ഹറാമിന്റെ നോമ്പും തെറ്റായ പെരുന്നാളുകളും-പി.സി. അബ്‌ദുല്‍ ലത്തീഫ് -08-സെപ്തംബര്‍ -2012
Download PDF > Right Click Save Target as
Ebook - link 1 , Link 3 ; Scribd Link
Foldable Leaflet model Link 1 ; Link 2
Another Text link Location
ഹറാമിന്റെ നോമ്പും തെറ്റായ പെരുന്നാളുകളും-പി.സി. അബ്‌ദുല്‍ ലത്തീഫ് / Haraaminte Nombu-PC a Latheef
--------------------------------------------------------------------------------------
Download PDF > Right Click Save Target as
Ebook - link 1 , Link 3 ; Scribd Link
Foldable Leaflet model Link 1 ; Link 2
Another Text link Location
ഹറാമിന്റെ നോമ്പും തെറ്റായ പെരുന്നാളുകളും-പി.സി. അബ്‌ദുല്‍ ലത്തീഫ് / Haraaminte Nombu-PC a Latheef
--------------------------------------------------------------------------------------
ഹറാമിന്റെ നോമ്പും തെറ്റായ പെരുന്നാളുകളും
ലഘുലേഖ – 1
ഒരു നോമ്പുകൂടി വിശ്വാസിക്ക് നഷ്‌ടമായി
പി.സി. അബ്‌ദുല്‍ ലത്തീഫ്
പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍,
അങ്ങിനെ ഒരു റമദാന്‍ വ്രതം കൂടി നമുക്കു നഷ്‌ടപ്പെട്ടു! അതും ഒരു വെള്ളിയാഴ്‌ച! ഒരു ലൈലത്തുല്‍ ഖദ്‌റിനു സമാനമാണ് വെള്ളിയാഴ്‌ച. ജുമുഅ ഉള്‍പ്പെടെ പന്ത്രണ്ടു മണിക്കൂര്‍ വരെയുള്ള സമയത്തിനുള്ളില്‍ ഒരു വിശ്വാസിയുടെ പ്രാര്‍ത്ഥനയും മലക്കുകളുടെ പ്രാര്‍ത്ഥനയും ഒത്തു വരുന്ന ഒരു നിമിഷം വെള്ളിയാഴ്‌ചയിലുണ്ട്. ജൂതരും ക്രൈസ്‌തവരും തിരസ്‌കരിച്ച വെള്ളിയാഴ്‌ച അല്ലാഹു മുസ്ലിംകള്‍ക്കു നല്‍കുകയാണ് ചെയ്‌തത്. ഈ ദിനം ഒരു റമദാനില്‍ കടന്നുവരുമ്പോഴുള്ള പ്രാധാന്യവും അതിലടങ്ങിയിട്ടുള്ള പുണ്യവും പറയേണ്ടതില്ലല്ലോ?
നോമ്പ് നഷ്‌ടപ്പെടുക എന്നത് ഈ വര്‍ഷത്തെ മാത്രം ദൌര്‍ഭാഗ്യമല്ല; കഴിഞ്ഞ നാല്‍പ്പതു വര്‍ഷത്തിലേറെ ക്കാലത്തെ മാസമുറപ്പിക്കലിന്റെ ചരിത്രമെടുത്തു പരിശോധിച്ചാല്‍ ഇങ്ങിനെ നഷ്‌ടപ്പെട്ട നോമ്പുകള്‍ ഒട്ടേറെയാണെന്ന് കണ്ടെത്താനാകും. ഇപ്പോള്‍ 45 വയസ്സു പ്രായമുള്ള ഒരു വിശ്വാസിക്കു നഷ്‌ടപ്പെടുന്നത് 30 നോമ്പുകളാണ്. ഓരോ വര്‍ഷവും ഏതാണ്ട് ഓരോ നോമ്പ് വീതം. അത്യന്തം ആപല്‍ക്കരമായ ഈ വസ്‌തുത നാം ഗൌരവപൂര്‍വ്വം ഓര്‍ക്കേണ്ടതുണ്ട്. 45 കാരനായ വിശ്വാസിയുടെ മയ്യിത്തു ഖബറില്‍ കൊണ്ടു ചെന്ന് വെച്ച് നാം തിരിച്ചു വരുമ്പോള്‍ ഖബറില്‍ അയാള്‍ ഒരു ``ഫുള്‍ '' റമദാന്‍ നഷ്‌ടപ്പെട്ട നിലയിലാണ് മലക്കുകളാല്‍ ചോദ്യം ചെയ്യപ്പെടുന്നത്. 75 കാരനായ വിശ്വാസിക്കു നഷ്‌ടപ്പെടുന്നത് രണ്ടു റമദാനുകള്‍!! 45 വര്‍ഷത്തിനിടയില്‍ ഇങ്ങിനെ നഷ്‌ടപ്പെട്ട നോമ്പുകളില്‍ പിടിച്ചു വീട്ടാന്‍ ആഹ്വാനമുണ്ടായിരുന്നത് ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ മാത്രം! അതിലൊന്ന് കോഴിക്കോട് വലിയ ഖാസി സെയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങളും പാണക്കാട് പൂക്കോയ തങ്ങളുമായിരുന്നു. മറ്റൊന്ന് താനൂര്‍ ഖാസി അലി ഹസ്സന്‍ എന്ന കുഞ്ഞാവയും. പിന്നീട് ഹിലാല്‍ കമ്മിറ്റി വന്നു; ഖാസിമാര്‍ക്കു വാശി മൂത്തു. ഹിലാല്‍ കമ്മിറ്റിക്കെതിരെ ``ഖാളീഖുളാത്ത്'' എന്ന ഖാസിമാരുടെ ഐക്യസംഘം നിലവില്‍ വന്നു. ഹിലാല്‍ കമ്മിറ്റിയാകട്ടെ അതിന്റെ ആദ്യത്തെ ഗോളശാസ്‌ത്ര വിഭാഗം ചെയര്‍മാനും ഗോളശാസ്‌ത്രജ്ഞനുമായിരുന്ന പ്രൊഫ. അഹമ്മദ് കുട്ടി മുമ്പോട്ടു വെച്ച ശാസ്‌ത്ര സത്യങ്ങളില്‍ നിന്നും അതിന്റെ ആദ്യകാല നേതാക്കളായിരുന്ന ഇട്ടോളി അഹമ്മദ് കോയ ഹാജിയെപ്പോലുള്ള മഹദ് വ്യക്തിത്വങ്ങളുടെ ആത്മാത്ഥമായ ലക്ഷ്യങ്ങളില്‍ നിന്നും വഴിമാറി സഞ്ചരിച്ചു. കണ്‍കാഴ്‌ച എന്ന ഖാസിമാരുടെ നിലപാടിലേക്കു തന്നെ തിരിച്ചു പോയി. അതോടെ നഷ്‌ടപ്പെട്ട നോമ്പ് പിടിച്ചു വീട്ടാനുള്ള ആഹ്വാനം നിലച്ചു. അതിന്റെ ഫലമായി നോമ്പുകള്‍ നമുക്കു പാഴായിക്കൊണ്ടേയിരിക്കുന്നു. ഈ വര്‍ഷവും (2012) അതു തന്നെ സംഭവിച്ചു. വാസ്‌തവത്തില്‍ വെള്ളിയാഴ്‌ച തന്നെയായിരുന്നു നോമ്പെടുക്കേണ്ടി യിരുന്നത് (തെളിവ് ഇസ്ലാം – കര്‍മ്മാനുഷ്‌ഠാനങ്ങള്‍'' പേജ്–460).
ഫര്‍ളായ നോമ്പുകള്‍ നഷ്‌ടപ്പെട്ടുകൊണ്ടി രിക്കുന്നതും, പെരുന്നാളിലെ നോമ്പു നോല്‍ക്കലും ഹറാമിന്റെ പട്ടികയില്‍പെടുന്നു എന്ന് നമുക്കറിയാമല്ലോ? ഒരു ബാങ്കു നമ്മള്‍ കേട്ടില്ല, അല്ലെങ്കില്‍ മുഅദിന്‍ ഉറങ്ങിപ്പോയി. ആ നമസ്‌കാരം ഫര്‍ളല്ലാതാകുമോ...? അല്ലെങ്കില്‍ നമസ്‌കാരത്തിന്റെ വഖ്‌തിന് മുമ്പായോ ശേഷമോ ഒരു ബാങ്കു അതിന്റെ സമയം തെറ്റി വിളിച്ചു – നമ്മള്‍ നമസ്‌ക്കരിക്കുമോ? ഇല്ലെന്ന് മാത്രമല്ല എന്തുകൊണ്ട് ബാങ്കു നേരത്തെ കൊടുത്തു അല്ലെങ്കില്‍ സമയം കഴിഞ്ഞു വിളിച്ചു എന്നന്വേഷിച്ച് മുഅദിന്നെതിരെ പള്ളിക്കമ്മിറ്റി നടപടിയെടുക്കും. ഇതേപോലെ പിറവി കണ്ടില്ല എന്നതുകൊണ്ട് നോമ്പ് അല്ലാതാകുന്നില്ല. പിറവിയുടെ സമയമായോ എന്നറിയുകയാണ് ഓരോ വിശ്വാസിയും വേണ്ടത്. ഇത് പണ്ഡിതന്മാരും ഖാസിമാരും തീരുമാനിക്കേണ്ടതല്ല. 90 ലക്ഷം കേരളീയ മുസ്‌ലീങ്ങള്‍ എപ്പോള്‍ നോമ്പെടുക്കണം എപ്പോള്‍ നോമ്പെടുക്കരുത് എന്ന് തീരുമാനിക്കേണ്ടത് ഒരു ഡസന്‍ പണ്ഡിതന്മാരല്ല. ക്വുര്‍ആനും നബിചര്യയും മുമ്പില്‍വെച്ച് തീരുമാനിക്കേണ്ട വിഷയമാണിത്. സമയം തെറ്റിയുള്ള ബാങ്കിന്റെ വിഷയത്തില്‍ കലണ്ടറിലേക്കും വാച്ചിലേക്കുമാണ് നമ്മള്‍ ധൃതിപ്പെട്ട് ചെല്ലുക! ഒരു വടിയോ കുന്തമോ കയ്യിലെടുത്ത് നിഴല്‍ അളക്കാന്‍ വീട്ടുമുറ്റത്തേക്ക് ആരും ഓടാറില്ല–പ്രവാചകന്‍ കുന്തമോ വടിയോ കുത്തി സൂര്യന്റെ നിഴല്‍ നോക്കി നമസ്‌കരിക്കാനാണ് പഠിപ്പിച്ചതെന്ന് അറിയാമായിരുന്നിട്ടും. നമസ്‌കാര സമയക്രമങ്ങളും അതിന്റെ രൂപവും മിഅ്‌റാജ് രാത്രിയുടെ അവസാന നിമിഷത്തില്‍ ജിബ്‌രീല്‍ (അ) ആണല്ലോ നബിയെ പഠിപ്പിച്ചത്. അതില്‍ കലണ്ടറോ വാച്ചോ പരാമര്‍ശിച്ചിട്ടില്ല! മറിച്ച് നമസ്‌കാര സമയവുമായി ബന്ധപ്പെട്ട ഹദീസുകളിലെ ആശയമാണ് നമ്മള്‍ എടുത്തത്. എന്നിട്ട് അതിനെ സമയക്രമത്തിലേക്ക് മാറ്റി ചൈനയാണ് ഇതിനു സഹായകമായ ശാസ്‌ത്ര സംവിധാനങ്ങള്‍ കണ്ടുപിടിച്ചത്. ആ ചൈനയില്‍ ചെന്നെങ്കിലും ഭൌതികവിദ്യാഭ്യാസം നേടാനാണ് പ്രവാചകന്‍ നിര്‍ദ്ദേശിച്ചത്. ``വിദ്യ തേടി കണ്ടെത്തുകയെന്നത് ഓരോ മുസ്ലീം സ്‌ത്രീയുടേയും പുരുഷന്റേയും നിര്‍ബ്ബന്ധ ബാധ്യതയാണെന്നും പ്രവാചകന്‍ പറയുന്നു.'' അങ്ങനെ നമസ്‌കാരസമയം അച്ചടിച്ച് കലണ്ടറിലാക്കി! ചുമരിലും കൈയിലും വാച്ച് സ്വീകരിച്ചു. പള്ളികളില്‍ സ്‌ത്രീകളുടെ സ്വഫ് ഏറ്റവും പിറകില്‍ എന്നാണ് നബി പഠിപ്പിച്ചതെന്നറിഞ്ഞിട്ടും സ്‌ത്രീകളെ പല പള്ളികളും ഇമാമിന്റെ തലക്കു മുകളിലാക്കി! മറ്റു പല പള്ളികളിലും സ്‌ത്രീകളുടെ സ്വഫ് ഇമാമിന്റെ ഇടതുഭാഗത്തേക്കും വലതു ഭാഗത്തേക്കും മാറ്റി. ഇതൊക്കെയായിട്ടും മാസപ്പിറവി കലണ്ടറും വാച്ചുമാക്കി മാറ്റാന്‍ നാം തയ്യാറായിട്ടില്ല. സമഗ്രവും ഖുര്‍ആനികാടിസ്ഥാനത്തിലുമുള്ള ഒരു പഠനം ഈ കാര്യത്തില്‍ നടന്നിട്ടില്ല എന്നതാണ് ഈ ദുര്യോഗത്തിന് പിന്നിലെ അനിഷേധ്യമായ സത്യം. ശാസ്‌ത്രജ്ഞാനം ഉണ്ടെന്ന് കരുതപ്പെടുന്ന ചില വ്യക്തികളെ വിഷയം ഏല്‍പ്പിച്ച് അവര്‍ പറയുന്നതിനെ കണ്ണടച്ച് ന്യായീകരിക്കുകയാണ് പണ്ഡിതന്മാര്‍ ചെയ്യുന്നത്. കാരണം അവരും അത് പഠിച്ചിട്ടില്ല! ഈ രംഗത്ത് തങ്ങളുടേതില്‍ നിന്ന് വ്യത്യസ്‌തമായ കാഴ്‌ചപ്പാടുകള്‍ അവതരിപ്പിക്കുന്നവരെ തോല്‌പിക്കുകയെന്ന ലക്ഷ്യത്തോടെ ഇറക്കിയ ഖണ്‌ഡനവിമര്‍ശന ഗ്രന്ഥങ്ങള്‍ മാത്രമാണ് സംഘടനകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത് എന്ന് അത് വായിച്ചു നോക്കിയാല്‍ കണ്ടെത്താനാവും. അതിലെ വാക്കുകള്‍ പോലും മാന്യമല്ല. അതുമാത്രമല്ല വിഷയം സംഘടനാവത്‌കരിക്കപ്പെടുകയും ചെയ്‌തു. നിസ്സാരമായി തള്ളിക്കളയേണ്ട ഒന്നല്ല ഇത് എന്ന സത്യം സാധാരണക്കാരനായ വിശ്വാസി മനസ്സിലാക്കിയിരിക്കണം എന്ന ശുദ്ധമായ ലക്ഷ്യമാണ് നിങ്ങളുടെ കൈകളില്‍ എത്തുന്ന ലഘുകൃതികളിലൂടെ ഈ വിനീതന്‍ ലക്ഷ്യമാക്കുന്നത്. നോമ്പ് നഷ്‌ടപ്പെടാതിരിക്കാന്‍ – തുറന്ന ചിന്തയും ഒരു സംഘടനകളോടും കെട്ടിയിടാത്ത മനസ്സുമുണ്ടെങ്കില്‍ മാത്രമേ വിഷയം മനസ്സിലാക്കാനാകൂ. സാധാരണക്കാരനായ ഒരു വിശ്വാസിക്ക് നോമ്പു നഷ്‌ടപ്പെടാതിരിക്കാന്‍ സ്വന്തമായ പോംവഴി എന്തുണ്ട് എന്ന കണ്ടെത്തലും ഈ ലഘുരേഖകളിലൂടെ നിങ്ങള്‍ക്ക് ഗ്രഹിക്കാനാകും എന്നാണ് പ്രതീക്ഷ. 1970 മുതല്‍ 2005 വരെയുള്ള 35 വര്‍ഷം ചന്ദ്രിക പത്രത്തിന്റെ കറസ്‌പോണ്ടന്റ് എന്ന നിലയ്ക്ക് ബാഫഖിതങ്ങള്‍ ഉള്‍പ്പെടെയുള്ള ഖാസിമാരുമായും പേരുകേട്ട മുജാഹിദ് പണ്ഡിതന്മാരുമായും കേരള ഹിലാല്‍ കമ്മിറ്റിയുടെ ഗോളശാസ്‌ത്ര വിഭാഗം തലവനായിരുന്ന പ്രൊഫ: അഹമ്മദ് കുട്ടിയുമായും നേരിട്ടും എഴുത്തു മുഖേനയും ഈ വിഷയവുമായി ബന്ധപ്പെട്ടതിന്റെ അനുഭവങ്ങള്‍ ചേര്‍ത്തു വായിക്കുകയാണ് ഈ ലേഖനങ്ങളിലൂടെ ചെയ്യുന്നത്. വിശ്വാസികള്‍ക്കുണ്ടാകുന്ന നഷ്‌ടത്തില്‍ ഖാസിമാര്‍ക്കോ പണ്‌ഡിതന്മാര്‍ക്കോ യാതൊരു വെപ്രാളവും ഇല്ലെന്നു മാത്രമല്ല സംഘടനക്കു വേണ്ടി വാക്കുകള്‍ മാറ്റിപ്പറയാന്‍ മടിയുമില്ല! 20–07–2012 വെള്ളിയാഴ്‌ച കോഴിക്കോട് നഗരത്തിലെ പ്രസിദ്ധമായ ഒരു പള്ളിയില്‍ ഖുത്വുബ നിര്‍വ്വഹിച്ചത് പ്രശസ്‌തനും വാഗ്മിയുമായ ഒരു പണ്‌ഡിതനായിരുന്നു. അദ്ദേഹം വെള്ളിയാഴ്‌ച വ്രതം ആരംഭിച്ചവരെ ഖുത്വുബയില്‍ വിമര്‍ശിച്ചു. അന്ന് നോമ്പെടുക്കല്‍ ഹറാമാണെന്നും അതു തൌഹീദിന് വിരുദ്ധമാണെന്നും അദ്ദേഹം പറയുകയുണ്ടായി.
ഇദ്ദേഹത്തെ നേരില്‍ വിളിച്ചു പ്രസംഗിച്ചത് അങ്ങിനെത്തന്നെയാണോ എന്നു ഉറപ്പു വരുത്തി. പ്രസംഗിച്ചതു ശരിയാണെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഞങ്ങള്‍ തമ്മില്‍ നടന്ന സംഭാഷണം ഇങ്ങിനെ :
ചോദ്യം : അന്ന് (20–07–12) വെള്ളിയാഴ്‌ച നോമ്പെടുത്തത് ഹറാമാണെന്ന് പറയാന്‍ കാരണമെന്താണ്?
മറുപടി : അന്ന് മാസപ്പിറവി സംശയാസ്‌പദ ദിവസമാണ്.
ചോദ്യം: അന്ന് സംശയാസ്‌പദദിവസമല്ല. കാരണം കണക്കു ഖണ്‌ഡിതവും കാഴ്‌ച സംശയാസ്‌പദവും എന്നാണല്ലോ, താങ്കള്‍ ഉള്‍പ്പെടെയുള്ള പണ്‌ഡിതന്മാര്‍ തന്നെ ഞമ്മളെ പഠിപ്പിച്ചിട്ടുള്ളത്; അതിനാല്‍ കേരള ഹിലാല്‍ കമ്മിറ്റിയുടെ അറിയിപ്പിലുള്ളത്–(പത്ര അറിയിപ്പും 2012ലെ ശബാബ്, അല്‍മനാര്‍ കലണ്ടറുകളും) ചന്ദ്രന്‍ ആകാശത്ത് 6ഉം 7ഉം മിനുട്ട് വീതം ഉണ്ടെന്നാണ്. ഹിലാല്‍ കമ്മിറ്റിയുടെ പ്രസ്‌തുത അറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അന്ന് നോമ്പ് നോല്‍ക്കാതിരിക്കലല്ലേ ഹറാം?
മറുപടി: മാസം കാണുക തന്നെ വേണമെന്ന് റസൂലിന്റെ കല്‌പനയുണ്ട്.
ചോദ്യം : മാസം ഉദിപ്പിക്കുകയെന്നത് അല്ലാഹുവിന്റെ നടപടിക്രമത്തില്‍പ്പെട്ടതാണ്; അതിനെ നിരാകരിക്കാന്‍ റസൂല്‍ പഠിപ്പിക്കുമോ? (തെളിവ് ; വിശുദ്ധ ഖുര്‍ആന്‍ 3:79).
``ഒരു മനുഷ്യന്ന് അല്ലാഹു വേദഗ്രന്ഥവും തത്വജ്ഞാനവും പ്രവാചകത്വവും നല്‍കുകയും എന്നിട്ടദ്ദേഹം ജനങ്ങളോട് നിങ്ങള്‍ അല്ലാഹുവെ വിട്ട് എന്റെ ദാസന്മാരായിത്തീരുവിന്‍ എന്ന് പറയുകയും ചെയ്യുക സംഭവ്യമല്ല. (വിശുദ്ധ ഖുര്‍ആന്‍ 3:79)
മറുപടി : വെള്ളിയാഴ്‌ചത്തെ (20–07–12) നോമ്പ് ഹറാമാണെന്നതിന് ഞാനുദ്ധരിച്ചത് ഹദീസാണ്. അത് പറയാന്‍ എനിക്ക് നിര്‍ദ്ദേശമുണ്ട്.
ചോദ്യം : ഏതാനും വര്‍ഷം മുമ്പ് ഒരു ഇഅ്‌തികാഫ് ദിവസം പള്ളിയില്‍ നിന്ന് ഇറങ്ങി ഇടിയങ്ങരയില്‍ വന്ന് മാസപ്പിറവി സംബന്ധിച്ച താങ്കളുടെ വിശദീകരണ പ്രസംഗം കേള്‍ക്കാന്‍ ഞങ്ങള്‍ എത്തിച്ചേര്ന്നതോര്ക്കുന്നുണ് ടോ? ഇഅ്‌തികാഫിന്റെ ആരംഭ ദിവസമായിരുന്നു അന്ന്. കണക്കുപ്രകാരം ഇഅ്‌തികാഫ് പിറ്റേദിവസമായതിനാല്‍ പള്ളിയില്‍ നിന്ന് ഇറങ്ങണമെന്നായിരുന്നു താങ്കള്‍ പറഞ്ഞത്. അങ്ങിനെ ഞങ്ങള്‍ ഇറങ്ങി. അതേ ആഴ്‌ച ചില സമ്പന്നന്മാര്‍ മാസപ്പിറവി വിഷയത്തില്‍ ഇടപെട്ടു; ഐക്യത്തിന്റെ പേരില്‍ താങ്കള്‍ പറഞ്ഞതിന് നേര്‍വിപരീതമായി പെരുന്നാള്‍ ഉറപ്പിച്ചു. താങ്കള്‍ പറഞ്ഞതിനു വിപരീതമായി താങ്കളും പെരുന്നാള്‍ ആഘോഷിച്ചു. ഇതില്‍ ഏതാണ് ശരി?
മറുപടി : അതും ഇതും തമ്മില്‍ ബന്ധമില്ല.
ചോദ്യം : താങ്കള്‍ വിഷയം സമഗ്രമായി പഠിക്കാന്‍ തയ്യാറാകണം. ക്വുര്‍ആനും ഹദീസും മാത്രം അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ള ഒരു പഠനറിപ്പോര്‍ട്ട് എന്റെ കൈവശമുണ്ട്; അയച്ചുതരട്ടെ; എനിക്ക് താങ്കളുടെ മാര്‍ഗ്ഗനിര്‍ദ്ദേശം വേണം.
മറുപടി : ഞാന്‍ വിഷയം പഠിച്ചിട്ടില്ല. എനിക്ക് ഈ വിഷയം അറിയുകയുമില്ല; വിഷയത്തോട് എനിക്ക് അശേഷം താല്‍പര്യവുമില്ല. നിങ്ങള്‍ റിപ്പോര്‍ട്ട് കെ.ജെ.യു. പണ്ഡിതന്മാര്‍ക്ക് നല്‍കുക''–കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ ഉന്നതസ്ഥാനത്തിരിക്കുന്ന പണ്ഡിതന് ഈ സംഭാഷണം മെയില്‍ചെയ്‌ത് അയച്ചു. ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയും ചെയ്‌തു.
തന്റെ നോമ്പ് നഷ്‌ടപ്പെടരുതെന്ന് ആഗ്രഹിക്കുന്ന അല്ലെങ്കില്‍ ഭയപ്പെടുന്ന സത്യവിശ്വാസി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഭൂതകാലത്തെ വാമൊഴിയും വരമൊഴിയും വിസ്‌മരിച്ചുകൊണ്ടാണ് ഇന്നത്തെ പണ്‌ഡിതന്മാര്‍ സംസാരിക്കുന്നത്. അവയില്‍പ്പെട്ടതാണ് ഈ പറഞ്ഞ പണ്‌ഡിതന്റെയും പ്രസംഗം. ഇദ്ദേഹം ഉള്‍പ്പെടെയുള്ള നാല്‍പ്പതിലേറെ പണ്‌ഡിതന്മാരുടെ ഗവേഷണത്തിന്റെയും പരിശോധനയുടെയും സമഗ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 1997–ലെ “``ഇസ്ലാം കര്‍മ്മാനുഷ്‌ഠാനങ്ങള്‍'' എന്ന ബ്രഹദ് ഗ്രന്ഥത്തിന്റെ രണ്ടാം വാള്യത്തില്‍ 445 മുതല്‍ 461 വരെയുള്ള 16 പേജുകളില്‍ (പഴയപതിപ്പില്‍ 25 പേജ്) ചാന്ദ്രപ്പിറവിയുടെയും അതോടനുബന്ധിച്ച വസ്‌തുകളുടെയും ഏതാണ്ട് ആഴത്തിലുള്ള പരിശോധന നടത്തുന്നുണ്ട്. ഇതിലെ പരമ്പര സ്ഥിരപ്പെട്ട ഹദീസെങ്കിലും പണ്‌ഡിതന്‍ വായിക്കേണ്ടതായിരുന്നു. 460–ാമത്തെ പേജിലെ പരമ്പര സ്ഥിരപ്പെട്ട ഹദീസ് റമദാന്റെ തുടക്കത്തില്‍ സംശയാസപദ ദിവസം നോല്‍മ്പെടുക്കണമെന്ന് അനുശാസിക്കുന്നുണ്ട്. അതേ സമയം പെരുന്നാളാകും എന്ന് സംശയം തോന്നുന്ന ദിവസം നോമ്പ് പിടിക്കാതിരിക്കാനും സ്വാഹാബാക്കള്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഈ വിലയിരുത്തലിന്റെ മുഴുവന്‍ പേജുകളും നിങ്ങളുടെ കയ്യിലെത്തും. ഇതുമായി ബന്ധപ്പെട്ട ഹദീസിനെ റമദാന്റെ ആരംഭത്തിലേക്ക് കൊണ്ടുവന്ന് ഹറാമാക്കുകയാണ് പണ്‌ഡിതന്‍ ചെയ്‌തത്. ശഅബാന്‍ ഒടുവില്‍ പിറ്റേന്ന് റമദാന്‍ ആയേക്കുമെന്നന് സംശയം തോന്നിയാല്‍ ഉമറൂബ്‌നുല്‍ ഖഞാബ്(റ) ഉള്‍പ്പെടെ സ്വാഹാബാക്കള്‍ നോമ്പ് നോല്‍ക്കുകയാണ് ചെയ്‌തത്.
അടുത്ത ലക്കം :
മാസപ്പിറവി അറിയിപ്പിലെ വൈരുദ്ധ്യങ്ങള്‍.
––––––––––––––––––––––––––––
ഹറാമിന്റെ നോമ്പും തെറ്റായ പെരുന്നാളുകളും
ലഘുലേഖ – 2
2012ലെ മാസപ്പിറവി അറിയിപ്പിലെ പൊരുത്തക്കേടും വൈരുദ്ധ്യങ്ങളും
പി.സി. അബ്‌ദുല്‍ ലത്തീഫ്
മിക്ക വര്‍ഷത്തേയും പോലെ ഈ വര്‍ഷവും (2012) മാസപ്പിറവി അറിയിപ്പ് ഒരു തമാശയായിരുന്നുവെന്ന് മാത്രമല്ല സാധാരണക്കാരായ വിശ്വാസികളുടെ മുഖത്ത് പരിഹാസത്തിന്റേയും പരിഹാസ്യതയുടേയും ചളി വാരി എറിയല്‍ കൂടി ആയിരുന്നു അത്. തിരശ്ശീലക്കു പിറകിലെ കൈകാര്യകര്‍തൃത്വം ബഹുജനങ്ങള്‍ക്കു ഇതേവരെ ഗോപ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ക്കു കാര്യങ്ങള്‍ മനസ്സിലായി തുടങ്ങി.
2012–ലെ മാസപ്പിറവി അറിയിപ്പുകള്‍ അപഗ്രഥിക്കമ്പോള്‍ കൂടുതല്‍ പുതുമകള്‍ നമുക്കു മുമ്പില്‍ അനാവരണം ചെയ്യപ്പെടുന്നു. അറിയിപ്പുകള്‍ നമുക്കൊന്നു പരിശോധിക്കാം:
ആദ്യമായി രണ്ടു പത്രങ്ങളില്‍ വന്ന മാസപ്പിറവി അറിയിപ്പുകള്‍ ഒരു പുനര്‍വായന നടത്തുക.
മാസപ്പിറവി അറിയിക്കണം
കോഴിക്കോട് ജൂലായ് 20ന് വെള്ളിയാഴ്‌ച (ശഅബാന്‍ മാസം 29) സൂര്യാസ്‌തമനത്തിനു ശേഷം 51 മിനുട്ട് കഴിഞ്ഞാണ് ചന്ദ്രന്‍ അസ്‌തമിക്കുന്നത്. അന്ന് മാസപ്പിറവി കാണാനുള്ള സാധ്യതയുള്ളതിനാല്‍ പിറവി കണ്ട വിവരം അറിയിക്കണമെന്ന് കോഴിക്കോട് ഖാദി കെ.വി. ഇമ്പിച്ചമ്മദ് ഹാജി അറിയിച്ചു. ഫോണ്‍ : 9895271685, 0495–2703366.
കോഴിക്കോട് ജൂലായ് 19ന് വ്യാഴാഴ്‌ച സൂര്യന്‍ അസ്‌തമിച്ച് കാസര്‍കോട്, കോഴിക്കോട് 6 മിനുട്ടും കൊച്ചി, തിരുവനന്തപുരം 7 മിനുട്ടും കഴിഞ്ഞാണ് ചന്ദ്രന്‍ അസ്‌തമിക്കുന്നത്. അന്ന് റമദാന്‍ മാസപ്പിറവി കാണുന്നവര്‍ 0495–2722801, 802, 803, 804 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഹിലാല്‍ കമ്മിറ്റി അറിയിച്ചു. (മാധ്യമം 2012, ജൂലായ് 18 ബുധന്‍).
റമദാന്‍ മാസപ്പിറവി
കോഴിക്കോട് വെള്ളിയാഴ്‌ച റമദാന്‍ മാസപ്പിറവി കാണുന്നവര്‍ വിവരം അറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സെയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (0483–2836700) സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍ (0483–2710146) കോഴിക്കോട് ഖാസിമാരായ സെയ്‌ദ് മുഹമ്മദ് കോയ തങ്ങള്‍ (9447172149) പാണക്കാട് സയിദ് അബ്‌ദുള്‍ ഹയ്യ് ശിഹാബുദീന്‍ തങ്ങള്‍ (9447405099) കെ.വി. ഇമ്പിച്ചമ്മദ് ഹാജി (9895271685) എന്നിവരും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരും (0495–2720945) അഭ്യര്‍ത്ഥിച്ചു.
ഇന്ന് സൂര്യന്‍ അസ്‌തമിച്ച് കാസര്‍കോട്, കോഴിക്കോട് 6 മിനുട്ടും കൊച്ചി, തിരുവനന്തപുരം 7 മിനുട്ടും കഴിഞ്ഞാണ് ചന്ദ്രന്‍ അസ്‌തമിക്കുന്നത്. മാസപ്പിറവി കാണുന്നവര്‍ ഹിലാല്‍ കമ്മിറ്റിയുമായി ബന്ധപ്പെടേണ്ടതാണെന്ന് ചെയര്‍മാന്‍ എ.പി. അബ്‌ദുള്‍ ഖാദര്‍ മൌലവി അറിയിച്ചു. 0495–2722801. പിറ കാണുന്നവര്‍ അറിയിക്കണമെന്ന് കേരള
ജം ഇയ്യത്തുല്‍ ഉലമ (കെ.ജെ.യു) പ്രസിഡണ്ട് എ. അബ്‌ദുല്‍ ഹമീദ് മദീനിയും അറിയിച്ചു. ഫോണ്‍ : 0495–2701804, 2701802)
അപഗ്രഥനം താഴെ വിശദീകരിക്കുന്നു:
1) ഒരേ നാട്ടില്‍ ഒരേ സ്ഥലത്ത് ചന്ദ്രന്‍ രണ്ടു തവണ ഉദിക്കുന്നു! സമസ്‌തക്കു വെള്ളിയാഴ്‌ചയും! നമ്മള്‍ മുജാഹിദുകള്‍ക്ക് വ്യാഴാഴ്‌ചയും! ഇപ്പോള്‍ സമയം തെറ്റി ബാങ്കു വിളിക്കുന്നതു പോലെ. ഇവിടെ പടച്ചവന്നാണോ തെറ്റുപറ്റിയത്.
2) 6,7 മിനുട്ടുകള്‍ മാത്രം ആകാശത്തുള്ള ചന്ദ്രനെ ബാഹ്യദൃഷ്‌ടികൊണ്ടു കാണുക സാധ്യമല്ല; ഈ ചന്ദ്രനെ കണ്ടാല്‍ അറിയിക്കാനാണ് ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എ.പി. അബ്‌ദുള്‍ ഖാദര്‍ മൌലവിയുടേയും, കെ.ജെ.യു പ്രസിഡണ്ട് അബ്‌ദുല്‍ ഹമീദ് മദീനിയുടേയും ആഹ്വാനം. പിറവി ചന്ദ്രന്‍ ഏറ്റവും ചുരുങ്ങിയതു നാല്‍പ്പതു മിനുട്ടെങ്കിലും ആകാശത്തുണ്ടെങ്കിലേ ബാഹ്യനേത്രം കൊണ്ട് കാണാനാകൂ എന്നതാണ് ശാസ്‌ത്ര സത്യം. എ.പി. അബ്‌ദുല്‍ ഖാദര്‍ മൌലവി ആമുഖമെഴുതിയ പി.ഒ. ഉമര്‍ ഫാറൂഖിന്റെ ``മാസപ്പിറവി – നബിചര്യയിലും ശാസ്‌ത്രത്തിലും'' എന്ന പുസ്‌തകത്തിന്റെ 74–ാംമത്തെ പേജില്‍ പറയുന്നതു കാണുക :
``നിരന്തരമായ പരീക്ഷണ നിരീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തി എത്തിച്ചേര്‍ന്ന നിഗമനങ്ങളനുസരിച്ച് ചന്ദ്രന്‍ ദൃശ്യയോഗ്യമാകണമെങ്കില്‍ ചുരുങ്ങിയതു 13 മണിക്കൂര്‍ പ്രായമെങ്കിലും വേണമെന്നാണ് ജ്യോതിശാസ്‌ത്രം പറയുന്നത്. അതായതു ന്യൂമൂണിനു ശേഷം 13 മണിക്കൂറെങ്കിലും കഴിഞ്ഞാല്‍ മാത്രമേ ഹിലാല്‍ ദൃശ്യമാകൂ എന്നര്‍ത്ഥം.'' – (മേല്‍ പറഞ്ഞ വ്യാഴാഴ്‌ചത്തെ ചന്ദ്രന്റെ പ്രായം 9–മണിക്കൂറേ ഉള്ളൂ എന്നറിയുക!)
3) ഇനി ചിന്തിക്കുക : 6, 7 മിനുട്ട് മാത്രം ആകാശത്തുള്ള ചന്ദ്രനെ കണ്ടാല്‍ അറിയിക്കണമെന്ന എ.പി. അബ്‌ദുല്‍ ഖാദര്‍ മൌലവിയുടെ അറിയിപ്പിന്റെ അര്‍ത്ഥമെന്താണ്?
4) ഈ പുസ്‌തകത്തിന് എ.പി. തന്നെ എഴുതിയ അവതാരികയിലെ വാചകം കാണുക: ``ഇരുപത്തൊമ്പതിന് ചന്ദ്രോദയം നടക്കുക എന്നതു മാത്രമല്ല അതു ദൃശ്യമാകുക എന്നതുകൂടി ഈ ആചാരങ്ങളുടെ അനുഷ്‌ഠാനങ്ങളിലുണ്ട്''–
വിശ്വാസിയുടെ സംശയം : ``കാണാന്‍ കഴിയാത്ത ചന്ദ്രനെ കണ്ടാലറിയിക്കുക എന്ന ഹിലാല്‍ കമ്മിറ്റിയുടെ അറിയിപ്പ് ഇവിടെയും അപ്രസക്തമാകുന്നില്ലേ?
5) അവതാരികയിലെ മറ്റൊരു വാചകം കാണുക: ``.....ഗോളശാസ്‌ത്ര പ്രകാരം പിറവി കാണാന്‍ ഒരു സാധ്യതയുമില്ല, ആ ദിവസങ്ങളില്‍ പിറവി കണ്ടു എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതു നിരാകരിക്കപ്പെടണം എന്നതില്‍ അഭിപ്രായന്തരത്തിന്നവകാശമില്ല.' '
വിശ്വാസിക്ക് ഇവിടെ രണ്ടു സംശയങ്ങളുണ്ട് : (1) ഈ തത്വം നബി പഠിപ്പിച്ചതാണോ? (2) കാണാത്ത ചന്ദ്രനെ കണ്ടാല്‍ ഹിലാല്‍ കമ്മിറ്റിയെ അറിയിക്കുകയെന്ന പത്ര അറിയിപ്പ് വീണ്ടും ആശയക്കുഴപ്പം സൃഷ്‌ടിക്കുകയല്ലേ ചെയ്യുന്നത്?
6) കെ.ജെ.യു. പ്രസിഡണ്ട് അബ്‌ദുല്‍ ഹമീദ് മദീനിയുടെ ``ന്യൂമൂണും മാസപ്പിറവിയും'' എന്ന പുസ്‌തകത്തില്‍ ദര്‍ശനത്തെ ക്കുറിച്ചു പറയുന്നത് ഇനി പരിശോധിക്കാം :
``അങ്ങിനെ ചന്ദ്രന്റെ പ്രായം 16 മണിക്കൂര്‍ കഴിഞ്ഞ ശേഷം സൂര്യന്‍ അസ്‌തമിച്ചു.'' പടിഞ്ഞാറന്‍ ചക്രവാളത്തില്‍ പിറവിയെടുക്കുന്ന ചന്ദ്രനെ മാത്രമേ നവചന്ദ്രന്‍ എന്ന് പറയുകയുള്ളൂ.''
ഇദ്ദേഹവും കാണാത്ത ചന്ദ്രനെ കണ്ടാല്‍ അറിയിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. മാത്രമല്ല ചന്ദ്രന്‍ പടിഞ്ഞാറാണ് ഉദയം ചെയ്യുന്നതെന്ന അറിവില്ലായ്‌മയും അതാണ് നവചന്ദ്രനെന്ന അബദ്ധവും അദ്ദേഹത്തിന്റെ അറിയിപ്പിലുണ്ട്! വ്യാഴാഴ്‌ചത്തെ കേവലം 9 മണിക്കൂര്‍ പ്രായമുള്ള കാണാത്ത ചന്ദ്രനെ കണ്ടാല്‍ അറിയിക്കണമെന്നാണ് അബ്‌ദുല്‍ ഹമീദ് മദീനിയും ആവശ്യപ്പെടുന്നത്!
7) ചാന്ദ്രപ്പിറവിയുമായി ബന്ധപ്പെട്ട് ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ വൈജ്ഞാനികതയെ ആശ്രയിക്കുകയും പിറ്റേ ദിവസം ആറാം നൂറ്റാണ്ടിലെ അജ്ഞതയിലേക്കു കൂപ്പുകുത്തുകയുമാണ് ഹിലാല്‍ കമ്മിറ്റി ചെയ്യുന്നത്. ``നാം അക്ഷരജ്ഞാനമില്ലാത്ത പാമരജനതയാകുന്നു; നമുക്കു കണക്കു കൂട്ടാനും എഴുതാനും അറിഞ്ഞുകൂട; അതുകൊണ്ട് മാസം 29, 30 – 29 – 30 എന്നിങ്ങിനെയാകുന്നു'' എന്ന റസൂല്‍(സ)ടെ ഹദീസ് ഇവിടെ കൂട്ടി വായിക്കുക.
8) കുറ്റിച്ചിറ മഹല്ലിലെ ഒരു ഖാസി (ഈ മഹല്ലില്‍ 3 ഖാസിമാരുണ്ടെന്നോര്‍ക്കുക) അദ്ദേഹത്തിന്റെ മാസപ്പിറവി അറിയിപ്പില്‍ വെള്ളിയാഴ്‌ച ചന്ദ്രന്‍ ആകാശത്തുള്ള സമയം കൂടി അറിയിച്ചിരിക്കുന്നു എന്ന കാര്യം ഖാസിമാരുടെ ചരിത്രത്തിലെ വിസ്‌മയമാണ്. ഹിലാല്‍ കമ്മിറ്റി രൂപം കൊള്ളുകയും ചന്ദ്രന്റെ ഉദയാസ്‌തമനകണക്കുകള്‍ പറയാന്‍ തുടങ്ങുകയും ചെയ്‌തപ്പോള്‍ ഹിലാല്‍ കമ്മിറ്റി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട മരിച്ചു പോയ ഖാസിയുടെ പിന്‍ഗാമിയായ ഇദ്ദേഹത്തിന്റെ ഗോളശാസ്‌ത്രാവബോധത്തെ കളിയാക്കുന്നില്ല – പക്ഷെ വെള്ളിയാഴ്‌ചത്തെ ചന്ദ്രനെ ``കണ്ട'' അദ്ദേഹം വ്യാഴാഴ്‌ചത്തെ ചന്ദ്രനെ കണ്ടില്ലേ?
അദ്ദേഹത്തിന് 51 മിനുട്ടിന്റെ കാര്യം പഠിപ്പിച്ചു കൊടുത്ത വ്യക്തിക്ക് വ്യാഴാഴ്‌ചയിലെ സമയം കൂടി പറഞ്ഞ് കൊടുക്കാമായിരുന്നു.
വിശുദ്ധ ഖുര്‍ആന്റെ ``മണവാട്ടി'' എന്ന് വിശേഷിപ്പിക്കപ്പെട്ട സൂറത്തു ``റഹ്‌മാനി''ലെ 7 മുതല്‍ 9 വരെയുള്ള ആയത്തുകളും അവയ്ക്കു അമാനി മൌലവി നല്‍കിയ വ്യാഖ്യാനവും ഇവിടെ ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ആകാശത്തെ സന്തുലിതത്വത്തില്‍ മനുഷ്യന്‍ കൃത്രിമം കാട്ടരുതെന്ന താക്കീതാണ് അതില്‍ നിന്ന് നമുക്കു ഗ്രഹിക്കാനാകുന്നത്. നമ്മള്‍ ചെയ്യുന്നത് ഈ സന്തുലിതത്വം തകര്‍ക്കുകയാണ്.
9) അവിശ്വാസത്തിന്റെ വര്‍ദ്ധന എന്ന് വിശുദ്ധ ഖുര്‍ആന്‍ താക്കീതു നല്‍കിയ – കാലത്തെ പിറകോട്ടു മാറ്റലാണ് നമ്മുടെ പണ്‌ഡിതന്മാര്‍ ചെയ്‌തു വരുന്നത്. (സൂറ: തൌബ–37) മക്കയുടെ രണ്ടര മണിക്കൂര്‍ മുമ്പില്‍ സഞ്ചരിക്കുന്ന നമുക്കു 30–ാം തിയ്യതിയും നമുക്കു പിറകില്‍ സഞ്ചരിക്കുന്ന മക്കയില്‍ ഒന്നാം തിയ്യതിയും ആക്കിമാറ്റുന്ന നടപടിയെ മറ്റെന്താണ് വിളിക്കേണ്ടത്?
പിറവി നിര്‍ണ്ണയത്തിന് മക്കയുടെ ആകാശത്തെ കേന്ദ്രീകരിക്കുന്നതിനു പകരം കേരളത്തിന്റെ ആകാശത്തെ ആശ്രയിച്ചതാണ് ഈ അബദ്ധങ്ങള്‍ക്കു കാരണം – മക്കയെ കേന്ദ്രീകരിക്കണമെന്നതിന് വിശുദ്ധ ഖുര്‍ആനിലെ സൂറ: ബഖറയിലെ 189–ാം ആയത്തു തെളിവുണ്ടായിട്ടും – മാത്രമല്ല മക്കയെ കേന്ദ്രീകരിച്ചില്ലെങ്കില്‍ (മക്കക്കാരെയല്ല) സംഭവിക്കാവുന്ന അബദ്ധങ്ങള്‍ക്കു സൂറ: യാസീനിലെ 40–ാം ആയത്തും തെളിവായുണ്ട്
അടുത്ത ലക്കം : ``ജില്ലാ കലക്ടറുടെ മാതൃക
–––––––––––––––––––––––––––––– ––––––
ഹറാമിന്റെ നോമ്പും തെറ്റായ പെരുന്നാളുകളും
ലഘുലേഖ – 3
ജില്ലാ കലക്ടറുടെ മാതൃക
പി.സി. അബ്‌ദുല്‍ ലത്തീഫ്
``ചിന്തിക്കുന്നവര്‍ക്ക് നാം ഖുര്‍ആന്‍ എളുപ്പമുള്ളതാക്കിയിരിക്കുന്നു; ചിന്തിക്കുന്നവരായി ആരെങ്കിലുമുണ്ടോ'' (വി.ഖുര്‍ആന്‍ – അല്‍ഖമര്‍ 54=17, 22, 32, 40)
``ഒരു ഗവേഷകനു രണ്ടു പ്രതിഫലമുണ്ട്; ഗവേഷണഫലം തെറ്റിയാല്‍ ഒരു പ്രതിഫലവും'' (ഹദീസ്)
1970 മുതല്‍ മനസ്സിനെ പ്രയാസപ്പെടുത്തിയതും അതുകൊണ്ട് തന്നെ പഠിക്കാന്‍ ശ്രമിച്ചതുമായ ഒരു വിഷയത്തിന്റെ മൂന്നാമത്തെ ലഘുലേഖയാണ് നിങ്ങളുടെ കയ്യില്‍ – ഒട്ടേറെ മത–ഗോള ശാസ്‌ത്ര പണ്‌ഡിതന്മാരില്‍ നിന്നുള്ള അറിവുകളും അനുഭവങ്ങളും, കോഴിക്കോട്ടെ പ്‌ളാനറ്റേറിയം, മത–ശാസ്‌ത്ര പ്രസിദ്ധീകരണങ്ങള്‍, വിഷയവുമായി ബന്ധ-പ്പെട്ട സെമിനാറുകള്‍, ചര്‍ച്ചകള്‍, സംവാദങ്ങളുടെയും വിവാദങ്ങളുടെയും സി.ഡി.കള്‍, ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും കണ്ടെത്തിയ ഗോളശാസ്‌ത്ര വസ്‌തുതകള്‍, വിവിധ വെബ് സെറ്റുകള്‍ തുടങ്ങി വിജ്ഞാനത്തിന്റെ കയ്യെത്താവുന്ന മേഖലകളില്‍ നിന്നെല്ലാം ശേഖരിച്ചു കിട്ടിയവയും ചേര്‍ത്ത് വെച്ച് നടത്തിയ ഒരു എളിയ പഠനത്തിന്റെ കൈപ്പുസ്‌തകമാണിത്. അവ അല്ലാഹുവിന്റെ കലാമായ വിശുദ്ധ ഖുര്‍ആനിനു മുമ്പില്‍ വിനയപൂര്‍വ്വം സമര്‍പ്പിക്കുകയും പ്രവാചകവചനങ്ങള്‍ അതോടു ചേര്‍ത്തു പരിശോധിക്കുകയും ചെയ്‌തു. ഇത് 2006ല്‍ പൊതു പ്രസിദ്ധീകരണത്തിന് നല്‍കണമെന്നായിരുന്നു ആഗ്രഹിച്ചത്. എന്നാല്‍ ഇത് പ്രസിദ്ധീകരിക്കുന്നതിനു പകരം ആദ്യം പണ്‌ഡിതന്മാര്‍ക്ക് നല്‍കണമെന്നായിരുന്നു എനിക്ക് ലഭിച്ച പണ്‌ഡിതോചിതമായ ഉപദേശം. അങ്ങിനെ പഠന റിപ്പോര്‍ട്ട് കഴിഞ്ഞ നാല്‍പ്പതു വര്‍ഷത്തെ സുഹൃത്‌ബന്ധം കൂടിയുള്ള കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട് ജ: ടി.പി. അബ്‌ദുല്ലക്കോയ മദനി, ജനറല്‍ സെക്രട്ടറി ജ: എ.പി. അബ്‌ദുല്‍കാദര്‍ മെൌലവി, എം. മുഹമ്മദ് മദനി, അബ്‌ദുറഹിമാന്‍ സലഫി, ഒരു സമസ്‌ത പണ്‌ഡിതന്‍ തുടങ്ങിയവര്‍ക്ക് നല്‍കി. രണ്ടുവര്‍ഷം മുമ്പ് സകരിയാ സ്വലാഹി ഉള്‍പ്പെടെ മറ്റു പണ്‌ഡിതന്മാര്‍ക്കും ജ: പി.കെ. അഹമ്മദ് സാഹിബിനും സമര്‍പ്പിച്ചു. പ്രസ്‌തുത റിപ്പോര്‍ട്ടിന്റെ പരിഷ്‌കരിച്ച ലേഖനങ്ങളാണിവ. അബദ്ധങ്ങളോ തെറ്റുകളോ സംഭവിക്കാം. ചൂണ്ടി കാണിച്ചാല്‍ തിരുത്തുന്നതാണ്. നേരത്തെ പറഞ്ഞ പോലെ സ്വന്തം വിശ്വാസത്തെ ഒന്നിനോടും കെട്ടിയിടാതെ ശുദ്ധമായ തുറന്ന മനസ്സോടെ വായിക്കുന്നവര്‍ക്ക് മാത്രമേ ഇതില്‍ നിന്നും വല്ലതും മനസ്സിലാക്കിയെടുക്കാനാകൂ എന്ന് വിനയപൂര്‍വ്വം ആവര്‍ത്തിച്ചു കൊള്ളട്ടെ. കാരണം ഖബറിലും പരലോകത്തും നമ്മള്‍ ഒറ്റക്കായിരിക്കും. ഖാളിമാര്‍ മാസമുറപ്പിച്ചു അതുകൊണ്ട് ഞാന്‍ നോമ്പെടുത്തു, അല്ലെങ്കില്‍ എടുത്തില്ല. കമ്മിറ്റി തീരുമാനിച്ചു അതുകൊണ്ട് ഞാന്‍ നോമ്പെടുത്തു, അല്ലെങ്കില്‍ എടുത്തില്ല എന്ന് പരലോകത്ത് വെച്ച് നമുക്ക് ഉത്തരം പറയുക സാധ്യമാണോ? നോമ്പുകള്‍ നഷ്‌ടപ്പെട്ടു പരലോകത്ത് എത്തുന്നതാണോ അല്ലാഹുവിനിഷ്‌ടം അതോ നോമ്പ് നഷ്‌ടമാകാതെ പരലോകത്തെത്തുന്നതോ എന്നാലോചിക്കുക.
സാധാരണക്കാരനായ ഒരു മുസ്ലിം ചോദിക്കുന്ന എപ്പോഴത്തെയും ഒരു ചോദ്യമുണ്ട് – ഈ തര്‍ക്കത്തിന് അവസാനമില്ലേ എന്ന്. ഒരു ചാന്ദ്രവര്‍ഷത്തെ 351 ദിവസങ്ങളും പ്രശ്‌നമില്ലാതെ കഴിയുന്നു. ഇത്രയും ദിവസങ്ങളില്‍ ഒരുപക്ഷെ എല്ലാ ദിവസവും നാം കല്ല്യാണങ്ങള്‍ നടത്തി. കല്യാണകത്തുകളില്‍ ഇംഗ്ലീഷ് മാസത്തിനു പുറമേ അറബി മാസവും ചേര്‍ത്തി. ചന്ദ്രോദയം നോക്കിയിട്ടാണോ കത്തില്‍ ചാന്ദ്രമാസം ചേര്‍ത്തതെന്നു ആരും ആരോടും ചോദിച്ചില്ല. നിക്കാഹിനു ക്ഷണിച്ചു കൊണ്ടു വരപ്പെട്ട പണ്‌ഡിതനുമുണ്ടായിരുന്നില്ല സംശയം. ദശാബ്‌ദങ്ങള്‍ വേറിട്ട് നിന്ന കോഴിക്കോട്ടെ ഈദുഗാഹുകള്‍ ഒന്നിപ്പിക്കാന്‍ ഒരു ജില്ലാ കലക്‌ടര്‍ നമുക്ക് വേണ്ടി വന്നു. എന്നാല്‍ വ്രതം തീരുമാനിക്കാനും പണ്‌ഡിതനല്ലാത്ത ഒരു മൂന്നാം കക്ഷിക്കുവേണ്ടി നമ്മള്‍ കാത്തിരിക്കണമോ? ഈദ്‌ഗാഹ് വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമിയോടുള്ള ആദര്‍ശ ഭിന്നത മാറ്റി വെക്കാന്‍ മുജാഹിദുകള്‍ക്കു കഴിഞ്ഞു അതേ പോലെ മുജാഹിദിലെ രണ്ടു വിഭാഗവും പരസ്‌പര വൈരം മറന്നു! ഐക്യത്തെക്കുറിച്ച് പ്രസംഗിക്കാറുള്ളവരാണല്ലോ മൂന്നു വിഭാഗങ്ങളും. വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ സ്വയം തോന്നേണ്ട ഐക്യബോധം മൂന്നു പണ്‌ഡിത സംഘടനകള്‍ക്കു തോന്നാന്‍ അഞ്ചാം ക്ലാസ് മദ്രസാ വിദ്യാഭ്യാസം മാത്രം നേടിയിട്ടുള്ള ഒരു ജില്ലാ കലക്‌ടര്‍ ഇടപേടേണ്ടി വന്നു എന്നത് തുറന്നു പറഞ്ഞാല്‍ നാണക്കേടാണ്. ഇതേ നാണക്കേട് നോമ്പിന്റെയും പെരുന്നാളിന്റെയും വിഷയത്തിലും സംഭവിക്കുന്നതിനുമുമ്പ് ഖുര്‍ആന്റേയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തിലുള്ള ഒരു കൂടിചേരല്‍ ഇവിടെയും ആവശ്യമായി വരുന്നു എന്ന സത്യം മറന്നുപോകരുത്. നോമ്പിന്റെ തീരുമാനം പ്രഖ്യാപിക്കപ്പെടുമ്പോള്‍ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ – ഖുര്‍ആന്‍ ആ സന്ദര്‍ഭത്തില്‍ ചര്‍ച്ച ചെയ്യപ്പെടാറില്ല! ഹദീസുകള്‍ കൊണ്ടുള്ള മാത്സര്യമാണ് നമ്മള്‍ കേള്‍ക്കാറുള്ളത്. അതോടെ റമളാന്‍ ആരംഭിച്ചു എന്നറിഞ്ഞിട്ടും ആ വിശുദ്ധ ദിവസത്തില്‍ തിന്നും കുടിച്ചും നാം കഴിച്ചുകൂട്ടേണ്ടി വരുന്നു! ഓരോ വര്‍ഷവും ഓരോ നോമ്പ് വീതം നമുക്കു നഷ്‌ടപ്പെടുന്നു. 45 വയസ്സുള്ള ഒരാള്‍ക്ക് 30 നോമ്പ് നഷ്‌ടമായി. അതായത് ഒരു റമദാന്‍ സമ്പൂര്‍ണ്ണമായും വിനഷ്‌ടമായി!!
പരലോകത്ത് കര്‍മ്മങ്ങള്‍ ശൂന്യമാകുന്ന ഈ നഷ്‌ടത്തില്‍ നിന്ന് മോചിതരാകാന്‍ എന്തുണ്ട് വഴി?
ഈ ലേഖന പരമ്പര അതിലേക്കുള്ള വഴിയുടെ ചവിട്ടുപടികളാണ്. വിഷയം മനസ്സിലാക്കി തെറ്റ് തിരുത്താന്‍ ആദ്യം വേണ്ടത് ശുദ്ധമായ മനസ്സാണ്. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുകളും അല്ലാത്ത എല്ലാ ബന്ധനങ്ങളെയും മാറ്റി വെക്കാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമേ ഇത് ഉള്‍ക്കൊള്ളാന്‍ സാധ്യമാകൂ.
പ്രവാചകഭാഷയില്‍ ``കുല്ലു മഹ്മൂമുല്‍ ഖല്‌ബ്'' (തുടച്ചു മിനുക്കി ക്ലീനാക്കിയ ഖല്‌ബ്) ആദ്യം തയ്യാറാക്കി വെക്കുക. സൂര്യനും ചന്ദ്രനുമാണ് നമ്മുടെ പ്രധാന ചാര്‍ച്ചാ കേന്ദ്രങ്ങള്‍. അല്ലാഹു നിജപ്പെടുത്തിയ ഒരു കണക്കനുസരിച്ചാണ് അവ സഞ്ചരിക്കുന്നതെന്നതിനു വിശുദ്ധ ഖുര്‍ആനില്‍ എത്രയും തെളിവുകളുണ്ടുതാനും.
സൂര്യന്റെ പ്രധാന ധര്‍മങ്ങളില്‍ ഒന്ന് സമയം നിര്‍ണയിക്കുകയാണ്. സൂറ ഇസ്രായിലെ 78–ാംമത്തെ ആയത്ത് പരിശോധിക്കുക. `സൂര്യന്‍ ആകാശ മധ്യത്തില്‍ നിന്ന് തെറ്റിയത് മുതല്‍ രാത്രി ഇരുട്ടുന്നത് വരെ നീ നിശ്ചിത സമയങ്ങളില്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുക.' (17 : 78)
ഈ ആയത്ത് ലോകത്തിലെ മുഴുവന്‍ മനുഷ്യര്‍ക്കും ബാധകമായ റബ്ബിന്റെ പ്രകൃതി നിയമവ്യവസ്ഥയാണ്.... ഭൂമിയിലെ വിവിധ ഭാഗങ്ങളില്‍ സമയം വ്യത്യസ്‌തമായിരിക്കുമെന്നു മാത്രം. ഈ ആയത്ത് അവതരിക്കപ്പെടുമ്പോള്‍ സമയമറിയാന്‍ വാച്ചോ മറ്റു ശാസ്‌ത്രീയ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. കുന്തം അല്ലെങ്കില്‍ വടി നിലത്തു കുത്തി നിഴലിന്റെ തോത് കണക്കാക്കി നമസ്‌കാരത്തിന്റെ സമയം നിര്‍ണ്ണിയിച്ചു കൊള്ളാനാണ് പ്രവാചക തിരുമേനി സ്വഹാബാക്കളെ പഠിപ്പിച്ചത്. കണക്കുകൂട്ടാന്‍ അറിയുന്ന ഒരു കാലം വന്നാല്‍ കണക്കുകൂട്ടാനും ആവശ്യപ്പെട്ടു. ചൈനയിലാണ് സമയമറിയാനുള്ള സംവിധാനം കണ്ടുപിടിച്ചത്. പിന്നീട് കലണ്ടര്‍ രൂപം കൊണ്ടു. നോമ്പ് തുറക്കുന്നത് പോലും കലണ്ടര്‍ നോക്കിയിട്ടായി. സൂര്യന്‍ അസ്‌തമിക്കുന്നത് കണ്ടുകൊണ്ടായിരുന്നു പ്രവാചക കാലഘട്ടം മുതല്‍ വളരെ കാലം നോമ്പ് തുറന്നിരുന്നത്. സൂര്യാസ്‌തമന സമയമാണ് മഗ്‌റിബിന്റെ സമയമെന്ന് നമുക്കറിയാം. എന്നാല്‍ വാച്ച് നോക്കിയാണ് നാം നോമ്പ് തുറക്കുന്നത് പോലും. വിശുദ്ധ ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും ആശയമാണു നാം എടുക്കേണ്ടത്. പദാനുപദ അര്‍ഥങ്ങളല്ല. ഒരു ഉദാഹരണം ശ്രദ്ധിക്കുക; കോഴിക്കോട് വിമാനതാവളത്തില്‍ നിന്ന് ഒരു മുസ്ലിം ഒരു റമളാനില്‍ വൈകീട്ട് ആറു മണിക്ക് സൌദിയിലേക്ക് പോകുന്നു എന്ന് വെക്കുക. കോഴിക്കോട്ടെ അന്നത്തെ നോമ്പ് തുറ സമയം അഥവാ മഗ്‌രിബ് ബാങ്കിന്റെ സമയം 6.30 ആണെന്നും കരുതുക. വിമാനം സൌദിക്ക് പോയിക്കൊണ്ടിരിക്കെ നമ്മുടെ മഗ്‌രിബിന്റെ സമയം രണ്ടര മണിക്കൂര്‍ കണ്ട് അകന്നുപോയിക്കൊണ്ടിരിക്കും. കാരണം നമ്മുടെ സമയത്തിനും രണ്ടര മണിക്കൂര്‍ പിറകിലാണ് സൌദി. പ്രവാചകന്‍ പഠിപ്പിച്ചത് സൂര്യാസ്‌തമനമാണു നോമ്പുതുറ സമയമെന്നാണ്. പദാനുപദ അര്‍ത്ഥത്തിലേക്കു കടന്നാല്‍ വിമാനത്തിലെ യാത്രക്കാര്‍ രണ്ടര മണിക്കൂറെങ്കിലും നമ്മുടെ മഗ്‌രിബ് കഴിഞ്ഞു നോമ്പ് തുറക്കാനായി കാത്തിരിക്കേണ്ടി വരും. മനുഷ്യ ശരീരത്തിന് ഈ അവസ്ഥ പ്രയാസമുണ്ടാക്കും. ശരീരത്തിലെ ജലാംശം വറ്റി ഒരു പക്ഷേ മരണം വരെ സംഭവിച്ചേക്കും. അപ്പോള്‍ വിശ്വാസി എന്തു ചെയ്യും? വിശുദ്ധ ഖുര്‍ആനിലെ അല്‍ ബഖറ 185 ആം ആയത്തിലേക്ക് കടക്കുക. ``അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണ് ഉദ്ദേശിക്കുന്നത്. അല്ലാഹു പ്രയാസമല്ല ഉദ്ദേശിക്കുന്നത്. ``വിമാനം പുറപ്പെട്ട രാജ്യത്തെ മഗ്‌രിബിന്റെ സമയമനുസരിച്ച് വിമാനത്തിന്റെ അകത്ത് വെച്ചു നോമ്പ് തുറക്കുകയേ നിര്‍വ്വാഹമുള്ളൂ. അതാണ് ബുദ്ധി. ``ബുദ്ധിയാകുന്നു എന്റെ ദീനിന്റെ അടിത്തറ'' എന്ന് പ്രവാചകന്‍ (സ) പഠിപ്പിക്കുന്നു. മുആദ്(റ)നെ യമനിലേക്കയച്ചപ്പോള്‍ പ്രവാചകനും മുആദും തമ്മില്‍ നടന്ന പ്രസിദ്ധമായ സംഭാഷണം ലോകാവസാനം വരെയുള്ള വിശ്വാസികള്‍ക്ക് മാര്‍ഗ്ഗദര്‍ശനമാണ്. യമനിലെ വിശ്വാസികളുടെ പ്രശ്‌നങ്ങള്‍ക്ക് മുആദെ താങ്കള്‍ എങ്ങിനെ വിധി കല്‍പ്പിക്കും എന്ന പ്രവാചകന്റെ ചോദ്യത്തിന് ``പ്രവാചകരേ വിശുദ്ധ ഖുര്‍ആന്‍ അനുസരിച്ച് ഞാന്‍ വിധി നല്‍കും'' എന്ന് മുആദ് മറുപടി പറയുന്നു.അടുത്ത ചോദ്യം. ``വിശുദ്ധ ഖുര്‍ആനില്‍ അത് നിനക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലോ മുആദെ?'' പ്രവാചകന്റെ സുന്നത്തനുസരിച്ച് ഞാന്‍ വിധി നല്‍കുമെന്ന് മുആദ് പ്രത്യുത്തരം നല്‍കി. അപ്പോള്‍ വീണ്ടും തിരുമേനിയുടെ ചോദ്യം. മുആദ് എന്റെ ചര്യയിലും കണ്ടെത്താന്‍ നിനക്ക് കഴിഞ്ഞില്ലെങ്കിലോ? അതിനു മുആദ് നല്‍കിയ ഉത്തരമാണ് നാം ശ്രദ്ധിക്കേണ്ടത്. ``പ്രവാചകരെ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും മുമ്പില്‍ വെച്ച് എന്റെ ബുദ്ധി ഉപയോഗിച്ച് ഞാന്‍ തീരുമാനം കണ്ടെത്തും.'' ഇത് കേട്ടതോടെ റസൂല്‍ തിരുമേനി(സ) മുആദ്(റ)ന്റെ നെഞ്ഞത്ത് തട്ടി അഭിനന്ദിക്കുകയും പ്രാര്‍ത്ഥിക്കുകയുമാണ് ചെയ്‌തത്.''
സൂര്യന്‍ മാസങ്ങളോളം ആകാശത്തുണ്ടാകുകയും മാസങ്ങളോളം ഇല്ലാതാവുകയും ചെയ്യുന്ന അന്റാര്‍ട്ടിക്കാ പ്രദേശത്തു പകലിന്റെ സമയനിര്‍ണ്ണയമാണ് നോല്‍മ്പിന്റെ ദൈര്‍ഘ്യം. കണക്കിനെയാണ് ഇവിടെ ആശ്രയിക്കേണ്ടത്. വിശുദ്ധ ഖുര്‍ആനില്‍ നിന്ന് ഇതു സംബന്ധിച്ച സൂക്തം കണ്ടെത്തുക സാധ്യമല്ല; ഹദീസിലും ലഭ്യമല്ല. ഖുര്‍ആനും ഹദീസും മുമ്പില്‍ വെച്ച് തീരുമാനം കണ്ടെത്തുകയാണ് വേണ്ടത്.
അടുത്ത ലക്കം :
``വിമാനത്തില്‍ വെച്ച് പണ്‌ഡിതന്‍ കാണിച്ച മാതൃക.''
–––––––––––––––––––––––––––––– –––
ഹറാമിന്റെ നോമ്പും തെറ്റായ പെരുന്നാളുകളും
ലഘുലേഖ – 4
വിമാനത്തില്‍ വെച്ച് പണ്‌ഡിതന്‍ കാണിച്ച മാതൃക
പി.സി. അബ്‌ദുല്‍ ലത്തീഫ്
കേരള നദവത്തുല്‍ മുജാഹിദീന്റെ പ്രഗത്ഭനായ ഒരു പണ്‌ഡിതന്‍ ഒരു റമളാനില്‍ കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ നിന്ന് സൌദിക്ക് പുറപ്പെടുന്നു. നോമ്പ് തുറക്കാന്‍ ചുരുക്കം സമയമേ ബാക്കിയുള്ളൂ. വിമാനം സഞ്ചരിച്ചുകൊണ്ടിരിക്കെ ഇന്ത്യയിലെ അഥവാ കേരളത്തിലെ നോമ്പ് തുറ സമയമായി. പക്ഷേ ആകാശത്ത് സൂര്യന്‍ അസ്‌തമിക്കാന്‍ മണിക്കൂറുകള്‍ ബാക്കി. എന്ത് ചെയ്യണമെന്ന ആശങ്കയിലായി യാത്രക്കാര്‍. അവരില്‍ മുജാഹിദ് ആദര്‍ശമുള്ളവരും സുന്നി ആശയമുള്ളവരുമുണ്ട്. ഏതാനും നേരത്തെ ആലോചനക്കു ശേഷം പണ്‌ഡിതന്‍ തീരുമാനമെടുത്തു. വാച്ചില്‍ നോക്കി നാട്ടിലെ മഗ്‌രിബിന്റെ സമയമായെന്ന് ഉറപ്പുവരുത്തി അദ്ദേഹം നോമ്പ് തുറന്നു. മുജാഹിദ് ആദര്‍ശക്കാരായ സഹയാത്രികരും നോമ്പ് തുറന്നു. സുന്നി ആദര്‍ശക്കാരായ യാത്രക്കാരും പിന്നെ ആലോചിച്ചു നിന്നില്ല. ആകാശത്ത് സൂര്യന്‍ ഉണ്ടായിരിക്കെ തന്നെ അവരും നോമ്പ് തുറന്നു. ഖുര്‍ആനും തിരുസുന്നത്തും മുമ്പില്‍ വെച്ച് പണ്‌ഡിതന്‍ ഒരു തീരുമാനം എടുക്കുകയാണ് ചെയ്‌തത്. ഈ നടപടിക്കു ഏത് ആയത്തിന്റെ പിന്‍ബലം അല്ലെങ്കില്‍ ഏത് ഹദീസിന്റെ തെളിവ് എന്ന് ചോദിച്ചാല്‍ ഒരൊറ്റ തെളിവും ഹാജരാക്കാന്‍ ലോകത്തെ ഒരു പണ്‌ഡിതനും സാധ്യമല്ല. ``സൂര്യനും ചന്ദ്രനും ഒരു നിശ്ചിത കണക്കനുസരിച്ചാകുന്നു സഞ്ചരിക്കുന്നത്.'' എന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. സൂറ യുനുസില്‍ അഞ്ചാമത്തെ ആയത്തില്‍ അല്ലാഹു വീണ്ടും വ്യക്തമാക്കുന്നു: ഈ പണ്‌ഡിതനോട് തന്നെ നേരിട്ട് ഈ ചോദ്യം ഉന്നയിക്കുകയുണ്ടായി. അദ്ദേഹത്തിനു മറുപടിയില്ല. ``സൂര്യനെ ഒരു പ്രകാശമാക്കിയത് അവനാകുന്നു. ചന്ദ്രനെ അവനൊരു ശോഭയാക്കുകയും അതിനു ഘട്ടങ്ങള്‍ നിര്‍ണയിക്കുകയും ചെയ്‌തിരിക്കുന്നു. നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുന്നതിന് വേണ്ടി യഥാര്‍ത്ഥ മുറപ്രകാരമല്ലാതെ അല്ലാഹു അതൊന്നും സൃഷ്‌ടിച്ചിട്ടില്ല.
മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അല്ലാഹു തെളിവുകള്‍ വിശദീകരിക്കുന്നു. (2:105) സൂറ ഇസ്രാ ഇല്‍ തെളിവ് വീണ്ടും കാണുക. രാവിനെയും പകലിനെയും നാം രണ്ടു ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന് നു. രാവാകുന്ന ദൃഷ്‌ടാന്തത്തെ നാം മങ്ങിയതാക്കുകയും പകലാകുന്ന ദൃഷ്‌ടാന്തത്തെ നാം പ്രകാശം നല്‌കുന്നതാക്കുകയും ചെയ്‌തിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള അനുഗ്രഹം നിങ്ങള്‍ തേടുന്നതിനു വേണ്ടിയും കൊല്ലങ്ങളുടെ എണ്ണവും കണക്കും നിങ്ങള്‍ മനസ്സിലാക്കുന്നതിന് വേണ്ടിയും. ഓരോ കാര്യവും നാം നല്ലവണ്ണം വിശദീകരിച്ചിരിക്കുന്നു.'' (17:12) ഈ കണക്കിനെയാണ് കൃത്യതക്ക് വേണ്ടി ഒരു വിശ്വാസി അവലംബിക്കേണ്ടത്. സൂര്യന്റെ കാര്യത്തിലെന്ന പോലെ ചന്ദ്രന്റേതും കണക്കാണ് ആശ്രയിക്കേണ്ടതെന്നു വിശുദ്ധ ഖുര്‍ആന്‍ സിദ്ധാന്തിക്കുന്നു. ഓരോ നാട്ടിലും സൂര്യോദയത്തിന്റെയും അസ്‌തമനത്തിന്റെയും ഇടക്കുള്ള സമയമെത്രയോ അത്രയും സമയമേ ഒരു വിശ്വാസി നോമ്പില്‍ നില്‍ക്കേണ്ടതുള്ളു എന്നാണല്ലോ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. കണക്കിനെക്കുറിച്ചുള്ള ഈ തിരിച്ചറിവ് വിശുദ്ധ റമളാന്‍ വ്രതത്തിന്റെ കാര്യത്തിലും ഉണ്ടായെങ്കില്‍ റമളാന്‍ സമാഗതമായി എന്നറിഞ്ഞിട്ടും നോമ്പെടുക്കാതെ കഴിച്ചു കൂട്ടുകയെന്ന ഹറാം ചെയ്യേണ്ടി വരില്ലായിരുന്നു. പണ്‌ഡിതത്താര്‍ അത് മനസ്സിലാക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.
ചന്ദ്രന്റെ ഡ്യൂട്ടി
തിയ്യതി നിര്‍ണയത്തിന് ചന്ദ്രനെ ആശ്രയിക്കാനാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്. അതിനുള്ള നിര്‍ദേശം സൂറത്ത് അല്‍ബഖറ 189–ാംമത്തെ ആയത്തിലൂടെ അല്ലാഹു നല്‍കുന്നത് കാണുക. ``നബിയെ നിന്നോടവര്‍ ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു. പറയുക മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും ഹജ്ജ് തീര്‍ത്ഥാടനത്തിനും തിയ്യതി നിശ്ചയിക്കുന്നതിനുള്ള ഉപാധികളാകുന്നു അവ. ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ ഏതൊരാളുടെയും ജനന–മരണ തിയ്യതികള്‍ നിര്‍ണയിക്കേണ്ടത് ചാന്ദ്രമാസക്കണക്കിന്റെ അടിസ്ഥാനത്തിലാകണം. സക്കാത്ത് നിര്‍വഹിക്കേണ്ടതും ചാന്ദ്രതിയ്യതി പ്രകാരമായിരിക്കണം. ഓരോരുത്തരുടെയും സക്കാത്ത് വിവിധ മാസങ്ങളിലും തിയ്യതികളിലും ആയിരിക്കുമെന്നതിനാല്‍ ഒരു വിശ്വാസിയുടെ വീട്ടില്‍ ഒരു ഹിജിരി കലണ്ടര്‍ ആവശ്യമായി വരുന്നില്ലേ? ഓരോ മാസത്തിന്റെയും മധ്യത്തിലെ മൂന്നു സുന്നത്ത് നോമ്പുകള്‍ അനുഷ്‌ടിക്കേണ്ടതും ചാന്ദ്ര തിയ്യതി പ്രകാരമായിരിക്കണം. അപ്പോള്‍ ചന്ദ്രനാകണം ഭൂമിയില്‍ തിയ്യതി നിശ്ചയിക്കേണ്ടത് എന്നാണ് വിശുദ്ധ ഖുര്‍ആന്‍ സിദ്ധാന്തിക്കുന്നത്. ആ തിയ്യതി എവിടെ നിന്ന് തുടങ്ങണം എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുണ്ട്. അതിനും നമുക്ക് വിശുദ്ധ ഖുര്‍ആന്റെ സഹായം തേടാം.
അല്‍ ബഖറയിലെ ആയത്തില്‍ അല്ലാഹു തിയ്യതി നിര്‍ണയത്തെ ഹജ്ജുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ഹജ്ജാകട്ടെ മക്കയിലുമാണ്. മക്കയാകട്ടെ ഭൂമിയുടെ ഏതാണ്ട് മധ്യത്തിലുമാണ്. മക്കയിലെ ആകാശത്ത് ചന്ദ്രന്റെ പിറവി സംഭവിക്കുന്നത് എപ്പോള്‍ എന്നത് കൃത്യമായും ലഭ്യമാണ്. എത്ര വര്‍ഷത്തേത് വേണമെങ്കിലും സൌദി വെബ്‌സൈറ്റിലോ അമേരിക്കയുടെ നാസാ വെബ്‌സൈറ്റിലോ കണ്ടെത്താം. മക്കയില്‍ അവരുടെ ദിനാരംഭ സമയത്തും സൌദിക്ക് കിഴക്ക് ഭാഗത്തുള്ള രാജ്യങ്ങള്‍ അവരുടെ ദിനാരംഭ സമയത്തും തിയ്യതി ആരംഭിക്കും അപ്പോള്‍ മക്കക്കു രണ്ടര മണിക്കൂര്‍ മുമ്പില്‍ സഞ്ചരിക്കുന്ന നമുക്കും മുന്‍കൂട്ടി തിയ്യതി നിര്‍ണയം നടത്താം. നോമ്പും പെരുന്നാളും പിഴക്കില്ല. നോമ്പ് ദിവസം ഭക്ഷണം കഴിക്കുക എന്ന ഹറാം സംഭവിക്കില്ല. അതേ പോലെ പെരുന്നാള്‍ ദിവസം നോമ്പെടുക്കുകയെന്ന ഹറാമും ചേയ്യേണ്ടി വരില്ല. അറഫാ ദിന വ്രതാനുഷ്‌ഠാനം അറഫാ ദിനത്തില്‍ തന്നെ നിര്‍വഹിക്കാനാകും (സഊദിയും കണക്കിനെ ആശ്രയിക്കണം) ബലി കര്‍മ്മവും തെറ്റ് കൂടാതെ വിശ്വാസികള്‍ക്ക് നിര്‍വഹിക്കാനാകും. മറിച്ചാകുമ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ കുഫിരിയ്യത്തിന്റെ വര്‍ധന എന്ന് വിശേഷിപ്പിച്ചതെന്തോ അത് സംഭവിക്കും. ``ഇന്നമന്നസീ ഉ സിയാദതുന്‍ ഫില്‍ കുഫിര്‍ (തീര്‍ച്ചയായും കാലത്തെ പിറകോട്ട് മാറ്റുക എന്നത് അവിശ്വാസത്തിലുള്ള വര്‍ധനവ് തന്നെയാകുന്നു.'' (വിശുദ്ധ ഖുര്‍ആന്‍ 9:37) ഈ ആയത്ത് നമുക്ക് ബാധകമല്ലെന്ന് വാദിക്കുന്ന പണ്‌ഡിതന്മാരുണ്ട്. അവര്‍ ഹറാമും ഹലാലും സംഘടനാവല്‌ക്കരിച്ചതാണ് ഇതിനു ഒരു കാരണം. രണ്ടാമത്തെ കാരണം ഈ വിഷയം കൈകാര്യം ചെയ്യുന്നേടത്ത് നമുക്കു ``ഇഷ്‌ടമില്ലാത്ത'' വ്യക്തികള്‍ കടന്നുവന്നു എന്നതാണ്. ``ആളെ നോക്കണ്ട തെളിവ് നോക്കുക'' എന്ന പണ്‌ഡിതന്മാരില്‍ പണ്‌ഡിതനായിരുന്ന ഉമര്‍ മൌലവിയുടെ വാക്കുകള്‍ നാം വിസ്‌മരിക്കാമോ? (പ്രവാചക വചനം ഉദ്ധരിച്ചുകൊണ്ട് തന്റെ പ്രിയപ്പെട്ട ``സല്‍ സബീലിന്റെ'' കവര്‍ പേജില്‍ തന്നെ ആ മഹാനുഭാവന്‍ പ്രസ്‌തുത വചനം അച്ചടിക്കാറുള്ളത് നമുക്കറിയാം). ഇനിയുമുണ്ട് മൂന്നാമതൊരു കാരണം. മറുഭാഗത്തുള്ളവരോട് പുലര്‍ത്തി വരുന്ന വ്യക്തി വിരോധം ഈഗോ ആണ് നാലാമത്തെ കാരണം. ഇവരുമായുള്ള സ്വകാര്യ സംഭാഷണങ്ങളില്‍ നിന്ന് അതു മനസ്സിലാക്കാം.
നേരത്തെ പറഞ്ഞ പോലെ ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്ന വിശാല ഹൃദയത്തോടെ കാലത്തിന്റെ മാറ്റിമറിക്കല്‍ എങ്ങിനെ സംഭവിക്കുന്നു എന്ന് വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ നമുക്ക് പരിശോധിക്കാം. അതിന്റെ മുന്നോടിയായി അല്ലാഹുവിന്റെ ഏതാനും വചനങ്ങളിലൂടെ നമുക്ക് കടന്നു പോകാം. ``ഈ ഗ്രന്ഥത്തില്‍ നാം യാതൊന്നും തന്നെ പറയാതെ വിട്ടുകളഞ്ഞിട്ടില്ല.'' (വി.ഖു. 6:38). ``തീര്‍ച്ചയായും ചിന്തിക്കുന്നവര്‍ക്ക് ഖുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. അതിനാല്‍ ചിന്തിക്കുവാന്‍ തയ്യാറുള്ളവര്‍ ആരെങ്കിലുമുണ്ടോ?'' (വി.ഖു. 54:17, 22, 32, 40, 51). ``തീര്‍ച്ചയായും ജന്തുക്കളുടെ കൂട്ടത്തില്‍ ഏറ്റവും നികൃഷ്‌ടത്താര്‍ ബുദ്ധി കൊടുത്തു ആലോചിക്കാത്ത ``ഊമകളും'' ``ബധിരന്മാരും'' ആകുന്നു.'' (8:22) (അന്വേഷിച്ചു മനസ്സിലാക്കാനുള്ള സംസാര ശേഷിയും കേട്ട് മനസ്സിലാക്കാനുള്ള ചെവികളും ആലോചിക്കുവാനുള്ള തലച്ചോറും ഉണ്ടായിട്ടും അതിനു തയ്യാറില്ലാത്തവര്‍ എന്നര്‍ത്ഥം). ഈ വിഷയവുമായി രണ്ടു മുജാഹിദ് വിഭാഗം പണ്‌ഡിതന്മാരെയും ജമാഅത്തു പണ്‌ഡിതന്മാരേയും സമീപിച്ചവര്‍ക്കുണ്ടായ അനുഭവങ്ങള്‍ ഇന്‍ശാ അല്ലാഹ് മറ്റൊരവസരത്തില്‍ പ്രതിപാദിക്കാം.
കേരളത്തില്‍ ഓരോ റമളാനിലും സംഭവിക്കുന്നത് കാലത്തിന്റെ മാറ്റി മറിക്കല്‍ തന്നെയാണ്. രണ്ടര മണിക്കൂര്‍ മക്കക്കു മുമ്പില്‍ സഞ്ചരിക്കുന്ന നാം പെട്ടെന്ന് ഹിലാല്‍ കമ്മിറ്റിയുടെയോ ഖാളിമാരുടെയോ ഒരു അറിയിപ്പിലൂടെ എങ്ങിനെയാണ് മക്കക്ക് പിറകോട്ട് ചാടുക? ഇങ്ങിനെ ഒരു മറിമായം നമ്മള്‍ ചെയ്യേണ്ടി വരുന്നത് മക്കയുടെ ആകാശത്ത് നിന്ന് ചന്ദ്രനെ കേരളത്തിന്റെ ആകാശത്തേക്ക് ചുരുക്കിക്കളഞ്ഞതാണ്. കൊല്ലത്തില്‍ 351 ദിവസവും തിയ്യതിയിലും സമയത്തിലും മക്കയുടെ മുമ്പില്‍ സഞ്ചരിക്കുന്ന നമുക്ക് പെട്ടെന്ന് മക്കക്ക് പിറകോട്ട് മാറാന്‍ അല്ലാഹുവോ അവന്റെ പ്രവാചകനോ അനുവാദം തന്നിട്ടുണ്ടോ? വിഷയം പഠിക്കാന്‍ തയ്യാറുള്ള വരെ വേണം അതേല്‍പ്പിക്കാന്‍. അബദ്ധങ്ങള്‍ ഒട്ടേറെ തവണ തിരുത്തിയവരാണ് നമ്മള്‍. ആധുനിക ആസ്‌ട്രണമിയല്ല അവര്‍ പഠിക്കേണ്ടത്. വിശുദ്ധ ഖുര്‍ആനില്‍ തന്നെയുള്ള ഗോള ശാസ്‌ത്രമെങ്കിലും പഠിച്ചിരിക്കണം. ഈദ്‌ഗാഹ് ഐക്യത്തിനു കളക്‌ടറെ അനുസരിക്കാം എങ്കില്‍ ഇവിടെ ഡോ. സി.കെ. രാമചന്ദ്രനെയെങ്കിലും സമീപിക്കാവുന്നതാണ് അല്ലെങ്കില്‍ ജാഫര്‍ഖാന്‍ കോളനിയിലെ പ്ലാനറ്റേറിയത്തെയെങ്കിലും! (1999 ജനുവരിയില്‍ ചെയ്‌തതുപോലെ)
അടുത്ത ലക്കം : ``ഗോളശാസ്‌ത്രം ഖുര്‍ആനില്‍'
––––––––––––––––––––––––––––––
ഹറാമിന്റെ നോമ്പും തെറ്റായ പെരുന്നാളുകളും
ലഘുലേഖ – 5
ഗോളശാസ്‌ത്രം ഖുര്‍ആനില്‍
പി.സി. അബ്‌ദുല്‍ ലത്തീഫ്
2004 നവംബര്‍ 9നു കോഴിക്കോട് നടന്ന ഒരു പൊതു പരിപാടിയില്‍ പ്രസംഗിക്കവേ ഡോ. സി.കെ. രാമചന്ദ്രന്‍ ഇങ്ങിനെ പ്രസ്‌താവിച്ചു. ``എല്ലാ ശാസ്‌ത്രവും ഖുര്‍ആനില്‍ നിന്ന് വായിച്ചെടുക്കാം. `ഗോളശാസ്‌ത്രം ഉള്‍പ്പെടെ'. ഈ കുറിപ്പെഴുതുന്നയാള്‍ ആറു വര്‍ഷം മുമ്പ് കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ പണ്‌ഡിതന്മാര്‍ക്കും സമസ്‌തക്കും സമര്‍പ്പിച്ച സമഗ്രമായ ഒരു പഠന റിപ്പോര്‍ട്ടില്‍ വിശുദ്ധ ഖുര്‍ആനും തിരു സുന്നത്തും മുമ്പില്‍ വെച്ച് നടത്തിയ ഒരു ഗോള ശാസ്‌ത്ര കണക്ക് അല്‍പ്പം പരിഷ്‌കരണത്തോടെ ഇവിടെ ചേര്‍ക്കുന്നു.
സൂറ അല്‍ ബഖറ മുതല്‍ അന്നാസ് വരെയുള്ള വിശുദ്ധ ഖുര്‍ആനിലെ ആറായിരത്തില്‍ പരം ആയത്തുകളില്‍ നിന്ന് ദിവസം എന്ന് അര്‍ത്ഥം വരുന്ന പദങ്ങള്‍ ശേഖരിക്കുക. 365 സ്ഥലങ്ങളില്‍ നമുക്ക് ആ പദങ്ങള്‍ കണ്ടെത്താം. ഇത് ഒരു സൂര്യ വര്‍ഷ ദിനങ്ങളോടു അടുത്ത് നില്‍ക്കുന്നതിനാല്‍ നമുക്കതിനെ ആ ഗണത്തിലേക്ക് മാറ്റിവെക്കാം. ഒരു വര്‍ഷത്തിനു എത്ര മാസങ്ങളുണ്ട്? പ്രയാസമില്ല വ്യക്തമായ ആയത്ത് തന്നെ നമ്മുടെ മുമ്പിലെത്തുന്നു. ``ആകാശങ്ങളും ഭൂമിയും സൃഷ്‌ടിച്ച ദിവസം മുതല്‍ അല്ലാഹുവിന്റെ രേഖയില്‍ ഒരു വര്‍ഷത്തിനു പന്ത്രണ്ടു മാസങ്ങളാകുന്നു. (വി.ഖു. 9:36) ഇനി ഒരു മാസത്തെ ദിനങ്ങളുടെ എണ്ണം കിട്ടണം.
രണ്ടുതരം വര്‍ഷങ്ങളുണ്ട് എന്ന് നമുക്കറിയാം. സൂര്യ വര്‍ഷവും ചാന്ദ്രവര്‍ഷവും. രണ്ടിനും പന്ത്രണ്ടു മാസങ്ങളുണ്ട്. ഈ രണ്ടുതരം വര്‍ഷങ്ങളെ താരതമ്യം ചെയ്യാന്‍ എന്തുണ്ട് വഴി? അതില്‍ നിന്ന് നമുക്ക് ചാന്ദ്രവര്‍ഷ ദിനങ്ങള്‍ കണക്കുകൂട്ടി എടുക്കാന്‍ കഴിയുമോ? വിശുദ്ധ ഖുര്‍ആനില്‍ ഇതിലേക്ക് നയിക്കുന്ന എന്തെങ്കിലും തെളിവുകള്‍ ഗവേഷണം നടത്തി കണ്ടെത്താനാകുമോ? സൂറത്ത് അല്‍–കഹ്‌ഫിലെ ഒരു ആയത്ത് നമുക്ക് പരിശോധിക്കാം: ``അവര്‍ അവരുടെ ഗുഹയില്‍ 300 വര്‍ഷങ്ങള്‍ കഴിച്ചു കൂട്ടി ഒമ്പത് അവര്‍ അധികമാക്കുകയുംചെയ്‌തു.'' അനേകം വര്‍ഷത്തെ ആലോചനകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് ഈ കൊച്ചുസൂക്തത്തില്‍ അടങ്ങിയിട്ടുള്ള അതി വിസ്‌മയകരമായ ഒരു ഗോള ശാസ്‌ത്ര സത്യം ഖുര്‍ആന്‍ വ്യാഖ്യാതകള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത്. പാണക്കാട് പൂക്കോയ തങ്ങള്‍ ആമുഖം എഴുതിയതും ടി.കെ അബ്‌ദുള്ള മെൌലവി പരിഭാഷപ്പെടുത്തിയതുമായ സുന്നി വിഭാഗത്തിന്റെ തഫ്‌സീറില്‍ ഉള്‍പ്പെടെ ഈ ആയത്തിന് വ്യാഖ്യാനമുണ്ട്. ആദ്യം പറഞ്ഞ 300 സൂര്യ വര്‍ഷം 309 ചാന്ദ്ര വര്‍ഷത്തിനു തുല്യമാണ്. ഏഴുനൂറ് വര്‍ഷം മുമ്പ് രചിക്കപ്പെട്ട തഫ്‌സീര്‍ ഇബ്‌നു കഥീറിലും ഈ വിശകലനം കാണാം. ഇതില്‍ നിന്ന് ഒരു ചാന്ദ്ര വര്‍ഷത്തിന്റെ ദിനങ്ങള്‍ കണക്കു കൂട്ടി എടുക്കാം. അതായത് നമ്മള്‍ നേരത്തെ സൂര്യവര്‍ഷ ദിനങ്ങളായി മാറ്റിവെച്ച 365നെ കഹ്‌ഫിലെ 300 കൊണ്ട് ഗുണിച്ചാല്‍ കിട്ടുന്നത് മുന്നൂറു സൂര്യ വര്‍ഷത്തിലെ ദിനങ്ങളായിരിക്കുമല്ലോ? ഈ ദിനങ്ങളെ 309 ചാന്ദ്ര വര്‍ഷം കൊണ്ട് ഹരിച്ചാല്‍ 354 കിട്ടും. അപ്പോള്‍ ഒരു സൂര്യ വര്‍ഷത്തിനു 365ഉം ഒരു ചാന്ദ്ര വര്‍ഷ വര്‍ഷത്തിനു 354ഉം ദിവസങ്ങളാണ് ഉണ്ടാവുകയെന്ന് വിശുദ്ധ ഖുര്‍ആനില്‍ നിന്ന് കണ്ടെത്താം. ലോകത്തെ ഒരൊറ്റ ഗോള ശാസ്‌ത്രജ്ഞന്റെയും സഹായമില്ലാതെ നമുക്ക് വിശുദ്ധ ഖുര്‍ആനില്‍ നിന്ന് തന്നെയാണ് ഈ കണക്കുകള്‍ കൂട്ടിയെടുക്കാനായത്. ``ഈ ഗ്രന്ഥത്തില്‍ നാം യാതൊന്നും തന്നെ പറയാതെ വിട്ടു കളഞ്ഞിട്ടില്ല.'' എന്ന വിശുദ്ധ ഖുര്‍ആന്റെ തന്നെ പ്രസ്‌താവം എത്ര സത്യം! 365ല്‍ നിന്ന് 354 കിഴിച്ചാല്‍ 11 കിട്ടും. ഇതില്‍ നിന്ന് ഒരു സൂര്യ വര്‍ഷവും ചാന്ദ്രവര്‍ഷവും തമ്മിലുള്ള വ്യത്യാസം 11 ദിനങ്ങള്‍ ആണെന്നു വന്നു.
ശാസ്‌ത്രലോകത്തിനു ഇത് കണ്ടെത്താന്‍ സഹസ്രാബ്‌ദങ്ങളുടെ ഗവേഷണസംരംഭങ്ങള്‍ തന്നെ വേണ്ടി വന്നു. ലോകത്തെ ഏതു കലണ്ടറുകള്‍ എടുത്തു പരിശോധിച്ചാലും ഈ വ്യത്യാസം കാണാം. ഓരോ വര്‍ഷത്തെയും നോമ്പിന്റെ മാസം 11 ദിവസം വീതം പിറകോട്ടു പോകുന്നത് നാം തന്നെ അനുഭവിക്കുന്നില്ലേ? ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. സൂര്യചന്ദ്ര വ്യത്യാസ ദിനങ്ങള്‍ മാറ്റം വരുത്തുക എന്നതിന് അര്‍ത്ഥം ഖുര്‍ആന്‍ നല്‍കിയ ഒരു സത്യത്തെ മാറ്റുക എന്നാണ്. ഇതല്ല നബി കരീം (സ്വ)യും നമ്മെ പഠിപ്പിച്ചത്. അതിന്റെ തെളിവുകള്‍ അവിടുത്തെ തന്നെ തിരുവചനങ്ങളില്‍ നിന്ന് ലഭിക്കുമോ എന്ന് പരിശോധിക്കാം.
ഒരു മാസത്തെ ദിനങ്ങളുടെ എണ്ണം എത്രയാണ്? ഖുര്‍ആനില്‍ നിന്ന് അത് ലഭിക്കുന്നതായി അറിവില്ല. എന്നാല്‍ തിരു നബി(സ്വ)യുടെ വചനങ്ങളില്‍ നിന്ന് നമുക്കത് ലഭിക്കുന്നു. ``തീര്‍ച്ചയായും നാം (അക്കാലത്തെ അറബ് ജനതയെപ്പറ്റി) എഴുതാനും കണക്കു കൂട്ടാനും അറിഞ്ഞു കൂടാത്ത പാമര ജനതയാകുന്നു. അതിനാല്‍ മാസങ്ങളുടെ എണ്ണം (റസൂല്‍ കൈകൊണ്ട് ആംഗ്യം കാണിക്കുന്നു) 29–30, 29–30, 29–30 എന്നിങ്ങനെ ആകുന്നു. ``ശ്രദ്ധിച്ചു മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ നിന്ന് ലഭിച്ച ചാന്ദ്ര മാസ ദിനങ്ങള്‍ തന്നെയാണോ ഹദീസില്‍ നിന്നും ലഭിക്കുക. അതോ മറിച്ചോ? ഖുര്‍ആനില്‍ നിന്ന് ലഭിച്ച ചാന്ദ്ര വര്‍ഷ ദിനങ്ങളായ 354 ഹദീസില്‍ നിന്ന് ലഭിക്കണമല്ലോ?
÷ എത്ര മാസം 29, എത്ര മാസം 30 എന്ന് വിശദീകരിക്കപ്പെട്ടിട്ടില്ല അതുകൊണ്ട് ഈ ഹദീസിനെ ഖുര്‍ആനിലേക്ക് മടക്കണം : ഒരു വര്‍ഷത്തിനു 12 മാസമാണെന്നും ഒരു ചാന്ദ്ര വര്‍ഷദിനങ്ങള്‍ 354 ആണെന്നും നാം കണ്ടെത്തി. വിശുദ്ധ ഖുര്‍ആനില്‍ നിന്ന് നമുക്ക് ലഭിച്ച പന്ത്രണ്ടു മാസങ്ങളില്‍ ഒരു മാസം 29ഉം ബാക്കി 11 മാസം 30ഉം ആയി കണക്കു കൂട്ടി നോക്കിയാല്‍ 354 കിട്ടില്ല. ഇനി 2:10, 3:9, 4:8, 5:7, 6:6 എന്നീ ക്രമങ്ങളില്‍ കണക്കു കൂട്ടി നോക്കിയാല്‍ 6:6 വിശുദ്ധ ഖുര്‍ആനുമായി യോജിക്കുന്നത് കാണാം. അതായത് 6*29=174+6*30=180 (174+180=354) ഒരു വര്‍ഷം ഏതാണ്ട് ആറുമാസം 29ഉം ആറുമാസം 30ഉം. ഇനി സൂര്യവര്‍ഷത്തില്‍ ഒരു മാസത്തെ ദിനങ്ങളറിയാന്‍ 365നെ 12 കൊണ്ടു ഹരിക്കാം. 365÷-12 = 30.4166. ഇതേപോലെ ചാന്ദ്രവര്‍ഷ ദിനങ്ങളായ 354നെ 12 കൊണ്ട് ഹരിക്കുക. 354÷-12=29.05.
ഇവിടെ വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞതിന് വിരുദ്ധമായി പ്രവാചക തിരുമേനി പഠിപ്പിച്ചിട്ടുണ്ടോ? ലോകര്‍ക്ക് മുഴുവന്‍ മാതൃകാപുരുഷനായി അല്ലാഹു നിയോഗിച്ച പ്രവാചകന്‍ അല്ലാഹുവിനെതിരെ പ്രവര്‍ത്തിച്ചു എന്ന് ആക്ഷേപിക്കുകയല്ലേ നമ്മള്‍ ചെയ്യുന്നത്!! അക്കാര്യം വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക – ``ഒരു മനുഷ്യന് അല്ലാഹു വേദഗ്രന്ഥവും തത്വജ്ഞാനവും പ്രവാചകത്വവും നല്‍കുകയും എന്നിട്ടദ്ദേഹം ജനങ്ങളോട് നിങ്ങള്‍ അല്ലാഹുവെ വിട്ട് എന്റെ ദാസന്മാരായിതീരുവിന്‍ എന്ന് പറയുകയും ചെയ്യുക സംഭവ്യമല്ല.(3:79). ഖുര്‍ആനും ഹദീസും തെറ്റാതിരിക്കാന്‍ ആവശ്യമായ ഗവേഷണ സംരംഭങ്ങളാണ് നാം നടത്തേണ്ടത്. ഡോ. സി.കെ. രാമചന്ദ്രന്റെ ഹൃദയവിശാലതയെങ്കിലും നമ്മുടെ പണ്‌ഡിതത്താര്‍ കാണിക്കേണ്ടതുണ്ട്. വിഷയം തെറ്റായി മനസ്സിലാക്കിയത് കാരണത്താല്‍ തെറ്റായ ഫത്‌വകള്‍ നമ്മുടെ പണ്‌ഡിതന്മാര്‍ നല്‍കിയിട്ടുണ്ട്. അതായത് ശഅബാനും റമളാനും 29 ദിവസങ്ങള്‍ വീതം വരുന്നു എന്ന് വെക്കുക, ശഅബാന്‍ പിറവി കണ്ടില്ല. അപ്പോള്‍ 30 പൂര്‍ത്തിയാക്കണം അങ്ങിനെ 30 പൂര്‍ത്തിയാക്കി പിറ്റേന്നു റമളാനിലേക്ക് പ്രവേശിക്കുന്നു. റമളാനിലാകട്ടെ 28ന് മാസം കാണും (ഏറ്റവുമൊടുവില്‍ 2012ല്‍ ഖാസിമാര്‍ മാസപ്പിറവി കണ്ടതുപോലെ) അപ്പോള്‍ 28 നോമ്പ് പിടിച്ചാല്‍ മതിയോ എന്ന ചോദ്യം സ്വാഭാവികമാണല്ലോ? മാസപ്പിറവി സംവാദത്തിന്റെ ഒരു സി.ഡിയില്‍ ഇതിനു മറുപടി പറയാനാകാതെ ഒരു പണ്‌ഡിതന്‍ വിഷമിക്കുന്നത് കാണാം. (സി.ഡി കൈവശമുള്ളവര്‍ പരിശോധിക്കുക). ഒരു നോമ്പ പിടിച്ചു വീട്ടണമെന്നു ഫത്‌വാ നല്‍കിയ പണ്‌ഡിതന്മാരും 28 നോമ്പ് മാത്രമേ നോല്‍ക്കേണ്ടതുള്ളു എന്ന് ഫത്‌വാ നല്‍കിയ പണ്‌ഡിതന്മാരുമുണ്ട്!! സൌദിയില്‍ നിന്ന് ഒരാള്‍ നോമ്പ് 30 പൂര്‍ത്തിയാക്കി ശവ്വാല്‍ ഒന്നിന് കേരളത്തിലെത്തുന്നു. കേളത്തിലാകട്ടെ റമളാന്‍ 30 ആയിട്ടേയുള്ളു. അയാള്‍ എന്തു ചെയ്യുമെന്ന സംശയത്തിനു പ്രഗല്‍ഭനായ ഒരു പണ്‌ഡിതന്‍ നല്‍കിയ ഫത്‌വ 31 നോമ്പ് പിടിക്കണമെന്നാണ്!! ചാന്ദ്ര പിറവിയെ സ്വദേശീവല്‌ക്കരിച്ചതിന്റെ അനന്തര ഫലമാണിത്. മറിച്ചാണെങ്കില്‍ ഇത്തരമൊരു പ്രശ്‌നമേ ഉണ്ടാകില്ല. ഈ ചോദ്യം പ്രശസ്‌തനായ ഒരു പണ്‌ഡിതനോട് ഉന്നയിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി രണ്ടു മാസങ്ങള്‍ അടുത്തടുത്ത് 29 വീതം വരില്ല എന്നാണ്. എന്നാല്‍ ഇങ്ങിനെ വന്നതിനു എത്രയോ തെളിവുകളുണ്ട്. (ഈ ലേഖനപരമ്പരയില്‍ അത് വരുന്നുണ്ട്)
അടുത്ത ലക്കം : കളവു പറഞ്ഞ് പെരുന്നാളുറപ്പിച്ചു
–––––––––––––––––––––––––––––– ––––––––––––––––––
ഹറാമിന്റെ നോമ്പും തെറ്റായ പെരുന്നാളുകളും
ലഘുലേഖ – 6
കളവു പറഞ്ഞ് പെരുന്നാളുറപ്പിച്ചു!
പി.സി. അബ്‌ദുല്‍ ലത്തീഫ്
35 വര്‍ഷം ചന്ദ്രിക പത്രത്തില്‍ ജോലി ചെയ്‌തു. (1970 മുതല്‍ 2005 വരെ). ഈ വര്‍ഷങ്ങളത്രയും മാസപ്പിറവി അറിയിപ്പുമായി ബന്ധപ്പെട്ടു കോഴിക്കോട്ടെ രണ്ടു വിഭാഗം ഖാളിമാരെയും ചെന്ന് കാണാനുള്ള ഡ്യൂട്ടി എനിക്കായിരുന്നു. ബാഫക്കി തങ്ങളായിരുന്നു ഡ്യൂട്ടി ഏല്‍പ്പിച്ചത്. മുട്ടുള്ള ഭാഗവും മുട്ടില്ലാത്ത ഭാഗവുമായി രണ്ടു ചേരികളില്‍ ഭിന്നിച്ചു നിന്ന ഖാളിമാര്‍ വാശി മൂത്ത് മാസം ഉറപ്പിക്കല്‍ പരസ്‌പരം നീട്ടിക്കൊണ്ടുപോയി വിശ്വാസികളെ ബുദ്ധിമുട്ടിക്കുന്ന കാലം! ഒരേ ദിവസം ഒരേ വീട്ടില്‍ ഒരു കൂട്ടര്‍ക്ക് നോമ്പും മറ്റേ കൂട്ടര്‍ക്ക് പെരുന്നാളും വരെ ഉണ്ടായി! തങ്ങളുമായി അടുത്ത് ബന്ധപ്പെടാനും മാസപ്പിറവി വിഷയത്തില്‍ ഖാളിമാരുടെ നിലപാടില്‍ തങ്ങള്‍ക്കുണ്ടായിരുന്ന വൈമനസ്യം അടുത്തറിയാനും സാധിച്ചു. ഏതാണ്ട് നാല്‍പ്പതു വര്‍ഷം മുമ്പ് ഒരു ഈദുല്‍ഫിത്തറിനു പതിവുപോലെ ബാഫക്കി തങ്ങള്‍ ഖാളിമാരെ ചെന്ന് കാണാനും മാസ്സപ്പിറവി പ്രഖ്യാപന വിവരം എഴുതി വാങ്ങി ചന്ദ്രികയില്‍ പ്രസിദ്ധീകരിക്കാനും എന്നെ ഏല്‍പ്പിച്ചു. അന്ന് പത്രങ്ങള്‍ അച്ചുനിരത്തുക കൈ കൊണ്ടാണ്. അതിനു ഏറെ സമയവും വേണം. അതിനാല്‍ ഞങ്ങള്‍ ഒരു ചെറിയ സ്ഥലം, മാസപ്പിറവിക്കായി കാലിയാക്കി നിര്‍ത്തും. എന്നിട്ട് പരമാവധി സമയം കാത്തിരുന്നേ പത്രത്തിന്റെ സിറ്റി എഡിഷന്‍ പ്രിന്റ് ചെയ്യു. ഈ പറഞ്ഞ ദിവസം ഖാളിമാര്‍ എല്ലാ വര്‍ഷത്തേയും പോലെ വാശിയില്‍ തന്നെ! രാത്രി 12 മണി വരെ ബാഫക്കി തങ്ങള്‍ ചന്ദ്രികയില്‍ കാത്തിരുന്നു. കാസര്‍ഗോട്ടായിരുന്നു അന്ന് മാസ്സപ്പിറവി കണ്ടത്. തങ്ങള്‍ അദ്ദേഹത്തിന്റെ മഹല്ലുകളില്‍ മുഴുവന്‍ പെരുന്നാള്‍ ഉറപ്പിച്ചു. എന്നിട്ടും ഖാളിമാര്‍ സ്വീകരിച്ചില്ല. ``തങ്ങള്‍ ഉറപ്പിച്ചു എന്നത് തെളിവല്ല മാസം കണ്ടയാള്‍ കാസര്‍ഗോട്ട് നിന്ന് നേരിട്ട് കോഴിക്കോട്ടു വരണം. ടെലഫോണില്‍ ലഭിക്കുന്ന വിവരവും സ്വീകാര്യമല്ല. കാരണം ടെലഫോണില്‍ സംസാരിക്കുന്നയാളുടെശബ്‌ദം ഇങ്ങേ തലക്കല്‍ എത്തുന്നതോടെ ശബ്‌ദം അയാളുടേത് അല്ലാതെയായി മാറുന്നു.'' വലിയ ഖാളി എനിക്ക് തന്ന ഈ ഫത്‌വ ഞാന്‍ നേരിട്ട് ബാഫക്കി തങ്ങള്‍ക്കു നല്‍കി. ഒരു പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു : ഏതായാലും നീ ഒന്നു കൂടി ചെല്ല്. ഞാന്‍ ഒരു മണിവരെ കൊയിലാണ്ടിയിലുണ്ടാകും. അതിലിടയ്ക്ക് ഉറപ്പിക്കുന്നു എങ്കില്‍ എന്നെ വിളിക്ക്. ഒരുമണി കഴിഞ്ഞാല്‍ ഞാന്‍ ഉറങ്ങും. പുലര്‍ച്ചെ നാല് മണിവരെ പലരും നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടില്ല. ഏറെ ആലോചിച്ചില്ല. നേരെ വലിയ ഖാളിയുടെ വീട്ടിലേക്ക് പോയി. അപ്പോള്‍ സമയം 4.15. ``ചെറിയ ഖാളി മാസം ഉറപ്പിച്ചു'' ഒരു കളവു അവിടെ പറഞ്ഞു!! അതായത് ചെറിയ ഖാളി മാസമുറപ്പിച്ചിരിക്കുന്നു എന്ന് വലിയ ഖാളിയോട് കള്ളം പറഞ്ഞു! ``നേരോ?'' വലിയ ഖാളിയുടെ ചോദ്യം. ``അതേ'' വലിയ ഖാളി (വിശ്വാസം പോരാഞ്ഞു) വീണ്ടും : ``എഴുതി തന്നിട്ടുണ്ടോ?'' – എഴുതി വെച്ചിട്ടുണ്ട്, കയ്യില്‍ തന്നിട്ടില്ല, നിങ്ങളുടേത് കൂടി കിട്ടിയാല്‍ ചന്ദ്രികക്ക് കൊടുക്കാനായി തരാമെന്നു പറഞ്ഞിട്ടുണ്ട്.'' ഉടന്‍ തന്നെ ലെറ്റര്‍ പേഡ് എടുത്തു വലിയ ഖാളി എഴുതി: എന്റെ കൈയ്യില്‍ തന്നിട്ട് ഇങ്ങനെ പറഞ്ഞു: ``ഇത് ഖാളിയുടെ കൈയ്യില്‍ കൊടുക്കരുത്, ചന്ദ്രികക്ക് മാത്രമേ കൊടുക്കാവൂ.'' കൊടുക്കില്ല എന്ന് വീണ്ടും ഞാന്‍ കളവു പറഞ്ഞു. നേരെ ചെറിയ ഖാളിയുടെ അടുക്കലേക്കു പോയി. രണ്ടു ഖാളിമാരുടെയും വീടുകളില്‍ ജനക്കൂട്ടങ്ങളായിരുന്നു. അത്ഭുതപ്പെടുത്തിയ ഒരു കൌതുകം പറയാം. ``ഇരുഭാഗത്തും ശക്തരായ മുജാഹിദ് ആശയക്കാരുണ്ടായിരുന്നു!! ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അവരായിരുന്നു ഭാഗപ്പോര്‍ നിലനിര്‍ത്തിപ്പോന്നതും വളര്‍ത്തിയതും! വലിയ ഖാളിയുടെ കത്ത് നേരെ ചെറിയ ഖാളിയുടെ കൈയ്യില്‍ തന്നെ കൊടുത്തു.'' വലിയ ഖാളി മാസം ഉറപ്പിച്ചു; നാളെ പെരുന്നാളാണ്; നിങ്ങളുടെ കത്ത് വാങ്ങി ചന്ദ്രികയില്‍ കൊടുക്കാന്‍ പറഞ്ഞു.'' പിന്നെ താമസിച്ചില്ല ചെറിയ ഖാളിയും ലെറ്റര്‍ പാഡില്‍ പെരുന്നാള്‍ ഉറപ്പിച്ച വിവരം എഴുതി തരുമ്പോഴേക്കും സമയം പുലര്‍ച്ചെ 4.45!! നേരം പുലര്‍ന്നാണ് പെരുന്നാളാണെന്ന വിവരം മുക്കാല്‍ ഭാഗം മുസ്ലിങ്ങളും അറിയുന്നത്. പലരും പള്ളിയില്‍ സുബഹ് നമസ്‌ക്കാരത്തിനെത്തിയത് നോമ്പോട് കൂടിയാണ്. പലര്‍ക്കും അത്താഴ ചോറ് നഷ്‌ടപ്പെടുത്തേണ്ടി വന്നു. കാരണം അക്കാലത്ത് ഫ്രിഡ്‌ജ് ചുരുക്കം വീടുകളിലെ ഒരു അലങ്കാര വസ്‌തുവാണ്. ഏതാണ്ട് എല്ലാ വര്‍ഷത്തെയും ദുര്യോഗമാണിത്. മഗരിബ് നമസ്‌ക്കരിക്കുന്നവര്‍ക്ക് പെരുന്നാളാഘോഷിക്കാന്‍ മഗരിബ് നമസ്‌ക്കരിക്കാത്തവന്‍ മാസം കാണുക!! 35 വര്‍ഷത്തിനിടയില്‍ ഇത്തരം ഏതാണ്ട് 22 മാസപ്പിറവിക്കാരെ ഈയുള്ളവന്‍ ഇന്റര്‍വ്യൂ ചെയ്‌തിട്ടുണ്ട്.
ഹിലാല്‍ കമ്മിറ്റി രൂപം കൊള്ളുന്നു
പിറവി ചന്ദ്രനെ നിങ്ങള്‍ നോക്കുക, കണ്ടാല്‍ അറിയിക്കുക എന്ന് ഞങ്ങള്‍ എല്ലാ യൂനിറ്റുകള്‍ക്കും സര്‍ക്കുലറുകളയച്ചു. ആരും അറിയിച്ചില്ല. ഞങ്ങള്‍ എന്തു ചെയ്യും?'' വിഷയം സംബന്ധച്ച് പ്രശസ്‌തനായ ഒരു മുജാഹിദ് പണ്‌ഡിതനെ ഇന്റര്‍വ്യൂ ചെയ്‌തപ്പോള്‍ കിട്ടിയ മറുപടിയാണിത്. ചോദ്യം: ``ഇത്ര ദുര്‍ബ്ബലമായ ഒരു അടിത്തറയില്‍ ഇസ്ലാം അതിപ്രധാനമായ മാസ നിര്‍ണ്ണയകാര്യം സ്ഥാപിക്കുമോ?'' ഉത്തരം മൌനം. സംശയം വീണ്ടും. ``മക്കയെ കേന്ദ്രീകരിച്ചു പ്രശ്‌നം പരിഹരിച്ചു കൂടെ? മറുപടി: ``അതിനു മത്‌ലഇന്റെ പ്രശ്‌നമുണ്ട്. അതൊക്കെ നോക്കണം.'' അതാകട്ടെ പ്രയാസമുള്ള കാര്യവുമാണ്. (അല്ലാഹു പറയുന്നു മതം എളുപ്പമാണെന്ന്!) ഈ മത്വ്‌ലഅ് നോക്കുന്നതാകട്ടെ മഗ്‌രിബിലും! പടിഞ്ഞാറെ ചക്രവാളത്തില്‍ നവചന്ദ്രനെ ഉദിപ്പിക്കുകയാണ് നമ്മള്‍ ഇപ്പോഴും ചെയ്യുന്നത്. ചന്ദ്രനും സൂര്യനും കിഴക്കാണ് ഉദിക്കുന്നതെന്ന സാമാന്യബോധം പോലും നഷ്‌ടപ്പെട്ടുപോയി!!
ഉത്‌പതിഷ്‌ണുക്കള്‍ എന്ന് ഇതര സമൂഹങ്ങള്‍ വിശേഷിപ്പിക്കാറുള്ള ഒരു വിഭാഗത്തിന്റെ നേതൃത്വത്തില്‍ നിന്നു വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തിലുള്ള ന്യൂനതയില്ലാത്ത ഒരു പരിഹാരം സമുദായം പ്രതീക്ഷിച്ചു. അങ്ങിനെയിരിക്കെയാണ് സത്യസന്ധരായ നേതാക്കളുടെയും നിഷ്‌കളങ്കരായ ആദര്‍ശപ്രേമികളുടെയും നിഷ്‌കപടമായ പ്രാര്‍ത്ഥന സ്വീകരിക്കപ്പെട്ടപോലെ കേരള ഹിലാല്‍ കമ്മിറ്റി പിറവിയെടുക്കുന്നത്. സുന്നി ആശയക്കാര്‍ പോലും സന്തോഷിച്ച ഒരു ചരിത്ര മുഹൂര്‍ത്തമായിരുന്നു അത്. പ്രസ്‌തുത വാര്‍ത്ത പ്രസിദ്ധീകരിച്ചതിനു ചന്ദ്രിക മാനേജുമെന്റില്‍ നിന്നു എനിക്ക് ശാസന പോലും കിട്ടി. സമുദായത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്ന ഒരു വാര്‍ത്തയും പ്രസിദ്ധീകരിക്കരുതെന്നായിരുന് നു നിര്‍ദ്ദേശം.
ഹിലാല്‍ കമ്മിറ്റിയുടെ ദൌത്യത്തില്‍ ഖാളിമാരെ കൂടി പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ മുജാഹിദ് നേതൃത്വം നടത്തി. ഖാളിമാര്‍ക്ക് സ്വീകാര്യമാകുമെന്നു തുടക്കത്തില്‍ ശ്രുതി ഉണ്ടായെങ്കിലും കല്‍പ്പക ഓഡിറ്റോറിയത്തില്‍ വിളിച്ചു കൂട്ടിയ സംയുക്ത യോഗത്തില്‍ ഖാളിമാര്‍ പങ്കെടുത്തില്ല. മുജാഹിദ് നേതൃത്വം ധീരമായി മുമ്പോട്ട് പോയി. ചാന്ദ്ര മാസപ്പിറവി ശാസ്‌ത്രീയാടിസ്ഥാനത്തില്‍ പ്രഖ്യാപിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ നോമ്പും പെരുന്നാളും തീരുമാനിക്കുകയും ചെയ്യുക എന്ന കാഴ്‌ചപ്പാടില്‍ ഹിലാല്‍ കമ്മിറ്റി മുമ്പോട്ട് പോയപ്പോള്‍ തമ്മില്‍ പോരടിച്ചു നിന്ന ഖാളിമാര്‍ ഒന്നായി അവര്‍ ``ഖാളീ ഖുളാത്'' രൂപീകരിച്ചു. ഹിലാല്‍ കമ്മിറ്റി തീരുമാനത്തെ പ്രതിരോധിക്കുക എന്നതായിരുന്നു അവരുടെ നയം. യഥാര്‍ത്ഥ സലഫുകള്‍ ഞങ്ങളാണെന്ന് അവര്‍ വാദിച്ചു. കാരണം സലഫുകള്‍ക്ക് ഹിലാല്‍ കമ്മിറ്റി ഉണ്ടായിരുന്നില്ല. മാസത്തിന്റെ ആരംഭം തൊട്ട് അവസാനം വരെ പിറവി നോക്കുകയായിരുന്നു അവരുടെ പതിവ്. മുജാഹിദ് പണ്‌ഡിതത്താര്‍ അതല്ല ചെയ്യുന്നത് – ഇതു ശരിയല്ലെന്ന് പറയാന്‍ പറ്റുമോ?
തുടര്‍ന്ന് സമസ്‌ത രണ്ടായി കാന്തപുരം വിഭാഗത്തിനുമുണ്ടായി അവരുടേതായ ഖാളിമാര്‍. അതോടെ ``കൂട്ടായിമോഡല്‍'' മാസപ്പിറവി രംഗം കൂടുതല്‍ വഷളാക്കി തുടങ്ങി. വര്‍ഷങ്ങളോളം കൂട്ടായിക്കാരായ ഒരു പിതാവും മകളും മാസം കാണുകയും നമ്മളതു വിശ്വസിക്കുകയും അതിനനുസരിച്ച് നോമ്പും പെരുന്നാളും തീരുമാനിക്കുകയും ചെയ്‌തതിനെയാണ് ``കൂട്ടായിമോഡല്‍'' എന്ന് വിശേഷിപ്പിക്കുന്നത്. ഈ മനുഷ്യനെ ജനങ്ങള്‍ കൂട്ടം കൂടി മര്‍ദ്ദിച്ചു. അതോടെ വര്‍ഷങ്ങളായി കള്ളം പറഞ്ഞു മാസമുറപ്പിക്കുകയായിരുന്നു താനെന്ന് ആ മനുഷ്യന്‍ വെളിപ്പെടുത്തി. ഖാളീ ഖുളാത്തില്‍ നിന്നു കാന്തപുരം വിഭാഗം വേറിട്ടു. ഇ.കെ. സുന്നി വിഭാഗത്തിന്റെ തന്നെ ഖാളിമാരുടെ എണ്ണം ഒരേ മഹല്ലില്‍ തന്നെയും വര്‍ധിച്ചു. ഒന്ന് രാഷ്‌ട്രീയവല്‍കൃതവും മറ്റൊന്ന് അരാഷ്‌ട്രീയവും. കുറ്റിച്ചിറ മഹല്ലില്‍ ഇപ്പോള്‍ ഖാളിമാരുടെ എണ്ണം എത്ര എന്ന് ചോദിച്ചാല്‍ എത്രയെന്നു പറയാനാകില്ല. ഈ കുറിപ്പെഴുതുമ്പോള്‍ രണ്ടു ദിവസത്തെ വ്യത്യാസത്തിലാണ് രണ്ടു കൂട്ടരും. ശവ്വാല്‍ മാസം കണക്കാക്കി മുമ്പോട്ട് പോകുന്നത്. (2011 ശവ്വാല്‍)
``എനിക്കു ശേഷം ഇനി എന്റെ കുടുംബത്തില്‍ ഖാളിയാകാന്‍ യോഗ്യരായി ആരുമില്ലെന്ന് ചന്ദ്രികയുടെ ലീഡര്‍ പേജില്‍ (1998 ജൂലൈ 24) ഇന്റര്‍വ്യൂ പ്രസിദ്ധീകരിച്ച ഖാളി നാലകത്ത് മുഹമ്മദ്‌കോയയുടെ അനുജന്‍ ഖാളിയായി!! അനര്‍ഹരും അയോഗ്യരുമായവര്‍ക്ക് കയറി ഇരിക്കാനുള്ളതാണ് ഖാളീ പദം എന്ന് തെളിയിക്കപ്പെടുകയാണ് ഉണ്ടായത്.
മാസപ്പിറവി വീണ്ടും വഷളാകുന്നു എന്ന് വന്നപ്പോള്‍ സമുദായ സ്‌നേഹികളായ സമ്പന്നര്‍ രംഗത്ത് വന്നു. ഇരു വിഭാഗങ്ങളുടെയും സമ്മേളനങ്ങള്‍ക്ക് പണം നല്‍കാറുള്ളവരാണിവര്‍! കോഴിക്കോട്ടേ ഹോട്ടല്‍ ഹൈസനില്‍ വിളിച്ചു കൂട്ടിയ സൌഹൃദനോമ്പ് തുറയില്‍ പലഹാരങ്ങള്‍ക്ക് മുമ്പില്‍ വൈരം മറന്നു എല്ലാവരും ഒത്തുകൂടി. സംഗമം റിപ്പോര്‍ട്ട് ചെയ്യാന്‍ ചന്ദ്രികയുടെ പ്രതിനിധി എന്ന നിലയില്‍ ഈയുള്ളവനും. ദിവസങ്ങള്‍ നീണ്ടുനിന്ന നിരന്തരമായ നോമ്പ് തുറക്ക് കുറെ പലഹാരങ്ങള്‍ തിന്നു തീര്‍ക്കപ്പെട്ടു എന്നതില്‍ കവിഞ്ഞു ഒന്നും സമ്മാനിക്കാന്‍ കഴിഞ്ഞില്ല! നോമ്പ് തുറക്ക് മുമ്പേ സമസ്‌ത–മുജാഹിദ് പണ്‌ഡിതത്താരുടെ ഐക്യ പ്രസംഗം, കൂടെ മറ്റു മുസ്ലിം സംഘടനാ നേതാക്കളും, അതു കഴിഞ്ഞു നമസ്‌ക്കാരം. നമസ്‌ക്കാരത്തിനു ഇമാം സമസ്‌ത നേതാവ്, അദ്ധേഹത്തെ പിന്തുടര്‍ന്ന് നമസ്‌ക്കരിക്കുന്നത് മുജാഹിദ് പണ്‌ഡിതത്താരും പ്രധാന പ്രവര്‍ത്തകരും. നബിചര്യയും ബിദ്‌അത്തും തമ്മിലെ ഈ അപൂര്‍വ കൈ കോര്‍ക്കല്‍ നാണക്കേടോടെ മാത്രമേ കണ്ടു നില്‍ക്കാനായുള്ളു.
അടുത്ത ലക്കം :
``ഇട്ടോളിക്കു പകരം ആളില്ല.''
–––––––––––––––––––––––––––––– –––––––
ഹറാമിന്റെ നോമ്പും തെറ്റായ പെരുന്നാളുകളും
ലഘുലേഖ – 7
ഇട്ടോളിക്കു പകരം ആളില്ല!
പി.സി. അബ്‌ദുല്‍ ലത്തീഫ്
ഹിലാല്‍ കമ്മിറ്റിയുടെ ചരിത്രം പരിശോധിച്ചാല്‍ ഇട്ടോളി അഹമ്മദ് കോയ ഹാജിക്ക് പകരം ആര് എന്ന ചോദ്യം ഇന്നും അവശേഷിക്കുന്നു! അദ്ദേഹത്തിന് പകരം വന്നവരില്‍ നിന്നു മാസപ്പിറവിയെ സംബന്ധിച്ച അന്വേഷണത്തിന് എനിക്ക് ലഭിച്ചിരുന്ന ഉത്തരം ``പാണക്കാട് ശിഹാബ് തങ്ങളുമായി ആലോചിച്ചു വരികയാണ്'' എന്നായിരുന്നു. മഖ്‌ബറകളില്‍ വിശ്വസിക്കുന്ന വിഭാഗത്തിന്റെ നേതൃത്വവുമായുള്ള ഈ സമരസപ്പെടലിനു മറ്റൊരു മാനം കൂടി ഉണ്ടായിരുന്നു. ഒരു കെ.എന്‍.എം. സമ്മേളനം ചേരുന്നത് സുരക്ഷാ പരമായ കാരണത്താല്‍ തടയപ്പെട്ടപ്പോള്‍ ശിഹാബ് തങ്ങളാണ് രാഷ്‌ട്രീയമായി ഇടപെട്ടു വിലക്ക് നീക്കിയത്. അതിനാല്‍ ശിഹാബ് തങ്ങളെ മാറ്റി നിര്‍ത്താന്‍ കെ.എന്‍.എം.നു പറ്റില്ല. ഒരു പ്രശസ്‌ത പണ്‌ഡിതനോട് ഇതേപ്പറ്റി ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ``നമ്മുടെ നേതാക്കന്മാര്‍ക്ക് ഇപ്പോള്‍ വേണ്ടതു തൌഹീദല്ല സംഘടനയാണ്.'' എങ്കില്‍ ഹുസൈന്‍ മടവൂരിനെ എതിര്‍ക്കുന്നത് നിര്‍ത്തിക്കൂടെ? '' ഈ ചോദ്യത്തിനു മറുപടി ഉണ്ടായിരുന്നില്ല. ``നബി തിരുമേനിക്ക് ഇതിനെക്കാള്‍ മഹത്തായ ഓഫറുകള്‍ ലഭിച്ചിട്ടും എന്തെ സ്വീകരിക്കാതെ പോയി. സൂറത്തുല്‍ ``കാഫിറൂന്‍'' തെറ്റായി അവതരിച്ചു എന്നാണോ മനസ്സിലാക്കേണ്ടത്?
ഏതാണ്ട് ഇരുപത്തഞ്ച് വര്‍ഷം മുമ്പ് ഈ വിഷയവുമായി ബന്ധപ്പെട്ടു ഒരു പ്രശസ്‌ത പണ്‌ഡിതനുമായി സംസാരിക്കാന്‍ അദ്ദേഹത്തിന്റെ പുളിക്കലുള്ള കോളേജില്‍ ചെന്നു. വിഷയം പഠിക്കുകയായിരുന്നു ലക്ഷ്യം. അദ്ദേഹത്തിന്റെ മുമ്പില്‍ വെച്ച് പ്രശസ്‌ത ഗോള ശാസ്‌ത്രജ്ഞനും കേരള ഹിലാല്‍ കമ്മിറ്റിയുടെ ഗോളശാസ്‌ത്ര വിഭാഗം ചെയര്‍മാനുമായ പ്രൊഫ. അഹമ്മദ് കുട്ടിയുമായി സംസാരിച്ചു: ഡയറിയില്‍ കുറിച്ച് വെച്ച അദ്ദേഹത്തിന്റെ വാക്കുകള്‍ അതേപടി:
``സൂര്യന്റെതെന്ന പോലെ ചന്ദ്രന്റെ ചലനവും കൃത്യമായി കണക്കു കൂട്ടിയെടുക്കാം. നോമ്പും പെരുന്നാളുകളും അത് പ്രകാരം മുന്‍കൂട്ടി പ്രഖ്യാപിക്കുകയും ചെയ്യാം. ഇവര്‍ക്ക് ധൈര്യം പോരാ!'' പണ്‌ഡിതന്റെ മറുപടി – ``മോനെ എല്ലാ ആളുകളും വിഷയം പഠിക്കുകയും അംഗീകരിക്കുകയും ചെയ്യും വരെ പ്രത്യക്ഷമായി രംഗത്ത് വന്നു കൂടാ''. കൈ കൊടുത്ത് സലാം പറഞ്ഞ ശേഷം ഞാന്‍ പറഞ്ഞു: ``കല്ലായി പള്ളിയില്‍ ദിക്ര് ഹല്‍ഖയുണ്ട്. പിന്നെ മെൌലൂദും, അതു കഴിഞ്ഞാല്‍ ചൂടുള്ള ബിരിയാണിയും!'' തൊണ്ണൂറു ശതമാനം മുസ്ലിങ്ങളും ആചരിക്കുന്ന ഒരു കാര്യത്തെ മുജാഹിദ് പണ്‌ഡിതന്മാര്‍ ഇനിമേല്‍ എതിര്‍ക്കരുത്. അവര്‍ കാര്യങ്ങള്‍ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യും വരെ...'' അപ്പോള്‍ പണ്‌ഡിതന്‍ മനസ്സ് തുറന്നു: ``മോനോട് ഞാന്‍ കാര്യം തുറന്നു പറയാം. നമ്മുടെ ചില പണ്‌ഡിതന്മാര്‍ ഇത് അംഗീകരിക്കുന്നില്ല, ന്യൂനപക്ഷം വരുന്ന അവര്‍ മാത്രമാണ് ഇതിനു മുമ്പില്‍ തടസ്സം സൃഷ്‌ടിക്കുന്നത്.
ഇപ്പോള്‍ ഹിലാല്‍ കമ്മിറ്റി 1970കളിലേക്ക് തിരിച്ചു പോക്ക് നടത്തുകയാണ് എന്ന് ഖേദപൂര്‍വ്വം പറയേണ്ടി വന്നിരിക്കുന്നു. കണക്കിന്റെ സത്യതയില്‍ നിന്ന് പിഴവിന്റെ കാഴ്‌ചയിലേക്കുള്ള ദയനീയമായ മടക്കം! ഖുര്‍ആനെ വിട്ട് ഹദീസിനെ മാത്രം സ്വീകരിക്കുന്ന അതിക്രമത്തിലേക്ക്!! ഹിലാല്‍ കമ്മിറ്റിയുടെ ഗോളശാസ്‌ത്ര വിഭാഗം ചെയര്‍മാനായിരുന്ന പ്രൊഫ. അഹമ്മദ് കുട്ടി സാഹിബ് പറയുന്നത് കാണുക: ``സൂര്യചന്ദ്രന്മാരുടെ ഉദയാസ്‌തമയങ്ങളെ സംബന്ധിച്ച കണക്കുകള്‍ ഇന്നോ ഇന്നലെയോ രൂപപ്പെട്ടതല്ല. സൂര്യന്‍, ചന്ദ്രന്‍, ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍ എന്നിവയുടെ ചലനങ്ങള്‍ മനുഷ്യന്‍ നിരീക്ഷിക്കുവാന്‍ തുടങ്ങിയിട്ട് അയ്യായിരത്തോളം വര്‍ഷങ്ങളായി. ``കാഴ്‌ചയാണ് കണക്കിന് ജന്മം നല്‍കിയത് എന്ന വസ്‌തുത മനസ്സിലാക്കാത്തത് കൊണ്ടായിരിക്കാം ചില ആളുകള്‍ ചോദിക്കുന്നു കണക്കു തെറ്റിക്കൂടെ?'' ``സൂര്യന്റെ ചലനം വളരെ കൃത്യമാണെന്നും അതു കണക്കു കൂട്ടിയെടുക്കുവാന്‍ കഴിയുമെന്നും ചന്ദ്രന്റേത് അങ്ങിനെയല്ലെന്നും പറയുന്നവരുണ്ട്. ചന്ദ്രന്‍ യാതൊരു നിയമവും അനുസരിക്കാതെ, ഒരാള്‍ക്കും പിടികൊടുക്കാതെ അലഞ്ഞു നടക്കുകയല്ല ചെയ്യുന്നത്. സൂര്യനെ അപേക്ഷിച്ചു ചന്ദ്രന്റെ ചലനം സങ്കീര്‍ണ്ണമാണ്. പക്ഷെ സങ്കീര്‍ണമായ ഗണിതശാസ്‌ത്ര നിയമങ്ങളുടെ ചട്ടക്കൂട്ടില്‍ ചന്ദ്രനേയും ഒതുക്കി നിര്‍ത്താം. ചന്ദ്രനെ സംബന്ധിച്ച എല്ലാ കാര്യങ്ങളും ശരാശരിയായിട്ടെ പറയാന്‍ കഴിയൂ. ഒന്നും കൃത്യമായി പറയാന്‍ കഴിയുകയില്ല എന്ന് പറയുന്നവര്‍ അവരുടെ വിവരക്കേടാണ് പൊതുജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്.``(മാസപ്പി റവി: കണക്കും കാഴ്‌ചയും (26–03–1997) ഈ ലഘു കൃതിക്ക് എഴുതപ്പെട്ട ആമുഖം വായിക്കുക:''
അമാവാസിയില്‍ പോലും മാസപ്പിറവി കാണുകയും അപ്പേരില്‍ നോമ്പും പെരുന്നാളും ഉറപ്പിക്കുകയും ചെയ്യുന്ന വിചിത്രാനുഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കുന്നു. മാസപ്പിറവി തന്നെ അസംഭവ്യമായ ദിവസങ്ങളില്‍ മാസം കണ്ടുവെന്ന് ആരു പറഞ്ഞാലും ഉറപ്പിക്കുവാന്‍ വേണ്ടി കാത്തിരിക്കുന്ന സംയുക്ത ഖാളിമാര്‍ – എന്നാലും തെറ്റ് പറ്റിയത് അവര്‍ക്കല്ല കണക്കിനാണ്.
``ഇതേ ഹിലാല്‍ കമ്മിറ്റി ചന്ദ്രനെ കാണുക തന്നെ വേണമെന്നേടത്തെക്കു തിരിച്ചു പോയി. ഇപ്പോള്‍ വിഷയം ഏല്‌പിക്കപ്പെട്ടിട്ടുള്ള ഇരുവിഭാഗം മുജാഹിദ് പണ്‌ഡിതന്മാരും അബദ്ധങ്ങളാണ് എഴുതുന്നത്.'' ഉദിക്കാത്ത മാസം കണ്ടാല്‍ അറിയിക്കണമെന്ന ഖാളിമാരുടെ അറിയിപ്പും കാണാത്ത മാസം കണ്ടാല്‍ അറിയിക്കണമെന്ന ഹിലാല്‍ കമ്മിറ്റിയുടെ അറിയിപ്പും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് വിശദമാക്കപ്പെടേണ്ടതുണ്ട്. മൂന്ന് മിനുട്ട് ആകാശത്തുള്ള ചന്ദ്രനെ കണ്ടവരാണ് നമ്മള്‍. ``കൂട്ടായി'' മാസപ്പിറവിയാല്‍ വര്‍ഷങ്ങളോളം വഞ്ചിക്കപ്പെട്ടിട്ടും അബദ്ധജഡിലമായ അജ്ഞത നാം കൊണ്ടു നടക്കുന്നു! 2005 നവംബര്‍ 25ന് നമ്മുടെ ഒരു മതപ്രസിദ്ധീകരണത്തില്‍ വന്ന ഒരു ചോദ്യോത്തരം ചന്ദ്രന്റെയും വിശ്വാസികളുടെയും ഉടമസ്ഥാവകാശം ആര്‍ക്കാണെന്ന സംശയം ജനിപ്പിക്കുന്നു! ചോദ്യത്തിന്റെയും അതിനുള്ള ഉത്തരത്തിന്റെയും പ്രസക്ത ഭാഗങ്ങള്‍ :
ചോദ്യം : ``കെ.എന്‍.എം ഇറക്കിയ അല്‍ മനാര്‍ കലണ്ടറിലടക്കം ഈദുല്‍ ഫിത്തര്‍ നവംബര്‍ 3 വ്യാഴാഴ്‌ചയാണ്. ബുധനാഴ്‌ച ഗോള ശാസ്‌ത്ര പ്രകാരം സൂര്യോദയത്തിനു ശേഷം കേരളത്തിലെ എല്ലാ ജില്ലകളിലും പത്ത് മിനുട്ടിലധികം ചന്ദ്രോദയമുണ്ട്. അപ്പോള്‍ പെരുന്നാള്‍ വെള്ളിയാഴ്‌ചയിലേക്കു മാറ്റിയതിന്റെ അര്‍ത്ഥം പെരുന്നാളിന് (വ്യാഴാഴ്‌ച) നാം നോമ്പ് നോറ്റു എന്നാണ്. ഇത് നിഷിദ്ധമാണല്ലോ? ബുധനാഴ്‌ച നാം ചന്ദ്രപ്പിറവി കണ്ടില്ലെങ്കിലും ചന്ദ്രന്‍ ഉദിച്ചിട്ടുണ്ട് എന്ന് ഉറപ്പാണ്. അതു മനസ്സിലാക്കി വ്യാഴാഴ്‌ച പെരുന്നാള്‍ ആക്കാതിരുന്നത് തെറ്റല്ലേ?''
ഈ ചോദ്യത്തിന്നു നല്‍കുന്ന ഉത്തരത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങിന : ``ഈദുല്‍ഫിത്തര്‍ നവംബര്‍ 03നു വ്യാഴാഴ്‌ചയാണ് എന്ന് സ്വന്തം കലണ്ടറില്‍ രേഖപ്പെടുത്തിയ സംഘടന തന്നെയാണ് നവംബര്‍–2ന് ചന്ദ്രോദയം കണ്ടാല്‍ അറിയിക്കണമെന്ന് പറഞ്ഞത്.'' ഗോള ശാസ്‌ത്രത്തെ ആധാരമാക്കി തയ്യാറാക്കുന്ന കലണ്ടറുകള്‍ 29ന് ചന്ദ്ര ദര്‍ശനസാധ്യത ഉണ്ടെങ്കില്‍ അടുത്ത ദിവസം ഒന്നാം തിയ്യതി എന്നാണ് കാണിക്കാറുള്ളത്. അത്തരം ദിവസങ്ങളില്‍ ചന്ദ്രദര്‍ശനം ഉണ്ടായില്ലെങ്കില്‍ കണക്കു തെറ്റി എന്നല്ല അര്‍ത്ഥം മാസം ഉദിച്ചിരിക്കും മാസമാറ്റത്തിന് പ്രവാചകന്‍(സ) നിശ്ചയിച്ച (!) ഉദിച്ച ചന്ദ്രന്‍ ദൃശ്യമാവുക(?) എന്ന മാനദണ്‌ഡം പൂര്‍ത്തിയായില്ല എന്നാണ്.'' ഗോള ശാസ്‌ത്രപ്രകാരം സൂര്യാസ്‌തമന ശേഷം ചന്ദ്രോദയ(!)മുള്ള 29ന് മാസം കാണാത്തതിന്റെ പേരില്‍ റമളാന്‍ 30 പൂര്‍ത്തിയാക്കിയാല്‍ പെരുന്നാളിന് നോമ്പെടുത്തു എന്ന കുറ്റമുണ്ടാവില്ല. അതു കുറ്റമാണെങ്കില്‍ ആ കുറ്റം നബി(സ)യുടെ കാലത്തും സംഭവിച്ചിട്ടുണ്ടാകുമല്ലോ? (!!)
ഈ ഉത്തരം നല്‍കിയ പണ്‌ഡിതന്‍ ആലോചനാ ശൂന്യവും വസ്‌തുതക്ക് നിരക്കാത്തതുമായ കാര്യങ്ങളില്‍ കയറിപ്പിടിച്ചിട്ടുണ്ട്. സാധാരണക്കാരനായ ഒരു മുസ്ലിമിന്റെ മനസ്സില്‍ ഈ മറുപടി ഉയര്‍ത്തുന്ന ഏതാനും വിലയിരുത്തലുകള്‍ ഇവയാണ്. :
1. കണക്കില്‍ നിന്നു കാഴ്‌ചയിലേക്കുള്ള ഹിലാല്‍ കമ്മിറ്റിയുടെ മടക്കം ഇവിടെ വ്യക്തമാകുന്നു.
2. ആകാശത്ത് ചന്ദ്രനെ ഉദയം ചെയ്യിച്ച അല്ലാഹുവിന്റെ നടപടിയെ റസൂല്‍ തള്ളിക്കളഞ്ഞതായി തിരുമേനിയുടെ പേരില്‍ ആക്ഷേപം കൊണ്ടു വരുന്നു!!! റസൂല്‍ അങ്ങിനെയല്ല പഠിപ്പിച്ചത് എന്നിരിക്കെ.
3. ഗോള ശാസ്‌ത്രത്തെ ആധാരമാക്കി തയ്യാറാക്കുന്ന കലണ്ടറുകള്‍ 29ലെ ചാന്ദ്ര ദര്‍ശന സാധ്യത(!) ഉണ്ടെങ്കില്‍ അടുത്ത ദിവസം ഒന്നാം തിയ്യതി എന്നാണ് കാണിക്കാറ് എന്ന് പറയുന്നത്, ഗോള ശാസ്‌ത്രത്തെയും ഗോള ശാസ്‌ത്ര കലണ്ടറിനെയും കുറിച്ചുള്ള അജ്ഞതയാണ് കാണിക്കുന്നത്. ``സാധ്യതയുടെ'' അടിസ്ഥാനത്തിലല്ല ഗോള ശാസ്‌ത്ര കലണ്ടറുകള്‍ തയ്യാറാക്കുന്നത്. ചന്ദ്രന്റെ ഖണ്‌ഡിതമായ ചലനങ്ങളുമായി ബന്ധപ്പെട്ടതാണ് ഗോള ശാസ്‌ത്ര കലണ്ടര്‍. അതിലേക്കാണ് വിശുദ്ധ ഖുര്‍ആന്‍ വെളിച്ചം നല്‍കുന്നത്.
4. ഉമ്മിയ്യായ ഒരു വിഭാഗത്തിന് മുമ്പില്‍ നിശ്ചയിച്ച മാനദണ്‌ഡത്തെ സാമാന്യവല്‍ക്കരിക്കുക വഴി ഒട്ടേറെ അബദ്ധങ്ങള്‍ക്ക് വാതില്‍ തുറന്നിടുകയാണ് ഉത്തരം നല്‍കിയ പണ്‌ഡിതന്‍ ചെയ്‌തിട്ടുള്ളത്. താഴെ പറയുന്ന അഞ്ചു സംശയങ്ങള്‍ക്കു എന്തുണ്ട് മറുപടി?
1. പള്ളിയില്‍ തുപ്പല്‍ കുറ്റമാണ്. ഒരാള്‍ തുപ്പിപോയാല്‍ അതു പള്ളിയില്‍ തന്നെ കുഴിച്ചു മൂടുക എന്നാണ് ഹദീസ്–ഇന്നത്തെ പള്ളികളില്‍ ആരെങ്കിലും തുപ്പി പോയാല്‍ മാര്‍ബിള്‍ കുത്തിപ്പൊളിക്കുമോ?
2. ഫിതര്‍ സക്കാത്തായി അരി നല്‍കുന്നതു ഏതു ഹദീസിന്റെ വെളിച്ചത്തിലാണ്?
3. ``നിങ്ങള്‍ വല്ലവരും മലമൂത്ര വിസര്‍ജന സ്ഥലത്ത് ചെന്നാല്‍ ഖിബിലക്ക് അഭിമുഖമായിട്ടോ പുറം തിരിഞ്ഞോ ഇരിക്കരുത്. നിങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിഞ്ഞിരിക്കുവിന്‍ (ബുഖാരി മുസ്ലിം) ലോക മുസ്ലിങ്ങള്‍ക്ക് മുഴുവന്‍ ബാധകമാണോ ഈ ഹദീസ്?
4. റസൂല്‍ തിരുമേനി ഒരിക്കല്‍ പോലും മലയാളത്തില്‍ ഖുതുബ നടത്തിയിട്ടില്ല, നബി അറബിയില്‍ മാത്രമേ ഖുതുബ നടത്തിയിട്ടുള്ളൂ എന്ന സുന്നികളുടെ വാദത്തെ എന്തുകൊണ്ട് നാം അംഗീകരിക്കുന്നില്ല?
5. അല്ലാഹു നല്‍കിയ കഴിവുകൊണ്ടാണ് മരിച്ചു പോയ മഹാന്മാര്‍ നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നതെന്ന് വിശ്വസിച്ചാല്‍ ശിര്‍ക്കാകുകയില്ല എന്ന സമസ്‌ത പണ്‌ഡിതന്മാരുടെ വാദത്തെ നമ്മള്‍ തള്ളിപ്പറയേണ്ടതുണ്ടോ?
അടുത്ത ലക്കം:
``ഏഷ്യയില്‍ ഏകീകരണമാകാമെന്ന് ഹിലാല്‍ കമ്മിറ്റി.''
–––––––––––––––––––––––––––––– ––––––––––
ഹറാമിന്റെ നോമ്പും തെറ്റായ പെരുന്നാളുകളും
ലഘുലേഖ – 8
``ഏഷ്യയില്‍ ഏകീകരണമാകാമെന്ന് ഹിലാല്‍ കമ്മിറ്റിയും ഹമീദ് മദീനിയും''
പി.സി. അബ്‌ദുല്‍ ലത്തീഫ്
മൂന്ന് വര്‍ഷം മുമ്പ് കോഴിക്കോട്ടു നടന്ന ഒരു മാസപ്പിറവി ചര്‍ച്ചയില്‍ ഹിലാല്‍ കമ്മിറ്റിയെ പ്രതിനിധീകരിച്ചു പങ്കെടുത്ത അബ്‌ദുറഹിമാന്‍ ഇരിവേറ്റി ഹിലാല്‍ കമ്മിറ്റിയുടെ ഏറ്റവും പുതിയ നിലപാട് വ്യക്തമാക്കി : ഏഷ്യ മുഴുവന്‍ പിറവി ഏകീകരിക്കാന്‍ ഹിലാല്‍ കമ്മിറ്റി തയ്യാറാണ്. ``അപ്പോള്‍ മോഡറേറ്ററായിരുന്ന അബ്‌ദുസ്സമദ് സമദാനിയുടെ ചോദ്യം = ``ഏഷ്യയില്‍ നിന്നു ലോകത്തേക്ക് എത്ര ദൂരമുണ്ട്? ഇരിവെറ്റിക്കു മൌനം
സമദാനി വീണ്ടും = ``ഇത്തിരി ദൂരമല്ലേ ഉള്ളൂ?'' അതോടെ സദസ്സില്‍ കൂട്ട ചിരി മുഴങ്ങി – ഇരിവേറ്റി പ്രകോപിതനായി – സമനില തെറ്റിയതുപോലെ അദ്ദേഹം സദസ്സിലേക്ക് ഒരു ചോദ്യമെറിഞ്ഞു.'' നിങ്ങള്‍ക്കു ഈ ഒരു മാസപ്പിറവി വിഷയം തന്നെയുള്ളോ ചര്‍ച്ച ചെയ്യാന്‍; ഞാനൊന്നു ചോദിക്കട്ടെ = നിങ്ങളില്‍ എത്ര പേര്‍ സക്കാത്തു കൊടുക്കാറുണ്ട്? എത്ര പേരുണ്ട്?! എഴുന്നേറ്റ് നില്‍ക്കുകയോ കൈ പൊക്കുകയോ ചെയ്യുക.'' ആരും കൈപൊക്കാതെ വന്നപ്പോള്‍ ഇരിവേറ്റി ജയിച്ച മട്ടില്‍ ഒന്നു ചിരിച്ചു – അപ്പോള്‍ സദസ്സില്‍ നിന്ന് ഒരാള്‍ എഴുന്നേറ്റു ഇങ്ങിനെ ചോദിച്ചു – ``നിങ്ങള്‍ക്കു എവിടെയെങ്കിലും ചെന്ന് വിമര്‍ശനാത്മകമായി ഉദ്ദരിക്കാനാണോ സകാത്തു വിഷയം എടുത്തിട്ടത്? ``എങ്കില്‍ സകാത്തു നല്‍കുന്നവരില്‍ ഞാനുണ്ട്'' – രണ്ടാമതായി മറ്റൊരാള്‍ എഴുന്നേറ്റു നിന്നു മറ്റൊരു ചോദ്യം ഉന്നയിച്ചു – ``സകാത്തു കൊടുക്കുന്നവരേയും കൊടുക്കാത്തവരേയും കുറിച്ച് അന്വേഷിക്കാനാണോ ഹിലാല്‍ കമ്മിറ്റി നിങ്ങളെ ഇങ്ങോട്ടയച്ചത്? അതോ മാസപ്പിറവി വിഷയത്തില്‍ നിലപാട് വ്യക്തമാക്കാനോ?'' സകാത്തു നല്‍കുന്നവര്‍ അതു പരസ്യമാക്കാറില്ലല്ലോ?
ഉടന്‍ സമദാനി ഇടപെട്ടു സദസ്സ് നിയന്ത്രിച്ചു. തുടര്‍ന്ന് മടവൂര്‍ വിഭാഗം: പണ്‌ഡിതന്‍ അബ്‌ദുല്‍ ഹമീദ് മദീനി സംസാരിച്ചു. ഏഷ്യ മുഴുവന്‍ ഏകീകരിക്കാമെന്ന് അദ്ദേഹവും സമ്മതിച്ചു. ഏഷ്യയില്‍ എവിടെ പിറവിയുണ്ടായാലും അതംഗീകരിക്കാം. അപ്പോള്‍ സദസ്സില്‍ നിന്ന് ഒരു ചോദ്യമുയര്‍ന്നു:– ``ഈ വര്‍ഷം കേരളത്തില്‍ തിരുവനന്തപുരത്തു മാത്രം ആകാശത്ത് ഒരു മിനുട്ട് ചന്ദ്രനുണ്ട്. താങ്കളതു അംഗീകരിച്ചു കേരളത്തിലെങ്കിലും ഒരു ദിവസമാക്കുമോ? ഉത്തരം : ``ഇതു എന്റെ വ്യക്തിപരമായ അഭിപ്രായമാണ്''.
രണ്ടു പണ്‌ഡിതന്മാരും സംഘടനാ തീരുമാനത്താല്‍ ബന്ധിക്കപ്പെട്ട നിലക്കാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്നര്‍ത്ഥം!
സമദാനി : ``ഞാന്‍ കുറേ വര്‍ഷങ്ങളായി കണക്കനുസരിച്ചാണ് നോമ്പെടുക്കാറ്; ഇതാ, എന്റെ വിഭാഗത്തിന്റെ പണ്‌ഡിതന്മാര്‍ കേള്‍ക്കേയാണ് ഞാനിതു പറയുന്നത്.''
ഈ ലഘുലേഖയുടെ വിഷയം മാസപ്പിറവി ഏകീകരണമല്ല എന്ന് വായനക്കാര്‍ പ്രത്യേകം ഓര്‍ക്കുക. നോമ്പിലെ ഹറാമിനെ (റമദാനെന്നറിഞ്ഞിട്ട് നോമ്പെടുക്കാതിരിക്കലും, പെരുന്നാളെന്ന് ഉറപ്പായിട്ടും അന്ന് നോമ്പ് നോല്‍ക്കലും – രണ്ടും ഹറാമാണ്.) സൂക്ഷിക്കുവാനാവശ്യമായ ഉല്‍ബോധനമാണ് ഈ ലഘുലേഖകള്‍. ഏകീകരണമെന്നത് സ്വാഭാവിക സംഭവം മാത്രം. ഏകീകരണമെന്ന ആശയത്തെ തെറ്റിധരിപ്പിച്ചു വിഷയത്തിന്റെ സത്തയില്‍ നിന്ന് സാധാരണക്കാരനായ വിശ്വാസിയെ പിഴപ്പിക്കവാനുള്ള തന്ത്രമാണ് ചില പണ്‌ഡിതന്മാര്‍ നടത്തുന്നത്. ലോകമാകെ ഒരേ ദിവസം നോമ്പും ഒരേ ദിവസം പെരുന്നാളും എങ്ങിനെ സാധ്യമാകുമെന്നാണ് ഇവരുന്നയിക്കുന്ന ചോദ്യം.
ഭൂമിയില്‍ ഒരു ഭാഗത്ത് വ്യാഴാഴ്‌ചയും തൊട്ടടുത്തു തന്നെ വെള്ളിയാഴ്‌ചയുമായ പ്രദേശങ്ങളുണ്ട്. ഇവിടെ വ്യാഴാഴ്‌ച ജുമുഅ നടത്താറില്ല. അതുപോലെ റമദാന്‍ ഒരു തിങ്കളാഴ്‌ചയെങ്കില്‍ ലോകത്തെല്ലായിടത്തും ഇത് തിങ്കളാഴ്‌ച തന്നെയായിരിക്കും. ഞായറാഴ്‌ചയോ ചൊവ്വാഴ്‌ചയോ ആകില്ല.
കണ്‍കാഴ്‌ച ഖുര്‍ആനിലും ഭാഷാ ഗ്രന്ഥങ്ങളിലും
മാസ്സപ്പിറവി സംബന്ധിച്ച ലേഖനങ്ങളും പുസ്‌തകങ്ങളും എഴുതിയ പണ്‌ഡിതന്മാരുടെ സൃഷ്‌ടികളില്‍ നിന്നു മനസ്സിലാകുന്ന ഒരു സുപ്രധാന കാര്യമുണ്ട് = കണ്‍കാഴ്‌ച – അഥവാ അറബി ഭാഷയിലെ ` രുഇയു' അപഗ്രഥിക്കാന്‍ ഇവര്‍ ആരും തയ്യാറായിട്ടില്ല എന്നതാണത്. ഇവിടെ സമഗ്രവും വിശാലവുമായ ഒരു പരിശോധന ആവശ്യമായിട്ടുണ്ട്. അതിന് ആദ്യം വേണ്ടത് പദത്തിന്റെ ഭാഷാര്‍ത്ഥം പരിശോധിക്കുകയാണ്. രണ്ടാമത് ഖുര്‍ആന്‍ പ്രസ്‌തുത പദത്തെ ഉപയോഗിച്ചത് എങ്ങിനെ. മൂന്നാമത് പ്രവാചകന്‍ (സ്വ)യുടെ പ്രയോഗം എന്ത്? ഈ മൂന്നു വിധത്തില്‍ പരിശോധിക്കുമ്പോള്‍ കണ്‍കാഴ്‌ചയില്‍ മാത്രം ഒതുങ്ങുന്നതല്ല പദം എന്ന് കണ്ടെത്താം. ആദ്യം മലയാളം പരിശോധിക്കാം.
*കാഴ്‌ച മലയാളം ഡിക്ഷണറിയില്‍*
1. കണ്ണിന്റെ അനുഭവം
2. നോട്ടം
3. ദര്‍ശനം
4. പ്രദര്‍ശനം
5. വീണ്ടു വിചാരം
(വിദ്യാര്‍ത്ഥി മിത്രം നിഘണ്ടു–പേജ് 332)
ഇവയില്‍ കണ്ണ് മാത്രമല്ല കാഴ്‌ചയുടെ അവയവങ്ങള്‍–ബുദ്ധിക്കു കൂടി കാഴ്‌ചയില്‍ പങ്കുണ്ടെന്ന് കാണാം.
*കാഴ്‌ച അറബി ഡിക്ഷണറിയില്‍*
*``രുഇയു'' * എന്നതാണ് പദം. അതിനു അറബി ഡിക്ഷണറിയില്‍ താഴെ കാണുന്ന അര്‍ത്ഥങ്ങള്‍ കണ്ടെത്താം =
1. നോക്കുക
2. ചിന്തിക്കുക
3. അഭിപ്രായപ്പെടുക
4. വിചാരിക്കുക
(അല്‍ മന്‍ഹല്‍–പേജ് – 250)
ഇവിടെ കണ്ണ്, ബുദ്ധി, നാവ്, ഹൃദയം എന്നീ നാല് അവയവങ്ങള്‍ കാഴ്‌ചയുടെ പരിധിയില്‍ വരുന്നു.
*കാഴ്‌ച ഖുര്‍ആനില്‍*
നാലു അവയവങ്ങള്‍ കാഴ്‌ചയില്‍ പങ്കു വഹിക്കുന്നതായി ഖുര്‍ആന്‍.
1. കണ്ണ്
2. ബുദ്ധി
3. നാവ്
4. ഹൃദയം
``അറിയുക'' മനസ്സിലാക്കുക, എന്നീ രണ്ടു അര്‍ത്ഥങ്ങള്‍ കൂടി ``രുഇയിന്'' കല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. എന്തിനേറെ പറയുന്നു ബുദ്ധികൊണ്ടുള്ള കാഴ്‌ച എന്ന് അമാനി മൌലവി രുഇയിനു അര്‍ത്ഥം നല്‍കിയിട്ടുണ്ട്. (വിശുദ്ധ ഖുര്‍ആന്‍ – പരിഭാഷ–1, വാളിയം 2, പേജ് 1512)*
* ഹിന്ദിയില്‍*
: seing, looking at, consideration, observation, Scrutiny
: To look at, to perceive, to observe, to think, to consider, to take care, to inspect, to scrutinise
To perceive എന്ന പദത്തിന് ഇംഗ്ലീഷ്–മലയാളം നിഘണ്ടുവില്‍ ഒരു അര്‍ത്ഥം ശ്രദ്ധിക്കുക = പഞ്ചേന്ദ്രിയങ്ങളില്‍ എതിലൂടെയെങ്കിലും അറിയുക, മനസ്സിലാക്കുക, ഗ്രഹിക്കുക, അവബോധമുണ്ടാവുക.
(ആര്‍.എസ് മഗ്രിഗോറിന്റെ ഓക്‌സ്‌ഫോഡ് ഹിന്ദി–ഇംഗ്ലീഷ് നിഘണ്ടു 1993 പേജ് 509) ഇതില്‍ നിന്നു മനസ്സിലാകുന്ന അനിഷേധ്യമായ ഒരു സത്യം ``കണ്‍കാഴ്‌ച ``കണ്‍കാഴ്‌ച'' അല്ലെന്നാണ്. മാത്രമല്ല കണ്‍കാഴ്‌ചയെ ആശ്രയിക്കുമ്പോള്‍ ഖുര്‍ആനും ഹദീസും തിരുത്തപ്പെടുകയാണ് ചെയ്യുന്നത്.
*ഇംഗ്ലീഷില്‍
* See, to look at, to ascertain, to make sure, -- കാണുക, അറിയുക, മനസ്സിലാക്കുക, ബോധിക്കുക, തിരിച്ചറിയുക, ഗ്രഹിക്കുക (ടി രാമലംഗം പിള്ളയുടെ ഇംഗ്ലീഷ്–മലയാളം നിഘണ്ടു 1995–പേജ് 806)
Sight
* കാഴ്‌ച, ദര്‍ശിക്കല്‍, അവബോധമുണ്ടാക്കുക (catch sight of) ഭാവി സംഭവങ്ങളോ വിദൂരത്ത് നടക്കുന്ന സംഭവങ്ങളോ അറിയാനുള്ള മാനസിക കഴിവ് (പേജ് 840)
വിശുദ്ധ ഖുര്‍ആനില്‍ നൂറു കണക്കിന് സ്ഥലങ്ങളില്‍ കാഴ്‌ചയെ അപഗ്രഥിച്ചു മനസ്സിലാക്കാനാവശ്യമായ സൂക്തങ്ങള്‍ കാണാം. അതിപ്രധാനമായ ഏതാനും ഉദാഹരണങ്ങളിലൂടെ നമുക്ക് കടന്നു പോകാം.
അടുത്ത ലക്കം :
``ആനക്കലഹം മുതല്‍ ആകാശപ്രതിഭാസം വരെ.''
–––––––––––––––––––––––––––
ഹറാമിന്റെ നോമ്പും തെറ്റായ പെരുന്നാളുകളും
ലഘുലേഖ – 9
ആനക്കലഹം മുതല്‍ ആകാശ പ്രതിഭാസം വരെ
പി.സി. അബ്‌ദുല്‍ ലത്തീഫ്
1. ആനക്കലഹത്തെ വിവരിക്കുന്ന സൂറത്ത് തന്നെ ഒരു പ്രധാന ഉദാഹരണം. കഅബയെ ആക്രമിക്കാന്‍ വന്ന ആനപ്പടയാളികളെ താങ്കളുടെ രക്ഷിതാവ് എങ്ങിനെ കൈകാര്യം ചെയ്‌തു എന്ന് (നബിയെ) താങ്കള്‍ കണ്ടിട്ടില്ലേ – അവരുടെ കുതന്ത്രങ്ങളെ അല്ലാഹു പരാജയപ്പെടുത്തിയില്ലേ, ചുട്ടു പഴുപ്പിച്ച കളിമണ്‍ കല്ലുകള്‍ കൊണ്ട് ആനപ്പടയാളികളെ എറിയുന്ന ഒരു കൂട്ടം പക്ഷികളെ അവരുടെ നേര്‍ക്ക് അവന്‍ അയക്കുകയും ചെയ്‌തു. എന്നിട്ട് ചവച്ചരക്കപ്പെട്ട വൈക്കോല്‍ തുരുമ്പുകളെ പോലെ അവരെ നശിപ്പിച്ചു കളയുകയും ചെയ്‌തതും (താങ്കള്‍ കണ്ടില്ലേ?) (വി.ഖു. 105:1–5)
*മേല്‍ പറഞ്ഞ സംഭവങ്ങളില്‍ ഒന്നും തന്നെ റസൂല്‍(സ)കണ്ടിട്ടില്ല. അവിടുന്ന് സംഭവം നടക്കുമ്പോള്‍ ജനിച്ചിട്ടുപോലുമില്ലെന്നു പണ്‌ഡിതന്മാര്‍ തന്നെ രേഖപ്പെടുത്തുന്നു. പക്ഷെ കാണുക എന്ന അര്‍ത്ഥത്തിലുള്ള ``രുഇയു'' എന്ന പദമാണ് ഖുര്‍ആന്‍ ഇവിടെ പ്രയോഗിച്ചിട്ടുള്ളത് എന്ന കാര്യം ശ്രദ്ധേയമാണ്. ഇത് കണ്ണ് കൊണ്ടുള്ള കാഴ്‌ചയാണോ? ഉദാഹരണം**(2) ഇത് വായിക്കുന്ന നിങ്ങളോട് ഒരു ചോദ്യം : നരകത്തെ ഇഹലോകത്ത് വെച്ച് കണ്ണ്‌കൊണ്ട് കാണാന്‍ പറ്റുമോ? ഇല്ല എന്നാണു നിങ്ങളുടെ മറുപടി. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ പറയുന്നു കാണാന്‍ പറ്റുമെന്ന്!! ആര് പറഞ്ഞതാണ് ശരി? നരകത്തെ ആരാണ് കണ്ടവര്‍ എന്നാണ് നമ്മുടെ മറ്റൊരു ചോദ്യം. ഇനി നമുക്ക് സൂറഅത്തകാഥുര്‍ പരി ശോധിക്കാം =
നിസ്സംശയം നിങ്ങള്‍ ദൃഢമായ അറിവ് അറിയുമായിരുന്നുവെങ്കില്‍ ജ്വലിക്കുന്ന നരകത്തെ നിങ്ങള്‍ കാണുക തന്നെ ചെയ്യും. പിന്നെ തീര്‍ച്ചയായും നിങ്ങള്‍ അതിനെ ദൃഡമായും കണ്ണാല്‍ കാണുക തന്നെ ചെയ്യും.'' (വി.ഖു. 102:5,6,7) ഇവിടെ ഈ ലോകത്തുവെച്ച് നരകത്തെ കാണുമെന്നാണ് ഖുര്‍ആന്‍ പറയുന്നത്. ഇത് കണ്‍കാഴ്‌ചയാണോ? ``നിങ്ങള്‍ക്ക് ദൃഢമായ അറിവുണ്ടെങ്കില്‍ നരകത്തെ ഈ ലോകത്ത് വെച്ച് കാണാം.'' അല്ലാത്ത പക്ഷം തീര്‍ച്ചയായും നിങ്ങള്‍ അതിനെ പരലോകത്ത് വെച്ച് ദൃഢമായും കണ്ണാല്‍ കാണുക തന്നെ ചെയ്യും. രണ്ടിടത്തും ഖുര്‍ആന്‍ പ്രയോഗിച്ച പദം കാഴ്‌ച എന്ന അര്‍ത്ഥം വരുന്ന ``റുഅ്‌യ്''എന്ന പദമാണ്. ചാന്ദ്ര ദര്‍ശനത്തെ സംബന്ധിച്ചും വിശുദ്ധ ഖുര്‍ആനും നബി തിരുമേനി (സ്വ)യും പ്രയോഗിച്ച പദം ഒന്ന് തന്നെ. ഭൂമിയില്‍ വെച്ച് നരകത്തെ കണ്ടെത്താന്‍ ബുദ്ധിയാണ് പ്രയോഗിക്കേണ്ടത്. അപ്പോള്‍ നരകത്തെ നമ്മള്‍ കണ്ടെത്തുന്നു, അറിയുന്നു, മനസ്സിലാക്കുന്നു. കണ്ണിന് ഈ കാഴ്‌ചയില്‍ യാതൊരു പങ്കുമില്ല. ഇവിടെയെല്ലാം ഖുര്‍ആന്‍ ഉപയോഗിച്ച പദവും ഒന്നാണ്. മാത്രമല്ല കണ്‍കാഴ്‌ച പരലോകത്താണ്. അവിടെ കണ്ണ് എന്ന് അര്‍ത്ഥം വരുന്ന ``ഐന്‍'' എന്ന പദം തന്നെ ഉപയോഗിച്ചിട്ടുണ്ട്.
ഉദാഹരണം (3) അല്ലാഹു പറയുന്നു: ``നിന്റെ രക്ഷി-താവ് ആദിനെക്കൊണ്ട് എപ്രകാരം പ്രവര്‍ത്തിച്ചു എന്ന് നീ കണ്ടിട്ടില്ലേ'' (സൂറത്ത് ഫജ്‌ര്‍ 89:6) ആദു സമൂഹത്തെ നശിപ്പിച്ച സംഭവവും റസൂല്‍ കണ്ടതല്ല. ഈ സംഭവത്തിന്റെ അവശിഷ്‌ടം കണ്ടെത്തുന്നത് തന്നെ വളരെ അടുത്ത കാലത്ത് മാത്രമാണ് താനും. ഇവിടെ ഉപയോഗിച്ച പദവും കാഴ്‌ച എന്നര്‍ത്ഥം വരുന്ന ``രുഇയു'' എന്ന പദമത്രെ.
(4) പലപ്പോഴും നാം പാരായണം ചെയ്യാറുള്ള സൂറ ``കഹ്‌ഫ്''ല്‍ ഗുഹാവാസികളെക്കുറിച്ച് പറയുന്നേടത്ത് അല്ലാഹു റസൂലിനോട് പറയുന്നു: ``സൂര്യന്‍ അത് ഉദിക്കുമ്പോള്‍ അവരുടെ ഗുഹ വിട്ട് വലത്തോട്ട് ചാഞ്ഞുപോകുന്നതായും അസ്‌തമിക്കുമ്പോള്‍ അതവരെ മുറിച്ചുകടന്ന് ഇടത്തോട്ട് പോകുന്നതായും നിനക്ക് കാണാം'' (18:25) പ്രസ്‌തുത ഗുഹപോലും കണ്ടിട്ടില്ലാത്ത പ്രവാചകനോട് ഗുഹയോടുള്ള സൂര്യന്റെ ചായലും മറിയലും ``കാണാം'' എന്നാണ് ഖുര്‍ആന്‍ പറയുന്നത്! ഗുഹ എവിടെയാണെന്ന് ഖുര്‍ആന്‍ തന്നെയും പറയുന്നില്ല! വിശ്വാസികളെക്കൊണ്ട് വിശുദ്ധ റമളാന്‍ മാസത്തിന്റെ രണ്ടു അറ്റങ്ങളിലും ഹറാം ചെയ്യിക്കാതിരിക്കാന്‍ നമുക്ക് ഇത് തന്നെ ധാരാളം തെളിവ്. അതായത് മാസപ്പിറവി കാണലല്ല, പിറവി ഉണ്ടായെന്ന് അറിയലാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത്! കാണണം എന്നാണല്ലോ പ്രവാചകന്‍ പഠിപ്പിച്ചത് എന്ന് വീണ്ടും ചോദിച്ചേക്കാം. ഇവിടെ രണ്ട് പോയന്റുകള്‍ വീണ്ടും ആവര്‍ത്തിക്കുന്നു.
(1) പ്രവാചക കാലത്ത് അതു മാത്രമേ മാര്‍ഗമുണ്ടായിരുന്നുള്ളു. നമസ്‌ക്കാര സമയം നിര്‍ണയിച്ചു തന്നത് പോലെ സൂര്യപ്രകാശം മങ്ങുന്ന ദിവസങ്ങളില്‍ അസര്‍ നമസ്‌കാരം നേരത്തെ നിര്‍വ്വഹിച്ചുകൊള്ളാന്‍ അവിടുന്ന് അനുമതി നല്‍കിയിരുന്നതായി പണ്ഡിതന്മാര്‍ രേഖപ്പെടുത്തുന്നു. ഇന്ന് സൂര്യനെ കാണാതെ വന്നാല്‍ കയ്യിലും ചുമരിലും വാച്ചുള്ള നമുക്ക് അസര്‍ നേരത്തെ നിര്‍വഹിക്കാമെന്ന് ഫത്‌വ നല്‍കാമോ?
(2) പ്രവാചക കാലത്ത് ഒരിക്കലും തന്നെ യാതൊരു പിഴവുകളും ഈ വിഷയത്തില്‍ സംഭവിച്ചിട്ടില്ല. കാരണം അവിടുന്ന് വഹിയിനാല്‍ നിയന്ത്രിക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ അല്ലാഹുവിന്റെ കണിശമായ സൂക്ഷ്‌മതയിലാണ് കാര്യങ്ങള്‍ തീരുമാനിക്കപ്പെട്ടിരുന്നത്. ഇവിടെയാണ് മതസംഘടനാ പ്രസിദ്ധീകരണങ്ങള്‍ക്കുപോലും ആലോചനാശൂന്യമായ തെറ്റ് പറ്റിയിട്ടുള്ളത് എന്ന് കാണാം. ഉദാഹരണം വിചിന്തനം (2005 നവംബര്‍ 25 ``ജവാബ്'' പേജ്) മാസപ്പിറവിയുമായി ബന്ധപ്പെട്ട ഹദീസുകളില്‍ സൌകര്യപ്രദമായ ഒന്ന് തെരഞ്ഞെടുത്ത് സ്വന്തം അബദ്ധധാരണകളെ ന്യായീകരിക്കുകയാണ് പണ്ഡിതന്മാര്‍ ചെയ്യുന്നത്. ഇതിനുപകരം ഇതു സംബന്ധിച്ച മുഴുവന്‍ ഹദീസുകളും ഒന്നിച്ചെടുത്ത് അപഗ്രഥനം ചെയ്‌തു ആശയം കണ്ടെത്തുകയാണ് പണ്‌ഡിതധര്‍മ്മം. അതിനാണ് ഇജ്‌തിഹാദ് എന്നുപറയുക.
ഉദാഹരണം (5) ``നീ കണ്ടില്ലേ ഇബ്രാഹിമിനോട് അദ്ദേഹത്തിന്റെ റബ്ബിന്റെ കാര്യത്തില്‍ ന്യായവാദം നടത്തിയ ഒരുവനെ?'' (അല്‍ ബഖറ 2 : 258) നമ്രൂദാണ് ഇവിടുത്തെ കഥാപാത്രം. നമ്രൂദിനെ നബി കണ്ടിട്ടില്ല. സംഭവം നബി അറിഞ്ഞിട്ടുമില്ല. ഇവിടെയും അല്ലാഹുവിന്റെ ചോദ്യം കണ്ടില്ലേ എന്നാണ്.
(6) ``നീ കണ്ടില്ലേ അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും യഥാര്‍ത്ഥ മുറപ്രകാരം സൃഷ്‌ടിച്ചിരിക്കുന്നു എന്ന്.'' (ഇബ്രാഹിം 14:19) ആകാശ ഭൂമികളുടെ സൃഷ്‌ടിപ്പ് നബിയോ നമ്മളോ കണ്ടിട്ടില്ല.
(7) ``നീ കണ്ടില്ലേ നിശ്ചയമായും ആകാശങ്ങളില്‍ ഉള്ളവരും ഭൂമിയിലുള്ളവരും സുര്യനും ചന്ദ്രനും, നക്ഷത്രങ്ങളും, പര്‍വ്വതങ്ങളും, വൃക്ഷങ്ങളും, ജീവജാലങ്ങളും, മനുഷ്യരില്‍നിന്നു കുറെ ആളുകളും അവനു (അല്ലാഹുവിന്) സുജൂദു ചെയ്യുന്നു എന്ന്.'' (ഹജ്ജു 22:18) ഈ പറഞ്ഞ പ്രകൃതി പ്രതിഭാസങ്ങളൊന്നും തന്നെ റസൂല്‍ കണ്ടിട്ടില്ല. പക്ഷേ ഇവിടെയും പ്രയോഗം ``കാഴ്‌ച''യാണ്! പക്ഷേ ഇവയൊന്നും കണ്‍കാഴ്‌ചയല്ല, മറിച്ച് അറിയലും പഠിക്കലും വിശ്വസിക്കലുമാണ്. അതുതന്നെയാണ് ചന്ദ്രന്റെ ഉദയവും അസ്‌തമനവും. ഉദിച്ചെന്നും അസ്‌തമിച്ചെന്നും അറിയലാണ്.
(8) ``നീ കാണുന്നില്ലേ ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം) അല്ലാഹു അറിയുന്നു എന്ന്'' (മുജാദല 58:7) മുന്‍കാല സംഭവങ്ങള്‍ പ്രതിപാദിക്കുന്നിടത്ത് ``നീ കണ്ടില്ലേ എന്നാണ് ഖുര്‍ആന്‍ ചോദിക്കുന്നത്. മേല്‍പറഞ്ഞ ഉദാഹരണങ്ങള്‍ക്ക് പുറമെ
(9) ബഖറയിലെ 243(10), 246(11) 12:24(12)36:31 തുടങ്ങിയവ. പ്രകൃതി സൃഷ്‌ടിപ്പിനേയും അതിലെ വിസ്‌മയങ്ങളെയും പ്രതിപാദിക്കുന്നെടത്തും പ്രയോഗിച്ചിരിക്കുന്നത് ``രുഇയു'' എന്ന പദമാണ്. താഴെ പറയുന്ന ഉദാഹരണങ്ങള്‍ കൂടി ശ്രദ്ധിക്കുക.
ഉദാഹരണം : (13) ``നിങ്ങള്‍ കണ്ടില്ലേ എങ്ങനെയാണ് (ഒന്നൊന്നിനുമീതെ) അടുക്കുകളായ നിലയില്‍ അല്ലാഹു ഏഴു ആകാശങ്ങളെ സൃഷ്‌ടിച്ചിരിക്കുന്നത്?'' (ആലോചിച്ചുനോക്കൂ) (നൂഹു 75:15) ഏഴു ആകാശങ്ങളില്‍ ഒന്നാം ആകാശത്തിലെ വളരെ ചെറിയ ഗാലക്‌സിയായ സൌരയൂഥത്തെക്കുറിച്ചുള്ള പഠനം തന്നെ ഇപ്പോഴും ശൈശവ ദശയിലാണ്. അത്തരമൊരു സമൂഹത്തോട് പ്രാപഞ്ചിക സൃഷ്‌ടിപ്പിന്റെ വിസ്‌മയം കണ്ടില്ലേ എന്നാണ് അല്ലാഹുവിന്റെ ചോദ്യം. ഇവിടെ കണ്ണിന്റെ പങ്കെന്താണ് എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിക്കുന്ന സാധാരണക്കാരന്റെ ചോദ്യം.
ഉദാഹരണം (14) ``അല്ലാഹു നിങ്ങള്‍ക്ക് (മനുഷ്യര്‍ക്ക്) ഭൂമിയിലുള്ളതെല്ലാം കീഴ്‌പ്പെടുത്തിതന്നിരിക്കുന്നു . എന്ന് നീ കണ്ടില്ലേ; സമുദ്രത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കപ്പലുകളെയും കീഴ്‌പ്പെടുത്തി തന്നിരിക്കുന്നു. ആകാശം അവന്റെ അനുമതി പ്രകാരമല്ലാതെ ഭൂമിയില്‍ വീണുപോകാതിരിക്കാന്‍ പിടിച്ചുനിര്‍ത്തിയിട്ടുള്ളതും നീ കണ്ടില്ലേ'' (ഹജ്ജ് 22 : 65)
ഭൂമിയിലുള്ളതത്രയും കീഴ്‌പ്പെടുത്തി തന്നിരിക്കുന്നത് നാമെങ്ങിനെ കണ്‍കാഴ്‌ചയായി കാണും? അത് അന്വേഷിച്ച് കണ്ടെത്തുകയാണ് ചെയ്യുന്നത്. ഭാരമുള്ള കപ്പലുകള്‍ ആണ്ടുപോകാതെ വെള്ളത്തില്‍ പൊന്തിനില്‍ക്കുന്നതിനുപിന്നിലെ ശാസ്‌ത്രതത്വം വിസ്‌മയാവഹമാണ്. ആകാശഗോളങ്ങളും നക്ഷത്രങ്ങളും ഗാലക്‌സികളും സൂപ്പര്‍ ഗാലക്‌സികളും ഭൂമിയിലേക്ക് വീഴാതെ പിടിച്ചുനിര്‍ത്തുന്ന സര്‍വ ശക്തനായ റബ്ബിന്റെ പ്രാപഞ്ചിക സംവിധാനത്തിലെ അത്ഭുതം ഒരു കണ്‍കാഴ്‌ചയല്ല. അതുകൊണ്ടുതന്നെ 1993ലെ കെ.എന്‍.എം. ഖുര്‍ആന്‍ പരിഭാഷയില്‍ മേല്‍ ആയത്തിന് അര്‍ത്ഥം നല്‍കിയിരിക്കുന്നത് ഇപ്രകാരമാണ്. ``അല്ലാഹു നിങ്ങള്‍ക്ക് ഭൂമിയിലുള്ളതെല്ലാം കീഴ്‌പ്പെടുത്തി തന്നിരിക്കുന്നു എന്ന് നീ മനസ്സിലാക്കിയില്ലേ?'' (പേജ് 489)
അപ്പോള്‍ വിശുദ്ധ ഖുര്‍ആനില്‍ നൂറു കണക്കിന് സ്ഥലങ്ങളില്‍ അല്ലാഹു പ്രയോഗിച്ചിട്ടുള്ള ഒരു പദത്തിന്റെ ആശയം സ്വീകരിക്കുന്നതിനു പദത്തിന്റെ ബാഹ്യാര്‍ത്ഥത്തില്‍ ഒതുങ്ങുമ്പോള്‍ നമുക്കു സാധ്യമാകാതെ വരുന്നു.
ഇനി കണ്‍കാഴ്‌ചയുടെ ശാരീരിക പ്രതിഭാസം പരിശോധിച്ചാല്‍ താഴെ പറയുന്ന വസ്‌തുതകള്‍ ബോധ്യമാകും:
1. കണ്ണിനു സ്വമേധയാ കാഴ്‌ച ശക്തിയില്ല; നോക്കുന്ന വസ്‌തുവില്‍ പ്രകാശം തട്ടുമ്പോള്‍ മാത്രമേ കണ്ണിനു കാഴ്‌ച ലഭിക്കൂ. വിശുദ്ധ ഖുര്‍ആന്‍ സുറ:ബഖറയില്‍ പറയുന്നത് കാണുക. ``അവരുടെ ഉപമ, ഒരിടത്തു തീ കത്തിച്ചവനെപോലെയാണ്; തീ അവനു ചുറ്റും പ്രകാശം പരത്തി, അപ്പോള്‍ അല്ലാഹു പ്രകാശവും കൊണ്ടു പോയിക്കളഞ്ഞു; അതോടെ അവര്‍ ഇരുട്ടിലുമായി, അവ ര്‍ക്കു (ഒന്നുംതന്നെ) കാണാന്‍ കഴിഞ്ഞുമില്ല.'' (2:17)
2. ഏതു വസ്‌തുവാണോ കണ്ടത് ആ വസ്‌തുവെ തന്നെയാണ് കണ്ടതെന്ന് മസ്‌തിഷ്‌കം വേണം നമ്മോട് പറയാന്‍. മനുഷ്യ സൃഷ്‌ടിയിലെ ശാസ്‌ത്രസത്യമാണിത്. ഇനി ചാന്ദ്രദര്‍ശനത്തിന് കാഴ്‌ച വേണമെന്ന് ശഠിക്കുന്നവര്‍ക്കു അതാകാം. പക്ഷെ ചാന്ദ്രവര്‍ഷദിനങ്ങള്‍ 354 തന്നെ ഉണ്ടായിരിക്കണം. ഇതില്‍ ഏറ്റക്കുറവ് വരാന്‍ പാടില്ല. അതു വിശുദ്ധ ഖുര്‍ആന് വിരുദ്ധമാകും. പ്രവാചകചര്യക്കും.
അടുത്ത ലക്കം: ``രിഫായിശേഖും നമ്മളും''
–––––––––––––––––––––––––––––– ––––––––––––––
ഹറാമിന്റെ നോമ്പും തെറ്റായ പെരുന്നാളുകളും
ലഘുലേഖ – 10
രിഫായി ശൈഖും നമ്മളും
പി.സി. അബ്‌ദുല്‍ ലത്തീഫ്
വിശ്വാസിയായ ഒരു മുസ്ലിമിനോട് അവന്റെ ബുദ്ധി ചോദിക്കുന്ന കുറേ ചോദ്യങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം അല്ലാഹുവിന്റെ സ്വമദിയ്യത്തി (സ്വാശ്രയത്വത്തില്‍)ല്‍, മാസപ്പിറവിയോടനുബന്ധിച്ച് ഭൂമിയില്‍ നിന്ന് ഏതാനും പേരുടെ ഇടപെടല്‍ ഉണ്ടാകുന്നില്ലേ എന്നതാണ്. രിഫായി ശൈഖിനെ കഅബ ത്വവാഫ് ചെയ്യുകയും അതു നിര്‍ത്തല്‍ ചെയ്യാന്‍ അല്ലാഹു രിഫായി ശൈഖിനോട് അപേക്ഷ പുറപ്പെടുവിക്കുകയും ചെയ്‌തതായി മാല ഉദ്ധരിച്ചു നാം സുന്നികളെ കളിയാക്കാറുണ്ട്. എന്നാല്‍ അതിനേക്കാള്‍ ഗൌരവതരമായതാണ് കൊല്ലത്തില്‍ മൂന്നുതവണ ഭൂമിയില്‍ നിന്ന് ഏതാനും പണ്‌ഡിത സംഘടനകള്‍ അല്ലാഹുവിന്റെ അധീശാധികാരത്തില്‍ നടത്തുന്ന ഇടപെടല്‍! ആകാശത്തു നിന്ന് കാര്യങ്ങള്‍ തീരുമാനിച്ച് ഭൂമിയിലേക്കു അയക്കുകയാണ് അല്ലാഹുവിന്റെ നടപടിക്രമം (സജദ – 32:4) എന്നാല്‍ മാസപ്പിറവി നിര്‍ണ്ണയം വരുമ്പോള്‍ നേരെ മറിച്ചാകുന്നു. ഭൂമിയില്‍ നിന്ന് കാര്യങ്ങള്‍ തീരുമാനിച്ച് ആകാശത്തേക്കയക്കുക!! അതായത് ഭൂമിയില്‍ നിന്ന് തീരുമാനം വരാന്‍ അല്ലാഹു കാത്തുനില്‍ക്കേണ്ടി വരുന്നു!! ജിബ്രില്‍ (അ)യും മറ്റു മലക്കുകളും മുഖേന ലൈലത്തൂല്‍ ഖദ്‌റിലാണല്ലോ അല്ലാഹു ഒരു വര്‍ഷത്തെ ഭൂമിയിലെ കാര്യങ്ങളുടെ ഫയല്‍ അയക്കുന്നത് (97:4). ഈ ലൈലത്തൂര്‍ ഖദ്‌ര്‍ തീരുമാനിക്കാന്‍ അല്ലാഹുവിന് കഴിയാതെ വരുന്നു! ഭൂമിയിലെ തര്‍ക്കം തീര്‍ന്ന് പിറവി അറിയിപ്പ് ലഭിക്കും വരെ അല്ലാഹു കാത്തു നില്‍ക്കുന്നു! അറിയിപ്പ് ലഭിച്ചശേഷമേ സ്വര്‍ഗ്ഗത്തിന്റെ കവാടങ്ങള്‍ റമദാനിലേക്കായി തുറന്നിടാനും നരക കവാടങ്ങള്‍ അടച്ചിടാനും പിശാചിനെ ചങ്ങലകളില്‍ ബന്ധിക്കാനും അല്ലാഹുവിനു സാധിക്കുന്നുള്ളൂ!!! എന്തുമാത്രം വിരോധാഭാസവും ശിര്‍ക്കുമാണിത്! മാത്രമല്ല ഈ നടപടിയെ ന്യായികരിക്കാന്‍ അല്ലാഹുവിന്റെ പ്രവാചകനെ കൂട്ടുപിടിക്കുക! പരലോകത്ത് വിചാരണയില്ലാത്ത കാര്യമാണോ ഇത്? ഫര്‍ളായ നോമ്പ് നഷ്‌ടപ്പെട്ടതിനേയും ഹറാമായ ദിവസം നോമ്പനുഷ്‌ഠിക്കേണ്ടി വന്നതിനേയും അറഫ കഴിഞ്ഞ് അറഫാ നോമ്പ് പിടിക്കേണ്ടി വന്നതിനേയും കുറിച്ച് മുഹമ്മദ് നബി(സ)യുടെ അനുയായികള്‍ നാളെ പരലോകത്തു പരാതി പറയുമ്പോള്‍ പണ്‌ഡിത സംഘടനകള്‍ക്കു എന്തുപറയാനുണ്ടാകും? നാം ചെയ്‌തു കൂട്ടിയ സല്‍കര്‍മ്മങ്ങളെ പരലോകത്തുവെച്ച് പൂജ്യം കൊണ്ട് പെരുക്കേണ്ടിവരില്ലേ? പെരുന്നാള്‍ അറിയിപ്പും ഇതേപോലെ ഭൂമിയില്‍ നിന്ന് ലഭിച്ചിട്ട് വേണം അല്ലാഹുവിന് പിശാചിന്റെ ചങ്ങല അഴിക്കാനും സ്വര്‍ഗ്ഗകവാടം അടച്ചിടാനും നരകം തുറക്കാനും! കാസര്‍കോട് 2005ലെ ചെറിയ പെരുന്നാള്‍ സുന്നികള്‍ക്ക് വ്യാഴാഴ്‌ചയും മുജാഹിദുകള്‍ക്കു വെള്ളിയാഴ്‌ചയുമായപ്പോള്‍ അല്ലാഹു കൂടുതല്‍ ആശയക്കുഴപ്പത്തിലായി! ആരുടെ കൂടെ നില്‍ക്കണം; സ്വര്‍ഗ്ഗകവാടം അടക്കുകയോ തുറന്നിടുകയോ വേണ്ടത്; ഹറാമിന്റെ നോമ്പ് ആരാണ് നോറ്റത് – ഈ വക തീരുമാനങ്ങളില്‍ അല്ലാഹു ആശയക്കുഴപ്പത്തിലാകുക!! ഒരു കാര്യം ഇതില്‍ നിന്ന് ഖണ്‌ഡിതമാകുന്നു. തെറ്റുകാരന്‍ അല്ലാഹുവല്ല റസൂലുമല്ല. നമ്മള്‍ തന്നെ. നമുക്കു എവിടെയോ തെറ്റുപറ്റിയിട്ടുണ്ട് എന്ന് വിലയിരുത്തി അതുതിരുത്തുകയാണ് തൌഹീദ്.
ഇനി ബലിപെരുന്നാളിന്റെ കാര്യമെടുത്താല്‍ ഇതിലേറെ കഷ്‌ടമാണ്. സഊദിയും അറഫ തീരുമാനിക്കുന്നു; നമ്മളും അറഫ തീരുമാനിക്കുന്നു! അറഫയാകട്ടെ ഒന്നേയുള്ളൂ ഈ ഉറപ്പിക്കലാണെങ്കില്‍ ദുല്‍ഹിജ്ജ 6–നും 7–നുമാണ് ഖാസിമാര്‍ പതിവായി നടത്താറ്! ചന്ദ്രികയില്‍ നിന്ന് മാസപ്പിറവി തീരുമാന അറിയിപ്പിനായി ബന്ധപ്പെടുമ്പോള്‍ ഈയുള്ളവന്‍ ചോദിക്കാറുള്ള ഒരു ചോദ്യമുണ്ട്; ചന്ദ്രന്‍ ആകാശത്തു പ്രത്യക്ഷപ്പെട്ടില്ലേ എന്ന്. അപ്പോള്‍ ലഭിക്കാറുള്ള മറുപടി ഇതാണ് – ``ആകാശത്തുള്ള ചന്ദ്രനെ ഞങ്ങള്‍ക്കു അംഗീകരിക്കാന്‍ പറ്റില്ല; ഒന്നാം ചന്ദ്രനെ കണ്ടവര്‍ ഇവിടെ വന്ന് സത്യം ചെയ്യണം.''
ചോദ്യം വീണ്ടും – ``ആരും വന്നു പറഞ്ഞില്ലെങ്കിലോ''
മറുപടി – ``ഉറപ്പിച്ചശേഷം ആരെങ്കിലും വന്നാലോ?''
ചോദ്യം – ``നാളെ ദുല്‍ഹിജ്ജ എട്ടായി, നോമ്പ് പിടിക്കണ്ടേ''
മറുപടി – ``ആരെങ്കിലും വരുമോന്ന് നോക്കട്ടെ.''
നേരെ മുജാഹിദ് സെന്ററുമായി ബന്ധപ്പെട്ടാലും മറുപടി ഇതുതന്നെ. പിറവിചന്ദ്രനെ നോക്കാന്‍ ഞങ്ങള്‍ എല്ലാ യൂണിറ്റുകള്‍ക്കും സര്‍ക്കുലറയച്ചു; ആരും നോക്കിയില്ല; ഞങ്ങളെന്തു ചെയ്യും?!!
ചോദ്യം – ``ഈ പിറവി നിര്‍ണ്ണയരീതി അപ്രായോഗികമാണെന്നല്ലേ ഇതിലൂടെ നമ്മള്‍ മനസ്സിലാക്കേണ്ടത്.''
മറുപടി – ``മത്വ്‌ലഅ് എന്ന പ്രശ്‌നമുണ്ട്, പ്രയാസമേറിയതാണത്.'' (അല്ലാഹു പറയുന്നു ഖുര്‍ആന്‍ എളുപ്പമാണെന്ന്)
ഇവിടേയും ഖുര്‍ആനിനെ ഒറ്റപ്പെടുത്തിയതാണ് നാം ഒറ്റപ്പെടാന്‍ കാരണമെന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. ഹദീസിനെ ഖുര്‍ആനിലൂടെ വിലയിരുത്തിയതുമില്ല!
സുന്നികളുള്‍പ്പെടെ മുസ്ലിം സമൂഹം ഹിലാല്‍ കമ്മിറ്റിയിലൂടെയെങ്കിലും സത്യം പുലരുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ലെന്നതാണ് ഏറെ ദുഃഖമുണ്ടാക്കുന്നത്. 2005ലെ ചെറിയ പെരുന്നാള്‍ അറിയിപ്പ് ഖാസിമാരില്‍ നിന്ന് ചന്ദ്രിക ഓഫീസിലെത്തിയത് രാത്രി 8നും 8.30നുമിടക്ക്! മുജാഹിദ് സെന്ററില്‍ നിന്നെത്തിയത് 9.30നും 10 മണിക്കുമിടക്ക്! സമയം കഴിഞ്ഞ് ആരു വന്നാലും സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചുവത്രെ! ഇതു നബിയുടെ ചര്യയാണോ? ഒരു പെരുന്നാള്‍ ദിവസം അസറിന് നബി തിരുമേനി(സ) ``മാസമുറപ്പിച്ചിട്ടില്ലേ'' എന്ന് ഒരു പണ്‌ഡിതനോട് ചോദിച്ചപ്പോള്‍ വാചാലമായ മൌനമായിരുന്നു പ്രതികരണം.
2005 നവംബര്‍ 25–ലെ വിചിന്തനം 9–ാം പേജിലെ ``ജവാബ്'' ല്‍ നല്‍കിയ ചോദ്യത്തിനുള്ള ഉത്തരം ഒരു പണ്‌ഡിത സംഘടനയുടെ വിചിന്തനത്തിന് ചേര്‍ന്നതായില്ല. കാരണം നബിയുടെ കാലത്തു നബിക്കുതന്നെയും തെറ്റു പറ്റിയിട്ടുണ്ടാകാമെന്ന് സിദ്ധാന്തിക്കാന്‍ ഒരു പണ്‌ഡിത പ്രസിദ്ധീകരണത്തിന് പാടില്ലാത്തതാണ്. വ്യക്തമായി തെളിഞ്ഞതും സംഭവിച്ചതുമായ കാര്യങ്ങള്‍ ഖണ്‌ഡിതമായി പരാമര്‍ശിക്കുകയാണ് പണ്‌ഡിതധര്‍മ്മം. അതിനു പകരം വിചിന്തനം അവലംബിച്ചത് താര്‍ക്കികതയേയും ഊഹങ്ങളേയുമാണ്. വിചിന്തനം പ്രസ്‌താവിച്ചതു അബദ്ധമാണ്. കാരണം പ്രവാചകന്റെ കാലത്തു താഴെ പറയുന്ന കാരണങ്ങളാല്‍ തെറ്റു സംഭവിച്ചിരിക്കാന്‍ ഒട്ടും സാധ്യതയില്ല.
1) മക്കക്കാര്‍ ഒരു ചെറിയ പെരുന്നാള്‍ ദിവസം അസറിന് മദീനയിലെത്തി. നബിയും സ്വഹാബാക്കളും റമദാന്‍ വ്രതം തുടരുന്നതായി അവര്‍ കണ്ടു. മാസപ്പിറവി ഉണ്ടായി എന്നറിഞ്ഞതോടെ നബിക്കും കാര്യം ബോധ്യമാവുകയും പെരുന്നാളാഘോഷം പിറ്റേദിവസത്തേക്കു മാറ്റിവെച്ച് നോമ്പ് മുറിക്കുകയും മുറിക്കാന്‍ സ്വഹാബാക്കളോട് കല്‌പിക്കുകയും ചെയ്‌തു – ഈ സംഭവം ഖണ്‌ഡിതമാണ്. ഊഹത്തിന് ഇവിടെ സാധുതയില്ല. മറിച്ചുള്ള സംഭവങ്ങളൊന്നും ജവാബില്‍ ഉദ്ധരിക്കുന്നില്ല. അതിനാല്‍ 2005–ല്‍ നമ്മുടെ തീരുമാനം നബിചര്യയാണോ എന്ന് ചിന്തിക്കുക.
2) നബിയെ അല്ലാഹു വഹ്‌യ് കൊണ്ട് നിയന്ത്രിച്ചിട്ടുണ്ട്. ഖുര്‍ആനും ഹദീസുമല്ലാത്ത വഹ്‌യ് നബി തിരുമേനി(സ)ക്കു ഉണ്ടായതായി ഖുര്‍ആന്‍ കൊണ്ട് തന്നെ തെളിയുന്നതിനാല്‍ മാസനിര്‍ണ്ണയത്തിലും നബിക്കു സംഭവിച്ചേക്കാവുന്ന പിഴവ് (പിഴവുണ്ടായിട്ടില്ല) അല്ലാഹു തിരുത്തിയിട്ടുണ്ട് എന്ന് വിശ്വസിക്കുകയാണ് മറിച്ച് തെളിവില്ലാത്ത കാലത്തോളം വിശ്വാസി ചെയ്യേണ്ടത്. അസറിലെ നോമ്പ് മുറിക്കലിലും പെരുന്നാള്‍ മാറ്റിവെക്കലിലും ഹറാമിന്റെ ഒഴിവാക്കലും സുന്നത്തിന്റെ മാതൃകയുമാണ് നമുക്കു ദര്‍ശിക്കാന്‍ കഴിയുന്നത്. സ്വഹാബാക്കള്‍ക്കു പോലും അല്ലാഹു ഇല്‍ഹാം നല്‍കിയിട്ടുണ്ട്. ഒരേ സമയം അവര്‍ക്കും പ്രവാചകനും സ്വപ്‌നദര്‍ശനത്തിലൂടെ മാര്‍ഗ്ഗദര്‍ശനം ലഭിച്ചിട്ടുണ്ട്. (തെളിവ് ബാങ്കിന്റെ ആരംഭം) അതിനാല്‍ വിചിന്തനത്തിന്റെ അനുമാനം മതത്തില്‍ പ്രമാണമല്ല! അതുകൊണ്ട് പെരുന്നാളെന്ന് അറിഞ്ഞ് നോമ്പെടുക്കുക വെറും കുറ്റമല്ല. മാപ്പില്ലാത്ത കുറ്റം കൂടിയാണ്. അതിനു പണ്‌ഡിതന്മാരും ഖാസിമാരും ഖബ്‌റിലും പരലോകത്തും മറുപടി പറയേണ്ടി വരും. മാത്രമല്ല കേരളത്തിലെ ലക്ഷക്കണക്കിന് മുസ്ലിംകളുടെ തിത്ത അവര്‍ ഏറ്റുവാങ്ങേണ്ടിയും വരും. കൂടാതെ അവരുടെ നന്മ അവര്‍ പിഴപ്പിച്ച മുസ്ലിംകള്‍ക്കു വിതരണം ചെയ്യേണ്ടതായും വരും.കലണ്ടറില്‍ ഒരു തിയ്യതി രേഖപ്പെടുത്തിയിട്ട് മറ്റൊന്ന് ജനങ്ങളോട് പറയുന്നതിന്റെ അര്‍ത്ഥമെന്താണ്? ഈ ചോദ്യത്തിനും വിചിന്തനം നല്‍കുന്ന മറുപടി മനുഷ്യന്റെ സാമാന്യ ബുദ്ധിയെ പരിഹസിക്കുന്നതാണ്.
3) ഊഹത്തെ വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ തന്നെ ഖുര്‍ആന്റെ പ്രയോഗവല്‍ക്കരണഘട്ടമായ പ്രവാചക കാലഘട്ടത്തില്‍ അല്ലാഹു ആ സമൂഹത്തിന് മാപ്പു നല്‍കുമെന്ന് തീര്‍ച്ച. എന്നാല്‍ ഇന്നത്തെ സമൂഹത്തിന് എങ്ങിനെ മാപ്പു ലഭിക്കും? മദ്യനിരോധനത്തിന് മുമ്പ് കള്ളു കുടിച്ചു നമസ്‌കരിച്ചവര്‍ക്ക് അല്ലാഹു മാപ്പു നല്‍കി. പിന്നീട് കള്ളുകുടിക്കുന്നതു തന്നെ തെറ്റായി പ്രഖ്യാപിച്ചു. പക്ഷെ നമസ്‌കരിക്കുമ്പോള്‍ മദ്യപിക്കരുതെന്ന ആയത്തു നിലനില്‍ക്കുകയും ചെയ്യുന്നു.
4) അറബികളെ സംബന്ധിച്ചിടത്തോളം കണക്കോ എഴുത്തോ അറിഞ്ഞു കൂടാത്ത ഒരു കാലഘട്ടമായിരുന്നു പ്രവാചകന്റേത്. മാസപ്പിറവി സംബന്ധമായ പ്രധാനപ്പെട്ട ഹദീസില്‍ നബി പറയുന്നത് നാം അക്ഷരജ്ഞാനമില്ലാത്ത പാമരത്താരായ ജനവിഭാഗമാകുന്നു എന്നാണ്. മാത്രമല്ല തുടര്‍ന്ന് ഇതേ ഹദീസില്‍ നബി പറയുന്നത്. ``നമുക്ക് എഴുതാനോ കണക്കു കൂട്ടാനോ അറിയില്ല. അതുകൊണ്ട് മാസം ഇങ്ങിനെയും, ഇങ്ങിനെയും, ഇങ്ങിനെയും ആകുന്നു.'' (ആംഗ്യഭാഷയിലാണ് നബി ഇവിടെ സംസാരിക്കുന്നത്. അതായത് ഒമ്പത് എന്ന് കാണിക്കാന്‍ പെരുവിരല്‍ വളച്ചു പിടിച്ചശേഷം മറ്റു വിരലുകളെല്ലാം മടക്കി പിടിച്ചു കാണിച്ചു; മുപ്പതെന്ന് കാണിക്കാന്‍ രണ്ടുകൈകളും വിരലുകള്‍ നിവര്‍ത്തിപ്പിടിച്ച് മൂന്നു തവണയും കാണിച്ചു. യാതൊരുവിധ ഗോളശാസ്‌ത്രജ്ഞാനവുമില്ലാത്ത പ്രവാചകന് അറബിദിനങ്ങള്‍ 29ഉം 30ഉം ആണെന്ന് എങ്ങിനെ വിവരം കിട്ടി? അല്ലാഹു അറിയിച്ചു കൊടുത്തു. ഈ ഹദീസിന്റെ പാശ്ചാത്തലത്തില്‍ ഒരു വിശ്വാസിയില്‍ വീണ്ടും ചില ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്നു. അവ ഇവയാണ്.
1) ലോകാവസാനം വരേക്ക് ജീവിച്ചിരിക്കുന്ന മനുഷ്യരാശിക്കായി നിയോഗിക്കപ്പെട്ട ഒരു പ്രവാചകന്‍ എഴുത്തും കണക്കുമറിഞ്ഞുകൂടാത്ത ഒരു സമൂഹത്തേയാണോ ലോകാവസാനം വരേക്ക് പരിചയപ്പെടുത്തിയിട്ടുള്ളത്?
2) ``അതെ'' എന്നാണുത്തരമെങ്കില്‍ ഖുര്‍ആന്‍ വിശേഷിപ്പിച്ച ഉത്തമ സമൂഹമാകാന്‍ നിരക്ഷരര്‍ക്ക് എങ്ങിനെ കഴിയും? യുദ്ധവേളയില്‍ ശത്രു തടവുകാരെ വിട്ടയക്കാന്‍ തന്റെ സഖാക്കള്‍ക്ക് വിജ്ഞാനം പഠിപ്പിച്ചു കൊടുക്കുകയെന്നത് റസൂല്‍ ഉപാധിയാക്കിയതെന്തിന്? വിജ്ഞാനം എക്കാലത്തും മുസല്‍മാന്റെ നഷ്‌ടപ്പെട്ട സമ്പത്താണ് എന്നോര്‍ക്കുക.
3) ``അല്ല'' എന്നാണുത്തരമെങ്കില്‍ മാസപ്പിറവി സംബന്ധിച്ച പ്രവാചക നിര്‍ദ്ദേശം ആ കാലഘട്ടത്തിന് സമാനമായ ഒരു കാലഘട്ടത്തില്‍ മാത്രമല്ലേ പ്രായോഗികമാകുന്നുള്ളൂ? ഇന്ന് അതോണോ സ്ഥിതി?
4) എഴുത്തും കണക്കും അറിയുന്ന ഒരു കാലഘട്ടം വന്നാല്‍ അപ്രകാരമായിരിക്കണം കാലനിര്‍ണ്ണയം ചെയ്യേണ്ടത്. എന്ന ഒരു ആന്തരിക വിജ്ഞാനസത്ത ആ ഹദീസ് ഉള്‍ക്കൊള്ളുന്നില്ലേ? ദജ്ജാലിനെക്കുറിച്ചുള്ള സുദീര്‍ഘമായ ഹദീസ് അതിനെ ബലപ്പെടുത്തുകയും ചെയ്യുന്നു. നബി കാണിച്ചു തന്ന പോലെ സൂര്യന്റെ നിഴലിനെ ദര്‍ശിച്ച് ബാങ്കു വിളിക്കുന്നതിനു പകരം അതിനനൃസുതമായി നമസ്‌ക്കാര സമയം നിര്‍ണ്ണയിക്കുന്നുതുപോലെ? ചന്ദ്രന്റെ ചലനങ്ങളെക്കുറിച്ചുള്ള വിജ്ഞാന ശാഖ ഉപയോഗിച്ച് ഗ്രഹണ നമസ്‌കാരം മുന്‍കൂട്ടി പ്രഖ്യാപിക്കുന്നതുപോലെ?
5) റമദാനും ഈദുല്‍ ഫിത്വറും ഈദുസ്സുഹായും മാത്രമാണോ പ്രവാചകന്‍ നിര്‍ണ്ണയിച്ചിട്ടുള്ളത്? ആണെങ്കില്‍ റമദാന് മുമ്പ് നിര്‍ബന്ധമാക്കിയിരുന്ന മുഹര്‍റം 10 എന്തടിസ്ഥാനത്തില്‍ തീരുമാനിക്കും. ഓരോ മാസവും സുന്നത്താക്കിയിട്ടുള്ള ``അയ്യാമുല്‍ബീളി''ന്റെ നോമ്പ് (മാസത്തിന്റെ 13,14, 15 തിയ്യതികളില്‍) എങ്ങിനെ തീരുമാനിക്കും? പ്രവാചകന്ന് ഇക്കാര്യങ്ങള്‍ വിട്ടുപോയി എന്നാണോ കരുതേണ്ടത്?
അടുത്ത ലക്കം :
``ആരും പള്ളിയില്‍ എത്താതിരുന്ന സ്വുബ്‌ഹ് ബാങ്ക്!!''
–––––––––––––––––––––––––––––– –––––––––––––
ഹറാമിന്റെ നോമ്പും തെറ്റായ പെരുന്നാളുകളും
ലഘുലേഖ – 11
ആരും പള്ളിയില്‍ എത്താതിരുന്ന സ്വുബ്‌ഹ് ബാങ്ക്!!
പി.സി. അബ്‌ദുല്‍ ലത്തീഫ്
കോഴിക്കോട് നഗരത്തില്‍ മുസ്ലിംകളും അമുസ്ലിംകളും ഇടചേര്‍ന്നു താമസിക്കുന്നതും ഏതാണ്ട് സമീപസ്‌തമായ രീതിയില്‍ കാല്‍ ഡസന്‍ പള്ളികള്‍ സ്ഥിതിചെയ്യുന്നതുമായ ഒരു പ്രദേശത്ത് ഒരു സ്വുബ്‌ഹ് ബാങ്കിന് ആരും പള്ളിയിലെത്തിയില്ല!! മാത്രമല്ല ബാങ്ക് കേട്ട് ജനങ്ങള്‍ മൊത്തം ഭയപ്പെട്ട് റോഡിലുമിറങ്ങി! അടുത്തു തന്നെയുള്ള പോലീസ് സ്റ്റേഷനില്‍ നിന്ന് പോലീസ് ജീപ്പുകളും രംഗത്തെത്തി!!
അന്ന് മൂന്ന് പള്ളികളില്‍ നിന്നാണ് സ്വുബ്‌ഹ് ബാങ്ക് വിളിച്ചത്. ബാങ്കിന്റെ സമയം 4.58 ആയിരുന്നു. ഒരു പള്ളിയിലെ ഇമാം ഇശാക്കു ശേഷം ഭക്ഷണം കഴിച്ചു കിടന്നുറങ്ങിയതായിരുന്നു. പെട്ടെന്ന് ഉറക്കമുണര്‍ന്നപ്പോള്‍ വാച്ചില്‍ സമയം 4.58 ആയതായി അദ്ദേഹം കണ്ടു. ക്ലോക്കിന്റെ ചെറിയ സൂചിയെ (മണിക്കൂര്‍ സൂചി) വലിയ സൂചിയായും (മിനുട്ട് സൂചി) ചെറിയ സൂചിയെ വലിയ സൂചിയായും ഉറക്കക്കണ്ണില്‍ അദ്ദേഹം കണ്ടു. ഉടന്‍ തന്നെ എഴുന്നേറ്റു ബാങ്കു വിളിച്ചു. തൊട്ടടുത്തെ പള്ളിയില്‍ മുഅദ്ദിന്‍ ബാങ്കു കേള്‍ക്കേണ്ട താമസം വാച്ചു നോക്കാതെ അദ്ദേഹവും സ്വുബ്‌ഹ് ബാങ്ക് കൊടുത്തു! മൂന്നാമത്തെ പള്ളിയിലെ മുഅദ്ദിനും ചാടിയെഴുന്നേറ്റ് മൈക്കു ഓണാക്കി ബാങ്കു വിളിച്ചു. ബാങ്കു കേട്ടിട്ടും പള്ളിയിലേക്ക് നമസ്‌ക്കരിക്കാന്‍ ആളുകള്‍ എത്താതിരുന്നപ്പോള്‍ മൂവരും പുറത്തിറങ്ങി – കണ്ടത് റോഡിലിറങ്ങിയ ജനക്കൂട്ടത്തെയും പോലീസുനെയുമാണ്! കാരണം സമയം അപ്പോള്‍ യഥാര്‍ത്ഥത്തില്‍ 11.24 ആയിട്ടേയുള്ളൂ!! എന്തോ ആപല്‍സൂചനയായാണ് അമുസ്ലിംകള്‍ പോലും ഈ ബാങ്കുകളെ മനസ്സിലാക്കിയത്. ബാങ്കു വിളിച്ച ആദ്യത്തെയാള്‍ സൂചി മാറി സമയം മനസ്സിലാക്കിയതാണ് കാരണം. അതുകൊണ്ട് തെറ്റും സംഭവിച്ചു. ഇബ്‌നു അബ്ബാസ് (റ)വിന് മാസപ്പിറവി പിഴച്ചതുപോലെ! സ്വന്തം കണ്ണിന്റെ പുരികമായിരുന്നു അദ്ദേഹം കണ്ടത്!
ഈ സംഭവത്തോടനുബന്ധിച്ച് ഉയര്‍ന്നു വരുന്ന ഏതാനും ചോദ്യങ്ങളുണ്ട് :
ചോദ്യം : നമസ്‌ക്കാരത്തിനുള്ള വിളിയാണല്ലോ ബാങ്ക്? എന്തുകൊണ്ട് ബാങ്ക് കേട്ടിട്ടും മുസ്ലിംകളാരും നമസ്‌ക്കരിക്കാനെത്തിയില്ല?
ഉത്തരം : ബാങ്കിന്റെ സമയമാകാതെയാണ് ബാങ്കു കൊടുത്തത്. അതുകൊണ്ട് നമസ്‌ക്കരിക്കേണ്ട ആവശ്യമില്ല. അങ്ങിനെ നമസ്‌കരിച്ചാല്‍ ശിക്ഷ കിട്ടും. ഒരു ഫര്‍ള് നഷ്‌ടമാവുകയും ചെയ്യും.
ചോദ്യം : ബാങ്കിന്റെ സമയമായി; പക്ഷെ ബാങ്കു കൊടുത്തില്ല അല്ലെങ്കില്‍ കൊടുത്തതു കേട്ടില്ല – എങ്കില്‍ നമസ്‌കാരം നിര്‍ബ്ബന്ധമല്ലാതാകുമോ?
ഉത്തരം : ഇല്ല,
ഉപചോദ്യം : എന്തുകൊണ്ട്?
ഉത്തരം : ഒരു ``ഫര്‍ള്'' നഷ്‌ടമാകും; അതു അവിശ്വാസത്തിലേക്കു നയിക്കും; ശിക്ഷയും ലഭിക്കും. ബാങ്ക് വിളിക്കാതിരുന്നത് മുഅദ്ദീന്റെ കുറ്റം! ബാങ്കിന്റെ സമയമായെന്നറിയല്‍ ഓരോ വിശ്വാസിയുടേയും നിര്‍ബ്ബന്ധ ബാധ്യതയാണ്. പള്ളികള്‍ ഉള്ള സ്ഥലത്തും ഇല്ലാത്ത സ്ഥലങ്ങളിലും നിര്‍ബ്ബന്ധമായും ബാങ്കിന്റെ സമയക്രമവും വാച്ചും അനിവാര്യമാണ് എന്നതിലേക്കാണ് ഈ സംഭവം ഒരു വിശ്വാസിയെ നയിക്കുന്നത്. ഒരിടത്തും ബാങ്കു ഖാസിമാരോ പണ്‌ഡിതത്താരോ പ്രഖ്യാപിക്കാറില്ല.
അനുബന്ധ ചോദ്യം : ചന്ദ്രപ്പിറവി ഉണ്ടായിട്ടും ഖാസിമാരും പണ്‌ഡിതന്മാരും അതു പ്രഖ്യാപിച്ചില്ല എന്നതുകൊണ്ട്; അല്ലെങ്കില്‍ മറിച്ച് തീരമാനമെടുത്തു എന്നതുകൊണ്ട് പിറ്റേന്ന് നോമ്പ് നോല്‍ക്കേണ്ടതില്ല എന്നാണോ?
ഉത്തരം : അല്ല
ഉപചോദ്യം : എന്തുകൊണ്ട്?
ഉത്തരം : പിറവി ഉണ്ടായി എന്നറിയുക ഓരോ വിശ്വാസിയുടേയും നിര്‍ബന്ധ ബാദ്ധ്യതയാണ്. നമസ്‌കാരത്തിനുള്ള ബാങ്കു പോലെ. മാസം ഉറപ്പിക്കുക അല്ലെങ്കില്‍ ഉദിപ്പിക്കുക എന്നത് അല്ലാഹുവിന്റെ ഖദ്‌റില്‍പെട്ട വിഷയമാണ്.
ബാങ്കു വിളിക്കുക, മാസാരംഭം പ്രഖ്യാപിക്കുക എന്നതു ``അമലു''കളില്‍പ്പെട്ടതല്ല. മറിച്ച് നമസ്‌ക്കരിക്കുക, നോമ്പനുഷ്‌ഠിക്കുക എന്നതാണ് ``അമല്‍''. അതിന്റെ സമയമായോ എന്നറിയല്‍ അതിന്റെ കൃത്യത കണ്ടെത്തുന്നതിന്റെ ഭാഗമാണ്.
ചന്ദ്രന്റെ ഉടമസ്ഥാവകാശവും നിയന്ത്രണാവകാശവും പടച്ചവന്നാണ്. (തൌഹീദു റുബൂബിയ്യത്ത്) വര്‍ഷത്തില്‍ ഏതെങ്കിലും ദിവസങ്ങളില്‍ അതിന്റെ നിയന്ത്രണാവകാശം അവന്‍ മനുഷ്യന്ന് കൈമാറ്റം ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ മാസപ്പിറവി പ്രഖ്യാപനം എന്നൊന്നില്ല. ``പടിഞ്ഞാറന്‍ ചക്രവാളത്തില്‍ റമദാന്റെ പിറവ് ചന്ദ്രന്‍ ഉദയം ചെയ്‌തു'' എന്ന് പറയുന്നതു തന്നെ അറിവില്ലായ്‌മയാണ്. ചന്ദ്രനും സൂര്യനും പടിഞ്ഞാറു ഉദയം ചെയ്യുക ഖിയാമം നാളിലാണ്. ചന്ദ്രന്‍ അക്കാലത്ത് ഭൂമിയെ വിട്ട് അകന്നു പോയിക്കൊണ്ടുമിരിക്കും.ഇപ്പോള്‍ സൂര്യനും ചന്ദ്രനും ഉദയം ചെയ്യുന്നത് പടിഞ്ഞാറല്ല കിഴക്കാണ്. നബിയുടെ കാലത്തു തന്നെ ചാന്ദ്രപ്പിറവി നിരീക്ഷണമുണ്ടായിരുന്നു. ആ നിരീക്ഷണം അവര്‍ ആരംഭിച്ചത് മാസാരംഭം മുതലാണ്, മാസമൊടുവിലല്ല. ശഅബാന്‍ മാസം പ്രത്യേകം ചാന്ദ്രപ്പിറവികള്‍ (ഒറ്റപ്പിറവിയല്ല) നിരീക്ഷിക്കണമെന്ന് റസൂല്‍ തിരുമേനി(സ) സ്വാഹാബാക്കളോട് നിഷ്‌കര്‍ഷിച്ചിരുന്നു. അതു ഒന്നാം പിറവി തൊട്ടാണ്. അസ്‌തമന പ്രതലത്തിനു നേരെയോ, ഉദയപ്രതലത്തിനു നേര്‍ക്കോ കൈവിരലുകള്‍ വെച്ച് നിരീക്ഷണം നടത്തി അന്നു കണ്ട ചന്ദ്രന്റെ ദിനം അവര്‍ കണക്കാക്കിയിരുന്നു. അയ്യായിരം വര്‍ഷത്തെ ഇത്തരം നിരീക്ഷണങ്ങളിലൂടെയാണ് ഇന്നത്തെ ചാന്ദ്രമാസ കണക്കു രൂപം കൊണ്ടത്.
ഈ ലഘുലേഘ വായിക്കുന്ന 45 വയസ്സുകാരനായ വിശ്വാസി പരമാവധി നഷ്‌ടപ്പെടുന്നത് ഒരു മാസത്തെ റമദാന്‍ വ്രതമാണ് എന്ന് ഗൌരവപൂര്‍വ്വം ഓര്‍ക്കുക! 15 വയസ്സു കഴിഞ്ഞ ഓരോരുത്തരും ഓരോ വര്‍ഷവും വിശുദ്ധ റമദാനിലെ ഓരോ നോമ്പും നഷ്‌ടപ്പെടുത്തുന്നുണ്ട്. ഖബറിലോ, പരലോകത്തു വെച്ചോ ഇവ നോറ്റു വീട്ടുക സാധ്യമല്ല. ഞങ്ങള്‍ പറഞ്ഞാണ് ഇവന്‍ നോമ്പെടുക്കാതിരുന്നതു എന്ന് ഖാസിമാരോ പണ്‌ഡിതന്മാരോ സാക്ഷ്യം പറഞ്ഞാല്‍ അതു പടച്ചവന്‍ സ്വീകരിക്കുന്നതല്ല. അങ്ങിനെ ഒരു സാക്ഷ്യം ഇല്ലതാനും. പിഴപ്പിച്ച പണ്‌ഡിതന്മാര്‍ക്കുള്ള ശിക്ഷ അവന്‍ നല്‍കുകയും ചെയ്യും.
അറിവില്ലായ്‌മയുടെ പേരില്‍ പിഴപ്പിക്കപ്പെട്ടവരാണെങ്കില്‍ ഖാസിയുടേയും പണ്‌ഡിതന്റേയും നന്മകള്‍ പിഴിപ്പിക്കപ്പെട്ടവന്റെ അക്കൌണ്ടിലേക്കു മാറ്റപ്പെടും. പിഴപ്പിക്കപ്പെട്ടവന്റെ തിന്മകള്‍ പണ്‌ഡിതനിലേക്കും ചേര്‍ത്തെഴുതപ്പെടും. കേരളത്തിലെ 95 ലക്ഷം വരുന്ന മുസ്ലിംകളെ റമദാനിന്റെ ദിവസം ഭക്ഷണം കഴിപ്പിച്ചതിനും പെരുന്നാളിനു നോമ്പെടുപ്പിച്ചതിനുള്ള ശിക്ഷ തീര്‍ച്ച.
അതുകൊണ്ട് പണ്‌ഡിതനും സാധാരണക്കാരനും ചിന്തിച്ചുറക്കേണ്ട ഒരു വിഷയമാണ് റമദാനിന്റെ ഹറാമുകള്‍. ഏറ്റവും അടുത്തുള്ള ഇന്റര്‍നെറ്റ് കഫേയില്‍ ചെന്ന് 10 രൂപ കൊടുത്താല്‍ കലണ്ടറില്‍ ബാങ്കിന്റെ സമയം നോക്കും പ്രകാരം ചന്ദ്രന്റെ മക്കക്കു മുകളിലുള്ള സ്ഥാനം നോക്കുക. മക്കക്കു മുകളില്‍ അവരുടെ ഫജ്‌റിനു മുമ്പായി ലോകത്തെവിടെ ചന്ദ്രോദയം സംഭവിച്ചാലും അതാണ് അടിസ്ഥാനമാക്കേണ്ടത്. "Current Postion of the moon Mecca'' എന്നാണ് കംപ്യൂട്ടറില്‍ ടൈപ് ചെയ്‌ത് സര്‍ച്ച് ചെയ്യേണ്ടത്. അപ്പോള്‍ ചന്ദ്രന്റെ ഏതു വര്‍ഷത്തേയും ഏതു മാസത്തേയും ഇംഗ്ലീഷ് തിയ്യതികളും അതിന്റെ ചാന്ദ്രമാസവും ചിത്രസഹിതം തെളിഞ്ഞുവരും. അതു അല്ലാഹുവിന്റെ ഖദ്‌റാണ്. ഈ ഖദ്‌റില്‍ മാറ്റം വരുത്താന്‍ ഒരാള്‍ക്കും അധികാരമില്ല. മാറ്റം വരുത്തിയാല്‍ അതു വെറും അവിശ്വാസമല്ല, മറിച്ച് അവിശ്വാസത്തിന്റെ വര്‍ദ്ധനവു തന്നെയാണ് എന്നത്രെ വിശുദ്ധ ഖുര്‍ആന്റെ മുന്നറിയിപ്പ്. തെളിഞ്ഞുവരുന്ന ചന്ദ്രന്റെ ചിത്രത്തില്‍ നിന്ന് ചന്ദ്രന്‍ ആകാശത്തു നിന്ന് തീര്‍ത്തും അപ്രത്യക്ഷമാകുന്ന ദിവസം കാണിക്കപ്പെടും. (പൂര്‍ണ്ണമായ ഇരുട്ട് പ്രത്യക്ഷപ്പെടും). ഇതാണ് ആ മാസത്തിന്റെ അവസാനം. പിറ്റേ ദിവസം തൊട്ട് അടുത്തമാസം ആരംഭിക്കുകയായി. ഈ ഒന്നാം ദിന ചന്ദ്രനെ കണ്ണുകൊണ്ട് കാണണമെങ്കില്‍ ചുരുങ്ങിയത് 48 മിനുട്ടെങ്കിലും ചന്ദ്രന്‍ ആകാശത്തുണ്ടാകണം. മിക്കവാറും അതുണ്ടാവില്ല; അതിനാല്‍ ഉദിച്ച ചന്ദ്രനെ നിഷേധിക്കുകയല്ല, അംഗീകരിക്കുകയാണ് വേണ്ടത്. റസൂല്‍ അതാണ് പഠിപ്പിച്ചത്.
``പിറവി ചന്ദ്രന്‍'', ``ന്യൂമൂണ്‍'' ``നോമൂണ്‍'' തുടങ്ങിയ ചര്‍ച്ചകള്‍ വലിച്ചിട്ട് ആശയക്കുഴപ്പമുണ്ടാക്കി; ആര്‍ക്കും മനസ്സിലാകാത്ത കാര്യങ്ങള്‍ എടുത്തിട്ട് വിഷയം മാറ്റിമറിക്കാന്‍ കാത്തിരിക്കുന്നവരുണ്ട്. അവര്‍ക്കു നമ്മള്‍ നിര്‍ബന്ധവിശ്രമം നല്‍കുക! എങ്ങിനെ പ്രശ്‌നം സങ്കീര്‍ണ്ണമാക്കാം എന്ന് ചിന്തിക്കുന്നവര്‍ നമ്മുക്കു വേണ്ട; എങ്ങിനെ പ്രശ്‌നത്തിനു പരിഹാരം കാണാം എന്ന് ചിന്തിച്ച് അതിലേക്ക് പങ്ക് നല്‍കുന്നവരാണ് നമുക്കാവശ്യം. വിശ്വാസികള്‍ക്കു അവരെക്കൊണ്ടേ കാര്യമുള്ളൂ. ഈ വിഷയം 2005–ല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഇസ്ലാമിക് ചെയറിന്റെ ഒരു പണ്‌ഡിത കോണ്‍ഫ്രന്‍സില്‍ ഈ ലേഖകന്‍ അവതരിച്ചപ്പോള്‍ പണ്‌ഡിതന്മാര്‍ സമ്പൂര്‍ണ്ണമായും ഈ ലേഖനപരമ്പരയിലെ വാദങ്ങളെ ശരിവെക്കുകയുണ്ടായി. എന്നാല്‍ ഒരു പണ്‌ഡിതന്‍ നേരത്തെ പറഞ്ഞപോലെ ചന്ദ്രന്റെ ചലനം കൃത്യതയില്ലാത്തതാണെന്ന് സമര്‍ത്ഥിക്കുകയായിരുന്നു!! അല്ലാഹു പറയുന്നു കൃത്യമാണെന്ന് ആരു പറഞ്ഞതാണ് നാം എടുക്കേണ്ടത്? ഹിലാല്‍ കമ്മിറ്റി ഗോളശാസ്‌ത്രവിഭാഗം തലവനായിരുന്ന പ്രൊഫ. അഹമ്മദ് കുട്ടിയുടെ ``കംപ്യൂട്ടര്‍ വര്‍ക്കു'' നമ്മുടെ മുന്നിലുണ്ട്. കോഴിക്കോട്ടേയോ കല്‍ക്കത്തയിലെയോ പ്ലാനിറ്റേറിയത്തെയും ആശ്രയിക്കാം. കോഴിക്കോട്ടു തന്നെയും ഗോളശാസ്‌ത്രത്തില്‍ അവഗാഹമായ പാണ്‌ഡിത്യം നേടിയ മുസ്ലിംകളുണ്ട്. ഹിലാല്‍ കമ്മിറ്റിയുടെ ഗോള ശാസ്‌ത്രവിഭാഗത്തെ സജീവമാക്കിയാല്‍ ഇതിനു പരിഹാരം ക്ഷിപ്രസാദ്ധ്യമാകും.
അല്ലാഹു നമുക്കു നേര്‍ മാര്‍ഗ്ഗം കാണിച്ചു തരുമാറാകട്ടെ – ആമീന്‍
വിഷയം ചുരുക്കത്തില്‍
1. ഇപ്പോള്‍ സ്വീകരിച്ചു വരുന്ന സമ്പ്രദായത്തില്‍ ഖുര്‍ആന്‍ തിരുത്തപ്പെടുന്നു (അതായത് സൂറ : യാസീനും, സൂറ : അല്‍–കഹ്‌ഫും)
2. ഖുര്‍ആന്‍ ഹദീസിനാല്‍ തടയപ്പെടുന്നു (കണ്‍കാഴ്‌ച)
3. ഖുര്‍ആനെ ഹദീസുകൊണ്ട് തിരുത്തുകയല്ല ഹദീസിനെ ഖുര്‍ആനിലേക്കു മടക്കുകയാണ് വേണ്ടത്.
4 അപ്പോള്‍ താഴെ പറയുന്ന വസ്‌തുതകള്‍ കണ്ടെത്താം.
4.1 ``റുഅ്‌യ്'' എന്ന പദം ``കണ്‍കാഴ്‌ച'' യെന്ന റെട്ടിനയുടെ ശുഷ്‌കവും ഹ്രസ്വവുമായ പരിധിയില്‍ മാത്രം ഒതുങ്ങുന്നതല്ല.
4.2. കണ്‍കാഴ്‌ചയെന്ന് നമ്മള്‍ മനസ്സിലാക്കിയ ``റുഅ്‌യ്'' എന്ന ഖുര്‍ആനിലെ പദം തന്നെ റസൂലും ഹദീസില്‍ പ്രയോഗിച്ചിരിക്കുന്നു.
4.3. മേല്‍ പറഞ്ഞ രണ്ടു പദങ്ങളുടേയും (ഹിസാബ്, റുഅ്‌യ്) ആശയം കണ്ടെത്താന്‍ ഖുര്‍ആനെ തന്നെ നമ്മള്‍ ആശ്രയിക്കണം. അപ്പോള്‍ വിഷയത്തില്‍ ഹിദായത്തു ലഭിക്കുന്നു.
4.4. ചന്ദ്രദര്‍ശനത്തിന് ജനങ്ങളെ ആഹ്വാനം ചെയ്യേണ്ട അവസ്ഥ ഈ നൂറ്റാണ്ടിലില്ല.
4.5. ഗോളശാസ്‌ത്ര പണ്‌ഡിതന്മാരും മതപണ്‌ഡിതന്മാരും ``കണ്ടു'' കഴിഞ്ഞ ചന്ദ്രനെ ജനങ്ങള്‍ എന്തിന് ``കാണണം''?! ഭൂമിയുടെ ഉത്തര–ദക്ഷിണ ധ്രുവങ്ങളില്‍ കണ്‍കാഴ്‌ച എങ്ങിനെ പ്രായോഗികമാകും?
4.6. മേല്‍ പറഞ്ഞ അറിയിപ്പില്‍ ഒരു ഭേദഗതി വരുത്തിയാല്‍ ഖുര്‍ആനും ഹദീസും തിരുത്തപ്പെടുകയില്ല. അതായത് മക്ക കേന്ദ്രീകരിച്ചുള്ള ചന്ദ്രന്റെ ലോകത്തെ പ്രഥമ ഉദയസമയം സ്വീകരിക്കുക. ഓരോരുത്തരും അതനുസരിച്ച് ദിവസം ആരംഭിക്കുക.
4.7. ഈ സ്വീകരിക്കലാണ് ``റഅ്‌യ്''
4.8. വിഷയം മനസ്സിലാക്കാന്‍ 3 മാനദണ്‌ഡങ്ങള്‍ അംഗീകരിക്കണം. 1. ഖുര്‍ആന്‍, 2. ഹദീസ്, 3. ബുദ്ധി
4.9. ഖുര്‍ആനില്‍ നിന്ന് പ്രശ്‌നപരിഹാരത്തിന് 4 അക്കങ്ങള്‍ – 365, 300, 309, 12
4.10. ഹദീസില്‍ നിന്ന് രണ്ടക്കങ്ങള്‍ – 29, 30
4.11. സൂര്യ – ചന്ദ്ര വര്‍ഷദിന വ്യത്യാസം 11 ദിവസമെന്ന് ഇതിലൂടെ കണ്ടെത്താനാകുന്നു.
4.12. ഇപ്പോള്‍ ഈ വ്യത്യാസം മാറ്റുകയാണ് നമ്മള്‍ ചെയ്യുന്നത്. അതോടെ ഖുര്‍ആനാണ് നമ്മള്‍ ഭേദഗതി ചെയ്യുന്നത് – റസൂല്‍ ഇതല്ല പഠിപ്പിച്ചത്.
4.13. ഇപ്പോഴത്തെ പിറവി നിര്‍ണ്ണയ സമ്പ്രദായത്തിലൂടെ അല്ലാഹുവിന്റെ ``സ്വമദിയ്യത്തി''ല്‍ ഇടപെടുകയാണ് നമ്മള്‍ ചെയ്യുന്നത്.
കണക്കാണ് അടിസ്ഥാനമെന്നതിന് തെളിവുകള്‍:–
1. സൂറ : റഹ്മാന്‍, 2. അല്‍ – അന്‍ആം, 3. അല്‍ – ഇസ്രാഅ്, 4. യൂനുസ്
കാഴ്‌ച – റുഅ്‌യ് (തെളിവുകള്‍)
1. അത്തകാഥൂര്‍ (102:5, 6, 7), 2.അല്‍–ഫീല്‍ (105:1–5) 3. ഫജ്‌ര്‍ – (89:6), 4. അല്‍ : കഹ്‌ഫ് (18:25), 5. അല്‍ – ബഖറ (2:243, 246, 258), 6. ഇബ്രാഹിം (14:19), 7. ഹജ്ജ് (22:18, 65), 8. മുജാദല (58:7), 9. യൂസുഫ് (12:24), 10. നൂഹ് (71:15), 11. നൂര്‍ (24:43), 12. യാസീന്‍ (12:24)
അറബി ഭാഷ ജ്ഞാനം ബുദ്ധിക്കു അടിസ്ഥാനമെന്ന് ഖുര്‍ആന്‍
``എന്റെ മതത്തിന്റെ അടിസ്ഥാനം ബുദ്ധിയാകുന്നു'' (പ്രവാചകന്‍)
1. യൂസുഫ് (12:2), 2. സുമര്‍ (39:27, 28), 3. ഹാ മീം സജദ (41:3), 4. സുഖ്‌റുഫ് (43:1–3)
കലണ്ടറിന് അടിസ്ഥാനം
1. ഖുര്‍ആന്‍, 2. ഹദീസ് (29, 30), 3. ബുദ്ധി (മുആദ്) 4. ശാസ്‌ത്രവിജ്ഞാനം
മാസങ്ങളുടെ എണ്ണം – 12 (ഖുര്‍ആന്‍)
ഒരു ചന്ദ്രവര്‍ഷത്തെ ദിനങ്ങള്‍ – 354 (ഖുര്‍ആന്‍) മാസദിനങ്ങള്‍ – 29, 30 (ഹദീസ്), 6 മാസം 30, 6 മാസം 29
(29, 30 എപ്പോഴെല്ലാം എന്നറിയാന്‍ ശാസ്‌ത്രജ്ഞാനം ആശ്രയിക്കാം.
തെളിവ് ഹദീസ് – (നാം ഉമ്മിയ്യാകുന്നു; കണക്കറിയില്ല)
1 മക്കയെ കേന്ദ്രീകരിക്കുക (ഖുര്‍ആന്‍ + ശാസ്‌ത്രം)
2 ലോകത്തു ചന്ദ്രപ്പിറവ് എവിടെ സംഭവിച്ചാലും മക്കയെ കേന്ദ്രീകരിച്ചുകൊണ്ട് സ്വീകരിക്കണം.
അടുത്ത ലക്കം :
ഒരു വര്‍ഷത്തെ ദൈര്‍ഘ്യമുള്ള ദിവസം വരാനിരിക്കുന്നു
–––––––––––––––––––––––––––––– ––––––––––––––––––
ഹറാമിന്റെ നോമ്പും തെറ്റായ പെരുന്നാളുകളും
ലഘുലേഖ – 12
ഒരു വര്‍ഷത്തെ ദൈര്‍ഘ്യമുള്ള ദിവസം വരാനിരിക്കുന്നു.
പി.സി. അബ്‌ദുല്‍ ലത്തീഫ്
കാല നിര്‍ണ്ണയത്തിനു താഴെ പറയുന്ന ഘടകങ്ങള്‍ ആവശ്യമാണ്.
1. ഒരു വര്‍ഷത്തിലെ ദിവസങ്ങളുടെ എണ്ണം.
2. ഒരു വര്‍ഷത്തിലെ മാസങ്ങളുടെ എണ്ണം.
3. ഒരു മാസത്തിലെ ദിവസങ്ങളുടെ എണ്ണം.
സൂര്യവര്‍ഷം, ചാന്ദ്ര വര്‍ഷം എന്നിങ്ങനെ രണ്ടു തരം വര്‍ഷങ്ങള്‍ ഉണ്ടെന്നും അവ തമ്മിലെ ദിനങ്ങളുടെ എണ്ണങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നും അതു പതിനൊന്ന് ആണെന്നും നമുക്കറിയാം.
മേല്‍ പറഞ്ഞവ കണ്ടെത്താന്‍ മനുഷ്യന്നു ആയിരക്കണക്കിന് വര്‍ഷങ്ങളുടെ അന്വേഷണ പഠനങ്ങള്‍ വേണ്ടി വന്നു! എന്നാല്‍ വിശുദ്ധ ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും ഇവ കണ്ടെത്താനാകുമെന്നു ആ വിശുദ്ധ ഗ്രന്ഥത്തിന്റെ അനുയായികളായ നമുക്ക് ഇനിയും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.
ഒന്നിച്ചിരുന്നു കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തു സത്യം കണ്ടെത്തുന്നതിനു പകരം ഒന്നിച്ചിരുന്ന് തര്‍ക്കിച്ചു പിരിയുകയും വേറിട്ടിരുന്നു സത്യത്തെ തോല്‍പ്പി ക്കുകയുമാണ് നാം ചെയ്യുന്നത്! (2012 ജൂലൈയിലെ റമദാന്‍ മാസപ്പിറവി അറിയിപ്പ് ശ്രദ്ധിക്കുക.) വിഷയത്തെ സംഘടനാവല്‍ക്കരിച്ചതാണു ഈ ദെൌര്‍ഭാഗ്യത്തിലേക്ക് നമ്മുടെ പണ്‌ഡിതന്മാരെ നയിച്ചത്. ഖാസിമാരെ തോല്‍പിക്കുകയാണ് നമ്മള്‍ ഇതുവരെ ചെയ്‌തുപോന്നത്. ഇപ്പോള്‍ മണിക്‌ഫാനെ തോല്‍പിക്കാനുള്ള യജ്ഞത്തിലാണ് നമ്മള്‍. പരിഹാസ്യമായ ഈ മത്സരത്തില്‍ സ്വയം തോല്‍ക്കുകയാണ് നമ്മള്‍ ചെയ്‌തത്. മണിക്‌ഫാന്‍ ``സ്വയംഭൂ'' അല്ല; നമ്മള്‍ തന്നെയാണ് അദ്ദേഹത്തെ ക്ഷണിച്ചുവരുത്തിയത്.
എന്തിനേറെ പറയുന്നു ആഴ്‌ചയിലെ ദിവസങ്ങളുടെ എണ്ണവും ഒരു ദിവസത്തിലെ മണിക്കൂര്‍, മിനുട്ട്, സെക്കന്റ് എന്നിവയുടെ കണക്കും ഹദീസുകളില്‍ നിന്നും ലഭ്യമാണ് എന്ന് കൂടി നാം അറിയുക!
സൂര്യ വര്‍ഷ ദിനങ്ങള്‍ 365 ആണെന്ന് നമുക്ക് ലഭിക്കുന്നത് വിശുദ്ധ ഖുര്‍ആനില്‍ നിന്നാണല്ലോ? (അതായത് വിശുദ്ധ ഖുര്‍ആന്റെ മൊത്തത്തിലുള്ള അപഗ്രഥനത്തില്‍ നിന്നു–– ``ഇജിതിഹാദ്'' –
ചാന്ദ്രവര്‍ഷ ദിനങ്ങളുടെ എണ്ണം 354 എന്ന് കിട്ടുന്നതും വിശുദ്ധ ഖുര്‍ആനില്‍ നിന്നു തന്നെ (സൂറത്ത് അല്‍–കഹ്‌ഫ്)
ഒരു വര്‍ഷത്തില്‍ എത്ര മാസങ്ങള്‍ എന്ന അന്വേഷണത്തിനുള്ള ഉത്തരം കണ്ടെത്തുന്നതിനും ഒരു ശാസ്‌ത്രജ്ഞനെയും നമ്മള്‍ തേടി പോകേണ്ടതില്ല.
ഖണ്‌ഠിതമായും ഖുര്‍ആന്‍ മറുപടി തരുന്നു. (സൂറത്ത് അതെൌബ)
ഒരു മാസത്തിലെ ദിനങ്ങളുടെ എണ്ണം ഹദീസില്‍ നിന്നു ലഭിക്കുന്നു. പക്ഷെ എത്ര മാസം 29, എത്ര മാസം 30 എന്ന് റസൂല്‍ (സ്വ) വിശദീകരിച്ചിട്ടില്ല. ഇത് കണ്ടെത്താന്‍ ഹദീസിനെ വിശുദ്ധ ഖുര്‍ആനിലേക്ക് മടക്കണം. ഖുര്‍ആനില്‍ ഒരു ചാന്ദ്ര വര്‍ഷദിനങ്ങള്‍ 354 ആണെന്ന് നാം കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഏത് നിലക്ക് കണക്ക് കൂട്ടിയാലും മൊത്തം ദിനം 354 മാത്രമേ പാടുള്ളൂ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. (വളരെ ചെറിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും എന്നതു മാറ്റി നിര്‍ത്തിയാല്‍) ആറ് മാസം 29 ആറ് മാസം 30 എന്ന തോതില്‍ കണക്കു കൂട്ടിയാല്‍ 354 കിട്ടും. കണ്‍കാഴ്‌ച്ചയുടെ അടിസ്ഥാനത്തില്‍ കണക്കാക്കിയാലാണോ അതോ കണക്കടിസ്ഥാനത്തില്‍ നിര്‍ണയിച്ചാലാണോ 354 എന്ന വിശുദ്ധ ഖുര്‍ആന്റെ കണക്കിനോട് ഹദീസ് യോജിക്കുക എന്ന് പണ്‌ഡിത–പാമര വ്യത്യാസം കൂടാതെ എല്ലാവരും ചിന്തിക്കുക. മാസത്തിലെ ദിനങ്ങളുടെ എണ്ണം നിങ്ങള്‍ കണക്കു കൂട്ടുക എന്നും റസൂല്‍ (സ്വ) പഠിപ്പിച്ചിട്ടുണ്ട്. കണക്കു അറിയുന്ന ഒരു കാലം വരുമെന്ന് അവിടുന്ന് വഹിയിലൂടെ മനസ്സിലാക്കിയിട്ടുണ്ട് എന്നര്‍ത്ഥം. ദജ്ജാലിന്റെ വരവിനെക്കുറിച്ച് വിശദീകരിക്കുന്ന സുദീര്‍ഘമായ ഹദീസില്‍ നിന്നു ഈ വസ്‌തുത മനസ്സിലാക്കാം: അതിലെ പ്രസക്ത ഭാഗങ്ങള്‍: ``അല്ലാഹുവിന്റെ റസൂലേ ഭൂമിയില്‍ അവന്റെ (ദജ്ജാലിന്റെ) വാസകാലം എത്രയാണ്? റസൂല്‍: ``നാല്‍പത് ദിവസം'' അവയില്‍ ഒരു വര്‍ഷത്തിന്റെ ദൈര്‍ഘ്യമുള്ള ദിവസമുണ്ട്; ഒരു മാസത്തിന്റെ ദൈര്‍ഘ്യമുള്ള ദിവസമുണ്ട്; മറ്റൊരു ദിവസം ഒരു ജുമുഅയുടെ ദൈര്‍ഘ്യം പോലെയും സംഭവിക്കും. അവന്റെ മറ്റു ദിനങ്ങള്‍ നിങ്ങളുടെ സാധാരണ ദിനങ്ങള്‍ പോലെ ആയിരിക്കും.'' അപ്പോള്‍ സ്വഹാബാക്കളുടെ ചോദ്യം : ``അല്ലാഹുവിന്റെ പ്രവാചകരെ ഒരു വര്‍ഷത്തെ ദൈര്‍ഘ്യമുള്ള ദിനത്തില്‍ ഞങ്ങള്‍ അഞ്ചുനേരം നമസ്‌കരിച്ചാല്‍ മതിയാകുമോ?'' പ്രവാചകന്‍ : ``മതിയാവില്ല, നിങ്ങള്‍ അന്ന് സമയം കണക്കാക്കി നമസ്‌കരിക്കുക.'' ഇപ്പോള്‍ തന്നെ ഭൂമിയുടെ രണ്ട് അറ്റങ്ങളില്‍ ഇതേ പ്രശ്‌നം നിലനില്‍ക്കുന്നു. മാസങ്ങളോളം ആകാശത്ത് സൂര്യന്‍ ഉണ്ടായിരിക്കെ മഗ്‌രിബും, ഇശായും, സുബ്‌ഹും നമസ്‌ക്കരിക്കണം. തുടര്‍ന്നുള്ള മാസങ്ങള്‍ സൂര്യന്‍ ഉണ്ടാകില്ല. അപ്പോള്‍ രാത്രിയില്‍ ളുഹര്‍, അസര്‍ എന്നിവ നിര്‍വഹിക്കണം. ആകാശത്ത് സൂര്യന്‍ ഉണ്ടായിരിക്കെ നോമ്പ് തുറക്കണം, സൂര്യന്‍ ആകാശത്ത് ഉണ്ടായിരിക്കെ തന്നെ അത്താഴം കഴിക്കണം!
ഇസ്ലാമിനെക്കുറിച്ചുള്ള അതിപ്രധാനമായ ചില വസ്‌തുതകള്‍ ഇവിടെ നാം മനസ്സിലാക്കേണ്ടതുണ്ട്: (1) ഇസ്ലാമിന്റെ പ്രബോധിത സമൂഹം ലോകാവസാനം വരെയുള്ള മാനവരാശിയാണ്. ആ കാലഘട്ടം വരെ ജീവിച്ചിരിക്കുന്ന വിവിധ ജനവിഭാഗങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ ദര്‍ശനങ്ങള്‍ അതു നല്‍കുന്നു. അവ ഖുര്‍ആനില്‍ നിന്നും തിരുമേനിയുടെ മാതൃകയില്‍ നിന്നും ഓരോ കാലഘട്ടങ്ങളിലെയും ജനങ്ങള്‍ തെരഞ്ഞെടു ക്കണം. (2) ഇവിടെ, മേല്‍ ഉദ്ധരിച്ച ഹദീസ് ഇസ്ലാമിന്റെ പ്രൈമറി ഓഡിയന്‍സിന് (പ്രവാചക കാലഘട്ടത്തിലെ സമൂഹം) ബാധകമല്ല. (3) ഈ ഹദീസില്‍ ``നിങ്ങള്‍'' എന്ന അര്‍ത്ഥം വരുന്ന പദമാണ് ഉപയോഗിച്ചിട്ടുള്ളത്. (4) ഈ പ്രയോഗം ഇരുപതാം നൂറ്റാണ്ടില്‍ അധിവസിക്കുന്ന നമുക്കും ബാധകമാകുന്നില്ല. ദജ്ജാലിന്റെ ആഗമന കാലഘട്ടത്തില്‍ ജീവിക്കുന്ന വിശ്വാസികള്‍ക്കുള്ള മാര്‍ഗ ദര്‍ശനമാണത്. ലോകത്തിന്റെ അവസാന കാലഘട്ടം വരെ ജീവിച്ചിരിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനമാണ് ഇസ്ലാം എന്ന യാഥാര്‍ത്ഥ്യവും അവസാന പ്രവാചകന്‍ ഒരു കാലഘട്ടത്തിലും തിരിച്ചു വരില്ല എന്നതും ഇവിടെ ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നിടത്താണ് ഇസ്ലാമിന്റെ സാര്‍വകാലികതയും സമ്പൂര്‍ണ്ണതയും നാം മനസ്സിലാക്കുന്നത്. ഇതേ പോലെ തന്നെയാണ് ചാന്ദ്രദര്‍ശനം സംബന്ധിച്ച ഹദീസുകളും. ``(ആകാശത്ത്) ചന്ദ്രനെ കാണാതെ വന്നാല്‍ നിങ്ങള്‍ കണക്കു കൂട്ടിക്കൊള്ളുക'' എന്നും പ്രവാചക വചനങ്ങളില്‍ കാണാം. ഒരേ അറബി പദമാണ് റസൂല്‍ ഉപയോഗിച്ചിട്ടുള്ളത് എന്ന് കാണാം. ``നിങ്ങള്‍'' എന്ന പ്രയോഗവും അതുപോലെ തന്നെ!
ഇത് പോലെ സൂര്യ വര്‍ഷ ദിനങ്ങള്‍ 365 എന്ന് നാം കണ്ടെത്തിയിട്ടുണ്ട്. ഈ അക്കത്തെ 12 കൊണ്ടു ഹരിച്ചാല്‍ 30.41 കിട്ടും. കലണ്ടര്‍ പരിശോധിച്ചാല്‍ ഏഴു മാസം 31, നാല് മാസം 31, ഒരു മാസം 28––29 (ലീപ് ഇയര്‍) എന്ന് കാണാം.
ലീപ് ഇയര്‍ വ്യത്യാസം കണ്ടെത്താന്‍ ഹദീസിനെ ആശ്രയിക്കാമെന്നു തോന്നുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ പഠനം ആവശ്യമുണ്ട്. അതായത് നമസ്‌കാരത്തിന്റെ സമയക്രമം പഠിപ്പിക്കുന്നെടത്ത് ഇങ്ങിനെ വായിക്കാം: ``ളുഹ്‌റിന്റെ സമയം സൂര്യന്‍ (മധ്യത്തില്‍ നിന്നു) നീങ്ങി ഒരാളുടെ നിഴല്‍ അയാളുടെ വലുപ്പത്തോളമാകുന്നത് വരെയാണ്. അതായത് അസറിന്റെ സമയം ആകാതിരിക്കുമ്പോള്‍. പിന്നീട് സൂര്യന്‍ മഞ്ഞ നിറം ആകാതിരിക്കുമ്പോഴെല്ലാം അസര്‍ സമയമാണ്. അസ്‌തമയശേഷമുള്ള കടും ചുവപ്പ് മായാതിരിക്കുമ്പോഴെല്ലാം മഗ്‌രിബിന്റെ സമയമാണ്. രാവിന്റെ നേര്‍ പകുതി വരെ ഇശാഇന്റെ സമയമാണ്. പ്രഭാതം മുതല്‍ സൂര്യന്‍ ഉദിക്കാത്തപ്പോഴെല്ലാം സുബിഹിന്റെ സമയവും.'' സൂര്യന്റെ ഈ പറഞ്ഞ ചലനക്രമവും നിറവ്യത്യാസവും അടിസ്ഥാനമാക്കിയാണ് നാം നമസ്‌കാരസമയം തീരുമാനിച്ചിട്ടുള്ളത്. സൂര്യനെ നിരീക്ഷിച്ച് ആരും നമസ്‌ക്കരിക്കാറില്ല.
ഇവിടെ സമയത്തിന്റെ അതിസൂക്ഷ്‌മ അംശങ്ങള്‍ ചികഞ്ഞെടുക്കാം. താഴെ കാണുന്ന പട്ടിക കൂടി കാണുക – ഒപ്പം സ്വയം ചോദിക്കേണ്ട ഏതാനും ചോദ്യങ്ങളും:
1. ഒരു സൂര്യവര്‍ഷത്തെ ദിനങ്ങളുടെ എണ്ണം: 365 (ഇത് 360 ഓ 370 ഓ ആകാറുണ്ടോ?)
2. ഒരു വര്‍ഷത്തെ മാസങ്ങളുടെ എണ്ണം: 12 (ഇത് 11 ഓ 13 ഓ ആയി കൂടുകയോ കുറയുകയോ ചെയ്യുമോ?)
3. ആഴ്‌ചയില്‍ ദിവസങ്ങള്‍: 7 (ഇത് 6 ആയി കുറയുകയോ 8 ആയി കൂടുകയോ ചെയ്യുമോ?)
4. ഒരു ചാന്ദ്ര വര്‍ഷദിനങ്ങള്‍ : 354 (ഇത് 350 ആയി കുറയുകയോ 360 ആയി കൂടുകയോ ചെയ്യുമോ)
കാഴ്‌ച എന്നതിനെ കണ്‍കാഴ്‌ചയായി തെറ്റിധരിച്ചതിനാല്‍ ഇത് 360 വരെ ആയി ഉയരുന്നില്ലേ? ഇത് കാലത്തെ മാറ്റി മറിക്കല്‍ തന്നെ ആണല്ലോ? അതോടു കൂടി വിശുദ്ധ ഗ്രന്ഥം മുന്നറിയിപ്പ് നല്‍കിയ പോലെ അവിശ്വാസത്തിന്റെ വര്‍ധനവിലേക്കാണല്ലോ നമ്മെ നയിക്കപ്പെടുന്നത്?
അതിനാല്‍ സാധാരണക്കാരന്നു രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗമേ ഉള്ളൂ: പത്തു രൂപ ചെലവാക്കി ഒരു ഇന്റര്‍നെറ്റ് കഫേയില്‍ കയറി ഓണ്‍ലൈനില്‍ ""Current postion of the moon Mecca'' എന്ന് ടൈപ്പ് ചെയ്‌താല്‍ മക്കക്കു മുകളിലെ ആകാശത്ത് ചന്ദ്രന്‍ ഇല്ലാതാകുന്ന ദിവസം ചിത്ര സഹിതം കാണിക്കും. ആ ദിവസമാണ് ആ മാസത്തിന്റെ അവസാനം എന്നാണു നാം മനസിലാക്കേണ്ടത്. ""New Moon'' എന്ന് അവിടെ കാണിച്ചിരിക്കും. തര്‍ക്കിച്ചു മാത്രം ശീലിച്ചവര്‍ ന്യൂ മ്യൂണ്‍ ``നോ മൂണ്‍'' (ആകാശത്തു ചന്ദ്രന്‍ ഇല്ലാത്ത ദിവസം) ആണ് എന്ന് വാദിക്കാന്‍ ശ്രമിച്ചേക്കും. ഇവിടെയാണ് സാധാരണക്കാരായ നമ്മള്‍ മുറുകെ പിടിക്കേണ്ടത്.... : കാരണം ചന്ദ്രന്‍ ഇല്ലാതായി എന്നതിനു അര്‍ത്ഥം ആ മാസം അവസാനിച്ചു എന്നാണ്. പിറ്റേന്ന് അടുത്ത മാസം ആരംഭിച്ചു എന്ന് കണ്ടെത്താന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. കാരണം കണ്‍കാഴ്‌ചയായി അടുത്ത ദിവസത്തെ ചന്ദ്രനെ കണ്ടെത്താന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. ആ മാസം പിറന്നു എന്നത് തീര്‍ച്ച. മക്ക പണ്‌ഡിതന്മാര്‍ ഇത് അംഗീകരിക്കുമോ എന്നും ആലോചിക്കരുത്. കാരണം അവരിലും കണ്‍കാഴ്‌ചയെ അടിസ്ഥാനമാക്കണമെന്ന് ശഠിക്കുന്ന പണ്‌ഡിതന്മാരുണ്ട്. എപ്പോഴാണ് മരണം നമ്മെ പിടികൂടുക എന്ന് നമുക്ക് അറിഞ്ഞു കൂടാ. ഇന്ന് 75 വയസ്സ് പ്രായമുള്ള ഒരു വിശ്വാസി ഖബറില്‍ എത്തുന്നത് 60 ദിവസത്തെ നോമ്പ് നഷ്‌ടപ്പെടുത്തിക്കൊണ്ടാണ് എന്ന അത്യന്തം ഗെൌരവതരമായ ആലോചനക്കു മാത്രമേ നമ്മുടെ ഈമാനെ ബലപ്പെടുത്താനാകൂ. 45 വയസ്സില്‍ മരിക്കുന്ന ആള്‍ ഒരു റമദാന്‍ നഷ്‌ടപ്പെടുത്തി കൊണ്ടാണ് യാത്രയാകുന്നത്. ഒന്നോ രണ്ടോ റമളാന്‍ നഷ്‌ടപ്പെടുത്തി പരലോകത്ത് എത്തണമോ, ഈ വര്‍ഷം മുതല്‍ പശ്ചാതപിച്ചു അല്ലാഹുവില്‍ നിന്ന് മാപ്പ് തേടി പരലോകത്ത് എത്തിചേരണമോ എന്ന് ആലോചിക്കുക.
ഏല്‍പ്പിക്കപ്പെട്ട പ്രബോധന ദൌത്യം പൂര്‍ത്തീകരിച്ചു തന്നെയാണ് പ്രവാചക തിരുമേനി വഫാതായത്. ``നിങ്ങള്‍ വല്ല കാര്യത്തിലും സംശയാലുക്കളാണെങ്കില്‍ അതിനെ അല്ലാഹുവിലേകും അവന്റെ റസൂലിലേക്കും മടക്കുക – നിങ്ങള്‍ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന വരാണെങ്കില്‍'' എന്ന വിശുദ്ധ ഖുര്‍ആനിലെ കല്‌പനക്കനുസരിച്ചുള്ള എളിയ ദൌത്യം നിങ്ങളിലേക്കു കൈമാറുന്നു.
അടുത്ത ലക്കം :
``ചന്ദ്രികയിലെ ബോണസ്സ് കേസും ചാന്ദ്രവര്‍ഷവും''
–––––––––––––––––––––––––––––– ––––––––––––
ഹറാമിന്റെ നോമ്പും തെറ്റായ പെരുന്നാളുകളും
ലഘുലേഖ – 13
ചന്ദ്രികയിലെ ബോണസ് കേസും ചാന്ദ്രമാസവും
പി.സി. അബ്‌ദുല്‍ ലത്തീഫ്
സുറ: കഹ്‌ഫിലെ ആയത്തിന്റെ പിന്‍ബലത്തില്‍ കോഴിക്കോട്ട് ഒരു ബോണസ് കേസ് തെളിയിക്കപ്പെട്ടിട്ടുണ്ട്. ലേഖകന്‍ ജോലി ചെയ്‌തിരുന്ന ചന്ദ്രിക സ്ഥാപനത്തില്‍ ബോണസ് നല്‍കിയിരുന്നത് പെരുന്നാളുകളോടനു ബന്ധിച്ചായിരുന്നു. മാനേജ്‌മെന്റ് അതു പെട്ടെന്ന് നിര്‍ത്തല്‍ ചെയ്‌തു. എന്നിട്ട് അത് ``കസ്റ്റമറി'' ബോണസ്സാക്കി മാറ്റി. രാജ്യത്ത് ``കസ്റ്റമറി ബോണസ്'' ``ഫെസ്റ്റിവല്‍ ബോണസ്'' എന്നീ രണ്ടു ബോണസ് സമ്പ്രദായങ്ങളാണ് നിലവിലുള്ളത്. ഒരു സ്ഥാപനം അതിന്റെ ലാഭനഷ്‌ടം നോക്കി ജീവനക്കാര്‍ക്കു നല്‍കുന്ന ബോണസ്സാണ് ``കസ്റ്റമറി'' ബോണസ്. ലാഭമുണ്ടെങ്കില്‍ അതിന്റെ നിര്‍ണ്ണിതതോതനുസരിച്ചും ലാഭമില്ലെങ്കില്‍ മിനിമം ബോണസും സ്ഥാപനം നല്‍കണം. എന്നാല്‍ ലാഭനഷ്‌ടകണക്കുകള്‍ പരിഗണിക്കാതെ എല്ലാ കാലത്തും പ്രത്യേക ഉത്സവങ്ങളോടനുബന്ധിച്ച് നിര്‍ബന്ധമായും നല്‍കേണ്ട ഒന്നാണ് ``ഫെസ്റ്റിവല്‍ ബോണസ്''. ഇതാണ് ചന്ദ്രിക നല്‍കിവന്നത്. ഇതു നിര്‍ത്തല്‍ ചെയ്‌തപ്പോള്‍ സുപ്രീം കോടതിയുടെ ഒരുത്തരവിന്റെ ബലത്തില്‍ ഞങ്ങള്‍ കോഴിക്കോട് ഇന്‍ഡസ്‌ട്രിയല്‍ ട്രിബ്യൂണലില്‍ കേസ് ഫയല്‍ ചെയ്‌തു. ട്രിബ്യൂണല്‍ കേസ് ഫയലില്‍ സ്വീകരിച്ചുകൊണ്ട് ഞങ്ങളുടേത് ഫെസ്റ്റിവല്‍ ബോണസ് ആണെന്ന് തെളിയിക്കാനാവശ്യപ്പെട്ടു. സ്ഥാപനത്തിന്റെ മുപ്പത്തി നാലു വര്‍ഷത്തെ ബോണസ് രജിസ്‌ട്രറുകള്‍ പരിശോധിക്കാന്‍ അനുമതി നല്‍കണമെന്ന് കോടതിയോട് ഞങ്ങളഭ്യര്‍ത്ഥിച്ചു. ട്രിബ്യൂണല്‍ ഈ ലേഖകനേയും മറ്റൊരു സഹപ്രവര്‍ത്തകനേയും ഒരു മാനേജ്‌മെന്റ് പ്രതിനിധിയേയും അതിനധികാരപ്പെടുത്തി. മുപ്പത്തി നാലു വര്‍ഷമായി സര്‍വീസിലുള്ളവരുടെയെല്ലാം ബോണസ് ഞങ്ങള്‍ തിയ്യതിയും തുകയും സഹിതം പകര്‍ത്തിയെടുത്തു. 34 വര്‍ഷം സര്‍വീസുള്ള മുഴുവന്‍ ആളുകളും 35 വര്‍ഷത്തെ ബോണസ് വാങ്ങിയതായി കണ്ടെത്തി!!
കോടതി ഞങ്ങള്‍ക്കനുകൂലമായി വിധി പുറപ്പെടുവിച്ചു. ഈ ലേഖകനെ ഈ വസ്‌തുതയിലേക്കു വഴിതെളിയിച്ചത് വിശുദ്ധ ഖുര്‍ആന്‍ ആണ്. ലോകത്തു ലഭ്യമായ മഹാഭൂരിപക്ഷം തഹ്‌സിറുകളിലും ഈ വസ്‌തുത രേഖപ്പെടുത്തിയിട്ടുണ്ട്. സുറ: കഹ്‌ഫില്‍ നിന്ന് ബോണസ് നമ്മുക്ക് ഇങ്ങിനെ കണക്കാക്കാം–
300 സൂര്യ വര്‍ഷത്തിന് തുല്യമായ ചന്ദ്രവര്‍ഷം = 309
ഒരു സൂര്യവര്‍ഷത്തിന് ചന്ദ്രവര്‍ഷങ്ങളുടെ എണ്ണം = 309/300
34 സൂര്യവര്‍ഷത്തിനുള്ള ചന്ദ്രവര്‍ഷങ്ങളുടെ എണ്ണം = 309/300 * 34 = 35.02
2006–ലെ കലണ്ടറിലെ ഒരു സവിശേഷത ശ്രദ്ധിച്ചിട്ടുണ്ടോ? മൂന്നു പെരുന്നാളുകളാണ് 2006 ലുള്ളത്. അതില്‍ രണ്ട് ബലി പെരുന്നാളുകളാണ്. ജനുവരി – 10 (ബക്രീദ്) ഒക്‌ടോ: 28 ഈദുല്‍ ഫിത്തര്‍, ഡിസംബര്‍ 31 (ബക്രീദ്) ഒരേ വര്‍ഷം രണ്ട് ഹജ്ജു പെരുന്നാളുകള്‍. ഈ സവിശേഷത ഏതാനും വര്‍ഷം മുമ്പും ഉണ്ടായിരുന്നു. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അന്നത്തെ അജണ്ടകളിലൊന്ന് ഒരേ ആഘോഷദിവസത്തിന് ഒരേ വര്‍ഷം രണ്ടു ലീവനുവദിക്കുമ്പോഴുള്ള സാങ്കേതികത്വവും നിയമ പ്രശ്‌നങ്ങളുമായിരുന്നു!! ഇനി അറബി – ഇസ്ലാമിക രാജ്യങ്ങളിലെ സ്ഥിതി എന്താണ്? ലാഭേഛുക്കളായ ചില അറബി സമ്പന്നര്‍ അവരുടെ സ്ഥാപനങ്ങളുടെ ശമ്പളം ഇംഗ്ലീഷ് മാസത്തിലേക്ക് മാറ്റുകയാണ്. ഒരു വര്‍ഷം 11 ദിവസത്തെ ശമ്പളം ലാഭിക്കുകയാണ് അവരുടെ ലക്ഷ്യം. കുറെ വര്‍ഷങ്ങള്‍ ശമ്പളം നല്‍കി കഴിയുമ്പോള്‍ ഈ പതിനൊന്നിന്റെ ``ആനുകൂല്യ''മായി കോടികള്‍ അവരുടെ അക്കൌണ്ടില്‍ ബാക്കിയാകുന്നു!
വിശുദ്ധ ഖുര്‍ആനില്‍ അന്തര്‍ലീനമായി കിടക്കുന്ന സൂര്യ–ചന്ദ്രചലനങ്ങളുടെ വിസ്‌മയമാണിത്. അതു അനുയായികള്‍ ചൂഷണം ചെയ്യുന്നു എന്നത് മറ്റൊരു വിഷയം. പണ്‌ഡിതന്മാരും ഖാസിമാരുമാകട്ടെ ആ ദിനവ്യത്യാസം മാറ്റുകയും ചെയ്യുന്നു!
അതുകൊണ്ട് ഹറാമിന്റെ നോമ്പെടുക്കാനും ഫര്‍ളായ നോമ്പ് വിട്ടുകളയാനും അറഫ കഴിഞ്ഞ് അറഫാ നോമ്പനുഷ്‌ഠിക്കാനും വിശ്വാസികള്‍ ആഹ്വാനം ചെയ്യപ്പെടരുത്. ഖുര്‍ആന്റേയും തിരുസുന്നത്തിന്റെയും വെളിച്ചം നമ്മെ ഈ ദുരിതങ്ങളില്‍ നിന്ന് രക്ഷിക്കുമാറാകണമെങ്കില്‍ വസ്‌തുതകളെ പ്രാസ്ഥാനികതകൊണ്ട് അളക്കുന്ന വരെ മാറ്റി നിര്‍ത്താന്‍ വിവരമുള്ളവര്‍ തയ്യാറാകണം. ശാസ്‌ത്രജ്ഞാനത്തെ മതത്തോട് ചേര്‍ത്തു പഠിക്കുന്നതില്‍ പി.ഒ. ഉമര്‍ഫാറൂഖും മതവിജ്ഞാനത്തെ ശാസ്‌ത്രവുമായി ചേര്‍ത്തു പഠിക്കുന്നതില്‍ എ. അബ്‌ദുല്‍ ഹമീദ് മദീനിയും പരാജയപ്പെട്ടിട്ടുണ്ട്. അവര്‍ ഇരുവരും നന്മയെ ഓര്‍ത്തു മാറിനില്‍ക്കുകയോ മാറ്റി നിര്‍ത്തപ്പെടുകയോ വേണം. അവിടെയാണ് തൌഹീദിന്റെ പ്രസക്തി. പഠനക്ലാസുകളിലും ഉല്‍ബോധന ക്ലാസുകളിലും മാസപ്പിറവി വിഷയം അനാവശ്യമായികൊണ്ടു വന്ന് എതിരഭിപ്രായമുള്ള പണ്‌ഡിതന്മാരെ സഭ്യേതേര ഭാഷയില്‍ ആക്ഷേപിക്കുന്നവരേയും മാറ്റി നിര്‍ത്തണം. അവിടേയും തൌഹീദിന് പ്രസക്തിയേറുന്നുണ്ട്. ``ലാ ഇലാഹ ഇല്ലള്ളാ'' എന്ന ഉച്ചാരണത്തില്‍ ദയവുചെയ്‌തു തൌഹീദിനെ ഒതുക്കി നിര്‍ത്തരുതെന്ന് പണ്‌ഡിതന്മാരോട് അഭ്യര്‍ത്ഥിക്കുന്നു. പ്രവാചക വചനമുദ്ധരിച്ച് ഉമര്‍ മൌലവി എഴുതിയപോലെ ``ആളെ നോക്കണ്ട തെളിവ് നോക്കണം''.
അതുകൊണ്ട് വായനക്കാരായ വിശ്വാസികള്‍ ഓര്‍ക്കുക : മാസപ്പിറവി നിര്‍ണ്ണയത്തിലെ തര്‍ക്കങ്ങളും ന്യായവാദങ്ങളും അടുത്ത കാലത്തൊന്നും അവസാനിക്കാന്‍ പോകുന്നില്ല; അതിനാല്‍ നോമ്പ് നഷ്‌ടപ്പെടുത്താതിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിനുള്ള തീരുമാനം സ്വയം കൈകൊള്ളുകയാണ് ഖബറിലും പരലോകത്തും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം. പണ്‌ഡിതന്മാരേയും ഖാസിമാരേയും ഇനി മാറ്റി നിര്‍ത്തുക. വിശ്വാസികള്‍ക്കുണ്ടാകുന്ന നഷ്‌ടത്തെക്കുറിച്ച അവബോധം അവര്‍ക്കില്ല എന്ന് നാം തിരിച്ചറിയുക. പൌരോഹിത്യം നമ്മള്‍ അവസാനിപ്പിച്ചിട്ടില്ല. കേരളത്തിലെ 90 ലക്ഷം മുസ്ലിംകള്‍ എപ്പോള്‍ നോമ്പെടുക്കണം എപ്പോള്‍ നോമ്പെടുക്കരുത് എന്ന് ഖാസിമാരും പണ്‌ഡിതന്മാരുമായി എട്ടുപേര്‍ ചേര്‍ന്ന് തീരുമാനിക്കുന്നത് പൌരോഹിത്യമല്ലെങ്കില്‍ മറ്റെന്താണ്?
1997–ല്‍ പ്രസിദ്ധീകരിച്ചതും 2007–ല്‍ പുനഃപ്രസിദ്ധീകരിച്ചതുമായ ``ഇസ്ലാം–വാള്യം 2 – ``കര്‍മ്മാനുഷ്‌ഠാനങ്ങളി''ല്‍ നമ്മുടെ പണ്‌ഡിതന്മാര്‍ രേഖപ്പെടുത്തിയ സമഗ്രമെന്ന് അവകാശപ്പെടുന്ന തെളിവുകളില്‍ പ്രസക്തമായ ഭാഗങ്ങള്‍ ഇതോടൊപ്പം വായിക്കുക. സംശയ ദിവസം റമദാന്‍ നഷ്‌ടപ്പെട്ടു പോകാതിരിക്കാന്‍ നോമ്പെടുക്കുകയാണ് വേണ്ടതെന്ന തിരിച്ചറിവ് ഈ പേജുകളില്‍ നിന്ന് ലഭിക്കും:
ചില ഹദീസുകളും അഭിപ്രായങ്ങളും നമുക്കു പരിശോധിക്കാം; =
``എന്നാല്‍ സ്വഹാബിവര്യന്മാരില്‍ ചിലര്‍ മേഘാവൃത ദിനങ്ങളില്‍ നോമ്പു നോറ്റിരുന്നുവെന്ന് ചില റിപ്പോര്‍ട്ടുകളില്‍ വന്നിട്ടുണ്ട്. ഉമര്‍, അലി, മുആവിയ, അബൂഹുറൈറ, ആഇശ, ഇബ്‌നു ഉമര്‍, അസ്‌മാഅ് (റ) എന്നിവരുടെ നടപടി ക്രമം ഇപ്രകാരമായിരുന്നുവെന്ന് ചില നിവേദനങ്ങളുണ്ട് – അവയില്‍ ചിലതു ഇവിടെ ഉദ്ധരിക്കാം:
``ഇബ്‌നു ഉമര്‍(റ)ല്‍ നിന്ന് നിവേദനം: മേഘാവൃത ദിനമാണെങ്കില്‍ അദ്ദേഹം നോമ്പ് പിടിക്കും. മേഘാവൃതമല്ലെങ്കില്‍ നോമ്പ് പിടിക്കില്ല'' (സാദുല്‍ മആദ് 2:43) ഇതിന്റെ പരമ്പര സ്ഥിരപ്പെട്ടതാണ്.
``ശഅബാന്‍ 29– ആയാല്‍ മാസപ്പിറവി നോക്കാന്‍ വേണ്ടി ഇബ്‌നു ഉമര്‍(റ) ആളുകളെ നിയോഗിക്കുമായിരുന്നു. കണ്ടാല്‍ അദ്ദേഹം നോമ്പനുഷ്‌ഠിക്കും. ആകാശം തെളിഞ്ഞതാകുകയും എന്നിട്ടും മാസപ്പിറവി കാണാതിരിക്കുകയും ചെയ്‌താല്‍ അദ്ദേഹം നോമ്പ് നോല്‍ക്കുകയില്ല. എന്നാല്‍ കാഴ്‌ചയുടെ മുമ്പില്‍ മേഘമോ പൊടിപടലമോ മറയായി നിന്നാല്‍ നോമ്പ് അനുഷ്‌ഠിക്കുകയും ചെയ്യും.'' (അഹ്‌മദ്, അബൂദാവൂദ്). ``ശഅബാനില്‍ ഒരു നോമ്പ് നോല്‍ക്കുന്നതിനേക്കാള്‍ ഞങ്ങള്‍ ഭയപ്പെട്ടിരുന്നത് റമദാനില്‍ ഒരു നോമ്പ് നഷ്‌ടപ്പെടുന്നതിനെയാണ്.'' എന്നാണ് ഇപ്രകാരം നോമ്പ് നോറ്റ സ്വഹാബാക്കള്‍ പ്രസ്‌താവിക്കുന്നത്.
നാല്‍പ്പതിലേറെ മുജാഹിദ് പണ്‌ഡിതന്മാര്‍ തയ്യാറാക്കിയ ഇസ്ലാം വാള്യം 2–ല്‍ അണിനിരന്നവര്‍ പ്രശസ്‌തരായ പണ്‌ഡിതന്മാരാണ്. ഇപ്പോഴത്തെ ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എ.പി. അബ്‌ദുള്‍ ഖാദര്‍ മൌലവി, സുഹൈര്‍ ചുങ്കത്തറ, പി.കെ. അലി അബ്‌ദുറസാഖ് മദനി, പ്രൊഫ. ഹുസൈന്‍ മടവൂര്‍, എം. സലാഹുദ്ദീന്‍ മദനി, കെ. എന്‍. ഇബ്രാഹീം മൌലവി, കെ.കെ. മുഹമ്മദ് സുല്ലമി, കേരള ജംഇയ്യത്തുല്‍ ഉലമ (കെ.ജെ.യു) പ്രസിഡണ്ട് എ. അബ്‌ദുല്‍ ഹമീദ് മദീനി, എം.എം. അക്‌ബര്‍, ഡോ. പി.കെ. അബ്‌ദുറസാക് സുല്ലമി, സി.പി. ഉമര്‍ സുല്ലമി, കെ.പി. മുഹമ്മദ് മൌലവി, ശൈയ്‌ഖ് ഇബ്‌നുബാസ്, എ. അബ്‌ദുസ്സലാം സുല്ലമി തുടങ്ങിയവരുടെ ബുദ്ധിമണ്‌ഡലങ്ങളിലൂടെ കടന്നുപോയ ഈ സമഗ്രാപഗ്രഥനം മറച്ചുവെച്ചു കൊണ്ടാണ് ഈ പണ്‌ഡിതന്മാര്‍ മഹാഭൂരിഭാഗം പേരും വിശ്വാസികളെക്കൊണ്ട് ഹറാം ചെയ്യിക്കുന്നത്. എ. അബ്‌ദുസ്സലാം സുല്ലമിയെ പോലെ ചുരുക്കം പേരൊഴികെ.
ഇനി നാം മനസ്സിലാക്കേണ്ട അതിപ്രധാനമായ ഒരു കാര്യം ചാന്ദ്രദര്‍ശനത്തിലെ സംശയത്തിന്റെ കാലം അരനൂറ്റാണ്ടു മുമ്പു മുതല്‍ക്കെങ്കിലും പൂര്‍ണ്ണമായും അവസാനിച്ചുകഴിഞ്ഞു എന്നതാണ്. ഇനിയുള്ളതു ഖണ്‌ഡിതമായ കണക്കിന്റെ കാലഘട്ടമാണ്. ദജ്ജാല്‍ ഇറങ്ങുന്നതു വരെയെങ്കിലും അതങ്ങിനെ തുടരുകയും ചെയ്യും. മാത്രമല്ല ചന്ദ്രന്‍ പയ്യെപ്പയ്യെ ഭൂമിയില്‍ നിന്ന് അകന്നുകൊണ്ടിരിക്കും. (തെളിവ് = സൂറ ത്തുല്‍ഖിയാമ – 75=8,9) സൂര്യന്‍ പടിഞ്ഞാറു ഉദയം ചെയ്യും. അന്ന് ``മാസം കണ്ടാല്‍ അറിയിക്കുക'' എന്ന കോളം തന്നെ പത്രങ്ങളില്‍ ഇല്ലാതാകും!
കണക്കു ഖണ്‌ഡിതവും കാഴ്‌ച സംശയാസ്‌പദവുമാണ്. നോമ്പെടുക്കാതിരിക്കാന്‍ കണക്കും നോമ്പെടുക്കാന്‍ കാഴ്‌ചയും എന്ന സമീപനം സ്വീകരിക്കുന്ന പണ്‌ഡിതന്മാര്‍ വിശ്വാസിയുടെ നോമ്പ് നഷ്‌ടപ്പെടുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഖണ്‌ഡിതമായ കണക്കിനെ നാം ആശ്രയിക്കണം. വിശുദ്ധഖുറാനില്‍ ഒരിടത്തും കാഴ്‌ചയെപ്പറ്റി പറയുന്നില്ല. ബന്ധപ്പെട്ട മുഴുവന്‍ ഹദീസുകളെയും ഒന്നിച്ചു വിലയിരുത്തി അവയെ വിശുദ്ധ ഖുര്‍ആനിലേയ്ക്ക് ചേര്‍ത്തു പിടിക്കണം. അപ്പോള്‍ മാത്രമാണ് ഹിദായത്തു ലഭിക്കുക. ഖുര്‍ആന്‍ അതാണ് കല്‌പിക്കുന്നത്; പ്രവാചകരും.
ഖാസിമാരെ തോല്‍പ്പിക്കാനാണ് നാം ഇപ്പോള്‍ കണക്കിനെ കയറിപ്പിടിക്കുന്നത്. അതു കഴിഞ്ഞാല്‍ കാഴ്‌ച തന്നെ വേണമെന്ന് ശഠിക്കുകയും ചെയ്യുന്നു!
ഇസ്ലാം വാള്യം – 2 ``കര്‍മ്മാനുഷ്‌ഠനങ്ങളില്‍'' സ്വന്തം ബുദ്ധിയാല്‍ രേഖപ്പെടുത്തപ്പെട്ട യാഥാര്‍ത്ഥ്യങ്ങളെ വിസ്‌മരിച്ച നമ്മുടെ പണ്‌ഡിതന്മാര്‍ ഏതാണ്ട് ആറു വര്‍ഷം മുമ്പ് കോഴിക്കോട് ഇടിയങ്ങരയില്‍ വിളിച്ചുകൂട്ടിയ മാസപ്പിറവി വിശദീകരണ പൊതുയോഗത്തില്‍ പറഞ്ഞ കാര്യങ്ങളും സ്വയം വിസ്‌മരിക്കുകയാണ്. അന്നത്തെ പണ്‌ഡിതന്മാരുടെ പ്രസംഗങ്ങളില്‍ നിന്നുള്ള പ്രധാനപ്പെട്ട ഏതാനും പരാമര്‍ശങ്ങളിലൂടെ നമുക്കു കടന്നുപോകാം:
1. (`` മാസം 29, 30 എന്നാണ് പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളത്) എന്നാല്‍ ``28ന് മാസം കണ്ട അനുഭവം (ഖാസിമാരില്‍ നിന്ന്) ഉണ്ടായിട്ടുണ്ട്'' – കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ ജ: എ.പി. അബ്‌ദുള്‍ ഖാദര്‍ മൌലവി.
വിശ്വാസിയുടെ ചോദ്യം: ഇതേ അബദ്ധം ഹിലാല്‍ കമ്മിറ്റിക്കും സംഭവിക്കുകയില്ലേ? – ഉദാഹരണത്തിന് ശഅബാന്‍ മാസവും റമദാനും 29 വീതം വരുന്ന സന്ദര്‍ഭം – ശഅബാന്‍ 29ന് മാസം `'കണ്ടില്ല'' എന്ന് വെക്കുക. അപ്പോള്‍ 30 പൂര്‍ത്തിയാക്കി പിറ്റേന്ന് റമദാന്‍ ഒന്ന് തുടങ്ങിയതായി പ്രഖ്യാപനമുണ്ടാകും. (യഥാര്‍ത്ഥത്തില്‍ അന്ന് റമദാന്‍ രണ്ടാണ് – 2012 റമദാനില്‍ സംഭവിച്ചതു പോലെ) അപ്പോള്‍ റമദാന്‍ 28നായിരിക്കും തുടര്‍ന്ന് മാസം കാണുക! ഈ സന്ദര്‍ഭത്തില്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന് മാസപ്പിറവി സംബന്ധിച്ച മറ്റൊരു പരിപാടിയില്‍ നമ്മുടെ ഒരു പണ്‌ഡിതന്‍ ഉത്തരം പറയാന്‍ പ്രയാസപ്പെടുന്നതു കാണാം. (സി.ഡി. കൈവശമുള്ളവര്‍ക്കു പരിശോധിക്കാം). എന്നിട്ട് അദ്ദേഹം ഒഴിഞ്ഞു മാറി ഉത്തരം നല്‍കിയത് ഇങ്ങിനെ : ``28– നോമ്പ് മാത്രം പിടിച്ചാല്‍ മതിയെന്ന് ഫത്‌വ നല്‍കിയ പണ്‌ഡിതന്മാരുമുണ്ട്; ഒരു നോമ്പ് പിടിച്ചു വീട്ടണമെന്ന് ഫത്‌വ നല്‍കിയ പണ്‌ഡിതന്മാരുമുണ്ട്.'' – വളരെ സമര്‍ത്ഥമായ ഒഴിഞ്ഞു മാറ്റം!
ഈ ചോദ്യം ഇപ്പോള്‍ കെ.എന്‍.എം.ന്റെ ഉന്നത സ്ഥാനീയനായ പണ്‌ഡിത നേതാവിനോട് ഞാന്‍ ചോദിക്കുകയുണ്ടായി. അപ്പോള്‍ അദ്ദേഹം നല്‍കിയ ഉത്തരം = ``ശഅബാനും, റമദാനും അടുത്തടുത്തു 29 ദിവസങ്ങള്‍ വീതം വരില്ല'' എന്നാണ്.
എന്റെ മറുപടി – `` വരുമെന്ന് നമ്മുടെ തന്നെ പ്രസ്ഥാനത്തിന്റെ പ്രസിദ്ധീകരണമായ വിചിന്തനം പറയുന്നു.''
``അറബി മാസം ഒരു മാസം 29 ദിവസമായാല്‍ അടുത്ത മാസം 30 ഉണ്ടാകുമെന്ന നിയമമില്ല. തുടര്‍ച്ചയായി രണ്ടു മാസം 29–ഉം അടുത്ത രണ്ടു മാസം 30 ഉം ആയെന്നും വരാം.'' (വിചിന്തനം 2005 നവംബര്‍)
2. ``രാവിലെ 10 മണിക്കും 9 മണിക്കും പെരുന്നാള്‍ ഉറപ്പിച്ച അനുഭവം (ഖാദിമാരില്‍ നിന്ന്) ഉണ്ടായിട്ടുണ്ട്.'' ഇടിയങ്ങര യോഗത്തില്‍ (കെ.എന്‍.എം. പ്രസിഡണ്ട് ജ: ടി.പി. അബ്‌ദുള്ളക്കോയ മദനി)
വിശ്വാസിയുടെ ചോദ്യം = ``പ്രവാചക തിരുമേനി(സ) പിറ്റേ ദിവസം അസറിന് പെരുന്നാള്‍ ഉറപ്പിച്ചിട്ടില്ലെ? (തെളിവ് : മക്കക്കാര്‍ മദീന കാണാന്‍ വന്ന പെരുന്നാള്‍ ദിവസം)
3. ``കണക്കു കൃത്യമാണ്; കണ്ടു എന്നതു ഊഹമാണ്. ഊഹം ഖണ്‌ഡിതമായതിന് എതിരായി ഉപയോഗിക്കാന്‍ പറ്റില്ല'' (ജ: സുഹൈര്‍ ചുങ്കത്തറ – ഇമാം സുബുകിയെ ഉദ്ധരിച്ചു കൊണ്ട്)'' സി.പി. ഉമര്‍ സുല്ലമി ശനിയാഴ്‌ച നോമ്പെടുത്തു; അനുയായികള്‍ ഭക്ഷണം കഴിച്ചു നടന്നു'' – ജ: സുഹൈര്‍ തന്നെ വീണ്ടും.
വിശ്വാസിയുടെ ചോദ്യം = ``2012 ജൂലൈ 19 വ്യാഴാഴ്‌ച 6ഉം, 7ഉം മിനുട്ട് വീതം ചന്ദ്രന്‍ ആകാശത്തുണ്ടെന്ന് ഹിലാല്‍ കമ്മിറ്റി തന്നെയും പ്രഖ്യാപിച്ചിരുന്നുവല്ലോ? എന്നിട്ട് എന്തുകൊണ്ട് താങ്കള്‍ പറഞ്ഞ ഖണ്‌ഡിതമായ കണക്കിനെ വിട്ട് ഊഹമായ കാഴ്‌ചയെ സ്വീകരിച്ച് റമദാന്‍ ഒന്നായ വെള്ളിയാഴ്‌ച വിശ്വാസികളെക്കൊണ്ട് ഭക്ഷണം കഴിപ്പിച്ചു?
ഇടിയങ്ങര യോഗത്തില്‍(2006) സുഹൈര്‍ ചുങ്കത്തറ വീണ്ടും പറയുന്നതു കാണുക:
``പെരുന്നാള്‍ നീട്ടി വെക്കാം. പക്ഷെ, നോമ്പാണ് പ്രശ്‌നം; നോമ്പിന്റെ ഒരു ദിവസം നമുക്കു നഷ്‌ടപ്പെട്ടുകൂട; നോമ്പിന്റെ പ്രശ്‌നം ലാഘവത്തോടെ കാണണ്ട; അല്ലാഹുവിന്റെ കോടതിയിലേക്കാണ് പോകാനുള്ളത്.''
വിശ്വാസിയുടെ ചോദ്യം : 2012 ജൂലൈ 20–ലെ റമദാന്‍ ഹിലാല്‍ കമ്മിറ്റി ഞങ്ങള്‍ക്കു നഷ്‌ടപ്പെടുത്തിയതിനെ ക്കുറിച്ച് താങ്കള്‍ക്കു എന്തു പറയാനുണ്ട്? 20–07–2012ന് ഖലീഫാ മസ്‌ജിദിലെ ഖുത്വുബയില്‍ കണക്കു കൊണ്ട് ഖണ്‌ഡിതമായ വെള്ളിയാഴ്‌ച നോമ്പെടുത്തവര്‍ ഹറാമാണ് ചെയ്‌തതെന്ന് താങ്കള്‍ പറഞ്ഞത് പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറുണ്ടോ?
നേരത്തെ പറഞ്ഞു വന്ന യാഥാര്‍ത്ഥ്യങ്ങളിലേക്കു ഈ ലഘുലേഖകള്‍ വായിക്കുന്ന വിശ്വാസികളുടെ ശ്രദ്ധയെ വീണ്ടും തിരിക്കുന്നു.
മറ്റുള്ളവരെ തോല്‍പ്പിക്കാനേ നമുക്കു കണക്കു ആവശ്യമുള്ളൂ. എന്നാല്‍ സ്വയം ജയിക്കാനും നോമ്പ് നഷ്‌ടപ്പെടാതെ അല്ലാഹുവിന്റെ കോടതിയിലെത്താനും കണക്കു തന്നെയാണ് ആശ്രയം എന്ന യാഥാര്‍ത്ഥ്യം എന്തിനാണ് ഈ പണ്‌ഡിതന്മാര്‍ മറച്ചുവെക്കുന്നത്?
അടുത്ത ലക്കം :
പ്ലാനറ്റേറിയത്തിന്റെ സഹായം എന്തുകൊണ്ട് സ്വീകരിച്ചില്ല?
–––––––––––––––––––––––––––––– ––––––––––––––––
ഹറാമിന്റെ നോമ്പും തെറ്റായ പെരുന്നാളുകളും
ലഘുലേഖ – 14
പ്ലാനറ്റേറിയത്തിന്റെ സഹായം എന്തുകൊണ്ട് സ്വീകരിച്ചില്ല?
പി.സി. അബ്‌ദുല്‍ ലത്തീഫ്
മുജാഹിദ് പ്രസ്ഥാനം ഒന്നിച്ചു നിന്ന സന്ദര്‍ഭത്തില്‍ 1999–ല്‍ പുറത്തിറക്കിയ ശബാബ് വാരികയുടെ പ്രത്യേക പതിപ്പ് മുച്ചൂടും നമ്മള്‍ വായിക്കേണ്ടതാണ്. ഖാസിമാരെയും ജമാഅതുകാരേയും അലിമണിക് ഫാനേയും ``തോല്‌പിക്കാന്‍'' ആവശ്യമായ ഒട്ടേറെ ലേഖനങ്ങളുമായാണ് 1999 ജനുവരി 29–ലെ പ്രസ്‌തുത സ്‌പെഷല്‍ പതിപ്പ് പുറത്തിറങ്ങിയത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ജാഫര്‍ഖാന്‍ കോളനിയിലെ മേഖലാ ശാസ്‌ത്രകേന്ദ്രത്തിലെ വാനനീരിക്ഷണ കേന്ദ്രം തലവന്‍ വി.എസ്. രാമചന്ദ്രനുമായി ശബാബ് നടത്തിയ അഭിമുഖം. 1999 ജനുവരി 17–ലെ ഖാദിമാരുടെ ചെറിയ പെരുന്നാള്‍ പ്രഖ്യാപനം അസംഭവ്യമെന്ന് തെളിയിക്കുക മാത്രമായിരുന്നു ശബാബിന്റെ ലക്ഷ്യം. അതിനുള്ള ഏറ്റവും വലിയ തെളിവ് ഇന്റര്‍വ്യൂവില്‍ തന്നെയുണ്ട്: വാരികയുടെ 4–ാം പേജില്‍ അവസാനകോളത്തില്‍ ശാസ്‌ത്രജ്ഞന്‍ വി.എസ്. രാമചന്ദ്രന്റെ വാഗ്‌ദാനമുണ്ട് – അതിങ്ങിനെ വായിക്കാം :
``..... ഒരു കാര്യം നിങ്ങള്‍ക്കു ചെയ്‌തു തരാം. വെറും നിര്‍ദ്ദേശമല്ല. ഞങ്ങളുടെ ഭാഗത്തു നിന്നുള്ള സഹായം. അടുത്ത വര്‍ഷം മുതല്‍ (2000 മുതല്‍) മാസപ്പിറവിക്കു തീരേ സാധ്യതയില്ലാത്ത ദിവസവും തൊട്ടടുത്ത ന്യൂമൂണിനുശേഷമുള്ള സാധ്യതയുള്ള ദിവസവും (ഉറപ്പുള്ള ദിവസം എന്നേ പറയാവൂ) ഞങ്ങളുടെ ശക്തിമത്തായ ദൂരദര്‍ശിനി കോഴിക്കോട് കടപ്പുറത്തു സ്ഥാപിച്ചു തരാം. അതിന് ആദ്യം വേണ്ടത് നിങ്ങളുടെയൊക്കെ ആത്മാര്‍ത്ഥമായ സഹകരണമാണ്. മാസപ്പിറവി ആവശ്യമായി വരുന്ന അവസരങ്ങളില്‍ ഒരാഴ്‌ച മുമ്പായി ഔദ്യോഗികമായി ഞങ്ങളെ അറിയിക്കുക. എങ്കില്‍ സഹായിക്കാന്‍ തയ്യാര്‍. ദൂരദര്‍ശിനിയില്‍ വേണ്ടുവോളം ഫോട്ടോഗ്രാഫിക് പ്ലേറ്റുകളും നിക്ഷേപിച്ചു തരാം. എങ്കില്‍ നേരിട്ട് നോക്കി തൃപ്‌തിപ്പടാനും തെളിവിനായി പ്രതിഛായ പകര്‍ത്തിവെക്കാനും സാധിക്കും. എത്ര നേരം അമ്പിളിക്കല ദൃശ്യമായെന്ന് സ്വമേധയാ പ്ലേറ്റില്‍ രേഖപ്പെടുത്തുന്ന സംവിധാനവും ടെലസ്‌കോപ്പിലുണ്ട്. നഗ്ന നേത്രങ്ങളേക്കാള്‍ സൂക്ഷ്‌മതക്ക് ഇതുപകരിക്കും. സൂര്യാസ്‌തമനത്തിനു മുമ്പ് ചന്ദ്രന്‍ അസ്‌തമിക്കുന്ന ദിവസങ്ങളിലും ദൂരദര്‍ശിനി നമ്മെ സഹായിക്കാനെത്തുന്നു. അസ്‌തമനത്തിനു ശേഷമുള്ള ചന്ദ്രന്‍ പിറക്കാത്ത ആകാശം നിരീക്ഷിച്ച് ഇല്ലെന്ന് ഉറപ്പു വരുത്തുകയും ആകാം. ഇതൊക്കെ ഞങ്ങളുടെ സ്വന്തം ചെലവില്‍ ചെയ്‌തു തരാന്‍ തയ്യാറാണെന്നും സന്തോഷപൂര്‍വ്വം അറിയിക്കട്ടെ. ഇനി ദൂര്‍ദര്‍ശിനിക്കും തെറ്റുപറ്റിക്കൂടെന്നുണ്ടോ എന്നു മാത്രം പറയാതിരുന്നാല്‍ മതി''–
ഈ ഇന്റര്‍വ്യൂ പ്രസിദ്ധീകരിച്ച് പതിമൂന്നു വര്‍ഷം കഴിഞ്ഞിട്ടും ശാസ്‌ത്രകാരന്റെ സഹായ വാഗ്‌ദാനം നമ്മള്‍ എന്തുകൊണ്ട് പ്രയോജനപ്പെടുത്തിയില്ല? ഈ സഹായം സ്വമേധയാ അദ്ദേഹം വാഗ്‌ദാനം ചെയ്‌തതല്ല; മറിച്ച് ശബാബിന്റെ ഭാഗത്തു നിന്നുണ്ടായ സഹായാഭ്യര്‍ത്ഥനക്കുള്ള മറുപടി ആയാണ് അദ്ദേഹം ഈ ഓഫര്‍ നല്‍കിയതെന്നോര്‍ക്കണം.
അതിനാല്‍ പ്രശ്‌നം പരിഹരിക്കുന്നതിലല്ല താല്‌പര്യമെന്ന് മനസ്സിലാക്കാന്‍ ഇതില്‍പരം തെളിവുകള്‍ ആവശ്യമില്ല! തല്‍ക്കാലം തോല്‍പ്പിക്കേണ്ടതാരെ എന്ന് തീരുമാനിച്ച് ലിസ്റ്റ് ചെയ്‌ത് അതിനനുസരിച്ച തെളിവുകള്‍ കണ്ടെത്തുക – ഇതുമാത്രം.
നാലകത്തു മുഹമ്മദ് കോയ ഖാസി അദ്ദേഹത്തിന്റെ ഖാദീ പദവിയുടെ മൂന്നു ദശാബ്‌ദങ്ങളില്‍ ഏറ്റവും ടെന്‍ഷന്‍ അനുഭവിച്ച വിഷയം മാസപ്പിറവിയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ : ``മാസപ്പിറവിയുമായി ബന്ധപ്പെട്ട കുറേ സംഘര്‍ഷ രംഗങ്ങളാണ് ഓര്‍മ്മയില്‍ തെളിയുന്നത്. രാത്രി ഒരു മണിക്കും രണ്ടു മണിക്കുമൊക്കെ റമദാനും പെരുന്നാളും ഉറപ്പിക്കേണ്ടി വന്നപ്പോഴുണ്ടായ ആ സംഘര്‍ഷ രംഗങ്ങള്‍ – അതിപ്പോള്‍ ഇല്ലാതായി. ഞങ്ങള്‍ രണ്ട് ഖാസിമാര്‍ തമ്മില്‍ ഇപ്പോള്‍ ഐക്യത്തില്‍ യോജിച്ചു നീങ്ങുകയാണ്.'' (ചന്ദ്രിക – 1998 ജൂലൈ 24 വെള്ളി).
മുഹമ്മദ് കോയ ഖാദിയുടെ വാക്കുകളില്‍ അന്തര്‍ലീനമായി കിടക്കുന്ന വിഷയം ചെറുതല്ല. ഐക്യമില്ലായ്‌മ തൊട്ട് ഐക്യം കൈവന്നതുവരെയുള്ളതും അറുനൂറു വര്‍ഷത്തെ ഖാദിപരമ്പരയില്‍ കണ്ണിചേരാന്‍ തനിക്കുശേഷം അര്‍ഹരായവര്‍ ആരുമില്ലെന്ന വസ്‌തുതയും അദ്ദേഹത്തിന്റെ ഇന്റര്‍വ്യുവില്‍ നിന്ന് വായിച്ചെടുക്കാനാകുന്നു. ഖാദിമാരുടെ ഐക്യപ്പെടല്‍ പിന്നീട് വളര്‍ന്നതു ഹിലാല്‍ കമ്മിറ്റിക്കെതിരെയായിരുന്നു. എന്നാല്‍ പിന്നീട് മരിക്കും വരെ മാസപ്പിറവിയുടെ ഗോളശാസ്‌ത്രപരമായ കണക്കന്വേഷിച്ചു കൊണ്ട് ഓരോ വര്‍ഷവും അദ്ദേഹം ബന്ധപ്പെടുക പതിവുണ്ടായിരുന്നു. കുറേ വര്‍ഷങ്ങള്‍ ഈ ബന്ധപ്പെടല്‍ തുടര്‍ന്നു. വിശുദ്ധ ഖുര്‍ആനില്‍ നിന്ന് കണ്ടെടുത്ത കണക്കുകളുമായി രണ്ടു ഖാദിമാരേയും ഞാന്‍ സമീപിച്ചിട്ടുണ്ടായിരുന്നു. കണക്കാണ് അടിസ്ഥാനമാക്കേണ്ടതെന്ന അഭിപ്രായം നാലകത്തു ഖാദിക്കുണ്ടായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. പക്ഷെ വിശുദ്ധ ഖുര്‍ആനെയും പ്രവാചകചര്യയേയും മുമ്പില്‍ നിര്‍ത്തി സ്വതന്ത്രമായ ഒരു തീരുമാനമെടുക്കുന്നതില്‍ ഏറെ വിഷമങ്ങള്‍ മുഹമ്മദ് കോയ ഖാദിക്കുണ്ടായി. മറ്റു പലരാലും അല്ലെങ്കില്‍ ചിലരാല്‍ ഖാദിമാരും ഇപ്പോള്‍ മുജാഹിദ് പണ്ഡിതന്മാരും ഹൈജാക് ചെയ്യപ്പെട്ടു കഴിഞ്ഞു. ``ലാഇലാ ഹഇല്ലള്ളാ'' എന്ന കലിമത്തുത്തൌഹീദിന് മുമ്പില്‍ ഇവര്‍ പരാജയപ്പെട്ടു എന്നര്‍ത്ഥം. ഖുര്‍ആനും നബിചര്യയും പരിശോധിച്ച് സത്യം കണ്ടെത്തുന്നതിനുപകരം സംഘടനാ ബൈലോയിലൂടെ സഞ്ചരിക്കുകയാണ് പണ്ഡിതന്മാര്‍. അല്ലാഹുവിന്റെ നിയമമായ വിശുദ്ധ ഖുര്‍ആന്റെ കാവല്‍ക്കാരാകേണ്ടവര്‍ മനുഷ്യനിര്‍മ്മിതമായ `ബൈലോ'യുടെ കാവല്‍ക്കാരായിമാറി!!
വാസ്‌തവത്തില്‍ വിശുദ്ധ ഖുര്‍ആനും നബിചര്യയും മുമ്പില്‍ വെച്ചു കൈകൊള്ളുന്ന ഒരു തീരുമാനത്തിനു മാത്രമേ ഹറാം അവസാനിപ്പിക്കാനാകൂ. മക്കയുടെ ആകാശത്തെ കേന്ദ്രീകരിക്കുകയാണ് ആദ്യ നടപടി. ``മക്കക്കാര്‍ ളുഹര്‍ നമസ്‌കരിക്കുമ്പോള്‍ നിങ്ങള്‍ ളുഹര്‍ നമസ്‌ക്കരിക്കാറുണ്ടോ? അവര്‍ ഊണു കഴിക്കുമ്പോഴാണോ നിങ്ങള്‍ ഊണു കഴിക്കുന്നത്?'' എന്ന് ചോദിക്കുന്ന പണ്‌ഡിതന്മാര്‍ വിശുദ്ധ ഖുര്‍ആനിലെ സൂര്യ – ചന്ദ്രത്താരെ സംബന്ധിച്ച സുപ്രധാന ആയത്തുകളെക്കുറിച്ചുള്ള അജ്ഞതയാണ് പ്രകടിപ്പിക്കുന്നത്. ``അന്ധരും ഊമയും ബുദ്ധി കൊടുത്ത് ചിന്തിക്കാത്തവരും'' (2:171) എന്ന ഖുര്‍ആന്‍ സൂക്തം ഇന്നും പണ്‌ഡിതന്മാര്‍ക്കു നേരെ ആക്ഷേപമെറിയുന്നു. മാത്രമല്ല ``അല്ലാഹുവിന്റെയടുക്കല്‍ ജീവികളില്‍ വെച്ചേറ്റവും നികൃഷ്‌ടര്‍ അന്ധത നടിക്കുകയും ഊമകളായി ചമയുകയും ബുദ്ധികൊടുത്തു ആലോചിക്കാതിരിക്കുകയും ചെയ്യുന്ന (മനുഷ്യന്മാരാണ്)'' എന്ന ഖുര്‍ആന്‍ സൂക്തവും ഇത്തരം പണ്ഡിതന്മാര്‍ക്കുള്ള എക്കാലത്തേയും തിരിച്ചടിയാണ്.
വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും മുമ്പില്‍ വെച്ചുള്ള ഈ ആശയം എല്ലാ വിഭാഗം പണ്‌ഡിതന്മാര്‍ക്കും ഈ വിഷയത്തില്‍ താല്‌പര്യമുള്ള സംഘടനകള്‍ക്കും, വ്യക്തികള്‍ക്കും കൈമാറിയിട്ടുണ്ട്. 20–07–2012–ലെ വെള്ളിയാഴ്‌ചയിലെ ഒഴിവാക്കിയ വ്രതത്തിന്റെ ഹറാമും, 18–08–2012 ശനിയാഴ്‌ച പെരുന്നാളിനു നോമ്പെടുത്തതിന്റെ ഹറാമും വിശ്വാസികള്‍ ചെയ്യേണ്ടി വന്നിരിക്കുകയാണ്. ഒരു നോമ്പ് നോറ്റു വീട്ടുകയും പെരുന്നാളിന്റെ നോമ്പിനു അല്ലാഹുവോട് പശ്ചാത്തപിച്ച് മാപ്പപേക്ഷിക്കുകയും ചെയ്യുകയാണ് പോംവഴി.
റസൂല്‍ നമ്മെപ്പറ്റി പറയുന്ന ഒരാക്ഷേപമുണ്ട് :
``എന്റെ രക്ഷിതാവേ, തീര്‍ച്ചയായും എന്റെ ജനത ഈ ഖുര്‍ആനെ അഗണ്യമാക്കി തള്ളിക്കളഞ്ഞു'' (വിശുദ്ധ ഖുര്‍ആന്‍ 25:30).
അന്ത്യനാളിന്റെ അടയാളമായി അവിടുന്നു പറഞ്ഞു :
``ജനങ്ങള്‍ക്കു ഒരു കാലഘട്ടം വരാനുണ്ട്; അന്ന് ഇസ്ലാം അതിന്റെ പേരിലൊതുങ്ങും; ഖുര്‍ആനാകട്ടെ അതിന്റെ അക്ഷരങ്ങളിലും ഒതുങ്ങിപ്പോകും; (മാത്രമല്ല) പള്ളികള്‍ ആഡംബര പൂരിതവും ജനനിബിഡവുമായിരിക്കും, (പക്ഷെ) അതില്‍ ഹിദായത്തുണ്ടാകില്ല. ആ കാലഘട്ടത്തിലെ മുസ്ലിം പണ്‌ഡിതന്മാരാകട്ടെ ആകാശത്തിനു കീഴിലുള്ളവരില്‍ വെച്ച് ഏറ്റവും നികൃഷ്‌ടത്താരായിരിക്കും – (കാരണം) അവരില്‍ നിന്നാണ് ഫിത്‌ന പുറപ്പെടുക, അതു അവരിലേക്കു തന്നെ (തിരിച്ചടിയായി) മടങ്ങുകയും ചെയ്യും''
അതുകൊണ്ട് വിശുദ്ധഗേഹമായ മക്കയെ കേന്ദ്രീകരിച്ചുള്ള തീരുമാനത്തിനാകട്ടെ പണ്ഡിതന്മാരുടെ പരിശ്രമം എന്നപേക്ഷിക്കുകയാണ്. ഇല്ലെങ്കില്‍ വിശുദ്ധ ഖുര്‍ആന്‍ വിലക്കിയ, ``നസീഅ്'' (കാലത്തെ മാറ്റിമറിക്കല്‍) സംഭവിക്കുകതന്നെ ചെയ്യും! 2012ലെ റമദാനിന്റെ തുടക്കവും ഹറാമായിരുന്നു. ഒടുക്കവും ഹറാമായിരുന്നു. 20–07–2012 വെള്ളിയാഴ്‌ചത്തെ റമദാന്‍ ഒന്നിനെ അറിഞ്ഞുകൊണ്ടുതന്നെ ശവ്വാല്‍ 30 ആക്കി. അതേപോലെ 18–08–2012ലെ ശവ്വാല്‍ ഒന്നിനെ റമദാന്‍ 30 മാക്കി. അല്ലാഹുവിന്റെ കാലനിര്‍ണ്ണയത്തെയാണ് പണ്ഡിതന്മാരും ഖാസിമാരും മാറ്റിമറിച്ചത്.
കോഴിക്കോട് മുഹമ്മദലി കടപ്പുറത്തു 18–08–2012 ശനിയാഴ്‌ച മാസം കണ്ട മുജാഹിദ് പ്രവര്‍ത്തകര്‍ കാണാന്‍ സാധ്യമല്ലെന്ന് മുജാഹിദ് ഗ്രന്ഥങ്ങള്‍ തന്നെ വിശദീകരിച്ച ചന്ദ്രനെയാണ് ``കണ്ട''തെന്നോര്‍ക്കുക! സൂര്യാസ്‌തമനത്തിനുശേഷം 40 മിനുട്ടിലധികം ആകാശത്തില്ലാത്ത ചന്ദ്രനെ കാണുക സാദ്ധ്യമല്ലെന്ന് മുജാഹിദ് ഗ്രന്ഥങ്ങളും, കോഴിക്കോട് പ്ലാനറ്റേറിയത്തിലെ ശാസ്‌ത്രജ്ഞന്മാരും പറയുന്നു. 25, 27 മിനുട്ട് ആകാശത്തുള്ള ചന്ദ്രനെയാണ് 18–08–2012 ശനിയാഴ്‌ച ``കണ്ട''ത്. – പണ്ഡിതന്മാര്‍ എഴുതിയതു പണ്ഡിതന്മാര്‍ തന്നെ വിസ്‌മരിച്ചു. മാത്രമല്ല, മാസനിര്‍ണ്ണയത്തിന് മക്കയുടെ ആകാശത്തെയാണ് അടിസ്ഥാനമാക്കേണ്ടത്. കേരളത്തിന്റെ ആകാശത്തുള്ള ചന്ദ്രന്റെ സ്ഥാനങ്ങളെ കേന്ദ്രീകരിച്ച് മാസദിനം തീരുമാനിക്കുമ്പോള്‍ പലപ്പോഴും നമുക്ക് മക്കയുടെ പിറകിലേക്കു തിയ്യതിയെ മാറ്റേണ്ടിവരുന്നു! മക്കയുടെ തിയ്യതിയെ നമുക്ക് മുമ്പിലേക്കും എറിയേണ്ടിവരുന്നു! ഇതു ഖുര്‍ആനിക വിരുദ്ധമാണ്. പ്രവാചകന്‍ ഇതല്ല പഠിപ്പിച്ചത്. ചന്ദ്രന് ഒന്നാം ദിവസം ഒരു ഉദയമേ ഉള്ളു. അനേകം ദിവസങ്ങളിലായി ഒന്നാംദിന ചന്ദ്രന്‍ ഉദിക്കുകയില്ല. ഒരു ശിശു ജനിക്കുന്നത് മക്കയിലാണെങ്കില്‍ അവന്ന് എത്ര ജനനസര്‍ട്ടിഫിക്കറ്റുണ്ടാകും? ഒന്നോ? അതോ രണ്ടോ? അതോ നാലോ? രാജ്യങ്ങളുടെ ഉദയാസ്‌തമനങ്ങളുടെ വ്യത്യാസത്തിനനുസരിച്ച് ജനനസര്‍ട്ടിഫിക്കറ്റുകള്‍ മാറുമോ? എയര്‍പോര്‍ട്ടുകളിലും എംബസികളിലും പാസ്‌പോര്‍ട്ടുകളിലും വോട്ടേഴ്സ് ഐ.ഡി.യിലും റേഷന്‍കാര്‍ഡിലും ആധാറിലും എന്‍.പി.ആറിലും രാജ്യങ്ങള്‍ മാറുന്നതിനനുസരിച്ച് വിവിധ തിയ്യതികളാണോ ചേര്‍ക്കപ്പെടുക. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ തത്വം എളുപ്പം പിടികിട്ടും. ചന്ദ്രന് ഒരു ഉദയമേയുളളു. ആ ഉദയസ്ഥാനം മക്കക്കുമുകളില്‍ (ഉമ്മുല്‍ഖുറാ) അവരുടെ ഫജ്‌റിനുമുമ്പ് ആയിരിക്കണം. അതാണ് അംഗീകരിക്കപ്പെടേണ്ടത്. ഖുര്‍ആനികമായ ഈ തത്വം മക്കയിലും അംഗീകരിക്കപ്പെടണം. ഇല്ലെങ്കില്‍ അവരുടെ ആകാശത്തെ ചന്ദ്രോദയത്തിന്റെ തെറ്റുപറ്റാത്ത കണക്കു നമ്മുടെ വശമുണ്ട്. അതുപയോഗിച്ച് നമുക്കും തിയ്യതി നിശ്ചയിച്ച് ഹറാമുകളില്‍ നിന്ന് രക്ഷപ്പെടാം. എന്നിട്ട് മക്കയിലെ പണ്ഡിതന്മാരുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടണം. ഈ സമ്പര്‍ക്കത്തിന് റബ്ബിന്റെ മുമ്പില്‍ അളവറ്റ പ്രതിഫലമുണ്ട് എന്നോര്‍ക്കുക. എന്നെങ്കിലും ഖുര്‍ആനിക സത്യം അംഗീകരിക്കപ്പെടും. വിശുദ്ധഗേഹമായ കഅബ ഭൂമിയുടെ മദ്ധ്യത്തിലാണ്. സ്ഥിതിചെയ്യുന്നതെന്ന സൃഷ്‌ടിപരമായ യാഥാര്‍ത്ഥ്യം നാസാ വാനനിരീക്ഷണകേന്ദ്രം കണ്ടെത്തിയിട്ടുണ്ട്. ``ഉമ്മുല്‍ഖുറാ'' (പട്ടണങ്ങളുടെ മാതാവ്) ഭൂമിയുടെ കേന്ദ്രസ്ഥാനമായി അംഗീകരിച്ചുകൊണ്ടു ചില പണ്ഡിതന്മാര്‍ 2011ല്‍ ഫത്‌വ പുറപ്പെടുവിക്കുകയും ചെയ്‌തിട്ടുണ്ട്. അതോടൊപ്പം വിശുദ്ധ ഖുര്‍ആന്‍ വിശദീകരിച്ചുതന്ന ചന്ദ്രപ്പിറവി കണക്കുകൂടി അംഗീകരിക്കപ്പെട്ടാല്‍ പ്രശ്‌നത്തിന് ശാശ്വതപരിഹാരവും ഹറാമില്‍ നിന്നും എന്നേക്കുമായുള്ള മോചനവും സാധ്യമാകും. മറിച്ച് കണ്‍കാഴ്‌ചയെമാത്രം ആശ്രയിക്കുമ്പോള്‍ അബദ്ധങ്ങളുടെ പരമ്പര തന്നെ സംഭവിക്കും. മാസം കാണാതിരിക്കാന്‍ കണക്കും കാണാന്‍ കാഴ്‌ചയും എന്ന സമീപനമാണ് സമസ്‌ത – മുജാഹിദ് – ജമാഅത്തു വിഭാഗങ്ങള്‍ അംഗീകരിച്ചിട്ടുള്ളത്. അവരുടെ മുഖപത്രങ്ങളായ സിറാജ്, വിചിന്തനം, ശബാബ്, ബോധനം തുടങ്ങിയ പത്രങ്ങളുടെ 1997, 1999, 2006 തുടങ്ങിയ വര്‍ഷങ്ങളിലെ വിവാദസമയങ്ങളിലുള്ള വാര്‍ത്തകള്‍തന്നെ തെളിവ്. എന്നാല്‍ ഹറാം സംഭവിക്കാതിരിക്കാനും കണക്ക് എന്ന ഖുര്‍ആനിക തത്വത്തിലേക്കുകൂടി ഈ പണ്ഡിതന്മാര്‍ മടങ്ങണം എന്നതാണ് വിശ്വാസിയുടെ ആവശ്യം. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ പോലും ഗ്രഹണ നമസ്‌കാരവിഷയത്തിലെങ്കിലും കണക്ക് അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്. (സിറാജ് പത്രം 1999 ആഗസ്റ്റ് 11) ഗ്രഹണം ``കണ്ടാല്‍'' നിങ്ങള്‍ നമസ്‌കരിക്കുക എന്നാണ് ഹദീസെങ്കിലും ഗ്രഹണം ``കണ്ടാല്‍'' കണ്ണുപോകുമെന്ന് അദ്ദേഹത്തിനും നമ്മുടെ പണ്ഡിതന്മാര്‍ക്കും അറിയാം. അതുകൊണ്ട് ഗ്രഹണം ``കണ്ടാല്‍'' വിവരമറിയിക്കാന്‍ ആഹ്വാനമുണ്ടാകാറില്ല!
അടുത്ത വര്‍ഷം തൊട്ട് എല്ലാ വര്‍ഷവും (ഇന്‍ഷാ അല്ലാ) ഇത്തരം ലഘുലേഘകള്‍ അച്ചടിച്ചുവിതരണം ചെയ്യണമെന്നാണ് ആഗ്രഹം. റമദാന്റെ ഒന്നോ രണ്ടോ ആഴ്‌ചകള്‍ക്കുമുമ്പ് ലഘുലേഖ നിങ്ങളുടെ കയ്യിലെത്തും.
കോഴിക്കോട്ടെ മേഖലാ ശാസ്‌ത്രകേന്ദ്രത്തിന്റെ ചാന്ദ്രനിരീക്ഷണസംവിധാനം പ്രയോജനപ്പെടുത്തി ആ വിവരവും ലോകത്തെ പ്രസിദ്ധമായ വാനനിരീക്ഷണ കേന്ദ്രങ്ങള്‍ വെബ്‌സൈറ്റുകള്‍ തുടങ്ങിവയില്‍നിന്നു വിഷയം മനസ്സിലാക്കാനാവശ്യമായ ലളിതമായ മാര്‍ഗ്ഗങ്ങളും പ്രസിദ്ധീകരിക്കും.
2013 റമദാനിലെ ചാന്ദ്രചലനങ്ങളുടെ ചിത്രങ്ങള്‍ നിങ്ങളുടെ കയ്യിലെത്തും. അതില്‍നിന്ന് റമദാന്‍ ഒന്ന് എപ്പോള്‍ പെരുന്നാള്‍ ഏതു ദിവസം എന്ന് സ്വയം കണ്ടെത്താം. ചന്ദ്രന്റെ കലകള്‍ അതില്‍നിന്ന് എണ്ണിയെടുക്കാം. 28 കലകളാണുള്ളതെങ്കില്‍ ആ മാസം 29 ദിവസങ്ങളുണ്ടാവും. 29 കലകളാണുള്ളതെങ്കില്‍ ആ മാസം 30 ആയിരിക്കും.
സ്വാഹാബാക്കള്‍ ഈ കലകളെ സസൂക്ഷ്‌മം നിരീക്ഷിക്കാറുണ്ടായിരുന്നു. ഉദിച്ചുവരുന്ന ചന്ദ്രനെ (പടിഞ്ഞാറല്ല കിഴക്ക്!) ദിനംപ്രതി നിരീക്ഷിക്കുക അവരുടെ നിരീക്ഷണസമ്പ്രദായങ്ങളില്പ്പെ ട്ടതായിരുന്നു. ആദ്യദിവസത്തെ ചന്ദ്രനെ കാണാതിരുന്നാല്‍ അടുത്ത ദിവസത്തെ ചന്ദ്രനെ അവര്‍ നിരീക്ഷിക്കുകയും ഏതു ദിവസത്തെ (എത്രാമത്തെ) ചന്ദ്രനെയാണ് കണ്ടതെന്ന് അവര്‍ കണക്കുകൂട്ടി കണ്ടെത്തുകയും ചെയ്യുമായിരുന്നു. ഈ പതിവ് റമദാന് തീരുമാനിക്കുന്നതിലേക്കുമാത്രമാ യിരുന്നില്ല. ഒരു മുസ്‌ലീമിന്റെ കാലനിര്‍ണ്ണയം റമദാനിലോ ശവ്വാലിലോ ഒതുങ്ങുന്നതല്ല. ഒരു സ്‌ത്രീയുടെ ഇദ്ദ പീരീഡുപോലും ചാന്ദ്ര തിയ്യതിയെ ആശ്രയിച്ചാണ് അവര്‍ കണക്കാക്കിപ്പോന്നത്. മാസമധ്യത്തിലുള്ള മൂന്നു വ്രതാനുഷ്‌ഠാനങ്ങള്‍, സകാത്തിന്റെ തിയ്യതികള്‍, പശ്ചാത്താപത്തിന്റെ വ്രതാനുഷ്‌ഠാനദിനങ്ങള്‍ തുടങ്ങി നിത്യജീവിതത്തിലെ മുഴുവന്‍ വിഷയങ്ങളും കൈകാര്യം ചെയ്യപ്പെട്ടത് ഈ തരത്തിലുള്ള തിയ്യതി നിര്‍ണ്ണയത്തിലൂടെയായിരുന്നു.
നമ്മളാകട്ടെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ഒരേ ഒരു ഉദയ ചന്ദ്രനെയാണ് നിരീക്ഷിക്കുന്നത്. അതു ലോകത്തെ വിസ്‌മയിപ്പിച്ചുകൊണ്ട് അസ്‌തമനസ്ഥാനമായ പടിഞ്ഞാറ്.!!
അടുത്ത ലക്കം
ശഅബാനിലെ ഒരു ദിനം കാണാതായി!!
–––––––––––––––––––––––––––––– –––––––––––––––––––––––––––
ഹറാമിന്റെ നോമ്പും തെറ്റായ പെരുന്നാളുകളും
ലഘുലേഖ – 15
ശഅബാനിലെ ഒരു ദിനം കാണാതായി!
പി.സി. അബ്‌ദുല്‍ ലത്തീഫ്
മാസപ്പിറവി വിഷയത്തില്‍ സ്വീകരിച്ചുപോരുന്ന ആലോചനാശൂന്യമായ സമീപനം പരിഹാസ്യമായ പതനത്തിലേക്കാണ് സമുദായത്തെ കൊണ്ടു ചെന്നെത്തിച്ചിട്ടുള്ളത്. ആറുവര്‍ഷം മുമ്പുണ്ടായ ഒരു വിവാദത്തെ കോഴിക്കോട്ടു നിന്ന് പ്രസിദ്ധീകരിക്കുന്ന ``തേജസ്'' ദിനപത്രം അതിമനോഹരമായി വിലയിരുത്തുകയുണ്ടായി. 24–09–2006 ഞായറാഴ്‌ച പ്രസ്‌തുതപത്രം അതിന്റെ 5–ാംപേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത നമുക്കു ഒരു പുനര്‍വായന നടത്താം.
ശഅബാനിലെ ഒരു ദിനം കാണാതായി!
കോഴിക്കോട്: ``ഖാസിമാരുടെ വിശ്വാസ്യതയ്ക്കു മങ്ങലേല്‍പ്പിക്കും വിധം ശഅ്‌ബാന്‍ മാസത്തിലെ ഒരു ദിവസം എങ്ങോ അപ്രത്യക്ഷമായി! ഇക്കഴിഞ്ഞ ആഗസ്‌ത് 26നു ശഅബാന്‍ ഒന്നായി പ്രഖ്യാപിച്ച ഖാസിമാര്‍ ഒരുദിനം നേരത്തെ – ഇന്നലെ – ശഅബാന്‍ 29 ആയി അംഗീകരിച്ചതോടെ ഇതിനിടയിലെ ഒരുദിനം എവിടെപ്പോയെന്ന ചോദ്യം ഉത്തരം കിട്ടാതെബാക്കിയാവുന്നു.
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാര്‍ ഉള്‍പ്പെടെയുള്ള സംയുക്ത മഹല്ല് ഖാസിമാരും ഇക്കഴിഞ്ഞ ആഗസ്‌ത് 26 ആണ് ശഅബാന്‍ ഒന്നായി പ്രഖ്യാപിച്ചത്. ഇതുപ്രകാരം ബറാഅത്ത് രാവ് (ശഅബാന്‍ 14) സപ്‌തംബര്‍ എട്ടിനു വെള്ളിയാഴ്‌ചയാണെന്ന ഇവരുടെ അറിയിപ്പും പത്രങ്ങള്‍ക്കു നല്‍കിയിരുന്നു.
പാണക്കാട് തങ്ങളും കാന്തപുരം വിഭാഗം ഖാസിമാരും നേരത്തെ ഉറപ്പിച്ചതു പ്രകാരം ഇന്നലെ ശഅബാന്‍ ഇരുപത്തെട്ടാണ്. എന്നാല്‍, ഇന്നലെ ശഅബാന്‍ 29 ആണെന്ന് അംഗീകരിച്ചുകൊണ്ടുള്ള ഖാസിമാരുടെ അറിയിപ്പ് പത്രം ഓഫീസുകളില്‍ ലഭിച്ചു.
വെള്ളിയാഴ്‌ച ശഅബാന്‍ 29 ആയതിനാല്‍ റമദാന്‍ മാസപ്പിറവി കാണുന്നവര്‍ അറിയിക്കണമെന്നായിരുന്നു വ്യാഴാഴ്‌ച ഈ ഖാസിമാര്‍ പുറപ്പെടുവിച്ച അഭ്യര്‍ഥന.
ആഗസ്‌ത് 26 ശഅബാന്‍ ഒന്നായി ഇവര്‍ നേരത്തെ പ്രഖ്യാപിച്ചതു പ്രകാരം അറബിമാസം ഇന്നലെ എങ്ങനെ 29 ആയി എന്നതോ ശഅബാനിലെ ഒരു ദിനം എവിടെപ്പോയെന്നോ ഇതുവരെ വിശദീകരിച്ചിട്ടില്ല.
ശഅബാന്‍ ഒന്ന് ആഗസ്‌ത് 25നാണെന്നായിരുന്നു. കോഴിക്കോട് മുഖ്യഖാസിയും വലിയഖാസിയുടെ പ്രതിനിധിയും പ്രഖ്യാപിച്ചിരുന്നത്. കോഴിക്കോട് ഖാസിമാരുടെ പ്രഖ്യാപനം തന്നെയാണു മറ്റു ഖാസിമാരും ഒടുവില്‍ അംഗീകരിച്ചത്.
ജില്ലാ–സംയുക്ത ഖാസിമാരുടെ പ്രഖ്യാപനമനുസരിച്ച് ഒരുദിവസം നേരത്തെ ബറാഅത്ത് ആചരിച്ചവര്‍ ഇപ്പോള്‍ ആശയക്കുഴപ്പത്തിലാണ്. 500ഓളം മഹല്ലുകളുടെ ഖാസിയാണു പാണക്കാട് ശിഹാബ് തങ്ങള്‍. സഹോദരന്‍ ഉമറലി ശിഹാബും ഒട്ടേറെ മഹല്ലുകളുടെ ഖാസിസ്ഥാനം അലങ്കരിക്കുന്നുണ്ട്.
പാണക്കാട്, കോഴിക്കോട് ഖാസിമാരുടെ മാസപ്പിറവി പ്രഖ്യാപനത്തില്‍ കൃത്യതയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ആറുജില്ലകളില്‍ കാന്തപുരം വിഭാഗം സംയുക്ത മഹല്ല് ഖാസിമാരെ നിശ്ചയിച്ചത്. സമാന്തര ഖാസിമാരുടെ രംഗപ്രവേശവും അനുബന്ധ സംഭവവികാസങ്ങളും മലബാറിലെ മുസ്‌ലിം മഹല്ലുകളിലും പള്ളികളിലും കടുത്ത ഭിന്നതയ്ക്കും സംഘര്‍ഷത്തിനും കാരണമായിരുന്നു.
മാസപ്പിറ സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കെ, വ്യത്യസ്‌ത സമീപനവുമായി ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യ ചീഫ് അഡ്വൈസര്‍ അലി മണിക്‌ഫാന്‍ രംഗത്തെത്തി.
അദ്ദേഹം ശനിയാഴ്‌ച റമദാന്‍ ഒന്നായി പ്രഖ്യാപിച്ചിട്ടുണ്ട്. ചന്ദ്രമാസപ്പിറവി സംബന്ധിച്ച മുജാഹിദ് വിഭാഗങ്ങളുടെ കണക്കുശാസ്‌ത്രവും സുന്നിവിഭാഗങ്ങളുടെ നിലപാടും ശരിയല്ലെന്നും ചാന്ദ്രമാസത്തിന്റെ കാലഗതി യുക്തിസഹമായി ഉറപ്പുവരുത്തുകയാണു വേണ്ടതെന്നുമാണ് അലി മണിക്‌ഫാന്റെ അഭിപ്രായം.'' (തേജസ്, 2006, സപ്‌തംബര്‍ 24, ഞായര്‍, പേജ്–5)
കാലാനുസൃതമായ പ്രശ്‌നങ്ങളെ വിശുദ്ധ ഖുര്‍ആന്റേയും പ്രവാചക നടപടികളുടേയും അന്യൂനമായ അടിത്തറയില്‍ പരിശോധനക്കു വിധേയമാക്കി വിശ്വാസിക്കു മുമ്പില്‍ സമര്‍പ്പിക്കുന്നതില്‍ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ വിജയകരമായ ദൌത്യം നിര്‍വ്വഹിച്ച പ്രസ്ഥാനമാണ് മുജാഹിദ് പ്രസ്ഥാനം. നോമ്പിന്റെ വിഷയത്തില്‍ 1995 വരെയെങ്കിലും നേരായ ദിശയില്‍ അതു സഞ്ചരിച്ചു എന്നുവേണം കരുതാന്‍. അതിന്റെ തെളിവാണ് 1995–ഓഗസ്റ്റ് 25–ാംന് വെള്ളിയാഴ്‌ച കോഴിക്കോട് ടൌണ്‍ ഹാളില്‍ നടന്ന ഇപ്പോഴത്തെ ഹിജ്‌റാ കമ്മിറ്റി ഓഫ് ഇന്ത്യയുടെ പ്രഥമ ഹിജ്‌റി കലണ്ടറിന്റെ ഉല്‍ഘാടനപരിപാടിയിലേക്കു പ്രശസ്‌തരായ രണ്ടു പണ്‌ഡിതന്മാരെ കെ.എന്‍.എം നേതൃത്വം അയച്ചുകൊടുത്തത്.
അതെ, അലിമണിക്‌ഫാന്റെ ദശകങ്ങള്‍ നീണ്ടു നിന്ന അന്വേഷണത്തിന്റെ സൃഷ്‌ടിയായ പ്രസ്‌തുത ഹിജ്‌റി കലണ്ടറിന്റെ ഉല്‍ഘാടനകോപ്പി ഏറ്റുവാങ്ങിയതു പണ്‌ഡിതാഗ്രേസരനായിരുന്ന കെ. ഉമര്‍ മൌലവിയായിരുന്നു. അതില്‍ ആശംസാ പ്രസംഗം ചെയ്‌തത് മുജാഹിദ് പ്രസ്ഥാനം അഭിമാനപൂര്‍വ്വം ബഹുമത സമൂഹത്തിന് മുമ്പില്‍ അവതരിപ്പിച്ചിട്ടുള്ള എം.എം. അക്‌ബര്‍ എന്ന ബഹുമത പണ്‌ഡിതനും (മലയാള മനോരമ 1995 ഓഗസ്റ്റ് 25, ഞായര്‍, പേജ്–9) എന്നാല്‍ ഇദ്ദേഹം പിന്നീട് മാസപ്പിറവി വിഷയത്തില്‍ ഒരു സംഘടനാ പക്ഷപാതിയായി മാറുകയാണ് ചെയ്‌തത്. കോഴിക്കോട് പാരമൌണ്ട് ടവറില്‍ ഒന്നര ദശകം മുമ്പ് നടന്ന ഒരു മാസപ്പിറവി സെമിനാറില്‍ അദ്ദേഹം സ്വീകരിച്ച നിലപാട് അദ്ദേഹത്തിന്റെ മാറ്റത്തിന് തെളിവായിരുന്നു. എം.എം. അക്‌ബറിന്റെ തന്നെ ഒരു രേഖ തെളിവായി എടുത്തുകാട്ടി ഒരു സംശയനിവാരണത്തിനായി ഞാനെഴുന്നേറ്റപ്പോള്‍ മോഡറേറ്റര്‍മാരെ നോക്കുകുത്തിയാക്കി അദ്ദേഹം എന്റെ ചോദ്യം തന്നെ തടയുകയാണ് ചെയ്‌തത്. അതോടെ ആ സെമിനാറില്‍ നിന്ന് പ്രതിഷേധസൂചകമായി എനിക്ക് ഇറങ്ങിപ്പോക്കു നടത്തേണ്ടി വന്നു. അദ്ദേഹത്തോടും കണ്ണൂരിലെ സംഘാടകരോടും നേരിട്ടു പ്രതിഷേധമറിയിക്കുകയും ചെയ്‌തു.
സംഘടനയുടെ ``സുരക്ഷിതത്വ''മാണ് വിശ്വാസിയെക്കൊണ്ട് ഹറാം ചെയ്യിക്കുന്നതിനേക്കാള്‍ പണ്‌ഡിതന്മാര്‍ പരിഗണിക്കുന്നത്. ``നിങ്ങളില്‍ മുജാഹിദുകള്‍ ആര് എന്ന് നാം തിരിച്ചറിയും വരെ നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യു''മെന്ന വിശുദ്ധ ഖുര്‍ആന്റെ പ്രഖ്യാപനത്തെ പണ്‌ഡിതന്മാര്‍ എങ്ങിനെ കാണുന്നു എന്നറിയാന്‍ ആഗ്രഹമുണ്ട്. ഖബറിലേക്കും പരലോകത്തേക്കുമുള്ള ജീവിത യാത്രയില്‍ ഒരു പ്രസക്തിയുമില്ലാത്ത ജിന്നിലും സിഹ്‌റിലും ബോഡിവെയ്‌സ്റ്റിലുമാണ് പണ്‌ഡിത താല്‌പര്യമെന്ന കാര്യം ദുഃഖകരമാണ്. അതിപ്രധാനമായ ഹറാമിന്റെ വിഷയം ലാഘവത്തോടെ മാത്രം കാണുന്നു. ഒരു വിഷയം സമഗ്രമായി പഠിക്കാതെ അഭിപ്രായം പറയുന്ന പതിവാണ് പ്രശസ്‌തരായ പണ്‌ഡിതന്മാര്‍ക്കു പോലും! അതിന്റെ ഏറ്റവും പുതിയ ഉദാഹരണം ഇടിയങ്ങര യുവസാഹിതീ സമാജത്തിന്റെ പ്രസിദ്ധീകരണമായ ``തെക്കേപ്പുറം ടൈംസി''ന്റെ 2011 നവംബര്‍ ലക്കത്തില്‍ നമുക്കു വായിക്കാനാകുന്നു. അതിന്റെ മൂന്നാം പേജില്‍ നഗരത്തിലെ വ്യാപാര പ്രമുഖന്‍ തോട്ടത്തില്‍ റഷീദ് ഒരു ലേഖനം എഴുതിയിട്ടുണ്ട്. ``ഒരു പള്ളിയില്‍ രണ്ടു ജുമുഅ– കേരളത്തിലും ആശയം വേരോടുന്നു'' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലൂടെ കടന്നു പോകുന്നവര്‍ക്കു പണ്‌ഡിതന്മാരെപ്പറ്റിയുള്ള തിക്തമായ ഒരു ധാരണ ലഭിക്കും. ജ:റഷീദ് രേഖാമൂലം പണ്‌ഡിതന്മാരില്‍ നിന്ന് ശേഖരിച്ച അഭിപ്രായരൂപീകരണവും അതിനു റഷീദ് നല്‍കുന്ന മറുപടിയും അടങ്ങുന്ന ലേഖനത്തിന്റെ പ്രസ്‌കത ഭാഗങ്ങള്‍ തുടര്‍ന്നു വായിക്കുക:
``ഇതു സംബന്ധിച്ച് ഞാന്‍ മുസ്ലിംകളില്‍ എല്ലാ വിഭാഗങ്ങള്‍ക്കും മിക്ക പണ്‌ഡിതന്മാര്‍ക്കും എം.ഇ.എസ്സ്. എം.എസ്.എസ്. സംഘടനകള്‍ക്കും കത്തുകള്‍ അയച്ചിട്ടുണ്ട്. പക്ഷെ മിക്ക പണ്‌ഡിതന്‍മാരും പ്രതികരിച്ചിട്ടില്ല. കിട്ടിയ പ്രതികരണങ്ങള്‍ ഇപ്രകാരമാണ്.
1. ജമാഅത്തെ ഇസ്ലാമി– വളരെ നല്ല അഭിപ്രായമാണിത്. പട്ടണങ്ങളിലെ പള്ളികളിലെ ജുമുഅക്കുള്ള തിരക്കൊഴിവാക്കാന്‍ ഇത് വളരെ നല്ല പോംവഴിയാണ്; ഇസ്ലാമില്‍ ഇപ്രകാരം ചെയ്യുന്നതില്‍ യാതൊരു തെറ്റുമില്ല. മാവൂര്‍ റോഡിലെ ലുലുപള്ളിയിലെ ജുമുഅ ഇപ്പോള്‍ തന്നെ തൊട്ടടുത്ത നാഷണല്‍ ഹോസ്‌പിറ്റല്‍ കോംമ്പൌണ്ടില്‍ എത്തി തുടങ്ങിയെന്നും ഇനിയും നമസ്‌കരിക്കാന്‍ ആളുകള്‍ കൂടിക്കൂടി വരുമെന്നതിനാല്‍ അതിനുള്ള ഏകപരിഹാരം ജുമുഅയുടെ എണ്ണം കൂട്ടലാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. അവരുടെ ശൂറ കൂടിയാണ് ഈ അഭിപ്രായം രൂപീകരിച്ചതെന്നും ജമാഅത്തു പണ്‌ഡിതന്മാര്‍ അറിയിച്ചു. അടുത്തു തന്നെ മാവൂര്‍ റോഡിലെ ലുലു പള്ളിയില്‍ ഇതു പ്രാവര്‍ത്തികമാക്കുമെന്നും അവര്‍ എന്നെ അറിയിക്കുകയുണ്ടായി.
2. മുജാഹിദ് (ഹുസൈന്‍ മടവൂര്‍ വിഭാഗം) ഇതിന് ദിനില്‍ യാതൊരു വിലക്കുമില്ല. മിക്ക പള്ളികളിലെയും നമസ്‌കാരം റോഡിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ഇത് ഒട്ടും ശരിയല്ല. മറ്റുള്ളവര്‍ക്ക് മാര്‍ഗതടസ്സം സൃഷ്‌ടിക്കാന്‍ പാടുമില്ല; അതുകൊണ്ട് എന്തുകൊണ്ടും ഈ അഭിപ്രായം സ്വീകാര്യമാണ്. പക്ഷെ ഇപ്പോള്‍ ഞങ്ങള്‍ ഇതിനു മുന്നിട്ടിറങ്ങാത്തത് അല്ലെങ്കില്‍ തന്നെ ഞങ്ങളെക്കുറിച്ച് മറുപക്ഷം ആദര്‍ശവ്യതിയാനം ആരോപിക്കുന്നുണ്ട്. വീണ്ടും അതിനിടം കൊടുക്കുവാനിഷ്‌ടപ്പെടാത്തത് കൊണ്ടുമാണെന്നും അവര്‍ തുടര്‍ന്ന് വ്യക്തമാക്കി.
3. മുജാഹിദ് (എ.പി.അബ്‌ദുല്‍ഖാദര്‍ മൌലവി വിഭാഗം)
പള്ളികളില്‍ സൌകര്യക്കുറവ് ഉണ്ടെങ്കില്‍ പുതിയ പള്ളി നിര്‍മ്മിക്കുകയോ, പഴയ പള്ളി വികസിപ്പി ക്കുകയോ ചെയ്യുകയല്ലാതെ ഒരേ പള്ളിയില്‍ രണ്ടുസമയത്ത് രണ്ട് ജുമുഅ നടത്തുന്ന ഒരേര്‍പ്പാട് നബി(സ) യുടെ കാലത്തും മാതൃകാ സമൂഹത്തിലും ഇത് വരെ ലോകത്ത് എവിടെയെങ്കിലും ഉണ്ടായതതായി അറിയില്ല. മുസ്ലിം ലോകം ചെയ്‌തിട്ടില്ലാത്ത 15 നൂറ്റാണ്ടായി നടത്തിയിട്ടില്ലാത്ത ഒരു കാര്യം പുതുതായി ആരംഭിക്കുന്നതിന് ന്യായീകരണമില്ല.
എന്ന്, എം. മുഹമ്മദ് മദനി, (കെ.ജെ.യു)
വളരെ വിനയത്തോടെ പറയട്ടെ; ബഹുമാനപ്പെട്ട മുഹമ്മദ് മദനി സാഹിബ് പറഞ്ഞ രണ്ട് വാദങ്ങളും അബദ്ധങ്ങളാണ്. ജുമുഅക്ക് വന്‍തിരക്കനുഭവപ്പെടുന്ന ലോകത്തിലെ ചില പള്ളികളിലെല്ലാം അല്‌പ സമയ വ്യത്യാസത്തില്‍ രണ്ടോ അതിലധികമോ ജുമുഅ നടന്നുവരുന്നുണ്ട്. അത് അദ്ദേഹം അറിയാതെ പോയതാണ്.
ബോംബെയില്‍ വി.ടി. സ്റ്റേഷനടുത്ത് ഫോര്‍ട്ടില്‍, ഹാന്റ്‌ലൂം ഹൌസിന് പിന്നില്‍ ബോംബെ റസ്റ്റോറന്റിനടുത്ത ജുമാമസ്‌ജിദില്‍ വെള്ളിയാഴ്‌ചകളില്‍ രണ്ട് ജുമുഅ നടക്കുന്നു. പത്ത് വര്‍ഷത്തിലധികമായി ഈ പള്ളിയില്‍ ഈ സമ്പ്രദായം നിലവില്‍ വന്നിട്ട്. മലയാളികള്‍ കൂടുതലുള്ള വി.ടിയിലെ ഈ പള്ളിയില്‍ സുന്നി മുജാഹിദ്, ജമാഅത്ത്, തബ്‌ലീഗ്, വിഭാഗങ്ങളിലുള്ള മുസ്ലിംകള്‍ അവരവരുടെ സമയത്തിനനുസരിച്ച് ജുമുഅ നിര്‍വഹിച്ചു വരുന്നു. ബോംബെയില്‍ മറാഠി മന്ദിരത്തിനടുത്തുള്ള ഒരു പള്ളിയില്‍ വെള്ളിയാഴ്‌ച 4 ജുമുഅ വരെ നടന്നുവരുന്നു.
അമേരിക്കയില്‍ പ്രസിഡണ്ട് ഒബാമയുടെ സ്റ്റേറ്റ് ആയ ഇല്ലിനോയിലെ ചിക്കാഗോ ടൌണ്‍ മസ്‌ജിദില്‍ ഹുദൈയില്‍ ഒരു മണിക്കും രണ്ടു മണിക്കും അരമണിക്കൂര്‍ വീതം ഖുത്തുബയോടെ 2 ജുമുഅ നമസ്‌കാരം നടക്കുന്നു.
ഡോ. സി.എ. അബ്‌ദുല്‍കരീം ലോകത്ത് ഒന്നില്‍ കൂടുതല്‍ ജുമുഅ നടക്കുന്ന ചില പള്ളികളിലെ നമസ്‌കാരത്തില്‍ പങ്കെടുത്ത വ്യക്തിയാണ്. (ഫോണ്‍ – 9387425767)
ഇമാം ഷൌകാനിയുടെ `നൈനുല്‍ അവ്‌താര്‍' എന്ന ഇസ്‌ലാമിക ഗ്രന്ഥം അത് അനുവദനീയമാണ് എന്നതിന് ധാരാളം തെളിവുകള്‍ നിരത്തുന്നു.
ഒന്നിലധികം ജുമുഅക്ക് ലോകത്ത് എവിടെയും മാതൃകയില്ല എന്ന മദനിയുടെ വാദം ശുദ്ധ അബദ്ധമാണ് എന്ന് കാണാം.
ജുമുഅക്ക് അല്‌പം താമസിച്ചു വരുന്നവര്‍ക്ക് ജുമുഅ നഷ്‌ടപ്പെട്ടാലും നമ്മുടെ ശാഠ്യം വിടില്ല എന്ന മനോഭാവം ആര്‍ക്കും ഭൂഷണമല്ല.'' (തെക്കേപ്പുറം ടൈംസ്, 2011 നവംബര്‍)
മേല്‍ പറഞ്ഞ പണ്‌ഡിതന്മാരില്‍ ഹുസൈന്‍ മടവൂര്‍ വിഭാഗത്തിനുള്ള ആശങ്ക നമുക്കു മനസ്സിലായി. കെ.ജെ.യു. പണ്‌ഡിതനാകട്ടെ വിഷയം പഠിക്കുന്നതില്‍ തികഞ്ഞ അനവധാനതയാണ് കാണിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ സ്വന്തം രാജ്യത്തെ നിലവിലുള്ള സംവിധാനത്തെക്കുറിച്ചുപോലും അദ്ദേഹത്തിന് അജ്ഞത ബാധിച്ചു!
ഇതുതന്നെയാണ് നോമ്പിലെ ഹറാമിനെ സംബന്ധിച്ച അതിപ്രധാനമായ വിഷയത്തില്‍ ഇരുവിഭാഗം പണ്‌ഡിതന്മാരും കാണിക്കുന്ന സമീപനവും. അതുകൊണ്ട് പണ്‌ഡിതന്മാര്‍ അവരുടെ കാര്യം നോക്കിക്കൊള്ളട്ടെ; വിശ്വാസികളായ നമ്മള്‍ അവരിലെ മാറ്റത്തിന് കാത്തുനില്‍ക്കരുത്. കാത്തുനിന്നാല്‍ ഖബറിലെയും പരലോകത്തേയും ജീവിതം ഇരുളടഞ്ഞതും ഭയാനകവുമാകും.
15 വയസ്സുകഴിഞ്ഞ ഓരോ വിശ്വാസിക്കും ഓരോ വര്‍ഷവും ഓരോ നോമ്പ് വീതം നഷ്‌ടപ്പെടുന്നു. അതു നോറ്റു വീട്ടാന്‍ ഖബ്‌റിലോ പരലോകത്തോ അവസരമില്ല. മരണം തൊണ്ടക്കുഴിയില്‍ എത്തും മുമ്പേ തെറ്റു തിരുത്തുക.
ഈ പരമ്പര നിങ്ങളില്‍ വല്ല മാറ്റവും വരുത്തിയിട്ടുണ്ടെങ്കില്‍ അവ ഫോട്ടോസ്റ്റാറ്റെടുത്ത് നിങ്ങളെ പോലെ ഉള്‍കൊള്ളാന്‍ തയ്യാറുള്ളവര്‍ക്കു നല്‍കണമെന്നഭ്യര്‍ത്ഥിക്കുന്നു. തര്‍ക്കിച്ചു ``ജയിക്കാന്‍'' വരുന്നവരെ മാന്യമായി വിട്ടേക്കുക.
സമസ്‌ത–മുജാഹിദ്–ജമാഅത്തു വിഭാഗം പണ്‌ഡിതന്മാര്‍ക്കും മാസപ്പിറവി വിഷയത്തില്‍ ഇടപെടാറുള്ള കോഴിക്കോട്ടെയും ഗള്‍ഫിലേയും മലയാളി സമ്പന്നര്‍ക്കും കോപ്പികള്‍ അയച്ചുകൊടുത്തിട്ടുണ്ട്. ഇ–മെയില്‍ വഴി മറ്റുള്ളവര്‍ക്കും അയക്കുന്നുണ്ട്. അല്ലാഹു നമ്മില്‍ നിന്ന് ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കുമാറാകട്ടെ – ആമീന്‍. ഈ പരമ്പര തല്‍ക്കാലം ഇവിടെ അവസാനിക്കുന്നു. ``വ ആഖിര്‍ ദഅ്‌വാനാ അനില്‍ ഹംദു ലില്ലാഹി റബ്ബില്‍ ആലമീന്‍''.
പി.സി. അബ്‌ദുല്‍ ലത്തീഫ്
റിട്ട. ബ്യൂറോ ചീഫ്, ചന്ദ്രിക
36/2807, റജബ്, വെസ്റ്റ് കല്ലായ്
മനന്തനപ്പാലം, കോഴിക്കോട് – 673 003
Mob : 9349734656, 0495-2306891
08-സെപ്തംബര്‍ -2012
–––––––––––––––––––––––––––––– –
No comments:
Post a Comment
Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.