Sunday, July 13, 2014

പെരുന്നാള്‍ നമസ്‌ക്കാരം ശവ്വാല്‍ 1 (27-07-2014)ഞായര്‍

http://www.hijracalendar.in/?p=1501


മാന്യ സഹോദരങ്ങളെ, അസ്സലാമു അലൈക്കും…..
കഴിഞ്ഞ ഏതാനും സംവല്‍സരങ്ങള്‍ക്ക് മുമ്പ്‌വരെ മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ നിലവാരം തീര്‍ത്തും മോശമായിരുന്നു എന്ന വസ്തുത നമുക്കറിയാമല്ലോ.! പ്രത്യേകിച്ച് സ്ത്രീ വിദ്യാഭ്യാസം നിഷിദ്ധമായിരുന്നു. എന്നാല്‍ കാലം മാറി. പുതിയ തലമുറകള്‍ കുറഞ്ഞതു നാലു ഭാഷകളെങ്കിലും സ്വായത്തമാക്കി. മുന്‍കാലങ്ങളില്‍ മുസ്‌ലീങ്ങളെ പൊതുവെ വിവരമില്ലാത്തവരും പഠിക്കാത്തവരുമായിട്ടായിരുന്നു മറ്റു സഹോദര സമുദായങ്ങള്‍ കണ്ടിരുന്നത്. ഈ അധ:പതനത്തിനു കാരണം ഇസ്‌ലാമിലെ പൗരോഹിത്യത്തിന്റെ അന്ധമായ ഫത്ത്‌വകളായിരുന്നു. മുന്‍കാലങ്ങളില്‍ പൗരോഹിത്യം നിഷിദ്ധമാക്കി ഫത്ത്‌വ കൊടുത്തിരുന്ന ചിലകാര്യങ്ങള്‍ സൂചിപ്പിക്കട്ടെ. സ്ത്രി വിദ്യാഭ്യാസം, സ്ത്രി പള്ളി പ്രവേശം, ഖുര്‍ആന്‍ ക്ലാസുകള്‍, ഖുത്തുബ പ്രാദേശിക ഭാഷയില്‍ നടത്തല്‍, അനാഥാലയങ്ങളുടെ നടത്തിപ്പ്, സംഘടിത ഫിത്‌റ് സക്കാത്ത് എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത ഫത്ത്‌വകളായിരുന്നു. ഇന്ന് സമൂഹം കുറെയൊക്കെ ഈ വക കാര്യങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുന്നു. ഇതുപോലെ തന്നെയാണ് ചന്ദ്രമാസം സ്വീകരിക്കുന്ന വിഷയത്തിലും പൗരോഹിത്യം ഫത്ത്‌വ നല്‍കി ജനങ്ങളെ വിഡ്ഡികളാക്കുന്നത്. എന്തെന്നാല്‍ ഇസ്‌ലാമിലെ ആദ്യമാസമായ മുഹറം മുതല്‍ ഒരു മാസം പോലും ചന്ദ്രനെ നോക്കാതിരിക്കുകയും നോമ്പ് അടുക്കാറാകുമ്പോള്‍ ഗ്രിഗോറിയന്‍ കലണ്ടറില്‍ ഒരു മൂലയില്‍ കാണുന്ന തീയതി നോക്കി ശഅ്ബാന്‍ 29ന് റമളാന്റെ ചന്ദ്രകല നോക്കാന്‍ ജനങ്ങളെ പത്രദ്വാര ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. ആരെങ്കിലും കണ്ടു എന്നു പറഞ്ഞാല്‍ കണ്ടതിന്റെ പിറ്റേദിവസം റമളാന്‍ ഒന്നാക്കി തീരുമാനിക്കുകയും ചെയ്യുന്ന വളരെ വികലമായ രീതിയാണ് നാം കാണുകയാണ്. ഇത് തനി അനിസ്‌ലാമികവും അശാസ്ത്രീയവും അപ്രായോഗീകവുമാണ്.ആയതിനാല്‍ ഇതിനെതിരെ ശബ്ദിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
പൗരോഹിത്യത്തെ എതിര്‍ത്ത് പോന്നിരുന്ന നവോത്ഥാനപ്രസ്താനങ്ങള്‍ മാസപിറവിയുടെ വിഷയത്തില്‍ ഇരുണ്ടയുഗത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്നതു കാണുക.
2014 ജൂണ്‍ 28-ാം തീയതി ശനിയാഴ്ച ഖാദിമാരുടെ കലണ്ടറില്‍ ശഅബാന്‍ 29.
2014 ജൂണ്‍ 28-ാം തീയതി ശനിയാഴ്ച മുജാഹിദ് (അല്‍മനാര്‍) കലണ്ടറില്‍ ശഅ്ബാന്‍ 30
2014 ജൂണ്‍ 28-ാം തീയതി ശനിയാഴ്ച മുജാഹിദ് (ശബാബ്) കലണ്ടറില്‍ റമളാന്‍ 1
മേല്‍ കാണിച്ച വൈരുദ്ധ്യം നിറഞ്ഞ സംഘടന കലണ്ടറുകളുടെ വക്താക്കള്‍ റമദാന്‍ 1 ഞായറാഴ്ചയും ആക്കി തീരുമാനിച്ചതിലെ ഔചിത്യം വായനക്കാര്‍ ചിന്തിക്കണമെന്ന് ഉണര്‍ത്തുകയാണ്. ഏത് മാനദണ്ഡത്തിലാണ് ഇവര്‍ കലണ്ടറുകള്‍ പ്രസിദ്ധീകരിക്കുന്നതെന്ന് വ്യക്തമാക്കണം. കാരണം ഇവിടെ മൂന്ന് സംഘടനകളുടെ കലണ്ടറുകള്‍ മൂന്ന് രീതിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
റമദാന്‍ എന്ന് ആരംഭിക്കണം, എന്ന് അവസാനിക്കും എന്ന് ഒരു മുസ്ലിമിന് പറയാന്‍ സാധിക്കണം. 1435ലെ ശഅ്ബാന്‍, കാഴ്ചയുടെ അടിസ്ഥാനത്തില്‍ തെറ്റിയപ്പോള്‍ റമദാനും തെറ്റി. മാസങ്ങള്‍ തെറ്റിക്കുന്നത് കുഫ്‌റിന്റെ വര്‍ദ്ധവാണ് എന്ന് ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു. (ഖു: 9.36/37).
1435 ലെ റമദാന്‍ (ഈ വര്‍ഷത്തെ) ധാരാളം രാജ്യങ്ങളില്‍ 28/6/2014 ശനിയാഴ്ചയാണ് ആരംഭിച്ചത്. കാരണം 28-6-2014 വള്ളിയാഴ്ച മാസം മാറ്റ നടക്കുന്ന ദിവസം (അമാവാസി, ന്യൂ മൂണ്‍ഡേ) ആയിരുന്നു എന്ന സത്യം എല്ലാ കലണ്ടറുകളും രേഖപ്പെടുത്തിയിട്ടുണ്ട്. അതു തന്നെയാണ് ഖുര്‍ആനും ഹദീസും ശരിവെക്കുന്നതും. അതിനാല്‍ പിറ്റേദിവസം 27-06-2014ന് റമദാന്‍ ഒന്നാകുന്നു. എന്നാല്‍ കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളും ഞായറാഴ്ചയും, തമിഴ്‌നാടു മുതല്‍ ഡല്‍ഹിവരെ തീങ്കളാഴ്ചയും ആയിരുന്നു. ഈ വിരോധാഭാസത്തിന് അറുതിവരുത്തേണ്ടത് മുസ്‌ലിംകളുടെ ബാധ്യതയാണ്.
ഖുര്‍ആനും സുന്നത്തും അനുസരിച്ചുള്ള പ്രകൃതിദത്തമായ അല്ലാഹുവിന്റെ കലണ്ടര്‍ ജനങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ ഈ തെറ്റില്‍നിന്നും മോചനം ലഭിക്കുകയുള്ളൂ. എന്നാല്‍ വിഷയം പഠിക്കാതെയും ചിന്തിക്കാതെയും അന്ധമായി ഇതിനെ എതിര്‍ക്കുന്നവരോട് ചോദിക്കുവാനുള്ളത് ‘നമസ്‌ക്കാര സമയം അറിയുവാനും നോമ്പ് തുറക്കുവാനും വാച്ചു നോക്കുവാന്‍ പ്രവാചകന്‍ പറഞ്ഞിട്ടുണ്ടോ’? ഇല്ലെങ്കില്‍ പിന്നെ എന്തുകൊണ്ടു കലണ്ടര്‍ സ്വീകരിച്ചുകൂട? ഇത് വായിക്കുന്നവര്‍ ചിന്തിക്കട്ടെ. എന്നാല്‍ കേരളത്തില്‍ പ്രസിദ്ധീകരിക്കുന്ന പത്തുകലണ്ടറുകള്‍ എടുത്താല്‍ പത്തിലും ഇസ്‌ലാമിക തീയതികള്‍ മാത്രം വിത്യസ്തമാണ്. ഇത്രയും പരിഹാസ്യവും അതേസമയം വളരെ ഗുരുതരവുമായ ഈ തെറ്റിനെതിരെ ശബ്ദിക്കുവാന്‍ ഇവിടുത്തെ മുസ്‌ലീങ്ങള്‍ക്ക് സാധിക്കുന്നില്ലായെന്നത് ഉത്തമസമുദായത്തെ സംബന്ധിച്ചിടത്തോളം ഖേദകരമാണ്.
ഈ റമദാന്‍ തെറ്റിച്ചതുപോലെ തന്നെ ഈ വരുന്ന പെരുന്നാളും തെറ്റിക്കുവാനുള്ള സാധ്യത കാണുന്നു. വ്യത്യസ്ഥ കലണ്ടറുകളില്‍ വ്യത്യസ്ഥമായി തീയതി രേഖപ്പെടുത്തിയിരിക്കുന്നു. 2014 ജൂലായ് 27ന് സൂര്യന്‍ അസ്തമിച്ച് 13 മിനിട്ട് കഴിഞ്ഞ് ചന്ദ്രന്‍ അസ്തമിക്കുന്നു എന്നുപറഞ്ഞാല്‍ 27-ാം തീയതി ശവ്വാല്‍ ഒന്ന് ആകുകയും വൈകുന്നേരം അസ്തമിക്കുകയും ചെയ്യുന്നു എന്നതാണ്. 2014 ജൂലൈ 27 ശവ്വാല്‍ 1ന് കിഴക്കന്‍ ചക്രവാളത്തില്‍ പ്രഭാതത്തിന്റെ ആദ്യകിരണങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ആദിവസം ആരംഭിച്ചുവെന്നര്‍ത്ഥം. അന്ന് സൂര്യന്റെ പിന്നാലെ കിഴക്ക് ചന്ദ്രനുദിക്കുകയും ഏതാണ്ട് 12 മണിക്കൂറിന് ശേഷം സൂര്യന്റെ പിന്നാലെ തന്നെ ചന്ദ്രന്‍ അസ്തമിക്കുകയും ചെയ്യുന്നു. എന്നാല്‍ മുസ്‌ലിം ജനത വിശ്വസിച്ചിരിക്കുന്നത് സൂര്യന്‍ കിഴക്കുദിക്കുകയും ചന്ദ്രന്‍ പടിഞ്ഞാറ് ഉദിക്കുകയും ചെയ്യുന്നുവെന്നാണ്. ഇത് ഗുരുതരമായ ഒരു തെറ്റായ വിശ്വാസമാണ്. എല്ലാ ഗ്രഹങ്ങളും കിഴക്കുദിക്കുകയും പടിഞ്ഞാറ് അസ്തമിക്കുകയുമാണ് ചെയ്യുന്നത്. അതുകൊണ്ട് അസ്തമിക്കുന്ന ചന്ദ്രനെയല്ല, ഉദിക്കുന്ന ചന്ദ്രനേയാണ് നീരീക്ഷിക്കേണ്ടത്. ഇതാണ് ഹിജറ കമ്മിറ്റിക്ക് ജനങ്ങളോട് പറയുവാനുള്ളത്. അതുമനസ്സിലാകണമെങ്കില്‍ നബി(സ) ചെയ്തത്‌പോലെ മാസങ്ങളുടെ അവസാന ദിവസങ്ങളില്‍ ചന്ദ്രനെ നിരീക്ഷിക്കണം. പക്ഷേ അന്നേ ദിവസം 13 മിനുട്ട് പ്രായമുള്ള ശവ്വാല്‍ ഒന്നിന്റെ അസ്തമിക്കുന്ന ചന്ദ്രനെയാണ് ഖാദിമാരും ഹിലാല്‍ കമ്മറ്റിക്കാരും ജനങ്ങളോട് നോക്കാന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ 13 മിനുട്ടു പ്രായമുള്ള അസ്തമന ചന്ദ്രനെ നഗ്നനേത്രങ്ങള്‍കൊണ്ട് കാണുക സാധ്യമല്ല എന്ന് ശാസ്ത്രം സംശയത്തിനിടനല്‍കാതെ പറയുന്നു. മുന്‍കാല പണ്ഡിതന്‍മാരും രേഖപ്പെടുത്തിയതും അതുതന്നെയാണ്. എന്നാല്‍ നിലവിലുള്ള രീതി ഇസ്‌ലാമുമായി ഒരു തരത്തിലും യോജിക്കുന്നതല്ല എന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുകയാണ്.
അതുകൊണ്ട് ഖുര്‍ആനും സുന്നത്തും അനുസരിച്ച് ശാസ്ത്രീയമായ ചന്ദ്രനിരീക്ഷണത്തിലൂടെ 27-07-2014ന് ശവ്വാല്‍ ഒന്നാകുന്നു എന്നത് കൃത്യമാണ്. അന്നേദിവസം നോമ്പ് ഉപേക്ഷിക്കണമെന്നും പെരുന്നാള്‍ ഉള്‍കൊള്ളണമെന്നും ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. സത്യം മനസ്സിലാക്കി അതനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ.

No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.