Pages

Sunday, March 11, 2012

മാസപ്പിറവിയും ഗോളശാസ്‌ത്രവും - ലഘുലേഖ

മാസപ്പിറവിയും ഗോളശാസ്‌ത്രവും



ഭൂതകാല സംഭവങ്ങള്‍ എപ്പോഴുണ്ടായിയെന്നറിയുന്നതിനും ഭാവിയില്‍ എപ്പോള്‍ പ്രതീക്ഷിക്കാമെന്നു മുന്‍കൂട്ടി ഗ്രഹിക്കുന്നതിനുമുള്ള ഉപാധിയാണു കലണ്ടര്‍.
ചന്ദ്രക്കലകളാണു തീയതികള്‍ക്കടിസ്ഥാനമെന്നു ഖുര്‍ആന്‍ 2:189-ലും ചന്ദ്രനു സ്ഥാനങ്ങള്‍ നിര്‍ണ്ണയിച്ചിരിക്കുന്നതില്‍ കണക്കു കൂട്ടാനുള്ള അറിവുണ്ടെന്ന് 10:5ലും നഗ്നനേത്രംകൊണ്ട് കാണാന്‍ കഴിയുന്ന അവസാനത്തെ ചന്ദ്രക്കല ഉര്‍ജ്ജുനില്‍ഖദീം ആണെന്ന് 36:39-ലും സൂര്യനും ചന്ദ്രനും കണക്കിനു വിധേയമാണെന്ന് 55:5-ലും വ്യക്തമാണ്.
ഗോളമായ ഭൂമിയില്‍ സമയം അനുനിമിഷം മാറുന്നു. ദിവസം മാറുന്നത് '24' മണിക്കൂര്‍ കഴിയുമ്പോഴാണ്. ദിവസത്തിന്റെ സംഖ്യാരൂപമാണ് തീയതി. അതുകൊണ്ട് ദിവസം മാറുന്നതും തീയതി മാറുന്നതും ഒരുമിച്ചാണ്. ഡേറ്റ്‌ലൈന്റെ കിഴക്കുഭാഗത്ത് അലാസ്‌കയില്‍ '3' മണിയാകുമ്പോള്‍ ഡേറ്റ്‌ലൈന്റെ പടിഞ്ഞാറുഭാഗത്ത് ഫിജിയില്‍ സമയം '2'മണി. ദിവസം പരിഗണിക്കാതെ സമയം പരിഗണിച്ചാല്‍ ആദ്യം ജുമൂഅഃ നമസ്‌ക്കരിക്കേണ്ടത് അലാസ്‌കയിലാണ്. എന്നാല്‍ ഫിജിയില്‍ ജുമുഅഃ വന്ന് '23'മണിക്കൂര്‍ കഴിഞ്ഞാണ് അലാസ്‌കയില്‍ ജുമുഅഃ വരുന്നത്. ദിവസം പരിഗണിച്ചശേഷം സമയം പരിഗണിക്കുന്നതുകൊണ്ടാണിത്. ഫിജിയില്‍ വെളളിയാഴ്ച പിറന്നതിനുശേഷം '23' മണിക്കൂര്‍ കഴിഞ്ഞാണ് അലാസ്‌കയില്‍ ആ ദിവസം പിറക്കുന്നത്. ആദ്യം ദിവസം വരുന്നിടത്ത് ആ ദിവസത്തെ കര്‍മ്മങ്ങളും ആദ്യം വരുന്നു. ഈ യാഥാര്‍ത്ഥ്യം പരിഗണിക്കുന്നതുകൊണ്ടാണ് വെള്ളിയാഴ്ചത്തെ ജുമുഅഃ വെള്ളിയാഴ്ചതന്നെ ലോകം മുഴുവന്‍ നിര്‍വ്വഹിക്കാന്‍ കഴിയുന്നത്. ദുല്‍ഹിജ്ജഃ '10' ലോകത്ത് വ്യാഴം, വെള്ളി, ശനി എന്നീ ദിവസങ്ങളില്‍ വരുമെന്ന് പറയുന്നത് വെള്ളിയാഴ്ച ലോകത്ത് വ്യാഴം, വെള്ളി, ശനി എന്നീ ദിവസങ്ങളില്‍ വരുമെന്ന് പറയുന്നത് പോലെതന്നെ യാഥാര്‍ഥ്യ വിരുദ്ധമാണ്. 10-ാം തീയതിയെന്നാല്‍ 10-ാമത്തെ ദിവസമെന്നാണര്‍ത്ഥം. 10-ാമത്തെ ദിവസം 9-ാം ദിവസവും 11-ാം ദിവസവും വരികയില്ല. വ്യാഴവും വെള്ളിയും ശനിയും ഒരു ദിവസമല്ലാത്തതുകൊണ്ട് അവ ഒരു തീയതിയല്ല. തീയതിയെന്നത് ദിവസത്തിന്റെ എണ്ണമായതുകൊണ്ട് '3' ദിവസങ്ങള്‍ കൂട്ടിയാല്‍ '3' തീയതികള്‍ കിട്ടും.

പ്രവാചകന്‍ (സ) ജനിച്ചപ്പോള്‍ ലോകം മുഴുവന്‍ തിങ്കളാഴ്ചയല്ലെങ്കിലും നബി(സ) ജനിച്ച ദിവസം എവിടെയും നോമ്പെടുക്കേണ്ടത് തിങ്കളാഴ്ചയാണ്. ലോകം മുഴുവന്‍ ജനനത്തീയതിയ്ക്കു പരിഗണിക്കേണ്ടത് പിറവിയുണ്ടാകുന്ന സ്ഥലത്തെ ദിവസമാണെന്ന് ഇത് വ്യക്തമാക്കുന്നു.
ഒരാള്‍ ജനിയ്ക്കുമ്പോള്‍ മറ്റൊരു സ്ഥലത്ത് വേറൊരു ദിവസമാണെങ്കിലും രണ്ടുദിവസം ജനിയ്ക്കുകയോ രണ്ടു ജനനത്തീയതി രേഖപ്പെടുത്തുകയോ ചെയ്യാറില്ല. ഇതുപോലെ ചന്ദ്രപ്പിറവിയുടെ സമയത്ത് മറ്റൊരു സ്ഥലത്ത് വേറൊരു ദിവസമാണെങ്കിലും ചന്ദ്രന് മാസത്തില്‍ രണ്ടുപിറവിയില്ല. ഒരു സ്ഥലത്ത് പിറന്ന കുട്ടി മറ്റൊരു സ്ഥലത്ത് ചെല്ലുന്നത് വീണ്ടും പിറക്കലല്ലാത്തതുപോലെ, പിറന്ന ചന്ദ്രന്‍ മറ്റു സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് വീണ്ടും പിറന്നുകൊണ്ടല്ല. പിറവിയുണ്ടാകുന്ന സ്ഥലത്തെ ദിവസം തീയതിക്കു പരിഗണിച്ചില്ലെങ്കില്‍ തീയതി തെറ്റും. ഞായറാഴ്ച പിറന്ന കുട്ടിയ്ക്ക് തിങ്കളാഴ്ച വരുന്നിടത്തെല്ലാം ഒരു ദിവസം പ്രായമാകും. ചന്ദ്രന് ഞായറാഴ്ച പിറവിയുണ്ടെങ്കില്‍ തിങ്കളാഴ്ച ഒരു ദിവസം പ്രായം (ഒന്നാം തീയതി) ആകും. ഒരു കുട്ടിക്ക് ഒന്നിലധികം പിറവിയില്ലാത്തതുപോലെ ചന്ദ്രന് ഒരു മാസത്തില്‍ ഒന്നിലധികം പിറവിയില്ല.
ജനങ്ങള്‍ നോമ്പെടുക്കുന്ന ദിവസമാണ് നോമ്പ് എന്നാണ് പ്രവാചകന്‍ (സ) പറഞ്ഞത്. ജനങ്ങളില്‍ അമേരിക്കക്കാരും ആസ്‌ത്രേലിയക്കാരുമുള്‍പ്പെടെ ലോകജനത മുഴുവനുള്‍പ്പെടും. ദിവസം (يوم )പരിഗണിക്കാതെ സമയം (وقت ) പരിഗണിച്ചാല്‍ ദിവസമെന്നത് ദിവസങ്ങളാകും. ലോകത്ത് ഒരു ദിവസം ചെയ്യേണ്ട കര്‍മ്മം പല ദിവസങ്ങള്‍ (ايّام ) ചെയ്യുമ്പോള്‍ അത് പ്രവാചക നിര്‍ദ്ദേശത്തിന് വിരുദ്ധമാകും. ഒരു തീയതി ഒന്നിലധികം ദിവസങ്ങളില്‍ വന്നാല്‍ കാലഗണന അപ്രായോഗികമാവുകയും ചെയ്യും. ഇസ്‌ലാം സത്യവും പ്രായോഗികവുമാണെന്നതുതന്നെ അസത്യവും അപ്രായോഗികവുമായ കലണ്ടര്‍ ഇസ്‌ലാമികമാവുകയില്ലെന്നതിനുള്ള തെളിവാണ്. ന്യൂമൂണുണ്ടാകുന്നത് മാസത്തിലെ അവസാന ദിവസമാണ്. അവസാനദിവസം (അവസാനതീയതി) ഒന്നിലധികം വരില്ല. ഒരു മാസത്തിലെ അവസാന ദിവസം കഴിഞ്ഞു വരുന്ന ദിവസം അടുത്ത മാസത്തിലെ ഒന്നാംദിവസം (ഒന്നാംതീയതി)ആണ്. ഒരു മാസത്തിലെ ഒന്നാംതീയതി ഒന്നിലധികം വരില്ല.
'29'ദിവസങ്ങളുള്ള രണ്ടുമാസങ്ങള്‍ തുടര്‍ച്ചയായി വരികയും ആദ്യമാസത്തിലെ ഹിലാല്‍ ന്യൂമൂണിനുശേഷം രണ്ടുദിവസം കഴിഞ്ഞും രണ്ടാംമാസത്തിലെ ഹിലാല്‍ ന്യൂമൂണിനുശേഷം ഒരുദിവസം കഴിഞ്ഞും കാണുകയാണെങ്കില്‍ കാഴ്ചയനുസരിച്ച് മാസം '28' ആയിത്തീരും. മാസം '29' അല്ലെങ്കില്‍ '30' എന്ന് പ്രവാചകന്‍(സ) പറഞ്ഞ കണക്ക് തെറ്റാത്തതുകൊണ്ട് അറിഞ്ഞുകൊണ്ട് കണക്ക് തെറ്റിക്കാതിരിക്കുന്നത്തന്നെയാണ് ശരി. 1428 ശഅ്ബാന്‍ '28' കഴിഞ്ഞ് ശഅ്ബാന്‍ '29' റമദാന്‍ ഒന്നായി ഖാദിമാര്‍ക്കു തിരുത്തേണ്ടിവന്നിരുന്നു. ശരിയായ കലണ്ടര്‍ തിരുത്തേണ്ടി വരില്ല; തെറ്റായ കലണ്ടര്‍ പ്രചരിപ്പിക്കുന്നതും ശരിയല്ല.
ഹിലാലിന് ന്യൂമൂണ്‍, ക്രസന്റ്, ഹാഫ്മൂണ്‍ എന്നീ അര്‍ഥങ്ങള്‍ അല്‍-മൗരിദ് പോലുള്ള നിഘണ്ടുകളില്‍ കാണാം. മാസം '29' അല്ലെങ്കില്‍ '30' എന്ന് പ്രവാചകന്‍ (സ) പറഞ്ഞ കണക്ക് ശരിയാകുന്നത് ഏത് ഹിലാലിനെ പരിഗണിച്ചാലാണോ ആ ഹിലാലിനെ പരിഗണിക്കണം.
കാഴ്ച കണ്ണുകൊണ്ട് മാത്രമല്ലെന്ന് പ്രമുഖ ഡിക്ഷ ണറികളില്‍ നിന്ന് വ്യക്തമാണ്.
الرّؤية  النّظر بالعين او  بالعقل  (കണ്ണുകൊണ്ടോ ബുദ്ധികൊണ്ടോ ഉള്ള കാഴ്ചയാണ് റുഅ്‌യത്ത്)
നബി(സ)യുടെ കാലത്തെ മാര്‍ഗ്ഗം എല്ലാ വിഷയങ്ങളിലും നാം സ്വീകരിക്കാറില്ല. നോമ്പുതുറക്കാന്‍ നാം കണക്കു സ്വീകരിക്കുന്നു. പ്രവാചകനോ സഹാബികളോ നോമ്പുതുറക്കാന്‍ കണക്കു സ്വീകരിച്ചിട്ടില്ല. നോമ്പു തുറക്കാന്‍ നാം കണക്കു സ്വീകരിക്കുന്നത് പ്രവാചക കല്പനയ്‌ക്കെതിരല്ലെങ്കില്‍ നോമ്പുതുടങ്ങാന്‍ കണക്കു സ്വീകരിക്കുന്നതും പ്രവാചക കല്പനയ്‌ക്കെതിരല്ല. നോമ്പു തുറക്കുന്നതിനെക്കുറിച്ചും പ്രവാചകന്‍ (സ) പറഞ്ഞത് (اَذا رأيتم ) 'നിങ്ങള്‍ കണ്ടാല്‍' (ഹ:നമ്പര്‍ 1954 ബുഖാരി) എന്നാണ്.
നബി(സ)യുടെ കാലത്ത് ആകാശം മേഘാവൃതമായ ദിവസം ഞങ്ങള്‍ നോമ്പുതുറന്നു. ശേഷം മേഘത്തിന്റെയുള്ളില്‍ നിന്ന് സൂര്യന്‍ പ്രത്യക്ഷപ്പെട്ടു. (ബുഖാരി ഹ:നമ്പര്‍ 1959). കാഴ്ചയവലംബിച്ച് നോമ്പുതുറയുടെ സമയം തെറ്റിക്കാന്‍ ഇന്ന് നമുക്ക് ഇളവില്ലെങ്കില്‍ നോമ്പുതുടങ്ങുന്ന ദിവസം തെറ്റിക്കുന്നതും തെറ്റാണ്.


തെരഞ്ഞെടുത്ത ചോദ്യങ്ങളും മറുപടിയും
1. ദുല്‍ഹിജ്ജഃ 9നാണോ അറഫാദിനത്തിലാണോ നോമ്പെടുക്കേണ്ടത്?
ദുല്‍ഹിജ്ജഃ 9നാണ് അറഫാദിനം. അതുകൊണ്ട് ദുല്‍ഹിജ്ജഃ 9ന് എടുക്കുന്ന നോമ്പ് അറഫാദിനത്തിലെ നോമ്പാണ്.
2. അറഫയില്‍ നില്‍ക്കുന്ന ദിവസമല്ലേ അറഫാദിനം?
ദുല്‍ഹിജ്ജഃ 9ന് അറഫയില്‍ നില്‍ക്കുന്ന ദിവസമാണ് അറഫാദിനം. ഒരാളും അറഫയില്‍ നിന്നില്ലെങ്കിലും ദുല്‍ഹിജ്ജഃ 9ന് അറഫാദിനമാണ്. ദുല്‍ഹിജ്ജഃ 9അല്ലാത്ത ദിവസം അറഫയില്‍ നിന്നാല്‍ അറഫയില്‍ നില്‍ക്കുന്ന ദിനമാകുമെങ്കിലും അറഫാദിനമാകുകയില്ല.
ജുമുഅഃ നമസ്‌ക്കരിക്കുന്ന ദിവസമാണ് വെള്ളിയാഴ്ച അഥവാ യൗമുല്‍ ജുമുഅഃ ഒരാളും ജുമുഅഃ നമസ്‌ക്കരിച്ചില്ലെങ്കിലും വ്യാഴാഴ്ചയുടേയും ശനിയാഴ്ചയുടേയും ഇടയിലുള്ള ദിവസം വെള്ളിയാഴ്ചയാണ്. വെള്ളിയാഴ്ചയല്ലാത്ത ദിവസം ജുമുഅഃ നമസ്‌ക്കരിച്ചാല്‍ ജുമുഅഃ നമസ്‌ക്കരിക്കുന്ന ദിവസമാകുമെങ്കിലും അന്ന് വെള്ളിയാഴ്ച അഥവാ യൗമുല്‍ ജമുഅ: ആകുകയില്ല. ഇതുപോലെയാണ് അറഫാദിനവും. ആകാശഭൂ
മികളെ സൃഷ്ടിച്ച നാള്‍മുതല്‍ അല്ലാഹു തീരുമാനിച്ച ദുല്‍ഹിജ്ജ:9 തന്നെയായിരിക്കും അറഫാദിനം.
3. കാണണം എന്ന് പ്രവാചകന്‍ (സ) പറഞ്ഞത് ഹിലാല്‍ നഗ്നനേത്രകൊണ്ട് കാണണമെന്നതിന് തെളിവല്ലേ? പ്രവാചകനും സ്വഹാബത്തും ചെയ്തത് തെറ്റാണോ? നബി(സ)യുടെ കാലഘട്ടത്തിലെ മാര്‍ഗ്ഗം ഒരാള്‍ മാസപ്പിറവിയുടെ കാര്യത്തില്‍ സ്വീകരിച്ചാല്‍ അയാള്‍ കുറ്റക്കാരനാകുമോ?
നോമ്പുതുറക്കുന്നതിനും കാണണം എന്നുതന്നെയാണ് പ്രവാചക നിര്‍ദ്ദേശം. ഇബ്‌നു അബീ ഔഫ(റ) പറയുന്നു. ചക്രവാളത്തിലേക്ക് കൈചൂണ്ടിക്കൊണ്ട് പ്രവാചകന്‍ (സ) പറഞ്ഞു; ഇവിടെനിന്ന് രാവ് ആരംഭിക്കുന്നത് കണ്ടാല്‍ നോമ്പ്കാരന് നോമ്പ് മുറിക്കാം. (ബുഖാരി).
അബൂബക്കര്‍(റ)ന്റെ മകള്‍ അസ്മാഅ് (റ) പറയുന്നു: പ്രവാചകന്‍(സ)യുടെ കാലത്ത് മേഘം മൂടിയ ഒരു ദിവസം ഞങ്ങള്‍ നോമ്പ് മുറിച്ചു. അതിന്‌ശേഷം സൂര്യന്‍ പ്രത്യക്ഷപ്പെട്ടു (ബുഖാരി)
പ്രവാചകന്‍(സ)യുടെ കാലത്ത് മേഘംമൂടിയ ദിവസം നോമ്പ് മുറിച്ചത് സൂര്യന്‍ അസ്തമിച്ചിട്ടില്ലെന്ന് അറിഞ്ഞുകൊണ്ടല്ല; അതുകൊണ്ട് അവര്‍ കുറ്റക്കാരല്ല. ''ഒരാള്‍ക്കും കഴിവിനപ്പുറം ബാധ്യതയില്ല'' (2:286)
നാം അങ്ങനെ ചെയ്താല്‍ തെറ്റാകുന്നതുകൊണ്ടാണ് മേഘം മൂടിയാലും കണക്കനുസരിച്ച് സമയമാകാന്‍ നോക്കി നില്‍ക്കുന്നത്. ഇതേ സംഗതി നോമ്പു തുടങ്ങുമ്പോഴും ബാധകമാണ്. പിറവിയുണ്ടെന്ന് അറിഞ്ഞുകൊണ്ട് പ്രവാചകനും സ്വഹാബത്തും പിറവി നോക്കി നിന്നിട്ടില്ല. അതുകൊണ്ട് അവര്‍ ചെയ്തത് തെറ്റല്ല. നോമ്പുമുറിക്കാന്‍ കാഴ്ചക്കു വിരുദ്ധമായി കണക്കു സ്വീകരിക്കുന്നതുതന്നെ നോമ്പു തുടങ്ങാന്‍ കണക്കിനു വിരുദ്ധമായി കാഴ്ച സ്വീകരിക്കുന്നതിലെ തെറ്റ് ചൂണ്ടിക്കാട്ടുന്നു.
4. മേഘാവൃതമായാല്‍ 30 പൂര്‍ത്തിയാക്കണമെന്ന് പ്രവാചകന്‍ (സ) പറഞ്ഞിട്ടില്ലേ?
ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത ഇബ്‌നു ഉമര്‍ (റ) ശഅ്ബാന്‍ 29-ന് മേഘാവൃതമായാല്‍ സാധ്യത പരിഗണിച്ചു നോമ്പെടുത്തിരുന്നുവെന്ന് ഹദീസ് ഗ്രന്ഥങ്ങളില്‍നിന്ന് (അബൂദാവൂദ്, ഇബ്‌നുമാജഃ, അന്നസാഈ, അഹ്മദ്) വ്യക്തമാണ്. ശഅ്ബാന്‍ ഇരുപത്തി ഒമ്പതേയുള്ളൂവെങ്കില്‍ ആ മാസം 30 ആക്കാന്‍ മേഘത്തിന് കഴിയില്ലെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. പിറവിയുണ്ടെന്ന സത്യം അറിഞ്ഞുകൊണ്ട്, മേഘാവൃതമാകുമ്പോള്‍ നോമ്പെടുക്കാതിരിക്കുന്നത് തെറ്റാണെന്ന് നോമ്പ് മുറിക്കാന്‍ കണക്കവലംബിക്കുന്ന നമുക്ക് മനസ്സിലാകും.
5. ഹിലാല്‍ കാണുന്നതിന് പകരം ന്യൂമൂണ്‍ അടിസ്ഥാനമാക്കി മാസം മാറുന്നതിന് തെളിവുണ്ടോ?
ഹിലാലിന് ന്യൂമൂണ്‍ എന്നര്‍ത്ഥമുണ്ട്. നോമ്പ് തുറക്കാന്‍ പ്രവാചകന്‍ (സ) കണക്ക് സ്വീകരിച്ചിട്ടില്ല. എന്നാല്‍ നോമ്പ് തുറക്കുന്ന സമയത്ത് കാഴ്ച സ്വീകരിച്ച് കണക്ക് തെറ്റിക്കുന്നത് ശരിയല്ലെങ്കില്‍ നോമ്പ് തുടങ്ങാനും കാഴ്ച സ്വീകരിച്ച് കണക്ക് തെറ്റിക്കാതിരിക്കുന്നത് തന്നെയാണ് ശരി. നാം നിരക്ഷര ജനതയാണ്. നാം എഴുതാറില്ല. കണക്ക് കൂട്ടാറില്ല എന്നു പറഞ്ഞ ശേഷമാണ് മാസം 29 അല്ലെങ്കില്‍ 30 എന്ന കണക്ക് പ്രവാചകന്‍ (സ) പഠിപ്പിച്ചത്. മേഘാവൃതമായ ദിവസം സാധ്യത പരിഗണിച്ച് സ്വഹാബത്ത് നോമ്പെടുത്തത്. ശരിയാണെങ്കില്‍, പിറവിയുണ്ടെന്ന് ഉറപ്പായ അറിവുള്ളതോടൊപ്പം കണ്ണുകൊണ്ട് കണ്ടില്ലെന്ന കാരണത്താല്‍ നമ്മള്‍ നോമ്പെടുക്കാതിരിക്കുന്നത് ശരിയാകുന്നതെങ്ങനെ? കണക്കറിയുന്ന കാലഘട്ടത്തില്‍ കണക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്നതിന് ഖുര്‍ആനും ഹദീസും സ്വഹാബത്തിന്റെ മാതൃകയും കണക്കിനെ എതിര്‍ക്കുന്നവരുടെ വൈരുധ്യാധിഷ്ഠിത നിലപാടുകളും സാക്ഷ്യം വഹിക്കുന്നു.
6. ഇസ്‌ലാമിക കലണ്ടറിലെ തീയതി ലോകത്ത് പല ദിവസങ്ങളില്‍ വരുമോ?
തീയതി എന്നത് ദിവസത്തിന്റെ എണ്ണമായതുകൊണ്ടും ഇസ്‌ലാം സത്യമാകുന്നുവെന്നതുകൊണ്ടും ഒരു ദിവസത്തെ ഒന്നിലധികം തീയതികളിലായി എണ്ണുന്നതും ഒന്നിലധികം ദിവസങ്ങളെ ഒരു തീയതിയായി എണ്ണുന്നതും ശരിയല്ല. ദിവസം മാറാതെ തീയതി മാറുമ്പോഴും ദിവസം മാറിയാലും തീയതി മാറാതിരിക്കുമ്പോഴും ദിവസത്തിന്റെ അളവും എണ്ണവും തെറ്റുകയും കാലഗണന അപ്രായോഗികമാവുകയും ചെയ്യും. ഇസ്‌ലാം സത്യവും പ്രായോഗികവുമാണെങ്കില്‍ ഇസ്‌ലാമിന്റെ കലണ്ടര്‍ അസത്യവും അപ്രായോഗികവുമാവുകയില്ല.
7. ജുമുഅ നമസ്‌കാരം പോലെ ദിവസനിര്‍ണ്ണിതമായ കര്‍മ്മങ്ങള്‍ അതേ ദിവസംതന്നെ ചെയ്യണം. എന്നാല്‍ നോമ്പും പെരുന്നാളും പോലെ തീയതി നിര്‍ണ്ണയിച്ച കര്‍മ്മങ്ങള്‍ വ്യത്യസ്ത ദിവസങ്ങളില്‍ വരില്ലേ?
അറഫയില്‍ നില്‍ക്കേണ്ടത് ദുര്‍ഹിജ്ജഃ 9നാണ്; ലോക മുസ്‌ലിങ്ങള്‍ നോമ്പെടുക്കേണ്ടത് അറഫാ ദിവസവും. ഒരേ തീയതി ഒരേ ദിവസത്തേയും ഒരേ ദിവസം ഒരേ തീയതിയെയും കുറിക്കുന്നുവെന്ന് ഇതില്‍നിന്ന് വ്യക്തമാണ്.
8. ഉരുണ്ട ഭൂമിയില്‍ ഒറ്റദിവസം പെരുന്നാള്‍ സാധ്യമാണോ?
ആഴ്ചയിലെ പെരുന്നാളായ ജുമുഅഃ നമസ്‌ക്കാരം വെള്ളിയാഴ്ചതന്നെ നിര്‍വ്വഹിക്കുന്നതിന് ഭൂമിയുടെ ഗോളാകൃതി ലോകമുസ്‌ലിങ്ങള്‍ക്ക് തടസ്സമാകുന്നില്ല. ആഴ്ചയില്‍ സാധ്യമാകുന്നത് വര്‍ഷത്തില്‍ സാധ്യമാകാതെ വരില്ല. ജുമുഅഃ നമസ്‌ക്കരിക്കുന്ന ദിവസം ഭൂമിയുടെ ആകൃതിമാറുന്നില്ല.
9. പക്ഷെ സമയവ്യത്യാസമുണ്ടല്ലോ?
ലോകത്ത് വ്യത്യസ്ത സ്ഥലങ്ങളില്‍ വ്യത്യസ്ത സമയങ്ങളില്‍ വെള്ളിയാഴ്ച വരുന്നുവെന്ന കാരണത്താല്‍ ആരും ശനിയാഴ്ചയോ വ്യാഴാഴ്ചയോ ജുമുഅഃ നമസ്‌ക്കരിക്കാറില്ല.
10. അമേരിക്കയില്‍ നിസ്‌കരിക്കുന്ന സമയത്തല്ലല്ലോ ഇവിടെ നിസ്‌കരിക്കുന്നത്. ഇതില്‍ നിന്ന് ലോകം മുഴുവന്‍ ഒരേ ദിവസം പെരുന്നാള്‍ സാധ്യമല്ലെന്ന് മനസ്സിലാക്കാമല്ലോ?
നാം ഇന്ത്യക്കാര്‍ ജുമുഅഃ നമസ്‌ക്കരിക്കുന്ന അതേ സമയത്തല്ല അമേരിക്കയില്‍ ജുമുഅഃ നിര്‍വ്വഹിക്കുന്നത് എന്നത് ശരിയാണ്. ലോകത്താകെ ഒരേ സമയം ജുമുഅഃ നിര്‍വ്വഹിക്കുക സാധ്യമല്ല. ഇസ്‌ലാം അത് ആവശ്യപ്പെടുന്നുമില്ല. എന്നാല്‍ വ്യത്യസ്ത സമയങ്ങളിലായിക്കൊണ്ട് ഒരേദിവസം (വെള്ളിയാഴ്ച)തന്നെ ലോകം മുഴുവന്‍ ജുമുഅഃ നിര്‍വ്വഹിക്കാന്‍ സാധ്യമാണ്. ഇസ്‌ലാം അത് ആവശ്യപ്പെടുന്നുമുണ്ട്. അതുപോലെ പെരുന്നാള്‍ നമസ്‌കാരവും വ്യത്യസ്ത സമയങ്ങളിലായിക്കൊണ്ട് ഒരേദിവസം തന്നെ നിര്‍വ്വഹിക്കപ്പെടണമെന്നതാണ് ഇസ്‌ലാമിന്റെ താല്‍പര്യം, അതാണ് പ്രായോഗികമായ ഇസ്‌ലാമിക കലണ്ടര്‍. സമയത്തിന്റെ ഏകീകരണമല്ല ദിവസത്തിന്റെ ഏകീകരണമാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്.
11. ജനങ്ങള്‍ നോമ്പെടുക്കുമ്പോഴാണ് നോമ്പ് എന്ന് പ്രവാചകന്‍(സ) പറഞ്ഞിട്ടില്ലേ?
ആഇഷാ(റ)യില്‍ നിന്ന്: നബി (സ) പറഞ്ഞു: ചെറിയ പെരുന്നാള്‍ ജനങ്ങള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്ന ദിവസമാണ്. ബലിപെരുന്നാള്‍ ജനങ്ങള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്ന ദിവസമാണ്. (അബൂദാവൂദ്, ഇബ്‌നുമാജഃ)
ദിവസമെന്ന് പ്രവാചകന്‍ (സ) പറഞ്ഞത് ദിവസങ്ങളാക്കുന്നതെന്തിന്? അതോ നമ്മുടെ നാടിന് പുറത്തുള്ളവര്‍ ജനങ്ങളല്ലെന്നോ? ഒരേ ദിവസം നിര്‍വ്വഹിക്കേണ്ട പെരുന്നാള്‍ അല്ലെങ്കില്‍ നോമ്പ് വ്യത്യസ്ത ദിവസങ്ങളാക്കുന്നത് വിവരമില്ലായ്മകൊണ്ടാണെങ്കിലും അല്ലെങ്കിലും ധിക്കാരമാണ്. കാരണം വിവരക്കേട് നിലനിര്‍ത്തുക എന്നതുതന്നെ ഖുര്‍ആനെ ധിക്കരിക്കലാണ്.
നിനക്ക് അറിയാത്തതിനെ നീ പിന്തുടരരുത്. നിശ്ചയം കണ്ണും കാതും മനസ്സും ചോദ്യം ചെയ്യപ്പെടും (ഖുര്‍ആന്‍ 17:36) നോമ്പെടുക്കുമ്പോള്‍ എന്നല്ല; നോമ്പെടുക്കുന്ന ദിവസം എന്നാണ് പ്രവാചകന്‍ (സ) പറഞ്ഞത്. ദിവസം പരിഗണിക്കാതെ സമയം പരിഗണിച്ചാല്‍ വ്യത്യസ്ത ദിവസങ്ങളില്‍ നോമ്പ് അല്ലെങ്കില്‍ പെരുന്നാള്‍ വരും. ദിവസം പരിഗണിക്കണമെന്ന് പറയുമ്പോള്‍ ദിവസം പരിഗണിച്ച ശേഷമേ സമയം പരിഗണിക്കേണ്ടതുള്ളൂ. അപ്പോള്‍ ലോകത്തെല്ലായിടത്തും ഒരേ ദിവസം നോമ്പ് അല്ലെങ്കില്‍ പെരുന്നാള്‍ വരും. ഒരു മണിക്കൂര്‍ വ്യത്യാസമുള്ളിടത്ത് ഒരു മണിക്കൂര്‍ കഴിഞ്ഞും 23 മണിക്കൂര്‍ വ്യത്യാസമുള്ളിടത്ത് 23 മണിക്കൂര്‍ കഴിഞ്ഞും. 24മണിക്കൂറിനുള്ളില്‍ ലോകത്തെല്ലായിടത്തും ഒരു ദിവസം വന്നുചേരും. 24 മണിക്കൂറിനുശേഷം വരുന്നത് ജനങ്ങള്‍ പിടിക്കുന്ന ദിവസമല്ല ജനങ്ങള്‍ പിടിക്കുന്ന ദിവസങ്ങളാണ്. ഇത് പ്രവാചക നിര്‍ദ്ദേശത്തിനു വിരുദ്ധമാണ്. പ്രവാചകന്‍(സ) പറഞ്ഞത് ദിവസങ്ങള്‍ എന്നല്ല ''ദിവസം'' എന്നാണ്.
12. ഖാദിമാരും മറ്റും ഉറപ്പിക്കാതെ മാസം മാറുമോ?
ഖാദിമാരും ഖാദിമാരല്ലാത്തവരും ജനിക്കുന്നതിനുമുമ്പേ മാസം മാറിയിരുന്നുവെന്നതുതന്നെ ഇനിയും മാസം മാറുമെന്നതിന് ഇവരുടെ ഉറപ്പിക്കല്‍ ആവശ്യമില്ലെന്നതിനുള്ള തെളിവാണ്.
13. ഒരു സ്ഥലത്തെ പിറവി മറ്റൊരു സ്ഥലത്ത് ബാധകമല്ലെന്നതിന് കുറൈബിന്റെ സംഭവം വ്യക്തമായ തെളിവല്ലേ? സിറിയ (ശാം) യിലെ പിറവി കുറൈബ് അറിയിച്ചപ്പോള്‍ ഇബ്‌നും അബ്ബാസ്(റ) അംഗീകരിക്കാതിരുന്നത് എന്തുകൊണ്ട്? കുറൈബിനു തന്നെയും ശാമിലെ പിറവിയുടെ കാര്യത്തില്‍ ബോധ്യമുണ്ടായിരുന്നില്ലെന്നതിനു തെളിവാണ് അദ്ദേഹം 31-ാം ദിവസം നോമ്പെടുത്തത്. ബോധ്യമില്ലാത്ത നിലപാടില്‍ നിന്ന് പിന്‍മാറിയതിന് അദ്ദേഹം കുറ്റക്കാരനല്ല. ഉറപ്പില്ലാത്ത സംഗതി പിന്തുടരാതിരുന്നതിന് ഇബ്‌നു അബ്ബാസ്(റ)വും ആക്ഷേപാര്‍ഹനല്ല.
ഇമാം ശൈഖ് മുഹമ്മദുബ്‌നു ഇസ്മാഈല്‍ പറയുന്നു: ശാമിലെ പിറവി അംഗീകരിക്കാതെ അദ്ദേഹം മദീനക്കാരോട് യോജിക്കുന്നു. അതുകൊണ്ട് ശാമിലെ പിറവിയനുസരിച്ചുള്ള 31-ാം ദിവസം അദ്ദേഹം നോമ്പെടുക്കുന്നു. മദീനക്കാരുടെ അടുത്ത് 30-ാം ദിവസമായതാണ് ഇതിന് കാരണം (ബുലൂഗുല്‍ മറാമിന്റെ ശറഹായ സുബുലുസ്സലാം വാള്യം 2 പേജ് 310).
14. ശക്കിന്റെ ദിവസം (സംശയദിവസം) നോമ്പെടുക്കുന്നത് തെറ്റല്ലേ?
അബു മൂസ(റ)ല്‍ നിന്ന്; അദ്ദേഹം ആഇഷാ(റ)യോട് മാസപ്പിറവി സംശയിക്കപ്പെടുന്ന ദിവസത്തെക്കുറിച്ച് ചോദിച്ചു. അപ്പോള്‍ ആഇഷ(റ) പറഞ്ഞു: നിശ്ചയം ശഅ്ബാനില്‍ ഒരു ദിവസം നോമ്പെടുക്കുന്നതാണ് റമദാനില്‍ ഒരു നോമ്പ് ഉപേക്ഷിക്കുന്നതിനേക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത്. (ബൈഹഖി, അഹ്മദ്). ഇന്ന് ശക്കിന്റെ ദിവസമല്ല ഉറപ്പുള്ള ദിവസം സംശയമുണ്ടാക്കിക്കൊണ്ടിരിക്കുന്നതും ശക്കിന്റെ ദിവസമായി കണക്കാക്കുന്നതുമാണ് തെറ്റ്.
15. തീയതി രേഖയ്ക്ക് ശരീഅത്തില്‍ അടിസ്ഥാനമുണ്ടോ?
തീയതി രേഖ ഭൂമിയിലെ ഒരു യാഥാര്‍ത്ഥ്യമാണ്. യാഥാര്‍ത്ഥ്യങ്ങളെ ശരീഅത്ത് അംഗീകരിക്കുന്നുണ്ട്. ആകാശങ്ങളെയും ഭൂമിയെയും സത്യതയോടെ സൃഷ്ടിച്ചത് അവനാണ് (39:5) കിഴക്കിന്റെയും പടിഞ്ഞാറിന്റെയും അവയ്ക്കിടയിലുള്ളതിന്റെയും റബ്ബാകുന്നു. (അവന്‍). നിങ്ങള്‍ ബുദ്ധി ഉപയോഗിക്കുന്നുവെങ്കില്‍ (ഖുര്‍ആന്‍ 26:28) തീയതി രേഖ കിഴക്കോ പടിഞ്ഞാറോ അല്ല; കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ഇടയിലാണ്.
കിഴക്കോ പടിഞ്ഞാറോ അല്ലാതെ, കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ഇടയിലായി തീയതി രേഖ മാത്രമേയുള്ളൂ. കിഴക്കിനെയും പടിഞ്ഞാറിനെയുംവേര്‍തിരിക്കുന്നത് ഈ രേഖയാണ്. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും അവയ്ക്കിടയില്ലുള്ളതിന്റെയും റബ്ബ്ബുദ്ധി ഉപയോഗിക്കുന്നവര്‍ക്കാണ്.
16. പെരുന്നാള്‍ ഏകീകരിച്ചാല്‍ മുസ്‌ലിം സമൂഹത്തിന്റെ എല്ലാ പ്രശ്‌നങ്ങളും തീരുമോ?
വെള്ളിയാഴ്ച ദിവസം ജുമുഅഃ നമസ്‌ക്കരിക്കുന്നത് ലോകത്തിലെ മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ വേണ്ടിയല്ല. പെരുന്നാള്‍ ദിവസം നോമ്പെടുക്കാതിരുന്നാല്‍ ഒരു ഹറാം ഒഴിവായിക്കിട്ടും. റമദാനില്‍ നോമ്പെടുത്താല്‍ നിര്‍ബന്ധമായ നോമ്പെടുക്കുക എന്ന ബാധ്യത നിറവേറും. മറ്റു തീയതികളും മാറ്റാതിരുന്നാല്‍ അത്രയും കുഫ്ര്‍ ഒഴിവായിക്കിട്ടും. സകലപ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് വേണ്ടിയല്ല ഏതെങ്കിലും ഒരു പ്രശ്‌നം പരിഹരിക്കുന്നത്. വക്രതയില്ലാത്ത ദീന്‍ എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച ഇസ്‌ലാമിക കലണ്ടറിനോട് നീതിപുലര്‍ത്തിയാല്‍ ഇസ്‌ലാമിക കലണ്ടറിനോടുള്ള അവഗണനയെന്ന പ്രശ്‌നം പരിഹരിക്കുപ്പെടും. ഓരോന്നിനും അതിന്റെതായ പരിഹാരം കാണണം.
17. ഐക്യത്തിന് വേണ്ടി വിട്ടുവീഴ്ചയായിക്കൂടേ?
നന്മയിലും തഖ്‌വയിലും നിങ്ങള്‍ പരസ്പരം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ പരസ്പരം സഹായിക്കരുത്. (5:3)
തീയതിയെന്നതു ദിവസത്തിന്റെ എണ്ണമായതുകൊണ്ട് ദിവസം പരിഗണിക്കാതെ തീയതി കണക്കാക്കുമ്പാള്‍ ദിവസത്തിന്റെയും മാസത്തിന്റെയും പവിത്രത ലംഘിക്കപ്പെടുന്നു. ഇതിലൂടെ ഹറാമും ഹലാലും മാറുന്നു. ഇതിനെ വര്‍ദ്ധിച്ച കുഫ്ര്‍ എന്നാണ് ഖുര്‍ആന്‍ പറയുന്നത്.
കുഫ്‌റിലുള്ള ഐക്യം നന്മയോ തഖ്‌വയോ അല്ല; പാപവും അതിക്രമവുമാണ്.
18. ഭിന്നിക്കരുതെന്ന് ഖുര്‍ആന്‍ പറയുന്നില്ലേ? അപ്പോള്‍ ഭിന്നിപ്പുണ്ടാകുന്ന സംഗതികളില്‍ നിന്ന് മാറി നില്‍ക്കുകയല്ലേ വേണ്ടത്?
അല്ലാഹുവിന്റെ പാശം ഒരുമയോടെ മുറുകെപ്പിടിക്കുക. നിങ്ങള്‍ ഭിന്നിച്ചു പോകരുത് (3:103) ഒരുമിക്കാന്‍ വേണ്ടി അല്ലാഹുവിന്റെ പാശത്തിന്റെ പിടിവിടുകയല്ല. അല്ലാഹുവിന്റെ പാശം പിടിക്കാന്‍ വേണ്ടി ഒരുമിക്കുകയാണ് വേണ്ടത്. ഖുര്‍ആന്‍ പിന്തുടരുന്നതില്‍നിന്ന് പിന്തിരിയുന്നവരാണ് ഭിന്നിപ്പുണ്ടാക്കുന്നവര്‍.
പ്രവാചകന്‍ (സ) പറയുന്നു : ഞാന്‍ ജനതയോടൊപ്പമാണ്, അവര്‍ നന്നായാല്‍ ഞാന്‍ നന്നാകും. അവര്‍ ചീത്തയായാല്‍ ഞാനും ചീത്തയാകും എന്നു പറയുന്ന അവസരവാദിയാവാതിരിക്കുക. മറിച്ച് ജനങ്ങള്‍ നന്നായാല്‍ അവരുടെ നന്മയില്‍ പങ്കാളിയാകാനും പിഴച്ചാല്‍ അവരുടെ പിഴവില്‍ നിന്ന് അകന്നുനില്‍ക്കാനും സ്വയം സന്നദ്ധനാവുക. (തിമിര്‍ദി)
19. ദിവസം തുടങ്ങുന്നതെപ്പോള്‍?
അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു: റസൂല്‍ (സ)യെ മുശ്‌രിക്കുകള്‍ അസ്വര്‍ നമസ്‌കാരത്തില്‍നിന്നു തടഞ്ഞുനിര്‍ത്തി. അങ്ങനെ സൂര്യന്‍ ചെമപ്പുനിറവും മഞ്ഞനിറവുമായി. അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു. ''മധ്യനമസ്‌ക്കാരത്തില്‍ നിന്ന് അഥവാ അസ്വര്‍ നമസ്‌കാരത്തില്‍നിന്ന് അവര്‍ നമ്മുടെ ശ്രദ്ധതിരിച്ചു. അവരുടെ ഉള്ളിലും ഖബ്‌റുകളിലും അല്ലാഹു തീ നിറയ്ക്കട്ടെ''. (മുസ്‌ലിം) അഞ്ചു നമസ്‌കാരങ്ങളുടെ മധ്യത്തില്‍ അസ്വര്‍ വരണമെങ്കില്‍ ഇശാ, സ്വബ്ഹ് എന്നിവക്കിടയില്‍ ദിവസം തുടങ്ങണം.
20. ഇത് പണ്ഡിതന്മാര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമല്ലേ?
റമദാനില്‍ നോമ്പും പെരുന്നാള്‍ ദിനത്തില്‍ പെരുന്നാളും ആചരിക്കുന്നവരുടെ എണ്ണം കൂടുന്നതനുസരിച്ച് ഈ ചര്‍ച്ചാബോധം കൂടുകയുള്ളൂ.


ചന്ദ്രനിരീക്ഷണം
1. ഒരു ചന്ദ്രമാസത്തില്‍ 7 വളരുന്ന ഹിലാലും 7 ക്ഷയിക്കുന്ന ഹിലാലും (ചന്ദ്രക്കല) ഉണ്ടാകും.
2. ആദ്യത്തെ വളരുന്ന ഹിലാല്‍ സാധാരണയായി ദൃശ്യമാകുന്നത് മാസത്തിന്റെ ഒന്നാമത്തെ ദിവസം സൂര്യന്‍ അസ്തമിച്ചതിനുശേഷമാണ്. ഇത് ലോകത്തു എല്ലാ സ്ഥലങ്ങളിലും കാണുകയില്ല.
3. അവസാനത്തെ ക്ഷയിക്കുന്ന ചന്ദ്രക്കല (ഊര്‍ജുനുല്‍ ഖദീം) കാണുന്നത് മാസം അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പെയാണ്.
4. മാസത്തിന്റെ അവസാനത്തെ ദിവസം (അമാവാസി) ചന്ദ്രക്കല ഭൂമിയില്‍ കാണുക സാധ്യമല്ല. ഇത് 29-നോ 30-നോ ആകാം.
5. ആദ്യത്തെ ദിവസം സൂര്യന്‍ അസ്തമിച്ചതിനു ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ ചന്ദ്രന്‍ അസ്തമിക്കും.
6. രണ്ടാമത്തെ ദിവസം ഇത് 2 മണിക്കൂറോളം കാണാം.
7. ഏഴാമത്തെ ദിവസം സൂര്യാസ്തമന സമയത്ത് ചന്ദ്രന്‍ ഉച്ചിയിലായിരിക്കും. അന്ന് ഏതാണ്ട് അര്‍ദ്ധരാത്രി അസ്തമിക്കും.
8. മാസത്തിന്റെ നടുവില്‍ പൂര്‍ണചന്ദ്രന്‍ ഉണ്ടാകും. ഏകദേശം അര്‍ദ്ധരാത്രി അത് ഉച്ചിയിലെത്തും.
9. അടുത്തദിവസം രാവിലെ സൂര്യന്‍ ഉദിക്കുമ്പോള്‍ ചന്ദ്രന്‍ അസ്തമിച്ചിരിക്കുകയില്ല.
10. ഇനി ചന്ദ്രന്‍ ക്ഷയിച്ചു തുടങ്ങുന്നു. ചന്ദ്രാസ്തമനം ദിനംതോറും വൈകിവ രും. എപ്പോഴും നോക്കുന്ന ഒരാള്‍ക്ക് തീയ്യതി മനസ്സിലാക്കുക പ്രയാസകരമല്ല. ഇനിയുള്ള ദിവസങ്ങളില്‍ നിരീക്ഷണം നടത്തേണ്ടതു സൂര്യോദയത്തിനു മുമ്പാണ്.
11. ചന്ദ്രമാസത്തീയതികള്‍ എഴുതിവെക്കാതെ ഓര്‍മ്മിക്കുക എളുപ്പമാണ്. സാധാരണയായി 7-ാമത് ഏതാണ്ട് പകുതി ചന്ദ്രക്കലയായിരിക്കും. 15ന് പൂര്‍ണ്ണതപ്രാപിക്കുന്നു. 22നു ക്ഷയിച്ചുകൊണ്ടു വീണ്ടും പകുതി ചന്ദ്രക്കലയായി മാറുന്നു. ക്ഷയിക്കുന്ന ചന്ദ്രക്കലകളുടെ ആദ്യരൂപം മാസം അവസാനിക്കുന്നതിനു 7 ദിവസം മുമ്പുകാണാം. ഇതു കാണുന്ന ദിവസം ഏതോ ആ ദിവസം അടുത്ത മാസത്തിന്റെ ആദ്യത്തെ ദിവസമായിരിക്കും.
12. മാസം 29-ന്റെതോ 30-ന്റെതോ എന്നു അറിയുവാന്‍ അവസാനംവരെ കാത്തിരിക്കേണ്ടതില്ല. ചന്ദ്രക്കലയുടെ വളര്‍ച്ചയും അതിന്റെ സഞ്ചാരവും (മനാസില്‍) ഇതിനെ കാണിക്കും.
13. ഓരോ ദിവസവും ചന്ദ്രന്റെ സഞ്ചാരം ഏതാണ്ടു 6 വിരല്‍ (12 ഡിഗ്രി) ആയിരിക്കും.
14. 30-ന്റെ മാസങ്ങളില്‍ 5-ഓ 6-ഓ വിരലുകളായിരിക്കും. ചന്ദ്രക്കലകള്‍ നേര്‍ത്തവയായിരിക്കും.
15. 29-ന്റെ മാസങ്ങളില്‍ 6-ഓ 7ഓ വിരലുകള്‍ (12-12 ഡിഗ്രി) ആയിരിക്കും ചന്ദ്രക്കലകള്‍ തടിച്ചവയായിരിക്കും.
16. കുറച്ചു പരിശീലിച്ചാല്‍ സാധാരണക്കാര്‍ക്കുപോലും ഇത് മനസ്സിലാക്കാവുന്നതാണ്.
17. 5, 6, 7 എന്നീ തീയതികളില്‍ ചന്ദ്രനെ നിരീക്ഷിച്ചാല്‍ തീയതി ശരിയാണോ എന്നു അറിയുവാന്‍ സാധിക്കും.
18. മാസം 29-ന്റെതാണെങ്കില്‍ ഏഴില്‍ ഏതാണ്ടു അര്‍ദ്ധചന്ദ്രനായിരിക്കും. ഈ മാസങ്ങളില്‍ സൂര്യന്റെ അസ്തമനവും പൂര്‍ണ്ണ ചന്ദ്രന്റെ ഉദയവും ഏതാണ്ട് ഒരു സമയത്തായിരിക്കും.
19. 30-ന്റെ മാസങ്ങളില്‍ ഏഴാമത്തെ ചന്ദ്രക്കല മെലിഞ്ഞിരിക്കുകയും പൂര്‍ണ്ണചന്ദ്രന്‍ സൂര്യാസ്തമനത്തിനു കുറച്ചു മുമ്പെ ഉദിക്കുകയും ചെയ്യും.
20.22-ാം തീയതി രാവിലെ സൂര്യോദയത്തിനു മുമ്പുനോക്കുമ്പോള്‍ ചന്ദ്രന്‍ ഏതാണ്ട് ഉച്ചയില്‍ കാണും. അതുപകുതിയില്‍ കൂടുതലാണെങ്കില്‍ അതു 30ന്റെ മാസമായിരിക്കും.
21. സൂര്യോദയ സമയത്ത് ഏതാണ്ടു പകുതിയാണെങ്കില്‍ 29-ന്റെ മാസമായിരിക്കും. നിരീക്ഷണം ഉദയത്തിനുമുമ്പു നടത്തണം. സൂര്യന്‍ ഉദിച്ചാല്‍ കല അല്‍പം ചെറുതായി കാണും.
22. അടുത്തദിവസം അതു ചന്ദ്രക്കലയുടെ രൂപം പ്രാപിക്കും. ഇങ്ങിനെക്കാണുന്ന ദിവസം അടുത്ത ആഴ്ചയില്‍ പുതുമാസത്തിന്റെ ഒന്നാംതീയതിയായിരിക്കും. ചന്ദ്രക്കലയുടെ രൂപം ആയോ എന്ന സംശയമുണ്ടായാല്‍ അടുത്ത ദിവസത്തെ നിരീക്ഷണം കൊണ്ടും അതു മനസ്സിലാകും.
23. 30-തിന്റെ മാസത്തില്‍ 22-ന് പകുതിയില്‍ കൂടുതലുണ്ടാകും. 23-ന് പകുതിയാകും. 24-ന് ചന്ദ്രക്കലയായി മാറുകയും ചെയ്യും. ഈ ദിവസമായിരിക്കും അടുത്തമാസത്തിന്റെ ഒന്നാംതീയതി.
24. അവസാനമായി തെറ്റുപറ്റാത്തവിധം കാണുന്ന ഉര്‍ജുനുല്‍ ഖദീം പോലെ കാണുന്ന അവസാനത്തെ ചന്ദ്രക്കല നിരീക്ഷിക്കണം.
25. ഇതിനായി 25-ാം തീയതി മുതല്‍ നിരീക്ഷണം തുടങ്ങണം. 25-ന് ഫജര്‍ നമസ്‌കാരത്തിന് ശേഷം നോക്കുമ്പോള്‍ ഒരു സുന്ദരമായ ചന്ദ്രക്കല കാണാന്‍ സാധിക്കും.
26. അടുത്ത ദിവസം (26-ാം തീയതി) അത് മുമ്പത്തേതിനേക്കാള്‍ താഴെ കിഴക്കുണ്ടായിരിക്കും.
27. 27-ന് അതിനേക്കാളും താഴെയായിരിക്കും. അതിന്റെ ആകൃതിയിലും വ്യത്യാസമുണ്ടാകും.
28. മാസം 29-ന്റെത് ആണെങ്കില്‍ 28-ന് രാവിലെ കിഴക്ക് വളരെ താഴെയായി നേരിയ ഒരു ചന്ദ്രക്കല കാണും. ഇതാണ് അവസാനത്തെ ചന്ദ്രക്കലയായ ഉര്‍ജുനുല്‍ ഖദീം പോലെയെന്ന് ഖുര്‍ആന്‍ പറഞ്ഞ ചന്ദ്രക്കല.
29. 29ന് നോക്കിയാല്‍ ചന്ദ്രന്‍ ഉദിക്കുന്നത് കാണുവാന്‍ സാധ്യമല്ല. ഏതാനും മിനുട്ടുകള്‍ക്ക് മുമ്പ് ഉദിക്കുമെങ്കിലും സൂര്യനോട് അടുത്ത് പോയതിനാല്‍ കാണുകയില്ല.
30. മാസം 30 ആണെങ്കില്‍ ഉര്‍ജൂനുര്‍ ഖദീം കാണുന്നത് 29ന് ആയിരിക്കും. 30ന് കാണുകയില്ല. കാരണം അതത്രയും താഴെ സൂര്യപ്രഭയിലായിരിക്കും.
31. ഈ ദിവസത്തിനുശേഷം വരുന്ന ദിവസം മാസത്തിന്റെ 1-ാം തീയതിയായിരിക്കും.

www.hijracalendar.in
email : admin@hijracalendar.com
manikfan@gmail.com
Ph:  9605757190, 9847929208,
9746032132, 9961839685

Download pdf (Right click . Save target as )
Pagemaker files 


No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.