Pages

Sunday, October 23, 2011

25 Sept 2011, MSS സംഘടിപ്പിച്ച പരിപാടിയില്‍ KJU ഭാഗത്ത് നിന്ന് അവതരിപ്പിച്ച പ്രബന്ധം.

ഹിജ്‌റ മാസാരംഭ നിര്‍ണ്ണയത്തില്‍ നിലവില്‍ ലോക മുസ്‌ലിംകള്‍, വിശിഷ്യാ കേരള മുസ്‌ലിംകള്‍ തുടര്‍ന്ന് വരുന്ന രീതി തികച്ചും അനിസ്‌ലാമികവും ജൂതായിസവുമാണെന്ന് ആരോപിച്ച് കൊണ്ട് രംഗത്ത് വരികയും ന്യൂമുണിനെ മാനദണ്ഡമാക്കി ലോകം മുഴുവന്‍ തിയതി ഏകീകരിച്ച് കൊണ്ട് തങ്ങള്‍ തയ്യാറാക്കിയ കലണ്ടറാണ് യഥാര്‍ത്ഥത്തില്‍ അല്ലാഹുവും റസൂലും പഠിപ്പിച്ച കലണ്ടറെന്ന് വാദിക്കുകയും ചെയ്യുന്ന ഹിജ്‌റ കമിറ്റി ഓഫ് ഇന്ത്യയുടെ പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലണ് ഇത്തരമൊരു ചര്‍ച്ചക്ക്
സാഹചര്യമുണ്ടക്കിയത്.

ഇസ്‌ലാമില്‍ ചന്ദ്ര മാസമറ്റത്തിന്റെ മാനദണ്ഡം ക്രസന്റ് ന്യൂമുണാണോ(പ്രഥമ ചന്ദ്രക്കല) അതോ അസ്റ്റ്രോണമിക്കല്‍ ന്യൂമൂണാണൊ(അമാവാസി) എന്നതും ഇസ്‌ലാമികമായി ദിനാരംഭം നിര്‍ണ്ണയിക്കപ്പെടുന്നതിന്റെ മാനദണ്ഡവുമാണ് ഈ ചര്‍ച്ചയില്‍ വിഷയമായി ധാരണയായിട്ടുളളത്.
വിഷയത്തിലേക്ക് കടക്കും മുന്‍പ് ചില കാര്യങ്ങള്‍ ആമുഖമായി സൂചിപ്പിക്കട്ടെ. മുസ്‌ലിംകള്‍ കാലങ്ങളായി തുടര്‍ന്ന് വരുന്ന ഒരു നടപ്പ് രീതിയില്‍ വൈകല്യം അരോപിച്ച് മറ്റൊരു ആശയം നാം അവതരിപ്പിക്കുമ്പോള്‍ അത് അന്യൂനവും പ്രായോഗികവും സര്‍വ്വോപരി പ്രാമാണികവുമാവുമ്പോഴേ അത് സ്വീകാര്യയോഗ്യമാവുകയുളളൂ എന്നത് ഒരു പൊതു തത്വമാണല്ലോ. ആശയത്തിന്റെ സൗന്ദര്യത്തേക്കാളും അതുണ്ടാക്കിയ വ്യക്തിയുടെ പ്രഭാവത്തേക്കാളും നമ്മെ സംബന്ധിച്ചടത്തോളം അതിന്റെ പ്രാമാണിക സാധുത മാത്രമാണ് ആദ്യം പരിഗണിക്കപ്പെടേണ്ടത്. മാസ നിര്‍ണ്ണയ മാനദണ്ഡത്തില്‍ നിലവില്‍ കുറേ അഡ്ജസ്റ്റ്‌മെന്റുകള്‍ നടക്കുന്നുവെന്നരോപിച്ച് പകരം നിര്‍ദ്ദേശിക്കുന്ന രീതി അഡ്ജസ്റ്റ്‌മെന്റുകളുടെ കലവറയാണ്. ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യയുമായി നാം മുഖ്യമായും വിയോജിക്കുന്നത് ഈ പോയിന്റിലാണ്. കേവലം ഒരാശയത്തെ ഒരു വാദമാക്കി സ്വീകരിക്കുകയും തങ്ങളുടെ ഗവേഷണ ഫലങ്ങളെ ഇസ്‌ലാമിന്റെ ഖണ്ഡിത നിയമങ്ങളായി തീവ്രതയോടെ അവതരിപ്പിക്കുകയും വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ സമീപിക്കുകയും ചെയ്യുന്ന ഹിജ്‌റ കമ്മിറ്റിയുടെ നിലപാടുകള്‍ പലപ്പോഴും ആശാസ്യകരമല്ലത്ത പ്രവണതകള്‍ക്ക് വഴിവെക്കുന്നു.
ചന്ദ്രമാസത്തിന്റെ മാനദണ്ഡം ക്രസന്റ് ന്യൂമൂണ്‍ അഥവാ ഹിലാല്‍
ഈ വിഷയത്തില്‍ സംശയത്തിന്‍ പോലും ഇടം നല്‍കാതെ വ്യക്തമായ കാര്യമാണ് ഹിലാല്‍ അടിസ്ഥാനപ്പെടുത്തിയാണ് ഇസ്‌ലാമില്‍ മാസാരംഭം നിര്‍ണ്ണയിക്കേണ്ടതെന്നത്.
(നബിയേ) നിന്നോടവര്‍ ചന്ദ്രക്കലകളെ പറ്റി ചോദിക്കുന്നു. പറയുക അത് മനുഷ്യരുടെ ആവശ്യങ്ങള്‍ക്ക് സമയ നിര്‍ണ്ണയത്തിനും ഹജ്ജ് തീര്‍ത്ഥാടനത്തിനുമുളള ഉപാധികളാകുന്നു.(വി ഖു 2:189) എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്. ഇസ്‌ലാമിക ശരീഅത്തില്‍ മാസമാറ്റത്തിന്റെ മാനദണ്ഡം ഹിലാല്‍ ദര്‍ശനമാണെന്നും 29ന് അതുണ്ടായില്ലെങ്കില്‍ മുപ്പത് പൂര്‍ത്തിയാക്കണമെന്നും മേല്‍ ഉദ്ധരിച്ച ഖുര്‍ആന്‍ വചനം വിശദീകരിച്ച് കൊണ്ട് നബി(സ) പറഞ്ഞു.
അല്ലാഹു ചന്ദ്രക്കലകളെ ജനങ്ങള്‍ക്ക് കാല നിര്‍ണ്ണയത്തിനായി നിശ്ചയിച്ചിരിക്കുന്നു. അതിനാല്‍ ആ ചന്ദ്രക്കല കണ്ടാല്‍ നിങ്ങള്‍ നോമ്പെടുക്കുക. അത് കണ്ടാല്‍ മുറിക്കുകയും ചെയ്യുക. മേഘാവൃതമായാല്‍ മുപ്പത് ദിവസം എണ്ണൂക(ബുഖാരി)
ഈ ഹദീഥിന്റെ അടിസ്ഥാനത്തില്‍ ഹിലാല്‍ അഥവാ ക്രസന്റ് ന്യൂമൂണ്‍ ആണ് മാസമാറ്റത്തിന്റെ മാനദണ്ഡമെന്ന് എല്ലാ പണ്ഡിതന്‍മാരും അഭിപ്രായപ്പെടുന്നു. അസ്റ്റ്രോണമിക്കല്‍ ന്യൂമൂണാണ് ഇസ്‌ലാമിലെ മാസമാറ്റത്തിന്റെ മാനദണ്ഡമെന്ന് പ്രമാണങ്ങളോ പണ്ഡിതന്‍മാരോ പറയുന്നില്ല.

ലോകത്ത് ആദ്യമായി അസ്‌ട്രോണമിക്കല്‍ ന്യൂമൂണ്‍ അടിസ്ഥാനമാക്കി കലണ്ടര്‍ ഉണ്ടാക്കിയതായി അറിയപ്പെടുന്നത് ജൂത സഭയുടെ അധ്യക്ഷനായ ഹില്ലന്‍ രണ്ടാമനാണ്. അദ്ദേഹം ക്രിസ്തുവിന് 359 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹിബ്രു കലണ്ടര്‍ അല്ലെങ്കില്‍ ജാവേഷ് കലണ്ടര്‍ എന്ന പേരില്‍ അറിയപ്പെടുന്ന കലണ്ടര്‍ ഉണ്ടാക്കി. അങ്ങിനെ ലോകത്തിന്റെ പല ഭാഗങ്ങളിലായി ചിന്നിച്ചിതറി കിടക്കുന്ന യഹൂദികളെ ഒരേ ചരടില്‍ കോര്‍ത്തിണക്കലായിരുന്നു ഈ കലണ്ടറിന്റെ ഉദ്ദേശം. അതിലവര്‍ വിജയിക്കുകയും ചെയ്തു. നബി(സ) മദീനയില്‍ ചെല്ലുമ്പോള്‍ ഈ ജൂത കലണ്ടറായിരുന്നു നിലവിലുണ്ടായിരുന്നതെന്നും ഇത് തുടര്‍ന്ന് വന്ന നബി(സ) ഇതില്‍ തെറ്റായ രീതിയാണെന്ന് മനസ്സിലാക്കി അത് തളളിക്കളയുകയായിരുന്നെന്നും ഹിജ്‌റ കമ്മിറ്റി ചെയര്‍മാന്‍ തന്നെ പറയുന്നുണ്ട്.
ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ നോമ്പ് നിര്‍ബന്ധമാക്കിയപ്പോള്‍, മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നോമ്പും പെരുന്നാളും ആചരിക്കാനാണ് നബി(സ) പഠിപ്പിച്ചത്.
നിങ്ങള്‍ മാസം കണ്ടാല്‍ നോമ്പെടുക്കുക, മാസം കണ്ടാല്‍ നോമ്പ് മുറിക്കുക(ബുഖാരി). നബി(സ) മദീനയില്‍ വന്ന് രണ്ടാമത്തെ വര്‍ഷം ആശുറാ നോമ്പ് നോല്‍ക്കുന്നതിന് ഇസ്‌ലാമിന്റെ ശരിയായ നിയമം പഠിപ്പിച്ച് കൊടുത്തു എന്ന് താഴെ പറയുന്ന ഹദീഥില്‍ നിന്ന് മനസ്സിലാക്കാം.
ഹകമുബ്‌നു അഅ്‌റജ് റിപ്പോര്‍ട്ട് ചെയ്യുന്നു: ഞാന്‍ ഇബ്‌നു അബ്ബാസിന്റെ അടുത്ത് ചെന്നു. അദ്ദേഹം സംസമിന്റെ അടുത്ത് തന്റെ മേല്‍ത്തട്ടം തലയണയാക്കി കിടക്കുകയായിരുന്നു. അപ്പോള്‍ ഞാനദ്ദേഹത്തോട് ആശുറാ നോമ്പിനെ പറ്റി എനിക്ക് പറഞ്ഞ് തരാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. നീ മുഹറം പിറവി കണ്ടാല്‍ പിന്നെ ദിവസം എണ്ണൂക. ഒമ്പതാം ദിവസം നോമ്പുകാരനായിക്കൊളളുക. നബി(സ) ഇങ്ങിനെയണോ നോമ്പെടുത്തതെന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: അതെ.(മുസ്‌ലിം 1133) ഒമ്പതാം ദിവസം താസുആഅ് എടുത്താല്‍ പത്താം ദിവസം ആശുറാഅ് ആയല്ലോ.
അസ്‌ട്രോണമിക്കല്‍ ന്യൂമൂണിന് മിഹാഖ് എന്നാണ് അറബിയില്‍ പറയുക. ഈ പ്രയോഗം ഖുര്‍ആനിലോ സുന്നത്തിലോ ഒരിക്കല്‍ പോലും വന്നിട്ടില്ല. ഇതാണ് മാസമാറ്റത്തിന്റെ മാനദണ്ഡമെങ്കില്‍ ഖുര്‍ആനും സുന്നത്തും ഇത് പരാമര്‍ശിക്കാതിരിക്കുകയില്ല. എന്നാല്‍ ക്രസന്റ് ന്യൂമൂണ്‍ അഥവാ ഹിലാല്‍ എന്ന പ്രയോഗം ഖുര്‍ആനിലും സുന്നത്തിലും വന്നിട്ടുണ്ട്. അസ്‌ട്രോണമിക്കല്‍ ന്യൂമൂണിനെയും ക്രസന്റ് ന്യൂമൂണിനെയും ആധികാരിക ഡിക്ഷനറികളില്‍ നിന്നും വിലയിരുത്തേണ്ടതുണ്ട്.
മിഹാഖ്, കറുത്ത വാവ് എന്നൊക്കെ പറയുന്ന അസ്‌ട്രോണമിക്കല്‍ ന്യൂമൂണ്‍ (സൂര്യഗ്രഹണ സമയത്തല്ലാതെ) ഭൂമിയില്‍ ആര്‍ക്കും കാണാന്‍ കഴിയാത്ത പ്രതിഭാസമണ്. മാസമാറ്റത്തിന്റെ മാനദണ്ഡത്തെക്കുറിച്ച്, നിങ്ങളതിനെ കണ്ടാല്‍ എന്ന് പ്രവാചകന്‍ പറഞ്ഞതിലൂടെ കാണാത്ത ഒന്നല്ല അത് എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ലല്ലോ.

മതകാര്യങ്ങളില്‍ നിങ്ങളുടെ മേല്‍ യാതൊരു പ്രയാസവും അവന്‍ ചുമത്തിയിട്ടില്ല(22: 78)എന്ന് പറഞ്ഞ അല്ലാഹു, മാസമാറ്റത്തിന്റെ മാനദണ്ഡമായി , ദൃഷ്ടി ഗോചരമല്ലാത്ത മിഹാഖിനെ നോമ്പും പെരുനാളും ആചരിക്കാനുളള അടിസ്ഥാനമായി നിശ്ചയിച്ചു എന്ന് നാം മനസ്സിലക്കണമോ? അല്ലാഹു പരിശുദ്ധ ഖുര്‍ആനിലൂടെ ജനങ്ങള്‍ക്ക് നല്‍കിയ സന്ദേശങ്ങള്‍ വിശദീകരിച്ച് പ്രായോഗികതലത്തില്‍ മനസ്സിലാക്കി കൊടുക്കാന്‍ നിയോഗിക്കപ്പെട്ട പ്രവാചകനാണ് മുഹമ്മദ് നബി(സ). മാസമാറ്റത്തിന്റെ അടിസ്ഥാനം ഹിലാലാണെന്ന് പഠിപ്പിച്ച് തന്നത് അല്ലാഹുവിന്റെ റസൂലാണ്. ഇത്തരം വിഷയത്തില്‍ പ്രവാചക ശാസന മാറ്റി വെച്ച് ഗവേഷണത്തിന് മുതിരുന്നത് തന്നെ ഗൗരവമുളള വിഷയമാണ്. സ്വര്‍ഗ്ഗവുമായി അടുപ്പിക്കുന്ന ഒരു കാര്യവും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞ് തരാതിരുന്നിട്ടില്ല. നരകവുമായി അകറ്റുന്ന കാര്യവും നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞ് തരാതിരുന്നിട്ടില്ല എന്നാണല്ലോ നബി(സ) നമ്മോട് പറഞ്ഞിട്ടുള്ളത്.
ഖുര്‍ആനില്‍ കലണ്ടറിനേക്കാള്‍ പ്രാധാന്യത്തോടെ വിശദീകരിച്ച നിരവധി വിഷയങ്ങളുണ്ട്. നമസ്‌കാരം, നോമ്പ്, ഹജ്ജ് മുതലായവ ഉദാഹരണം. ഇവയുടെയെല്ലാം പ്രായോഗിക രൂപം മുഹമ്മദ് നബി(സ) കാണിച്ച് തന്നതാണ് നാം പിന്തുടര്‍ന്നത്. അത് കൊണ്ട് തന്നെ മുസ്‌ലിംകള്‍ എല്ലാവരും അടിസ്ഥാനപരമായി ഐക്യത്തോടെ ഇവ നിര്‍വഹിച്ച് പോരുന്നു. പ്രവാചകന്‍ പഠിപ്പിച്ച ഹിലാല്‍ എന്ന മാനദണ്ഡം വലിച്ചെറിഞ്ഞ് പകരം മിഹാഖിനെ നിശ്ചയിക്കുന്നത് എന്ത് പേരിലായാലും ന്യായീകരിക്കാവതല്ല.
യസ്അലൂനക്ക അനില്‍ അഹില്ല.... എന്ന ആയത്തിനെ വ്യഖ്യാനിച്ച് കൊണ്ട് മുഹമ്മദ് നബി(സ) പഠിപ്പിച്ച് തന്നിട്ടുണ്ട്. നബി(സ) പറഞ്ഞതായി അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) റിപ്പോര്‍ട്ട് ചെയ്യൂന്നത് ഇപ്രകാരം.
അല്ലാഹു ചന്ദ്രക്കലകളെ ജനങ്ങള്‍ക്ക് കാലനിര്‍ണ്ണയത്തിനായി നിശ്ചയിച്ചിരിക്കുന്നു. അതിനാല്‍ ആ ചന്ദ്രക്കല കണ്ടാല്‍ നിങ്ങള്‍ നോമ്പെടുക്കുക. അത് കണ്ടാല്‍ മുറിക്കുകയും ചെയ്യുക. മേഘാവൃതമായാല്‍ മുപ്പത് ദിവസം എണ്ണൂക.(ബുഖാരി)
നബി(സ)യുടെ ഈ വിശദീകരണം യാതൊരു സംശയത്തിനുമിടമില്ലാത്തവിധം വ്യത്യസ്ഥ രൂപത്തില്‍ 107 പരമ്പരകളിലൂടെ സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. ഇത്ര പ്രബലമായ ഹദീഥുകള്‍ വളരെ അപൂര്‍വ്വമാണ്. നബി(സ)യുടെ ഈ വചനത്തില്‍ ഊന്നിപ്പറഞ്ഞ കാര്യം ഹിലാലാണ മാസാരംഭത്തിന്റെ മാനദണ്ഡമെന്നതാണ്. ഈ അടിസ്ഥാനം വിട്ട് നടത്തുന്ന ഗവേഷണങ്ങള്‍ക്ക് മതപരിവേഷം നല്‍കുന്നത് ശരിയല്ല.
മാസം കാണുമ്പോള്‍ നബി(സ) നടത്താറുണ്ടായിരുന്ന പ്രാര്‍ത്ഥനയും നബി(സ) മാസം കണ്ടതായും ചിലപ്പോള്‍ സ്വഹാബത്ത് ഹിലാല്‍ കണ്ടതായി നബി(സ)യെ അറിയിച്ചതനുസരിച്ച് നോമ്പും പെരുന്നാളും ഉറപ്പിച്ചതായുമുളള റിപ്പോര്‍ട്ടുകളുമൊക്കെ അവഗണിച്ച് നബി ഹിലാല്‍ നോക്കിയിട്ടില്ല നോക്കാന്‍ കല്‍പ്പിച്ചിട്ടില്ല ന്യൂമൂണാണ് മാസത്തിന്റെ അടിസ്ഥാനമെന്നൊക്കെ പറയുന്നത് വളരെ ഗൗരവമുളളതാണ്.
ന്യൂമൂണിനെ പോലെ ഉര്‍ജ്ജൂനില്‍ ഖദീം എന്നൊരു മാനദണ്ഡവും മാസമാറ്റത്തിന് ഹിജ്‌റ കമ്മിറ്റിക്കാര്‍ ഇപ്പോള്‍ പ്രയോഗിച്ച് വരുന്നതായി കാണുന്നു.
റുബ്ഇബ്‌നു ഹറാശ് നബി(സ)യുടെ സ്വഹാബിമാരില്‍ നിന്ന് ഒരാളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. റമദാനിലെ അവസാന ദിവസം ജനങ്ങള്‍ അഭിപ്രായ വ്യത്യാസത്തിലായി. അപ്പോള്‍ രണ്ട് ഗ്രാമീണ അറബികള്‍ വന്നു. ഇന്നലെ വൈകുന്നേരം മാസം കണ്ടതായി അവര്‍ അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്ത് സാക്ഷി പറഞ്ഞു. അപ്പോള്‍ നബി(സ) ജനങ്ങളോട് നോമ്പ് മുറിക്കാന്‍ കല്‍പ്പിച്ചു (അബൂദാവൂദ്). ഇവിടെ ഗ്രാമീണര്‍ ഉര്‍ജ്ജൂനില്‍ ഖദീം കണ്ടു എന്നല്ല പറഞ്ഞത്. ഉമര്‍(റ)യോട് ബഖീഅ് പരിസരത്ത് വെച്ച് മാസം കണ്ടവര്‍ ആ വിവരം പറയുകയും അത് സ്വീകരിച്ച് പ്രഖ്യാപിക്കുകയും ശേഷം മഗ്‌രിബ് നമസ്‌കരിക്കുകയും ചെയ്തതായി ഇമാം അഹ്മദ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നബി(സ)ഒരിക്കലും ബാല ചന്ദ്രനെ കണ്ടിട്ടില്ലെന്നാണ് ഹിജ്‌റ കമ്മിറ്റിയുടെ ഭാഷ്യം.(ചന്ദ്രിക ആഴ്ചപതിപ്പ്, 2004ഒക്ടോബര്‍ 9 15). ഈ വിഷയത്തില്‍ പത്തോളം ഹദീഥുകള്‍ ഉദ്ധരിക്കാന്‍ സാധിക്കും.

അസ്‌ട്രോണമിക്കല്‍ ന്യൂമൂണല്ല ക്രസന്റ് ന്യൂമൂണാണ് നബി(സ) മാസാമാറ്റത്തിന് മാനദണ്ഡമാക്കിയതെന്ന് മനസ്സിലാക്കാന്‍ നബി(സ)യുടെ ഹജ്ജത്തുല്‍ വിദാഅ് പരിശോധിച്ചാല്‍ തന്നെ മതി. ക്രിസ്താബ്ധം 632ല്‍ ഹിജ്‌റ 10ാം വര്‍ഷം ദുല്‍ഹിജ്ജ 9 വെളളിയാഴ്ചയായിരുന്നു നബി(സ)യുടെ പ്രസിദ്ധമായ അറഫ എന്ന് തെളിയിക്കുന്ന മൂന്ന് ഹദീഥുകള്‍ ഇമാം ബുഖാരി 45, 4604, 7268 നമ്പറുകളിലായി ഉദ്ധരിച്ചിട്ടുണ്ട്. മുസ്‌ലിം പണ്ഡിതന്‍മാര്‍ നിരാക്ഷേപം അംഗീകരിച്ച ഒരു വിഷയമാണിത്. ഇവിടെ നബി(സ) മാസമാറ്റത്തിന് അസ്‌ട്രോണമിക്കല്‍ ന്യൂമൂണാണ് പരിഗണിച്ചതെങ്കില്‍ എന്നായിരിക്കും ദുല്‍ഹജ്ജ് 9 എന്ന് പരിശോധിക്കുക. എ ഡി 632 ഫെബ്രുവരി 25 ചൊവ്വാഴ്ച രാത്രിയാണ് അസ്‌ട്രോണമിക്കല്‍ ന്യൂമൂണ്‍ അഥവാ കറുത്ത വാവ്. ഹിജ്‌റ കമ്മിറ്റിയുടെ വാദമനുസരിച്ച് ഫെബ്രുവരി26 ബുധനാഴ്ച ദുല്‍ഹജ്ജ് ഒന്നാവണം. അപ്പോള്‍ ദുല്‍ഹജ്ജ് 9 വ്യാഴാഴ്ചയാവണം. പക്ഷെ നബി(സ) അറഫയില്‍ സമ്മേളിച്ചത് വെളളിയാഴ്ചയായിരുന്നല്ലോ. ക്രസന്റ് ന്യൂമൂണിനെ അടിസ്ഥാനപ്പെടുത്തിയതിനാലാണത്.
നബി(സ)യുടെ അറഫ വെള്ളിയാഴ്ചയായിരുന്നുവെന്നത് ഹിജ്‌റ കമ്മിറ്റി ചെയര്‍മാന്‍ വിശദീകരിക്കുന്നത് ഇപ്രകാരമാണ്: (നബി(സ) ചോദിച്ചു) ഇന്നത്തെ ദിവസം ഏതാണ്? നബി(സ) ദിവസത്തിന്റെ പേര് വേറെ വല്ലതും പറയാന്‍ പോവുകയാണെന്ന് കരുതി ജനങ്ങള്‍ പറഞ്ഞു അല്ലാഹുവിനും അവന്റെ റസൂലിനും അധികം അറിയാം. അപ്പോള്‍ നബി(സ) അറിയിച്ചു: ഇന്ന് അതേ ദിവസം തന്നെയാണ്. അതായത് അത് വെളളിയാഴ്ച തന്നെയാണ്. അപ്പോള്‍ അന്നത്തെ ദിവസം വെളളിയാഴ്ചയാണെന്നും ദുല്‍ഹജ്ജ് മാസം ഒമ്പതാം തിയതി ആണെന്നും ഇപ്പോള്‍ നബി(സ)യില്‍ നിന്ന് നമുക്കറിയുകയാണ്. ഒരു ശരിയായ നിശ്ചിത തിയതിയും ദിവസവും നമുക്ക് കിട്ടിയാല്‍ അതിനെ അടിസ്ഥാനപ്പെടുത്തി അതിന്റെ മുമ്പുളള തിയതികളും ദിവസങ്ങളുമെല്ലാം കണക്കാക്കാവുന്നതാണെന്ന് ശാസ്ത്രജ്ഞന്മാര്‍ക്ക് മനസ്സിലാകും.(ചന്ദ്രമാസപ്പിറവി പ്രശ്‌നങ്ങളും പരിഹാരങ്ങളും മണിക്ഫാന്‍ പേജ് 19). ഇതേ ആശയം വേറെയും മണിക്ഫാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അതെ, നബി(സ) ശരിയാക്കിത്തന്നുവെന്ന് ഹിജ്‌റ കമ്മിറ്റി ചെയര്‍മാന്‍ തന്നെ പറയുന്ന ദിവസം ഒരിക്കലും ആസ്‌ട്രോണമിക്കല്‍ ന്യൂമൂണ്‍ അനുസരിച്ച് നിശ്ചയിച്ചതല്ല.
ഇന്നേ ദിവസം നിങ്ങളുടെ ദീന്‍ ഞാന്‍ പൂര്‍ത്തിയാക്കിത്തന്നു എന്ന അയത്തുമായി അല്ലാഹു ജിബ്‌രീല്‍(അ)നെ പറഞ്ഞയച്ച ദിവസം ദുല്‍ഹജ്ജ് 9 വെളളിയാഴ്ചയായിരുന്നുവെന്ന് വ്യക്തമാവുമ്പോള്‍ അസ്‌ട്രോണമിക്കല്‍ ന്യൂമൂണ്‍ വാദം അപ്രസക്തമാവുകയാണ്. ചെരുപ്പിനനുസരിച്ച് കാല് മുറിക്കുന്നത് പോലെ കേവലമൊരാശയത്തിന്റെ സമര്‍ത്ഥനത്തിനായി പ്രമാണങ്ങളെ ഇഷ്ടാനുസരണം വ്യാഖ്യാനിക്കുകയും മറ്റു ചിലത് കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന പ്രവണത കൊണ്ട് സംഭവിക്കുന്ന അബദ്ധങ്ങള്‍ക്കുദാഹരണമാണിത്. കേവലം ഇത്തരം ഒരു ഗവേഷണാത്മക വിഷയത്തില്‍ മാത്രമൂന്നിയുളള പഠനവും പ്രവര്‍ത്തനവും കാരണം ഇസ്‌ലാമിന്റെ മറ്റു മര്‍മ്മ പ്രധാനമായ കാര്യങ്ങളിലെന്ന പോലെ പ്രമാണങ്ങളോടുളള സമീപനത്തിലും ഗൗരവം നഷ്ടപ്പെടുന്നതായാണ് കാണുന്നത് എന്ന് വേദനയോടെ ചൂണ്ടിക്കാണിക്കുകയാണ്. വിശുദ്ധ ഖുര്‍ആന്‍ 26ാം അധ്യായം 28ാം വചനത്തില്‍ ഇന്റര്‍ നാഷനല്‍ ഡേറ്റ് ലൈനിന്റെ റബ്ബാകുന്നു അല്ലാഹു എന്ന് പറയുന്നുവെന്ന വ്യാഖ്യാനമൊക്കെ ഇത്തരത്തിലുണ്ടായതാണ്. പ്രമണങ്ങളെയും ഉദ്ധരണികളെയും ഇത്തരത്തില്‍ ഇഷ്ടാനുസരണം വ്യാഖ്യാനിക്കുന്നതിന്റെ അപകടം വളരെ വലുതാണെന്ന് മറക്കാതിരിക്കുക.
അസ്റ്റ്രോണമിക്കല്‍ ന്യൂമൂണ്‍ സംഭവിച്ചതിന്റെ പേരില്‍ തിയതി മാറ്റാതെ ക്രസന്റ് ന്യൂമൂണനുസരിച്ച് മാസമാരംഭിക്കുന്നത് മഹാപാതകമാക്കി ചിത്രീകരിക്കുന്നവര്‍ അസ്റ്റ്രോണമിക്കല്‍ ന്യൂമൂണ്‍ പോലും സംഭവിക്കുന്നതിന് മുന്‍പ് ഒന്നാം തിയതിയിലേക്ക് പ്രവേശിക്കുന്നതിന് എന്ത് ന്യായമാണ് അവതരിപ്പിക്കുന്നത്. അഗോള സമയത്തിന്റെ മറവില്‍ ന്യൂമൂണ്‍ സമയത്തെ അവതരിപ്പിച്ച് കലണ്ടറുണ്ടാക്കുമ്പോള്‍ പല രാജ്യങ്ങളും പുതിയ തിയതിയിലേക്ക് പ്രവേശിച്ച് മണിക്കൂറുകള്‍ കഴിഞ്ഞാണ് ന്യൂമൂണ്‍ സംഭവിക്കുന്നത്. ഉദാഹരണത്തിന് തിങ്കാഴ്ച ആഗോള സമയം രാത്രി 11.45ന് ന്യൂമൂണ്‍ സംഭവിക്കുന്നുവെന്ന് കരുതുക. ഹിജ്‌റ കലണ്ടറനുസരിച്ച് ചൊവ്വാഴ്ച ഒന്നാം തിയതിയാണ്. എന്നാല്‍ പ്രസ്തുത ന്യൂമൂണ്‍ സംഭവിക്കുന്നത് നമ്മെ സംബന്ധിച്ചിടത്തോളം ചൊവ്വാഴ്ച പുലര്‍ച്ചെ 5.15നാണ്. അതായത് ചൊവ്വാഴ്ച സുബ്ഹിയും കഴിഞ്ഞ് സംഭവിക്കുന്ന ന്യൂമൂണിന്റെ പേരില്‍ നമുക്ക് അതേ ചൊവ്വാഴ്ച പുതിയ മാസത്തിലുള്‍പ്പെടുപ്പെടുത്തേണ്ടി വരുന്നു.

മാസങ്ങളുടെ പിന്നോട്ട് മാറ്റല്‍ അവിശ്വാസത്തിന്റെ വര്‍ദ്ധനവാണെന്ന അല്ലാഹുവിന്റെ താക്കീതിന്റെ പരിധിയില്‍ നിന്നും ഈ അഡ്ജസ്റ്റ്‌മെന്റ് എങ്ങിനെയാണ് ഒഴിവാകുക? ഇത് പോലെ പല അബദ്ധങ്ങളും ഈ കലണ്ടറിലുണ്ട്. കോഴിക്കോട്ട് വെച്ച് രൂപം നല്‍കിയപ്പോഴുളളതാണ് ചില പ്രത്യേകതകള്‍. ലോകത്തിന്റെ മറ്റൊരു ഭാഗത്ത് വെച്ചാണിതുണ്ടാക്കിയതെങ്കില്‍ അവ മറ്റൊരു തരത്തിലാവുമായിരുന്നു.
ഇക്കഴിഞ്ഞ ആഗസ്ത് 29ന് ആഗോളസമയം പുലര്‍ച്ചെ 3.04ന് ന്യൂമൂണ്‍ സംഭവിക്കുന്നതിനാല്‍ 30ന് ശവ്വാല്‍ ഒന്നാണെന്നാണ് മണിക്ഫാന്റെ കലണ്ടറില്‍ പറയുന്നത്. അതായത് ലണ്ടനില്‍ 29ന് പുലര്‍ച്ചെ 3.04 ആവുമ്പോള്‍ ന്യൂമൂണ്‍ സംഭവിക്കുന്നു. അത് കൊണ്ട് അന്ന് മാസത്തിന്റെ അവസാന ദിവസം. ശരി, ഇനി നമുക്ക് ഇതേ കലണ്ടറില്‍ റജബിലേക്കൊന്ന് നോക്കാം. റജബിന്റെ ന്യൂമൂണ്‍ സംഭവിക്കുന്നത് ജൂണ്‍ 1ന് ആഗോള സമയം 21.03. അതിനാല്‍ അന്നേ ദിവസം പൂര്‍ത്തിയാക്കി ജൂണ്‍ രണ്ടിന് റജബ് 1. ലണ്ടനിലെ കാര്യം അങ്ങിനെ. എന്നാല്‍ ഇതേ കണക്ക് നമ്മള്‍ ഇന്ത്യാക്കാര്‍ക്ക് എങ്ങിനെ ആകും? റജബിന്റെ ന്യൂമൂണ്‍ സംഭവിക്കുന്ന സമയം നമുക്ക് ജൂണ്‍ 2 പുലര്‍ച്ചെ 2.33(ആഗോള സമയം 21.03). നമുക്ക് ജൂണ്‍ 2ന് പുലര്‍ച്ചെ ന്യൂമൂണ്‍ സംഭവിക്കുന്നതിന്റെ പേരില്‍ ആ ദിവസം പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ അതേ ദിവസം തന്നെ മാസം മാറുന്നു. എന്നാല്‍ കഴിഞ്ഞ 29ന് ലണ്ടന്‍കാര്‍ക്ക് പുലര്‍ച്ചെ ന്യൂമൂണ്‍ സംഭവിച്ചപ്പോള്‍ ആ ദിവസം പൂര്‍ത്തിയാക്കി പിറ്റേന്ന് മാസം മാറുന്നു. ഇത് ഹിജ്‌റ കമ്മിറ്റി കലണ്ടറുണ്ടാക്കുമ്പോള്‍ തോന്നിയ ഒരു അഡ്ജസ്റ്റ് മെന്റ് എന്നല്ലാതെ മതത്തിന്റെ എന്ത് ന്യായമാണിതിനുളളത്? കഴിഞ്ഞ 29ന്റെ ന്യൂമൂണ്‍ സമയം പല നാടുകളിലും ഞായറാഴ്ചയാണ്. അവര്‍ ഞായറും കഴിഞ്ഞ് തിങ്കളും കഴിഞ്ഞ് ചൊവ്വാഴ്ച മാസം മാറ്റേണ്ടി വരുന്നു. ഇതൊക്കെയാണ് പറഞ്ഞ അഡ്ജസ്റ്റ്‌മെന്റുകള്‍. നിലവില്‍ തുടര്‍ന്ന് വരുന്ന നിലപാടില്‍ ന്യൂനത ആരോപിച്ച് നാം പുല്‍കുന്നത് ഈ അഡ്ജസ്റ്റ്‌മെന്റുകളെയാവണോ?
പൂര്‍വ്വിക പണ്ഡിതനായ ഇബ്‌നു ദഖീഖുല്‍ ഈദ് പറയുന്നു: ജ്യോതിശാസ്ത്രജ്ഞരുടെ അഭിപ്രായമനുസരിച്ച് സൂര്യനും ചന്ദ്രനും നേരെ അടുത്ത് വരുന്നതിനെ ആസ്പദമാക്കിയുളള കണക്കനുസരിച്ച് നോമ്പ് നോല്‍ക്കല്‍ അനുവദനീയമല്ല എന്നാണ്.കാരണം അവര്‍ കണക്കനുസരിച്ച് ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസം മുന്‍പ് മാസം ആരംഭിച്ചിരിക്കും. ഇത് പരിഗണിച്ചാല്‍ അല്ലാഹു അനുവദിക്കാത്ത പുതിയ ശരീഅത്ത് നിയമം ഉണ്ടാക്കലാകും അത്.(തല്‍ഖീസുല്‍ മജ്മൂഅ് 2/266).
മേല്‍ പറഞ്ഞ ആസ്‌ട്രോണമിക്കല്‍ ന്യൂമൂണ്‍ മാസമാറ്റത്തിന്റെ മാനദ്ണ്ഡമല്ല എന്നതിനെ സത്യപ്പെടുത്തുന്ന ആധുനിക പണ്ഡിതന്‍മാരുടെ ഫത്‌വകള്‍ ധാരാളമുണ്ട്. ശൈഖ് അബ്ദുല്‍ അസീസ് ഇബ്‌നു ബാസ്, ശൈഖ് അബ്ദു റസാഖ് അഫീഫി, ശൈഖ് അബ്ദുല്ലാഹിബ്‌നു ഖുഊദ്(ഫതാവ സമാഹാരം 10/15 നമ്പര്‍ 2036, 386 സഊദി ഫത്‌വ ബോര്‍ഡ്, ഫത്‌വ സമാഹാരം10/106 യൂസുഫുല്‍ ഖരദാവിയുടെ ഫതാവല്‍ മുആസിറ 2/237, 238,239,240 ഫതാവ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ 13/12....



ദിനാരംഭം ഇസ്ലാമില്‍
ഒരു കലണ്ടര്‍ രൂപീകരണത്തിനായി മാസമാറ്റത്തിന്റെ മാനദണ്ഡത്തെ കുറിച്ച ഇസ്‌ലാമികാനുശാസനങ്ങളെ മാറ്റിവെച്ച പോലെ ദിനാരംഭവുമായി ബന്ധപ്പെട്ട സൂചനകളും ഹിജ്‌റ കമ്മിറ്റി മാറ്റുകയുണ്ടായി. പല ഘട്ടങ്ങളിലായി ദിനാരംഭത്തെ കുറിച്ച് പല അഭിപ്രായങ്ങള്‍ മാറ്റി പറഞ്ഞ ഹിജ്‌റ കമ്മിറ്റി ഇപ്പോള്‍ ദിനാരംഭം ഫജറിനാണെന്ന അഭിപ്രായമാണ് പ്രചരിപ്പിക്കുന്നത്. ചന്ദ്രമാസ തിയതി തുടങ്ങുന്നത് സൂര്യാസ്തമയത്തോടെയാണെന്ന് നേരത്തെ രേഖപ്പെടുത്തി വെച്ച അലി മണിക്ഫാന്‍ സാഹിബ് എം എസ് എസ് സംവാദ പ്രബന്ധത്തിലും 2004 ഡിസംബറില്‍ ശബാബില്‍ നല്‍കിയ ലേഖനത്തിലും ജുമുഅയും ദുഹറും മാറുന്ന സമയമാണ് ദിനാരംഭം എന്നാണ് എഴുതിയിട്ടുളളത്. ഹിജ്‌റ കമ്മിറ്റിയുടെ പ്രമുഖ പണ്ഡിതന്‍ ഈ വിഷയത്തില്‍ പറയുന്നത് നമുക്ക് ഇങ്ങിനെ വായിക്കാം: ന്യൂമൂണ്‍ സംഭവിച്ച ശേഷം സൂര്യന്‍ ഐ ഡി എല്ലിനു നേരെ വന്ന് ദിനമാറ്റം സംഭവിച്ച് കഴിഞ്ഞാല്‍ ചന്ദ്ര മാസത്തിലെ ഒന്നാം തിയതി അവിടെ നിന്നാരംഭിക്കുകയായി. അന്നേ ദിവസം ലോകത്ത് 24 മണിക്കൂര്‍ കൊണ്ട് ആ ദിനം കറങ്ങുകയായി. ചന്ദ്രമാസത്തിലെ ഒന്നാം തിയതി. ഇതാണ് ശാസ്ത്രീയ ചന്ദ്രമാസദിനം.(അറഫാ നോമ്പ് മാസപ്പിറവിയും ഹിലാല്‍ കമ്മിറ്റിയും പേജ് 33)
മണിക്ഫാന്‍ രേഖപ്പെടുത്തുന്ന ഒരഭിപ്രായം ഇങ്ങിനെയാണ്: സാധാരണ തിയതി ആരംഭിക്കുന്നത് ദിവസത്തോടു കൂടിയാണ്. ഉദാഹരണമായി വെളളിയാഴ്ച എപ്പോള്‍ ആരംഭിക്കുന്നുവോ അപ്പോള്‍ അതു കുറിക്കുന്ന തിയതിയും ആരംഭിക്കും. ഇത് ഓരോ സ്ഥലത്തിന്റെ നിശ്ചിത സമയത്തോടു ആരംഭിക്കുന്നു. ഇഗ്ലീഷ് തിയതി (കൃസ്ത്യന്‍ തിയതി) ഇഗ്ലണ്ടില്‍ രാത്രി 12 മണിക്ക് തുടങ്ങുമ്പോള്‍ അതേ സമയത്ത് തന്നെ മക്കയില്‍ അതായത് 3 മണിക്ക് മാറ്റുന്നു. അപ്പോള്‍ ഇസ്ലാമിക തിയതിയും ലോകം അംഗീകരിച്ച ഇഗ്ലീഷ് തിയതിയും തമ്മില്‍ വ്യത്യാസമില്ല.(മണിക്ഫാന്റെ കത്ത്)
എം എസ് എസ് സംവാദ പ്രബന്ധത്തില്‍ മണിക്ഫാന്‍ പറയുന്ന മറ്റൊരു വീക്ഷണം ഇങ്ങിനെ: എന്നാല്‍ നമ്മള്‍ ഓരോരുത്തരുടെയും സമയത്തെ പറ്റി നമുക്കറിയാം. ജനിച്ചതോടെ തുടങ്ങുകയും മരണത്തോട് കൂടി അവസാനിപ്പിക്കുകയും ചെയ്യുന്നു. ഇതിനെ നാം കണക്കാക്കുന്നത് സൂര്യന്റെ ചായ്‌വുകളുടെ അടിസ്ഥാനത്തിലാണ്. ഒരു ഉദയം മുതല്‍ അടുത്ത ഉദയം വരെ ഒരു ദിവസം എന്ന് നാം കണക്കാക്കുന്നു.(പേജ്:2)
സുബ്ഹി മുതല്‍ സുബ്ഹി വരെയുളളതാണ് ഒരു മുസ്‌ലിമിന്റെ ദിവസം എന്ന് ഇതേ പ്രബന്ധത്തിന്റെ ഒന്നാം പേജില്‍ മണിക്ഫാന്‍ സാഹിബ് പറയുന്നു. മഗ്‌രിബിനാണ് ദിവസം ആരംഭിക്കുന്നത് എന്ന് സ്വന്തം കൈ കൊണ്ട് എഴുതുകയും കുറെ കാലം പ്രചരിപ്പിക്കുകയും ചെയ്ത കമ്മിറ്റി ചെയര്‍മാന്‍ ഒടുവില്‍, മഗ്‌രിബിനു ദിവസം ആരംഭിക്കുന്നത് യഹൂദികളുടെ ആചാരമാണെന്ന് തന്റെ ചന്ദ്രമാസപ്പിറവി പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന പുസ്തകത്തില്‍ എഴുതി വെക്കുന്നതാണ് നാം കണ്ടത്.
ഏതായാലും ഫജ്‌റിനാണ് ദിനാരംഭമെന്ന പുതിയ വാദത്തിന് ബലമേകാന്‍ കമ്മിറ്റി കുറെ തെളിവുകള്‍ അവതരിപ്പിക്കാന്‍ സാഹസപ്പെട്ടെങ്കിലും ഒന്നും പ്രാമാണികമല്ലെന്നതാണ് സത്യം. കാര്യമായി വിശുദ്ധ ഖുര്‍ആന്‍ 36ാം അധ്യാത്തിലെ 40ാം വചനത്തിലെ പരാമര്‍ശമാണ്. ഇതിന് ദിനാരംഭം എപ്പോള്‍ എന്ന പുസ്തകത്തില്‍ നല്‍കുന്ന വിശദീകരണം നമുക്ക് നോക്കാം. രാവ് പകലിനെ മറി കടക്കാതെ പകലിന്റെ പിന്നില്‍ രാവ് വരികയുളളൂ എന്ന് സംശയ രഹിതമന്യേ അല്ലാഹു വ്യക്തമാക്കുകയാണിവിടെ. മറ്റു ചില തെറ്റായ ധാരണകളാലും കൃത്യമായ ശാസ്ത്രീയ ജ്ഞാനത്തിന്റെ അഭാവത്താലും മുസ്‌ലിംകളും ഇത് വേണ്ട വിധം ഗൗനിച്ചില്ലെന്ന് തോന്നുന്നു. വിശുദ്ധ ഖുര്‍ആനിന് വ്യാഖ്യാനമെഴുതിയിട്ടുളള അനേകം വ്യാഖ്യാതാക്കളില്‍ ആരും ഈ ആശയത്തിനെതിരില്‍ എഴുതിയിട്ടില്ല. (പേജ്:11) നോക്കൂ എന്തൊരബദ്ധമാണിത്. ഒരാശയത്തിനെതിരില്‍ ആരും എഴുതിയിട്ടില്ലെന്നതാണോ തെളിവാകുക. ആ അനേകം വ്യാഖ്യാതാക്കളില്‍ ആരെങ്കിലും ഇത്തരമൊരു വ്യാഖ്യാനം നല്‍കിയിട്ടുണ്ടോ എന്നല്ലേ ഈ ആശയക്കാര്‍ പറയേണ്ടിയിരുന്നത്. മാത്രമല്ല, ആരും ഇതിനെതിരില്‍ എഴുതിയിട്ടില്ല എന്നതും കളവാണ്. ഉദാഹരണമായി ഈ വിഷയകരമായി ഇമാം മാവര്‍ദ്ദിയുടെ ഉദ്ധരണി നോക്കാം. ചിലര്‍ മാസാരംഭം രാത്രിയല്ല പകലാണ് എന്ന് സ്ഥാപിക്കാന്‍ ഈ ആയത്തിനെ തെളിവാക്കുന്നുണ്ട്. കാരണം രാത്രി പകലിനെ മറികടക്കാതിരിക്കുകയും അവ രണ്ടും ഒന്നാവുകയെന്നത് അസംഭവ്യവുമാകയല്‍ പകല്‍ തന്നെയാകണമല്ലോ ആദ്യം എന്നാണവര്‍ പറയുന്നത്. എന്നാല്‍ ഈ വാദത്തെ ശരീഅത്ത് തളളിക്കളയുന്നതോടൊപ്പം ഇജ്മാഇനു വിരുദ്ധവുമാണ്.(അന്വുകത്തു വല്‍ ഉയൂന്‍ 5/18)നോക്കൂ ഇതാണ് വസ്തുത. എന്നിട്ടാണ് ആരും എതിര് പറഞ്ഞിട്ടില്ല എന്ന് പറഞ്ഞ് ഒരാശയം ഇസ്ലാമിന്റെ നിയമമാക്കി മാറ്റുന്നത്!!
ദിനാരംഭം ഫജ്‌റിനാണെന്ന് തെളിയിക്കാന്‍ അവതരിപ്പിക്കുന്ന ഏറ്റവും വലിയ തെളിവായി ഉന്നയിക്കുന്ന ആയത്തിന്റെ അവസ്ഥയെ പോലെ തന്നെ മറ്റു തെളിവുകളുടെയെല്ലാം അവസ്ഥ ഇപ്രകാരം തന്നെയാണ്. വലിയ കൃത്രിമങ്ങള്‍ പോലും ഇക്കാര്യത്തില്‍ കമ്മിറ്റി നടത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ അത് ഹാജരാക്കുന്നതാണ്.

വിശുദ്ധ ഖുര്‍ആനില്‍ ദിവസത്തെ പരാമര്‍ശിക്കുന്നിടത്ത് ലൈല്‍ എന്നതിന് ശേഷം നഹാര്‍ എന്ന് പറയുന്ന നിരവധി ആയത്തുകളുണ്ട്. സൂറത്തു യൂനുസ് 6, അല്‍ബഖറ 163, ആലുഇമ്രാന്‍ 190, അന്‍ആം 132, ഇസ്രാഅ് 12, അംബിയാഅ് 31 33, അല്‍ മുഅ്മിനൂന്‍ 80, അന്നൂര്‍ 44, അല്‍ ഫുര്‍ഖാന്‍ 63, അല്‍ ഖസസ് 73, അല്‍ ജാസില 5 തുടങ്ങി നിരവധി ആയത്തുകള്‍ ഇപ്രകാരം കാണാവുന്നതാണ്. രാവു കൊണ്ടാണ് അല്ലാഹു ദിവസത്തിന്റെ ആരംഭം കുറിക്കുന്നത്. ഇത് യഹൂദികളുടെ ആചാരമാവുന്നതെങ്ങിനെയാണ്?
ചുരുക്കത്തില്‍, സൗദിയിലും ഇന്ത്യയില്‍ തന്നെ മറ്റു സംസ്ഥാനങ്ങളിലുമൊന്നും പറയാനാവാത്തതെന്ന് എം എസ് എസ് സംവാദത്തില്‍ അലി മണിക്ഫാന്‍ തന്നെ തുറന്ന് പറഞ്ഞ ഒരാശയം ഒരിക്കലും ഇസ്‌ലമിന്റെ നിയമാമാവില്ല എന്നെങ്കിലും നം മനസ്സിലാക്കണം. മാസനിര്‍ണ്ണയത്തില്‍ നിലവിലുളള രീതിയില്‍ പോരായ്മ ആരോപിച്ച് ഹിജ്‌റ കമ്മിറ്റി അവതരിപ്പിച്ച പുതിയ കാഴ്ചപ്പാട് പ്രമാണബദ്ധമോ ശസ്ത്രീയമോ അല്ലെന്ന് പഠനങ്ങളിലൂടെ നമുക്ക് ബോധ്യമാവുന്നു. അതുകൊണ്ട് കേവലം ഒരു ഗവേഷണത്തില്‍ ഉരുത്തിരിഞ്ഞ ആശയം ഉയര്‍ത്തി ലോകമുസ്‌ലിംകളിലും പണ്ഡിതരിലും കുഫ്ര്‍ ആരോപിക്കുകയും മര്‍മ്മ പ്രധാനമായ മറ്റു മതവിഷയങ്ങളെ നിസ്സാരമാക്കുകയും ആദര്‍ശപ്രബോധനം നിറവേറ്റിക്കൊണ്ടിരിക്കുന്ന സംഘങ്ങളുടെ ദൗത്യ നിര്‍വഹണങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കുകയും മതാനുശാസനപ്രകാരമുള്ള സമീപനങ്ങളെ കുറിച്ച് കൂടുതല്‍ ബോധവാന്‍മാരാവുകയും ചെയ്യണമെന്ന് ഉണര്‍ത്തുന്നു.
സത്യം സത്യമായി മനസ്സിലാക്കാനും അസത്യത്തെ തളളിക്കളയാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ..(ആമീന്‍)



Sent by Mansoor Ali chemmad

No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.