റമദാന്‍ ഒന്നിന് ഭക്ഷണം, ശവ്വാല്‍ ഒന്നിന് നോമ്പ് !!!!!
``ആകയാല്‍(സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ചു നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്‌ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്‌ടിവ്യവസ്ഥക്ക് യാതൊരു മാറ്റവുമില്ല. അതത്രെ ദീനുല്‍ ഖയ്യിം. പക്ഷെ മനുഷ്യരില്‍ അധികപേരും(സത്യം) മനസ്സിലാക്കുന്നില്ല(ഖുര്‍ആന്‍ 30:30).
അല്ലാഹുവിന്റെ സൃഷ്‌ടിവ്യവസ്ഥക്ക് യാതൊരു മാറ്റവുമില്ല. അതാണ് ദീനുല്‍ ഖയ്യിമു അഥവാ നേരായ എന്നെന്നും നിലനില്‍ക്കുന്ന അന്തിമ വിചാരണയില്‍ കണക്കു ബോധിപ്പിക്കേണ്ട ജീവിത വ്യവസ്ഥ. പക്ഷേ, ബഹുഭൂരിപക്ഷം മുസ്‌ലിംകളും സത്യം മനസ്സിലാക്കുന്നില്ല. ചൊവ്വാഴ്‌ച ശഅബാന്‍ അവസാനിക്കുകയും ബുധനാഴ്‌ച റമദാന്‍ ആരംഭിക്കുകയും ചെയ്‌തു എന്നതാണ് അല്ലാഹുവിന്റെ സൃഷ്‌ടിപ്പിലെ യഥാര്‍ത്ഥ വ്യവസ്ഥ. പക്ഷെ മനുഷ്യര്‍ ആ സത്യം മനസ്സിലാക്കാതെ വ്യാഴാഴ്‌ചയെയും വെള്ളിയാഴ്‌ചയെയും റമദാന്‍ ഒന്നാം തിയ്യതി ആക്കിയിരിക്കുന്നു. തീര്‍ച്ചയായും ഇത് ചോദ്യംചെയ്യപ്പെടുന്നതാണ്. മഹ്‌ഷറയില്‍ കണക്കു ബോധിപ്പിക്കേണ്ടിവരുന്നതുമാണ്. റമദാനില്‍ ഭക്ഷണം കഴിക്കുന്നതും പെരുന്നാളിന് നോമ്പെടുക്കുന്നതും ഹറാം ആണ്. അതു സംഭവിക്കാതിരിക്കാന്‍ വിശ്വാസികള്‍ സൂക്ഷ്‌മതയുള്ളവരായിരിക്കണം. മഴക്കാര്‍ മൂടിയാല്‍ 30 ദിവസം പൂര്‍ത്തിയാക്കണമെന്ന് ഹദീസിന് അര്‍ത്ഥം പറയുന്നവര്‍ നല്ല മഴക്കാറുള്ളപ്പോള്‍ ഹിലാല്‍ നോക്കാന്‍ ആഹ്വാനം ചെയ്യുകയും കല കണ്ടതായി സാക്ഷ്യമുണ്ടാക്കുകയും ചെയ്‌തു. പ്രമുഖ സ്വഹാബികള്‍ അലി(റ), ആയിശ(റ), ഇബ്‌നു ഉമര്‍(റ) തുടങ്ങിയവര്‍ ശഅബാന്‍ 29ന് ചന്ദ്രന്‍ മറയ്ക്കപ്പെട്ടാല്‍ അടുത്ത ദിവസം നോമ്പെടുക്കുകയാണ് ചെയ്‌തിരുന്നത് എന്ന കാര്യം ഇവര്‍ ജനങ്ങളില്‍ നിന്ന് മറച്ചുവയ്ക്കുന്നു. എന്നിട്ട് കല കാണാതെ തന്നെ കാര്യം നടത്തുന്നു.
ഖുര്‍ആനില്‍ നിന്നും തെളിവ് ലഭിച്ചാല്‍ ഹദീസ് പരിഗണിക്കേണ്ടതില്ലെന്നാണ് മുഹദ്ദിസീങ്ങളുടെ ഏകോപിച്ച അഭിപ്രായം. ഇവര്‍ ഖുര്‍ആനിലേക്ക് മടങ്ങാന്‍ തയ്യാറല്ല. ഹദീസ് മാത്രം പരിഗണിക്കുന്നു. എന്നു മാത്രമല്ല, ഹദീസ് മാത്രമേ പരിഗണിക്കൂ എന്നതാണ് അവസ്ഥ. ഇതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. ഖുര്‍ആനിലും കുറ്റമറ്റ ഹദീസുകളിലും കലകളുടെ സ്ഥാനവും സ്ഥിതിയും നോക്കി തിയ്യതി നിശ്ചയിക്കാനാണ് കല്‌പിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാലത്തെ പണ്ഡിതന്‍മാര്‍ ഒരിക്കലും ചന്ദ്രനെ കാണാത്ത മാസാവസാന ദിവസം കല `നോക്കുകയും കാണുകയും' ചെയ്യും. ഇത്തരം കാഴ്‌ചക്കാര്‍ക്ക് ഒരു അവാര്‍ഡ് കൊടുക്കാന്‍ ഹിജ്‌രി കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. അതിനാല്‍ ജൂലൈ 16ന് വ്യാഴാഴ്‌ച കാപ്പാട്ടോ, മാറാട്ടോ, കൂട്ടായിലോ മറ്റെവിടെയെങ്കിലുമോ മാസപ്പിറവി നോക്കി ചന്ദ്രക്കല കാണുന്നവര്‍ അതിന്റെ ഒരു ഫോട്ടോ എടുത്ത് കല കണ്ടയാളുടെയും സാക്ഷികളുടെയും അഡ്രസ് സഹിതം ഞങ്ങള്‍ക്ക് അയച്ചുതരുവാന്‍ അപേക്ഷ.
16.6.15 ചൊവ്വാഴ്‌ച 14 .05യു.ടി സമയത്തില്‍ മാസപ്പിറവി സംഭവിച്ചു. കേരളത്തിലും അറേബ്യയിലും സൂര്യനു മുമ്പെ ചന്ദ്രന്‍ അസ്‌തമിച്ചു. മക്കയ്ക്കു നേര്‍ തെക്ക് ആഫ്രിക്കന്‍ രാജ്യങ്ങളിലും അവിടെ നിന്നും പടിഞ്ഞാറു ദേശത്തേക്കും സൂര്യന് ശേഷമാണ് ചന്ദ്രന്‍ അസ്‌തമിച്ചത്. ഇതൊന്നും പരിഗണിക്കാതെ സൌദി അറേബ്യ പ്രാദേശികമായി തീരുമാനമെടുത്തു. ലോകം അവരുടെ കൂടെ നിന്നു. ജപ്പാന്‍ മുതല്‍ അമേരിക്കവരെയുള്ള 50 ലധികം രാജ്യങ്ങള്‍ സഊദിയെ അന്ധമായി പിന്‍പറ്റുന്നവരാണ്. അവര്‍ ആകാശത്തേക്ക് നോക്കുന്നതേയില്ല. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍, ശ്രീലങ്ക എന്നീ അഞ്ചു രാജ്യങ്ങള്‍ ഹിലാല്‍ കണ്ണുകൊണ്ട് കാണണമെന്ന വ്യവസ്ഥ വെക്കുകയും ആയത് സത്യസന്ധമായി നടപ്പില്‍ വരുത്തുകയും ചെയ്യുന്നതിനാല്‍ വെള്ളിയാഴ്‌ചയാണ് നോമ്പ് തുടങ്ങിയത്. ഇതിലൊന്നും പെടാതെ ലോകത്തെവിടെയും ഇല്ലാത്ത വ്യവസ്ഥവയ്ക്കുകയും ഭിന്നിച്ചു നടപ്പില്‍ വരുത്തുകയും ചെയ്യുന്ന കേരളത്തില്‍ വ്യാഴാഴ്‌ച നോമ്പു തുടങ്ങി. ഇതെങ്ങിനെ സംഭവിച്ചു എന്ന് ആരെങ്കിലും ചിന്തിച്ചോ? കേരളം ഇന്ത്യയില്‍പെട്ടതല്ലെ? എന്തേ കേരളത്തില്‍ മാത്രം ചന്ദ്രനെ കാണുന്നു?
സുന്നികള്‍ റജബ് 29ന് ശഅബാനിന്റെ കല നോക്കി. കാണാന്‍ സാധിച്ചില്ല. അതിനാല്‍ ഒരു ദിവസം വൈകി 20.5.15 ബുധനാഴ്‌ചയാണ് ശഅബാന്‍ തുടങ്ങിയത്. അതിനാല്‍ 17.6.15 ബുധനാഴ്‌ചയാണ് അവര്‍ക്ക് ശഅബാന്‍ 29. അന്ന് മാസപ്പിറവി നോക്കി, കാപ്പാട്ട് കണ്ടെന്നും പറഞ്ഞ് വ്യാഴാഴ്‌ച നോമ്പുതുടങ്ങി. എന്നാല്‍ ഉല്‍പ്പതിഷ്‌ണു വിഭാഗക്കാര്‍ ചെയ്‌തതോ? ജമാഅത്തെ ഇസ്‌ലാമിക്കാര്‍ തങ്ങള്‍ ഈ നാട്ടുകാരല്ല എന്ന ഭാവത്തില്‍ ഒളിച്ചു കളിതുടരുകയാണ്. മുജാഹിദ് വിഭാഗത്തില്‍ മര്‍ക്കസുദ്ദഅ്‌വക്കാര്‍ ഒരക്ഷരം മിണ്ടിയതായി കേട്ടിട്ടില്ല, കണ്ടിട്ടില്ല. ഹിലാല്‍ കമ്മിറ്റിയാണ് നേരത്തെ തന്നെ പ്രസ്ഥാവന ഇറക്കിയത്. 16.6.15 ചൊവ്വാഴ്‌ച ശഅബാന്‍ 29 ആണ്. അന്ന് ചന്ദ്രന്‍ നേരത്തെ അസ്‌തമിക്കുന്നതിനാല്‍ 30 ദിവസം പൂര്‍ത്തിയാക്കി വ്യാഴാഴ്‌ചയാണ് നോമ്പ് തുടങ്ങുക എന്നാണ് അവര്‍ അറിയിച്ചത്. സ്വാഭാവികമായും ജനങ്ങള്‍ക്ക് ഒരു സംശയമുണ്ടായിരുന്നു. ചൊവ്വാഴ്‌ച 29 ആവണമെങ്കില്‍ 19.5.15 ചൊവ്വാഴ്‌ച ശഅബാന്‍ തുടങ്ങേണ്ടതായിരുന്നില്ലേ? അതിന് 18.5.15 തിങ്കളാഴ്‌ച `മാസപ്പിറവി' ദര്‍ശിക്കണം. അന്ന് ന്യൂമൂണ്‍(അമാവാസി) ആയതിനാല്‍ ഹിലാല്‍ കാണുകയില്ല. ഹിലാല്‍ നോക്കാതെയും കാണാതെയും ശഅബാന്‍ തുടങ്ങിയതിന്റെ അടിസ്ഥാനമെന്താണെന്ന് മുജാഹിദ് സംഘടനകള്‍ ജനങ്ങളോട് വിശദീകരിക്കണം. അവിടെ കണക്കാണ് പരിഗണിച്ചതെങ്കില്‍ അത് നോമ്പിനും പെരുന്നാളിനും പറ്റില്ലെന്ന് പറയുന്നതെന്തുകൊണ്ട്? കണ്ണുകൊണ്ട് ഹിലാല്‍ കാണണമെങ്കില്‍ ഇവര്‍ അഹ്‌ലെ ഹദീസുകാരുടെയും മറ്റു ഇന്ത്യന്‍ മുസ്‌ലിംകളുടെ കൂടെ വെള്ളിയാഴ്‌ച മാത്രമേ റമദാന്‍ തുടങ്ങാവു. കള്ളക്കളികളിലൂടെ കേരള ജനതയെ കബളിപ്പിക്കുകയാണ് ഹിലാല്‍ കമ്മിറ്റി ചെയ്യുന്നത്. തങ്ങളുടെ തീരുമാനം ഒരു കോടിയോളം വരുന്ന വിശ്വാസികള്‍ ഹറാം ചെയ്യാന്‍ ഇടവരുത്തുമെന്നും ആയതിനാല്‍ വളരെയധികം സൂക്ഷ്‌മത പാലിക്കേണ്ടതുണ്ടെന്നും മാസപ്പിറവി തീരുമാനിക്കാന്‍ നിശ്ചയിക്കപ്പെട്ടവര്‍ മനസ്സിലാക്കുന്നില്ല.
നഷ്‌ടപ്പെട്ട നോമ്പ് നോറ്റുവീട്ടുക
റമദാന്‍ ഒന്നു ബുധനാഴ്‌ചയായിരുന്നു എന്ന് തുടര്‍ന്നുള്ള ദിവസങ്ങളിലെ അഹില്ല(ചന്ദ്രക്കലകള്‍) തെളിയിച്ചു. നമസ്‌കാരത്തിന് ഖളാഇല്ല. നോമ്പിന് ഉണ്ട്. ആയതിനാല്‍ വ്യാഴാഴ്‌ച നോമ്പു തുടങ്ങിയവര്‍ ഒരു നോമ്പ് നോറ്റ് വീട്ടേണ്ടതാണെന്ന് ഞങ്ങള്‍ ഉണര്‍ത്തുന്നു.
കാപ്പാടും ഖാദിമാരും ഗിന്നസ് ബുക്കിലേക്ക്
കാപ്പാട് എന്നൊരു കടപ്പുറമില്ലെങ്കില്‍ കേരള മുസ്‌ലിംകള്‍ കഷ്‌ടപ്പെട്ടുപോയേനെ. കല കാണുകയില്ലെന്ന് ശാസ്‌ത്രലോകം വിധിയെഴുതിയ ദിവസത്തിലും കാപ്പാട് മാസപ്പിറവി കാണും. ആരാണ് കണ്ടതെന്ന് ചോദിക്കരുത്. അത് നമ്മുടെ ഖാളിമാര്‍ക്കും ഹിലാല്‍ കമ്മിറ്റിക്കാര്‍ക്കും ഇഷ്‌ടപ്പെടില്ല. ഏതായാലും അമാവാസി ദിവസത്തിലും ചന്ദ്രക്കല കാണാന്‍ കഴിയുന്ന ഒരു ജനതയും സ്ഥലവും അതുവഴി മാസമുറപ്പിക്കുന്ന ഖാദിമാരും ഹിലാല്‍ കമ്മിറ്റിയും; ഏറ്റവും കൂടുതല്‍ തവണ മാസമുറപ്പിച്ചതിന്ന് ഗിന്നസ് ബുക്കില്‍ പേര്‍ ചേര്‍ക്കാന്‍ നടപടി സ്വീകരിക്കാവുന്നതാണ്. ഖാദിമാരുടെ ആഹ്വാനപ്രകാരം കാപ്പാട് പിറവി കാണാന്‍ പോയ ചില സഹോദരന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത് അവര്‍ ഹിലാലും കണ്ടിട്ടില്ല, ഹിലാല്‍ കണ്ടവരെയും കണ്ടിട്ടില്ല എന്നാണ്. കാപ്പാട് മാസപ്പിറവി കണ്ടാല്‍ ആദ്യം ഉറപ്പിക്കേണ്ടത് കാപ്പാട് ഖാസിയാണ്. അദ്ദേഹം മാസമുറപ്പിച്ചതായി കേട്ടിട്ടില്ല. അതെന്തുകൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഏതായാലും മാസപ്പിറവി കണ്ടില്ലെങ്കിലും കണ്ടവരെ കാണാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ആളെ പറഞ്ഞു തരേണ്ട ബാധ്യത ഖാദിമാര്‍ക്കുമുണ്ട്. ഇനിമുതല്‍ മാസപ്പിറവി കണ്ടാല്‍ പോര കാണുന്നവനെ ജനങ്ങള്‍ക്കും കാണണം.
ശവ്വാല്‍ പിറവിയും കാണുമോ?
കാപ്പാട് സഹായിച്ചാല്‍ ലോകത്തോടൊപ്പം ശവ്വാല്‍ ഒന്നിന് 17.07.15 വെള്ളിയാഴ്‌ച കേരളജനതക്കും പെരുന്നാളാഘോഷിക്കാം. 16.07.15 വ്യാഴാഴ്‌ച ആഗോള സമയം 01.24 ന് ന്യൂമൂണ്‍ എന്ന മാസപ്പിറവി സംഭവിക്കുന്നു. അതിനാല്‍ 17.07.15 വെള്ളിയാഴ്‌ച പെരുന്നാളാണ്. സൂര്യചന്ദ്ര അസ്‌തമയ വ്യത്യാസം നോക്കുന്ന കേരള ഹിലാല്‍ കമ്മിറ്റിയും ഖാദിമാരും 10 മിനുട്ടിന്റെ അസ്‌തമയ വ്യത്യാസം പരിഗണിച്ച് കാപ്പാട്ടേക്ക് നീങ്ങിയേക്കാം. അങ്ങിനെ ഇസ്‌ലാമില്‍ ഒരു ആരാധനയുടെ കാലം നിര്‍ണിയിക്കാന്‍ ഒരു കള്ളസാക്ഷ്യം കൂടി സൃഷ്‌ടിച്ചേക്കാം. സൂര്യനില്‍ നിന്നും 2 ഡിഗ്രി കോണകലവും 12 മണിക്കൂര്‍ പ്രായവുമുള്ള ചന്ദ്രനെ വ്യാഴാഴ്‌ച കാണാന്‍ സാധിക്കുകയില്ല. എങ്കിലും ഒരു പെരുന്നാള്‍ ശവ്വാല്‍ ഒന്നിനു തന്നെ ലോകത്തോടൊപ്പം ആചരിക്കാന്‍ `കാപ്പാടി'നെക്കൊണ്ട് സാധിപ്പിക്കേണമേ എന്നു പ്രാര്‍ത്ഥിക്കാം. ഇസ്‌ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയും തുര്‍ക്കിയും മലേഷ്യയും അടക്കം ഇരുപതോളം രാജ്യങ്ങളില്‍ പെരുന്നാള്‍ 17.7.15 വെള്ളിയാഴ്‌ചയാണെന്നു പ്രഖ്യാപിച്ചുകഴിഞ്ഞു. ഇവര്‍ കാഴ്‌ചയല്ല കാഴ്‌ചയുടെ കണക്കാണ് മാനദണ്ഡമാക്കുന്നത്. 29ന് അമാവാസി ദിവസം കല നോക്കുന്ന ഏര്‍പ്പാട് ഇവര്‍ ഉപേക്ഷിച്ചു കഴിഞ്ഞു. സഊദി അറേബ്യയിലും ഹിലാല്‍ കാണുകയില്ല. പക്ഷെ മക്കയില്‍ കലയുടെ സാന്നിധ്യം പരിഗണിച്ച് മാസമുറപ്പിച്ചാല്‍ അവരോടൊപ്പം 50ലധികം രാജ്യങ്ങളില്‍ കൂടി വെള്ളിയാഴ്‌ച പെരുന്നാളായിരിക്കും.
കലണ്ടറുകളും മാസപ്പിറവിയും
കലണ്ടറുകളാണ് ജനങ്ങളെ വഴിതെറ്റിക്കുന്നത്. സൂര്യനെ കേന്ദ്രമാക്കി ഭൂമിയുടെയും ചന്ദ്രന്റെയും ഭ്രമണവും ചലനവുമാണ് കാലനിര്‍ണയത്തിന്റെ മാനദണ്ഡം. ``വശ്ശംസു വല്‍ ഖമറുബിഹുസ്‌ബാന്‍'' സൂര്യനും ചന്ദ്രനും കണിശമായ കണക്കനുസരിച്ചാകുന്നു (55:05) എന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. പിന്നെ എങ്ങിനെയാണ് വിവിധ കലണ്ടറുകള്‍ക്ക് വ്യത്യസ്‌ത കണക്കുകള്‍ കിട്ടുന്നത്. ഇത് ശാസ്‌ത്രവിരുദ്ധവും നിയമവിരുദ്ധവുമാണ്. ഇന്ത്യാ ഗവണ്‍മെന്റിന് കീഴിലുള്ള ഡെഹ്‌റാഡൂണിലെ നാഷണല്‍ ഹൈഡ്രോഗ്രാഫിക് ഓഫീസ് പ്രസിദ്ധീകരിക്കുന്നു. `നോട്ടിക്കല്‍ അല്‍മനാക്' ആണു സൂര്യചന്ദ്രചലനങ്ങളുടെ ആധികാരിക രേഖ. ഇതില്‍ നല്‍കുന്നതാണ് യഥാര്‍ത്ഥ ചന്ദ്രമാസ തിയ്യതികള്‍. ഇതംഗീകരിച്ച് കലണ്ടറുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. പ്രസ്‌തുത ശാസ്‌ത്രരേഖയെ മുഖവിലക്കെടുക്കാതെ തങ്ങള്‍ക്ക് തോന്നിയപോലെ തിയ്യതികള്‍ നല്‍കുകയും പ്രായോഗികമായി അതു ലംഘിച്ച് തിയ്യതി നിശ്ചയിക്കുകയും ചെയ്യുന്ന മുസ്‌ലിം മതസംഘടനകളുടെ കലണ്ടര്‍ ഒരേസമയം ശാസ്‌ത്രവിരുദ്ധവും നിയമവിരുദ്ധവും ഖുര്‍ആന്‍ വിരുദ്ധവുമാണ്. അതിനാല്‍ ജനങ്ങള്‍ നോട്ടിക്കല്‍ അല്‍മനാക്കുമായി യോജിക്കുന്ന യഥാര്‍ത്ഥ ചന്ദ്രമാസ കലണ്ടര്‍ ആയ ഹിജ്‌രി കമ്മിറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിക്കുന്ന ഹിജ്‌രി കലണ്ടര്‍ മാത്രം മാനദണ്ഡമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കേരളത്തില്‍ പ്രസിദ്ധീകരിക്കുന്ന പൊതുകലണ്ടറുകളും സര്‍ക്കാര്‍ കലണ്ടറുകളും `നോട്ടിക്കല്‍ അല്‍മനാക്' മാനദണ്ഡമാക്കണമെന്ന് അപേക്ഷിക്കുന്നു. അതിന്നു കഴിയില്ലെങ്കില്‍ ഹിജ്‌രി തിയ്യതികള്‍ തങ്ങളുടെ കലണ്ടറില്‍ കൊടുക്കാതിരിക്കുകയെങ്കിലും ചെയ്യുക.
ഈദുല്‍ ഫിത്വര്‍ വെള്ളിയാഴ്‌ച
16.7.15 വ്യാഴാഴ്‌ച 01:24 യു.ടി. ക് ന്യൂമൂണ്‍ സംഭവിക്കുകയും പുതുമാസം പിറക്കുകയും ലോകത്തെവിടെയെങ്കിലും ഹിലാല്‍ പ്രത്യക്ഷമാവുകയും ചെയ്യുന്നതിനാല്‍ 17.7.15 വെള്ളിയാഴ്‌ച ശവ്വാല്‍ ഒന്നാം തിയ്യതിയും ഈദുല്‍ ഫിത്വറും ആയിരിക്കുന്നതാണ്. ഹിജ്‌രി കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഇന്ത്യയില്‍ പല സ്ഥലങ്ങളിലും പ്രധാനമായും കേരളത്തിലും തമിഴ്‌നാട്ടിലും ഇന്ത്യക്കുപുറത്ത് ശ്രീലങ്കയിലും ഈദുഗാഹുകള്‍ സംഘടിപ്പിക്കുന്നതാണ്. കേരളത്തില്‍ താഴെ കൊടുക്കുന്ന പ്രദേശങ്ങളില്‍ ഈദ്‌ഗാഹുകള്‍ ഉണ്ടായിരിക്കുന്നതാണ്.
1 കോഴിക്കോട് സ്‌നേഹാഞ്‌ജലി ഓഡിറ്റോറിയം കല്ലായ് റോഡ് രാവിലെ 8.00 9947002020
2 അരീക്കോട് ജിം ഓഡിറ്റോറിയം രാവിലെ 8.15 9447629291
3 വണ്ടൂര്‍ ഷറഫിയ ഓഡിറ്റോറിയം നിലമ്പൂര്‍ റോഡ്, വണ്ടൂര്‍ രാവിലെ 8.00 9446885696, 9447335501
4 മലപ്പുറം പ്രശാന്ത് ഓഡിറ്റോറിയം, സിവില്‍ സ്‌റ്റേഷന്‍ മുന്‍വശം രാവിലെ 8.00 8714157940, 9447537388
5 പൊന്നാനി ചന്തപ്പടി ഹാള്‍ രാവിലെ 8.00 9995877446
6 പാലക്കാട് മേലെ സ്‌ട്രീറ്റ്, പുതുനഗരം രാവിലെ 7.15 09746478675
7 ചാവക്കാട് വ്യാപാരഭവന്‍ രാവിലെ 8.00 9747404884
8 തൃശൂര്‍ എഞ്ചിനിയേഴ്സ് ഹാള്‍ , Near വെറ്റിനറി ഹോസ്‌പിറ്റലിന് രാവിലെ 7.30 9846009003, 9995719999
9 ആലുവ മുന്‍സിപ്പല്‍ ടൌണ്‍ഹാള്‍ രാവിലെ 8.00 9961839685
10 എറണാകുളം ടൌണ്‍ഹാള്‍ രാവിലെ 8.00 9605757190, 9037057190
11 തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം രാവിലെ 8.00 9447760646
ഹിജ്‌രി കമ്മിറ്റി ഓഫ് ഇന്ത്യ
കോഴിക്കോട് – 1
Ramadan 1436 (Jul 2015)
No comments:
Post a Comment
Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.