Pages

Friday, October 11, 2013

ഈദ് അസ്‌ഹ 1434 (15 ഒക്ടോബർ 2013 ചൊവ്വാഴ്ച) - നോട്ടീസ്



Notice by hijri Committe Kozhikode,

ബലി പെരുന്നാള്‍ ചൊവ്വാഴ്‌ച (15 October 2013)

``ഹജ്ജിന്‌ വരാന്‍ ജനങ്ങളോട്‌ നീ വിളിച്ച്‌ പറയുക, അവര്‍ക്ക്‌ ഉപകാരപ്രദമായ പലതിലും സന്നിഹിതരാകാനും, അറിയപ്പെട്ട ഏതാനും ദിവസങ്ങളില്‍ അല്ലാഹു അവര്‍ക്ക്‌ കൊടുത്ത കന്നുകാലികളില്‍ അവന്റെ നാമം ഉച്ചരിക്കുവാനുമാണ്‌.'' (ഹജ്ജ്‌ 26)

അറിയപ്പെട്ട ഏതാനും ദിവസങ്ങളില്‍ ആണ്‌ ഹജ്ജ്‌ നടത്തേണ്ടത്‌.

ഏതാണ്‌ പ്രസ്‌തുത ദിവസങ്ങള്‍? അതെങ്ങനെ കണ്ടെത്തും?

ഖുര്‍ആന്‍ സൂറഃ ബഖറ 189––ാം ആയത്തില്‍ പറയുന്നു:

``ചന്ദ്രക്കലകളെ സംബന്ധിച്ച്‌ ചോദിക്കുന്നു. പറയുക: അത്‌ ജനങ്ങള്‍ക്ക്‌ പൊതുവിലും ഹജ്ജിന്നും (തിയ്യതികള്‍ – ദിവസങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള) മാനദണ്‌ഡമാകുന്നു.''

ഹജ്ജ്‌ നടത്തേണ്ടുന്ന അറിയപ്പെട്ട ദിവസങ്ങള്‍ ചന്ദ്രക്കലകളുടെ ദൃശ്യതയുടെ അടിസ്ഥാനത്തില്‍ കണ്ടെത്തേണ്ടതാണ്‌ എന്ന്‌ ഖുര്‍ആന്‍ പഠിപ്പിക്കുകയാണ്‌.

ദുല്‍ഹിജ്ജ 8 മുതല്‍ 13 വരെയുള്ള ദിവസങ്ങളിലാണ്‌ അറിയപ്പെടുന്ന ഹജ്ജിന്റെ ദിവസങ്ങള്‍.
ഒന്നാം തിയ്യതി മുതല്‍ 7–ാം തിയ്യതി വരെയുള്ള ചന്ദ്രക്കലകള്‍(അഹില്ല) നോക്കി തിയ്യതികള്‍ ഉറപ്പുവരുത്തി 8–ാം തിയ്യതി(യൌമുത്തര്‍വിയ്യ) മിനായില്‍ സമ്മേളിച്ച്‌ ഹജ്ജ്‌ തുടങ്ങുകയും 9–ാം തിയതി അറഫയും 10–ാം തിയ്യതി യൌമുന്നഹ്‌ര്‍(ബലിദിനം) തുടര്‍ന്നു 13–ാം തിയതി വരെ കല്ലേറ്‌, ത്വവാഫ്‌ ഇതാണ്‌ ഹജ്ജ്‌.

യൌമുന്നഹ്‌ര്‍(ബലിദിനം) ലോകത്ത്‌ ബലിപെരുന്നാള്‍ ദിനവും തുടര്‍ന്ന്‌ 13–ാം തിയ്യതി വരെ അയ്യാമുത്തശ്‌രീഖ്‌ ആയും കൊണ്ടാടുന്നു. 14–ാം തിയ്യതി അയ്യാമുല്‍ ബീള്‌(വെളുത്ത പക്ഷം)ആണ്‌. ഇത്‌ നോമ്പിന്റെ കാലമാണ്‌. നോമ്പ്‌കാലത്ത്‌ പെരുന്നാളില്ല.

മേല്‍ ഖുര്‍ആന്‍ ആയത്തിന്റെ വെളിച്ചത്തില്‍ ദുല്‍ഖഅദയിലെ കലകള്‍ നോക്കി ദുല്‍ഹിജ്ജയുടെ പിറവിയും ദുല്‍ഹിജ്ജയിലെ ആദ്യ ആഴ്‌ചയിലെ കലകള്‍(അഹില്ല) കൂടി നോക്കി ശരിയായ ദിവസങ്ങളില്‍ ഹജ്ജ്‌ നിര്‍വ്വഹിക്കാനും പെരുന്നാള്‍ നടത്താനും ബലി അര്‍പ്പിക്കാനുമാണ്‌ ഖുര്‍ആനിന്റെ അനുയായികള്‍ തയ്യാറാവേണ്ടത്‌. അതാണു ഖുര്‍ആന്റെ കല്‌പന.

എന്താണ്‌ കേരളത്തില്‍ സംഭവിച്ചത്‌ ?

1426–ലെ ശവ്വാലിന്റെ ഹിലാല്‍ ഒരു മിനുട്ടിന്റെ അസ്‌തമയ വ്യത്യാസത്തിലും ഇക്കഴിഞ്ഞ ശവ്വാലിന്റെ ഹിലാല്‍ 13 മിനുട്ടിലും കണ്ട ആളുകള്‍ ഇപ്രാവശ്യം 15 മിനുട്ടിന്റെ അസ്‌തമയ വ്യത്യാസത്തില്‍ ഹിലാല്‍ കാണാതെ പോയത്‌ തീര്‍ച്ചയായും ശ്ലാഖനീയമാണ്‌. ന്യൂമൂണ്‍ ദിവസം രാവിലെയും വൈകുന്നേരവും ഹിലാല്‍ കാണുകയില്ല എന്ന പ്രകൃതിനിയമത്തിന്‌ വിരുദ്ധമായി കള്ളസാക്ഷ്യം സ്വീകരിക്കുക വഴി സമുദായത്തിന്നാകെ നാണക്കേടുണ്ടാക്കിയുരുന്ന ഏര്‍പ്പാട്‌ ഇനി ആവര്‍ത്തിക്കുകയില്ലെന്ന്‌ കരുതാം.

പക്ഷെ മാസനിര്‍ണയത്തിന്നും നോമ്പും പെരുന്നാളുകളും ഹജ്ജും നിര്‍വ്വഹിക്കുന്നതിനുള്ള കാലനിര്‍ണ്ണയത്തിനും ഖുര്‍ആന്‍ കല്‌പിച്ച നിയമം നടപ്പില്‍ കൊണ്ടുവരാനുള്ള യാതൊരു ചിന്തയും മതപണ്‌ഡിത സഭകള്‍ക്കില്ല എന്നത്‌ ഖേദകരമാണ്‌. സൌഹൃദവേദിയെ ഇപ്രാവശ്യം മാസമുറപ്പിക്കാന്‍ കണ്ടില്ല.

പരലോക ചിന്തയുള്ളവരും സ്വന്തം നേതാക്കളുടെ ഗീര്‍വാണങ്ങളേക്കാള്‍ ഖുര്‍ആനിന്നു പ്രാമുഖ്യം നല്‍കുന്നവരുമായ വിശ്വാസികള്‍ സ്വയം ഉത്തരം കണ്ടെത്തേണ്ട ചില സംശയങ്ങള്‍ ഉണര്‍ത്തട്ടെ.

1. ഹജ്ജിന്റെ കാലനിര്‍ണയത്തിനുള്ള മാനദണ്‌ഡം ചന്ദ്രക്കലകളാണെന്ന്‌ ഖുര്‍ആന്‍ പറയുന്നു(2:189). മക്കയില്‍ ചന്ദ്രന്‍ 8–ാം മന്‍സിലില്‍ ആയിരിക്കുമ്പോള്‍ ഹജ്ജ്‌ തുടങ്ങുന്നു. 9–ാം മന്‍സിലില്‍ അറഫയില്‍ സമ്മേളിക്കുന്നു. കേരളത്തില്‍ ചന്ദ്രന്‍ പ്രസ്‌തുത ദിവസങ്ങളില്‍ ഏതു മന്‍സിലിലായിരിക്കും?

2. മക്കയില്‍ 13–ാം തിയ്യതി ഹജ്ജ്‌ അവസാനിച്ച്‌ 14–ാം ദിവസം പൌര്‍ണമിദിനത്തില്‍ വ്രതമനുഷ്‌ഠിക്കുമ്പോള്‍ കേരളത്തില്‍ അയ്യാമുല്‍ ബീളിന്റെ നോമ്പെടുക്കാമോ? അതല്ല പൌര്‍ണമി അയ്യാമുത്തശ്‌രീഖില്‍ പെടുമോ?

3. ഒരു ദൃശ്യമേഖലയില്‍ ഒരിടത്തു ഹിലാല്‍ കണ്ടാല്‍ മതിയെന്നു സ്വന്തം കൈപ്പടയില്‍ പ്രബന്ധമെഴുതി സമര്‍പ്പിച്ച കെ.ജെ.യു പ്രസിഡന്റ്‌ മക്കയും കേരളവും ഒരേ ദൃശ്യമേഖലയില്‍ ആയിട്ടും എന്തുകൊണ്ട്‌ മക്കയിലെ തീരുമാനം അംഗീകരിച്ചില്ല. ഇതുമൂലം പെരുന്നാളിന്‌ നോമ്പെടുത്ത്‌ ജനങ്ങള്‍ ഹറാം ചെയ്‌തുപോവുമ്പോള്‍ അതിന്റെ കുറ്റം ആര്‍ക്കാണ്‌? കെ.ജെ.യുവിന്റെ മേല്‍ തീരുമാനം എന്തുകൊണ്ട്‌ നടപ്പിലാക്കുന്നില്ല?

4. തിങ്കളാഴ്‌ച അറഫാ നോമ്പെടുത്ത്‌ ചൊവ്വാഴ്‌ച വിശ്രമിച്ച്‌ ബുധനാഴ്‌ച പെരുന്നാളാഘോഷിക്കുന്ന പണ്‌ഡിതരടക്കം ഒരു വലിയവിഭാഗം ആളുകള്‍ കേരളത്തിലുണ്ട്‌. ഇങ്ങിനെയൊരു നടപടിക്ക്‌ എന്തുതെളിവാണ്‌ ദീനിലുള്ളത്‌? ഇത്‌ ബിദ്‌അത്തല്ലെ? ഇവര്‍ക്ക്‌ എന്തുകൊണ്ട്‌ ചൊവ്വാഴ്‌ച പെരുന്നാളാഘോഷിച്ചുകൂടാ?

5. അറഫാ സംഗമ ദിവസമല്ല ഇവിടെ ദുല്‍ഹിജ്ജ 9–ാം തിയതിയാവുമ്പോഴാണ്‌ നോമ്പെടുക്കേണ്ടതെന്ന പഴയവാദം ഇപ്പോഴും ഹിലാല്‍ കമ്മിറ്റി ചെയര്‍മാനിന്നുണ്ടെങ്കില്‍ ഒരു സംശയം, ദുല്‍ഹിജ്ജ 9 ലോകത്ത്‌ എത്ര ദിവസങ്ങളിലാകാം? തിയ്യതിക്ക്‌ ചന്ദ്രനുമായി വല്ല ബന്ധവുമുണ്ടോ?

സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ സൃഷ്‌ടിയാണെന്നും അവ കണിശമായ കണക്കിന്‌ വിധേയമാണെന്നും ചന്ദ്രന്റെ അഹില്ലയും മനാസിലും തിയതികള്‍ കാണിച്ചു തരുന്നതായും വി.ഖുര്‍ആനിന്റെ കല്‌പനകള്‍ക്ക്‌ വിധേയമായി ജീവിക്കണമെന്നും വിശ്വസിക്കുന്ന ഹിജ്‌റ കമ്മിറ്റി അല്ലാഹു(സു.ത)നിശ്ചയിച്ചിട്ടുള്ള ദിവസം തന്നെ ഈദുല്‍ അദ്‌ഹ ആഘോഷിക്കുന്നതാണ്‌.

ദുല്‍ഹിജ്ജ 10 (2013 ഒക്‌ടോബര്‍ 15) ചൊവ്വാഴ്‌ചയാണ്‌ ബലിപെരുന്നാള്‍.
കോഴിക്കോട്‌ സ്‌നേഹാജ്ഞലി ഓഡിറ്റോറിയത്തില്‍ രാവിലെ 8.15 ന്‌ ഈദ്‌ നമസ്‌കാരം ഉണ്ടായിരിക്കുന്നതാണ്‌.

സെക്രട്ടറി
ഹിജ്‌റ കമ്മിറ്റി ഓഫ്‌ ഇന്ത്യ

കേരളത്തില്‍ താഴെ പറയുന്ന സ്ഥലങ്ങളില്‍ ഈദ്‌ഗാഹ്‌ ഉണ്ടായിരിക്കുന്നതാണ്‌.
കോഴിക്കോട്‌ : സ്‌നേഹാജ്ഞലി ഓഡിറ്റോറിയം, കല്ലായ്‌ റോഡ്‌ രാവിലെ 8.15ന്‌
വണ്ടൂര്‍ : ഷറഫിയ ഓഡിറ്റോറിയം രാവിലെ 8.00ന്‌
ചാവക്കാട്‌ : വ്യാപാരഭവന്‍ രാവിലെ 8.00ന്‌
ആലുവ : മുന്‍സിപ്പല്‍ ടൌണ്‍ ഹാള്‍ രാവിലെ 8.00 ന്‌
എറണാകുളം : ടൌണ്‍ഹാള്‍ രാവിലെ 8.00 ന്‌



------------------------------------------------------------------------------

Notice by ഹിജ്‌രി കമ്മറ്റി, എറണാകുളം,

അല്ലാഹുവിന്റെ നാമത്തില്‍ .

മാസപിറവിയും മാസകാഴ്ചയും

സഹോദരങ്ങളേ,
വിശ്വാസികളേ, അല്ലാഹുവിനെ നിങ്ങള്‍ ഭയപ്പെടുകയും സത്യം പറയുന്നവരോടൊപ്പം നിങ്ങള്‍ ആകുകയും ചെയ്യുക (തൗബ:119)

കലണ്ടര്‍ :
ഭൂതകാല സംഭവങ്ങള്‍ എപ്പോഴുണ്ടായി എന്നറിയുന്നതിനും ഭാവിയില്‍ എപ്പോള്‍ പ്രതീക്ഷിക്കാമെന്ന് മുന്‍കൂട്ടി അറിയുന്നതിനുമുള്ള ഉപാധിയാണ് കലണ്ടര്‍.

ദിവസം:

ഭൂമി ഭ്രമണത്തിന് (സൂര്യനെ അടിസ്ഥാനമാക്കി ഭൂമി അതിന്റെ അച്ചുതണ്ടില്‍ ഒരു പ്രാവശ്യം കറങ്ങുന്നതിന്) എടുക്കുന്ന സമയമാണ് ഒരു ദിവസം

തീയതി: 

ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളാണ് (വലുതാകുകയും ചെറുതാകുകയും ചെയ്യുന്നത്) തീയതികള്‍ക്കടിസ്ഥാനമെന്ന് ഖുര്‍ആന്‍ 2:189 ലും ചന്ദ്രന് സ്ഥാനങ്ങള്‍ നിര്‍ണ്ണയിച്ചതില്‍ കണക്കുകൂട്ടാനുള്ള അറിവുണ്ടെന്ന് 10 : 5 ലും നഗ്നനേത്രം കൊണ്ട് കാണാന്‍ കഴിയുന്ന അവസാന ചന്ദ്രക്കല ഉര്‍ജ്ജൂ നില്‍ ഖദീം പോലെയാണെന്ന് 36:39 ലും സൂര്യനും ചന്ദ്രനും കണക്കിന് വിധേയമാണെന്ന് 55 : 5 ലും വ്യക്തമാണ്.

തീയതിയെന്നത് ദിവസത്തിന്റെ എണ്ണമായതുകൊണ്ട് 3 ദിവസങ്ങള്‍ കൂട്ടിയാല്‍ 3 തിയതികള്‍ കിട്ടും. ശനിയും ഞായറും തിങ്കളും ഒരേ ദിവസമല്ലാത്തതുകൊണ്ട് അവ ഒരേ തീയതിയല്ല. ഒന്നാമത്തെ ദിവസം(ഒന്നാം തിയതി)2-ാ0 ദിവസവും 3-ാ0 ദിവസവും വരികയില്ലെന്ന് വ്യക്തം.

നബി(സ) ജനിച്ചപ്പോള്‍ (ജനിച്ചസമയം) ലോകം മുഴുവന്‍ തിങ്കളാഴ്ച്ചയല്ലെങ്കിലും നബി(സ) ജനിച്ച ദിവസം ലോകം മുഴുവന്‍ നോമ്പ് എടുക്കേണ്ടത് തിങ്കളാഴ്ച്ചയാണ്. പിറവിയുണ്ടാകുന്ന സ്ഥലത്തെ ദിവസമാണ് ലോകം മുഴുവന്‍ പരിഗണിക്കേണ്ടതെന്ന് ഇത് വ്യക്തമാക്കുന്നു. ഒരു സ്ഥലത്ത് പിറന്ന കുട്ടി മറ്റൊരുസ്ഥലത്ത് ചെല്ലുന്നത് വീണ്ടും പിറക്കലല്ലാത്തതുപോലെ, പിറന്ന ചന്ദ്രന്‍ മറ്റു സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് വീണ്ടും പിറന്നുകൊണ്ടല്ല. ഒരു കുട്ടിക്ക് ഒന്നിലധികം പിറവി (ജനനതിയതി ) ഇല്ലാത്തതുപോലെ ചന്ദ്രന് ഒരുമാസത്തില്‍ ഒന്നിലധികം പിറവിയില്ല.

മാസം:

ദിവസങ്ങള്‍ കൂടിച്ചേര്‍ന്നാണ് മാസമുണ്ടാകുന്നത്. ഒരു മാസത്തിലെ ദിവസങ്ങളുടെ എണ്ണമാണ് ആ മാസത്തിലെ തീയതികള്‍. ജനങ്ങള്‍ പെരുന്നാള്‍ ആഘോഷിക്കുന്ന ദിവസമാണ്‌പെരുന്നാള്‍ എന്നാണ് പ്രവാചകന്‍ (സ)പറഞ്ഞത്. ജനങ്ങളില്‍ ഗള്‍ഫ് നാടുകളിലുള്ളവരും ഇന്ത്യയിലുള്ളവരുമുള്‍പ്പെടെ ലോകജനത മുഴുവനുള്‍പ്പെടുന്നു.
"ദിവസം" എന്നത് "ദിവസങ്ങള്‍ " ആകുന്നത് പ്രവാചക നിര്‍ദ്ദേശത്തിനെതിരാണ്. ഖാദിമാര്‍ ഉറപ്പിക്കുന്നതു കൊണ്ടല്ല മാസം മാറുന്നതെന്ന് അവരുടെ തന്നെ നിലപാടുകളില്‍ നിന്ന് വ്യക്തമാണ്. ഖാദിമാര്‍ തീരുമാനിക്കുന്നതിനനുസരിച്ച് മാസം മാറുമായിരുന്നെങ്കില്‍ ഖാദിമാരുടെ തീരുമാനപ്രകാരമുള്ള 1432 ശഅബാന്‍ 29 റമദാന്‍ ഒന്നായി അവര്‍ക്കുതന്നെ തിരുത്തേണ്ടി വരില്ലായിരുന്നു. ശരിയായ കലണ്ടര്‍ തിരുത്തേണ്ടി വരില്ല. തെറ്റായ കലണ്ടര്‍ കാലഗണനക്കുവേണ്ടി അല്ലാഹു നിശ്ചയിക്കയുമില്ല.

1433 ശഅബ്ാന്‍ 29 ഖാദിമാര്‍ക്ക് വെള്ളിയാഴ്ച്ചയും ഇരു വിഭാഗം മുജാഹിദുകള്‍ക്ക് വ്യാഴാഴ്ച്ചയുമായിരുന്നു. ഗ്രൂപ്പടിസ്ഥാനത്തില്‍ തീയതി മാറുകയോ?! ചന്ദ്രന്റെസ്ഥാനങ്ങളും (മനാസില്‍ ) വൃദ്ധിക്ഷയങ്ങളും (അഹില്ലഃ) തീയതികളായി നിശ്ചയിച്ചത് അല്ലാഹുവാണ്. ''രാവും പകലും സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ആയത്തുകളില്‍ പ്പെട്ടതാണ്''”(41:37) .സംഘടനാ പിന്തുണയുണ്ടെങ്കില്‍ അല്ലാഹുവിന്റെ ആയത്തുകളെ പരിഹസിക്കാമോ? അല്ലാഹുവവിന്റെ ആയത്തുകള്‍ പരിഹസിക്കപ്പെടുന്നതിലെ ഐക്യം നിലനിര്‍ത്താനുള്ള ശ്രമം പരിഹാസത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കേരളത്തിലെ ഗ്രൂപ്പടിസ്ഥാനത്തില്‍ ചന്ദ്രന്റെ വലിപ്പമോ സ്ഥാനമോ മാറുകയില്ല.

ചന്ദ്രന് രണ്ടു ദിവസം ഒരേ സ്ഥാനം വരുമോ? എങ്ങനെയാണ് വ്യാഴവും വെള്ളിയും 1432 ശ്ബാന്‍ 29, ആയത്? കണ്ണുകൊണ്ടുള്ള കാഴ്ച്ചയുടെ അടിസ്ഥാനത്തില്‍ കണക്കു തെറ്റുമെങ്കില്‍; കണക്കു തെറ്റിയപ്പോള്‍ 1432 ശഅബ്ാന്‍ 29 റമദാന്‍ ഒന്നായി ഖാദിമാര്‍ തിരുത്തിയത് ശരിയാണെങ്കില്‍; അറിഞ്ഞുകൊണ്ട് കണക്കുതെറ്റിക്കാതിരിക്കുന്നത് തന്നെയാണ് ശരി.

കാഴ്ച:

കാഴ്ച്ചകണ്ണുകൊണ്ടുമാത്രമല്ലെന്ന് പ്രമുഖ ഡിക്ഷണറികളില്‍ നിന്ന് വ്യക്തമാണ്. (കണ്ണ്‌കൊണ്ടോ ബുദ്ധികൊണ്ടോ ഉള്ള കാഴ്ച്ചയാണ് റുഅ്‌യത്്). നോമ്പു തുറക്കാന്‍ കണക്കു സ്വീകരിക്കുന്നത് പ്രവാചകല്‍പ്പനക്കെതിരല്ലെങ്കില്‍ നോമ്പും പെരുന്നാളും തുടങ്ങാന്‍ കണക്കു സ്വീകരിക്കുന്നതും പ്രവാച കല്‍പ്പനക്കെതിരല്ല. നോമ്പു തുറക്കുന്ന സമയത്തെക്കുറിച്ചും പ്രവാചകന്‍(സ) പറഞ്ഞത് ‘നിങ്ങള്‍ കണ്ടാല്‍’ (ഹദീസ് നമ്പര്‍ 1954 ബുഖാരി) എന്നാണ്. കണ്ണുകൊണ്ടുള്ള കാഴ്ച്ചയവലംമ്പിച്ച് നോമ്പുതുറയുടെ സമയം തെറ്റിക്കുന്നത് ശരിയല്ലെങ്കില്‍ നോമ്പ് പെരുന്നാള്‍ എന്നീ ദിവസം തെറ്റിക്കുന്നതും ശരിയല്ല. ''അന്ധത ബാധിക്കുന്നത് കണ്ണുകളെയല്ല; പ്രത്യുത നെഞ്ചകങ്ങളിലുള്ള ഹൃദയങ്ങളെയാണ്''. (ഖുര്‍ആന്‍ 22:46)

ഉദയമെവിടെ?

ഉര്‍ജ്ജനില്‍ ഖദീം പോലെ എന്ന് ഖുര്‍ആന്‍ പറഞ്ഞ, കണ്ണ് കൊണ്ട് കാണാന്‍ കഴിയുന്ന, അവസാന ചന്ദ്രക്കല നോക്കേണ്ടത് കിഴക്കാണോ പടിഞ്ഞാറാണോ എന്നറിയാന്‍ ഒരുമാസം ചന്ദ്രനെ നിരീക്ഷിച്ചാല്‍ മതി. ഉര്‍ജ്ജൂനില്‍ ഖദീം ഉണ്ടാകുന്നതിന്റെ തൊട്ടടുത്ത ദിവസമാണ ്‌ന്യൂമൂണ്‍ ഉണ്ടാകുന്നത്. ഇതുണ്ടാകുന്നത് മാസത്തിലെ അവസാന ദിവസമാണ്. അടുത്ത ദിവസം അടുത്തമാസത്തിലെ ഒന്നാം തീയതി എന്നു വ്യക്തം. ഒന്നാം തിയതി പടിഞ്ഞാറ് അസ്തമിക്കുന്ന ചന്ദ്രക്കല കണ്ടിട്ട് ഉദിച്ചു എന്ന് പറയുന്നതും അടുത്ത ദിവസത്തെ അതായത് 2-ാം തിയതിയെ ഒന്നാം തിയതി എന്ന് പറയുന്നതും ശരിയല്ല. കണ്ടില്ലെങ്കില്‍ മൂന്നാം തിയതിയെ ഒന്നാം തിയതിയായി കാണുകയല്ല വേണ്ടത്. കണ്ണ്‌കൊണ്ട് കാണുന്നതുകൊണ്ടല്ല മാസമാറ്റം നടക്കുന്നത്. ചന്ദ്രകലകളും (അഹില്ല) സ്ഥാനങ്ങളും (മനാസില്‍) നിരീക്ഷിച്ച് മാസമാറ്റം അറിയുകയാണ് വേണ്ടത്. കണ്ണുകൊണ്ട് കണ്ടാലും ഇല്ലെങ്കിലും സൂര്യനും ചന്ദ്രനും കിഴക്കുദിക്കുകയും പടിഞ്ഞാറസ്തമിക്കുകയും ചെയ്യും.

സ്വഹാബത്തിന്റെ മാതൃക

ഇബ്‌നു ഉമര്‍ (റ) ചന്ദ്രനെ ദര്‍ശിക്കുന്നതിന്റെ ഒരുദിവസം മുമ്പ് തന്നെ നോമ്പ് അനുഷ്ടിക്കുമായിരുന്നു. (ഇബ്‌നുമാജഃ 1653)
അസ്മാഅ്്(റ) യില്‍നിന്ന് : അവര്‍ ഹിലാല്‍ കാണാത്തപ്പോഴെല്ലാം ഒരു ദിവസം മുന്തിച്ച് നോമ്പനുഷ്ഠിക്കും. ഇപ്രകാരം ചെയ്യാന്‍ അവര്‍ കല്‍പ്പിക്കുകയും ചെയ്യുമായിരുന്നു. (സാദൂല്‍മആദ് )
അലി(റ) പറഞ്ഞു : ശഅ്ബാനില്‍ ഒരു ദിവസം നോമ്പ് അനുഷ്ഠിക്കുന്നതിനെയാണ് റമദാനിലെ ഒരു ദിവസത്തെ നോമ്പ് ഉപേക്ഷിക്കുന്നതിനേക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത്. (ബൈഹഖി 7981)
മക്ഹുല്‍(റ) പറയാുന്നു. തീര്‍ച്ചയായും ഉമര്‍ (റ) ആകാശം മേഘാവൃതമായാല്‍ നോമ്പ് പിടിക്കാറുണ്ട്. ശേഷം അദ്ദേഹം പറയും ഇത് റമദാനെ മുന്തിക്കലല്ല. എന്നാല്‍ സൂക്ഷ്മതപുലര്‍ത്തലാണ്. (സാദുള്‍ മആദ് 2-43).

മാസമാറ്റം തടഞ്ഞു നിര്‍ത്താന്‍ മേഘത്തിനു കഴിയുമെങ്കില്‍ മാസമാറ്റ സാദ്ധ്യത പരിഗണിച്ചു സ്വഹാബത്ത് നോമ്പെടുത്തതെന്തിന്? ചന്ദ്രസ്ഥാനങ്ങള്‍ അല്ലാഹുവിന്റെ നിര്‍ണ്ണയം (തഖ്ദീര്‍) ആണ്. അല്ലാഹുവിന്റെ തഖ്ദീറില്‍ മാറ്റം വരുത്താന്‍ മേഘത്തിന് കഴിയില്ലെന്നതിന് സ്വഹാബത്തിന്റെ മാതൃകയും സാക്ഷ്യം വഹിക്കുന്നു. കാണുന്നതു കൊണ്ടല്ല മാസം മാറുന്നത്; മാസം മാറുന്നത് അറിയുകയാണ് വേണ്ടത് എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. മനുഷ്യാരംഭത്തിന് മുമ്പ് മാസം മാറിയിരുന്നത് എങ്ങിനെയാണോ അങ്ങനെ തന്നെ ഇനിയും മാസം മാറിക്കൊണ്ടിരിക്കും. നമ്മുടെ കാഴ്ച്ചയ്‌ക്കോ കാഴ്ചയില്ലായ്മക്കോ അറിവിനോ അറിവുകേടിനോ ചന്ദ്രചലനത്തേയോ മാസമാറ്റത്തേയോ തടഞ്ഞു നിര്‍ത്താനാകില്ല.

''അറിയുന്നവരും അറിയാത്തവരും ഒരുപോലെയാകുമോ?'' (ഖുര്‍ആന്‍ 39:9)
സത്യം അംഗീകരിക്കാന്‍ വിസ്സമ്മതിച്ചിട്ട് പിന്നീട് ഒരിക്കലും അത് സ്വീകരിക്കാന്‍ തയ്യാറാകാത്തവരാണ് അല്ലാഹുവിന്റെ അടുക്കല്‍ നികൃഷ്ട ജീവികള്‍. (ഖു: 8 : 55)
അന്ധത ബാധിക്കുന്നത് കണ്ണുകളെയല്ല; പ്രത്വുത, നെഞ്ചകങ്ങളിലുള്ള ഹൃദയങ്ങളെയാണ്. (ഖു: 22 : 46)
വിശ്വാസികളേ അല്ലാഹുവിനെ ഭയപ്പെടുകയും സത്യംപറയുന്നവരോടൊപ്പമാകുകയും ചെയ്യുക. (ഖു: 9:119)

ഈദ്ഗാഹ്

1434 ദുല്‍ഹിജ്ജഃ 10 ചൊവ്വ 8 a.m.
1. മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, ആലുവ.
2. കോര്‍പ്പറേഷന്‍ ടൗണ്‍ഹാള്‍ എറണാകുളം.
ഹിജ്‌രി കമ്മറ്റി, എറണാകുളം,
Contact : 9495429692, 9961839685, 9605757190

No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.