ഇസ്ലാമിക മാസനിര്‍ണ്ണയുമായി ബന്ധപ്പെട്ട് വിവിധ പണ്ഡിതര്‍ക്ക് അയച്ചു കൊടുത്ത ചോദ്യാവലിക്ക് ജനാബ് അലി മാണിക്‍ഫാന്‍ നല്‍കിയ മറുപടി.
Q1-Time keeping അഥവാ കാലനിര്‍ണ്ണയത്തിന് ഉതകുന്ന ഇസ്‍ലാമിക നിര്‍ദ്ദേശങ്ങള്‍ എന്തെങ്കിലും ഉണ്ടോ? മുസ്‍ലിംകള്‍ക്ക് സ്വന്തമായ ഒരു ക്രമീകരണം ഇക്കാര്യത്തില്‍ ആവശ്യമുണ്ടോ? അതല്ല പൊതു സമൂഹം സ്വീകരിക്കുന്ന ഇംഗ്ലീഷ് കലണ്ടര്‍ നമ്മള്‍ പിന്‍തുടര്‍ന്നാല്‍ മതിയോ?
A1 – ഇസ്ലാം ലോകമാസകലം ഉള്ള ജനങ്ങള്‍ക്കു നേര്‍വഴി കാണിക്കുവാനായി അല്ലാഹു അയച്ച മാര്‍ഗ്ഗമാണ്. സമ്പൂര്‍ണ്ണമായ ഈ മാര്‍ഗ്ഗത്തില്‍ എല്ലാ വിഷയങ്ങളിലും മാര്‍ഗ്ഗദര്‍ശനമുണ്ട്. ഇന്നു ലോകം കാലഗണനക്കായി അംഗീകരിച്ച ഗ്രിഗോറിയന്‍ കലണ്ടര്‍ തെറ്റുകള്‍ അടങ്ങിയതും കൃത്യമായ കാലഗണനക്കു ഉചിതമല്ലാത്തതുമാണ് എന്നു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു 1954 ല്‍ പ്രസ്‌താവിച്ചിരുന്നു. ഈ വാര്‍ത്ത `ദ ഹിന്ദു' പത്രം പ്രസിദ്ധീകരിച്ചിരുന്നു. (Nehru Advocates National Calendar - dated, February 22, 1953 -The HINDU News Paper ). ഇസ്ലാം ഖുര്‍ആനിലൂടെ ജനങ്ങള്‍ക്കായി വിശദീകരിച്ച കലണ്ടര്‍ പ്രചാരത്തില്‍ വരുത്തേണ്ടത് മുസ്ലിംകളുടെ ബാധ്യതയാണ്. അതുകൊണ്ട് തന്നെ പൊതു സമൂഹം സ്വീകരിക്കുന്ന ഇംഗ്ലീഷ് കലണ്ടര്‍ അന്ധമായി പിന്തുടരുന്നതു ശരിയാകുകയില്ല.
ചന്ദ്രന്റെ അടിസ്ഥാനത്തിലുള്ളതല്ലാത്ത എല്ലാ കലണ്ടറുകളും കൃത്രിമമാണ്. അവ കാലചക്രവുമായി ഒത്തു വരികയില്ല. കുറെ കാലം കഴിയുമ്പോള്‍ ദിവസങ്ങള്‍ ആ കലണ്ടറുകളില്‍ കൂട്ടുകയോ കുറക്കുകയൊ ചെയ്യേണ്ടി വരും. എന്നാല്‍ ചന്ദ്രന്‍റെ അടിസ്ഥാനത്തില്‍ ഉള്ള കലണ്ടറില്‍ അത് സംഭവിക്കുന്നില്ല. ഒരു ഉദാഹരണം കൊണ്ടു ഇക്കാര്യം വ്യക്തമാക്കാം.
ഹിജ്‌റ വര്‍ഷം തുടങ്ങിയത് 15–7–622 AD (വ്യാഴം) ആണ്. അതു 1–1–1 H ആണ്. അന്നു മുതല്‍ 20–12–1432H വരെ എത്ര ദിവസങ്ങള്‍ കടന്നു പോയി എന്ന് ഹിജ്റ കലണ്ടര്‍ പ്രകാരവും, AD പ്രകാരവും നോക്കാം.
(20–12–1432H) - (1–1–1H)=19–11–1431. (15–11–2011AD)–(15–7–622AD)= 00–4–1389. ഇനി ഇതിനെ ദിവസങ്ങളായി മാറ്റണം. ഹിജ്‌റ കണക്കു പ്രകാരം (1431 x 354.3671)+(11 x 29.53)+19=(507099.32+324.83+19)=507443.15 ദിവസങ്ങള്‍.
ഇനി AD പ്രകാരം എത്ര കിട്ടുന്നു എന്നു നോക്കാം. കിട്ടുന്ന തുക ഒരുപോലെ ആകേണ്ടതാണല്ലോ. 1389 x 365.25=507332.25+4 x 30.43=121.72. ആകെ 507453.97 അഥവാ 507454ദിവസം, രണ്ടും തമ്മില്‍ വ്യത്യാസം 11 ദിവസം.
Q2 -Time keeping അഥവാ കലണ്ടര്‍, അതിന്‍റെ ലക്ഷ്യം നിര്‍വ്വഹിക്കാന്‍ പ്രാപ്‍തമാകണമെങ്കില്‍ അതിലെ ഒരു ദിവസത്തെക്കുറിക്കാന്‍ ഒരു തിയതിയോ, അല്ലെങ്കില്‍ ഒരു തിയതിയുള്ള ഒരു ദിവസമോ ആണ് ഉണ്ടായിരിക്കേണ്ടത്. ഇസ്‍ലാമിക കലണ്ടറില്‍ ഇക്കാര്യം എപ്രകാരം കൈകാര്യം ചെയ്യപ്പെടുന്നു. അതില്‍ ഒരു തിയതിയുള്ള പല ദിവസങ്ങള്‍ വരുന്നത് സാധാരണമാണ്. അപ്പോള്‍ ആ കലണ്ടര്‍ അത് എന്തിനു വേണ്ടിയാണോ ഉണ്ടാക്കപ്പെട്ടത്, ആ ലക്ഷ്യം നിര്‍വ്വഹിക്കുന്നുണ്ടോ? ഇസ്‍ലാമിക കലണ്ടര്‍ അടിസ്ഥാനപ്പെടുത്തി ലോകത്ത് മുഴുവന്‍ ഒരു തിയതിയുള്ള ഒറ്റ ദിവസം ആക്കാന്‍ കഴിയുമോ? അത് പ്രായോഗികമാണെങ്കില്‍ എങ്ങിനെ, അപ്രായോഗികമാണെങ്കില്‍ എന്തു കൊണ്ട് എന്ന് വിശദീകരിക്കാമോ?
A2 – മുസ്ലിം ലോകത്ത് കടന്നു വന്ന ഒരു അന്ധ–വിശ്വാസമാണ് ഒരു തീയതി മൂന്നു ദിവസങ്ങള്‍ക്ക് ഉണ്ടാകാം എന്നത്. അതായത്, ഈദുല്‍ ഫിത്വര്‍ ശവ്വാല്‍ ഒന്നാം തിയതി ആചരിക്കേണ്ട ഒരു കര്‍മമാണ്.എന്നാല്‍ ഇക്കാലത്ത് ശവ്വാല്‍ ഒന്ന് ശനിയാഴ്ച്ചയും, ഞായറാഴ്ച്ചയും, തിങ്കളാഴ്ച്ചയും സംഭവിക്കുന്നു. പൊതുജനവും, പണ്ഡിതന്മാരും പറയുന്നു ആ മൂന്ന് ദിവസവും ശവ്വാല്‍ ഒന്ന് എന്ന ഒരു തിയതിയെയാണ് കുറിക്കുന്നതെന്ന്. ഗ്രിഗോറിയന്‍ കലണ്ടറിലെ ഒരു തിയതിക്ക് 3 ദിവസങ്ങള്‍ ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് അറിവില്ലായ്‍മയായി കാണുന്ന അതേ സമൂഹം, ഇസ്ലാമിക കലണ്ടറിലെ ഒരു തിയതിക്ക് 3 ദിവസമെന്ന് പറഞ്ഞാല്‍ അതാണ് "അറിവ്" എന്ന് കരുതുകയും ചെയ്യുന്ന വൈരുദ്ധ്യമാണിവിടെ. ശവ്വാല്‍ ഒന്നാം തിയതി ശനിയാഴ്‌ച ആണെങ്കില്‍ ലോകം മുഴുവനും അതു ശനിയാഴ്‌ച തന്നെയാവണം എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ദീനുല്‍ ഇസ്ലാം വളര്‍ന്നു വന്ന ആദ്യ മൂന്ന് നൂറ്റാണ്ടുകള്‍ക്കു ശേഷം വന്ന കാലഘട്ടങ്ങളില്‍ കുറെ തെറ്റായ നടപടി ക്രമങ്ങള്‍ ഇസ്ലാമില്‍ കടന്നു വന്നു. ഖുര്‍ആന്‍ വായിക്കാന്‍ പോലും ജനങ്ങള്‍ക്ക് അറിയാതിരുന്ന കാലവുമുണ്ടായിട്ടുണ്ട്. ഇപ്പോള്‍ അല്ലാഹുവിന്റെ കാരുണ്യത്താല്‍ അന്ധകാരം മെല്ലെ മെല്ലെ നീങ്ങുന്നതായി കാണുന്നുണ്ട്.
ഖുര്‍ആന്‍ പറയുന്നു: ``ജനങ്ങള്‍ ചന്ദ്രന്റെ കലകളെപ്പറ്റി ചോദിക്കുന്നു. പറയുക അവ ജനങ്ങള്‍ക്കും ഹജ്ജിനും തിയതികള്‍ ആകുന്നു''. (വി.ഖു 2:189). ഇതില്‍ നിന്ന് ചന്ദ്രന്റെ മാറിവരുന്ന കലകള്‍ ജനങ്ങള്‍ക്കു അവരുടെ ആവശ്യങ്ങള്‍ക്കും ഹജ്ജിനും തിയതി കാണിക്കുകയാണെന്നു മനസ്സിലാക്കാം. എഴുത്തും വായനയും ഇല്ലാതിരുന്ന ആ ജനത ചന്ദ്രക്കലകളെ നോക്കി തിയതികള്‍ മനസ്സിലാക്കി. നാമിന്നു തിയതി മറന്നു പോയാല്‍ കലണ്ടര്‍ നോക്കുന്നതു പോലെയാണ് ഇത്. എന്നാല്‍ നാമിന്നു കരുതുന്നത് ആദ്യം കാണുന്ന ഹിലാല്‍ മാത്രം നോക്കിയാല്‍ മതിയെന്നാണ്. ഒന്നു മുതല്‍ 29/30 ദിവസങ്ങളെ അവര്‍ എങ്ങിനെയാണ് ഓര്‍ക്കുക? ഹിലാല്‍ കണ്ടാല്‍ മാസം തുടങ്ങി എന്ന തെറ്റായ ചിന്താഗതി മൂന്ന് ദിവസം മാസാരംഭത്തെ കുറിക്കുന്ന അബദ്ധ ധാരണയിലേക്ക് ജനങ്ങളെ കൊണ്ടുപോയി. ചിലര്‍ ഹിലാലിനെ ശനിയാഴ്‌ച കാണുന്നു. ഞായറാഴ്‌ച അവര്‍ക്കു ഒന്നാം തിയതിയാണ്. ചിലര്‍ അതിനെ ഞായറാഴ്‌ച്ച കാണുന്നു. അവര്‍ക്കു തിങ്കളാഴ്‌ച ഒന്നാം തിയതിയാണ്. മറ്റു ചിലര്‍ തിങ്കളാഴ്‌ച അതിനെ കാണുന്നു. അവര്‍ക്കു ചൊവ്വാഴ്‌ച ഒന്നാം തിയതിയാണ്. ഇങ്ങിനെ ഒരു മാസത്തിന്റെ ആരംഭം പല ദിവസങ്ങളിലായി കുറിക്കുന്നു. അന്യോന്യം അറിയുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇല്ലാതിരുന്ന കാലത്തു ഇതു ആവര്‍ത്തിച്ചു പോന്നതിനാല്‍ ഇപ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്ന നാമും അതു അങ്ങിനെ തന്നെയാവണം എന്നു അന്ധമായി വിശ്വസിക്കുന്നു. ഒരു ദിവസം രണ്ടോ മൂന്നോ തിയതികള്‍ ആകുകയാണെങ്കില്‍ അതു പ്രായോഗികമാകുകയില്ല എന്നതു ആര്‍ക്കാണ് അറിയാത്തത്?
ഒരു ദിവസം ചന്ദ്രന്നു ആകാശത്തില്‍ ഒരു സ്ഥാനവും, ഒരു കലയും ഉണ്ട്. അത് രണ്ട് ദിവസം വരെ ഒരു സ്ഥാനത്തോ ഒരു പോലെയോ മാറ്റമില്ലാതെ തുടരുകയില്ല. അപ്പോള്‍ ചന്ദ്രമാസത്തിയതി രണ്ടോ മൂന്നോ ദിവസം വരെ മാറാതിരിക്കുകയില്ല എന്നത് ഉറപ്പാണ്. പിന്നെ എങ്ങിനെയാണ് ശവ്വാല്‍ ഒന്നാം തിയതി ആചരിക്കേണ്ട ഈദുല്‍ ഫിത്വര്‍ മൂന്നു ദിവസങ്ങളിലായി ആചരിക്കുക?
Q3 - മാസാരംഭത്തെ പറ്റിയുള്ള ഇസ്‍ലാമിക നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ്? അഹില്ലയെ അടിസ്ഥാനമാക്കിയിരിക്കുന്നു, ഗുമ്മ ആയാല്‍, എണ്ണം കണക്കാക്കുക തുടങ്ങിയ പദങ്ങള്‍ വിശദീകരിക്കാമോ?അഹില്ല, മനാസില്‍ എന്നീ ഖുര്‍ആന്‍ ഉപയോഗിച്ച പദങ്ങളെ വിശദീകരിക്കാമോ? അതിന് സമാനമായ ശാസ്ത്രീയ പദങ്ങള്‍ ഉണ്ടോ? അഹില്ലയും മനാസിലും അടിസ്ഥാനമാക്കി എങ്ങനെയാണ് കാലനിര്‍ണ്ണയം നടത്തുക. റുഅയ എന്നതിന് നഗ്നനേത്രകാഴ്‍ച്ച എന്നു മാത്രമേ അര്‍ത്ഥമുള്ളൂ എന്നുണ്ടോ? ഖുര്‍ആനില്‍ തന്നെ റഅ എന്ന പദം അറിയുക എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഭൂമിയിലെ ആദ്യത്തെ ചന്ദ്രപ്പിറവിയെ കണ്ണുകൊണ്ട് കണ്ടില്ലെങ്കിലും "ശാസ്ത്രത്തിലൂടെ അറിഞ്ഞാല്‍" മതി എന്നുമുള്ള വാദം സുന്നത്തിന് വിരുദ്ധമാണോ?
A3 – ചന്ദ്രക്കലകള്‍ തിയതി കുറിക്കുന്നുവെന്ന് ഖുര്‍ആന്‍ നമ്മെ അറിയിച്ചു. അതു നോക്കിയാല്‍ തിയതി അറിയും. ചന്ദ്രന് മനാസില്‍ നിര്‍ണ്ണയിച്ചതു നിങ്ങള്‍ ചന്ദ്ര പ്രായത്തിന്റെ എണ്ണവും (തിയതി) കണക്കും അറിയുവാന്‍ വേണ്ടിയാണ് എന്ന് വി.ഖു 10:5 ല്‍ അല്ലാഹു അറിയിച്ചു. മാസങ്ങള്‍ 29 ഓ 30 ഓ ആണെന്നു റസൂല്‍ (സ) പഠിപ്പിച്ചു. കലകളുമായി ബന്ധമുള്ള 30 ഓ 29 ഓ ഉള്ള മാസം ശാസ്‌ത്രത്തില്‍ സിനോഡിക് ലൂണാര്‍ മാസം ആണ്. ഇതു ഒരു കണ്‍ജക്ഷന്‍ (സൂര്യ-ചന്ദ്ര സമാഗമം) മുതല്‍ അടുത്ത കണ്‍ജക്ഷന്‍ വരെയാണ്. ഇതു തന്നെയാണ് ഖുര്‍ആന്‍ പറയുന്ന ചന്ദ്ര മാസവും.
`റുഇയ' എന്നാല്‍ ദൃശ്യം (view) ആണ്. ചന്ദ്രന്റെ ദൃശ്യത അനുസരിച്ചു മാസം തുടങ്ങാനാണ് റസൂല്‍ കല്പിച്ചത്. ഹിലാല്‍ കണ്ടാല്‍ മാസം തുടങ്ങുന്ന തെറ്റായ മാര്‍ഗ്ഗം റസൂല്‍ പഠിപ്പിച്ചതല്ല. റസൂലും സഹാബത്തും ഒരിക്കലും അതിനെ നോക്കാന്‍ പോയിട്ടില്ല എന്നത് തന്നെ അവര്‍ സ്വീകരിച്ച രീതി അതായിരുന്നില്ല എന്നതിന് തെളിവാണ്. മാസാവസാന ദിവസം സൂര്യോദയത്തിനു അല്‍പം മുന്‍പു ഉദിക്കുന്ന ചന്ദ്രന്‍ സൂര്യാസ്‌തമയത്തിനു ശേഷം അസ്‌തമിക്കുന്നു. അന്നു ഉദിക്കുന്ന ചന്ദ്രനെയോ അസ്‌തമിക്കുന്ന ചന്ദ്രനെയോ കാണുകയില്ല. അതാണു ചന്ദ്രന്‍ മറയുന്ന ദിവസം (ഗുമ്മ ആകുന്ന ദിവസം- അമാവാസി). പിറ്റേ ദിവസം സൂര്യന്‍ ഉദിച്ചതിനു ശേഷം ചന്ദ്രന്‍ ഉദിക്കും. സൂര്യന്‍ അസ്‌തമിച്ചാല്‍ ബാലചന്ദ്രനെ കാണാം. അതു മാസത്തിന്റെ ഒന്നം തിയതിയാണ്. ഹിലാല്‍ കണ്ടിട്ടു മാസം തുടങ്ങുന്ന തെറ്റായ രീതി ജൂതന്മാരുടേതാണ്. ഈ തെറ്റായ രീതി റസൂല്‍ (സ) അംഗീകരിച്ചിട്ടില്ല.
ഖുര്‍ആന്‍ പിന്നെയും മാര്‍ഗ്ഗ ദര്‍ശനം നല്‍കി. ``ചന്ദ്രന്നു നാം മനാസില്‍ നിര്‍ണ്ണയിച്ചു. അതു 'ഉര്‍ജൂനുല്‍ ഖദീം' പോലെ ആയി മടങ്ങി എത്തുന്നു. സൂര്യനു ചന്ദ്രനെ മറികടക്കുവാന്‍ പറ്റുകയില്ല. രാത്രി പകലിന്റെ മുന്നോടിയുമല്ല. അവ എല്ലാം അതതിന്റെ പാതയില്‍ നീന്തുകയാണ്''. (വി.ഖു 36:39). എത്ര എളുപ്പമായ മാര്‍ഗ്ഗമാണ് അല്ലാഹു പറഞ്ഞു തരുന്നത്? ഉര്‍ജ്ജൂനുല്‍ ഖദീം പോലുള്ള ചന്ദക്കലയെ നാം കാണുന്നതു എപ്പോഴാണെന്നു നോക്കി മനസ്സിലാക്കാം. മാസാവസാനത്തിനു 3, 4 ദിവസങ്ങള്‍ക്കു മുമ്പു നോക്കുകയാണെങ്കില്‍ ഇതു എപ്പോള്‍ കാണുമെന്ന് അനുമാനിക്കാവുന്നതാണ്. ഉദയത്തിനു മുമ്പു ഉയരത്തില്‍ കാണുന്ന ചന്ദ്രക്കല ദിവസം തോറും സൂര്യനോട് അടുത്തു വരുന്നതായി കാണും. മാസം അവസാനിക്കുന്നതിനു ഒരു ദിവസം മുമ്പു ഈ നേരിയ കല സൂര്യോദയത്തിനു മുമ്പു കാണാവുന്നതാണ്. ഇത് അടുത്ത ദിവസം കാണുകയില്ല എന്നതു നോക്കുന്നവര്‍ക്കു ഉറപ്പാകും. അതു ചന്ദ്രന്‍ മറയുന്ന നാളായ മാസത്തിന്റെ അവസാന ദിവസമാണ്. അടുത്ത ദിവസം ഒന്നാം തിയതി ആയിരിക്കും. ഖുര്‍ആന്‍ പഠിപ്പിക്കുന്ന ഈ മാര്‍ഗം ശരിയായതും ലളിതമായതുമാണ്.
''മനാസിൽ'' എന്നാൽ സ്ഥാനം എന്നർത്ഥം. അതിനെ ശാസ്ത്രീയ ഭാഷയിൽ തിഥി അഥവാ Elongation എന്നു പറയുന്നു. ഇതു ഒരു ദിവസത്തിൽ ചന്ദ്രൻ സൂര്യനുമായി അകലുകയോ അടുക്കുകയോ ചെയ്യുന്ന (കോൺ)അകലമാണ്. അകലുന്നതിനെ waxing phase എന്നു ഇംഗ്ളീഷിലും “മനാസിലുൽ ഇജ്തിമാഇയ്യ” എന്നു അറബിയിലും; അടുക്കുന്നതിനെ waning phase എന്നു ഇംഗ്ളീഷിലും “മനാസിലുൽ ഇസ്തിഖ്ബാലിയ്യ” എന്നു അറബിയിലും പറയുന്നു. നിരീക്ഷണം നഗ്ന നേത്രം കൊണ്ട് തന്നെയാണ്. പക്ഷെ ചിലരൊക്കെ കരുതുന്ന മാതിരി ആദ്യത്തെ ചന്ദ്രക്കല കണ്ടു പിടിക്കുക എന്നതല്ല മാസ തുടക്കത്തിന്റെ ആധാരം. അങ്ങിനെ ചെയ്യുന്നതിൽ യാതൊരു ഫലവുമില്ല. അതുകൊണ്ടു മാസ തുടക്കം കണ്ടുപിടിക്കുക സാധ്യവുമല്ല.
മാസവസാന ദിവസം സൂര്യൻ ആദ്യം അസ്തമിക്കും. അതിനു ശേഷം ചന്ദ്രനും. അന്നത്തെ ചന്ദ്രക്കല കാണുക സാധ്യമല്ല, അതു അറിയാനേ പറ്റുകയുള്ളൂ. അതിനെ കാണുമോ എന്നു നോക്കുന്നത് വെറും പാഴ്വേലയാണ്. ബഹു ഭൂരിപക്ഷം ജനങ്ങളും ചെയ്യുന്നത് അതാണ്. അതു മാസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന നിരീക്ഷണം കൊണ്ടോ, കണക്കു കൊണ്ടോ അറിയാമെന്നല്ലാതെ കണ്ണുകൊണ്ടു കാണുക സാധ്യമല്ല. പഞ്ചാംഗങ്ങളിൽ അമാവാസി എന്നു കുറിച്ചതു ഇതിനെയാണ്. അതു മാസാവസാന ദിവസമാണ്. അതിനു അടുത്ത ദിവസം പുതിയ മാസം തുടങ്ങും. ഈ ശാസ്ത്രീയ രീതി ഖുർആനിനോ സുന്നത്തിനോ വിരുദ്ധമാകുകയില്ല.
Q4 - ഇസ്‍ലാമിക കലണ്ടര്‍ "pure lunar calendar" എന്നാണല്ലോ അറിയപ്പെടുന്നത്. ഇസ്‍ലാമിക മാസത്തിലെ തിയതികള്‍ക്ക് ആകാശത്തില്‍ കാണുന്ന ചന്ദ്രക്കലകളുമായി ബന്ധമുണ്ടോ? അതായത് ചന്ദ്രക്കലയെ അടിസ്ഥാനമാക്കി അത് ഇന്ന തിയതിയിലേതാണ് എന്ന് പറയാന്‍ കഴിയുമോ? ശഅബാന്‍ മാസം 28,29 തിയതികളില്‍ ആകാശം മേഘാവൃതമായതിനാല്‍ ചന്ദ്രദര്‍ശനം അസാധ്യമായതുകൊണ്ട് 30 പൂര്‍ത്തീകരിക്കുകയും അതിനടുത്ത ദിവസം റമളാന്‍ ആരംഭിക്കുകയും ചെയ്തുവെന്ന് കരുതുക. തുടര്‍ന്നു വന്ന ദിവസങ്ങളില്‍ ചന്ദ്രദര്‍ശനം സാധ്യമായി എന്നും കരുതുക. അപ്പോള്‍ പ്രത്യക്ഷമായ ചന്ദ്രന്റെ വലുപ്പവും, സൂര്യാസ്തമയ സമയത്ത് ആകാശത്തിലെ അതിന്റെ സ്ഥാനവും നിരീക്ഷിച്ചാല്‍ ആ ചന്ദ്രക്കല ഏത് ദിവസത്തിലെയാണെന്ന് മനസ്സിലാക്കാന്‍ കഴിയുമോ? അത് സാധ്യമാണെങ്കില്‍ അന്നേ ദിവസം മുതല്‍ പിന്നോട്ട് എണ്ണി മാസാരംഭം ശരിയായിട്ടാണോ നിര്‍ണ്ണയിച്ചത് എന്ന് കണ്ടെത്താന്‍ കഴിയുമല്ലോ. അപ്പോള്‍ മാസാരംഭം ശരിയായല്ല മനസ്സിലാക്കിയത് എന്നുണ്ടെങ്കില്‍ തുടര്‍ന്ന് വരുന്ന തിയതികള്‍ ശരിപ്പെടുത്തേണ്ടതുണ്ടോ?ഇന്നലെ ആറാം തിയതി എന്ന് വിശ്വസിച്ചതിനാല്‍ നാളെ ഏഴ് എന്ന് പറയുക മാത്രമാണോ രീതി, അതല്ല ഏഴാം ദിവസത്തെ ചന്ദ്രക്കലയുമായി ആ തിയതി ഒത്തു വരുന്നുണ്ടോ എന്ന് പരിശോധിക്കലും വേണ്ടതുണ്ടോ? "ഒന്നാം തിയതി" മാത്രം കണ്ടുപിടിക്കാനുള്ള ഒരു "ഉപകരണമായാണോ" ഇസ്‍ലാമിക കലണ്ടറില്‍ ചന്ദ്രനെ പരിഗണിക്കുന്നത്?
A4 – ചന്ദ്രക്കലകള്‍ തിയതികളാകുന്നു എന്നു പറഞ്ഞാല്‍ ഒരോ കലയും തിയതി കാണിക്കുന്നു എന്നര്‍ത്ഥം. ഏതു ദിവസം നോക്കിയാലും ആ ദിവസത്തിന്റെ തിയതി അറിയുവാന്‍ സാധിക്കും. മനാസില്‍ (Elongation) നിര്‍ണ്ണയിച്ചതു നിങ്ങള്‍ക്ക് തിയതികളുടെ എണ്ണവും കണക്കും അറിയുവാന്‍ വേണ്ടിയാണെന്നു അല്ലാഹു അവന്റെ കലാമില്‍ അറിയിച്ചു.(വി.ഖു 10:5). എന്നിട്ടും നമുക്കു മനസ്സിലാകാത്തതു എന്തുകൊണ്ടാണ്? വാച്ചില്‍ കാണിക്കുന്ന സമയം തെറ്റിയാല്‍ സൂര്യന്റെ അടിസ്ഥാനത്തില്‍ നാം വാച്ച് തിരുത്തുന്നു. അതു പോലെ തിയതി തെറ്റിയാല്‍ ചന്ദ്രനെ നോക്കി തിയതി തിരുത്തണം.
സൂര്യനും ചന്ദ്രനും ഒരുമിക്കുന്ന ദിവസം Elongation Zero ആണ്. അതു മാസാവസാന ദിവസമാണ്. 90 ഡിഗ്രി ആയാല്‍ ചന്ദ്രന്‍ പകുതി ആയി. ഇത് ഒരാഴ്‌ച്ചയാണ്. 180 ഡിഗ്രി ആയാല്‍ മാസം പകുതി ആയി. ഇനി അതു പഴയ രീതിയിലേക്കു മടങ്ങുന്നുവെന്നു അല്ലാഹു പറഞ്ഞു തന്നു; വി.ഖു 36:39. മാസം തീരാന്‍ ഒരു ദിവസം ഉള്ളപ്പോള്‍ ചന്ദ്രനെ നാം ഉര്‍ജ്ജൂനുല്‍ ഖദീം പോലെ കാണുന്നു. പിറ്റേ ദിവസം ചന്ദ്രനെ കാണുകയില്ല. ഇതാണ് അമാവാസി അഥവാ മാസാവസാന ദിവസം. ഇത്രയും തെളിവായി അല്ലാഹു പറഞ്ഞു തന്നിട്ടും നമുക്ക് എന്താണ് മനസ്സിലാകാത്തത്? അത് ഹൃദയത്തിലെ രോഗമാണ് – കിബ്‍റ്.
Q5 -മുഹമ്മദ് നബി (സ) മാസം 29ആം തിയതി ചന്ദ്രനെ നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കി തദടിസ്ഥാനത്തില്‍ ഒന്നാം തിയതി നിശ്ചയിക്കുകയും , തുടര്‍ന്ന് ഓരോ ദിവസവും ഒന്നു വീതം കൂട്ടി അടുത്ത മാസം 29 ല്‍ എത്തുകയും, അന്ന് വീണ്ടും ചന്ദ്രനെ നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കി തദടിസ്ഥാനത്തില്‍ അടുത്ത മാസം നിശ്ചയിക്കുക മാത്രമാണോ ചെയ്തിരുന്നത്. അവര്‍ സ്വീകരിച്ചിരുന്ന തിയതിയും ആകാശത്തില്‍ കാണുന്ന ചന്ദ്രക്കലയും തമ്മില്‍ പൊരുത്തപ്പെടുന്നോയെന്ന പരിശോധന നടത്തിയതായോ, തെറ്റ് പറ്റിയെങ്കില്‍ തിയതി തിരുത്തിയതായോ വല്ല വിവരവും ഉണ്ടോ?
A5 – റസൂല്‍ (സ) ഒരിക്കലും ഹിലാല്‍ നോക്കിയതായോ നോക്കാന്‍ കല്‍പിച്ചതായോ ഒരു ഹദീസിലും ഇല്ല. അവര്‍ മാസം തുടങ്ങുവാന്‍ ഹിലാലിനെ നോക്കിയിട്ടില്ല. അങ്ങിനെ ഒരാചാരം ഉണ്ടായിരുന്നുവെങ്കില്‍ ഒരു ഹദീസെങ്കിലും ഉണ്ടാകേണ്ടതായിരുന്നു. ഹജ്ജതുല്‍ വിദാഇല്‍ റസൂലും സഹാബത്തും മദീനയില്‍ നിന്നു പുറപ്പെട്ടതു ദുല്‍ഖഅ്‌ദ അവസാനത്തെ ആഴ്‌ചയിലായിരുന്നു. ദുല്‍ഹിജ്ജ പിറന്നതു വഴിമദ്ധ്യെ ആയിരുന്നു. ആരാണ് ദുല്‍ഹിജ്ജിന്റെ ഹിലാല്‍ കണ്ടത്? ഒരു ഹദീസും ഇല്ല. അവര്‍ മാസം കണക്കാക്കിയതു ഹിലാല്‍ കണ്ടതിനു ശേഷം അല്ല എന്നതു ഇതിന് തെളിവാണ്.
മാസാവസാന ദിവസം ഒരിക്കലും ഹിലാല്‍ കാണുകയില്ല. ആദ്യത്തെ ദിവസം (ഒന്നാം തിയതി അസ്തമയത്തിന്) മാത്രമേ ഹിലാല്‍ കാണുകയുള്ളൂ. പിന്നെ എങ്ങിനെയാണ് കണ്ടതിന് ശേഷം മാസം തുടങ്ങുക? അങ്ങിനെ ചെയ്‌താല്‍ രണ്ടാമത്തെ ദിവസം ഒന്നാം തിയതി ആകും. രണ്ടാമത്തെ ദിവസം മാസം തുടങ്ങുവാന്‍ അല്ലാഹുവിന്റെ റസൂല്‍ കല്‍പ്പിക്കുകയില്ല. നാം ഇന്നു ചെയ്യുന്ന ഈ അബദ്ധം ഇബ്‍ലീസല്ലാതെ വേറെ ആരും പഠിപ്പിച്ചതല്ല.
പ്രവാചക സമൂഹം ഒന്നു മുതൽ 30 വരെ തെറ്റാതെ എണ്ണി മാസം കണക്കാക്കിയിരുന്നു എന്നു കരുതാൻ പറ്റുകയില്ല. നാം തന്നെ തിയതി മറന്നു പോകുന്നുണ്ട്, അതു കൊണ്ട് തന്നെ പലതവണ കലണ്ടറില്‍ നോക്കുന്നുമുണ്ട്. ചന്ദ്രനെ കണ്ടാൽ അവർക്കു തിയതി അറിയും. ആ എളുപ്പമാർഗ്ഗം എല്ലാവർക്കും അറിയാമായിരുന്നത് കൊണ്ട് പ്രത്യേകിച്ചു എഴുതിവെക്കേണ്ടി വന്നിട്ടില്ല. നമ്മുടെ വീട്ടിലേക്കുള്ള വഴി നാം എഴുതി വെക്കാറില്ലല്ലോ!. ഹജ്ജിനു ദിവസം നിർണ്ണയിച്ചിരുന്നത് ഒന്നാം തിയതി നോക്കി മുന്നോട്ട് എണ്ണിയിട്ടല്ല. മാസം നാലോ അഞ്ചോ ആകുമ്പോഴേക്കും ഹിലാൽ വളരും, തിയതി മനസ്സിലാകും. ഒന്നാം തിയതി തെറ്റിയാൽ പോലും തിരുത്തുവാൻ സാധിക്കും. അതു നോക്കിയതിനു ശേഷമാണ് അവർ അറഫയുടെ ദിവസം നിർണ്ണയിച്ചിരുന്നത്. ഈ അടുത്ത കാലം വരെ ഹറമിൽ അങ്ങിനെയാണ് ചെയ്തിരുന്നത്. ഇപ്പോഴാണ് ഒന്നാം തിയതി നിർണ്ണയിക്കുകയും, അതു തെറ്റിയാൽ തിരുത്താതിരിക്കുകയും ചെയ്യുന്ന രീതി തുടങ്ങിയത്. കഴിഞ്ഞ അറഫയുടെ ദിവസം (2011 നവംബർ) അവർ ഒന്നാം തിയതി തന്നെ തെറ്റായി പ്രഖ്യാപിച്ചു. പിന്നീട് എത്ര അറിയിച്ചിട്ടും അവർ തിരുത്തിയില്ല. അല്ലാഹു 9ാം തിയതി നിൽക്കാൻ പറഞ്ഞാൽ 10 ാം തിയതി നിൽക്കുന്നതിൽ കാര്യമുണ്ടോ? നിങ്ങളോട് 9ആം തിയതി വരാൻ പറഞ്ഞാൽ നിങ്ങൾ 10 ആം തിയതി വന്നിട്ട്, ഞാൻ 9ാം തിയതിയാണ് വന്നത് എന്നു പറഞ്ഞാൽ ആരെങ്കിലും അംഗീകരിക്കുമോ? അല്ലാഹുവിനെ അത്രയും മോശക്കാരനാക്കുകയോ? നഊദു ബില്ലാഹ്!
Q6 - 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യന് ചന്ദ്രനില്‍ പോകുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലുമുള്ള പ്രാപ്തിയില്ലാതിരുന്ന ഒരു കാലത്ത്, പ്രവാചകന്‍റെ പ്രബോധിതര്‍ "അഹില്ലയെ പറ്റി ചോദിക്കുന്നു". അതിന് അല്ലാഹു "അത് മവാഖീതു ലിന്നാസ്" ആണ് എന്ന് മറുപടി നല്‍കി. ശാസ്ത്രം അഭൂതപൂര്‍വ്വമായി വളര്‍ന്ന ഇക്കാലത്ത് അതേ ചോദ്യം ചോദിച്ചാല്‍ "ചന്ദ്രക്കലകള്‍ മവാഖീത്തു ലിന്നാസ്" ആകുന്നതെങ്ങിനെ എന്ന് എപ്രകാരം താങ്കള്‍ വിശദീകരിക്കും. എപ്രകാരമാണ് ചന്ദ്ര നിരീക്ഷണം നടത്തുന്നത് എന്നും അത് എങ്ങിനെ "മവാഖീത്തു ലിന്നാസ്" ആകുന്നു എന്നും വിശദീകരിക്കാമോ? മവാഖീത്ത് എന്ന പദവും വിശദീകരിക്കാമോ?
A6 – ഇതു നാം മേലെ വിശദീകരിച്ചു. എന്നാലും വീണ്ടും പറയാം. നേരിയ കല പോലെ മാസത്തിന്റെ ഒന്നാം തിയതി കാണുന്ന ഹിലാല്‍ വളര്‍ന്നു ഒരാഴ്‌ച കൊണ്ട് പകുതി ആകുന്നു. രണ്ടാഴ്‌ചയില്‍ അത് പൂര്‍ണത പ്രാപിക്കുന്നു. പിന്നെ വീണ്ടും പഴയതിലേക്കു മടങ്ങുന്നു. ബുദ്ധിയുള്ള മനുഷ്യന് ഇത് നോക്കി തിയതി മനസ്സിലാക്കാന്‍ സാധിക്കും. ``മവാഖീത്ത്'' എന്നാല്‍ സമയമല്ല. തിയതിയാണ്. ചന്ദ്രന്റെ മനാസില്‍ കാണിക്കുന്നതു തിയതിയാണ്.
Q7 - മുസ്‍ലിംകള്‍ക്ക് നിത്യ ജീവിതത്തിലും ആഘോഷവേളകള്‍ക്കും അവലംബമാക്കാന്‍ കഴിയുന്ന ഒരു ഇസ്‍ലാമിക കലണ്ടര്‍ ഉണ്ടാക്കാന്‍ കഴിയുമോ?ഇസ്‍ലാമില്‍ ദീനിന് (ആഘോഷങ്ങള്‍ക്കും നോമ്പിനും)ഒരു കലണ്ടറും, ദുനിയാവിന് (ജീവിതാവശ്യങ്ങള്‍ക്ക്) മറ്റൊരു കലണ്ടറും എന്ന ചര്യ പ്രവാചകന്‍റെതാണോ? ചന്ദ്രന്‍റെ നഗ്‍ന നേത്രങ്ങളാലുള്ള കാഴ്‍ച പ്രവാചകന്‍ നോമ്പിന്‍റെ തിയതി നിശ്‍ചയിക്കാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍, കച്ചവടത്തിനും യാത്രക്കും മറ്റും തിയതി നിശ്‍ചയിക്കാന്‍ അദ്ദേഹം എന്ത് മാര്‍ഗ്ഗമാണ് ഉപയോഗിച്ചിരുന്നത്. കാഴ്ചയെ അടിസ്ഥാനപ്പെടുത്തി ഒരു ഇസ്‍ലാമിക കലണ്ടര്‍ തയ്യാറാക്കാന്‍ കഴിയുമോ?
A7– അല്ലാഹു കല്‍പിച്ചതു ചെയ്യുവാന്‍ സാധിക്കുകയില്ല എന്നു ഒരാള്‍ വിശ്വസിച്ചാല്‍ അയാള്‍ സത്യനിഷേധിയായി. മനുഷ്യനു സാധിക്കാത്തതു ചെയ്യുവാന്‍ റബ്ബു കല്‍പ്പിക്കുകയില്ല. ഹിലാല്‍ കണ്ടാല്‍ മാത്രമെ മാസം തുടങ്ങുകയുള്ളൂ എന്ന അന്ധ വിശ്വാസമാണ് നമ്മെ അവിടെ എത്തിക്കുന്നത്. കൃത്യമായ മാസത്തെ എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ഗണിക്കുവാന്‍ ശാസ്‌ത്രത്തിനു കഴിയും. അതിനു അറിവാണു വേണ്ടത്. സൂര്യഗ്രഹണം ചന്ദ്രഗ്രഹണം മുതലായവ ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ കണക്കാക്കുന്നതു നാം കണ്ടില്ലെ? നിങ്ങള്‍ക്കെന്താണ് അല്ലാഹു പറഞ്ഞതില്‍ സംശയം? ''അഷ്‌ഷംസു വല്‍ഖമറു ബിഹുസ്‌ബാന്‍'' എന്നതില്‍ നിങ്ങള്‍ക്കു വിശ്വാസമില്ലെ?
പ്രവാചക സമൂഹത്തിന് അന്ന് കലണ്ടർ ആവശ്യമുണ്ടായിരുന്നില്ല. ഉമർ (റ)ന്റെ കാലത്താണ് അതിന്റെ ആവശ്യം വന്നത്. കണ്ണു കൊണ്ട് കണ്ടിട്ടേ മാസം തുടങ്ങാവൂ എങ്കിൽ, അടുത്തമാസത്തിന്റെ കലണ്ടർ എങ്ങിനെ ഉണ്ടാക്കും? അതിനു കണക്കിനെ ആശ്രയിക്കേണ്ടി വരും. കണക്കില്ലാതെ കലണ്ടറില്ല. കണക്ക് എന്ന് പറയുമ്പോൾ തെറ്റിദ്ധരിക്കരുത്, അത് വർഷങ്ങളായി ഗോളശാസ്ത്രജ്ഞന്മാർ ചന്ദ്രന്റെയും സൂര്യന്റെയും ചലനങ്ങളെ നിരന്തരം നിരീക്ഷിച്ച്, സൂക്ഷ്മമായി പഠിച്ച് കൃത്യത വരുത്തി ഉണ്ടാക്കിയതാണ്. അല്ലാതെ നിരീക്ഷണവുമായി ബന്ധമില്ല്ലാത്ത എന്തോ ഒന്നല്ല കണക്ക്. അത് കൃത്യമാണ് എന്നതിന്റെ തെളിവുകളാണ് സൂര്യ-ചന്ദ്ര ഗ്രഹണ പ്രവചനം. NASA പോലുള്ള ശാസ്ത്ര കേന്ദ്രങ്ങളുടെ വെബ് സൈറ്റുകളിൽ അടുത്ത 1000 വർഷത്തെ ഗ്രഹണ സമയം കൊടുത്തിട്ടുണ്ട്. ഗ്രഹണത്തോട് സമാനമായ പ്രതിഭാസങ്ങള്‍ തന്നെയാണ് ന്യൂമൂണും ഫുൾമൂണും. പിന്നെ എങ്ങിനെയാണ് കണക്കു പാടില്ല എന്നു പറയുക. അങ്ങിനെയുള്ള വാദക്കാർ എങ്ങിനെയാണ് ഗ്രഹണ നമസ്കാരം നിർവ്വഹിക്കുന്നത്? എങ്ങിനെയാണ് സുബ്‍ഹിന്റെയും ഇഷായുടെയും നമസ്കാര സമയം കണ്ടെത്തുന്നത് ? മറ്റു നമസ്കാരങ്ങള്‍ക്ക് നിഴൽ അളക്കാം എന്ന് വാദത്തിനായി സമ്മതിച്ചാലും, ഉദയ ശോഭയുടെ വരവും, അസ്തമയ ശോഭയുടെ മായലും ഇക്കാലത്ത് ആരെങ്കിലും നോക്കിയിട്ടുണ്ടോ? അത് പൂർണ്ണമായും ഗോളശാസ്ത്ര കണക്കിനെ അവലംബിച്ചുണ്ടാക്കിയതാണ്. അപ്പോൾ നിങ്ങൾ പറയന്നത് മുസ്‍ലിംകള്‍ക്ക് കലണ്ടർ ഉണ്ടാക്കാനോ മുൻകൂട്ടി കാര്യങ്ങൾ നിശ്ചയിക്കാനോ പറ്റുകയില്ല എന്നല്ലേ? പിന്നെ എങ്ങിനെയാണ് അടുത്ത മാസം നടക്കാനുള്ള കല്ല്യാണത്തിനും മറ്റും തിയതി നിർണ്ണയിക്കുക?
കണ്ടിട്ടേ മാസം നിശ്ചയിക്കാവൂ എന്നുണ്ടെങ്കിൽ നമ്മുടെ മത സംഘടനകൾ, ആ മത കൽപന ലംഘിച്ച് കലണ്ടറുകൾ പ്രസിദ്ധീകരിക്കുന്നതെന്തുകൊണ്ട്? ഇതര മാസങ്ങളിൽ ന്യൂമൂൺ ദിവസം തന്നെ 1 മിനുട്ട് അസ്തമയ വ്യത്യാസമുണ്ടെങ്കിൽ, പിറ്റേ ദിവസം ഒന്നാം തിയതി ആക്കുന്നതെങ്ങിനെ? ഇവർ തന്നെ വാദിക്കുന്ന സ്റ്റാർട്ടിങ്ങ് പോയന്റ് അവർ തന്നെ തെറ്റിക്കുകയല്ലേ? 10 മാസം എങ്ങിനെയുമാകാം 2 മാസം മാത്രം ശ്രദ്ധിച്ചാൽ മതി എന്ന് പറയുന്നത് എന്തുമാത്രം യുക്തി രഹിതമാണ്. 12 കണ്ണികളുള്ള ഒരു ചങ്ങലയിലെ 10 കണ്ണികളുടെ നീളം കൃത്യമല്ലെങ്കിൽ ബാക്കിയുള്ള 2 കണ്ണി എങ്ങിനെയൊക്കെ കൃത്യമാക്കിയാലും അതിന്റെ ആകെ നീളം തെറ്റില്ലേ?
പിന്നെ പ്രവാചകൻ (സ)ക്ക് `സിവിൽ കലണ്ടർ` എന്നും `ഷറഈ കലണ്ടർ` എന്ന് വേറെയുമായ മാസനിർണ്ണയ രീതി ഉണ്ടായിരുന്നുവോ?? അവര്‍ക്ക് ഒരേ ഒരു മാസഗണനാ രീതിയേ ഉണ്ടായിരുന്നുള്ളു, അത് ഖുര്‍ആന്‍ പഠിപ്പിച്ച പോലെ "അഹില്ല"(ചന്ദ്രക്കലകളുടെ - ഒരു ദിവസത്തെമാത്രമല്ല) നിരീക്ഷണവും അത് കാണിക്കുന്ന തിയതി എല്ല കാര്യങ്ങള്‍ക്കും സ്വീകരിക്കലും.
Q8 -ചന്ദ്രന്‍റെ മത്‍ലഅ എന്നാല്‍ എന്താണ്? അത് ഓരോ മാസവും വ്യത്യസ്ഥമായിരിക്കുമോ? ഒരു മാസത്തില്‍ ഒരേ മത്‍ലഇല്‍ വരുന്നതും വരാത്തതുമായ പ്രദേശങ്ങളെ എങ്ങിനെ അറിയാന്‍ കഴിയും? ചന്ദ്രപ്പിറവി വിവരത്തിന്‍റെ സ്വീകരണത്തിന് മത്‍ലഅ ബാധകമാണോ?
A8– ചന്ദ്രന്റെ ഉദയസ്ഥാനവും തിയതിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. അതുകൊണ്ടു തന്നെയാണ് എല്ലാ ഇമാമുകളും അതു പരിഗണിക്കേണ്ടതില്ല എന്നു പറഞ്ഞത്. ചന്ദ്രന്റെ "മനാസില്‍" ആണ് തിയതി എന്നു അല്ലാഹു അറിയിച്ചു. മനാസില്‍ എന്നാല്‍ Elongation ആണ്. സൂര്യനും ചന്ദ്രനും ഇടയിലുള്ള കോണ്‍ അകലമാണത്. അതു അളക്കുന്നതു ഡിഗ്രി കൊണ്ടാണ്. ഇതിന് മത്‍ലഇ ആവശ്യമില്ല. ഉദാഹരണമായി ഇന്നു (5–11–2011 ശനി) ഞാന്‍ അളന്നു നോക്കിയപ്പോള്‍ സുമാര്‍ 122 ഡിഗ്രി ഉണ്ടായിരുന്നു. ഒരു ദിവസം ചലിക്കുന്ന അകലം ഏകദേശം 12 ഡിഗ്രി ആകുന്നു. അപ്പോള്‍ ഇന്നു തിയതി (122/12) 10 ആകുന്നു. പിന്നെ എങ്ങിനെയാണ് ഇന്നു 9 ആകുക? മനുഷ്യര്‍ക്കു അല്ലാഹുവെ വഞ്ചിക്കാന്‍ പറ്റുകയില്ല. അവര്‍ തന്നെയാണ് വഞ്ചിതരാകുന്നത്. അവര്‍ അതറിയുന്നില്ല എന്നു മാത്രം.
ഈ മത്‍ലഅ വാദം കൊണ്ടു വന്നവർ വിഷയത്തിൽ അറിവില്ലാത്തവരാണ്. ചന്ദ്രക്കലകളാണ് തിയതി എന്നു ഖുർആൻ അറിയിച്ചു. കലയുടെ വലുപ്പവും സ്ഥാനവും(മനാസിൽ) നോക്കിയാൽ തിയതി എത്ര എന്നു മനസ്സിലാകും. ആകാശത്തിൽ തൂക്കിയിട്ടിരിക്കുന്ന കലണ്ടർ ആണ് ചന്ദ്രൻ. ചില പണ്ഡിതര്‍ അങ്ങിനെ തന്നെ എഴുതിയിട്ടുമുണ്ട്. സയ്യിദ് മൗദൂദി സാഹിബ് അദ്ദേഹത്തിന്‍റെ തഫ്ഹീമുല്‍ ഖുര്‍ആനില്‍ 2:189 വചനത്തിന്റെ വിശദീകരണത്തിൽ എഴുതിയത് ഇപ്രകാരമാണ്. ‘’അതിന്നുത്തരമായി അല്ലാഹു അവരെ അറിയിക്കുന്നു: ഏറിയും കുറഞ്ഞും കൊണ്ടിരിക്കുന്ന ഈ ചന്ദ്രൻ നിങ്ങളെ സംബന്ധിച്ചിടത്തോളം പ്രകൃതിയുടെ ഒരു പഞ്ചാംഗമാണ്. ആകാശത്തിൽ അത് ഉദിച്ചുയർന്നുകൊണ്ട് ഭൂമുഖത്തുള്ള സകല ജനങ്ങൾക്കും അവരുടെ തിയ്യതികളുടെ കണക്കറിയിച്ചുകൊടുക്കുന്നു.’’
തിയതി അറിയാന്‍ മത്‍ലഅ അറിയേണ്ട യാതൊരു ആവശ്യവുമില്ല. എവിടെ ഉദിച്ചാലും എല്ലാവരും അതു അംഗീകരിക്കണം എന്നതിനാല്‍ ആദ്യം ഉദിക്കുന്ന സ്ഥലം ഏത് എന്ന് അറിയേണ്ടതില്ല. ശാമിൽ കാണുന്ന ചന്ദ്രക്കലയും മദീനയിൽ കാണുന്ന കലയും തമ്മിൽ വ്യത്യാസം ഉണ്ടാകുമോ? ഇല്ലെന്നു നിങ്ങൾക്കു അറിയാം. മറ്റൊരു കാര്യം സൌദിയുടെ വടക്ക് (മാപ്പില്‍ മുകള്‍ ഭാഗത്ത്) ആണ് സിറിയയുടെ സ്ഥാനം. കിഴക്കും പടിഞ്ഞാറുമായിട്ടല്ല..
Q9 - ചന്ദ്രപ്പിറവി ദര്‍ശനം ഓരോ പ്രദേശങ്ങളിലും വെവ്വേറെ വേണമോ അല്ല ലോകത്തെവിടെയുണ്ടായാലും മതിയോ? ഇക്കഴിഞ്ഞ (2011) ഈദുല്‍ ഫിത്വറിനും, ഈദുല്‍ അള്ഹക്കും സൌദിയില്‍ "കണ്ടു" എന്ന് പറഞ്ഞിട്ടും നാം കേരളക്കാര്‍ സ്വീകരിക്കാതിരുന്നതിന്‍റെ കാരണമെന്താണ്? കേരളത്തില്‍ മാസ നിര്‍ണ്ണയം സ്വീകരിക്കാന്‍ വേണ്ട കാഴ്ച്ചയുടെ അതിരുകള്‍ എവിടെ മുതല്‍ എവിടെ വരെയാണ്?
A9– മാസാരംഭത്തിന്റെ ആധാരം പിറവി ദര്‍ശനമല്ലെന്നു നാം മനസ്സിലാക്കി. ഹിലാല്‍ കണ്ടതിനു ശേഷം മാസം തുടങ്ങിയാല്‍ ആദ്യത്തെ ദിവസം നഷ്ടപ്പെടും. കാരണം ഹിലാല്‍ മാസത്തിന്റെ അവസാനദിവസം (അമാവാസി ദിവസം) കാണുകയില്ല. അതു കാണുന്നതു മാസത്തിലെ ആദ്യ ദിവസം മാത്രമാണ്. സൌദിയില്‍ ചെയ്യുന്നതു എന്താണെന്നു വളരെ സൂക്ഷ്‌മമായി നോക്കുന്ന ഒരാളാണ് ഞാന്‍. കഴിഞ്ഞ ശഅബാന്‍ അവര്‍ ശനിയാഴ്‌ച്ച തുടങ്ങിയതു ശരിയാണ്. എന്നാല്‍ റജബ് അവസാനിച്ച വെള്ളിയാഴ്‌ച്ച ഹിലാല്‍ കാണുകയില്ല. പക്ഷെ കണ്ടുവെന്നു പറഞ്ഞാണ് അവര്‍ ശഅബാന്‍ തുടങ്ങിയത്. ചന്ദ്രന്നു അല്ലാഹു പണ്ടേ നിര്‍ണ്ണയിച്ച മനാസില്‍ പ്രകാരം 29 ദിവസം മാത്രമേ ശഅബാനില്‍ ഉണ്ടായിരുന്നുള്ളൂ. അവസാന ദിവസമായ 29 ഇല്‍ ഹിലാല്‍ കാണുകയില്ല എന്നു നാം മുമ്പെ പറഞ്ഞു. മാസാവസാന ദിവസം ഹിലാല്‍ കാണുക എന്നതു അല്ലാഹുവിന്റെ സുന്നത്തിനു വിരുദ്ധമാണ്. അവര്‍ എപ്പോഴും മാസം ജനങ്ങളെ അറിയിക്കുന്നതു ഹിലാല്‍ കണ്ടുവെന്ന കളവ് റേഡിയോവിലൂടെയും പത്രങ്ങളിലൂടെയും വിളംബരം ചെയ്‌തു കൊണ്ടാണ്. ജനങ്ങള്‍ക്കു ഇപ്പോള്‍, അന്നു ഹിലാല്‍ കാണുകയില്ല എന്നതു അറിയാം. സൂര്യന്‍ അസ്‌തമിക്കുന്നതിനു മുന്‍പു ചന്ദ്രന്‍ അസ്‌തമിക്കുകയാണെങ്കില്‍ ഹിലാല്‍ കാണുകയില്ലെന്നു എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടു കണ്ടുവെന്ന് പറഞ്ഞു റമദാന്‍ തുടങ്ങുവാന്‍ അവര്‍ക്കു ധൈര്യം ഉണ്ടായില്ല. അവര്‍ റമദാന്റെ ഒരു ദിവസമായ ഞായറാഴ്‌ചയെ ശഅബാനില്‍ ചേര്‍ത്തി 30 പൂര്‍ത്തിയാക്കി. ഇതു റസൂലിന്റെ വചനത്തിന്റെ ദുര്‍വ്യാഖ്യാനമാണ്. റസൂലിന്റെ പേരില്‍ അവര്‍ കെട്ടിച്ചമച്ച കളവാണത്.
അല്ലാഹു നിര്‍ണ്ണയിച്ച മനാസില്‍ പ്രകാരം കഴിഞ്ഞ റമദാന്‍(1432–2011) ഞായര്‍ മുതല്‍ തിങ്കള്‍ വരെ 30 ദിവസങ്ങള്‍ അടങ്ങിയതാണ്. എന്തോ കാരണവശാല്‍ അവര്‍ 29 ഇല്‍ റമദാന്‍ തിങ്കളാഴ്‌ച അവസാനിപ്പിച്ചു. അതു അവര്‍ ശഅബാനിലും ചെയ്യേണ്ടതായിരുന്നു. അറിവുള്ളവരായ കേരളക്കാര്‍ ഇതു വിശ്വസിച്ചില്ല. അങ്ങിനെയാണു കേരളത്തില്‍ പെരുന്നാള്‍ ബുധനാഴ്‌ച്ച ആക്കിയത്. ബുദ്ധിമാന്മാരായ കേരളക്കാര്‍ അറഫാ ദിവസം ശനിയാഴ്‌ചക്കു മാറ്റി. ഇവരുടെയൊക്കെ രീതികള്‍ ഇപ്പോള്‍ മനസ്സിലായെന്നു കരുതുന്നു.
Q10 -ചന്ദ്രമാസം 29 ഉം 30ഉം ഉണ്ടാകുന്നതെങ്ങിനെ? പ്രകൃതിയിലെ എന്തെങ്കിലും പ്രതിഭാസങ്ങളുമായി ആ എണ്ണങ്ങള്‍ക്ക് ബന്ധമുണ്ടോ? അതല്ല ഭൂമിയില്‍ നിന്ന് നോക്കുന്നവരുടെ കണ്ണില്‍ പെടാത്ത അവസരങ്ങളില്‍ മാത്രമാണോ മാസത്തില്‍ 30 ദിനങ്ങളുണ്ടാകുന്നത്?
A10 – എല്ലാം കറങ്ങുന്നതു അണ്‌ഢാകൃതിയില്‍ ആണെന്നു നമുക്കറിയാം. ചന്ദ്രന്‍ ഭൂമിക്കു ചുറ്റും കറങ്ങുന്നതും അങ്ങിനെയാണ്. അതുകൊണ്ട് ചിലപ്പോള്‍ ചന്ദ്രന്‍ ഭൂമിക്കു അരികെ വരികയും ചിലപ്പോള്‍ ദൂരെ പോകുകയും ചെയ്യുന്നു. ഇത് കൊണ്ടാണ് 29 ഉം 30 ഉം ദിവസങ്ങള്‍ ഉണ്ടാകുന്നത്.ഇത് പ്രകൃതിയില്‍ ചന്ദ്രന്‍റെയും സൂര്യന്‍റെയും ഭൂമിയുടെയും കറക്കവുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന കാര്യമാണ്. ഭൂമിയില്‍ നിന്ന് നോക്കുന്നവരുടെ കാഴ്ച്ച അല്ല മാസത്തെ 29 ല്‍ പരിമിതപ്പെടുത്തുകയോ, 30 ആക്കുകയോ ചെയ്യുന്നത്. അത് പ്രകൃതി പ്രതിഭാസമാണ്. അല്ലാഹു പറഞ്ഞ ''അഷ്‌ഷംസു വല്‍ഖമറു ബിഹുസ്‌ബാന്‍'' (55:5) ന്‍റെയും, "ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. " (9:36) ന്‍റെയും അടിസ്ഥാനത്തില്‍ നടക്കുന്നതാണ്. അല്ലാതെ കാര്‍മേഘത്തിന്‍റെ പണിയല്ല.
Q11 -സൂര്യാസ്തമയ ശേഷം എത്ര മിനുട്ട് മിനിമം ചക്രവാളത്തില്‍ ചന്ദ്രന്‍ ഉണ്ടായാലാണ് അത് നഗ്‍ന നേത്രം കൊണ്ട് ദൃശ്യമാകുക?
A11– നഗ്ന നേത്രങ്ങള്‍ കൊണ്ട് ഹിലാല്‍ കാണുക എന്നതു മാസനിര്‍ണ്ണയത്തിന്റെ ആധാരമല്ലെന്നു നാം പറഞ്ഞു. ഹിലാല്‍ കാണണമെങ്കില്‍ കുറഞ്ഞതു 48 മിനിറ്റ് സൂര്യാസ്‌തമയ ശേഷം ചന്ദ്രന്‍ ചക്രവാളത്തില്‍ ഉണ്ടായിരിക്കണം. സൂര്യനും ചന്ദ്രനും ഇടയിൽ 12 ഡിഗ്രി Elongation ഉണ്ടായാൽ മാത്രമേ ഹിലാൽ കാണുകയുള്ളു. 12 ഡിഗ്രി എന്നാൽ അതു ഒരു ദിവസത്തിന്റെ ചന്ദ്ര ചലനമാണ്. Conjunction കഴിഞ്ഞു ഒരു ദിവസം ആയാലേ ചന്ദ്രക്കല കാണുകയുള്ളു.
Q12 -അമാവാസി ദിവസം ഭൂമിയില്‍ (ഏത് പ്രദേശം കണക്കിലെടുത്താലും) പരമാവധി എത്ര മിനിട്ടിന്‍റെ അസ്തമയ വ്യത്യാസം സൂര്യനുമായി ചന്ദ്രന് ഉണ്ടാകും. ആ അളവ് നഗ്‍നനേത്രം കൊണ്ട് കാണാന്‍ മിനിമം വേണ്ട സമയത്തില്‍ കൂടുതലോ അല്ല കുറവോ? ശാസ്ത്രീയമായി ചന്ദ്രക്കല വിവരിക്കുന്നിടങ്ങളില്‍ അമാവാസി ദിവസത്തെ കറുത്ത പൂര്‍ണ്ണവൃത്തമായാണ് അടയാളപ്പെടുത്തുന്നത്. അതായത് അന്നത്തെ ചന്ദ്രക്കല നഗ്‍ന നേത്രം കൊണ്ട് കാണില്ല എന്നര്‍ത്ഥം. എന്നാല്‍ അന്നേദിവസം, പ്രത്യേകിച്ചും മാസം 29 ഉള്ള ദിവസങ്ങളില്‍ മുസ്‍ലിംകള്‍ അത് കണ്ടതായി സാക്ഷ്യം വഹിക്കുകയും, തദടിസ്ഥാനത്തില്‍ ആഘോഷങ്ങള്‍ നിശ്‍ചയിക്കപ്പെടുകയും ചെയ്യുന്നു. ഇതില്‍ ആളുകള്‍ "കണ്ട" അറിവാണോ പ്രാമാണികം, അല്ല ശാസ്ത്രമോ?
A12– ജനങ്ങള്‍ കണ്ടുവെന്നു പറഞ്ഞതിനു യാതൊരു അടിസ്ഥാനവുമില്ല. ഇപ്പോള്‍ ഇതു പ്രശ്‌നമായിരിക്കുന്നതു അങ്ങിനെ കളവു പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണ്.
സൂര്യ-ചന്ദ്ര സംഗമം (Conjunction) നടക്കുന്ന ഭൂമിയിലെ പ്രദേശത്ത്, അത് സംഭവിക്കുന്നത് ഉച്ചക്കായിരിക്കും. ഉച്ചക്കാണ് സൂര്യൻ തലക്കുമേലെ വരുക. അപ്പോൾ ചന്ദ്രൻ സൂര്യന്റെ താഴെ ഉണ്ടാകും. സൂര്യനും ചന്ദ്രനും ഒരു രേഖയിൽ സന്ധിക്കുന്നതാണ് സൂര്യ ചന്ദ്രന്മാരുടെ സംഗമം (Conjunction - New moon). ഒരു നാട്ടിൽ സൂര്യനും ചന്ദ്രനും ഒരേ സമയത്തിൽ ഉദിക്കുന്നുവെന്നു കരുതുക. അവിടെ അവ അസ്തമിക്കുമ്പോൾ രണ്ടും ഒന്നിച്ചല്ല അസ്തമിക്കുക. കാരണം ചന്ദ്രൻ മണിക്കൂറിൽ 2 മിനിട്ടു വീതം പിറകിലാകും (സൂര്യനിൽ നിന്ന് അകലും). ഉദയം മുതൽ അസ്തമനം വരെ 12 മണിക്കൂറിൽ 24 മിനിട്ട് പിറകിലാകും. അവിടെ സൂര്യൻ അസ്തമിച്ച് 24 മിനിട്ട് കഴിഞ്ഞാൽ മാത്രമെ ചന്ദ്രൻ അസ്തമിക്കയുള്ളൂ. എന്നാൽ അതു നഗ്ന നേത്രങ്ങൾ കൊണ്ട് കാണുക സാധ്യമല്ല. കാണണമെങ്കിൽ 48 മിനിട്ട് അസ്തമയ വ്യത്യാസം (Lag time) ഉണ്ടായിരിക്കണം. അതു പോലെ conjunction സംഭവിക്കുന്ന പ്രദേശത്ത് നട്ടുച്ചക്ക് നേര്‍ രേഖയില്‍ വന്ന ചന്ദ്രന്‍, സമയം കഴിയുന്തോറും സൂര്യനില്‍ നിന്ന് അകലുന്നു. അവിടെ അസ്തമയ സമയത്ത് (6 മണിക്കൂറിന് ശേഷം) സൂര്യന്‍ അസ്തമിച്ച് 12 മിനുട്ട് കഴിഞ്ഞായിരിക്കും ചന്ദ്രന്‍ അസ്തമിക്കുക (6 x 2 മിനുട്ട് ).
Q13-ഇസ്‍ലാമിക മാസത്തിലെ പ്രഥമദിനം വ്യത്യസ്ത ദിവസങ്ങളിലായാണ് സാധാരണ ആരംഭിക്കാറ്. ആരംഭത്തില്‍ സംഭവിച്ച ആ വ്യത്യാസം പോലെ തന്നെ തുടര്‍ന്ന് വരുന്ന അര്‍ദ്ധചന്ദ്രന്‍, പൌര്‍ണ്ണമി, ചന്ദ്ര ഗ്രഹണം ഉള്ള മാസമാണെങ്കില്‍ ആ ഗ്രഹണം എന്നിവ ആരംഭത്തില്‍ വന്ന വ്യത്യാസം പോലെതന്നെ വ്യത്യസ്ത ദിവസങ്ങളിലായാണോ അതാത് പ്രദേശങ്ങളില്‍ ദൃശ്യമാകുക? ഒരു ദിവസത്തില്‍ ഒരു പ്രത്യേക സമയത്ത് ഒരു പ്രദേശത്ത് കാണുന്ന ചന്ദ്രക്കല തന്നെയാണോ, ലോകത്തെല്ലായിടത്തും അതേ സമയത്ത്,(ചന്ദ്ര ദര്‍ശനം സാധ്യമാകുന്നിടങ്ങളില്‍) കാണപ്പെടുക?
A13– നാം ഇന്നു ചെയ്യുന്നത് ഖുര്‍ആനിലോ സുന്നത്തിലോ ഉള്ള രീതിയല്ല. ഭൂമിക്കു ഒരു ചന്ദ്രനേ ഉള്ളൂ. എല്ലാവരും കാണുന്നതു ഒരേ കലയെ തന്നെയാണ്. പിന്നെ എങ്ങിനെയാണ് തിയതി രണ്ടാകുക? ചന്ദ്രന്റെ തിയതിയാണ് ജനങ്ങള്‍ക്കു തിയതി. ഇബ്‌നു അബ്ബാസ് (റ)വിന്റെ കാലത്തു ശാമില്‍ കണ്ടതും മദീനത്ത് കണ്ടതും ഒരേ ചന്ദ്രനെയാണ് എന്നതില്‍ നിങ്ങള്‍ക്കു സംശയമുണ്ടാവില്ല. പിന്നെ എങ്ങിനെയാണ് അവര്‍ക്കു തിയതി വ്യത്യാസമാകുക?
Q14-ഒരു ദിവസം (ഉദാഹരണം വ്യാഴാഴ്ച്ച) പകലിനു ശേഷമുള്ള അസ്തമയത്തോടനുബന്ധിച്ച് പ്രത്യക്ഷപ്പെടുന്ന ചന്ദ്രക്കല ആ ദിവസത്തേതാണോ (അതായത് വ്യാഴാഴ്ച്ചയിലെ), അല്ല വെള്ളിയാഴ്ച്ച ദിവസത്തിന്‍റെയോ? താങ്കളുടെ മറുപടിക്ക് മതപരമായും ശാസ്ത്രീയമായും ഉള്ള തെളിവുകള്‍ എന്താണ്?
A14– നാം കാണുന്ന ചന്ദ്രക്കല കാണിക്കുന്നതു ആ ദിവസത്തിന്റെ തിയതി ആണെന്നു റസൂല്‍ (സ)വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇബ്‌നു അബ്ബാസ് (റ) അറിയിച്ചിട്ടുണ്ട്. ``ഫഹുവ ലിലൈലത്തിന്‍ റഐത്തുമൂഹു'' എന്ന ഹദീസാണ് അതിന്നാധാരം.
മാസാവസാന ദിവസം Elongation 12 ഡിഗ്രിയിൽ കുറവായിരിക്കും. അന്നു കാണുകയില്ല. ഒന്നാമത്തെ ദിവസം (അമാവാസി ദിവസത്തിനു ശേഷമുള്ള ദിവസം) സൂര്യൻ അസ്തമിക്കുമ്പോൾ 20 ഡിഗ്രി ഉണ്ടാകും Elongation. അതു കണ്ടാൽ ഒന്നാംതിയതി ആണെന്നു എളുപ്പത്തിൽ മനസ്സിലാകും. അതിനെയാണ് സഹാബികൾ ഒരു വയസ്സിന്‍റേത് എന്നു പറഞ്ഞത്.
Q15- യൂണിവേഴ്‍സല്‍ സമയം, ഇന്‍റര്‍നാഷണല്‍ ഡേറ്റ് ലൈന്‍ എന്നിവ എന്താണ്? ഇതിന് മാസനിര്‍ണ്ണയത്തില്‍ എന്ത് പ്രാധാന്യമാണ് ഉള്ളത്? മാറ്റത്തിന് വിധേയമായ മനുഷ്യ നിര്‍മ്മിതങ്ങളായ മാനദണ്ഡങ്ങളെ എങ്ങിനെ മതത്തിന്‍റെയും മാനദണ്ഡമായി ഉപയോഗിക്കും. ഇക്കൊല്ലം പോലും ഡേറ്റ്‍ലൈനിന് അപ്പുറമുള്ളവര്‍ ഇപ്പുറം ചാടാന്‍ കാത്തിരിക്കുന്ന വേളയില്‍ വിശേഷിച്ചും. ഇവ മുസ്‍ലിംകള്‍ എന്തെങ്കിലും കാര്യത്തിന് നിലവില്‍ ഉപയോഗിക്കുന്നുണ്ടോ?
A15– നാം കണക്കിലേക്കു വരുമ്പോള്‍ ഇതെല്ലാം ആവശ്യം വരും. നമസ്‌കാര സമയം ഗണിക്കുന്നതും ഇതു പോലെയല്ലേ? GMT യോട് 5:30 കൂട്ടിയാല്‍ IST കിട്ടും. നാം ഇതു അംഗീകരിക്കുന്നില്ലേ? ആവശ്യമുള്ളവര്‍ അതു പഠിക്കണം. പഠിക്കാതെ വെറുതെ വാദിക്കുന്നതില്‍ അര്‍ത്ഥമില്ല. ഡേറ്റ്ലൈന്‍ മുറിച്ചു കടക്കുന്ന മുസ്‍ലിംകള്‍ അവര്‍ എത്തിച്ചേരുന്ന പ്രദേശത്ത് എന്നാണോ ജുമുഅ, അന്നല്ലേ അത് അനുഷ്ഠിക്കുക?
Q16-ന്യൂമൂണ്‍ ദിവസം മാസാവസാന ദിവസം എന്ന വാദപ്രകാരം, ഒരു ദിവസം രാത്രി 23:50hr UT യില്‍ സംഭവിക്കുന്ന ന്യൂമൂണ്‍ പ്രകാരം അതിന്‍റെ പിറ്റേന്ന് പുതുമാസം തുടങ്ങുന്നു. എന്നാല്‍ 00:10Hr ന് ന്യൂമൂണ്‍ സംഭവിക്കുമ്പോള്‍ ഏതാണ്ട് 23 മണിക്കൂര്‍ കഴിഞ്ഞ് അതിന്‍റെ തൊട്ടടുത്ത ദിവസം പുതുമാസാരംഭം കുറിക്കുന്നു. 20 മിനുട്ടിന്‍റെ സമയവ്യത്യാസത്തിലുള്ള രണ്ട് ചന്ദ്രക്കലകള്‍ക്ക് ദിവസം വേര്‍തിരിക്കാന്‍ മാത്രം വ്യത്യാസമുണ്ടാകുമോ? ആ കലയും ദിവസവും തമ്മില്‍ ഒത്തു പോകുമോ?
A 16– വിഷയം ആദ്യം മുതല്‍ പഠിച്ചാലേ ഇതു മനസ്സിലാകുകയുള്ളു. ചന്ദ്രക്കലകളെ നോക്കി മാസ തിയതികള്‍ ശരിയാക്കിയാല്‍ ഈ പ്രശ്‌നം നിങ്ങള്‍ക്ക് ഉണ്ടാകുകയില്ല. ഒരു ദിവസം എന്നു പറയുന്നതു 24 മണിക്കൂറാണ്. വെള്ളിയാഴ്‌ച 23:59 തില്‍ ഒരു കുട്ടി ജനിച്ചുവെങ്കില്‍ ആ കുട്ടി ജനിച്ചതു ശനിയാഴ്‌ച്ച ആകുകയില്ല. അതേ പോലെയാണ് മാസവും. ഒരു ന്യൂ മൂണ്‍ മുതല്‍ അടുത്ത ന്യൂ മൂണ്‍ വരെയാണ് ഒരു മാസം. ദിവസം കൊണ്ടാണ് മാസം ഉണ്ടാകുന്നത് എന്നതു നാം മറക്കരുത്.
Q17- ന്യൂമൂണ്‍ ദിവസം മാസാവസാന ദിവസം എന്ന വാദം സ്വീകരിച്ചാല്‍ ഭൂമിയില്‍ മാസമാറ്റത്തിന് കാരണമാകുന്ന ന്യൂമൂണ്‍ സംഭവിക്കുന്നതിന് മുമ്പേ ചില പ്രദേശത്തുകാര്‍ക്ക് പുതു മാസത്തിലേക്ക് പ്രവേശിക്കേണ്ടതായി വരും. പെരുന്നാള്‍ ദിനമാണെങ്കില്‍ അവര്‍ ഈദ് നമസ്കരിക്കുന്നത് പോലും ചിലപ്പോള്‍ പഴയ മാസത്തില്‍ നിന്നു കൊണ്ടായിരിക്കും. ഇങ്ങനെ ഒരു മുന്‍കടക്കല്‍ അനുവദനീയമാണോ? ഭൂമിയില്‍ 30ആം ദിവസത്തില്‍ (അതായത് ന്യൂമൂണ്‍ 30 ആം ദിവസം സംഭവിക്കുമ്പോള്‍) നിലകൊള്ളുമ്പോഴും ചില പ്രദേശത്തുകാര്‍ അമാവാസിക്ക് മുന്നേ പുതു മാസത്തിലേക്ക് കടക്കേണ്ടിവരും. ഈ മുന്‍കടക്കല്‍ എപ്രകാരം വിലയിരുത്തുന്നു?
A17– ഒരു കുട്ടി അമേരിക്കയില്‍ തിങ്കളാഴ്‌ച ജനിക്കുമ്പോള്‍ കുട്ടിയുടെ പിതാവു ഇന്ത്യയില്‍ ആണെങ്കില്‍ അദ്ദേഹം ചൊവ്വാഴ്‌ച്ചയിലാണ്. അതുകൊണ്ടു കുട്ടി ജനിച്ചതു ചൊവ്വാഴ്‌ച്ചയിലാണ് എന്നു പറയാന്‍ പറ്റുമോ. കുട്ടി ജനിച്ചതു തിങ്കളാഴ്‌ച ആണെന്നതു പിതാവും ലോകത്തുള്ള എല്ലാവരും അംഗീകരിക്കണം. അല്ലെങ്കില്‍ ശരിയാകുകയില്ല. അമേരിക്കയിലാണ് മാസം പിറക്കുന്നതെങ്കില്‍, അത് സംഭവിക്കുമ്പോള്‍ അവര്‍ക്ക് ഏത് ദിവസമാണോ ആ ദിവസം എല്ലാവരും അംഗീകരിക്കണം, കുട്ടി ജനിച്ചതു പോലെ. ഇതാണ് റസൂലുല്ലാഹ് (സ)പഠിപ്പിച്ചത്. പെരുന്നാള്‍ ആണെന്നു ദിവസാവസാനത്തില്‍ അറിഞ്ഞപ്പോള്‍ റസൂല്‍(സ) നോമ്പു വിടാന്‍ കല്‍പിച്ചു. നോമ്പു പൂര്‍ത്തിയാക്കാന്‍ പറഞ്ഞില്ല. സമയം ലോകത്തു പാലിക്കേണ്ടതു ക്രമപ്രകാരമാണ്. എപ്പോഴും മുന്നിലുള്ളവര്‍ മുന്നിലായിരിക്കും. പിന്നിലുള്ളവര്‍ പിന്നിലും. ക്രമം തെറ്റിക്കാന്‍ പാടില്ല.
നബി(സ) ഭൂജാതനായത് റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച്ചയായിരുന്നു എന്ന് പറയപ്പെടുന്നു. അപ്പോള്‍ അമേരിക്കയില്‍ റബീഉല്‍ അവ്വല്‍ 11 ഞായറാഴ്ച്ചയായിരുന്നു. അതിനര്‍ത്ഥം നബി(സ) ഭൂജാതനായത് ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയുമാണ് എന്നാണോ? നബി (സ) തിങ്കളാഴ്ച്ച സുന്നത്ത് നോമ്പെടുത്തതിന് പകരം അമേരിക്കക്കാര്‍ ഞായറാഴ്ച്ച നോമ്പെടുക്കേണ്ടി വരില്ലേ?? ഇത് ആരും അംഗീകരിക്കുന്നില്ലല്ലോ. ഇത് തന്നെയാണ് ചന്ദ്രമാസത്തിന്‍റെ കാര്യത്തിലും. മാസം പിറക്കുന്നതെവിടെയാണോ, അവിടത്തെ ദിവസം എല്ലാവരും സ്വീകരിക്കണം.
Q18-ശാസ്ത്രലോകം ഒരു ലൂണാര്‍ കലണ്ടര്‍ ഉപയോഗിക്കുന്നുണ്ട്. ഏറെ നിരീക്ഷണത്തിലൂടെ ക്രമപ്പെടുത്തി കൃത്യമായി മുന്‍കൂട്ടി പ്രവചിച്ചു കൊണ്ട്. രണ്ടു കൂട്ടരും ഒരേ ചന്ദ്രനെ തന്നെ അവലംബമാക്കുമ്പോള്‍ എങ്ങിനെയാണ്, ഇസ്‍ലാമിക കലണ്ടര്‍ scientific lunar calendar ല്‍ നിന്ന് വ്യത്യസ്തമാകുന്നത്?
A18– അസ്‌ട്രോണമി അറിയാത്തവര്‍ കണക്കു കൂട്ടുമ്പോള്‍ ഉണ്ടാകുന്ന അബദ്ധമാണിത്. നോട്ടിക്കല്‍ അല്‍മനാക് പരിശോധിച്ചാല്‍ ലൂണാര്‍ തിയതികളും സോളര്‍ തിയതികളും കാണാം. അത് ശാസ്ത്രജ്ഞര്‍ വ്യക്തമായി അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് തന്നെയാണ് ശരിയായ ഇസ്ലാമിക തിയതിയും. ഡോക്ടര്‍ ഇല്യാസ് സാഹിബിന്റെ ഒരു തിയതി മൂന്നു ദിവസമാക്കുന്ന ശാസ്‌ത്രം തെറ്റാണ്. അത് അനിസ്ലാമികമാണ്. എങ്കിലും വെബ്‌സൈറ്റുകളില്‍ നാം കാണുന്നതു ഇവരുടെ തെറ്റായ തിയതികളാണ്. അതുകൊണ്ട് അവ ശരിയാണെന്നു ജനങ്ങള്‍ തെറ്റിദ്ധരിക്കുന്നു. അങ്ങിനെയാണ് വെള്ളിയാഴ്‌ച്ച ആകേണ്ട അറഫാദിവസം ശനിയാഴ്‌ച്ചയിലേക്ക് (2011) മാറ്റിയത്. ഇതു ജനം മനസ്സിലാക്കുകയും പ്രതികരിക്കുകയും ചെയ്യണം. അല്ലെങ്കില്‍ ബിദ്‌അത്തു സുന്നത്തായി മാറും. പിന്നെ തിരുത്താന്‍ പറ്റാതെ വരും.
Nautical Almanac ൽ ശാസ്ത്രജ്ഞന്മാർ ഉപയോഗിക്കുന്നത് New moon ആണ്. New moon സംഭവിക്കുന്നത് ദിവസത്തിന്റെ തുടക്കത്തിൽ ആയാലും ഒടുക്കത്തിൽ ആയാലും അതു മാസത്തിന്റെ അവസാന ദിവസമാണ്. അതായതു വെള്ളിയാഴ്ച്ച New Moon ആണെങ്കിൽ ശനിയാഴ്ച ലോകമാസകലം ഒന്നാം തിയതിയാണ്. ഇതാണ് ശരിയായ മാർഗം.
ഇക്കഴിഞ്ഞ അറഫാ ദിനവും, ബലി പെരുന്നാളുമായി ബന്ധപ്പെട്ട ദിവസങ്ങള്‍ Nautical Almanac ല്‍ കൊടുത്തിട്ടുള്ളത് ഇപ്രകാരമാണ്. അതില്‍ നവംബര്‍ 04 ചന്ദ്രന്‍റെ 9ആം ദിവസമായും, 05 ചന്ദ്രന്‍റെ 10ആം ദിവസമായും രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. എന്നാല്‍ നമ്മുടെ സമൂഹം അത് സ്വീകരിച്ചത് എപ്രകാരമായിരിന്നു എന്ന് നമുക്കൊക്കെ അറിവുള്ളതാണല്ലോ.
Q19- സഞ്ചരിച്ചുകൊണ്ടിരിക്കുന്ന 3 ഗോളങ്ങള്‍ ഒരു നിശ്ചിത സമയത്ത് നേര്‍രേഖയില്‍ വരുന്ന പ്രതിഭാസമാണ് "ന്യൂമൂണ്‍". ആ അവസ്ഥ പരമാവധി എത്ര സമയം വരെ തുടരും? നേര്‍രേഖയില്‍ നിന്നുള്ള മാറ്റം സംഭവിക്കുന്നതോടെ വളരെ നേര്‍ത്ത ഒരു ക്രസന്‍റ് രൂപപ്പെടില്ലേ? ആ ക്രസന്‍റ് അടിസ്ഥാനപ്പെടുത്താന്‍ ഇസ്ലാമികമായി വല്ല വിലക്കുകളും ഉണ്ടോ? നഗ്‍ന നേത്രം കൊണ്ട് ദൃശ്യമാകുന്ന ക്രസന്‍റ് മാത്രമാണ് അടിസ്ഥാനപ്പെടുത്താവൂ എന്നുണ്ടെങ്കില്‍, അതിനുവേണ്ടതായ ക്രസന്‍റ് ന്‍റെ %of illumination, Elongation angle, Age ഇവ എത്രയാണ്? 30ആം ദിവസത്തില്‍ നിന്നും പുതുമാസത്തിലേക്ക് പ്രവേശിക്കുമ്പോള്‍, ക്രസന്‍റ് മേല്‍ പറഞ്ഞ അളവുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടാകുമോ? 29ല്‍ നിന്ന് ഒന്നു ആകുമ്പോള്‍ ചന്ദ്രക്കലയുടെ പ്രായമാണ് പ്രധാനമെന്നും, 30 ല്‍ നിന്ന് 1 ആകുമ്പോള്‍ ചന്ദ്രക്കലക്ക് പ്രായം തികയേണ്ടതില്ല എന്നുമുള്ള വിരുദ്ധമായ കല്‍പനയാണോ ഇസ്ലാം നല്‍കിയിട്ടുള്ളത്. മുഹമ്മദ് നബി(സ) യുടെ കല്‍പനയനുസരിച്ച് മനസ്സിലാക്കേണ്ടത് 29 എന്ന സാധാരണ അളവില്‍ നിന്ന് മാസത്തിന് 30 എന്ന ദൈര്‍ഘ്യം ഉണ്ടാകാന്‍ കാരണം ഭൂമിയില്‍ നിന്ന് നോക്കുന്ന മനുഷ്യരുടെ കണ്ണില്‍ ചന്ദ്രന്‍ പെട്ടില്ല എന്നതാണോ? 29 കഴിഞ്ഞ് മാസം തുടങ്ങുന്ന വേളയില്‍ പ്രകൃതിയില്‍ സംഭവിക്കുന്ന എന്തൊക്കെ പ്രതിഭാസങ്ങളുണ്ടൊ അതൊക്കെ 30 നും സംഭവിക്കുന്നില്ലേ. അപ്പോള്‍ 29ന് ചന്ദ്രന്‍ പ്രായം തികയണമെന്നും 30 ന് അത് വേണ്ട എന്നും പറയുന്നത് എന്തുകൊണ്ട്?
A19 – ഇതെല്ലാം നാം മുകളിലുള്ള മറുപടികളില്‍ വിശദീകരിച്ചു.ന്യൂമൂണ്‍ എന്നത് 12 മണിക്ക് 3 സൂചികള്‍ ഒരുമിക്കുന്നതു പോലെയാണിത്. ഒരു നിമിഷത്തില്‍ അവ തെറ്റും. അപ്പോള്‍ ആ സമയം മാറി. ന്യൂമൂണ്‍ കഴിഞ്ഞാല്‍ അടുത്ത മാസമായി. എന്നാല്‍ നാം ദിവസമാണ് മാസത്തിന് ഉപയോഗിക്കുന്നത്. അതുകൊണ്ട് വെള്ളിയാഴ്‌ച്ച ന്യൂമൂണ്‍ ആണെങ്കില്‍ ശനിയാഴ്‌ച്ച പുതിയ മാസം തുടങ്ങണം. വിഷയം അറിയാത്തവരാണ് എല്ലാ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നത്. ഇസ്ലാം ശാസ്‌ത്രത്തിനു ഒരിക്കലും എതിരാവില്ല.
Q20- നാട്ടിലെ ഭൂരിപക്ഷം പേരും എന്നാണോ പെരുന്നാള്‍ ആഘോഷിക്കുന്നത് അന്നാണ് നമ്മളും ആഘോഷത്തില്‍ പങ്കുചേരേണ്ടത് എന്ന വീക്ഷണക്കാരുണ്ട് നമുക്കിടയില്‍. ആ വീക്ഷണത്തോട് താങ്കള്‍ എങ്ങിനെ പ്രതികരിക്കുന്നു? അതാണോ യഥാര്‍ത്ഥ രീതി? ശരി എന്ന് ബോധ്യപ്പെട്ടതിൽ ഉറച്ചു നിന്ന്, 1999 ജനുവരി 19ലെ ഈദുല്‍ ഫിത്വറില്‍ അവിഭക്ത കെ എന്‍ എം ഹിലാല്‍ കമ്മറ്റി ചെയ്തപോലെ ഒറ്റക്ക് ഈദ് നടത്തുകയാണോ വേണ്ടത്?
A20– ഭൂരിപക്ഷം പേരും ജുമുഅ തെറ്റിച്ചു ശനിയാഴ്‌ച്ചക്കു മാറ്റിയാല്‍ അതു അല്ലാഹു അംഗീകരിക്കുമോ? അതു പോലെ തന്നെയാണ് വെള്ളിയാഴ്‌ച്ച ആകേണ്ട അറഫാ ശനിയാഴ്‌ച്ചയിലേക്കു മാറ്റലും. ചൊവ്വാഴ്‌ച ആചരിക്കേണ്ട ഈദുല്‍ ഫിത്വര്‍ ബുധനാഴ്‌ച്ചക്കു മാറ്റിയാലും ഉണ്ടാകുന്നത്. അല്ലാഹു അതംഗീകരിക്കുകയില്ല. കാരണം അല്ലാഹു നീതിമാനാണ്. അല്ലാഹു നീതിക്കു എതിരായി പ്രവര്‍ത്തിക്കുകയില്ല.
2011 നവംബര്‍ രണ്ടാം തിയതിയായ ബുധനാഴ്‌ച്ച ചന്ദ്രനെ പകുതിയായി നാം കണ്ടു. അതു ദുല്‍ ഹജ്ജു ഏഴാമത്തെ ദിവസമായിരുന്നു. പക്ഷെ അതുപോലും കണ്ടു മനസ്സിലാക്കാതെ വിഡ്ഡികള്‍ ബുധനാഴ്‌ച്ച ആറാം തിയതിയാണെന്നു ഉറപ്പിച്ചാല്‍ അല്ലാഹു അത് എങ്ങിനെ അംഗീകരിക്കും? അന്നു അര്‍ദ്ധ ചന്ദ്രനെ നാം വെബ്‌സൈറ്റുകളിലും കണ്ടു. വാനത്തു നോക്കിയപ്പോള്‍ അതും ചന്ദ്രനും ഒരുപോലെയായിരുന്നു. പക്ഷെ മൃഗങ്ങള്‍ക്കു പോലും മനസ്സിലാകാവുന്ന ഇതിനെ ജനങ്ങള്‍ക്കു മനസ്സിലായില്ലെങ്കില്‍ അവര്‍ മൃഗങ്ങളെക്കാളും മോശമല്ലെ?
Q21-ഇന്ത്യക്കാരനും അമേരിക്കക്കാരനും ഒരേ സമയത്ത് ജുമുഅ നമസ്‍കരിക്കുക അസംഭവ്യമെന്നപോലെ തന്നെയല്ലേ ഒരേ ദിവസം പെരുന്നാള്‍ ആഘോഷിക്കണമെന്ന് പറയുന്നതും?
A21 – എന്താണ് ജനങ്ങള്‍ക്കു പറ്റിയത്? അമേരിക്കക്കാരും ഇന്ത്യക്കാരും ഒരേ സമയത്തിലല്ല എന്നതു അറിയില്ലെ? ഏതു ലോകത്തിലാണ് ഇവര്‍ ജീവിക്കുന്നത്? ഗോളമായ ഭൂമിയില്‍ രാപ്പകലുകള്‍ മാറുമെന്നു അല്ലാഹു പറഞ്ഞു തന്നിട്ടും മനസ്സിലാകാത്തതു എന്തു കൊണ്ടാണ്? ഇന്ത്യക്കാര്‍ക്കു പകലാണെങ്കില്‍ ഗോളത്തിന്റെ മറു ഭാഗത്തുള്ള അമേരിക്കക്കാര്‍ക്കു രാത്രിയാകുമെന്നതു മനസ്സിലാക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്? അമേരിക്കക്കാരും ഇന്ത്യക്കാരും ഒരേ സമയത്തു ജുമുഅ നമസ്‌കരിക്കാന്‍ പറ്റുമോ? ഇന്ത്യക്കാര്‍ നമസ്‌കരിച്ചു 12 മണിക്കൂര്‍ കഴിഞ്ഞാല്‍ അവര്‍ നമസ്‌കരിക്കും. അതുപോലെ ഇന്ത്യക്കാര്‍ പെരുന്നാള്‍ നമസ്‌കരിച്ചു 12 മണിക്കൂര്‍ കഴിഞ്ഞാല്‍ അമേരിക്കക്കാര്‍ പെരുന്നാള്‍ നമസ്‌കരിക്കും. അമേരിക്കക്കാര്‍ പെരുന്നാള്‍ നമസ്‌കരിച്ചതിനു ശേഷം ഇന്ത്യക്കാര്‍ പെരുന്നാള്‍ നമസ്‌കരിച്ചാല്‍ ക്രമം തെറ്റി. ഇതു ദീനുല്‍ ഇസ്ലാമില്‍ ഹറാമാണ്. ജനങ്ങള്‍ക്ക് എന്താണ് കാര്യം മനസ്സിലാകാന്‍ ഇത്ര തടസ്സം?
Q22- ഇസ്ലാമിക ജീവിതത്തില്‍ പ്രകടമാകുന്ന ഒരു വ്യതിരിക്തത ഇതര മതസ്ഥരില്‍ നിന്ന്, വിശേഷിച്ചും ജൂതരില്‍ നിന്നും, വ്യത്യസ്തമാകുക എന്നതാണ്. ഒരു പാട് വിഷയങ്ങളില്‍ ജൂതരില്‍ നിന്ന് ഭിന്നമായ സമീപനം പഠിപ്പിച്ച പ്രവാചകന്‍ ദിനാരംഭം ജൂതരുടെ രീതി തന്നെ പിന്‍തുടരാന്‍ വല്ല പ്രത്യേക കാരണവുമുണ്ടോ? ജൂതര്‍ ദിനാരംഭത്തില്‍ മാത്രം കൈകടത്തലുകള്‍ നടത്താതെ മൂസാ(അ)ക്ക് അല്ലാഹു പഠിപ്പിച്ചത് പോലെ പിന്‍തുടരുകയായിരുന്നുവോ?
A22– ജൂതര്‍ വലതു കൈ കൊണ്ടു തിന്നുന്നു. നാം ഇടതു കൈകൊണ്ടു തിന്നണമോ? ജൂതര്‍ തിന്നുന്നതിനു മുമ്പേ കൈ കഴുകുന്നു. നാം കൈ കഴുകേണ്ടതില്ലേ? ജൂതര്‍ ചേലാ കര്‍മ്മം ചെയ്യുന്നു നാമും ചെയ്യേണ്ടേ? ജൂതര്‍ നടപ്പാക്കുന്ന സൂര്യന്‍ അസ്‌തമിച്ചാല്‍ തിയതി തുടങ്ങുന്ന സമ്പ്രദായം തെറ്റായതു കൊണ്ടു അതിനെ റസൂല്‍ (സ) തിരുത്തി. എങ്കിലും നാം വീണ്ടും അതേ തെറ്റിലാണ് ഇപ്പോള്‍. മൂസ (അ) അല്ലാഹുവിന്റെ ദൂതരാണ്, അദ്ദേഹം അല്ലാഹു കല്‍പിച്ചതേ ചെയ്യുകയുള്ളൂ. അദ്ദേഹം തിയതി അസ്‌തമനത്തോടെ തുടങ്ങാന്‍ കല്പിക്കുകയില്ല. മുസ്ലിംകള്‍ മാറ്റിയതു പോലെ അവരും മാറ്റിമറിച്ചതാണത്. തിയതിയും ദിവസവും ഒന്നാണെന്നും അതു തുടങ്ങേണ്ടത് പുലര്‍ച്ചക്കാണെന്നും നമ്മെ ഖുര്‍ആന്‍ പഠിപ്പിക്കുന്നു. നാം അതു ചെയ്യാതെ ജൂതന്മാരെ പിന്‍പറ്റുന്നതു എങ്ങിനെയാണ്?
Q23-നമസ്‍കാര സമയം നിശ്‍ചയിക്കാന്‍ സ്വീകരിക്കുന്ന കണക്കും, അതിന്‍റെ പ്രകൃതിയിലെ നിര്‍ണ്ണയരീതിയും (നിഴല്‍ അളക്കല്‍) യോജിച്ച് വരികയും ഒരേ ഉത്തരം നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ചന്ദ്രന്‍റെ കലയെ സംബന്ധിച്ച കണക്കും പ്രവാചകന്‍ പഠിപ്പിച്ച നിര്‍ണ്ണയരീതിയും തമ്മില്‍ പൊരുത്തപ്പെടാതെ വരികയും ചെയ്യുന്നു. അത് കൊണ്ട് ശാസ്ത്രീയമായ ഗണനാരീതി ന്യൂമൂണ്‍ അടിസ്ഥാനപ്പെടുത്തിയായതിനാല്‍ ഇസ്‍ലാമിക ആഘോഷങ്ങള്‍ക്ക് അത് സ്വീകരിക്കാന്‍ പറ്റില്ല എന്ന വാദത്തോട് താങ്കള്‍ എങ്ങിനെ പ്രതികരിക്കുന്നു.?
A23– ഈ വാദം അബദ്ധമാണ്. ഖുര്‍ആന്‍ അല്ലാതെ വെറെ എന്തെങ്കിലുമാണോ റസൂല്‍ പഠിപ്പിച്ചത്? ഖുര്‍ആനില്‍ എവിടെയാണ് മാസം തുടങ്ങാന്‍ ഹിലാല്‍ കാണണമെന്നു പറഞ്ഞിട്ടുള്ളത്?. ഹിലാല്‍ എന്ന പദം തന്നെ ഖുര്‍ആനിലില്ല. ചന്ദ്രക്കലകളെ നോക്കി തിയതി നിര്‍ണ്ണയിക്കാനാണ് റസൂല്‍ കല്‍പ്പിച്ചത്. പകുതി ചന്ദ്രനെ കണ്ടാല്‍ അതു 6 ആണെന്നു പറയുന്നത് അബദ്ധമല്ലെ? പെരുന്നാള്‍ രണ്ടും മൂന്നും ദിവസത്തിലാകുന്നത് ന്യായീകരിക്കാനല്ലേ അപ്രകാരം വാദിക്കുന്നത്? കണക്കും കാഴ്‌ച്ചയും ഒന്നായിരിക്കെ നിങ്ങള്‍ അതിനെ തെറ്റിക്കുന്നതു എന്തിനു വേണ്ടിയാണ്?
പകുതി ചന്ദ്രൻ 7ാം ദിവസമാണെന്ന് ശാസ്ത്രം പറയുന്നു. ഹിന്ദുക്കൾ അതിനെ `സപ്തമി` എന്നു പറയുന്നു. ഹിന്ദുവിനും മുസല്‍മാനും ശാസ്ത്രജ്ഞൻമാർക്കും പ്രകൃതിയിൽ വേറെ വേറെ ചന്ദ്രന്മാരില്ല. ഭൂമിയുടെ പ്രകൃതിദത്ത ഉപഗ്രഹമായ (Natural Satellite) ഒരേ ഒരു ചന്ദ്രനെയാണ് എല്ലാവരും അവലംബിക്കുന്നത്. ശാസ്ത്രജ്ഞരും, അതിനെ നിരീക്ഷിക്കുന്ന ഹിന്ദുക്കളും 7 എന്ന് പറയുമ്പോള്‍ മുസ്‍ലിംകൾ മാത്രം അത് 5ാം തിയതിയെന്നും 6ാം തിയതി ആണെന്നും പറയുന്നതു അവരിൽ നിന്ന് മാറിനില്ക്കാൻ വേണ്ടിയാണല്ലേ!!. ഇതു ജൂതന്മാരും, ശാസ്ത്രജ്ഞരും, ഹിന്ദുക്കളും വലതു കൈ കൊണ്ട് തിന്നുന്നതുകൊണ്ട് വ്യത്യസ്തതക്കായി മുസ്‍ലിംകൾ ഇടതു കൈകൊണ്ട് തിന്നണം എന്നു പറയുന്നതു പോലെയാണ്. ഇനി പകുതി ചന്ദ്രൻ 5ാം തിയതിയും 6ാം തിയതിയുമാണ് സംഭവിക്കുന്നത് എന്ന് നാം പറയുന്നതിന് എന്ത് തെളിവാണ് നമ്മുടെ പണ്ഡിതരുടെ കൈവശം ഉള്ളത്, ശാസ്ത്രജ്ഞരുടെ തെറ്റിനെ തിരുത്താൻ പ്രാപ്തമായവ??
Q24-ലോകത്തിന് അനുഗ്രഹമായ, ഭാരങ്ങള്‍ ഇറക്കി വയ്‍ക്കാന്‍ വന്ന പ്രവാചകന്‍. മനുഷ്യന് ഞെരുക്കമല്ല, എളുപ്പം ഉദ്ദേശിക്കുന്ന കാരുണ്യവാനായ ദൈവം. എന്നാല്‍ ആ മതം പഠിപ്പിച്ച ആഘോഷ ദിവസ നിര്‍ണ്ണയം മുസ്ലിം ലോകത്തിന് ഭാരമായി മാറിയിരിക്കുകയാണ്. ഒരു ഈദ് മുബാറക്ക് വിളിച്ച് പറയാന്‍ പോലും കഴിയാത്ത അവസ്ഥ. ചിലര്‍ ഈദ് ഗാഹില്‍, മറ്റു ചിലര്‍ നോമ്പില്‍, വേറെ ചിലര്‍ നോമ്പും ഈദും കഴിഞ്ഞ് നില്‍ക്കുന്നവര്‍. ഇത്രയും അവ്യക്തത. മുന്‍കൂട്ടി ഒരു അവധി ദിവസം പോലും നിശ്‍ചയിക്കാന്‍ കഴിയാത്ത അവസ്ഥ. ഇതൊക്കെ ഒരു വലിയ കാര്യമാണ് എന്ന നിലക്കല്ല, മറിച്ച് ഇത്ര നിസ്സാരമായ സംഗതി പോലും ചെയ്യാനാകാതെ വീര്‍പ്പ് മുട്ടുന്ന സമൂഹം. ഇസ്ലാം കാലാതിവര്‍ത്തിയാണ്, സകലതിനും പരിഹാരം എന്നൊക്കെ പ്രസംഗിക്കുമ്പോഴും കൊല്ലത്തില്‍ 3 ദിവസങ്ങള്‍ പോലും ഐക്യരൂപത്തില്‍ നിശ്ചയിക്കാനുള്ള ഒരു പരിഹാരം പോലും സമര്‍പ്പിക്കപ്പെടാന്‍ കഴിയാതെ നില്‍ക്കുകയല്ലേ മറുഭാഗത്ത്. എന്ത് പറയുന്നു?
A24– നാം ഇന്നു പണ്ഡിത പൂജകരായി മാറിയിരിക്കുകയാണ്. പുരോഗമനക്കാര്‍ ആണെന്നു വാദിക്കുന്നവര്‍ പോലും അവരുടെ പണ്ഡിതന്മാര്‍ പറയുന്നതൊക്കെ കണ്ണടച്ചു വിശ്വസിക്കുന്നു. ഭൂമി ഗോളമായതുകൊണ്ട് മുസ്ലിംകള്‍ക്കു ഒരു ദിവസത്തില്‍ പെരുന്നാള്‍ ആചരിക്കുവാന്‍ പറ്റുകയില്ലെന്നാണ് പണ്ഡിതന്മാര്‍ പറയുന്നത്. അതിനെ അപ്പടി വിശ്വസിക്കുന്നു അനുയായികള്‍. പെരുന്നാളില്‍ നോമ്പെടുത്തു പട്ടിണികിടക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്നു റസൂല്‍ (സ) അറിയിച്ചതു ഇവര്‍ക്കു മനസ്സിലാകുന്നില്ലേ!. നാം മാത്രമാണ് ശരിയായ മാര്‍ഗ്ഗത്തില്‍ എന്ന അഹങ്കാരം പുരോഗമനക്കാരെ അന്ധന്മാരാക്കിയിരിക്കുകയാണോ എന്ന് ആശങ്കിക്കുന്നു. അശാസ്‌ത്രീയമായ കലണ്ടറുകള്‍ ഉണ്ടാക്കി അതു ഖുര്‍ആനിലും സുന്നത്തിലുമുള്ളതാണെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. സൂര്യാസ്‌തമനവും ചന്ദ്രാസ്‌തമനവും നോക്കി കാണാവുന്ന ദിവസത്തില്‍ ഇക്കൂട്ടര്‍ ഹിലാല്‍ തേടുന്നു. ഇതു റസൂലിന്റെ സുന്നത്താണോ? ഇങ്ങിനെയുള്ള ബിദ്‌അത്തുകളാണു ഇന്ന് സമൂഹം ചെയ്യുന്നത്. .
Q25-ചന്ദ്രമാസ നിര്‍ണ്ണയത്തില്‍ ഒരു യോജിപ്പിന് സാധ്യതയുണ്ടോ? എന്താണ് അതിനുള്ള മാര്‍ഗ്ഗം?
A25– അതിനു ആവശ്യമുള്ളത് അറിവാണ്. ആകാശത്തില്‍ അല്ലാഹു തൂക്കിയിട്ടിരിക്കുന്ന കലണ്ടറാണ് ചന്ദ്രന്‍. ഒരു ചന്ദ്രന്നു രണ്ടു തിയതി കാണിക്കാന്‍ പറ്റുമോ? ചന്ദ്രന്‍ രണ്ടു ദിവസം വരെ ഒരു സ്ഥാനത്തു നില്‍ക്കുമോ? അതിന്റെ കല രണ്ടു ദിവസം മാറാതിരിക്കുമോ? പിന്നെ എങ്ങിനെയാണ് 2011 ലെ ദുല്‍ഹജ്ജു 10 ചിലര്‍ക്കു ശനിയും ചിലര്‍ക്കു ഞായറും മറ്റു ചിലര്‍ക്കു തിങ്കളും ആയത്? ഇനിയെങ്കിലും ഈ വിഡ്ഡിത്തം ആവര്‍ത്തിക്കാതിരിക്കുക എന്നു പണ്ഡിതരോട് വിളിച്ചു പറയുക. അല്ലാഹു നമ്മെ കാക്കട്ടെ!
----------------------------
ബഹുമാന്യ സഹോദരീ സഹോദരന്മാരെ,
ഇതില്‍ ഉന്നയിച്ചിട്ടുള്ള ചോദ്യങ്ങളും, പരാമര്‍ശിക്കപ്പെട്ട വിഷയങ്ങളും മറ്റു പണ്ഡിതരോടും നിങ്ങള്‍ അന്വേഷിക്കുക. കിട്ടുന്ന ഉത്തരം താരതമ്യം ചെയ്ത് പഠിച്ച് സത്യം കണ്ടെത്തുക. അല്ലാഹു അനുഗ്രഹിക്കട്ടെ.
അലി മാണിക്ഫാന്
manikfan@gmail.com
Download pdf (Right click> save target as)
Click here to View pdf in new window

Manazil - Angular separation between Sun & Moon-Simply Position of Moon in sky at sunset. |

സമയവും ദിവസവും
ഭൂഗോളത്തിന്‍റെ സൂര്യന് അഭിമുഖമായ ഭാഗത്ത് സൂര്യ കിരണങ്ങള്‍ പതിക്കുകയും, തത്ഫലമായി “പകല്‍” ഉണ്ടാകുകയും ചെയ്യുന്നു. സൂര്യകിരണങ്ങള്‍ പതിക്കാത്ത മറുഭാഗം രാത്രിയുമായിരിക്കും.
സമയം നാം സൂര്യനെ ബന്ധപ്പെടുത്തി കണക്കാക്കുന്നു. സൂര്യന്‍ കിഴക്കേ ചക്രവാളത്തില്‍ പ്രത്യക്ഷമാകുമ്പോള്‍ പുലരിയും, തലക്ക് മുകളില്‍ വരുമ്പോള്‍ ഉച്ചയും, പടിഞ്ഞാറേ ചക്രവാളത്തില്‍ അപ്രത്യക്ഷമാകുമ്പോള്‍ അസ്തമയവും സംഭവിക്കുന്നു.
ചിത്രം ശ്രദ്ധിക്കുക.
ചിത്രത്തിലെ 12 എന്ന് രേഖപ്പെടുത്തിയ പ്രദേശത്തിന് നേര്‍മുകളില്‍ സൂര്യനുള്ളതിനാല്‍ അവിടെ നട്ടുച്ചയായിരിക്കും, സമയം 12 മണി. എന്നാല്‍ അതേ സമയം തന്നെ ഇരു ഭാഗത്തുമുള്ള പ്രദേശക്കാര്‍ക്കും സൂര്യന്‍ ദൃശ്യമായിരിക്കും. ഒരു കൂട്ടര്‍ നട്ടുച്ച കഴിഞ്ഞവരും, മറ്റുള്ളവര്‍ അതിലേക്ക് പ്രവേശിക്കാന്‍ നില്‍ക്കുന്നവരും. അതുകൊണ്ട് നട്ടുച്ച കഴിഞ്ഞവരുടെ സമയം 1 മണിയും, ഉച്ചയിലേക്ക് പ്രവേശിക്കാന്‍ നില്‍ക്കുന്നവരുടെ സമയം 11 മണിയുമായിരിക്കും. അങ്ങിനെ സൂര്യനെ അപേക്ഷിച്ച് ഓരോ ഭൂപ്രദേശത്തിന്‍റെയും സ്ഥാനം “സമയം” നിര്‍ണ്ണയിക്കുന്നതിന് അടിസ്ഥാനമാക്കുന്നു. അതിനെ Local Time എന്ന് വിളിക്കുന്നു.
എന്നാല്‍ തിയതിയുടെ കാര്യം ഇതില്‍ നിന്നും വ്യത്യസ്തമാണ്. ചന്ദ്രനും ഭൂമിയും സൂര്യനും തമ്മിലെ കോണളവ് അഥവാ angle തിയതി കാണിക്കുന്നു.അതാണ് Elongation. കോണളവ് കണക്കാക്കുന്നത് ഭൂകേന്ദ്രത്തില്‍ നിന്നായതിനാല്‍ ഭൂഗോളമാസകലം ആ അളവ് തുല്യമായിരിക്കും. ഉദാഹരണത്തിന് Elongation angle 25 Degree എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം ചന്ദ്രന് രണ്ടു ദിവസം പ്രായമായി എന്നത്രെ. (ചന്ദ്രന്‍ ഒരു ദിവസം സൂര്യനില്‍ നിന്ന് ശരാശരി 12 ഡിഗ്രി അകലുന്നു). അതില്‍ പ്രാദേശിക വ്യത്യാസം സംഭവിക്കുന്നില്ല. സമയം പ്രാദേശികമായും, തിയതി ഭൂമിക്ക് ആകമാനവും കണക്കാക്കുന്നു. അതു കൊണ്ട് തന്നെ തിയതിയും സമയവും കൂട്ടിക്കുഴക്കരുത്.
ഈ വ്യത്യാസം ശ്രദ്ധിക്കാതിരിക്കുന്നതിനാലാണ് സംശയങ്ങള്‍ ഏറെയും വരുന്നത്.
ഭൂമിയില്‍ ദിവസം ആരംഭിക്കുന്നതെങ്ങിനെ?
ഭൂമി North-South ദിശയിലുള്ള അച്ചുതണ്ടില്‍ ഭ്രമണം ചെയ്യുന്നതായി നമുക്കറിയാം. അതുകൊണ്ട് മുകള്‍ ഭാഗം വടക്കും, താഴെ ഭാഗം തെക്കും. എന്നാല്‍ എവിടെയാണ് ഭൂമിയിലെ കിഴക്കും പടിഞ്ഞാറും?. എവിടെ കിഴക്ക് തുടങ്ങുന്നു, പടിഞ്ഞാറ് അവസാനിക്കുന്നു?
കിഴക്കും പടിഞ്ഞാറും വേര്‍പിരിയുന്ന ഭാഗം (സ്ഥലം) ആണ് International Date line.
ഭൂമിയില്‍ വ്യാഴാഴ്ച്ചയിലെ ളുഹര്‍ നമസ്കാരവും , വെള്ളിയാഴ്ചയിലെ ജുമുഅയും വേര്‍തിരിയുന്നത് എങ്ങിനെ?
ഡേറ്റ്ലൈനിന് പടിഞ്ഞാറുള്ള രാജ്യങ്ങളില്‍ ഭൂമിയിലെ ഒരു പുതു ദിവസം ആരംഭിക്കുന്നു. ആ ദിവസം, ഭൂമിയെ ചുറ്റി 24 മണിക്കൂര്‍ കൊണ്ട് ഡേറ്റ് ലൈനിന് കിഴക്ക് അവസാനിക്കുന്നു. ഭൂമിയില്‍ ആദ്യമായി ജുമുഅ നമസ്കരിക്കുന്നത് ഡേറ്റ്ലൈനിന്‍റെ പടിഞ്ഞാറ് ഭാഗക്കാരായിരിക്കും, അതേ സമയം അതേ നട്ടുച്ച സൂര്യന്‍റെ കീഴില്‍ തന്നെയുള്ള ഡേറ്റ് ലൈനിന്‍റെ കിഴക്കു ഭാഗക്കാര്‍ വ്യാഴാഴ്ച ളുഹര്‍ നമസ്കാരത്തിലും ആയിരിക്കും. രണ്ടു കൂട്ടര്‍ക്കും ഒരേ സമയമാണെങ്കിലും, അവര്‍ രണ്ട് ദിവസങ്ങളില്‍ ആയിരിക്കും. ഇത് അനുസ്യൂതം തുടരുന്ന പ്രതിഭാസമാണ്. ഡേറ്റ്ലൈനില്‍ ആരംഭിച്ച ജുമുഅ 6.30 മണിക്കൂറിന് ശേഷം ഇന്ത്യക്കാര്‍ നമസ്കരിക്കുന്നു. 9 മണിക്കൂറിന് ശേഷം മക്കയില്‍ നമസ്‍കരിക്കുന്നു. വെള്ളിയാഴ്ച്ച എന്ന ദിവസം ഒരു തിയതിയില്‍ തന്നെ ഉരുണ്ട ഭൂമിയില്‍ എല്ലായിടത്തും അനുഷ്ഠിക്കുന്നു. അതേ ഉരുണ്ട ഭൂമിയിലെ മറ്റൊരു ദിവസമായ “പെരുന്നാള്‍ ദിനങ്ങള്‍ “ എന്തു കൊണ്ട് ഒറ്റ ദിവസത്തില്‍ ആചരിക്കാന്‍ കഴിയുന്നില്ല? ഉരുണ്ട ഭൂമിയില്‍ പെരുന്നാള്‍ ഏകീകരണം അസാധ്യമെങ്കില്‍ ജുമുഅ ഏകീകരണം എങ്ങിനെ സാധ്യമായി?.
മാസം എന്നത് തിയതികള്‍ ചേര്‍ന്നതാണ്. അതു കൊണ്ട് തന്നെ മാസം ആരംഭിക്കുന്നതും ദിവസം ആരംഭിക്കുന്നത് പോലെയായിരിക്കും. ദിവസത്തിലെ സമയത്തില്‍ മുമ്പുള്ളവരെ പിമ്പുള്ളവര്‍ മുന്‍കടക്കരുത്. കാരണം ദിവസത്തിന്‍റെ ഘടകം സമയം ആണ്. എന്നാല്‍ മാസത്തിന്‍റെ ഘടകം സമയമല്ല, മറിച്ച് ദിവസമാണ്. അതു കൊണ്ട് മാസ മാറ്റം ചര്‍ച്ച ചെയ്യുമ്പോള്‍ സമയം മുന്‍കടക്കല്‍ ബാധകമല്ല, മറിച്ച് ദിവസമാണ് അവിടെ പരിഗണിക്കുക.
ഭൂമിയില്‍ സമയത്തില്‍ മുമ്പ് ഉള്ളവര്‍ ആരാധനകളും ആദ്യമായിരിക്കും അനുഷ്ഠിക്കുക. ഇന്ത്യക്കാര്‍ ജുമുഅ നമസ്കരിച്ചതിന് ശേഷമേ മക്കക്കാര്‍ നമസ്കരിക്കൂ. അതാണ് ക്രമീകരണം. എന്നാല്‍ പെരുന്നാള്‍ ദിനങ്ങള്‍ മക്കക്കാര്‍ ആദ്യം ആഘോഷിക്കുകയും നാം അതിനു ശേഷം ആഘോഷിക്കുകയും ചെയ്യുന്നു. ഇത് ക്രമം തെറ്റിക്കലാണ്.
ഭൂമിയില്‍ ആദ്യം ജുമുഅ നിര്‍വഹിക്കുന്നവര്‍ തന്നെയായിരിക്കണം , ആദ്യം പെരുന്നാള്‍ നമസ്കരിക്കേണ്ടതും. ഒരു വെള്ളിയാഴ്ച്ച പെരുന്നാള്‍ വന്നെന്നു കരുതുക, ആ ദിവസത്തിലെ ജുമുഅ ലോകത്തെല്ലായിടത്തും ഒരേ തിയതിയില്‍ , ഭൂമി ഉരുണ്ടിരിക്കെ തന്നെ, ആചരിക്കുക പ്രായോഗികവും, അതേ ദിവസത്തിലെ മറ്റൊരു അനുഷ്ഠാനമായ പെരുന്നാള്‍ ദിനം “ഭൂമി ഉരുണ്ടതാ”യതിനാല്‍ പല ദിവസങ്ങളില്‍ വരികയും ചെയ്യുന്നു. ഇതെന്തൊരു വൈരുധ്യം ??
ഒരു തിയതിക്ക് ഒരു ദിവസം, ഒരു ദിവസത്തിന് ഒരു തിയതി. ഇത് അനിഷേദ്ധ്യമായ തത്വമാണ്. പിന്നെ എന്തുകൊണ്ട് ഇസ്ലാമിക മാസത്തിലെ ഒരു ദിവസത്തിന് പല തിയതികള്‍ ഉണ്ടാകുന്നു ?? ചിന്തിക്കുക.
---------------------------------------------------------------
ഇതില്‍ ഉന്നയിച്ചിട്ടുള്ള ചോദ്യങ്ങളും, പരാമര്‍ശിക്കപ്പെട്ട വിഷയങ്ങളും മറ്റു പണ്ഡിതരോടും നിങ്ങള്‍ അന്വേഷിക്കുക. കിട്ടുന്ന ഉത്തരം താരതമ്യം ചെയ്ത് പഠിച്ച് സത്യം കണ്ടെത്തുക. അല്ലാഹു അനുഗ്രഹിക്കട്ടെ.
അലി മാണിക്ഫാന്‍
manikfan@gmail.com
Download pdf (Right click> save target as)
Click here to View pdf in new window
No comments:
Post a Comment
Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.