Pages

Tuesday, May 11, 2021

മാസപ്പിറവി നിർണയം പുനരാലോചനവേണം. ടി.എ.ഷുക്കൂർ ( 10 May 2021)


ചന്ദ്രക്കലകളെ മാനണ്ഡമാക്കിയുള്ള കലണ്ടറിനെ മനുഷ്യ വംശത്തിന്നായി ദൈവം സംവിധാനിച്ചതായി ഖുർആൻ 9:36 ൽ വ്യക്തമാക്കിയിട്ടുണ്ട്. നബി (സ) യുടെ ജീവിത കാലത്ത് മദീനയിൽ നിലവിലുണ്ടായിരുന്ന കലണ്ടർ ചന്ദ്രമാസ കലണ്ടർ ആയിരുന്നുവെങ്കിലും അതിലെ മാസങ്ങൾക്ക് നിശ്ചിത ദിവസങ്ങളായിരുന്നു. എല്ലാ ശഅബാനിലും 29 ദിവസങ്ങളും എല്ലാ റമദാനിലും 30 ദിവസങ്ങളുമായിരുന്നു. ഇത് തിരുത്തുകയാണ് നബി (സ) ചെയ്തത്. നബി (സ) പറഞ്ഞു "മാസത്തിൽ ദിവസങ്ങൾ 29 ആവാം 30 ആവാം, അതിന്റെ  (ചന്ദ്രക്കലകളുടെ )ദൃശ്യതയുടെ അടിസ്ഥാനത്തിൽ മാസനിർണയം നടത്തുക.  " ഹിലാൽ കണ്ടില്ല എന്നതുകൊണ്ട് 30 പൂർത്തിയാക്കാനല്ല പറഞ്ഞത്. 29 ആണൊ 30ആണൊ ഉള്ളതെന്ന് നരീക്ഷണത്തിലൂടെ മനസ്സിലാക്കി 2 9 ദിവസങ്ങളുള്ള മാസത്തെ 29നും 30 ദിവസങ്ങളുള്ള മാസത്തെ 30 ലും അവസാനിപ്പിക്കണമെന്ന് പഠിപ്പിക്കുകയായിരുന്നു പ്രവാചകൻ. 29 നു ഹിലാൽ കണ്ടില്ലെങ്കിൽ 30 പൂർത്തിയാക്കുക എന്ന നടപടി റസൂൽ (സ) പഠിപ്പിച്ചിട്ടില്ല.കാരണം 29 ന് പടിഞ്ഞാറിൽ സൂര്യാസ്തമയ ശേഷം ചന്ദ്രനെ കണ്ണു കൊണ്ട് കാണുകയില്ല എന്ന കാര്യം നബിക്കറിയാം. 30 ദിവസങ്ങളുള്ള മാസത്തിൽ 29 നു പ്രഭാതത്തിൽ കിഴക്കു ഭാഗത്ത് 'ഉർ ജൂറുൽ ഖദീം" കാണാൻ കഴിയും. പടിഞ്ഞാറിൽ കാണുകയില്ല. 29 ദിവസങ്ങളുള്ള മാസമാണെങ്കിൽ 29 നു രാവിലെയും സന്ധ്യക്കും ചന്ദ്രനെ കാണുകയില്ല. കാണാൻ കഴിയാത്ത ഒന്നിനെ മാനദണ്ഡമായി നിശ്ചയിക്കുകയും നോക്കണമെന്ന നിബന്ധന വെക്കുകയും ചെയ്തു എന്ന് നബിയുടെ പേരിൽ എങ്ങിനെ ആരോപിക്കാൻ കഴിയും.


 ഹിലാലിന്റെ കാഴ്ച
മൂന്നു കാരണങ്ങൾ കൊണ്ട് 29-ാം ദിവസം (ന്യൂ മൂൺ ദിവസം ) ഹിലാൽ കാണുകയില്ല.
1. സൂര്യനും ച ന്ദ്രനും ഭൂമിയും ഒരേ പ്രതലത്തിൽ എത്തുമ്പോഴാണല്ലൊ ന്യൂ മൂൺ സംഭവിക്കുന്നത്. ന്യൂമൂണിനു ശേഷവും ചന്ദ്രക്കല സൂര്യപ്രകാശവലയത്തിനുള്ളിലായിരിക്കും. 12 ഡിഗ്രിയെങ്കിലും അകലത്തിൽ എത്തിയാലെ ചന്ദ്രനെ കാണാൻ കഴിയുകയുള്ളു. ആയതാനു 24 മണിക്കൂർ പ്രായമാവണം.
2.  പിറവി നടക്കുമ്പോൾ ചന്ദ്രക്കല വളരെ നേരിയതായിരിക്കും. 4% എങ്കിലും വളർന്നു കഴിഞ്ഞാലെ കാണാൻ സാധിക്കുകയുള്ളു.
3. മനുഷ്യന്റെ കാഴ്ച പലഘടങ്ങളെ ആശ്രയിച്ചാണുള്ളത്. കാലാവസ്ഥ, ഭൂപ്രകൃതി, അന്തരീക്ഷ മലിനീകരണം, കാഴ്ചശക്തി എന്നിങ്ങനെയുള്ള പ്രതിസന്ധികൾ .
ആദ്യകാല തഫ്സീറുകളിൽ യൂനുസ് 5-ാം ആയത്തിന്റെ വ്യാഖ്യാനത്തിൽ മാസത്തിന്റെ അവസാന രണ്ടു ദിവസം ചന്ദ്രനെ കാണുകയില്ല എന്നു രേഖപെടുത്തിയിട്ടുണ്ട്  . (ജലാലൈനിയുടെ മലയാള പരിഭാഷകളും അമാനി മൗലവിയുടെ തഫ്സീറും നോക്കുക.) ആദ്യമായി കല കാണുന്നത് ഒന്നാമത്തെ ദിവസത്തിലാണെന്നും അമാനി മൗലവി വിശദീകരിച്ചിട്ടുണ്ട്. ഇതിൽ നിന്നും 29 -നു സൂര്യാസ്ഥമയശേഷം പടിഞ്ഞാറെ ചക്രവാളത്തിൽ ഹിലാൽ നോക്കുന്ന ഏർപ്പാട് നബിയുടെയൊ ഖലീഫമാരുടെയൊ കാലത്ത് ഉണ്ടായിരുന്നില്ല എന്നു മനസ്സിലാക്കാം. നബി (സ) തന്റെ ജീവിതത്തിൽ ഒരിക്കൽ പോലും 29 നു മഗ്‌രിബ് സമയത്ത് ഹിലാൽ നോക്കാൻ പോയിട്ടില്ല. നോക്കാൻ ആളെ ചുമതലപ്പെടുത്തിയിട്ടില്ല. മാസം നോക്കുന്നവർക്ക് മഗ് രിബ് നിസ്കാരത്തിൽ ഇളവ് അനുവദിച്ചിട്ടില്ല. മാസം നോക്കുന്നവർക്ക് പ്രതിഫലം പറഞ്ഞിട്ടില്ല. മാസം നോക്കുന്നത് സുന്നത്തല്ല എന്നു മാത്രമല്ല മാസനിർണയത്തിന്റെ മാനദണ്ഡവുമല്ല എന്നു വ്യക്തം. നബി(സ) യും ഖലീഫമാരും ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ (കലകൾ) നിരീക്ഷിക്കുകയാണ് ചെയ്തിട്ടുള്ളത്. റമദാനിന്റെ പിറവി നിർണയം തെറ്റാതിരിക്കാൻ നബി (സ) ശഅബാനിലെ കലകളെ പ്രത്യേകം നിരീക്ഷിക്കുമായിരുന്നു എന്ന് ആയിശ(റ)യിൽ നിന്നും അബൂദാവൂദ് റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം. അതു തന്നെയാണ് ഖുർആനിന്റെയും വിധി.

ചന്ദ്രക്കലകൾ ജനങ്ങൾക്ക് (പൊതു ആവശ്യത്തിനും) ഹജ്ജിനും തിയ്യതികൾ (കാണിക്കുന്നു) എന്നാണ് ഖുർആൻ 2: 189 ൽ പറഞ്ഞിട്ടുള്ളത്. യൂനുസ് 5-ാം ആയത്തിൽ ചന്ദ്രന് മണ്ഡലങ്ങൾ നിശ്ചയിച്ചിരിക്കുന്നത് അവ എണ്ണുന്നതിനും കണക്കുകൂട്ടുന്നതിനും വേണ്ടിയാണ് എന്നും 55:05 ൽ സൂര്യനും ചന്ദ്രനും കണക്കിനു വിധേയമാണെന്നും പറയുന്നു. യാസീൻ 39-ാം ആയത്തിൽ ഈത്തപ്പനയുടെ പഴകിയ കുലച്ചിൽ പോലെ ആവുന്നതു വരെയുള്ള ഘട്ടങ്ങൾ നിശ്ചയിച്ചിട്ടുള്ളതായും പറയുന്നു.
 ഇത്രയും വ്യക്തമായി ചന്ദ്രനെ സംബന്ധച്ച പ്രകൃതി ശാസ്ത്രവും അതനുസരിച്ച് കാലനിർണയം നടത്താനുള്ള മതവിധിയും ഖുർആൻ നൽകുകയും ആധുനിക ഗോളശാസ്ത്രം സംശയലേശമന്യെ ഖുർആൻ ആയത്ത് സത്യപ്പെടുത്തുകയും ചെയ്തിട്ടും മുസ്ലിംകൾ അന്ധകാരത്തിൽ തപ്പിത്തടയുന്നതെന്താണെന്ന് മനസ്സിലാവുന്നില്ല.
 കൃത്രിമമായ ഒരു മാസ നിർണയ സമ്പ്രദായം എങ്ങിനെയൊ മുസ്ലിം സമൂഹത്തിൽ കടന്നുകൂടുകയും  ഖുർആനും ഹദീസുകളും പ്രസ്തുത സമ്പ്രദായത്തെ നിലനിർത്തുന്ന തരത്തിൽ വ്യാഖ്യാനിച്ചെടുക്കുകയുമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. അതിന്റെ ഫലമായാണ് എല്ലാ കാലത്തും മാസ നിർണയം സംശയഗ്രസ്ഥമായും പൊതു സമൂഹത്തിൽ അപമാനിതമായും നിൽക്കുന്നത്.


മേൽപറഞ്ഞ ഖുർആൻ വിധിപ്രകാരം 1442 റമദാൻ മാസത്തിലെ ചന്ദ്രക്കലകളുടെ നിരീക്ഷണ പ്രകാരവും  ‘ഹിസാബ് ' പ്രകാരവും ഈ മാസത്തിൽ 29 ദിവസങ്ങളെ ഉള്ളു. ആധികാരിക ഗോളശാസ്ത്ര കേന്ദ്രങ്ങൾ പുറത്തിറക്കുന്ന നോട്ടിക്കൽ അൽ മനാക്ക് പ്രകാരം 11-05-21 ചൊവ്വാഴ്ച 19.00 UTC യിൽ ന്യൂമൂൺ സംഭവിക്കുന്നതാണ്. ചന്ദ്രൻ സൂര്യന്റെ പടിഞ്ഞാറു ഭാഗത്ത് നിന്നും കിഴക്കുഭാഗത്തേക്ക് മറികടക്കുന്ന പ്രക്രിയയാണ് ന്യൂമൂൺ അഥവാ മാസപ്പിറവി. ദിവസത്തിന്റെ തുടക്കത്തിലാവട്ടെ അവസാനത്തിലാവട്ടെ ന്യൂമൂൺ സംഭവിച്ചാൽ ആ ദിവസത്തോടു കൂടി മാസo അവസാനിക്കുന്നതും അടുത്ത ദിവസം പുതു മാസം ആരംഭിക്കുന്നതുമാണ്. ബുധനാഴ്ച ശവ്വാൽ മാസം ഒന്നാം തിയ്യതിയും ഈദുൽ ഫിത്വറും ആയിരിക്കുന്ന താണ്.


ടി.എ.ഷുക്കൂർ


1 comment:

  1. സാധാരണ ചന്ദ്രനെ വീക്ഷിക്കുമ്പോൾ ഉദയവും അസ്തമയവും നടക്കുന്ന സമയം നിർമ്മിതമാന്നൊ

    ReplyDelete

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.