Pages

Friday, June 13, 2014

ആരാധനകളില്‍ 4-ാമത്തേത് നിര്‍ണിത മാസത്തിലെ വ്രതം - റമദാനിനു സ്വാഗതം



ആരാധനകളില്‍ 4-ാമത്തേത് നിര്‍ണിത മാസത്തിലെ വ്രതം - റമദാനിനു സ്വാഗതം

ഇസ്‌ലാമിലെ പ്രധാന അഞ്ച് കര്‍മങ്ങളില്‍ 4-ാമത്തേത് റമദാന്‍ മാസത്തിലെ നോമ്പാണ്. ആരെങ്കിലും റമദാന്‍ മാസത്തിന്നു സാക്ഷിയായാല്‍ അവര്‍ വ്രതമനുഷ്ഠിക്കട്ടെയെന്ന് ഖുര്‍ആന്‍ 2: 185ല്‍ കല്‍പ്പിക്കുന്നു. ഈ കല്‍പന എങ്ങിനെ പാലിക്കപ്പെടണമെന്നത് തുടര്‍ന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. ചന്ദ്രക്കലകള്‍ ജനങ്ങള്‍ക്കു പൊതുവായും ഹജ്ജിന്റെയും തിയ്യതികള്‍ കാണിക്കുന്നു എന്ന് 2:189 ല്‍ പറയുന്നു. ചന്ദ്രന്റെ കലകള്‍ നോക്കി തിയ്യതികള്‍ നിശ്ചയിക്കുന്ന രീതി ഖുര്‍ആനിന്നു മുമ്പും ജനങ്ങള്‍ സ്വീകരിച്ചുവന്നിരുന്നതാണ്. ഇസ്‌ലാം അതിനെ അംഗീകരിക്കുകയും പ്രകൃതി നിയമങ്ങളുമായി താദാത്മ്യം പ്രാപിക്കാന്‍ കല്പിക്കുകയും ആയതിന്നുള്ള നിയമം പ്രഖ്യാപിക്കുകയുമാണ് ചെയ്യുന്നത്.

പ്രപഞ്ച സൃഷ്ടാവ് ഓരോ സൃഷ്ടിക്കും അതിന്റെതായ വ്യവസ്ഥകള്‍ നല്‍കിയിട്ടുണ്ട്. പ്രസ്തുത പ്രപഞ്ചവ്യവസ്ഥ - പ്രകൃതി നിയമം - അനുസരിച്ചു ജീവിക്കല്‍ മനുഷ്യര്‍ക്ക് നിര്‍ബന്ധമാക്കി. സൂര്യനെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തി ഭൂമിയുടെയും ചന്ദ്രന്റെയും ഭ്രമണവും പ്രദക്ഷിണവും മൂലം ഉണ്ടാവുന്ന പ്രപഞ്ചത്തിലെ അടയാളങ്ങളെ മനുഷ്യര്‍ക്ക്  കാലഗണനക്കുള്ള വ്യവസ്ഥയായി നിശ്ചയിക്കുകയും ചെയതു. ലോകത്തുള്ള എല്ലാ മതങ്ങളും ഈ അടയാളങ്ങള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അവ കൃത്യതയാര്‍ന്നതല്ല. എന്നാല്‍ ഇസ്‌ലാം അതിന്റെ നിയമങ്ങള്‍ കൃത്യതയാര്‍ന്നതും സൂക്ഷ്മവുമായി നിശ്ചയിച്ചു. കൃത്യതയാര്‍ന്ന ദിവസങ്ങളും അവയ്ക്കുള്ള തിയ്യതികളും കണക്കാക്കുന്നവിധം ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നബി(സ)അതിന്റെ വ്യാഖ്യാനങ്ങളും നല്‍കിയിട്ടുണ്ട്.

വി.ഖു: 2:189ല്‍ ചന്ദ്രക്കലകള്‍ തിയ്യതികള്‍ക്കുള്ള അടയാളങ്ങളാണെന്ന് പഠിപ്പിക്കുന്നു. 10:5ല്‍ ചന്ദ്രക്കലകള്‍ക്ക് മന്‍സിലുകള്‍(സ്ഥാനങ്ങള്‍) നിര്‍ണയിച്ചിരിക്കുന്നു, അവയുടെ പ്രായം എണ്ണുന്നതിന്നും കണക്കുകൂട്ടുന്നതിന്നും എന്നും 36: 39ല്‍ ചന്ദ്രന്ന് മന്‍സിലുകള്‍ നിര്‍ണയിച്ചിരിക്കുന്നു അവസാനം ഉര്‍ജൂനുല്‍ ഖദീംആയിത്തീരുന്നത് വരെയുള്ളത്'' എന്നും പഠിപ്പിക്കുന്നു. ''അശ്ശംസ്'' സൂറത്ത് 2-ാം ആയത്ത്: ഉദിച്ചുയരുന്ന സൂര്യനെതന്നെയാണ് സത്യം ചന്ദ്രന്‍ അതിനെ പിന്തുടരുന്നു.'' എന്നു പറഞ്ഞതിനെ 'ഇബ്‌നു കഥീര്‍' വ്യാഖ്യാനത്തില്‍ മാസത്തിലെ അവസാനദിവസം ആദ്യം ചന്ദ്രന്‍ ഉദിക്കുന്നു. സൂര്യന്‍ ചന്ദ്രനെ പിന്തുടരുന്നു. മാസത്തിലെ ആദ്യദിവസം സൂര്യന്‍ ആദ്യമുദിക്കുന്നു. ചന്ദ്രന്‍ അതിനെ പിന്തുടരുന്നു എന്ന് വിശദീകരിച്ചിരിക്കുന്നു.
നബി(സ)യുടെ ജീവിതം എങ്ങിനെയായിരുന്നു എന്ന് ആയിശ(റ)യോടു ചോദിച്ചപ്പോള്‍ അത് ഖുര്‍ആന്‍ പ്രകാരമായിരുന്നു എന്ന് പറയുകയുണ്ടായി. മേല്‍ ഖുര്‍ആന്‍ ആയത്തുകള്‍ പ്രകാരം നബി(സ) എങ്ങിനെ കാലനിര്‍ണയം നടത്തിയെന്നും റമദാനും ഈദും എങ്ങിനെ നിശ്ചയിച്ചുവെന്നും പരിശോധിക്കാം.

അബൂദാവൂദ്(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ പറയുന്നു: ''റമദാന്‍ നിശ്ചയിക്കുന്നതിന്നായി നബി(സ) ശഅബാനിനെ പ്രത്യേകം നിരീക്ഷിക്കുമായിരുന്നു.'' വി.ഖു.2:189 ആയത്തിന്റെ വിശദീകരണമായി നബി(സ)പറഞ്ഞ വാക്കുകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ''ചന്ദ്രക്കലകളെ(അഹില്ല) തിയ്യതികള്‍ക്ക് മാനദണ്ഡമായി നിശ്ചയിച്ചിരിക്കുന്നു. അതിന്റെ(ചന്ദ്രന്റെ) ദൃശ്യതയുടെ അടിസ്ഥാനത്തില്‍ നോമ്പ് തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുക, അത് (ചന്ദ്രന്‍) മറയ്ക്കപ്പെട്ടാല്‍ മാസം പൂര്‍ത്തിയായതായി കണക്കാക്കുക.'' ഈ ഹദീസിന്റെ അവസാന ഭാഗം മാത്രമാണു പണ്ഡിതന്‍മാര്‍ ജനങ്ങളെ കേള്‍പ്പിക്കാറുള്ളത്. ആദ്യഭാഗത്ത്, അല്ലാഹു ചന്ദ്രക്കലകള്‍ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നത് പ്രകാരം നിശ്ചയിച്ചിട്ടുള്ളത് അതതുദിവസത്തെ തിയ്യതികളെ കണക്കാക്കുന്നതിന് വേണ്ടിയാണ് എന്നുണ്ട്. വലുതാവുന്ന ചന്ദ്രന്‍ പൂര്‍ണതയിലെത്തി വീണ്ടും ചെറുതായിക്കൊണ്ടിരിക്കുകയും അവസാനദിവസം ഭൂമിയില്‍ നിന്നും കാണാതാവുന്നുവെന്നും അടുത്ത ദിവസം പുതുമാസം ഒന്നാം തിയ്യതിയായിരിക്കുമെന്നുമാണ് നബി(സ)പഠിപ്പിച്ചിട്ടുള്ളത്. ഇത് ശാസ്ത്രസത്യവുമാണ്. ''ശഅബാന്‍ മാസത്തെ സൂക്ഷ്മമായി നിരീക്ഷിക്കുമായിരുന്നു എന്ന നബിചര്യയും പുതു ചന്ദ്രക്കല കാണുന്നതുമുതല്‍ മാസമാരംഭിക്കുന്നുവെന്നതും തമ്മില്‍ വൈരുദ്ധ്യമുണ്ട്. പ്രകൃത്യാ മാസം പിറന്നിട്ടും ചന്ദ്രക്കല കാണുന്നതുവരെ പഴയ മാസത്തെ നീട്ടിക്കൊണ്ടുപോകണമെന്ന വാദം അര്‍ത്ഥശൂന്യമാണ്. ഖുര്‍ആന്‍ ആശയത്തിന്നു വിരുദ്ധവുമാണ്.
ഖുര്‍ആനില്‍ ധാരാളം ആയത്തുകള്‍ ഈ വസ്തുതകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ''അശ്ശംസ്'' സൂറ: രണ്ടാം ആയത്തില്‍ ഇബ്‌നു കഥീര്‍ തഫ്‌സീറിലെ വിശദീകരണം ഒരു ശാസ്ത്രസത്യമാണ്. പ്രകൃതി നിയമമാണ്. ചന്ദ്രമാസത്തിലെ ആദ്യ പാദിയില്‍ ആദ്യം സൂര്യനും ശേഷം ചന്ദ്രനും രണ്ടാംപാദിയില്‍ ആദ്യം ചന്ദ്രനും ശേഷം സൂര്യനും ഉദിക്കുന്നു. ഈ വസ്തുതയാണ് മേല്‍ ഹദീസില്‍ വ്യക്തമാക്കിയിട്ടുള്ളത്. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ തിയ്യതികള്‍ക്ക് നിദാനമാണ്. അവസാനമായി കാണുന്നത് ''ഉര്‍ജ്ജൂനുല്‍ ഖദീം'' പോലെയുള്ളതാണ്. അടുത്ത ദിവസം ഭൂമിയിലൊരിടത്തും ചന്ദ്രനെ കാണുകയില്ല. പ്രസ്തുത ദിവസം സൂര്യനോടടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ചന്ദ്രനെ കാണാന്‍ കഴിയുന്നില്ല. അടുത്ത ദിവസം പുതുമാസം ഒന്നാം തിയ്യതി ആദ്യം സൂര്യന്‍ ഉദിക്കുന്നു. സന്ധ്യക്ക് ആദ്യം സൂര്യന്‍ അസ്തമിക്കുകയും ശേഷം ചന്ദ്രന്‍ അസ്തമിക്കുകയും ചെയ്യുന്നു. മാസം മാറിയോ എന്നറിയാന്‍ യാസീന്‍ 39-ാം ആയത്തില്‍ വിശദീകരിച്ച 'ഉര്‍ജ്ജൂനുല്‍ ഖദീം' നോക്കിക്കാണുക എന്നതാണ് തികച്ചും പ്രകൃതിപരവും ശാസ്ത്രീയവും ഖുര്‍ആനികവുമായ ഒരു മാര്‍ഗം. ചന്ദ്രക്കലകളുടെ വിവിധ ഘട്ടങ്ങള്‍ നിരീക്ഷണം നടത്തി മാസപ്പിറവി നിശ്ചയിക്കുന്ന രീതിയാണ് നബി(സ)യുടെ മാര്‍ഗം. ഇതാണ് തുടക്കത്തില്‍ പറഞ്ഞ ഹദീസിന്റെ പാഠം. എന്നാല്‍ ഇന്ന് കാണുന്ന കല നാളത്തെ തിയ്യതിക്കുള്ള അടയാളമാണെന്നത് അന്ധവിശ്വാസമാണ്. 29-ാം തിയ്യതി സൂര്യാസ്തമയശേഷം ലോകത്ത് ഇന്നേവരെ ആരും ഹിലാല്‍ കണ്ടിട്ടില്ലെന്ന് കെ.എന്‍.എം പ്രസിദ്ധീകരിച്ച ''മാസപ്പിറവി ശാസ്ത്രത്തിലും നബിചര്യയിലും'' എന്ന പുസ്തകത്തില്‍ തന്നെ എഴുതിയിട്ടുണ്ട്. മേല്‍ വിശദീകരിച്ച ശാസ്ത്രവും ഖുര്‍ആനും സുന്നത്തും യോജിക്കുന്ന(ഇജ്മാഅ്) മാര്‍ഗത്തില്‍ വരാന്‍ പോകുന്ന റമദാനും ഈദുല്‍ ഫിത്വറും എന്നാണ് എന്ന് നമുക്ക് പരിശോധിക്കാം. ഉദാഹരണത്തിന് കോഴിക്കോട്ടെ ഉദയാസ്തമയ സമയങ്ങളെ അടിസ്ഥാനമാക്കിയുള്ള താഴെ കൊടുത്ത ചാര്‍ട്ട് ശ്രദ്ധിക്കുക. ലോകത്ത് ഏതെങ്കിലും പ്രദേശത്ത് ഈ പ്രതിഭാസം സംഭവിക്കുന്നതാണ്.




മേല്‍ചാര്‍ട്ടില്‍ നിന്നും വിശദീകരണത്തില്‍ നിന്നും താഴെ പറയുന്ന വസ്തുതകള്‍ മനസ്സിലാക്കാവുന്നതാണ്.

1. മാസത്തിലെ അവസാനദിവസം അഥവാ അമാവാസി ദിവസം ഭൂമിയില്‍ എവിടെയെങ്കിലും സൂര്യാസ്തമനത്തിന് അല്പം മിനുട്ടുകള്‍ക്ക് ശേഷമായി ചന്ദ്രന്‍ അസ്തമിക്കുന്നതാണ്. അങ്ങിനെ ചന്ദ്രക്കല സ്ഥാപിക്കപ്പെടുന്നു. പക്ഷെ ചന്ദ്രക്കല കാണാന്‍ സാധിക്കില്ല.
2. കാണാന്‍ കഴിയാത്ത ചന്ദ്രക്കലയെ നോക്കാനും കണ്ടാല്‍ നോമ്പെടുക്കാനും നബി(സ) കല്പിക്കുകയില്ല.
3. ഒരു മാസത്തില്‍ കാണാന്‍ കഴിയുന്ന 28/29 കലകളെയും (പ്രധാനമായും ഉര്‍ജ്ജൂനുല്‍ ഖദീം) നോക്കുകയും കാണുകയും തിയ്യതി നിശ്ചയിക്കുകയും തദടിസ്ഥാനത്തില്‍ അവസാനദിവസം മനസ്സിലാക്കുകയും ചെയ്താല്‍ പുതുമാസം എന്നു തുടങ്ങുമെന്ന് നിശ്ചയിക്കാം. ഇതാണ് ഖുര്‍ആനം ഹദീസും ശാസ്ത്രവും യോജിച്ചു പഠിപ്പിക്കുന്നത്.
4. 1435 ജ.ആഖിര്‍ 31.3.14 തിങ്കളാഴ്ച ആരംഭിച്ചു കേരളത്തില്‍ 01.4.14 ന്നാണ് തുടങ്ങിയത്. 29.04.14 ചൊവ്വാഴ്ച ന്യൂമൂണ്‍ സംഭവിച്ചു. അന്ന് സൂര്യഗ്രഹണവും സംഭവിച്ചു. ഗ്രഹണം തന്നെയാണ് ന്യൂമൂണ്‍. 30.04.14ന് റജബ് ആരംഭിക്കുന്നു. ന്യൂമൂണ്‍ ദിവസം സൂര്യാസ്തമയശേഷം(കേരളത്തില്‍) 11 മിനുട്ട് കഴിഞ്ഞ ശേഷം ചന്ദ്രന്‍ അസ്തമിക്കുന്നു. 28.05.14 ബുധനാഴ്ച റജബിലെ ന്യൂമൂണ്‍ സംഭവിക്കുന്നു. 29.5.14ന് ശഅബാന്‍ തുടങ്ങുന്നു. പക്ഷെ കേരളത്തില്‍ 30.5.14 വെള്ളിയാഴ്ചയാണ് ശഅബാന്‍ തുടങ്ങുന്നതായി കലണ്ടറുകളില്‍ കാണുന്നത്. ശഅബാന്‍ 30 ദിവസം പൂര്‍ത്തിയാക്കി 27.6.14 വെള്ളിയാഴ്ച അവസാനിക്കുന്നു. 27.6.14ന് കേരളത്തില്‍ സൂര്യാസ്തമയശേഷം ഒരു മിനുട്ട് കഴിഞ്ഞ് ചന്ദ്രന്‍ അസ്തമിക്കുന്നതാണ്. കേരള മുസ്‌ലിംകള്‍ ശഅബാന്‍ 30ലെ ഒരു മിനുട്ട് അംഗീകരിച്ച് ശബാബ് കലണ്ടറിലേതുപോലെ 28.6.14 തിങ്കളാഴ്ച റമദാന്‍ തുടങ്ങുമോ? അല്‍മനാര്‍ കലണ്ടറിലേതുപോലെ ഒരു നോമ്പ് നഷ്ടപ്പെടുത്തി ചൊവ്വാഴ്ച തുടങ്ങുമോ? റമദാനിലെ കലകള്‍ നിരീക്ഷിക്കുകയാണ് ഇബാദത്തുകള്‍ കൃത്യമാവുന്നതിനും 10 ദിവസം ഇഅ്തികാഫ് അനുഷ്ഠിക്കേണ്ടുന്നതിനും ശവ്വാല്‍ ഒന്നിന്നു തന്നെ പെരുന്നാള്‍ ആഘോഷിക്കുന്നതിനും ആവശ്യമായത്. 12.07.14 ശനിയാഴ്ച (റമദാന്‍ 15)ന് പൗര്‍ണമിയും 19.7.14 ശനിയാഴ്ച പ്രഭാതത്തില്‍ അര്‍ദ്ധ ചന്ദ്രനും 20.7.14 ഞായറാഴ്ച ചന്ദ്രന്‍ കല രൂപത്തിലാവുന്നതും കാണാവുന്നതാണ്. കലയുടെ ആകൃതി ആയിത്തീരുന്നത് ഏതു ആഴ്ച ദിവസത്തിലാണോ അടുത്ത ആഴ്ച അതേ ദിവസം പുതുമാസം ഒന്നാം തിയ്യതിയായിരിക്കും. 25.7.14ന് പ്രഭാത സമയത്ത് കിഴക്കെ ചക്രവാളത്തോടടുത്ത് നേരിയ ചന്ദ്രക്കല 'ഉര്‍ജ്ജൂനുല്‍ ഖദീം' ദര്‍ശിക്കാവുന്നതാണ്. അടുത്ത ദിവസം 26.7.14ന് ചന്ദ്രക്കല കാണുകയില്ല. അന്ന് പുതുമാസപ്പിറവി സംഭവിക്കുന്നതാണ്. അതിനാല്‍ 27.7.14 ഞായറാഴ്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുന്നതാണ്. ശവ്വാല്‍ 30 ദിവസം പൂര്‍ത്തിയാക്കി 26.08.14ന് ദുല്‍ഖഅദ തുടങ്ങുന്നു. ദുല്‍ഖഅദ 30 ദിവസം പൂര്‍ത്തിയാക്കി 25.09.14ന്ന് ദുല്‍ഹിജ്ജ ഒന്നാം തിയ്യതിയായിരിക്കുന്നതാണ്. 04.10.14 ശനിയാഴ്ച ഈദുല്‍ അദ്ഹ(ബലിപെരുന്നാള്‍) ആയിരിക്കുന്നതാണ്.

എല്ലാമാസവും ഈ തരത്തില്‍ ചന്ദ്രക്കലകളുടെ വളര്‍ച്ചയും തളര്‍ച്ചയും അതിന്റെ വിവിധ ഘട്ടങ്ങളും നിരീക്ഷണം നടത്തി തിയ്യതികള്‍ നിശ്ചയിക്കുകയും ''ഉര്‍ജ്ജൂനുല്‍ ഖദീം'' എന്ന അവസാനത്തെ കല കാണുകയും കാണാന്‍ കഴിയാത്ത അമാവാസി ദിവസത്തെ മാസാവസാനമായി കണക്കാക്കി അടുത്ത ദിവസം പ്രഭാതം മുതല്‍ പുതുമാസം ഒന്നാം തിയ്യതിയായി നിശ്ചയിക്കുക എന്നതാണ് ഇസ്‌ലാമിക മാസനിര്‍ണയ നിയമം. ഇതാണ് ഖുര്‍ആനും നബിചര്യയും പ്രകൃതിനിയമവും ഗോളശാസ്ത്രവും ഒന്നിച്ച് മനസ്സിലാക്കിത്തരുന്നത്. ഈ രീതി അവലംബിച്ചാല്‍ ലോകം മുഴുവന്‍ ഒരു ദിവസത്തിന്ന് ഒരു തിയ്യതിയും ഒരേദിവസം നോമ്പും പെരുന്നാളും നടത്താനും കഴിയുന്നതാണ്. വി.ഖു. 10:5 പ്രകാരം 'ഹിസാബ്' നടത്തി മുന്‍കൂട്ടി കലണ്ടര്‍ തയ്യാറാക്കാവുന്നതുമാണ്.

മാസപ്പിറവി കേരളമോഡല്‍

സൂര്യനും ചന്ദ്രനും കേരളത്തിന്നു മാത്രമായി ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ കേരളാതിര്‍ത്ഥിക്കുള്ളിലുള്ള 'കാഴ്ച'യെ മാത്രം അവലംബമാക്കുന്ന കേരള മോഡല്‍ ലോകത്തൊരിടത്തുമില്ല. ഹിലാല്‍ കണ്ണുകൊണ്ട് കാണണമെന്ന് ശക്തമായി വാദിക്കുന്നു. എന്നാല്‍ അമാവാസി ദിവസം ചന്ദ്രക്കല കണ്ടു എന്ന സാക്ഷ്യം സ്വീകരിക്കുകയും ചെയ്യും. സൂര്യ-ചന്ദ്ര അസ്തമയ വ്യത്യാസം കണക്കാക്കി പിറവി കണ്ടുപിടിക്കുന്ന 'ബിദ്അത്ത്' നടപ്പിലാക്കിയതുമൂലമാണിതു സംഭവിച്ചിരിക്കുന്നത്. ഈ നൂതന വ്യവസ്ഥ നടപ്പിലാക്കിയതിനു കാരണക്കാരായ ഹിലാല്‍ കമ്മിറ്റിക്കാരുടെ രണ്ടു വിഭാഗത്തിന് രണ്ടു വ്യവസ്ഥയാണു നിലവിലുള്ളത്. ഖുര്‍ആനികജ്ഞാനമെന്നും ശാസ്ത്രീയമെന്നും പറയുന്ന കലണ്ടറുകളിലെ തിയ്യതികള്‍ ശ്രദ്ധിക്കുക.
2014 ജനുവരി 01-ന് സൂര്യാസ്തമയത്തിന് രണ്ടുമിനിറ്റ് മുമ്പായി സൂര്യന്‍ അസ്തമിക്കുമെന്ന് അല്‍മനാറും രണ്ടുമിനിറ്റ് കഴിഞ്ഞശേഷം ചന്ദ്രനസ്ഥമിക്കുമെന്ന് ശബാബും. 2014 മാര്‍ച്ച് 01ന് സൂര്യാസ്തമയ ശേഷം 04 മിനിറ്റ് കഴിഞ്ഞ് ചന്ദ്രന്‍ അസ്തമിക്കുന്നു. 2-ാം തിയ്യതി ശബാബ്, അല്‍മനാര്‍ കലണ്ടറുകളില്‍ ജ.ഊലാ ഒന്നാം തിയ്യതി 2014 ജൂണ്‍ 27ന് അസ്തമയ വ്യത്യാസം ഒരു മിനിറ്റ്. ജൂണ്‍ 28ന് ശബാബില്‍ റമദാന്‍ 1. അല്‍മനാറില്‍ ശഅബാന്‍ 30. 2014 സെപ്തംബര്‍ 24ന് അസ്തമയ വ്യത്യാസം 04 മിനിറ്റ്. ശബാബില്‍ സെപ്തംബര്‍ 25നും അല്‍മനാറില്‍ 26നും ദുല്‍ഹിജ്ജ തുടങ്ങുന്നു. കേരള മുസ്‌ലിംകള്‍ക്ക് റമദാനും ബലിപെരുന്നാളും രണ്ടു ദിവസങ്ങളിലായിരിക്കുമെന്നര്‍ത്ഥം. മിഅ്‌റാജ് സംഭവിച്ചത് മക്കയിലും ഫലസ്തീനിലുമാണ്. അവിടെ റജബ് 27 തിങ്കളാഴ്ച(26.5.14)യാണ്. കേരളത്തില്‍ മിഅ്‌റാജ് ആചരിക്കാന്‍ ഖാദിമാര്‍ പറഞ്ഞിരിക്കുന്നത് ചൊവ്വാഴചയിലാണ്. ഈ ഫോര്‍മുല പ്രകാരം നബി(സ) മക്കയില്‍ തിങ്കളാഴ്ചയും കേരളത്തില്‍ ചൊവ്വാഴ്ചയും അമേരിക്കയില്‍ ഞായറാഴ്ചയും ജനിച്ചിരിക്കണം.
വിശാലമായ അറബ് ലോകത്തിന് സഊദി അറേബ്യയുടെ തീരുമാനം മതി. ഇന്തോനേഷ്യ മുതല്‍ അമേരിക്കവരെ ആയത് അംഗീകരിക്കുന്നു. സഊദി കണ്ണുകൊണ്ട് കാണണമെന്ന അന്ധവിശ്വാസം ഉപേക്ഷിച്ചിരിക്കുന്നു. അവര്‍ക്ക് കണക്കു പ്രകാരമുള്ള ഹിലാലിന്റെ സാന്നിധ്യം മതി. 'കാഴ്ച' നിര്‍ബന്ധമുള്ള ചുരുക്കം ചില രാജ്യങ്ങള്‍ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞശേഷമാണ് പിറവി നിശ്ചയിക്കുന്നത്.

യഥാര്‍ത്ഥദിവസം തന്നെ റമദാനും അറഫയും പെരുന്നാളും ആചരിക്കണമെങ്കില്‍ മുകളില്‍ വിശദീകരിച്ച തരത്തില്‍ ചന്ദ്രക്കലകള്‍(അഹില്ല) നോക്കി തിയ്യതികള്‍ നിശ്ചയിക്കുകയോ ഗോളശാസ്ത്രകണക്കുകള്‍ അംഗീകരിക്കുകയോ വേണം. ഇതാണ് നേരായ മതം. ''നിങ്ങള്‍ ദീനില്‍ പൂര്‍ണ്ണമായും പ്രവേശിക്കുക, ഒരു വിശ്വാസിയായിക്കൊണ്ടല്ലാതെ നിങ്ങള്‍ മരിക്കാന്‍ ഇടവരരുത്'' എന്ന ഖുര്‍ആനിന്റെ താക്കീത് ഓര്‍മയില്‍ ഉണ്ടായിരിക്കട്ടെ.

ടി.അബ്ദുഷുക്കൂര്‍ , കോഴിക്കോട് .




6 comments:

  1. This comment has been removed by the author.

    ReplyDelete
  2. .
    ന്യൂമൂണ്‍ അടിസ്ഥാനത്തിലുള്ള മാസദൈര്‍ഘ്യം 29 ദിവസവും 12 മണിക്കൂറും 42 മിനിറ്റുമാണ്. ഇതുപ്രകാരം മാസം നിശ്ചയിച്ചാല്‍ മാസം മുപ്പതുമുണ്ടാകും എന്ന നബി വചനത്തിന് പ്രസക്തിയില്ലാതാവും. ബുദ്ധിപരമായും ന്യൂമൂണ്‍ അടിസ്ഥാനത്തിലുള്ള മാസനിര്‍ണ്ണയത്തിന് പ്രസക്തിയില്ലെന്ന് പറയേണ്ടിവരും. ന്യൂമൂണ്‍ സംഭവിച്ചതിന് ശേഷം ദൃശ്യമാകാത്ത ഒളിവില്‍ കഴിയുന്ന ചന്ദ്രനെ ഒരു മാസത്തിന്റെ തുടക്കമായോ ഒടുക്കമായോ എണ്ണാന്‍ നമുക്ക് നിര്‍വ്വാഹമില്ല. കാരണം, പത്ത് മാസം ഗര്‍ഭത്തിലിരിക്കുന്ന കുട്ടിയുടെ പ്രായം എണ്ണുന്നത് പിറന്നുകഴിഞ്ഞത് മുതലാണല്ലോ. ഇത് പാടില്ല. കുട്ടി ഗര്‍ഭത്തിലിരിക്കുന്ന കാലംകൂടി പരിഗണിക്കണം എന്ന് ഏതെങ്കിലും പഞ്ചായത്ത് പറഞ്ഞതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇതേ യുക്തി മാസപ്പിറവിയുടെ വിഷയത്തിലും പരിഗണിച്ചാല്‍ മതി.
    ഒരു ഗോളശാസ്ത്രജ്ഞന്റെ പക്ഷത്തുനിന്ന് മാസം നിര്‍ണയിക്കാമെങ്കില്‍ ഒരാള്‍ക്ക് ഫുള്‍മൂണ്‍ ടു ഫുള്‍മൂണും ക്വാര്‍ട്ടര്‍ മൂണ്‍ ടു ക്വാര്‍ട്ടര്‍ മൂണും ന്യൂമൂണ്‍ ടു ന്യൂമൂണുമൊക്കെ മാസദൈര്‍ഘ്യമായി പരിഗണിക്കാം. എന്നാല്‍, ഹിലാല്‍ ടു ഹിലാല്‍ / ഹിലാല്‍ ടു മുപ്പത് എന്ന് മതം നിശ്ചയിച്ചുവെച്ചാല്‍ അതിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ഒരു വിശ്വാസിക്കും പാടില്ലാത്ത സംഗതിയാണ്. ത്വലാഖ് ചെയ്യപ്പെട്ട ഗര്‍ഭിണികളല്ലാത്ത സ്ത്രീകള്‍ക്കുള്ള ഇദ്ദകാലം മൂന്നു ശുദ്ധി / മൂന്ന് മാസം എന്ന് കര്‍മ്മശാസ്ത്രം പറയുന്നത് അവളുടെ ഗര്‍ഭമുക്തി (ഇസ്തിബ്‌റാഉ റഹ്മ്) അറിയാന്‍ വേണ്ടിയാണ്. എന്നാല്‍, ശാസ്ത്രം അതിശീഘ്രം പ്രാപിച്ച ഈ കാലത്ത് സ്‌കാനിങിലൂടെ ഗര്‍ഭാവസ്ഥ അറിയാം എന്നിരിക്കെ മതം കല്‍പിച്ച വിധി മാറ്റിനിര്‍ത്തി സ്‌കാനിങിന് പിന്നാലെ പോകാന്‍ നമുക്ക് ഒരുതരത്തിലും നിര്‍വ്വാഹമില്ലല്ലോ?
    ന്യൂമൂണ്‍ പ്രകാരം മാസം മാറുന്നു എന്ന് പറയുമ്പോള്‍തന്നെ ചില നാട്ടുകാര്‍ക്ക് ന്യൂമൂണ്‍ സമയമാകാതെ തന്നെ മാസം തുടങ്ങേണ്ടിവരുന്നുണ്ട്. 2007 ദുല്‍ഖഅ്ദിന്റെ കാര്യം ഉദാഹരണത്തിനെടുക്കുക. 9-11-2007 വെള്ളി 11.03 pm-നാണ് ന്യൂമൂണ്‍ സംഭവിച്ചിരിക്കുന്നത്. അതുകൊണ്ട് വെള്ളി ന്യൂമൂണ്‍ ദിവസമായി കണക്കാക്കപ്പെടും. അതായിരിക്കും മാസത്തിന്റെ അവസാനം. അടുത്ത ദിവസമായ ശനിയാഴ്ച ദുല്‍ഖഅ്ദ് ഒന്നായിരിക്കും. എന്നാല്‍, ശനിയാഴ്ചയിലേക്ക് ആദ്യം കടന്നിട്ടുണ്ടാവുന്ന ഫിജി, ന്യൂസിലാന്റ് പോലുള്ള രാജ്യങ്ങള്‍ ന്യൂമൂണ്‍ സംഭവിച്ചിരിക്കുന്ന സമയത്തിന് മുന്‍പേ തന്നെ ശനിയിലേക്ക് അഥവാ പുതിയ ദിവസം ഒന്നിലേക്ക് പ്രവേശിച്ചിട്ടുണ്ടാകും. അങ്ങനെവരുമ്പോള്‍ ന്യൂമൂണ്‍ സമയത്തിന് മുമ്പ് തന്നെ ഈ രാജ്യങ്ങള്‍ക്ക് പുതിയ മാസം തുടങ്ങേണ്ടിവരികയാണ്.
    ഐഡിയലി(International Date Line)ന്റെ കാര്യവും തഥൈവ. സൂര്യന്റെ സ്ഥാനത്തെ അടിസ്ഥാനപ്പെടുത്തി മാസം നിര്‍ണയിക്കുന്നതിന് മനുഷ്യര്‍ കണക്കാക്കിയ, തികച്ചും സാങ്കല്‍പികമായ ഒരു രേഖ മാത്രമാണിത്. പല വര്‍ഷങ്ങളിലായി പല തിരിമറികളും (ഗിരിസാത്തി അഡ്ജസ്റ്റ്‌മെന്റ്, സമാവോ അഡ്ജസ്റ്റ്‌മെന്റ്) ഇതില്‍നടന്നിട്ടുമുണ്ട്. ഇതിന് മതകീയമായി യാതൊരു പിന്‍ബലവുമില്ല. ഇത് ചന്ദ്രമാസ നിര്‍ണയത്തിനോട് ചേര്‍ത്തുവെക്കാനുമാവില്ല. അങ്ങനെ നിശ്ചയിക്കുകയാണെങ്കില്‍ നോമ്പും പെരുന്നാളുമെല്ലാം ഭൂമിയില്‍ ആദ്യം തുടങ്ങുന്നത് ദിവസം ആദ്യം തുടങ്ങുന്ന ന്യൂസിലാന്റ്, ഫിജി രാജ്യങ്ങളില്‍നിന്നാണെന്ന് പറയേണ്ടിവരും. അങ്ങനെയൊരു പതിവ് ചന്ദ്രമാസ വിഷയത്തില്‍ ഇതുവരെ ഇല്ലാത്തതാണ്. ഹിലാല്‍ ആദ്യം ദൃശ്യമാകുന്ന നാടുകളില്‍നിന്ന് മാസാരംഭം കുറിക്കുകയാണ് പതിവ്. അത് ചിലപ്പോള്‍ കിഴക്കന്‍ പ്രദേശങ്ങളില്‍നിന്നാവാം. ചിലപ്പോള്‍ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍നിന്നുമാവാം.
    യൂണിവേഴ്‌സല്‍ ടൈമിന്റെ കഥയും ഇങ്ങനെതന്നെ. ഇസ്‌ലാമിക ദിനത്തിലെ ഒരു ദിനം ഒരു പ്രദേശത്ത് സൂര്യാസ്തമയം മുതല്‍ക്കുള്ള രാത്രിയും തുടര്‍ന്ന് വരുന്ന പകലുമാണ്. അന്തര്‍ദേശീയ ദിനം തുടങ്ങുന്നതാകട്ടെ രാത്രി പന്ത്രണ്ട് മണിക്കും. അപ്പോള്‍ അര രാത്രി തുടര്‍ന്നുവരുന്ന ഒരു പകല്‍ തുടര്‍ന്നുവരുന്ന ഒരു രാത്രി ഇതാണ് ഒരു രാജ്യാന്തര ദിനം. ഇതുപ്രകാരം ഇസ്‌ലാമിക ദിനങ്ങളെ ക്രമീകരിക്കണമെന്ന് പറയുന്നത് ശരിയല്ല. കാരണം, ന്യൂമൂണ്‍ സംഭവിക്കുന്നത് അര്‍ദ്ദരാത്രി 12 മണിക്ക് മുമ്പാണെങ്കില്‍ വരുന്ന പകലാണ് അടുത്ത മാസത്തിലെ ഒന്നാം തിയ്യതി. അങ്ങനെ വരുമ്പോള്‍ ആ ഒന്നാം ദിനത്തിന്റെ അസ്തമയാനന്തര രാത്രി നഷ്ടപ്പെട്ടു പോകുന്നു. 12 മണിക്കു ശേഷമാണ് ന്യൂമൂണ്‍ സംഭവിച്ചതെങ്കില്‍ രണ്ടാമത്തെ പകലായിരിക്കും മാസം ഒന്ന്. അപ്പോള്‍ ന്യൂമൂണ്‍ സംഭവിച്ചതിന് ശേഷം രണ്ടാമത്തെ പകല്‍ വരെയുള്ള മണിക്കൂറുകള്‍ ന്യൂമൂണോടെ കഴിയേണ്ട മാസത്തിലേതായി ഉള്‍പ്പെടുന്നു. ന്യൂമൂണോട് കൊണ്ടാണ് മാസം നിര്‍ണ്ണിതമാകുന്നത് എങ്കില്‍ അതിന് ശേഷമുള്ള മണിക്കൂറുകളും പുതിയ മാസത്തിലേതായി ഉള്‍പ്പെടേണ്ടതല്ലേ.
    ഖുര്‍ആന്‍ കൊണ്ടും തിരുസുന്നത്തു കൊണ്ടും ഇജ്മാഉകൊണ്ടും പില്‍ക്കാല പണ്ഡിത ശ്രേഷ്ഠരാലും ഹിലാലാണ് മാസനിര്‍ണയത്തിന് ആധാരം എന്ന് സുവ്യക്തമായ സ്ഥിതിക്ക് ന്യൂമൂണ്‍ പാരമ്പര്യം ആരുടേത് എന്നതിന് ഉത്തരം തേടേണ്ടതുണ്ട്. ജൂതപാരമ്പര്യമാണെന്നാണ് മറുപടി. നാസിലോണിയ, ഗ്രീസ് എന്നിവിടങ്ങ

    ReplyDelete
    Replies
    1. മേൽ എഴുതപ്പെട്ട കുറിപ്പിനുള്ള മറുപടി ഒരു പ്രത്യേക ബ്ലോഗ് പോസ്റ്റായി നൽകിയിട്ടുണ്ട്.
      ദയവായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിക്കുക. പ്രതികരണം അറിയിക്കുക.

      ഹിജ്രി കമ്മറ്റിയോടുള്ള വിമർശനങ്ങൾക്കുള്ള പ്രതികരണം - ജൂൺ 2015

      http://islamic-month.blogspot.in/2015/06/2015.html

      Delete
  3. ഒരു ലക്ഷത്തില്‍പരം സ്വഹാബിമാര്‍ സാക്ഷ്യംവഹിച്ച നബി(സ)യുടെ ഹജ്ജത്തുല്‍ വിദാഅ്‌ തന്നെ നമുക്ക്‌ പരിശോധിക്കാം. ലോക മുസ്‌ലിം പണ്ഡിതന്മാര്‍ എല്ലാവരും ഒരുപോലെ സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന പ്രസിദ്ധമായ സംഭവമാണ്‌ ക്രിസ്‌താബ്‌ദം 632-ലെ ഹജ്ജതുല്‍ വിദാഇലെ അറഫാ ദിനം. അത്‌ ദുല്‍ഹിജ്ജ ഒമ്പത്‌ വെള്ളിയാഴ്‌ച ആയിരുന്നു. ഈ വിഷയത്തില്‍ ഇജ്‌മാഅ്‌ ഉണ്ടായതായി പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.
    ഇമാം ബുഖാരി ഒരു ന്യൂനതയും ഇല്ലാത്ത മൂന്ന്‌ ഹദീസുകള്‍ ഈ വിഷയത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്‌. അതില്‍ ഒന്ന്‌ കാണുക: ത്വാരിഖുബ്‌നു ശിഹാബ്‌ ഉമറുബ്‌നുല്‍ ഖത്വാബില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു: ഒരു ജൂതന്‍ ഉമറിനോട്‌(റ) പറഞ്ഞു: നിങ്ങള്‍ പാരായണം ചെയ്യുന്ന വേദഗ്രന്ഥത്തില്‍ ഒരു വാക്യമുണ്ട്‌. ജൂതരായ ഞങ്ങള്‍ക്കാണ്‌ ആ വാക്യം അവതരിച്ചതെങ്കില്‍ ആ ദിവസം ഞങ്ങള്‍ പെരുന്നാള്‍ ദിനമായി ആഘോഷിക്കുമായിരുന്നു. ഉമര്‍(റ) ചോദിച്ചു: ഏത്‌ വാക്യമാണത്‌?
    അയാള്‍ പറഞ്ഞു: ഇന്നേ ദിവസം നിങ്ങളുടെ മതത്തെ ഞാന്‍ നിങ്ങള്‍ക്ക്‌ പൂര്‍ത്തിയാക്കി തന്നിരിക്കുന്നു എന്നതാണ്‌ ആ വാക്യം. ഉമര്‍(റ) പറഞ്ഞു: ആ വാക്യം അല്ലാഹുവില്‍ നിന്ന്‌ അവതരിച്ച ദിവസവും സ്ഥലവും ഞങ്ങള്‍ക്ക്‌ നന്നായി അറിയാം. നബി(സ) വെള്ളിയാഴ്‌ച ദിവസം അറഫയില്‍ നില്‍ക്കുന്ന സമയത്താണ്‌ പ്രസ്‌തുത ആയത്ത്‌ അവതരിച്ചത്‌. (ബുഖാരി 45). (ബുഖാരി ഉദ്ധരിച്ച മറ്റ്‌ രണ്ട്‌ ഹദീസുകളുടെ നമ്പര്‍ 7268, 4606)
    മേല്‍പറഞ്ഞ ഒരു ന്യൂനതയും ഇല്ലാത്ത സ്വഹീഹായ ഹദീസുകള്‍ മുഴുവന്‍ തള്ളിക്കളഞ്ഞ്‌ നബി(സ)യുടെ ഹജ്ജത്തുല്‍ വിദാഇലെ അറഫാദിവസം വ്യാഴാഴ്‌ചയാണെന്ന്‌ വരുത്താന്‍ ചിലര്‍ തീവ്രശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. കാരണം എന്താണെന്നല്ലേ. കറുത്തവാവ്‌ അടിസ്ഥാനമാക്കിയുള്ള മാസനിര്‍ണയം മുസ്‌ലിംകളുടെ ഇടയില്‍ നടപ്പില്‍ വരുത്തുന്നത്‌ ന്യായീകരിക്കാന്‍ വേണ്ടി.
    എന്നാല്‍ നബി(സ)യുടെ ഹജ്ജതുല്‍ വിദാഅ്‌ നടന്നത്‌ ക്രിസ്‌താബ്‌ദം 632 മാര്‍ച്ച്‌ ആറിനാണ്‌. 632 ഫെബ്രുവരി 25ന്‌ ചൊവ്വാഴ്‌ച ആഗോള സമയം 20.51-ന്‌ ന്യൂമൂണ്‍ (കറുത്തവാവ്‌) സംഭവിക്കുന്നു. അതിനാല്‍ അവരുടെ സിദ്ധാന്തപ്രകാരം ദുല്‍ഹിജ്ജ ഒന്ന്‌ ബുധനാഴ്‌ചയായി വരുന്നു. ഇതനുസരിച്ച്‌ അറഫാദിനം ദുല്‍ഹിജ്ജ 9 വ്യാഴാഴ്‌ചയാണ്‌ വരേണ്ടത്‌. എന്നാല്‍ നബി(സ) ഒരുലക്ഷത്തില്‍ പരം സ്വഹാബിമാരെ സാക്ഷിനിര്‍ത്തി അറഫയില്‍ സമ്മേളിച്ചത്‌ ദുല്‍ഹിജ്ജ 9 വെള്ളിയാഴ്‌ച ആയിരുന്നു. അപ്പോള്‍ ന്യൂമൂണ്‍ (കറുത്തവാവ്‌) കലണ്ടര്‍ മുഹമ്മദ്‌ നബി(സ) സ്വീകരിച്ചില്ലെന്ന്‌ വ്യക്തം. നബി(സ)യുടെയും സ്വഹാബിമാരുടെയും ഹജ്ജ്‌ യാത്രയില്‍ ദുല്‍ഖഅ്‌ദ 29-ന്‌ ബുധനാഴ്‌ച മാസപ്പിറവി കാണുകയും ദുല്‍ഹിജ്ജ ഒന്ന്‌ വ്യാഴാഴ്‌ച ആയിര പ്രഖ്യാപിക്കുകയും ദുല്‍ഹിജ്ജ 9 വെള്ളിയാഴ്‌ച അറഫയില്‍ സമ്മേളിക്കുകയും ചെയ്‌തു.
    ഇബ്‌നുഹസം പറഞ്ഞു: തീര്‍ച്ചയായും നബി(സ)യുടെ ഹജ്ജിന്റെ വര്‍ഷം ദുല്‍ഹിജ്ജ ആരംഭിച്ചത്‌ വ്യാഴാഴ്‌ച ആയിരുന്നു. അറഫാദിവസം വെള്ളിയാഴ്‌ചയും. വീണ്ടും അദ്ദേഹം പറഞ്ഞു: ഇബ്‌നു ഉമര്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌: തീര്‍ച്ചയായും നബി(സ)യുടെ അറഫ ദുല്‍ഹിജ്ജ 9 വെള്ളിയാഴ്‌ച ആയിരുന്നു. ദുല്‍ഹിജ്ജ മാസം ആരംഭിച്ചത്‌ ബുധനാഴ്‌ച അസ്‌തമിച്ച വ്യാഴാഴ്‌ച രാത്രി മുതലാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അപ്പോള്‍ ദുല്‍ഖഅ്‌ദ മാസത്തെ അവസാന ദിവസം ബുധനാഴ്‌ച ആയിരുന്നു. (സാദുല്‍മആദ്‌ ഇബ്‌നുല്‍ഖയ്യിം 2/102)

    ReplyDelete
    Replies
    1. മേൽ എഴുതപ്പെട്ട കുറിപ്പിനുള്ള മറുപടി ഒരു പ്രത്യേക ബ്ലോഗ് പോസ്റ്റായി നൽകിയിട്ടുണ്ട്.
      ദയവായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിക്കുക. പ്രതികരണം അറിയിക്കുക.

      ഹിജ്രി കമ്മറ്റിയോടുള്ള വിമർശനങ്ങൾക്കുള്ള പ്രതികരണം - ജൂൺ 2015

      http://islamic-month.blogspot.in/2015/06/2015.html

      Delete
  4. മേൽ എഴുതപ്പെട്ട കുറിപ്പിനുള്ള മറുപടി ഒരു പ്രത്യേക ബ്ലോഗ് പോസ്റ്റായി നൽകിയിട്ടുണ്ട്.
    ദയവായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിക്കുക. പ്രതികരണം അറിയിക്കുക.

    ഹിജ്രി കമ്മറ്റിയോടുള്ള വിമർശനങ്ങൾക്കുള്ള പ്രതികരണം - ജൂൺ 2015

    http://islamic-month.blogspot.in/2015/06/2015.html

    ReplyDelete

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.