Monday, October 3, 2011

തഫ്‍ഹീമുല്‍ ഖുര്‍ആന്‍ വിശദീകരണങ്ങളില്‍ നിന്ന്

يَسْأَلُونَكَ عَنِ الْأَهِلَّةِ  ۖ قُلْ هِيَ مَوَاقِيتُ لِلنَّاسِ وَالْحَجِّ 

ചന്ദ്രന്‍റെ വൃദ്ധിക്ഷയസ്വഭാവങ്ങള്‍ മനുഷ്യര്‍ക്ക് തീയതികള്‍ തിട്ടപ്പെടുത്തുന്നതിന്‌ വി ഖു 2:189 വ്യഖ്യാനം 

(2:189) പ്രവാചകാ, ജനങ്ങള്‍ നിന്നോട് ചന്ദ്രന്റെ വൃദ്ധിക്ഷയസ്വഭാവങ്ങളെക്കുറിച്ചു ചോദിക്കുന്നു. പറയുക: `അത് മനുഷ്യര്‍ക്ക് തീയതികള്‍ തിട്ടപ്പെടുത്തുന്നതിനും ഹജ്ജിനുമുള്ള അടയാളങ്ങളാകുന്നു.198

198. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ എക്കാലത്തും ജനശ്രദ്ധയാകര്‍ഷിച്ച ഒരദ്ഭുത ദൃശ്യമാണ്. തല്‍സംബന്ധമായി പല ഊഹാപോഹങ്ങളും ആചാരങ്ങളും ജനസമുദായങ്ങളില്‍ നടപ്പില്‍ വന്നിട്ടുണ്ട്; ഇന്നോളം നടപ്പിലിരിക്കുന്നുമുണ്ട്. അതിനെപ്പറ്റിയുള്ള അന്ധവിശ്വാസങ്ങള്‍ അറബികളിലും നിലനിന്നിരുന്നു. ശുഭലക്ഷണങ്ങളും അവലക്ഷണങ്ങളും ചന്ദ്രനോട് ബന്ധിപ്പിക്കുക, തിയ്യതികളില്‍ ചിലത് ഭാഗ്യമുള്ളതും മറ്റു ചിലത് നഹ്സുള്ളതുമായി ധരിക്കുക, ഒരു പ്രവൃത്തി ആരംഭിക്കുന്നതിന്നും വിവാഹാടിയന്തിരത്തിന്നും മറ്റും നല്ല ദിവസവും ചീത്ത ദിവസവും അന്വേഷിക്കുക, ചന്ദ്രന്റെ ഉദയാസ്തമയം, വൃദ്ധിക്ഷയം, ചലനം, ഗ്രഹണം എന്നിവയുടെ പ്രത്യാഘാതം മനുഷ്യന്റെ ഭാഗ്യദൌര്‍ഭാഗ്യങ്ങളെ ബാധിക്കുമെന്ന് ധരിക്കുക തുടങ്ങിയ പലതരം അന്ധവിശ്വാസങ്ങള്‍ അജ്ഞരായ മറ്റു സമുദായങ്ങളിലെന്നപോലെ അറബികളിലും സ്ഥലംപിടിച്ചിരുന്നു. ഊഹാപോഹങ്ങളെ ആധാരമാക്കിയുള്ള പലവിധ ആചാരചടങ്ങുകള്‍ അവരില്‍ പ്രചാരത്തില്‍ വരികയും ചെയ്തിരുന്നു. ഈ വക സംഗതികളെക്കുറിച്ചാണ് നബി(സ)യോട് അവര്‍ അന്വേഷിച്ചിരുന്നത്. അതിന്നുത്തരമായി അല്ലാഹു അവരെ അറിയിക്കുന്നു: ഏറിയും കുറഞ്ഞുംകൊണ്ടിരിക്കുന്ന ഈ ചന്ദ്രന്‍ നിങ്ങളെസ്സംബന്ധിച്ചിടത്തോളം പ്രകൃതിയുടെ ഒരു പഞ്ചാംഗമാണ്. ആകാശത്തില്‍ അത് ഉദിച്ചുയര്‍ന്നുകൊണ്ട് ഭൂമുഖത്തുള്ള സകല ജനങ്ങള്‍ക്കും അവരുടെ തിയ്യതികളുടെ കണക്കറിയിച്ചുകൊടുക്കുന്നു. ഹജ്ജിനെ പ്രത്യേകം എടുത്തുപറഞ്ഞത് അറബികളുടെ മതപരവും നാഗരികവും സാമ്പത്തികവുമായ ജീവിതത്തില്‍ ഹജ്ജിന്ന് മറ്റെല്ലാറ്റിനെക്കാളും പ്രാധാന്യമുണ്ടായിരുന്നതുകൊണ്ടാണ്. കൊല്ലത്തില്‍ നാല് മാസം ഹജ്ജും ഉംറയുമായി ബന്ധപ്പെട്ടവയുമായിരുന്നു. ആ മാസങ്ങളില്‍ യുദ്ധം നിര്‍ത്തപ്പെടുന്നതും വഴികള്‍ സുരക്ഷിതമാകുന്നതുമാണ്. സമാധാനം കൈവരുന്നതു കാരണം കച്ചവടത്തിന്നും അക്കാലത്ത് കൂടുതല്‍ അഭിവൃദ്ധിയുണ്ടായിത്തീരുന്നു.
------------------------
സൂര്യനും ചന്ദ്രനും കണക്കിനു വിധേയമാകുന്നു.4   
അര്‍ റഹ്മാന്‍ 55: 4

4. അതായത്, ഈ മഹാഗോളങ്ങള്‍ അലംഘനീയമായ നിയമത്താലും സുഭദ്രമായ വ്യവസ്ഥയാലും ബന്ധിക്കപ്പെട്ടിരിക്കുന്നു. അതുവഴിയാണ് മനുഷ്യര്‍ സമയവും ദിനരാത്രങ്ങളും തിയ്യതികളും ഋതുഭേദങ്ങളും ഗണിച്ചുവരുന്നത്. സൂര്യന്റെ ഉദയാസ്തമയങ്ങള്‍ക്കും വ്യത്യസ്ത മണ്ഡലങ്ങളിലൂടെയുള്ള കടന്നുപോക്കിനും നിശ്ചയിക്കപ്പെട്ടിട്ടുള്ള നിയമങ്ങളില്‍ യാതൊരു മാറ്റവും ഉണ്ടാകുന്നില്ല. സൂര്യചന്ദ്രന്‍മാര്‍ ഭൂമിയില്‍നിന്ന് ഒരു നിശ്ചിത ദൂരം കണക്കാക്കി സ്ഥാപിക്കപ്പെട്ടതുകൊണ്ടും ആ ദൂരത്തില്‍ സവിശേഷക്രമത്തില്‍ കൃത്യമായി അളന്നുമുറിച്ച ഏറ്റക്കുറവുകളുണ്ടാകുന്നതുകൊണ്ടുമാണ് ഭൂമിയിലെ കണക്കറ്റ ജന്തുജാലങ്ങള്‍ക്ക് ഇവിടെ ജീവിക്കാന്‍ കഴിയുന്നത്. ഗ്രഹങ്ങള്‍ തമ്മിലുള്ള അകലം യാതൊരു വ്യവസ്ഥയുമില്ലാതെ ഏറുകയും കുറയുകയും ചെയ്തുകൊണ്ടിരുന്നുവെങ്കില്‍ ഭൂമിയില്‍ ഒരു ജന്തുവിനും ജീവിക്കാനേ കഴിയുമായിരുന്നില്ല. ഇതേപോലെ ഭൂമിയുടെ കറക്കവും സൂര്യചന്ദ്രന്‍മാരുടെ ചലനവും തമ്മില്‍ തികഞ്ഞ സാപേക്ഷത നിലനിര്‍ത്തപ്പെട്ടിരിക്കുന്നു. അതുവഴിയാണ് ചന്ദ്രന്‍ ഒരാഗോള കലണ്ടറായിത്തീര്‍ന്നത്. രാത്രിതോറും അത് മുഴുലോകത്തിനും ചാന്ദ്രവര്‍ഷത്തിയ്യതികള്‍ വെളിപ്പെടുത്തിക്കൊടുക്കുന്നു. 
------------------------------------------------------
 

No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.