Pages

Thursday, July 9, 2015

പെരുന്നാളിനു മൂന്നു ദിവസം ലഭിക്കണമെങ്കില്‍ - ജ. ടി. എ. ഷുക്കൂർ. Thejas Daily Thu, 9 Jul 2015 ,



പെരുന്നാളിനു മൂന്നു ദിവസം ലഭിക്കണമെങ്കില്‍ - ജ. ടി. എ. ഷുക്കൂർ.

Thejas Daily   Thu, 9 Jul 2015 , 


കക്ഷിഭേദമില്ലാതെ മുസ്‌ലിം സംഘടനാ പ്രതിനിധികള്‍ വഖ്‌ഫ്‌ ബോര്‍ഡ്‌ ചെയര്‍മാന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന്‌, സര്‍ക്കാരില്‍ നിന്ന്‌ ഉടനടി നിവൃത്തി ലഭിക്കേണ്‌ട ചില ആവശ്യങ്ങള്‍ മുമ്പോട്ടുവച്ചിരിക്കുന്നു. ഇതില്‍ ഏറ്റവും പ്രധാനം പെരുന്നാളുകള്‍ക്ക്‌ മൂന്നു ദിവസം അവധി അനുവദിക്കണമെന്ന ആവശ്യമാണ്‌. ദശാബ്ദങ്ങള്‍ പഴക്കമുള്ള ഈ ആവശ്യം എന്തുകൊണ്‌ടാണ്‌ അനുവദിക്കപ്പെടാത്തത്‌?
കേരള അസംബ്ലിയില്‍ ഒരു എം.എല്‍.എ. പെരുന്നാളിനു മൂന്നു ദിവസം അവധി വേണമെന്ന്‌ സബ്‌മിഷന്‍ ഉന്നയിച്ചിരുന്നു. അതിനു മുഖ്യമന്ത്രി പറഞ്ഞ മറുപടി, പെരുന്നാള്‍ തീരുമാനിക്കുന്നത്‌ ചന്ദ്രക്കല കാണുന്നതിന്റെ അടിസ്ഥാനത്തിലാണ്‌ എന്നതിനാല്‍ അവധി മുന്‍കൂട്ടി നിശ്ചയിക്കാന്‍ കഴിയില്ല എന്നാണ്‌. പ്രസ്‌തുത സാഹചര്യം ഇപ്പോഴും മാറിയിട്ടില്ലാത്തതിനാല്‍ എങ്ങനെയാണ്‌ മുഖ്യമന്ത്രിയോട്‌ മൂന്നു ദിവസം അവധി ചോദിക്കുക? അവധി ഏതൊക്കെ ദിവസങ്ങളില്‍ വേണം, പെരുന്നാള്‍ ഏതു ദിവസത്തിലായിരിക്കും എന്നീ കാര്യങ്ങളില്‍ വഖ്‌ഫ്‌ ബോര്‍ഡിന്‌ ഒരു ഏകീകൃത തീരുമാനം ആദ്യം ഉണ്‌ടാവേണ്‌ടതുണ്‌ട്‌. അതിനു ശേഷമേ മേല്‍ ഡിമാന്റ്‌ ഉന്നയിക്കാന്‍ കഴിയുകയുള്ളൂ.
ഖാസിമാര്‍ക്കും മതസംഘടനകള്‍ക്കും പലവിധ കാഴ്‌ചപ്പാടുകളാണ്‌ മാസപ്പിറവി സംബന്ധിച്ചുള്ളത്‌. ചിലര്‍ 29ാം തിയ്യതി പടിഞ്ഞാറേ ചക്രവാളത്തില്‍ സൂര്യാസ്‌തമയ ശേഷം ചന്ദ്രക്കല കണ്ണുകൊണ്‌ടു കാണലാണ്‌ മാസപ്പിറവിയെന്നു പറയുന്നു. മറ്റു ചിലര്‍ കണ്ണുകൊണ്‌ട്‌ കാണേണ്‌ടതില്ല, ചന്ദ്രന്‍ അവിടെ ഉണ്‌ടായാല്‍ മതിയെന്നു പറയുന്നു. മറ്റു ചിലര്‍ കണ്ണുകൊണ്‌ടു കാണാന്‍ ആവശ്യമായത്ര സമയം ചക്രവാളത്തില്‍ ചന്ദ്രന്റെ സാന്നിധ്യമുണ്‌ടാവണമെന്നു പറയുന്നു.
സര്‍വരെയും പ്രയാസത്തിലാക്കുന്ന ഒരു മതവിധി മാസപ്പിറവി നിര്‍ണയത്തിലുണേ്‌ടാ? ഗോളശാസ്‌ത്രംഇതംഗീകരിക്കുന്നുണേ്‌ടാ? ഒരിക്കലുമില്ല. കാരണം, കോടാനുകോടി നക്ഷത്രങ്ങളും ഗ്രഹങ്ങളും സൌരയൂഥവും ഭൂമിയും ചന്ദ്രനും അടങ്ങിയതാണ്‌ പ്രപഞ്ചം. പ്രകൃതിനിയമങ്ങള്‍ക്കു വിധേയമായി ജീവിക്കാനാണ്‌ സ്രഷ്ടാവ്‌ മനുഷ്യരോട്‌ കല്‍പ്പിച്ചിട്ടുള്ളത്‌. ദൈവത്തില്‍ നിന്ന്‌ അവതീര്‍ണമായ വേദഗ്രന്ഥങ്ങള്‍ പ്രപഞ്ചവ്യവസ്ഥയെ ഉള്‍ക്കൊള്ളുന്നതാണ്‌. ഈ മഹാപ്രപഞ്ച നിയമവ്യവസ്ഥയുടെ സത്തയാണ്‌ ഖുര്‍ആന്‍. അതിനാല്‍, ഖുര്‍ആന്‍ ഗോളശാസ്‌ത്ര നിയമങ്ങളെ പൂര്‍ണമായി അംഗീകരിക്കുന്നു. ഖുര്‍ആനിക നിയമങ്ങളും ഗോളശാസ്‌ത്രവും ഒരു നാണയത്തിന്റെ ഇരുപുറം പോലെ ഇഴചേര്‍ന്നുപോവുന്നതാണ്‌ കാണാന്‍ സാധിക്കുക. എങ്കില്‍പിന്നെ മാസപ്പിറവി മാത്രം യുക്തിരഹിതവും ഊഹങ്ങളെ അടിസ്ഥാനമാക്കിയുള്ളതാവുമോ?
ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ നോക്കി മനസ്സിലാക്കാനും ചന്ദ്രന്‍ ഓരോ ദിവസവും കാണിക്കുന്ന വലുപ്പവും സ്ഥാനവും നോക്കി തിയ്യതി നിശ്ചയിക്കാനുമാണ്‌ ഖുര്‍ആന്‍ 2: 189, 36: 39, 10: 05 വചനങ്ങളിലൂടെ കല്‍പ്പിച്ചിട്ടുള്ളത്‌. ഇതുതന്നെയാണ്‌ ഗോളശാസ്‌ത്രവും കണെ്‌ടത്തിയിട്ടുള്ളത്‌. ഈ തത്ത്വം മനസ്സിലാക്കുകയും ഒരിക്കലും ചന്ദ്രനെ കാണാന്‍ കഴിയാത്ത മാസത്തിലെ അവസാന ദിവസം ചന്ദ്രനെ തിരയാതിരിക്കാന്‍ ഖാസിമാരെയും പണ്ഡിത സംഘടനകളെയും വഖ്‌ഫ്‌ ബോര്‍ഡ്‌ ബോധ്യപ്പെടുത്തുകയും ചെയ്യേണ്‌ടതുണ്‌ട്‌. ഒരു ചന്ദ്രമാസത്തില്‍ 29 അല്ലെങ്കില്‍ 30 ദിവസമാണുണ്‌ടാവുക. ഇതില്‍ ഒന്നൊഴിച്ച്‌ (അവസാന ദിവസം) മറ്റെല്ലാ ദിവസവും ചന്ദ്രക്കല കാണാന്‍ സാധിക്കും. അതിനാല്‍, കാണാന്‍ കഴിയുന്ന എല്ലാ കലകളെയും നോക്കാനും കണ്‌ടു തിയ്യതി നിശ്ചയിക്കാനുമാണ്‌ ഖുര്‍ആന്‍ കല്‍പ്പിച്ചിട്ടുള്ളത്‌; ഒരിക്കലും കാണാന്‍ കഴിയാത്ത അമാവാസി ദിവസം നോക്കാനല്ല.
ഗോളശാസ്‌ത്രം വളരെയധികം പുരോഗമിച്ചിരിക്കുന്നു. ചന്ദ്രന്റെ ചലനങ്ങളെ സംബന്ധിച്ച്‌ കണക്കു കൂട്ടാനും എത്ര വര്‍ഷങ്ങള്‍ വേണമെങ്കിലും മുമ്പോട്ടോ പിന്നോട്ടോ കണക്കുകൂട്ടി കാലഗണന നടത്താനും ഇന്നു ശാസ്‌ത്രത്തിനു കഴിയും. ഭൂമിയുടെ ഓരോ രേഖാംശത്തിലും അക്ഷാംശത്തിലും ഉദയവും അസ്‌തമയവും ന്യൂമൂണ്‍, ക്വാര്‍ട്ടര്‍, പൌര്‍ണമി തുടങ്ങിയ ഘട്ടങ്ങളും രേഖപ്പെടുത്തിയ ശാസ്‌ത്രരേഖകള്‍ (നോട്ടിക്കല്‍ അല്‍മനാക്‌) ഓരോ രാഷ്ട്രവും പ്രസിദ്ധീകരിക്കുന്നുണ്‌ട്‌.
ഇന്ത്യയുടെ ഓരോ ഭൂപ്രദേശത്തുമുള്ള ഉദയാസ്‌തമയങ്ങള്‍ രേഖപ്പെടുത്തിയ അല്‍മനാക്‌ കേന്ദ്ര ഗവണ്‍മെന്റ്‌ സ്ഥാപനമായ ഡെറാഡൂണില്‍ സ്ഥിതിചെയ്യുന്ന നാഷനല്‍ ഹൈഡ്രോഗ്രാഫിക്‌ ഓഫിസ്‌ പ്രസിദ്ധീകരിക്കുന്നുണ്‌ട്‌. ഇതാണ്‌ ഇന്ത്യയുടെ ഔദ്യോഗിക ചന്ദ്ര കലണ്‌ടര്‍. നിര്‍ഭാഗ്യവശാല്‍ സംസ്ഥാന ഗവണ്‍മെന്റ്‌ ഇതില്‍ നിന്നു വ്യത്യസ്‌തമായ ഒരു ഊഹകലണ്‌ടറാണ്‌ സര്‍ക്കാര്‍ കലണ്‌ടറില്‍ രേഖപ്പെടുത്തുന്നത്‌. സര്‍ക്കാര്‍ അടിയന്തരമായി ഇത്‌ അവസാനിപ്പിക്കുകയും ഔദ്യോഗിക കലണ്‌ടര്‍ പ്രകാരം കേരള സംസ്ഥാന കലണ്‌ടര്‍ തയ്യാറാക്കുകയും വേണം.
മുസ്‌ലിം സംഘടനകളുടെ അഭിപ്രായവ്യത്യാസങ്ങളില്‍ കക്ഷിചേരേണ്‌ട ബാധ്യത സര്‍ക്കാരിനില്ല. ഇപ്പോള്‍ രേഖപ്പെടുത്തുന്ന തിയ്യതികള്‍ക്കനുസരിച്ചല്ല മുസ്‌ലിംകളുടെ മാസനിര്‍ണയം നടക്കുന്നത്‌. സര്‍ക്കാരിന്റെ ഉത്തരവാദപ്പെട്ട ഒരു പ്രസിദ്ധീകരണം ശാസ്‌ത്രീയവും സത്യസന്ധവുമാവേണ്‌ടതുണ്‌ട്‌. അപ്പോള്‍ സര്‍ക്കാരിനു യഥാര്‍ഥ തിയ്യതികളില്‍ മൂന്നു ദിവസം അവധി നല്‍കാന്‍ കലണ്‌ടറില്‍ രേഖപ്പെടുത്താന്‍ സാധിക്കുന്നതാണ്‌. പ്രസ്‌തുത മൂന്നു ദിവസങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ മുസ്‌ലിംകളുടെ ആഘോഷം വന്നുചേരും. ഇപ്പോള്‍ കേരള സര്‍ക്കാര്‍ കലണ്‌ടറുകളില്‍ ഹിജ്‌റ കലണ്‌ടര്‍ തിയ്യതികള്‍ രേഖപ്പെടുത്തുന്നത്‌ അശാസ്‌ത്രീയവും ഔദ്യോഗിക നിലപാടിനു വിരുദ്ധവുമായിട്ടാണ്‌.

http://www.thejasnews.com/index.jsp?tp=det&det=yes&news_id=201506109033025950






No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.