Friday, June 23, 2017

ഈദുൽ ഫിത്വർ ഞായറാഴ്ച (25.06.2017) - HCI CLT Notice

ഈദുൽ ഫിത്വർ ഞായറാഴ്ച (25.06.2017)

ഈ വർഷത്തെ ഈദുൽ ഫിത്വർ 25.06.2017 ഞായറാഴ്ച ആണെന്ന് അറിയിച്ചുകൊള്ളുന്നു. വിശുദ്ധ ഖുർആൻ സൂക്തം 9:36 സൂചിപ്പിക്കുന്ന ഇസ്‌ലാമിക കലണ്ടറിന്റെയും സൂക്തം 2:189 ൽ പരാമർശിക്കുന്ന വൃദ്ധിക്ഷയങ്ങളുടെ നിരീക്ഷണങ്ങളുടെയും അടിസ്ഥാനങ്ങളിലാണ് ഈ തീരുമാനം. ഇസ്‌ലാം പ്രകൃതി മതമാണ്. പ്രായോഗിക മതവുമാണ്. ഇസ്‌ലാമിൽ ഒരു കലണ്ടർ സംവിധാനമുണ്ട്. അത് ഹിജ്ജത്തുൽ വദാഇൽ കൽപ്പിക്കപ്പെട്ടതും ഉമർ(റ) യുടെ ഭരണകാലത്ത് പ്രയോഗത്തിൽ വന്നതുമാണ്.

ദൗർഭാഗ്യകരമാണെന്ന് പറയട്ടെ സമകാലീന മുസ്‌ലിം നേതൃത്വം ഈ വിഷയത്തിൽ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. ഇസ്‌ലാമിക കലണ്ടർ അവർക്ക് ഒരു വിഷയമേ അല്ല. ഒരു മാസത്തിന്റെ 29-ാം ദിവസം സൂര്യാസ്തമയത്തിന് ശേഷം പടിഞ്ഞാറൻ ചക്രവാളത്തിൽ അസ്തമിച്ചുകൊണ്ടിരിക്കുന്ന ചന്ദ്രനെ നോക്കിയാണ് അവർ പുതിയ മാസം ആരംഭിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. എന്നാൽ അതുപോലും സത്യസന്ധമായി ചെയ്യുന്നുമില്ല എന്നതാണ് യാഥാർത്ഥ്യം. പലപ്പോഴും ചന്ദ്രക്കല കാണൽ അസാധ്യമായ ദിവസങ്ങളിൽ ചന്ദ്രക്കല കണ്ടതായി പ്രഖ്യാപിക്കുകയും നോമ്പ് പെരുന്നാൾ മുതലായ സുപ്രധാനമായ ആരാധന കാര്യങ്ങൾ തീരുമാനിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ കേരളത്തേക്കാൾ ഒന്നോ, രണ്ടോ തിയ്യതികൾ പിന്നിലായിരിക്കും. ഇത് അവിടത്തെ മുസ്‌ലിംകൾ പിന്നോക്കമായതുകൊണ്ടല്ല, മറിച്ച് അവർ സത്യസന്ധരായതുകൊണ്ടാണ്. ഈ വർഷത്തെ റമദാൻ ആരംഭിച്ചത് കാപ്പാട് ഉണ്ടായതായി പറയപ്പെടുന്ന തെറ്റായ അസാധ്യമായ കാഴ്ചയുടെ അടിസ്ഥാനത്തിലാണ്. ഇന്ത്യയിലെ വിസ്തൃതമായ കടപ്പുറങ്ങളിലൊന്നും കാണാൻ സാധിക്കാത്ത ചന്ദ്രക്കല സ്ഥിരമായി കാപ്പാട് മാത്രം കാണുന്നതിന്റെ യുക്തിയെന്താണ്? ഇനി ശവ്വാൽ മാസപ്പിറവിക്ക് വേണ്ടി മുസ്‌ലിം കേരളം കാത്തിരിക്കുന്നത് 24.06.2017 ശനിയാഴ്ചയാണ് അന്നാണ് അവരുടെ റമദാൻ 29. അന്ന് കേരളത്തിൽ എവിടെയും ഹിലാൽ കാണാൻ സാധ്യമല്ല. കറുത്ത വാവ് എന്നാൽ ചന്ദ്രനെ കാണാത്ത ദിവസം എന്നാണർത്ഥം..  അന്ന് ആരെങ്കിലും ഹിലാൽ കണ്ടു എന്ന് പറഞ്ഞാൽ അത് കളവ് മാത്രമായിരിക്കും. അതിനാൽ ഇത്തരമൊരു കളവിന്റെ അടിസ്ഥാനത്തിൽ റമദാനിലെ വ്രതം അവസാനിപ്പിക്കുകയും ഈദുൽ ഫിത്വർ ആഘോഷിക്കുകയും ചെയ്യണമോ എന്നു തീരുമാനിക്കേണ്ടത് മുസ്‌ലിം ജനസാമാന്യവും അതിന്റെ നേതൃത്വവുമാണ്.
മേൽ സൂചിപ്പിച്ചതുപോലുള്ള മാസം കാണൽ മൂലം ഉണ്ടാവുന്നത് വിവിധ സ്ഥലങ്ങളിൽ വിവിധ തിയ്യതികൾ എന്ന വിരോധാഭാസമാണ്. ഇത്തവണത്തെ റമദാൻ ആരംഭിച്ചത് കേരളത്തിൽ ശനിയാഴ്ച ഉത്തരേന്ത്യയിൽ ഞായറാഴ്ച ലക്ഷദ്വീപിൽ തിങ്കളാഴ്ച എന്നിങ്ങനെയാണ്. ഈ പരിഹാസ്യമായ സ്ഥിതിവിശേഷത്തിന് ഒരു മാറ്റം വേണ്ടേ? വിശുദ്ധ ഖുർആന്റെ അധ്യാപനങ്ങളിലേക്കും സുന്നത്തിന്റെ ചൈതന്യത്തിലേക്കും മടങ്ങി വരിക എന്നതാണ് അതിനുള്ള പരിഹാരം. വിശുദ്ധ ഖുർആൻ 2:189 ൽ പരാമർശിച്ചതുപോലെ ചന്ദ്രക്കലകളെ തുടർച്ചയായി നിരീക്ഷിച്ചാൽ നമുക്ക് കൃത്യമായ തിയ്യതികൾ ലഭിക്കും. ഈ മാസം ഇനിയുള്ള ദിവസങ്ങളിൽ ഫജർ നമസ്‌കാരത്തിനും സൂര്യോദയത്തിനും ഇടയിലുള്ള സമയത്ത് കിഴക്കൻ ചക്രവാളത്തിലേക്ക് നോക്കിയാൽ അനുദിനം ചെറുതായിക്കൊണ്ടിരിക്കുന്ന ചന്ദ്രനെ കാണാം. 23.06.17 വെള്ളിയാഴ്ച ഉർജൂനുൽ ഖദീം പോലെയുള്ളത് എന്ന് ഖുർആൻ വിശേഷിപ്പിച്ചിട്ടുള്ള മാസത്തിലെ കാണാൻ കഴിയുന്ന ഏറ്റവും അവസാനത്തെ ചന്ദ്രക്കലയും കാണാം. ശനിയാഴ്ച ചന്ദ്രക്കല ദൃശ്യമല്ല. അത് മാസത്തിന്റെ അവസാനത്തെ ദിവസമാണ്. അടുത്ത ദിവസം ഞായറാഴ്ച പുതിയ മാസം ആരംഭിക്കുന്നു. വളരെ ലളിതമാണ് ഈ വ്യവസ്ഥ. ആർക്കും പരീക്ഷിച്ചുനോക്കാവുന്നതുമാണ്. ശാസ്ത്രീയ ചന്ദ്ര കലണ്ടർ അനുസരിച്ച് ശനിയാഴ്ച ന്യൂമൂൺ ദിവസമാണ്. അന്ന് മാസത്തിന്റെ  അവസാനമാണ്. ഞായറാഴ്ച പുതിയ മാസം ആരംഭിക്കുന്നു. അങ്ങനെ ചന്ദ്രനിരീക്ഷണവും ശാസ്ത്ര കലണ്ടറും സമന്വയിക്കുന്ന വിഷയമാണിത്. ഇത് ഒരു ആഗോള കലണ്ടർ ആണ്. ലോകത്ത് എവിടെയും ഒരു ദിവസത്തിന് ഒരു തിയ്യതിയെ ഉണ്ടാകൂ. ആഗോള മതത്തിന് അഭികാമ്യം ആഗോള കലണ്ടറല്ലെ. അതിനാൽ ഞങ്ങൾക്ക് വിനീതമായി അഭ്യർത്ഥിക്കാനുള്ളത് ഇപ്പോഴുള്ള മാസം കാണൽ പരിപാടി അവസാനിപ്പിച്ച് ഹിജ്‌രി കലണ്ടറിലേക്ക് മുസ്‌ലിം സമൂഹം മടങ്ങണമെന്നാണ്. സമുദായത്തിന്റെ പൂർവ്വ പ്രതാപത്തിലേക്കുള്ള തിരിച്ചുപോക്കിന് അനിവാര്യമാണ് അത്തരമൊരു നടപടി.

ശവ്വാൽ ഒന്ന് 25.6.2017 ഞായറാഴ്ച കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഈദുഗാഹുകൾ ഉണ്ടായിരിക്കുന്നതാണ്. അന്ന് കേരളത്തിലെ എല്ലാ മുസ്‌ലിം സംഘടനകളും ഒന്നടങ്കം ഈദ് ആഘോഷിക്കുന്നുവെങ്കിൽ ഹിജ്‌റ കമ്മിറ്റി ഈദുഗാഹുകൾ ഉണ്ടാവുന്നതല്ല.

സെക്രട്ടറി
ഹിജ്‌റ കമ്മിറ്റി ഓഫ്  ഇന്ത്യ
കോഴിക്കോട്.


No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.