Monday, June 1, 2015

ദീനുല്‍ ഖയ്യിം അഥവാ നേരായമതം - Notice by HCI Calicut Shaaban 1436





ദീനുല്‍ ഖയ്യിം അഥവാ നേരായമതം

''ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങള്‍ 12 ആകുന്നു. അവയില്‍ 4 എണ്ണം പവിത്രമാസങ്ങളാകുന്നു. അതാണു വക്രതയില്ലാത്ത മതം(ദീനുല്‍ ഖയ്യിം).'' (തൗബ: 36).


ദീനുല്‍ ഖയ്യിം എന്നു ഖുര്‍ആന്‍ പറഞ്ഞ സന്ദര്‍ഭങ്ങള്‍ നാം പ്രത്യേകം വിലയിരുത്തേണ്ടതുണ്ട്. 30:30-ല്‍ സത്യത്തില്‍ നിലകൊള്ളുന്നവനായിരിക്കണം അതാണു 'ദീനുല്‍ ഖയ്യിം' എന്ന് പറയുന്നു. 12:40-ല്‍ 'അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന് അവന്‍ കല്പിച്ചിരിക്കുന്നു.' അതത്രെ 'വക്രതയില്ലാത്ത മതം'. പക്ഷെ മനുഷ്യരില്‍ അധികപേരും സത്യം മനസ്സിലാക്കുന്നില്ല. കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമാനസനായ നിലയില്‍ അവനെ ആരാധിക്കുവാനും നമസ്‌കാരം നിലനിര്‍ത്താനും സകാത്ത് നല്‍കാനും അല്ലാതെ അവനോട് കല്പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം(ദീനുല്‍ ഖയ്യിം) എന്നും പറയുന്നു.
തൗഹീദും ആരാധനാ കര്‍മങ്ങളും എപ്രകാരം 'ദീനുല്‍ ഖയ്യിം' ആണോ അതേ പ്രകാരം ദീനുല്‍ ഖയ്യിം ആണ് ഇസ്‌ലാമില്‍ കലണ്ടര്‍ വ്യവസ്ഥയും എന്നാണു ഖുര്‍ആന്‍ ഇതിലൂടെ പഠിപ്പിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ മതപണ്ഡിതനേതൃത്വം ഖുര്‍ആനിന്റെ മേല്‍കല്‍പന അനുസരിക്കാന്‍ തയ്യാറല്ല. ഇസ്‌ലാമില്‍ കലണ്ടര്‍ വ്യവസ്ഥയില്ലെന്നും ചന്ദ്രമാസ കലണ്ടര്‍ അശാസ്ത്രീയവും അപ്രായോഗികവുമാണെന്നുമാണ് ഇപ്പോള്‍ നവോത്ഥാന പ്രസ്ഥാനക്കാര്‍ പോലും പറയുന്നത്. കെ.എന്‍.എം(ഹിലാല്‍ കമ്മിറ്റി) സംസ്ഥാന നേതാക്കന്‍മാര്‍ പങ്കെടുത്ത മലപ്പുറം മുഖാമുഖം പരിപാടിയിലും കെ.എന്‍.എം(മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറി 4.5.15ന് പൊന്നാനിയില്‍ നടത്തിയ പരിപാടിയിലും ഇക്കാര്യം പറഞ്ഞിരിക്കുന്നു. പ്രിയ വിശ്വാസികളെ, ചിന്തിക്കുക, എന്താണ് നമ്മുടെ പണ്ഡിതന്മാര്‍ക്കുപറ്റിയത്. കലണ്ടര്‍ ഇല്ലെന്നു സ്ഥാപിക്കാനായി അവര്‍ ഖുര്‍ആന്‍ വളച്ചൊടിക്കുന്നു. അല്ലാഹുവിന്റെ കിതാബില്‍ രേഖപ്പെടുത്തിയ മാസങ്ങള്‍ മുഹറം മുതല്‍ ദുല്‍ഹിജ്ജവരെയുള്ളതാണെന്ന് 9:36, 37 ആയത്തുകള്‍ വിശദദീകരിച്ചുകൊണ്ട് നബി(സ)പഠിപ്പിച്ചിട്ടുണ്ട്. 2:189ല്‍ ചന്ദ്രക്കലകള്‍ തിയ്യതികള്‍ക്ക് മാനദണ്ഡമാണെന്ന് ഖുര്‍ആന്‍ പറയുമ്പോള്‍ 'അഹില്ല' എന്നാല്‍ ഹിലാലുകളാണെന്നു ഇവര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നു. ഖുര്‍ആന്‍ 'ലിന്നാസി വല്‍ ഹജ്ജി' എന്നു പറയുന്നു. ഇവരാകട്ടെ അതിനെ പ്രാദേശിക പരിധിയിലെ ജനതയിലൊതുക്കുന്നു. അമാനി മൗലവി അടക്കം മുന്‍കാല പണ്ഡിതന്‍മാരുടെ വ്യാഖ്യാനങ്ങളെയും അവഗണിക്കുന്നു. എന്തിനേറെ സൂര്യകലണ്ടര്‍ ഖുര്‍ആനിലുണ്ടെന്ന് പറഞ്ഞുകൊണ്ട് യഹൂദിനസാറാക്കളോട് ഒരു ചാണ്‍ കൂടി അടുത്തുനില്‍ക്കാന്‍ ശ്രമിക്കുകവഴി അല്ലാഹുവിന്റെ റസൂലിന്റെ പ്രവചനം യാഥാര്‍ത്ഥ്യമാക്കുന്നു.


വെബ്‌സൈറ്റുകള്‍ ഉണ്ടാക്കുന്ന ഫിത്‌ന
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ അനന്തസാധ്യതകള്‍ മതപ്രബോധന രംഗത്തും അനുഷ്ഠാന രംഗത്തും വിശ്വാസികള്‍ക്ക് ഗുണകരമായി ഉപയോഗിക്കേണ്ടതുണ്ട്. അല്ലാഹു മനുഷ്യര്‍ക്കു അനുഗ്രഹിച്ചു നല്‍കിയ ജ്ഞാനം മുസ്‌ലിംകളും പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ ഇസ്‌ലാമിന്നും മുസ്‌ലിംകള്‍ക്കും ഗുണകരമായ വിധത്തിലല്ല പലപ്പോഴും ഇത് ഉപയോഗപ്പെടുത്തിവരുന്നത്. മാസപ്പിറവി തീരുമാനിക്കാനുറച്ച് കുറെ വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെല്ലാം തന്നെ പാരമ്പര്യ വാദങ്ങള്‍ക്ക് ശാസ്ത്രീയമാനം പടച്ചുണ്ടാക്കുകയാണ്. അതുവഴി യഥാര്‍ത്ഥ ഖുര്‍ആനിക വിധിയോ അതിന്റെ ശാസ്ത്രീയമാനങ്ങളോ അവതരിപ്പിക്കപ്പെടുന്നില്ല. ഓരോ സൈറ്റുകാരന്നും ഓരോ തരം മാനദണ്ഡങ്ങളാണുള്ളത്. എല്ലാം കാഴ്ചക്കാരുടെ വക. ഇവര്‍ പലതരം തിയ്യതികള്‍ ലോകത്തിന് നല്‍കുന്നു. തിയ്യതി എന്താണെന്നു പോലും നിശ്ചയമില്ല. ഒരു മാസത്തിലെ ദിവസങ്ങളുടെ നമ്പറാണു തിയ്യതിയെന്നും ദിവസം ഭൂമിക്ക് ഒന്നേയുള്ളുവെന്നും അതിനാല്‍ ഒരു ദിവസത്തിന് ഒരു തിയ്യതിയേ പാടുള്ളൂ എന്നുപോലും അറിയാത്തവരാണ് വെബ്‌സൈറ്റുകളും കലണ്ടറുകളും തയ്യാറാക്കുന്നത്. ഇവരുടെയെല്ലാം വെബ്‌സൈറ്റുകളില്‍ യഥാര്‍ത്ഥ അഹില്ലയും മനാസിലും കാണിക്കും. പക്ഷെ, മവാഖീത്ത്(തിയ്യതി) തെറ്റിക്കും. ഖുര്‍ആന്‍ പറയുന്നത് അഹില്ല മവാഖീത്തിന്നുള്ള അടയാളമാണ് എന്നാണ്(2:189). ഇത്തരം വെബ്‌സൈറ്റുകള്‍ വലിയ കുഴപ്പങ്ങളാണ് ഉണ്ടാക്കുന്നത്. മുസ്‌ലിം പണ്ഡിതസഭകളും രാഷ്ട്ര നേതാക്കളും യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ ഈ സൈറ്റുകളെ അവലംബിക്കുന്നതാണ് കുഴപ്പങ്ങള്‍ക്കു കാരണമാകുന്നത്.


കലണ്ടറുകളും ഹിജ്‌രി തിയ്യതികളും

ഇസ്‌ലാമിന്ന് ഒരു കലണ്ടറില്ല എന്നും ഹിജ്‌രി കലണ്ടര്‍ പ്രായോഗികമല്ല എന്നുമാണെങ്കില്‍ പ്രസ്തുത കലണ്ടര്‍ ഒഴിവക്കുന്നതിനു പകരം തെറ്റായ തിയ്യതികള്‍ രേഖപ്പെടുത്തിയ കലണ്ടറുകള്‍ പ്രസിദ്ധീകരിക്കേണ്ടതുണ്ടോ? മാസം കാണലും അതനുസരിച്ചുള്ള വ്യത്യസ്ത തിയ്യതികള്‍ രേഖപ്പെടുത്തുന്ന കലണ്ടറുകളും ഇന്ന് മുസ്‌ലിം ലോകത്ത് നിരവധിയാണ്. എന്താണു ഇവ ജനങ്ങള്‍ക്കും ഇസ്‌ലാം മതത്തിനും നല്‍കുന്ന സേവനം എന്നു ചിന്തിച്ചുനോക്കുക. ഒരു ദിവസത്തിന്ന് ഒരു തിയ്യതി എന്ന പ്രാഥമിക അറിവുപോലുമില്ലാതെയും ജനങ്ങള്‍ക്ക് അവരുടെ ജീവിത വ്യവസ്ഥ ചിട്ടപ്പെടുത്താന്‍ സാധിക്കാത്തതുമായ പലതരം കലണ്ടറുകള്‍ എന്തിനാണ്. ഇത് ഇസ്‌ലാം മതത്തെത്തന്നെ അവമതിക്കലാണെന്ന കാര്യത്തില്‍ സംശയമില്ല.
വസ്തുത എന്ത്?

അല്ലാഹു ഭൂമിയില്‍ വസിക്കുന്ന സര്‍വ്വ ജീവജാലങ്ങള്‍ക്കും ആയുസ്സ് നിശ്ചയിച്ചിട്ടുണ്ട്. കാലത്തിന്റെ ഈ അളവിനെ നാം മനസ്സിലാക്കുന്നത് കലണ്ടറിലൂടെയാണ്. പ്രകൃതി നിയമമായ പ്രപഞ്ചവ്യവസ്ഥയുടെ സത്തയായ ഖുര്‍ആന്‍ വളരെ വ്യക്തമായി കലണ്ടറും കാലഗണനയും പഠിപ്പിച്ചിട്ടുണ്ട്. പ്രപഞ്ച നിയമ വ്യവസ്ഥക്ക് വിധേയമായി ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാവുന്ന ലളിതമായ വ്യവസ്ഥയാണ് ഇസ്‌ലാമിലെ കലണ്ടറിലുള്ളത്. ഈ കലണ്ടര്‍-ചന്ദ്രമാസ കലണ്ടര്‍ - ശാസ്ത്ര ലോകം അംഗീകരിക്കുകയും അതിന്റെ കണക്ക് 'നോട്ടിക്കല്‍ അല്‍മനാക്' എന്ന പേരില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. ഖുര്‍ആന്‍ 9:36, 2:189, 10:5, 36: 39 ആയത്തുകളിലൂടെ കല്പിച്ചിട്ടുള്ളത് ചന്ദ്രമാസ കലണ്ടറാണ്. എന്നാല്‍ ഇക്കാലത്ത് മുസ്‌ലിംകള്‍ ഖുര്‍ആനും പ്രകൃതി നിയമങ്ങളും യോജിക്കുന്ന ചന്ദ്രമാസ കലണ്ടറിനെ തള്ളിക്കളയുകയും കൃത്രിമ നിയമങ്ങള്‍ കൊണ്ടുവന്ന് ഹിജ്‌രി കലണ്ടറിനെ സ്വയം പ്രയാസകരമാക്കിത്തീര്‍ത്ത് തങ്ങളുണ്ടാക്കിയ നിയമം വഴി കലണ്ടറുണ്ടാക്കാന്‍ കഴിയില്ലെന്നു മനസ്സിലാക്കിയതിനാല്‍ കലണ്ടര്‍ തന്നെ നിഷേധിക്കുകയും ക്രിസ്ത്യന്‍ കലണ്ടറിനു സാധുത നല്‍കുന്നതിന്നായി ഖുര്‍ആനിനെ ദുര്‍വ്യാഖ്യാനം ചെയ്യുകയുമാണ്. വിശ്വാസികള്‍ വളരെ ജാഗ്രതയോടെ വിഷയം മനസ്സിലാക്കാന്‍ ശ്രമിക്കുക.


റമദാനും ഈദുല്‍ ഫിത്വറും


അല്ലാഹുവിന്റെ കിതാബില്‍(പ്രപഞ്ച വ്യവസ്ഥയില്‍) 12 മാസങ്ങളുള്ളതില്‍ 9-ാമത്തെ മാസമാണ് റമദാന്‍. അതു കഴിഞ്ഞാല്‍ ശവ്വാല്‍ മാസം. ഖുര്‍ആന്‍ പറയുന്നു: ചന്ദ്രക്കലകള്‍ ജനങ്ങള്‍ക്കു പൊതുവായും ഹജ്ജിന്നും ആവശ്യമായ തിയ്യതികള്‍ കാണിക്കുന്നു (2:189). നബി(സ) വിശദീകരിച്ചു: ''ചന്ദ്രക്കലകളെ അല്ലാഹു തിയ്യതികള്‍ക്ക് നിദാനമായി നിശ്ചയിച്ചിരിക്കുന്നു. അതിന്റെ(ചന്ദ്രന്റെ) ദൃശ്യതയുടെ അടിസ്ഥാനത്തില്‍ റമദാന്‍ വ്രതം ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുക.'' നബി(സ) ഇതു പ്രാവര്‍ത്തികമായി കാണിച്ചുതന്നു. ആയിശ(റ)-ല്‍ നിന്നും അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്യുന്നു: ''റമദാന്‍ നിശ്ചയിക്കുന്നതിനായി നബി(സ) ശഅ്ബാന്‍ മാസത്തെ(കലകളെ) പ്രത്യേകം നിരീക്ഷിക്കുമായിരുന്നു.'' ഈ സുന്നത്ത് മുസ്‌ലിം ലോകം എന്തുകൊണ്ട് നടപ്പിലാക്കുന്നില്ല. ഇതാണല്ലോ മാസപ്പിറവി നിശ്ചയിക്കാനുള്ള മാനദണ്ഡമായി ഖുര്‍ആനും സുന്നത്തും നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതിന്നു പകരം നബി(സ)തന്റെ ജീവിതത്തില്‍ ഒരിക്കല്‍ പോലും ചെയ്തിട്ടില്ലാത്ത 29-ാം തിയ്യതി സൂര്യാസ്തമയത്തിനു ശേഷം പടിഞ്ഞാറെ ചക്രവാളത്തില്‍ നോക്കി കാണാന്‍ കഴിയാത്ത ഹിലാലിനെ കണ്ടെന്നും പറഞ്ഞ് പിറ്റെ ദിവസത്തേക്ക് നോമ്പ് നിശ്ചയിക്കുന്ന ഏര്‍പ്പാട് മുസ്‌ലിംകള്‍ക്ക് എവിടെ നിന്നു കിട്ടി? ഓരോ ചക്രവാളത്തിലെയും സൂര്യചന്ദ്ര അസ്ഥമയ വ്യത്യാസമാണു മാസമാറ്റത്തിന്റെ അടയാളമെന്ന് ആരാണു പഠിപ്പിച്ചത്? ഏതു കിതാബിലാണുള്ളത്? നബി(സ)യോ ഖലീഫമാരോ അങ്ങിനെ ചെയ്തിട്ടില്ല. മഗ്‌രിബ് നമസ്‌കാരമോ ജമാഅത്തോ നീട്ടിവെച്ച് ഹിലാല്‍ കാണാന്‍ പോവാനുള്ള ഇളവ് നല്‍കിയിട്ടുണ്ടോ? മാസം കാണുന്നയാള്‍ക്ക് പ്രതിഫലം പറഞ്ഞിട്ടുണ്ടോ?
എന്നാല്‍ അഹില്ല, മനാസില്‍ എന്നിവ നിരീക്ഷണം നടത്തി തിയ്യതികള്‍ കണക്കാക്കി വിവിധ ഘട്ടങ്ങങ്ങള്‍ മനസ്സിലാക്കി ഉര്‍ജ്ജൂനുല്‍ ഖദീം നോക്കിക്കണ്ട് അടുത്ത ദിവസം ചന്ദ്രനെ കാണാത്ത ഗുമ്മിയായ ദിവസം മാസം അവസാനിപ്പിച്ച് അതിന്നടുത്ത ദിവസം പുതുമാസം ആരംഭിക്കുന്നതാണ് യഥാര്‍ത്ഥ സുന്നത്ത്. ഹിജ്‌രി കമ്മിറ്റി പ്രവര്‍ത്തകര്‍ ഈ തരത്തില്‍ മാസം നോക്കല്‍ പരിശീലിക്കുന്നു. ഇത് മുസ്‌ലിംകള്‍ എല്ലാവരും പരിശീലിക്കുകയും അംഗീകരിക്കുകയും ചെയ്താല്‍ ലോകത്ത് എല്ലാ ഭൂഖണ്ഡങ്ങളിലും ഒരേ ദിവസത്തിന് ഒരേ തിയ്യതിയും ഒരേ ദിവസം നോമ്പും പെരുന്നാളുകളും അറഫയും ഹജ്ജും ആയിത്തീരുന്നതുമാണ്.  അതിനാല്‍ ഈ നോട്ടീസ് വായിക്കുന്ന ഓരോരുത്തരും ഖുര്‍ആനും സുന്നത്തും അനുസരിച്ച് മാസം നിശ്ചയിക്കാന്‍ പണ്ഡിതന്‍മാരോടും സംഘടനകളോടും ആവശ്യപ്പെടാന്‍ ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു.


ഹിലാല്‍ കാഴ്ച


29-ന് സന്ധ്യക്ക് യാതൊരു കാരണവശാലും ഹിലാല്‍ കാണുകയില്ല. ഇതു ശാസ്ത്ര സത്യമാണ്. നബി(സ)അങ്ങിനെ പറഞ്ഞിട്ടില്ല. കാണിച്ചുതന്നിട്ടില്ല. ഖലീഫമാരും അങ്ങിനെ പ്രവര്‍ത്തിച്ചിട്ടില്ല. ഹിജ്ജത്തുല്‍ വദാഇല്‍ മാസമുറപ്പിച്ചതെങ്ങിനെയെന്ന ചോദ്യത്തിന് ഉത്തരം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഒന്നുകില്‍ 29ന് രാവിലെ 'ഉര്‍ജൂനുല്‍ ഖദിം' കാണാം. അതല്ലെങ്കില്‍ ചന്ദ്രനെ കാണാത്ത അമാവാസിയായിരിക്കും.


അഹില്ലയുടെ കാഴ്ച

1. നബി(സ) ഖുര്‍ആന്‍ പ്രകാരമാണ് ജീവിച്ചത് എന്ന് ആയിശ(റ)-ല്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം. ശഅബാനിലെ കലകളെ പ്രത്യേകം നിരീക്ഷിക്കുമായിരുന്നു എന്നും പറഞ്ഞിട്ടുണ്ട്. എല്ലാ മാസവും നിരീക്ഷിക്കാറാണ്ടായിരുന്നു എന്നും റമദാനിനു വേണ്ടി ശഅബാന്‍ ഗൗരവപൂര്‍വ്വം നോക്കുകയായിരുന്നു എന്നുമാണല്ലോ ഇതില്‍ നിന്നും മനസ്സിലാവുക.
2. മുസ്‌ലിം 312-ാം അധ്യായത്തില്‍ മാസത്തിന്റെ ആരംഭത്തിലോ അവസാനത്തിലോ ചന്ദ്രക്കല കാണാതായാല്‍ 30 പൂര്‍ത്തിയായതായി കണക്കാക്കണം എന്നുകാണാം. ഇതില്‍ നിന്നും തുടക്കം മുതല്‍ അവസാനംവരെ കലകളെ നോക്കിയിരുന്നു എന്നു തന്നെയാണ് മനസ്സിലാവുക. അവസാനത്തില്‍ കാണാതാവുന്നത് ഉര്‍ജൂനുല്‍ ഖദീം ആണ്. ഇതിനെ നോക്കിയിരുന്നു എന്നും തെളിഞ്ഞു.
3. റമദാന്‍ അവസാന പത്തില്‍ നബി(സ) അനുചരന്‍മാരോടു ചോദിച്ചു. ഇനി എത്രദിവസം ശേഷിക്കുന്നു. അവര്‍ പറഞ്ഞു. 8 ദിവസം. ഇന്ന് 22 ആകുന്നു. നബി(സ)പറഞ്ഞു: ഇന്ന് 22 തന്നെ, പക്ഷെ, ഈ മാസം 29 ദിവസങ്ങളേയുള്ളൂ. അതിനാല്‍ ഇനി 7 നോമ്പുകൂടിയേ ബാക്കിയുള്ളു.
ഈ അറിവ് ചന്ദ്രക്കലകളെ സൂക്ഷ്മമായി നിരീക്ഷിച്ചതുകൊണ്ട് കിട്ടിയ അറിവാണ്. കാരണം മാസത്തിലെ ആദ്യ ആഴ്ചയിലെ കലകള്‍ കണ്ടാല്‍ തന്നെ ആ മാസം എത്ര ദിവസങ്ങളുണ്ടെന്ന് അറിയാന്‍ കഴിയും. 22, 23 തിയ്യതികള്‍ നോക്കിയാല്‍ കൃത്യമായി അറിയാം. ചന്ദ്രന്‍ കലയുടെ ആകൃതിയിലാവുന്ന ദിവസം ഏതാണോ അടുത്ത ആഴ്ച അതേ ദിവസം പുതുമാസം ഒന്നാംതിയ്യതിയായിരിക്കും.
4. അമാനി മൗലവിയുടെ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ 10:5 ആയത്തിന്റെ വ്യാഖ്യാനത്തില്‍ മാസത്തിലെ അവസാന ദിവസം ചന്ദ്രനെ കാണുകയില്ല എന്നും ആദ്യമായി ചന്ദ്രക്കല കാണുന്നത് ഒന്നാമത്തെ ദിവസം സന്ധ്യക്കാണെന്ന് 36:39ന്റെ വ്യാഖ്യാനത്തിലും എഴുതിയിരിക്കുന്നത് തഫ്‌സീര്‍ പ്രസിദ്ധീകരിച്ചവര്‍ തന്നെ അംഗീകരിക്കാത്തതെന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല.
5. ഇബ്‌നു അബ്ബാസ്(റ)നോട് സംശയം ചോദിച്ചവരോട് നിങ്ങള്‍ കണ്ടത് ആ ദിവസത്തേക്കുള്ള കലയാണെന്നു വിശദീകരിച്ചു. ആശുറാഅ് എന്നാണെന്നു ചോദിച്ചവരോട് കാണുന്ന ദിവസം മുതല്‍ 9 ദിവസം എണ്ണി അടുത്ത ദിവസം നോമ്പെടുക്കാന്‍ പറഞ്ഞു. ആദ്യം കാണുന്നത് ഒന്നാംതിയ്യതിയാണെന്നര്‍ത്ഥം. ഇന്ന് കാണുന്നത് ഇന്നത്തെ തിയ്യതിയാണ്. നാളത്തേതല്ല.
6. ദുര്‍ബ്ബല ഹദീസുകളെ കൊണ്ട് ഖുര്‍ആനിനെയും സ്വഹീഹായ സുന്നത്തിനെയും ദുര്‍വ്യാഖ്യാനം ചെയ്യാന്‍ കഴിയില്ല. അതിനാല്‍ ''റുഅ്‌യ'' എന്ന് ചന്ദ്രമാസ നിര്‍ണയവുമായി ബന്ധപ്പെട്ട എല്ലാ പ്രയോഗങ്ങള്‍ക്കും അറിയുക, ബോധ്യപ്പെടുക എന്ന അര്‍ത്ഥം നല്‍കി ഖുര്‍ആനിനെ ബലപ്പെടുത്തുകയാണുവേണ്ടത്.
നബി(സ) നിരീക്ഷിച്ച പ്രകാരം ശഅബാനിനെ നിരീക്ഷിക്കാന്‍ എല്ലാ മുസ്‌ലിംകളും തയ്യാറാവുക. ഇക്കഴിഞ്ഞ 12.5.15 ചൊവ്വാഴ്ച പ്രഭാതത്തില്‍ റജബിലെ അര്‍ദ്ധ ചന്ദ്രനെ കലയുടെ ആകൃതി പൂണ്ട് കാണാന്‍ നമുക്ക് കഴിഞ്ഞു. അതിനാല്‍ അടുത്ത ചൊവ്വാഴ്ച(19.05.15) ശഅബാന്‍ ഒന്നാം തിയ്യതിയായിരുന്നു. ശഅബാന്‍ 7(25.5.15)ന് അര്‍ദ്ധചന്ദ്രനെയും 15ന് (2.6.15) പൂര്‍ണ ചന്ദ്രനെയും കാണാം. തുടര്‍ന്ന് 22(9.6.15) ന് പ്രഭാതത്തില്‍ അര്‍ദ്ധ ചന്ദ്രനെയും അടുത്ത ദിവസം 23ന് (10.6.15 ബുധനാഴ്ച) ചന്ദ്രന്‍ കല ആകൃതിയിലാവുന്നതും കാണാം. അതിനാല്‍ അടുത്ത ബുധനാഴ്ച (17.6.15) റമദാന്‍ ഒന്നായിരിക്കും. 15.6.15 തിങ്കളാഴ്ച പ്രഭാതത്തില്‍ കിഴക്കേ ചക്രവാളത്തില്‍ ഉര്‍ജ്ജൂനുല്‍ ഖദീം കാണാന്‍ കഴിയും. 16.6.15 ചൊവ്വാഴ്ച രാവിലെയും വൈകുന്നേരവും ചന്ദ്രനെ കാണുകയില്ല. അമാവാസി ദിവസമാണത്. അന്ന് ആഗോളസമയം 14.05ന് ന്യൂമൂണ്‍ സംഭവിക്കുന്നു. കേരളത്തില്‍ 10 മിനുട്ട് മുമ്പായി ചന്ദ്രന്‍ അസ്തമിക്കുമെങ്കിലും മക്കയ്ക്ക് നേരെ തെക്ക്(ഒരേ രേഖാംശം) മൊസാമ്പിക്കില്‍ 10 മിനുട്ട് കഴിഞ്ഞാണ് ചന്ദ്രന്‍ അസ്തമിക്കുക. സൗത്താഫ്രിക്കയിലും അമേരിക്കയിലും കൂടുതല്‍ സമയ വ്യത്യാസമുണ്ടാവും. അതായത് ന്യൂമൂണ്‍ സംഭവിച്ചു കഴിഞ്ഞ ഉടനെ പുതുമാസം പിറന്നു. വളരുന്ന ഹിലാല്‍ പ്രത്യക്ഷമായി എന്നു ഖണ്ഡിതമായി ഉറപ്പിക്കാം. അതിനാല്‍ 17.6.15 ബുധനാഴ്ച റമദാന്‍ ആരംഭിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. റമദാനിലെ കലകളും സൂക്ഷ്മമായി നിരീക്ഷിക്കുക. 8-ാം തിയ്യതിയിലാണു അര്‍ദ്ധ ചന്ദ്രനെ കാണാന്‍ കഴിയുക. പൂര്‍ണചന്ദ്രനാവുന്നത് 16-നാണ്. ഇതില്‍ നിന്നും ഈ വര്‍ഷം 30 ദിവസത്തെ വ്രതം ഉണ്ടാവുമെന്നുറപ്പാണ്. റമദാന്‍ 24 (10.07.10)വെള്ളിയാഴ്ച ചന്ദ്രന്‍ കലയുടെ ആകൃതിയില്‍ ആയിത്തിരുന്നു. അതിനാല്‍ അടുത്ത വെള്ളിയാഴ്ച ശവ്വാല്‍ 1 ആയിരിക്കും. 15.7.15 ബുധനാഴ്ച ഉര്‍ജൂനുല്‍ ഖദീം കാണാന്‍ സാധിക്കുന്നതാണ്. 16.7.15 വ്യാഴാഴ്ച ആഗോള സമയം 01.24ന് ന്യൂമൂണ്‍ ഉണ്ടാകുന്നു. അതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി 17.7.15 വെള്ളിയാഴ്ച ഈദുല്‍ഫിത്വര്‍ ആയിരിക്കുന്നതാണ്. ഒരു ദിവസം വൈകി റമദാന്‍ തുടങ്ങുന്ന കേരളീയര്‍ക്ക് 16.7.15ന് ഹിലാല്‍ കാണണം. 12 മണിക്കൂര്‍ പ്രായവും 13 മിനുട്ടിന്റെ അസ്തമയ വ്യത്യാസവും ഹിലാല്‍ കാണാന്‍ പര്യാപ്തമല്ല. അതിനാല്‍ ആരെങ്കിലും കണ്ടു എന്നു കളവു പറയേണ്ടിവരും. ലോകത്തോടൊപ്പം കേരളീയര്‍ക്ക് പെരുന്നാളാഘോഷിക്കാന്‍, ന്യൂമൂണെന്നാല്‍ നോമൂണ്‍ ആണെന്നു പറയുന്നവര്‍ക്ക് 16.7.15ന് എങ്ങിനെയാണ് ഹിലാല്‍ നോക്കാന്‍ ആഹ്വാനം ചെയ്യാന്‍ സാധിക്കുക? ഇസ്‌ലാം ഊഹങ്ങളുടെയും കളവിന്റെയും അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്നമതല്ല. പൗരോഹിത്യത്തിന്റെ നീക്കുപോക്ക് തീരുമാനങ്ങളും അംഗീകരിക്കാവതല്ല.
അതിനാല്‍ എല്ലാ തര്‍ക്കങ്ങളും അവസാനിപ്പിക്കാന്‍ ഖുര്‍ആനിലേക്ക് മടങ്ങുക. നബി(സ)യുടെ സുന്നത്ത് മുറുകെ പിടിക്കുക. ദീനില്‍ നിങ്ങള്‍ പൂര്‍ണമായും പ്രവേശിക്കുക. ഒരു മുസ്‌ലിമായിക്കൊണ്ടല്ലാതെ നിങ്ങള്‍ മരിക്കാന്‍ ഇടവരരുത്'' എന്ന അല്ലാഹു സു.തയുടെ മുന്നറിയിപ്പ് ഉള്‍ക്കൊള്ളുക.


സെക്രട്ടറി
ഹിജ്‌രി കമ്മിറ്റി ഓഫ് ഇന്ത്യ, കോഴിക്കോട് - 1  


Click here to view  pdf version

Scribd link  https://www.scribd.com/doc/267277773/Deenul-Qayyim-and-Islamic-Calendar 





No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.