Pages

Saturday, June 4, 2016

ആഗോള ഹിജ്‌രി കലണ്ടര്‍ മുസ്‌ലിം ലോകം ഒന്നിക്കുന്നു - HCI CLT , Notice Ramadan 1437 (Jun 2016)





ആഗോള ഹിജ്‌രി കലണ്ടര്‍ മുസ്‌ലിം ലോകം ഒന്നിക്കുന്നു

കഴിഞ്ഞുപോയ കാല്‍ നൂറ്റാണ്ട് കാലം 'ഹിജ്‌രി കമ്മിറ്റി ഓഫ് ഇന്ത്യ' വി.ഖുര്‍ആനില്‍ സുവ്യക്തമായതും എന്നാല്‍ വിശ്വാസികളില്‍ നിന്നും നഷ്ടപ്പെട്ടുപോയതുമായ ഇസ്‌ലാമിക കലണ്ടറിനെ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുകയും ബോധനം നല്‍കുകയും ചെയ്തുവരുന്നു. സാധാരണക്കാരായ ആയിരങ്ങല്‍ ഖുര്‍ആന്‍ പഠിക്കുകയും ഹിജ്‌രി കലണ്ടര്‍ അംഗീകരിക്കുകയും ജീവിതം അതനുസരിച്ച് ചിട്ടപ്പെടുത്തുകയും നോമ്പും പെരുന്നാളുകളും മറ്റാഘോഷങ്ങളും നടത്തുകയും ചെയ്യുന്നു. എന്നാല്‍ കേരളത്തിലെ മുസ്‌ലിം പണ്ഡിതസഭകള്‍ ഖുര്‍ആനിക കലണ്ടര്‍ വ്യവസ്ഥയെ പഠിക്കാനും അംഗീകരിക്കാനും തയ്യാറാവുന്നില്ല എന്നു മാത്രമല്ല അന്ധമായി കലണ്ടറിനെ നിഷേധിക്കുകയുമാണ് ചെയ്യുന്നത്.

സന്തോഷകരമെന്നു പറയട്ടെ. ഇക്കഴിഞ്ഞ ശഅബാന്‍ 21, 22, 23(മെയ് 28, 29, 30) തിയ്യതികളില്‍ തുര്‍ക്കിയിലെ ഇസ്തംബൂളില്‍ തുര്‍ക്കി മതകാര്യവകുപ്പ് സംഘടിപ്പിച്ച 'ഹിജ്‌രി കലണ്ടര്‍ കോണ്‍ഗ്രസ്സ്' ലോകത്ത് ഏകീകരിച്ച ഒരു ചന്ദ്രമാസ കലണ്ടര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. മിക്കവാറും എല്ലാ രാജ്യങ്ങളിലേയും പ്രതിനിധികള്‍ പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുത്തു. ജ.എം. അലി മണിക്കുഫാനിന്റെയും ഹിജ്‌രി കമ്മിറ്റി ഓഫ് ഇന്ത്യയുടെയും കാല്‍നൂറ്റാണ്ടു കാലത്തെ പരിശ്രമം ഭാഗികമായെങ്കിലും വിജയിച്ചിരിക്കുന്നു. കലണ്ടറിന്റെ നിയമവും ഘടനയും ഖുര്‍ആന്‍ കല്‍പ്പനക്ക് വിധേയമായിരിക്കേണ്ടതുണ്ട്. ആയതിനായി ഹിജ്‌രി കമ്മിറ്റി തുടര്‍ന്നും പ്രവര്‍ത്തിക്കുന്നതാണ്. ലോകം കലണ്ടറിലേക്ക് മടങ്ങുമ്പോള്‍ കാപ്പാട് മോഡല്‍ കാഴ്ച അവസാനിപ്പിച്ച് ഹിജ്‌രി കമ്മിറ്റിയോടൊപ്പം ലോകത്തിന് മുമ്പെ നടക്കാന്‍ കേരള മുസ്‌ലിംകള്‍ തയ്യാറാവണമെന്ന് ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു.
നബി(സ)യോ ഖലീഫമാരോ 29-ാം തിയ്യതി സൂര്യാസ്തമയശേഷം പടിഞ്ഞാറെ ചക്രവാളത്തില്‍ ഹിലാല്‍ നോക്കുകയോ, കാണുകയോ നോക്കാന്‍ കല്പിക്കുകയോ ചെയ്തിട്ടില്ല. ഭാഷാ സംസ്ഥാനങ്ങള്‍ പ്രകാരം ആകാശത്തിന് അതിര്‍ത്ഥി നിശ്ചയിക്കുന്നതിനോ വടക്കും തെക്കും തിയ്യതി മാറ്റുന്നതിനോ ഖുര്‍ആനില്‍ നിന്നോ നബിചര്യയില്‍ നിന്നോ തെളിവു നല്‍കാന്‍ കഴിയുന്നില്ലെന്നുമാത്രമല്ല, ഖുര്‍ആന്‍ തഫ്‌സീറുകളില്‍ മാസത്തിലെ അവസാന രാത്രിയില്‍ ചന്ദ്രനെ കാണുകയില്ല എന്നു വ്യക്തമായി രേഖപ്പെടുത്തിയിട്ടും അതുസ്വീകരിക്കാനും ഇക്കാലത്തെ മുസ്‌ലിം പണ്ഡിതന്‍മാരും ഖാദിമാരും തയ്യാറാവുന്നില്ല. യൂനുസ് സൂറയിലെ 5-ാം ആയത്തിന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ മാസത്തിലെ അവസാനത്തെ ഒന്നോ രണ്ടോ രാത്രികളില്‍ ചന്ദ്രനെ കാണുകയില്ല എന്ന് വിശദീകരിച്ചിട്ടുണ്ട്.(ജലാലൈനി തഫ്‌സീര്‍ പരിഭാഷയും അമാനി മൗലവിയുടെ തഫ്‌സീറും നോക്കുക). 


എന്താണു നോക്കാന്‍ പറഞ്ഞത്?

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെയടുക്കല്‍ മാസങ്ങളുടെ എണ്ണം 12 ആകുന്നു. അവയില്‍ 4 മാസം പവിത്രങ്ങളാകുന്നു. അതാണ് ദീനുല്‍ ഖയ്യിമു(9:36). നബി(സ)യുടെ വിശദീകരണത്തില്‍ നിന്നും മേല്‍പ്പറഞ്ഞ മാസങ്ങള്‍ ചന്ദ്രമാസങ്ങളാണെന്നു വ്യക്തമായി. എങ്കില്‍ എന്തുകൊണ്ട് ദീനുല്‍ ഖയ്യിമാണെന്നു അല്ലാഹു പറഞ്ഞ കലണ്ടറിനെ മുസ്‌ലിംകള്‍ സ്വീകരിക്കുന്നില്ല. നേരായ, വക്രതയില്ലാത്തതും പരലോക വിചാരണയില്‍(യൗമുദ്ദീന്‍) ചോദ്യം ചെയ്യപ്പെടുന്നതുമാണ് കലണ്ടര്‍ വിഷയമെന്നു ഞങ്ങള്‍ വീണ്ടും ഉണര്‍ത്തുന്നു. മുസ്‌ലിംകള്‍ ഈ കലണ്ടര്‍ പുനഃസ്ഥാപിച്ചേ തീരൂ.

ചന്ദ്രക്കലകള്‍(അഹില്ല) ജനങ്ങള്‍ക്ക് പൊതുവിലും മുസ്‌ലിംകള്‍ക്ക് ഹജ്ജിന്റെയും കാലം(തിയ്യതികള്‍ - മവാഖീത്ത്) കാണിക്കുന്നു(2:189). ഹിലാലിനെകുറിച്ചല്ല അഹില്ല(വൃദ്ധിക്ഷയങ്ങള്‍) തിയ്യതി എന്നല്ല തിയ്യതികള്‍(മവാഖീത്ത്) എന്നാണ് ഖുര്‍ആനിലുള്ളത്. ചന്ദ്രന്റെ ദൃശ്യമാവുന്നതും കാണാന്‍ കഴിയുന്നതുമായ എല്ലാ കലകളും നോക്കി അതതുദിവസത്തെ തിയ്യതി നിശ്ചയിക്കണമെന്നാണ് ഖുര്‍ആന്‍ ഇവിടെ കല്‍പ്പിക്കുന്നത്. ഓരോ ചന്ദ്രക്കലക്കും ഒരു സ്ഥാനമുണ്ട്. ഇതാണു മന്‍സില്‍. ഖുര്‍ആന്‍ പറയുന്നത് ചന്ദ്രന്ന് വിവിധ ഘട്ടങ്ങള്‍(മനാസില്‍) നിശ്ചയിച്ചിരിക്കുന്നു. അതിലൂടെ കടന്നുപോയി ചന്ദ്രന്‍ ഉണങ്ങിവളഞ്ഞ ഈത്തപ്പനയുടെ പഴകിയതണ്ടുപോലെ (ഉര്‍ജ്ജൂനുല്‍ഖദീം) ആയിത്തീരുന്നു.''(36:39).
മേല്‍ രണ്ടായത്തുകളും ഒരുമിച്ചുവായിക്കുക. ചന്ദ്രന്ന് 30 കലകള്‍ ഉണ്ടെങ്കില്‍ 30 മണ്ഡലങ്ങളും ഉണ്ടായിരിക്കും. അതില്‍ അവസാനത്തെ മണ്ഡലത്തില്‍ ചന്ദ്രനെത്തുമ്പോള്‍ പ്രസ്തുത കല കാണുകയില്ല. 29 കലകളുള്ള മാസത്തില്‍ 28 കലകള്‍ കാണാന്‍ കഴിയുന്നതാണ്. അവസാനദിവസം രാവിലെയും വൈകുന്നേരവും ചന്ദ്രക്കല കാണുകയില്ല. പ്രസ്തുത ദിവസം സൂര്യനും ഭൂമിക്കുമിടയില്‍കൂടി ചന്ദ്രന്‍ മറികടക്കുന്നതാണ്(36: 40)സൂര്യനും ചന്ദ്രനും ഒരേ മന്‍സിലില്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന ദിവസം, ഈ ദിവസം ചന്ദ്രനെ ഭൂമിയില്‍ നിന്നും കാണുകയില്ല എന്നതാണ് മുഫസ്സിരീങ്ങള്‍ പറഞ്ഞിട്ടുള്ളത്. അവസാനമായി കണ്ണുകൊണ്ടു കാണുന്ന കലയെയാണ് ഉര്‍ജ്ജൂനുല്‍ ഖദീം എന്നു പറഞ്ഞിട്ടുള്ളത്. ഉര്‍ജ്ജൂനുല്‍ ഖദീം കാണുകയും അടുത്തദിവസം ഭൂമിയിലൊരിടത്തുനിന്നും ചന്ദ്രനെ കാണാതാവുകയും ചെയ്താല്‍ പ്രസ്തുതദിവസം മാസം അവസാനിച്ചതായി കണക്കാക്കണം. 'ഉദിച്ചുയരുന്ന സൂര്യനും അതിന്റെ പ്രഭയും തന്നെയാണു സത്യം, അതിനെ തുടര്‍ന്നുവരുന്ന ചന്ദ്രന്‍ തന്നെയാണുസത്യം'(91:02). ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് ഇബ്‌നു കസീര്‍ തഫ്‌സീറില്‍ ഒരു ശാസ്ത്രപണ്ഡിതനെ ഉദ്ധരിക്കുന്നുണ്ട്. അദ്ദേഹം പറയുന്നത് ഒരു മാസത്തില്‍ ആദ്യപകുതിയില്‍ ആദ്യം ഉദിക്കുന്നതും അസ്തമിക്കുന്നതും സൂര്യനായിരിക്കും. ചന്ദ്രന്‍ അതിനെ തുടര്‍ന്നാണ് ഉദിക്കുന്നതും അസ്തമിക്കുന്നതും. രണ്ടാം പാതിയില്‍ ആദ്യം ഉദിക്കുന്നതും അസ്തമിക്കുന്നതും ചന്ദ്രനായിരിക്കും. സൂര്യന്‍ പിന്നാലെയായിരിക്കും.

ഒരു മാസത്തില്‍ അവസാനം കാണുന്ന കല കിഴക്കെ ചക്രവാളത്തില്‍ പ്രഭാതത്തോടടുത്ത സമയത്താണ്. ഇതാണു ഉര്‍ജ്ജനുല്‍ ഖദീം. ഒന്നാം തിയ്യതി ഹിലാല്‍ സന്ധ്യക്ക് കാണുന്നു. ഇതിന്നിടയില്‍ ചന്ദ്രനെ തീരെ കാണാത്ത ദിവസം - അമാവാസി. ഇങ്ങനെ ഭൂമിയില്‍ നിന്നും ചന്ദ്രനെ കാണാതാവുന്ന ദിവസം മാസം അവസാനിച്ചതായി കണക്കാക്കണം എന്നാണ് നബി(സ) പഠിപ്പിച്ചിട്ടുള്ളത്. ഒന്നാം തിയ്യതി സന്ധ്യക്ക് പടിഞ്ഞാറില്‍ കാണുന്ന ഒന്നാം മന്‍സിലിലെ ഒന്നാം ഹിലാല്‍ മുതല്‍ 28ന്നോ 29ന്നോ കിഴക്കെ ചക്രവാളത്തില്‍ പ്രഭാതത്തില്‍ കാണുന്ന 'ഉര്‍ജ്ജൂനുല്‍ ഖദീം' വരെയുള്ള എല്ലാ കലകളെയും നോക്കുകയും കാണുകയും തിയ്യതി കണക്കാക്കുകയും ചെയ്ത് ചന്ദ്രനെ കാണാതാവുന്ന അമാവാസി ദിവസം മാസത്തിന്റെ അവസാനമായി കണക്കാക്കി അടുത്തദിവസം പുതുമാസം തുടങ്ങുന്ന തികച്ചും പ്രകൃതിദത്തവും ലോകത്തെല്ലായിടത്തും തിയ്യതി ഏകീകരിക്കാന്‍ കഴിയുന്നതുമായ സംവിധാനത്തെ അടിസ്ഥാനാക്കാനള്ള കല്പനയാണ് 'ജഅലല്ലാഹുല്‍ അഹില്ലത്ത മവാഖീത്തന്‍ സൂമൂലി-റുഅ്‌യതിഹി വ ഇഫ്തറുലി റുഅ്‌യതിഹി ഫഇന്‍ ഗുമ്മ വഖദ്ദറുഹൂ' എന്ന ഹദിസ് നല്‍കുന്നത്.
സൂറഃ യൂനുസ് 5-ാം ആയത്തില്‍ ചന്ദ്രന്ന് മണ്ഡലങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് അവയുടെ പ്രായത്തിന്റെ എണ്ണം അറിയുന്നതിനും കണക്കുകൂട്ടുന്നതിനും വേണ്ടി  എന്നുപറയുന്നു. ഓരോ ഹിലാലിന്നും ഓരോ നിശ്ചിത മന്‍സില്‍. കലണ്ടറില്‍ തിയ്യതി നോക്കുന്നതുപോലെ ആകാശത്ത് ചന്ദ്രന്‍ ഏതു മന്‍സിലിലാണെന്ന് നോക്കി തിയ്യതി പറയാന്‍ കഴിയുന്ന വിധത്തില്‍ അല്ലാഹു അത് സംവിധാനിച്ചിരിക്കുന്നു. ചന്ദ്രന്‍ ഏതു മന്‍സിലിലാണെന്ന് അളന്നു തിട്ടപ്പെടുത്താവുന്നതാണ്. ആയതിനുള്ള ഭൗതിക വിജ്ഞാനം കരഗതമാവുകയും ഉപകരണങ്ങള്‍ കണ്ടുപിടിക്കുകകയും ചെയ്താല്‍ കണക്കുകൂട്ടി തിയ്യതി നിശ്ചയിക്കാം എന്നാണ് ഖുര്‍ആന്‍ ആശയം. ''സൂര്യനും ചന്ദ്രനും കണക്കനുസരിച്ചാവുന്നു''(സഞ്ചരിക്കുന്നത്)(55:05) എന്നു പറഞ്ഞ ഖുര്‍ആന്‍ ചന്ദ്രന്റെ മന്‍സില്‍ 'ഹിസാബ്' നടത്താനുള്ള  അറിവ് നല്‍കുന്നതായും പറഞ്ഞിരിക്കുന്നു(10:5). ഇതില്‍ നിന്നും കണക്കുകൂട്ടി കലണ്ടറുണ്ടാക്കണമെന്നും കലണ്ടറനുസരിച്ച് നോമ്പും പെരുന്നാളുകളും ഹജ്ജും സക്കാത്തും അനുഷ്ഠിക്കണമെന്നും ആയത് ദീനുല്‍ ഖയ്യിമാണെന്നും അതിനാല്‍ നിര്‍ബന്ധമാണെന്നും വ്യക്തമായിരിക്കുന്നു.

അല്ലാഹു(സു.ത)വിന്റെ വിധിയനുസരിച്ച് 1437 ശഅബാന്‍ മാസം 30 ദിവസങ്ങളുണ്ട്. 4.06.16 ശനിയാഴ്ച ശഅബാനിലെ ഉര്‍ജ്ജൂനുല്‍ ഖദീം കാണാവുന്നതാണ്. 05.06.16 ഞായറാഴ്ച രാവിലെയും വൈകുന്നേരവും ചന്ദ്രനെ കാണുകയില്ല. അമാവാസിയാണ്. അടുത്തദിവസം 06.06.16 തിങ്കളാഴ്ച റമളാന്‍ ഒന്നാം ദിവസമായിരിക്കുന്നതാണ്. ഈ വര്‍ഷം റമളാനില്‍ 29 ദിവസങ്ങളേയുള്ളൂ. 03.07.16 ന് ഉര്‍ജ്ജൂനുല്‍ ഖദീം കാണാവുന്നതാണ്. 04.07.2016 തിങ്കളാഴ്ച അമാവാസിയാണ്. അന്ന് ആഗോള സമയം 11.01 ന് പുതുചന്ദ്രന്‍ പിറക്കുന്നു. 2016 ജൂലൈ 05 ചൊവ്വാഴ്ച ശവ്വാല്‍ ഒന്ന് - ഈദുല്‍ ഫിത്വര്‍ ആയിരിക്കുന്നതാണ്. ഹിജ്‌രി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഈദ്ഗാഹുകള്‍ ഉണ്ടായിരിക്കുന്നതാണ്. 

സെക്രട്ടറി
ഹിജ്‌രി കമ്മിറ്റി ഓഫ് ഇന്ത്യ
എസ്.എം.സ്ട്രീറ്റ്, കോഴിക്കോട് - 1



1437 റമദാന്‍ ഒന്ന് 2016 ജൂണ്‍ 6 തിങ്കള്‍

ശവ്വാല്‍ ഒന്ന് ഈദുല്‍ഫിത്വര്‍ - 2016 ജൂലൈ 5 ചൊവ്വ
ഈദ്ഗാഹ് രാവിലെ 8.15: സ്‌നേഹാഞ്ജലി കമ്മ്യൂണിറ്റി ഹാള്‍, കല്ലായ് റോഡ്, കോഴിക്കോട്‌


PDF version click here

pmd file for print click here




No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.