌. എന്നാല്‍ ഭൂമിയുടെ ദിവസം അളന്നെടുക്കുന്നത്‌ സവാല്‍ (നട്ടുച്ച)മുതല്‍കാകണെന്നും അതാണു യൂണിവേഴ്സല്‍ ടൈം എന്നും പറഞ്ഞാല്‍ അത്‌ മനസ്സിലാകാത്ത പ്രശ്‌നമാണുള്ളത്‌. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിഷയങ്ങളാണ്‌ യു.ടി. പ്രാദേശിക സമയം, അക്ഷാംശ രേഖ, രേഖാംശരേഖ, ഡൈറ്റ്‌ ലൈന്‍, ന്യൂമൂണ്‍ , ഗ്രഹണം തുടങ്ങിയ വിഷയങ്ങള്‍.
ഖുര്‍ആനും ഹദീസും ദുര്‍വ്യാഖ്യാനം ചെയ്യുന്നതുപോലെ ശാസ്‌ത്രം വളച്ചൊടിക്കാന്‍ മൌലവിമാര്‍ ശ്രമിക്കുന്നത്‌. ഒരു സ്‌കൂള്‍ അദ്ധ്യാപകനെ സമീപിച്ച്‌ അല്‌പം ഭൂമിശാസ്‌ത്രവും ഗോളശാസ്‌ത്രവും നാവിഗേഷനും പഠിക്കാന്‍ ശ്രമിക്കുക എന്നു ഉപദേശിക്കാന്‍ മാത്രമേ കഴിയുകയുള്ളൂ. ഇത്‌ പറയുമ്പോള്‍ `ഈഗോ' കൊണ്ട്‌ കലിതുള്ളേണ്ടതില്ല. ദിനാരംഭം സംബന്ധിച്ച്‌ ഹിജ്‌റ കമ്മിറ്റി ഓഫ്‌ ഇന്ത്യ പ്രസിദ്ധീകരിച്ച പുസ്‌തകം വായിക്കാനും നിര്‍ദ്ദേശിക്കുന്നു.
ഹിജ്‌റ കലണ്ടറും ജൂത കലണ്ടറും താരതമ്യം:
കെ.ജെ.യു.പ്രസിഡന്റ്‌ അബ്‌ദുല്‍ ഹമീദ്‌ മദീനി എഴുതിയ `ന്യൂമൂണും മാസപ്പിറവിയും' എന്ന പുസ്‌തകത്തില്‍ പ്രകാശന വേദിയില്‍ വെച്ച്‌ മദീനിയും ജ:എന്‍.വി.സക്കരിയ്യാ മൌലവിയും ഉന്നയിച്ച ആരോപണം എം.എസ്‌.എസ്‌. സംവാദന വേദിയിലും ഉന്നയിച്ചിരിക്കുന്നു. ഹിജ്‌റ കലണ്ടര്‍ ജൂതകലണ്ടറാണത്രെ. തന്‍രെ കൈയില്‍ ജൂത കലണ്ടറിന്റെ കോപ്പിയുണ്ടെന്ന്‌ മദീനി സാഹിബ്‌ അവകാശപ്പെട്ടതിന്റെ വെളിച്ചത്തില്‍ ഒരു ഹിജ്‌റ കമ്മിറ്റി പ്രവര്‍ത്തകന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നുകാണുകയുണ്ടായി. വെബ്‌സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ്‌ ചെയ്‌ത ഒരു ജൂത കലണ്ടറിന്റെ കോപ്പി മൌലവി കാണിച്ചുകൊടുത്തു. പ്രസ്‌തുത കലണ്ടറില്‍ 13 മാസമുണ്ടായിരുന്നു. ഇത്‌ ഹിജ്‌റാ കലണ്ടറിലുണ്ടോ എന്ന ചോദ്യത്തിന്‌ ഇല്ലെന്ന്‌ മൌലവി മറുപടി പറഞ്ഞു. ജൂത കലണ്ടറില്‍ 30, 29, 30, 29 എന്നിങ്ങനെ മാസങ്ങള്‍ മാറി മാറി തിയതികള്‍ ഉള്ളതും കാണിച്ചു കൊടുത്തു. ഇതും ഹിജ്‌റ കലണ്ടറിലില്ലല്ലോ എന്നു പറഞ്ഞപ്പോള്‍ ഇക്കാര്യം ഞാന്‍ മനസ്സിലാക്കിയിട്ടില്ലെന്നും തന്റെ മകന്‍ നെറ്റില്‍ നിന്നും ഡൌണ്‍ലോഡ്‌ ചെയ്‌ത്‌ അയച്ചുതന്നതാണെന്നതാണ്‌ പ്രസ്‌തുത കലണ്ടറെന്നും അദ്ദേഹം വിശദീകരിച്ചു. എന്നിട്ടും സത്യം മനസ്സിലാക്കാതെ, അതല്ല മനസ്സിലാക്കിയിട്ടും മറച്ചുവെച്ചിട്ടോ ഹിജ്‌റ കലണ്ടറിനെ ജൂത കലണ്ടറെന്ന്‌ പറഞ്ഞ്‌ വീണ്ടും ആക്ഷേപിക്കുകയാണ്‌ മൌലവിമാര്‍. `വിക്കീപീഡിയ' നോക്കിയാല്‍ കാണാമെന്ന്‌ പറയുന്ന സക്കരിയ്യ മൌലവി സ്വന്തമായി അത്‌ നോക്കി പഠിച്ചിട്ടില്ലെന്ന്‌ വേണം കരുതാന്‍. യഥാര്‍ത്ഥത്തില്‍ ജൂത കലണ്ടറിലെ നിയമങ്ങള്‍ യോജിക്കുന്നത്‌ മുജാഹിദു കലണ്ടറുകള്‍ക്കാണ്‌. അവയ്ക്ക്‌ ആകാശത്ത്‌ കാണുന്ന ചന്ദ്രക്കലയുമായി യാതൊരു ബന്ധവുമില്ല. ഖുര്‍ആന്‍ പറയുന്നതും നബി(സ)പഠിപ്പിച്ചിട്ടുള്ളതും ആകാശത്ത്‌ കാണുന്ന ചന്ദ്രക്കല തിയതികള്‍ കാണിക്കുന്നു എന്നാണ്‌. ഹിജ്‌രി കലണ്ടറിലെ തിയതികള്‍ ചന്ദ്രക്കലകളുമായി ഒത്തുപോകുന്നു. അതിനാല്‍ ഹിജ്‌രി കലണ്ടര്‍ ഖുര്‍ആനികമാണ്‌, ശാസ്‌ത്രീയമാണ്‌, സത്യമാണ്‌.
ഹില്ലല്‍ രണ്ടാമന്‍ എന്ന പാതിയാര്‍ക്കീസ്‌ സംവിധാനിച്ചിട്ടുള്ളതാണ്‌ ജൂതകലണ്ടര്‍. ഹിലാല്‍ കണ്ണുകൊണ്ട്‌ കണ്ടശേഷം മാസം തുടങ്ങുക എന്നത്‌ ഹില്ലലിന്റെ നിയമമാണ്‌. ലില്ലല്‍ എന്ന പാതിരിയില്‍ നിന്നാണ്‌ ഹിലാല്‍ എന്ന പദം തന്നെയുണ്ടായത്‌. ഹിലാല്‍ ദര്‍ശന റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച്‌ മാസപ്പിറവി നിശ്ചയിക്കാന്‍ അവരും കമ്മിറ്റി രൂപീകരിച്ചിരുന്നു. ഹില്ലലിന്റെ നിയമമനുസരിച്ച്‌ വൈകുന്നേരം 6 മണിക്കാണ്‌ ദിവസം ആരംഭിക്കുന്നത്‌. കാലാവസ്ഥയുമായി യോജിച്ചു പോകുന്നതിന്‌ മൂന്നുവര്‍ഷം കൂടുമ്പോള്‍ `ലീപ്‌ മാസം'(അതായത്‌ 13 മാസം) ചേര്‍ക്കുന്നു. ദര്‍ശന റിപ്പോര്‍ട്ടുകള്‍ കിട്ടിയില്ലെങ്കില്‍ 30 ദിവസം പൂര്‍ത്തിയാക്കി മതകീയ കലണ്ടറും കണക്കുകൂട്ടാന്‍ വൈകുന്നേരം 6 മണി നിശ്ചയിച്ചും ജൂതകലണ്ടര്‍ മുജാഹിദ്‌ കലണ്ടറുകളോടു യോജിച്ചു നില്‍ക്കുന്നു.
മാസപ്പിറവിയുമായി ബന്ധപ്പെട്ട പ്രധാനവിഷയം ചന്ദ്രക്കല കണ്ണുകൊണ്ട്‌ കാണേണ്ടതുണ്ടോ അതല്ല പുതുചന്ദ്രന്റെ ജനനം സംഭവിച്ചതായ അറിവുകള്‍ ലഭിച്ചാല്‍ മതിയോ എന്നതാണ്‌. രണ്ടുനിലക്കും കേരളത്തില്‍ ഇന്ന്‌ നടന്നുവരുന്നത്‌ പ്രമാണവിരുദ്ധവും ശാസ്‌ത്രവിരുദ്ധവും യുക്തിരഹിതവുമാണ്‌. സംശയരഹിതമായ കാലഗണനാരീതിക്ക്‌ മുസ്‌ലിം സമൂഹം ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങുകയാണു വേണ്ടത്‌. മുന്‍വിധികൂടാതെ ഖുര്‍ആനിലേക്കും സുന്നത്തലേക്കും മടങ്ങുക. അല്ലാഹു(സു.ത)അനുഗ്രഹിക്കട്ടെ.


No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.