Pages

Sunday, June 10, 2018

മാസനിര്‍ണയത്തിലെ മറിമായം , ടി.അബ്ദുഷുക്കൂര്‍ (റമദാൻ 1439 - ജൂൺ 2018)




മാസനിര്‍ണയത്തിലെ മറിമായം

ടി.അബ്ദുഷുക്കൂര്‍


റമദാന്‍ മാസപ്പിറവി എന്നും വിവാദ വിഷയമാണ്. എന്നാണ് ഇതിന്നൊരവസാനമുണ്ടാവുക. പുതു മാസം പിറന്നിട്ടും സൂര്യാസ്തമയശേഷം രണ്ടു മിനിട്ട് കഴിഞ്ഞ ശേഷം ചന്ദ്രന്‍ അസ്തമിച്ചിട്ടും സഊദിഅറേബ്യ അവരുടെ  പ്രഖ്യാപിത മാനദണ്ഡം മാറ്റിവെച്ച് ഹിലാല്‍ കണ്ടില്ലെന്നു പറഞ്ഞ് നോമ്പ്  വ്യാഴാഴ്ചയിലേക്കു മാറ്റി. ഇന്ത്യ, (കേരളമൊഴികെ) ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ വെള്ളിയാഴ്ചയാണ് റമദാന്‍ തുടങ്ങിയത്. തുര്‍ക്കിയും അവരെ പിന്തുടരുന്ന 12 യൂറോപ്യന്‍ രാജ്യങ്ങളും വടക്കെ അമേരിക്കയിലെ മുസ്ലീംകളെ  പ്രതിനിധാനം ചെയ്യുന്ന ഏറ്റവും വലിയ സംഘടനയായ ISNA  യും FCNA യും  ബുധനാഴ്ച നോമ്പെടുത്തിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ ഇതൊരു തര്‍ക്കമെ ആവുന്നില്ല. മൗലികമായ  വിഷയം ഇന്ന് മുസ്ലിം ലോകം അനുഷ്ടിച്ചു വരുന്ന മാസനിര്‍ണയ രീതി നബി(സ)യുടെ സുന്നത്തിനോട് യോജിക്കുന്നുണ്ടോ എന്നതാണ്.

'29-ാം തിയ്യതി പടിഞ്ഞാറെ ചക്രവാളത്തില്‍ ഹിലാല്‍ കണ്ടാല്‍ അടുത്തദിവസം ഒന്നാം തീയ്യതി കണ്ടില്ലെങ്കില്‍ 30 ദിവസം പൂര്‍ത്തിയാക്കുക'. ഇതാണ് മുസ്ലിം ലോകത്തിന്‍റെ പൊതുവായ തീരുമാനം. നവീന ഗോളശാസ്ത്രവിജ്ഞാനങ്ങള്‍ 29-ാം തിയ്യതിയിലെ കാഴ്ച നിഷേധിക്കുന്നതിനാല്‍ പണ്ഡിതലോകം ആകെ ആശയക്കുഴപ്പത്തിലാണ്. ഇതിന്നുപകരമായി മുസ്ലീം  നേതൃത്വം ഹിലാല്‍ കാണാതെതന്നെ കണ്ടു എന്ന കള്ള സാക്ഷ്യം ഉണ്ടാക്കാന്‍ തുടങ്ങി. അതിന്നായി മാസക്കോയമാരെ സൃഷ്ടിച്ചു. ഈ  ആശയക്കുഴപ്പത്തിനുള്ള പരിഹാരം തേടിയപ്പോഴാണ് ബഹു: അലിമണിക്കുഫാനും ഹിജ്റ കമ്മിറ്റിയും വിശുദ്ധഖുര്‍ആനിന്‍റെ സത്തയില്‍ നിന്നും നബിചര്യയില്‍ നിന്നും യഥാര്‍ത്ഥ മതവിധി കണ്ടെത്തിയത്. ദീനീവിഷയത്തില്‍ സംശയമുണ്ടായാല്‍ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങാനാണല്ലോ വിധി.

                29-ാം നു സന്ധ്യയ്ക്ക് പടിഞ്ഞാറെ ചക്രവാളത്തില്‍ കല നോക്കുന്നതില്‍ മൂന്നു ഗൗരവമേറിയ പ്രശ്നങ്ങളുണ്ട്.
1. ചന്ദ്രമാസം 29നു സന്ധ്യക്ക് പടിഞ്ഞാറില്‍ ചന്ദ്രക്കല കണ്ണു കൊണ്ടു കാണാന്‍ സാധിക്കുമൊ?
2. നബി (സ) തന്‍റെ ജീവിതത്തില്‍ ഒരിക്കലെങ്കിലും 29നു സൂര്യാസ്തമയശേഷം ഹിലാല്‍ നോക്കുകയും  കാണുകയും ചെയ്തിട്ടുണ്ടോ? ഹിലാല്‍ നോക്കാന്‍ ആളുകളെ ചുമതലപ്പെടു ത്തിയിട്ടുണ്ടോ? മാസം കാണാന്‍ പോകുന്നയാള്‍ക്ക് നമസ്കാരം പിന്തിക്കാമോ?  മാസം കാണുന്നയാള്‍ക്ക് പ്രതിഫലം പറഞ്ഞിട്ടുണ്ടോ?
3. 29 - നു ഏതെങ്കിലും മാസത്തില്‍ ഹിലാല്‍  ജനിക്കുമൊ. പുതുമാസം  പിറക്കുമൊ? പിറക്കുമെങ്കില്‍ അതെങ്ങിനെ കണ്ടു പിടിക്കാം.

വിശദീകരണം
1. 29-നു മിക്കവാറും പടിഞ്ഞാറെ അര്‍ദ്ധഗോളത്തില്‍ എവിടെയെങ്കിലും വെച്ച് മാസപ്പിറവി സംഭവിക്കാം. ഉദാ:1439 ശഅബാന്‍ 29നു 11.48 UT യില്‍ അതായത് ഗ്രീനിച്ച് രേഖക്കു അടുത്ത് വെച്ച് മാസപ്പിറവി സംഭവിക്കുന്നു. ഇത് സംഭവിക്കുന്ന സ്ഥലത്ത് സൂര്യന്‍ അസ്തമിച്ച് 12 മിനുട്ട് കഴിഞ്ഞ ശേഷം ചന്ദ്രന്‍ അസ്തമിക്കുന്നു. കേരളത്തില്‍ സൂര്യനു ഒരു മിനിട്ടു മുമ്പ് ചന്ദ്രന്‍ അസ്തമിക്കുന്നു.. മക്കയില്‍ സൂര്യനസ്തമിച്ച് രണ്ടു മിനിട്ട് കഴിഞ്ഞശേഷം ചന്ദ്രന്‍ അസ്തമിച്ചു. അമേരിക്കയില്‍ 24 മിനുട്ട് കഴിഞ്ഞാണ് ചന്ദ്രാസ്തമയം. സൂര്യനും ചന്ദ്രനും തമ്മിലുള്ള കോണകലം 8 ഡിഗ്രിയില്‍ താഴെയാണ്. സൂര്യനും ചന്ദ്രനും ഒരേ മന്‍സിലിലാണുള്ളത്. അതിനാല്‍ കണ്ണുകൊണ്ട് 29നു ചന്ദ്രക്കലകാണുകയില്ല. അടുത്ത ദിവസം ഒന്നാം തീയ്യതി സന്ധ്യക്ക് ലോകത്തെല്ലായിടത്തും ചന്ദ്രക്കല കാണാം. ആദ്യമായി കല കാണുന്നത് ഒന്നാം തീയതിയിലാണ്. മാസാവസാനത്തിലെ ഒന്നൊ രണ്ടൊ രാത്രികളില്‍ ചന്ദ്രക്കല കാണുകയില്ല എന്ന് ജലാലൈനി, അമാനി തഫ്സീറുകളില്‍ രേഖ പ്പെടുത്തിയിട്ടുണ്ട്. ആദ്യമായി കല കാണുന്നത് ഒന്നാം ദിവസത്തിലാണെന്നും അമാനി മൗലവി വ്യക്തമാക്കിയിട്ടുണ്ട്. ഇത്രയും  പറഞ്ഞതില്‍ നിന്നും മനസ്സിലാകുന്നത് മുസ്ലീം ലോകം മാസപ്പിറവി നിര്‍ണയത്തിനു സ്വീകരിച്ചിരിക്കുന്ന മാനദണ്ഡം പ്രമാണവിരുദ്ധവും അശാസ്ത്രീയവുമാണ് എന്നാണ്.
2. ആയിശ(റ)വിനോട് നബി(സ)യുടെ ജീവിതം എങ്ങിനെയായിരുന്നു എന്നു ചോദിക്കപ്പെട്ടു. നബിയുടെ ജീവിതം ഖുര്‍ആന്‍ ആയിരുന്നു എന്നാണ് ആയിശ(റ) പറഞ്ഞ മറുപടി. ഖുര്‍ആന്‍ കല്പന പ്രകാരം നബി(സ) എങ്ങിനെ മാസപ്പിറവി നിശ്ചയിച്ചു. ആയത്തുകളും ഹദീസുകളും പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത് പ്രഥമചന്ദ്രക്കലയായ ഹിലാലിനെ സംബന്ധിച്ച് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നേയില്ല. ചന്ദ്രക്കലകള്‍ എന്ന ബഹുവചനത്തില്‍ അഹില്ല എന്നാണു പറഞ്ഞിട്ടുള്ളത്. ഏകമായ ഒരു കലയെ സംബന്ധിച്ചു പറയുന്നത് അവസാനം കാണുന്ന കലയെ സംബന്ധിച്ചാണ്. 'ഉര്‍ജ്ജൂനുല്‍ഖദീം' എന്ന് യാസീന്‍ 39-ാം ആയത്തില്‍ അതിനെ പറഞ്ഞിരിക്കുന്നു. ഖുര്‍ ആനില്‍ പറഞ്ഞിരിക്കുന്ന അവസാനത്തെ കലയെ എന്തുകൊണ്ട് മുസ്ലീംകള്‍ പരിഗണിക്കുന്നില്ല. അവസാനം കാണുന്ന കല കണ്ടു മനസ്സിലാക്കിയാല്‍ അടുത്ത ദിവസം പിറവി നടക്കുമെന്നും അതിനടുത്ത ദിവസം പുതുമാസം ഒന്നാം തീയ്യതിയായിരിക്കുമെന്നും വ്യക്തമാണല്ലോ. പൂര്‍വ്വകാല പണ്ഡിതന്‍മാര്‍ ഉര്‍ജ്ജുനുല്‍ഖദീം നിരീക്ഷിച്ചതു കൊണ്ടാണ് അതിന്നു ശേഷമുള്ള ഒന്നൊ രണ്ടോ രാത്രിയില്‍ ചന്ദ്രനെ കാണുകയില്ല എന്നു പറഞ്ഞിട്ടുള്ളത്. ഖുര്‍ആനിനെ പരിഗണിക്കാത്തതു കൊണ്ടാണ് മുസ്ലീംകള്‍ ഇത്രയും ആശയക്കുഴപ്പത്തിലായിട്ടുള്ളത്. 29-നു മഗ്രിബിനുഹിലാല്‍ നോക്കാന്‍ പോകല്‍ നബിയുടെ സുന്നത്തല്ല. ആണെങ്കില്‍ നമസ്കാരം ജമാഅത്ത് ഒഴിവാക്കാനും , നമസ്കാരം നീട്ടിവെയ്ക്കാനും മറ്റും അനുവാദം വേണം. ബാങ്ക് കൊടുക്കുന്നയാള്‍ക്ക് പരലോകത്ത് പ്രത്യേകസ്ഥാനം പറഞ്ഞിട്ടുണ്ട്. എന്നാല്‍ മാസം കാണുന്നയാള്‍ക്ക് യാതൊരു പ്രതിഫലവും പറഞ്ഞിട്ടില്ല. ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ നൂറുകണക്കിന് അദ്ധ്യായങ്ങള്‍ (ബാബുകള്‍) കാണാം. ഇതില്‍ മാസപ്പിറവി കാണുന്നവര്‍ക്കുള്ള പ്രതിഫലം പറയുന്നതോ നമസ്കാരത്തിന്‍റെ ഇളവുകള്‍ പറയുന്നതൊ ആയ ഒരു 'ബാബും' കാണുന്നില്ല. 29-ാം നു സൂര്യസ്തമയശേഷം നബിയൊ ഖലീഫമാരൊ  സഹാബത്തൊ ആരും തന്നെ ഹിലാല്‍ നോക്കുകയൊ  കാണുകയൊ ചെയ്തിട്ടില്ല. ഉണ്ടായിരുന്നുവെങ്കില്‍ ഹിജ്ജത്തുല്‍ വദായില്‍ ഒരു ലക്ഷം അനുയായികളോടൊത്ത് മക്കയിലേക്കുള്ള യാത്രയ്ക്കിടയില്‍ ദുല്‍ഹിജ്ജമാസം പിറന്നു. നബി(സ)പിറവി തീരുമാനിച്ചു. എങ്ങിനെ? 29-ാ നു ഹിലാല്‍ നോക്കിയൊ? കണ്ടോ? സഹാബത്തിനോട് നിങ്ങള്‍ നോക്കുക കണ്ടാല്‍ എന്നെ അറിയിക്കുക എന്നു പറഞ്ഞൊ? ഒരു അവ്യക്ത റിപ്പോര്‍ട്ട് പോലും ഈ മാസപ്പിറവി തീരുമാനം സംബന്ധിച്ച് ഇല്ലാതെ പോയതെന്തുകൊണ്ട്. 29 നു സന്ധ്യക്ക് ഹിലാല്‍ നോക്കുന്ന ഏര്‍പ്പാട് ഇസ്ലാമിലില്ല. അതു കൊണ്ടാണു റിപ്പോര്‍ട്ടില്ലാതെ പോയത്.
3. 29-ാം തീയ്യതി മാസപ്പിറവി കാണുന്നതിന്‍റെ  അടിസ്ഥാനമായി പറയപ്പെടുന്ന ഹദീസ് ഇതാണ്. "നാം അജ്ഞരായ  സമുദായമാണ് . കണക്കു കൂട്ടുകയൊ എഴുതുകയോ ചെയ്യാറില്ല. ഒരു മാസത്തില്‍ 29 ദിവസങ്ങളുണ്ടാവാം. 30 ദിവസങ്ങളുമുണ്ടാകാം. അവയുടെ ദൃശ്യതയുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ നോമ്പു തുടങ്ങുക". ഈഹദീസ് പ്രകാരം കണക്കുകൂട്ടാന്‍ പാടില്ലെന്നു വാദിക്കുന്നു ചിലര്‍. യഥാര്‍ത്ഥത്തില്‍ മുസ്ലീംകള്‍ കണക്കു കൂട്ടുന്നവരും അത് എഴുതിവെയ്ക്കുന്നവരുമായിരുന്നു. അവര്‍ കച്ചവടക്കാരായിരുന്നു. കവികളായിരുന്നു. ഇവിടെ നബി(സ)ഉദ്ദേശിച്ചത് ഗോളശാസ്ത്ര കണക്കിനെയാണ്.  മാസപ്പിറവി എപ്പോള്‍ സംഭവിക്കുമെന്ന ഗോളശാസ്ത്ര അറിവില്ലാത്ത പാമരങ്ങളായതിനാല്‍ ചന്ദ്രക്കലകളെ നിരീക്ഷിച്ച് പിറവി കണ്ടു പിടിക്കണമെന്നും ശാസ്ത്രജ്ഞാനം ലഭ്യമായാല്‍  കണക്കു കൂട്ടി പിറവി നിശ്ചയിക്കണമെന്നുമാണ് ഈഹദീസ് പഠിപ്പിക്കുന്നത്.
                ഒരു മാസത്തില്‍ 29 അല്ലെങ്കില്‍ 30 ദിവസങ്ങളാണുണ്ടാവുക. അത് വേര്‍തിരിച്ചു മനസ്സിലാക്കണം. അതിന്നാണു കലകളുടെ നിരീക്ഷണം. 29/30 എന്ന് ഖണ്ഡിതമായി പറഞ്ഞതില്‍ നിന്നും അത് മാസത്തിലെ അവസാനദിവസമാണെന്നു  മനസ്സിലായി. അതായത് ചന്ദ്രമാസത്തില്‍ ചില മാസങ്ങളില്‍ 29-ാം ദിവസവും ചില മാസങ്ങളില്‍ 30-ാം ദിവസവും അവസാനദിവസമാണ്, അമാവാസിയാണ്, കറുത്തവാവ് ദിനമാണ് എന്നു റസൂല്‍കരീം പഠിപ്പിക്കുകയാണ്. ഈ 29-ാം ദിവസസമോ 30- ാം ദിവസമോ പുതുമാസഹിലാല്‍ ആകാശത്തുണ്ടാവുമെങ്കിലും കാണാന്‍ കഴിയില്ല. കാണാത്തതിനെ നോക്കാനും മാസമാറ്റത്തിനു മാനദണ്ഡമാക്കാനും അല്ലാഹുവിന്‍റെ റസൂല്‍ നിര്‍ദ്ദേശിക്കുകയില്ല. നിര്‍ദ്ദേശിച്ചിട്ടുമില്ല. മൂന്നു കാരണങ്ങള്‍ കൊണ്ട് മാസാവസാന ദിവസം സൂര്യാസ്തമയശേഷം ചന്ദ്രക്കല കാണുകയില്ല. 1) സൂര്യനും ഭൂമിക്കുമിടയില്‍ കൂടി ചന്ദ്രന്‍ പടിഞ്ഞിറു നിന്നും കിഴക്കോട്ടെക്ക് മറികടക്കുന്നതാണ് സാങ്കേതികമായി മാസപ്പിറവി. ഈ സമയം സൂര്യപ്രകാശത്തിനുള്ളിലായിരിക്കും ചന്ദ്രന്‍. പ്രകാശമേഖലയില്‍ നിന്നു പുറത്തേക്ക് ചന്ദ്രന്‍ സഞ്ചരിച്ചു കഴിഞ്ഞാല്‍ മാത്രമെ കണ്ണു കൊണ്ട് കാണാന്‍ കഴിയുകയുള്ളൂ. അതിന്നു 12ഡിഗ്രി കോണകലം (elongation  angle) ആവശ്യമാണ് . വാവിന്നു ശേഷം ഒരു ദിവസം കഴിഞ്ഞ് അതായത് ഒന്നാം തീയ്യതി സന്ധ്യക്കു മാത്രമെ കല കാണുകയുള്ളു.
2) ചന്ദ്രക്കല  ചെറുതായി വന്ന് പൂജ്യം ഡിഗ്രിയിലെത്തുന്നു. ന്യൂമൂണ്‍ സംഭവിക്കുമ്പോള്‍ ചന്ദ്രന്‍ പൂജ്യം ഡിഗ്രിയിലായിരിക്കും. ചന്ദ്രക്കല വളര്‍ന്നു തുടങ്ങുമ്പോള്‍ വളരെ നേരിയ ഘടനയിലായിരിക്കും. ചുരുങ്ങിയത്. 4% എങ്കിലും വളര്‍ച്ച പ്രാപിച്ചാല്‍ മാത്രമെ കല കണ്ണു കൊണ്ടു കാണുകയുള്ളൂ. അതിന്ന് ന്യൂമൂണ്‍ സംഭവിച്ച് 24 മണിക്കൂര്‍ എങ്കിലും കഴിയണം.
3) ചന്ദ്രക്കല കാണാന്‍ ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ വേണം. ദ്രുവപ്രദേശത്തോടടുക്കും തോറും കാണാനുള്ള സാഹചര്യം ഇല്ലാതെയാവും. മഴക്കാര്‍, പൊടിപടലം, മലകള്‍ തുടങ്ങിവയും പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്.
മാസത്തിലെ അവസാന ദിവസം (ന്യൂ മൂണ്‍ ദിവസം ) മേല്‍ മൂന്നു കാരണങ്ങളാലും ഹിലാല്‍ കാണുകയില്ല. എന്നാല്‍ ഒന്നാം തീയ്യതി  സൂര്യാസ്തമയ ശേഷം ഒന്നും രണ്ടും കാരണങ്ങള്‍ നീങ്ങുകയും ലോകത്തെവിടെയെങ്കിലും ഹിലാല്‍ കാണുകയും ചെയ്യുന്നതാണ്.

നബിചര്യയും കല്പനകളും
ഇസ്ലാമിക ശരിഅത്ത് എന്നാല്‍ വി.ഖുര്‍ആനാണ്. നബി(സ) സ്വന്തം ജീവിതം കൊണ്ട് നമുക്കത് യഥാര്‍ത്ഥ്യമാക്കി കാണിച്ചു തന്നു. നബിചര്യയും  ചില കല്പനകളും(ഹദീസ്) യോജിക്കാതെ വന്നാല്‍ അതിന്‍റെ  അര്‍ത്ഥമെന്താണ്. നബിചര്യയാണു പ്രധാനം. കല്പനകള്‍ നാം മനസ്സിലാക്കിയതില്‍ അപാകത സംഭവിച്ചിട്ടുണ്ട്. ആയത് നബിചര്യയോടു യോജിപ്പിച്ചു മനസ്സിലാക്കണം. ആയിശ(റ)യോട് നബിയുടെ  ജീവിതം എപ്രകാരമായിരുന്നു എന്നു ചോദിക്കപ്പെട്ടപ്പോള്‍ അത് ഖുര്‍ആന്‍ ആയിരുന്നു എന്നാണു പറഞ്ഞത്. മാസപ്പിറവിയുടെ കാര്യത്തില്‍ ഖുര്‍ആന്‍ വചനങ്ങളും നബിചര്യയും ഒത്തുവരുന്നു. എന്നാല്‍ ചില കല്പനകള്‍ (ഹദീസുകള്‍) വ്യത്യസ്തമായി അര്‍ത്ഥം വെയ്ക്കപ്പെടുന്നു. ആയതിനാല്‍ മാസനിര്‍ണയവുമായി വന്ന ഹദീസുകള്‍ അര്‍ത്ഥം വെയ്ക്കുമ്പോള്‍ ഖുര്‍ആന്‍ ആയത്തുകളുമായും നബിചര്യയുമായും യോജിക്കുന്ന വിധ ത്തില്‍ വേണം അര്‍ത്ഥം വെയ്ക്കല്‍.

ഉദാഹരണം (1)ഖുര്‍ആന്‍ 2:189 വചനം,  "ചന്ദ്രന്‍റെ കലകളെ സംബന്ധിച്ച് ചോദിക്കുന്നു;പറയുക, അത് ജനങ്ങള്‍ക്ക് (പൊതുവിലും)ഹജ്ജിന്നും ആവശ്യമായ തീയ്യതികള്‍ ആകുന്നു". ചന്ദ്രന്‍റെ  പ്രഥമ കലയായ ഹിലാലിനെ സംബന്ധിച്ചല്ല ചോദ്യം. ചന്ദ്രന്‍റെ വൃദ്ധിക്ഷയങ്ങളെ സംബന്ധിച്ചാണു ചന്ദ്രന്‍റെ ഓരോ കലയും  തീയ്യതികള്‍ (മവാഖീത്ത്) ആണെന്നാണു പറയുന്നത്. ജനങ്ങള്‍ക്ക് പൊതുവായി എല്ലാ കാര്യങ്ങള്‍ക്കും, മുസ്ലീംകള്‍ക്ക് മതആവശ്യത്തിന്നും. പ്രത്യേകിച്ച് ഹജ്ജിന്‍റെ കാലം നിശ്ചയിക്കുന്നതിന്ന്. ദുല്‍ഹിജ്ജ ഒന്നു മുതല്‍ കല നോക്കി വന്നാല്‍ 7-ാം ദിവസം തലക്കു മുകളില്‍ അര്‍ദ്ധചന്ദ്രനായ് കാണുന്നു. മാത്രമല്ല 7-ാം ദിവസത്തെ കല അര്‍ദ്ധരാത്രി അസ്തമിക്കുന്നു. 7-ാം ദിവസം അഹില്ലയെ നിരീക്ഷിച്ച് ഉറപ്പു വരുത്തി 8-ാം ദിവസം അവര്‍ ഹജ്ജ് തുടങ്ങി. നബി(സ)യും ഇങ്ങിനെ തന്നെയാണു ചെയ്തിട്ടുള്ളത്. 29-ാം നു ഹിലാല്‍ നോക്കിയിട്ടല്ല പിറവി നിശ്ചയിച്ചത്. റമദാന്‍മാസം നിശ്ചയിക്കുന്നതിന്നായി ശഅബാനിലെ കലകളെ പ്രത്യേകം നിരീക്ഷിക്കുമായിരുന്നു എന്ന് അബൂദാവൂദ്(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം. യൂനുസ്  5-ാം ആയത്തില്‍ ചന്ദ്രന്‍റെ മന്‍സിലുകളെ സംബന്ധിച്ചാണു പറയുന്നത്. ഇതും ബഹുവചനത്തിലാണുള്ളത്. അപ്പോള്‍ ഖുര്‍ആന്‍ കല്പനകളും നബിചര്യയും ഒന്നുതന്നെയാണെന്നു മനസ്സിലായി. എന്നാല്‍ നബി(സ)2:189 ആയത്തിനെ വിശദീകരിച്ച ഹദീസ് ഇങ്ങിനെയാണ്. "ജഅലല്ലാഹുല്‍ അഹില്ലത്തമവാഖീത്തന്‍; സുമൂ ലി റുഅ്യത്തിഹി വ ഇഫ്തറൂലിറുഅ്യത്തിഹി". ഈഹദീസിന്‍റെ ആദ്യഭാഗത്തെ അവഗണിക്കുകയും അവസാനഭാഗം മാത്രം എടുത്ത് അത് കണ്ടാല്‍ നോമ്പു തുടങ്ങുക, അതു കണ്ടാല്‍ നോമ്പ് അവസാനിപ്പിക്കുക എന്നും അര്‍ത്ഥം പറഞ്ഞിരിക്കുന്നു. അത് എന്നാല്‍ ഹിലാല്‍ ആണെന്നും 29-ാം നു സൂര്യാസ്തമയശേഷം ചന്ദ്രക്കല കണ്ടാല്‍ അടുത്ത ദിവസം നോമ്പു തുടങ്ങാനാണു പറഞ്ഞിട്ടുള്ളതെന്നും മുസ്ലീം ലോകം വിശ്വസിച്ചു വരുന്നു. ഖുര്‍ആനും നബിചര്യയുമായി മേല്‍ അര്‍ത്ഥം യോജിക്കുന്നില്ല എന്നതു ഗൗനിക്കുന്നെയില്ല. അറബി ഭാഷാ പണ്ഡിതന്‍മാര്‍ പോലും അഹില്ലയും മവാഖീത്തും മറച്ചു വെച്ച് ഹിലാല്‍ കണ്ടാല്‍ എന്നര്‍ത്ഥം വെയ്ക്കുന്നു. ഖുര്‍ആന്‍ കലകളെ തീയ്യതികള്‍ക്ക് മാനദണ്ഡമായി പറയുമ്പോള്‍ കലകള്‍ നോക്കി തീയ്യതികള്‍ മനസ്സിലാക്കുകയാണ് പ്രവാചകന്‍ ചെയ്തത്. ഇതു തന്നെയല്ലെ പ്രവാചകന്‍ നമ്മോടു കല്പിച്ചിട്ടുള്ളതും. കലകള്‍ തിയ്യതികളാണ്. ഓരോ ദിവസത്തെയും കല ആ ദിവസത്തെ തീയ്യതി കാണിക്കുന്നു. ഒരു മാസത്തെ എല്ലാ കലകളും നിരീക്ഷിക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ മാസാവസാനം കണ്ടെത്തുകയും അടുത്തമാസം അഥവാ നോമ്പ് തുടങ്ങുകയും ചെയ്യുക.
ഇവിടെ ഖുര്‍ആനും ശാസ്ത്രവും നബിചര്യയും നബികല്പനകളും ഒരുമിക്കുന്നു. എന്നാല്‍ ബഹുഭൂരിപക്ഷ മുസ്ലീംകളും നബി(സ)യുടെ കല്പനകളെ  മാറ്റി നിര്‍ത്തി ബഹുവചനത്തെ ഏകവചനമാക്കി വിഷയം കീഴ്മേല്‍ മറിച്ചിരിക്കുകയാണ് എന്ന സത്യം എല്ലാവരും  ഉള്‍കൊള്ളണം. മാറിചിന്തിക്കണം. സത്യത്തിലേക്കു മടങ്ങണം. അപ്രായോഗികവും അശാസ്ത്രീയവും ഭിന്നിപ്പിക്കുന്നതുമായ ഒരാശയം അവതരിപ്പിച്ച് അത്  നബി(സ)യുടെ പേരില്‍ ഉന്നയിക്കുന്നത് ഗൗരവമേറിയ വിഷയമാണെന്നു മനസ്സിലാക്കണം. ഖുര്‍ആനില്‍ പറഞ്ഞ അഹില്ലയും മവാഖീത്തും മനാസിലും അവ കണ്ടെത്താനുള്ള നബി(സ)യുടെ പ്രവര്‍ത്തനവും മാതൃകയാക്കുക. നബിയുടെ കല്പനകളിലെ (ഹദീസുകളിലെ) 'റുഅ്യ' എന്ന എല്ലാ പ്രയോഗങ്ങള്‍ക്കും മേല്‍പ്പറഞ്ഞവ കണ്ടെത്താനും അറിയാനുമുള്ള കല്പനയാണെന്നു മനസ്സിലാക്കുക. ലോകത്തുള്ള എല്ലാ ജനതയും കലകളെയും അവയുടെ സ്ഥാനവും നോക്കിയും അളന്നും കണക്കുകൂട്ടിയും മാസനിര്‍ണയം നടത്തിയാല്‍ ലോകത്തെല്ലായിടത്തും ഒരേ  ദിവസം നോമ്പും പെരുന്നാളും ആകുന്നതാണ്. ആയതിന്ന് അല്ലാഹു നമ്മെ പ്രാപ്തരാക്കട്ടെ.
പിറവി നിര്‍ണയത്തില്‍ തെറ്റു പറ്റിയാല്‍ കലകള്‍ നോക്കി തെറ്റു തിരുത്തുന്ന പതിവ് പണ്ടുണ്ടായിരുന്നു. നോമ്പ് നഷ്ടപ്പെട്ടു എന്നു ബോദ്ധ്യമായാല്‍ പിന്നീട് നോറ്റു വീട്ടാന്‍ പണ്ഡിതന്‍മാര്‍ ആഹ്വാനം ചെയ്യുമായിരുന്നു. ഒരു തെറ്റും വരുത്താതെ കൃത്യദിനം കണക്കു കൂട്ടാന്‍ കഴിയുന്ന ഇക്കാലത്ത് കണക്കു സ്വീകരിക്കുന്നുമില്ല. കാഴ്ചയിലെ തെറ്റ് തിരുത്തുന്നുമില്ല. വിശ്വാസികള്‍ പരലോക ചിന്തയോടെ ഈ വിഷയം പഠിക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു.


കണക്കുകൂട്ടല്‍ (ഹിസാബ്)

മാസപ്പിറവി കണക്കുകൂട്ടി തീരുമാനിക്കുവാന്‍ പാടുണ്ടോ എന്നതും തര്‍ക്കവിഷയമാണ്. നേരായ ചിന്തയുള്ളവര്‍ക്കു ഇതൊരു പ്രശ്നമായി തോന്നുകയില്ല. ഖുര്‍ആന്‍ യൂനുസ് 5-ാം വാക്യത്തില്‍ ചന്ദ്രന്ന് വിവിധ മണ്ഡലങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു; അവയുടെ എണ്ണം  അറിയുന്നതിനും കണക്കു കൂട്ടുന്നതിന്നും വേണ്ടി എന്നു പറഞ്ഞിരിക്കുന്നു. ഇവിടെ എന്തു കണക്കു കൂട്ടാനാണു അല്ലാഹു അനുവദിച്ചിരിക്കുന്നത്. ചന്ദ്രന്‍റെ കലകള്‍ തീയ്യതികള്‍ കാണിക്കുന്നതായി 2:189 ല്‍ പറഞ്ഞു. ഓരോ കലയും അവക്കു നിശ്ചയിച്ച മണ്ഡലത്തില്‍ കൂടി കടന്നു പോകുന്നു. മണ്ഡലത്തിന്‍റെ അളവ് കലയുടെ നമ്പര്‍ അഥവാ തീയ്യതിയാണ്. പ്രസ്തുത തിയ്യതി അറിയാന്‍ മണ്ഡലത്തിന്‍റെ (മന്‍സിലന്‍റെ) അളവ്, കണക്കു കൂട്ടണമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുകയാണ്. ഈ കണക്കാണ് നാം സ്വീകരിക്കുന്നത്. ഇസ്ലാമിക ശരിഅത്തിലെ നിയമങ്ങള്‍ക്ക് ഒരു ഭേദഗതിയും വരുത്തുന്നില്ല.
ആധുനിക ഗോളശാസ്ത്രം വളരെയധികം വളര്‍ച്ച നേടിയിരിക്കുന്നു. സൂര്യചന്ദ്രമ്മാരുടെ ഉദയാസ്ഥമയങ്ങള്‍ കൃത്യമായി കണക്കുകൂട്ടിയെടുക്കാന്‍ ശാസ്ത്രത്തിന്നു കഴിയുന്നു. ഗോള ശാസ്ത്രകേന്ദ്രങ്ങള്‍ പ്രസ്തുത കണക്ക് (Nautical Almanac ) ഓരോ കൊല്ലവും പ്രസിദ്ധീ കരിക്കുന്നുണ്ട്. ഇന്ത്യാഗവണ്‍മന്‍റ് സ്ഥാപനമായ നാഷണല്‍ ജിയോഗ്രാഫിക് ഓഫീസ്, ഡെഹ്റാഡൂണ്‍ പ്രസിദ്ധീകരിക്കുന്ന നോട്ടിക്കല്‍ അല്‍മനാക്കില്‍ ഇന്ത്യയിലെ ഓരോ രേഖാംശത്തിലെയും അക്ഷാംശത്തിലെയും ഉദയാസ്ഥമയങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത കണക്കാണ് ഹിജ്റ കലണ്ടറിന്‍റെയും അടിസ്ഥാനം. ഈ കണക്ക് കൃത്യതയാര്‍ന്നതാണെന്ന് തെളിയിക്കപ്പെട്ടതാണ്. ഓരോ ദിവസവും ചന്ദ്രന്‍ ആകാശത്ത് കാണിക്കുന്ന കലയുടെ ഉദയാസ്തമയങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുമ്പെ കണക്കു കൂട്ടിയെടുക്കാവുന്നതാണ്. ഒരു വര്‍ഷത്തെ കലകളുടെ കണക്കാണു കലണ്ടര്‍ മുന്‍കൂട്ടി നമുക്ക് നല്‍കുന്നത്. കലണ്ടറില്‍ കൊടുത്തിരിക്കുന്ന കലകളുടെ ചിത്രവും ആകാശത്ത് ചന്ദ്രന്‍ കാണിക്കുന്ന കലയും ഒത്തുനോക്കി കലണ്ടറിന്‍റെ കണിശതഉറപ്പു വരുത്താവുന്നതാണ്.

 എന്നാണ് ഈദുല്‍ഫിത്വര്‍

മുകളില്‍ വിശദീകരിച്ചതു പ്രകാരം റമദാനിലെ കലകള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ആളുകള്‍ക്ക് ശവ്വാല്‍ ഒന്നു എന്നായിരിക്കുമെന്നു നേരത്തെ അറിയാന്‍ കഴിയും. 22-05-18 ചൊവ്വാഴ്ച (റമദാന്‍ 7) അര്‍ദ്ധചന്ദ്രനെയും 29-05-18 ചൊവ്വാഴ്ച പൗര്‍ണമിയും (റമദാന്‍14) കണ്ടു. 06-06-18 ബുധനാഴ്ച പ്രഭാതത്തില്‍ അര്‍ദ്ധചന്ദ്രനെ കാണാന്‍ കഴിയും. ചന്ദ്രക്കല ചെറുതാവുകയും സൂര്യനിലേക്ക് (കിഴക്കെചക്രവാളത്തിലേക്ക്) അടുത്തു കൊണ്ടിരിക്കുന്നതും നാം കാണുന്നു. 07-06-18 വ്യാഴാഴ്ച (റമദാന്‍23) ചന്ദ്രന്‍ കലയുടെ ആകൃതിയിലായിത്തീരുന്നു. ഇതിനര്‍ത്ഥം അടുത്ത വ്യാഴാഴ്ച പുതുമാസം ഒന്നാം തീയ്യതിയായിരിക്കും എന്നാണ്. തുടര്‍ന്ന് എല്ലാ ദിവസവും ചന്ദ്രനെ നോക്കുക. 12-06-18 ചൊവ്വാഴ്ച (റമദാന്‍28) പ്രഭാതത്തില്‍ നേരിയ ചന്ദ്രക്കല സൂര്യോദയത്തിന്ന് ഒന്നര മണിക്കൂര്‍ മുമ്പായി ഉദിക്കുന്നു. ഖുര്‍ആന്‍ 36:39 ല്‍ പറഞ്ഞ ഉര്‍ജ്ജുനില്‍ഖദീം എന്ന കലയാണിത്. ഈ റമദാനില്‍ കണ്ണുകൊണ്ടു കാണാന്‍ കഴിയുന്ന അവസാനത്തെ കല. അടുത്ത ദിവസം (ബുധനാഴ്ച) ചന്ദ്രന്‍ സൂര്യന്നു അരമണിക്കൂര്‍ മുമ്പായി ഉദിക്കുകയും പകല്‍ സമയത്ത് ന്യൂമൂണ്‍ (മാസപ്പിറവി) സംഭവിക്കുകയും ചെയ്യുന്നു. പക്ഷെ അന്നു രാവിലെയും വൈകുന്നേരവും ചന്ദ്രനെ കാണാന്‍ സാധിക്കുകയില്ല. ചന്ദ്രന്‍ വാവ് കഴിഞ്ഞ് പൂജ്യം ഡിഗ്രിയില്‍ നിന്നും വളര്‍ന്നു തുടങ്ങുന്നു. അതിനാല്‍ 14-06-18 വ്യാഴാഴ്ച ശവ്വാല്‍ ഒന്നാം തീയ്യതിയും ഈദുല്‍ ഫിത്വറും ആയിരിക്കുന്നതാണ്. ഇതിന്‍റെ ശാസ്ത്രീയവശം താഴെ കൊടുക്കുന്ന ചിത്രങ്ങളില്‍ നിന്നും വ്യക്തമാവുന്നതാണ്.







12-06-18 ന് ചെറുതായി കൊണ്ടിരിക്കുന്ന കലയുടെ വലിപ്പം 2% ആണ്. 13-06-18 ന് പൂജ്യം ശതമാനം. 19.43 UTയില്‍ ന്യൂമൂണ്‍ സംഭവിക്കുന്നു. 14-06-18  വളരുന്നകല  1% വളര്‍ന്നിരിക്കുന്നു. ഒന്നാം തീയ്യതിയാണ്. മാസാവസാന ദിവസത്തെ കലയുടെ മുഖം കിഴക്കു ഭാഗത്തേക്കാണ്. ആദ്യ ദിവസത്തേത് പടിഞ്ഞാറ ഭാഗത്തേക്കുമാണ്. സൂര്യനു മുമ്പെ ഉദിക്കുന്നത് പഴയ മാസത്തെതും സൂര്യനു ശേഷം ഉദിക്കുന്നത് പുതിയ മാസത്തിന്‍റെയും കലയാണ്. മാസത്തിലെ അവസാനം സൂര്യന്‍ ചന്ദ്രനെ പിന്തുടരുന്നു. ആദ്യത്തില്‍ ചന്ദ്രന്‍ സൂര്യനെ പിന്തുടരുന്നു. (ഖു: 91/02 ഇബ്നുകസീര്‍ വ്യാഖ്യാനം)


abdushukoor@rediff.com
                



















1 comment:

  1. You have given very good Islamic information. You are my guide. I started blogging after seeing you. Impressed by your article, I have written an article related to Urdu calendar. Please visit my website. If there is any shortage, then definitely tell me by commenting.

    ReplyDelete

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.