Pages

Thursday, August 16, 2012

ഈദുല്‍ ഫിത്വര്‍ 18 ആഗസ്‌ത്‌ 2012 – ശനിയാഴ്‌ച ടി. അബ്ദുഷുക്കൂര്‍ , -



ഈ വര്‍ഷത്തെ റമദാനില്‍ 29 ദിവസങ്ങളാണുള്ളത്‌. റജബിലും, ശഅബാനിലും 30 ദിവസം പൂര്‍ത്തിയാക്കി 20–07–2012 ന്‌ വെള്ളിയാഴ്‌ച റമദാന്‍ തുടങ്ങി. 17–08–12 വെള്ളിയാഴ്‌ച റമദാന്‍ 29 ാം ദിനമാണ്‌. അന്ന്‌ ആഗോള സമയം 15:24 ന്‌ `കണ്‍ജങ്ക്‌ഷന്‍ / ന്യൂമൂണ്‍ സംഭവിക്കുകയും, അതിനെ തുടര്‍ന്ന്‌ `ചന്ദ്രപ്പിറവി ഉണ്ടാകുകയും ചെയ്യുന്നു. അതിനാല്‍ ശനിയാഴ്‌ച ശവ്വാല്‍ മാസം ഒന്നാം തിയതി – ഈദുല്‍ ഫിത്വര്‍ – ആയിരിക്കുന്നതാണ്‌.

മാസപ്പിറവി നിര്‍ണ്ണയം:

ഇസ്‌ലാമിന്റെ കലണ്ടര്‍ ചന്ദ്രനെ അടിസ്ഥാനമാക്കിയാണെന്ന്‌ വി.ഖു 2:189, 9:36,10:5, 36:39 വചനങ്ങളിലൂടെയും ഹദീസുകളിലൂടെയും വ്യക്തമായി കല്‌പ്പിച്ചിട്ടുണ്ട്‌. ചന്ദ്രമാസത്തിന്റെ തുടക്കവും തിയതി നിര്‍ണ്ണയവും അവസാനവും തദടിസ്ഥാനത്തില്‍ തന്നെ മനസ്സിലാക്കാവുന്നതാണ്‌.

താഴെ പറയുന്ന വസ്‌തുതകളിലേക്ക്‌ വിശ്വാസികളുടെ ശ്രദ്ധ ക്ഷണിക്കുന്നു:


1– ചന്ദ്രക്കലകള്‍ (അഹില്ല) ജനങ്ങള്‍ക്ക്‌ പൊതുവായും ഹജ്ജിന്റെ കാലം നിശ്ചയിക്കുന്നതിനും മാനദണ്ഡമായി വി.ഖു 2:189 ല്‍ പറയുന്നു. മാസം പിറന്ന ശേഷം ചന്ദ്രക്കല കണ്ണില്‍ പെടുന്ന ദിവസം എണ്ണാനല്ല, പ്രസ്‌തുത കലകള്‍ നോക്കി അവയുടെ ശരിയായ തിയതി മനസ്സിലാക്കി ഹജ്ജ്‌ നിര്‍വഹിക്കാനാണ്‌ കല്‌പന. ഈ ആയത്തിന്റെ വിശദീകരണത്തില്‍ നബി(സ) പറഞ്ഞു. `അഹില്ലത്തിനെ (കലകളെ) തിയതികള്‍ക്കായി നിശ്ചയിച്ചിരിക്കുന്നു, അവയുടെ (കലകളുടെ) കാഴ്‌ചയുടെ അടിസ്ഥാനത്തില്‍ നോമ്പു തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുക. കലകള്‍ കാണുന്നതിനെക്കുറിച്ചാണ്‌ പറയുന്നത്‌. ഒന്നാം തിയതിയുടെ കലയെ കുറിച്ചല്ല. രണ്ടാം തിയതിയെ ഒന്നാക്കാനുമല്ല.

2– ചന്ദ്രക്കലകളുടെ കാഴ്‌ചയില്‍ താഴെ പറയുന്നവ അനുഭവപ്പെടുന്നു. ഒന്നാം പാതിയില്‍ ചന്ദ്രക്കല വളരുന്നു. രണ്ടാം പാതിയില്‍ കല ചെറുതാകുന്നു. ഒന്നാം പാതിയില്‍ ചന്ദ്രന്‍ സൂര്യനെ പിന്തുടരുന്നു. രണ്ടാം പാതിയില്‍ സൂര്യന്‍ ചന്ദ്രനെ പിന്തുടരുന്നു. (സൂറ: ശ്ശംസ്‌ രണ്ടാം ആയത്തിന്‌ ഇബ്‌നു കസീര്‍ നല്‌കിയ വിശദീകരണം നോക്കുക). മാസാവസാന ആഴ്‌ച ചന്ദ്രക്കലയുടെ രണ്ടറ്റങ്ങള്‍ (കൊമ്പ്‌) പടിഞ്ഞാറ്‌ ഭാഗത്തേക്കാണെങ്കില്‍ മാസത്തുടക്കത്തില്‍ ഇവ കിഴക്കോട്ടേക്കായിരിക്കും.

3– വി.ഖു യാസീന്‍ 39 ാം ആയത്തില്‍ ചന്ദ്രന്‌ മന്‍സിലുകള്‍ നിശ്ചയിച്ചിരിക്കുന്നു, ഉര്‍ജ്ജൂനുല്‍ ഖദീം (പഴയ ഈത്തപ്പഴ കുലച്ചില്ലിന്റെ ആകൃതിയില്‍ ) ആയിത്തീരുന്നതു വരെ എന്നു പറയുന്നു. അവസാനമായി കാണുന്ന കലയാണ്‌ ഉര്‍ജ്ജൂനുല്‍ ഖദീം. അത്‌ പ്രഭാതത്തില്‍ കിഴക്കുഭാഗത്ത്‌ ഉദിച്ചുവരുന്നത്‌ കാണാന്‍ സാധിക്കും. അതിനടുത്ത ദിവസം ചന്ദ്രക്കല കാണുകയില്ല. അന്നാണ്‌ മാസപ്പിറവി സംഭവിക്കുക. സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയില്‍ വരികയും ചന്ദ്രന്‍ സൂര്യനെ മറികടക്കുകയും ചെയ്യുന്നു.



16–08–12 വ്യാഴാഴ്‌ച ആദ്യം ചന്ദ്രന്‍ ഉദിക്കുന്നു(4:52) ശേഷം 6:17 സൂര്യന്‍ ഉദിക്കുന്നു. 17–08–12 ന്‌ വെള്ളിയാഴ്ച ചന്ദ്രന്‍ 5:42 നും സൂര്യന്‍ 6:17 നും ഉദിക്കുന്നു. പ്രസ്‌തുത ദിവസം സൂര്യനും ചന്ദ്രനും ഒരേ മന്‍സിലില്‍ വരുന്നതിനാല്‍ ചന്ദ്രന്‍ ദൃശ്യമാവില്ല. അന്ന്‌ ആഗോള സമയം 15:24 ന്‌ ന്യൂമൂണ്‍ സംഭവിക്കുന്നു. അന്ന്‌ കോഴിക്കോട്ട്‌ 20 മിനിറ്റ്‌ മുമ്പെ ചന്ദ്രന്‍ അസ്‌തമിക്കുമെങ്കിലും ദക്ഷിണാഫ്രിക്ക, അമേരിക്ക, തുടങ്ങി പല പ്രദേശങ്ങളിലും സൂര്യന്‍ അസ്‌തമിച്ച ശേഷമാണ്‌ ചന്ദ്രന്‍ അസ്‌തമിക്കുക. 

18–8–12 ശനിയാഴ്‌ച ആദ്യം സൂര്യന്‍ ഉദിക്കുന്നു(6:17)ന്‌. ശേഷം 6:37 ന്‌ ചന്ദ്രനും. അതിനാല്‍ ശവ്വാല്‍ ഒന്ന്‌ ശനിയാഴ്‌ചയാണ്‌ എന്നത്‌ തീര്‍ച്ചയാണ്‌.  മേൽ സൂചിപ്പിച്ച കോഴിക്കോട്ടെ ഉദയ സമയം ഒരു ഉദാഹരണമായി മാത്രം നൽകിയതാണ്. ഉദയ വ്യത്യാസമോ, അസ്തമയ വ്യത്യാസമോ അല്ല മാസമാറ്റത്തിന്റെ മാനദണ്ഡം. അത് "Conjunction / New moon" ആണ്. അത് സംഭവിച്ച ഉടനേ Crescent  ഉണ്ടാവുന്നു. അത് ചന്ദ്രക്കലകളുടെ നിരീക്ഷണം മുഖേന മനസ്സിലാക്കാം.
ചന്ദ്രക്കലകള്‍ നിരീക്ഷണം നടത്തി തിയതി നിശ്ചയിക്കുന്ന രീതിയാണ്‌ നബി(സ) പഠിപ്പിച്ചിട്ടുള്ളത്‌.
മാസത്തില്‍ എത്ര ദിവസമുണ്ടെന്ന്‌ മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിച്ചതുകൊണ്ടാണ്‌ അവസാനത്തെ പത്തു ദിവസം `ഇഅ്‌തിഖാഫ്‌ നടത്താന്‍ നബിക്ക്‌ സാധിച്ചിട്ടുള്ളത്‌.

29ാം തിയതി സന്ധ്യക്ക്‌ സൂര്യാസ്‌തമയ സമയത്ത്‌ പടിഞ്ഞാറെ ചക്രവാളത്തില്‍ ഹിലാല്‍ നോക്കുന്ന സമ്പ്രദായം ഇസ്‌ലാമികമല്ല. മഗ്‌രിബ്‌ നമസ്‌കാരം നീട്ടി വച്ച്‌ മാസം കാണാന്‍ പോകാന്‍ ഇളവ്‌ നല്‌കിയിട്ടില്ല. മാസം കാണുന്നവര്‍ക്ക്‌ എന്തു പ്രതിഫലം ലഭിക്കും എന്നും പറഞ്ഞിട്ടില്ല. നബി(സ) തന്റെ ജീവിതകാലത്ത്‌ ഒരിക്കല്‍ പോലും 29 ന്‌ `മാസം നോക്കിയതായി തെളിവില്ല. എന്തുകൊണ്ടെന്നാല്‍ ന്യൂമൂണ്‍ സംഭവിച്ച്‌ 24 മണിക്കൂര്‍ കഴിഞ്ഞ ശേഷമേ ഹിലാല്‍ കാണാന്‍ സാധിക്കുകയുള്ളൂ. 15.4 മണിക്കൂറിനു മുമ്പ്‌ ഇതുവരെ ആരും ഹിലാല്‍ കണ്ടിട്ടില്ലെന്ന്‌ കെ.എന്‍. എം പ്രസിദ്ധീകരിച്ച പുസ്‌തകത്തിലും 16 മണിക്കൂര്‍ ആവശ്യമാണെന്ന്‌ കെ.ജെ.യു പ്രസിഡന്റ്‌ അബ്ദുല്‍ ഹമീദ്‌ മദീനിയുടെ പുസ്‌തകത്തിലും എഴുതിയിട്ടുണ്ട്‌. ഒന്നാം തിയതി സന്ധ്യക്കാണ്‌ ഹിലാല്‍ കാണുകയെന്ന്‌ അമാനി മൌലവിയുടെ തഫ്‌സീറിലും കാണാം.

ലൈലത്തുല്‍ ഖദ്‌ര്‍–അവസാനപത്തില്‍ 9 ഓ 7 ഓ 5 ഓ , അല്ലെങ്കില്‍ 3 ദിവസമോ ശേഷിക്കുമ്പോള്‍ അന്വേഷിക്കുക എന്ന്‌ ബുഖാരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. അവസാന ദിവസം എന്നാണെന്ന്‌ മുന്‍കൂട്ടി നിശ്ചയിച്ചതു കൊണ്ടാണല്ലോ ഇത്തരത്തില്‍ കണക്കാക്കാന്‍ പറയുന്നത്‌. ശഅബാന്‍ മാസത്തെ നബി(സ) പ്രത്യേകം നിരീക്ഷിക്കുമായിരുന്നു എന്ന ആയിശ (റ) റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതെല്ലാം തെളിയിക്കുന്നത്‌ കലകളുടെ വലിപ്പവും സ്ഥാനവും (അഹില്ലയും മനാസിലും) നോക്കി തിയതി നിശ്ചയിക്കുകയാണ്‌ വേണ്ടതെന്നാണ്‌. അതല്ലാതെ ഓരോരുത്തരും തങ്ങളുടെ നാട്ടിലെ അസ്‌തമയ വ്യത്യാസം പരിഗണിക്കുന്നത്‌ ഖുര്‍ആനിനും ശാസ്‌ത്രത്തിനും എതിരാണ്‌.

ടി. അബ്ദുഷുക്കൂര്‍ , കോഴിക്കോട്.
28 റമദാൻ 1433 (16–ആഗസ്ത്–12)



----------------------------------
Article sent by Mr.Abdul Shukkur,

No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.