Sunday, January 1, 2012

മാസ നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പണ്ഡിതരോടുള്ള ചോദ്യാവലി.



മാസ നിര്‍ണ്ണയവുമായി ബന്ധപ്പെട്ട  ചില  ചോദ്യാവലി. - Questions

Go to Answers section         Download questionnaire in pdf , pmd or Unicode


ഇസ്‍ലാമിക മാസനിര്‍ണ്ണയം എങ്ങിനെ? 
മാസ നിര്‍ണ്ണയവുമായി ബന്ധപ്പെട്ട  ചില  ചോദ്യങ്ങള്‍  ഇവിടെ  ഈ വിഷയം കൈകാര്യം ചെയ്യുന്ന പണ്ഡിതരുടെ പ്രതികരണത്തിനായി സമര്‍‍പ്പിക്കുകയാണ്‌. ബഹുമാന്യരായ പണ്ഡിതര്‍ ഇതിലുള്ള അവരവരുടെ വീക്ഷണങ്ങള്‍ എഴുതി നല്‍കണമെന്ന് അപേക്ഷിക്കുന്നു. ശേഷം അത് പ്രസിദ്ധീകരിക്കപ്പെട്ടാല്‍ മുസ്‍ലിം ജനസാമാന്യത്തിന്‌ ഉപകരിക്കുമെന്ന് കരുതുന്നു. ദയവായി ഈ സം‍രം‍ഭത്തോട് സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു.ഈ ചോദ്യങ്ങളും അതിന്‌ ഓരോരുത്തരും നല്‍കുന്ന മറുപടികളും അത് ലഭിക്കുന്ന മുറക്ക്   http://islamic-month.blogspot.com/   എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്‌.  അതിനോടുള്ള തുടര്‍ പ്രതികരണങ്ങളും, ഈ വിഷയ സംബന്ധമായ മറ്റ് വിഭവങ്ങളും കക്ഷിഭേദമന്യേ അതില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും


-----------------------------------------------------------------------------
1-Time keeping അഥവാ കാലനിര്‍ണ്ണയത്തിന്‌ ഉതകുന്ന ഇസ്‍ലാമിക നിര്‍ദ്ദേശങ്ങള്‍ എന്തെങ്കിലും ഉണ്ടോ? മുസ്‍ലിംകള്‍ക്ക് സ്വന്തമായ ഒരു ക്രമീകരണം ഇക്കാര്യത്തില്‍ ആവശ്യമുണ്ടോ? അതല്ല പൊതു സമൂഹം സ്വീകരിക്കുന്ന ഇംഗ്ലീഷ് കലണ്ടര്‍ നമ്മള്‍ പിന്‍തുടര്‍ന്നാല്‍ മതിയോ?

2-Time keeping അഥവാ കലണ്ടര്‍, അതിന്‍റെ ലക്ഷ്യം നിര്‍വ്വഹിക്കാന്‍ പ്രാപ്‍തമാകണമെങ്കില്‍ അതിലെ ഒരു ദിവസത്തെക്കുറിക്കാന്‍ ഒരു തിയതിയോ, അല്ലെങ്കില്‍ ഒരു തിയതിയുള്ള ഒരു ദിവസമോ ആണ്‌ ഉണ്ടായിരിക്കേണ്ടത്. ഇസ്‍ലാമിക കലണ്ടറില്‍ ഇക്കാര്യം എപ്രകാരം കൈകാര്യം ചെയ്യപ്പെടുന്നു. അതില്‍ ഒരു തിയതിയുള്ള പല ദിവസങ്ങള്‍ വരുന്നത് സാധാരണമാണ്‌. അപ്പോള്‍ ആ കലണ്ടര്‍ അത് എന്തിനു വേണ്ടിയാണോ ഉണ്ടാക്കപ്പെട്ടത്, ആ ലക്ഷ്യം നിര്‍വ്വഹിക്കുന്നുണ്ടോ?  ഇസ്‍ലാമിക  കലണ്ടര്‍ അടിസ്ഥാനപ്പെടുത്തി ലോകത്ത് മുഴുവന്‍ ഒരു തിയതിയുള്ള ഒറ്റ ദിവസം ആക്കാന്‍ കഴിയുമോ? അത് പ്രായോഗികമാണെങ്കില്‍ എങ്ങിനെ, അപ്രായോഗികമാണെങ്കില്‍ എന്തു കൊണ്ട് എന്ന് വിശദീകരിക്കാമോ?

3- മാസാരംഭത്തെ പറ്റിയുള്ള ഇസ്‍ലാമിക നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ്‌? അഹില്ലയെ അടിസ്ഥാനമാക്കിയിരിക്കുന്നു, ഗുമ്മ ആയാല്‍,  എണ്ണം കണക്കാക്കുക തുടങ്ങിയ പദങ്ങള്‍ വിശദീകരിക്കാമോ?അഹില്ല, മനാസില്‍ എന്നീ ഖുര്‍ആന്‍ ഉപയോഗിച്ച പദങ്ങളെ വിശദീകരിക്കാമോ? അതിന്‌ സമാനമായ ശാസ്ത്രീയ പദങ്ങള്‍ ഉണ്ടോ? അഹില്ലയും മനാസിലും അടിസ്ഥാനമാക്കി എങ്ങനെയാണ്‌ കാലനിര്‍ണ്ണയം നടത്തുക.  റു‍അ‌‍യ എന്നതിന്‌ നഗ്നനേതകാഴ്‍ച്ച എന്നു മാത്രമേ അര്‍ത്ഥമുള്ളൂ എന്നുണ്ടോ? ഖുര്‍ആനില്‍ തന്നെ റ‍അ എന്ന പദം അറിയുക എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഭൂമിയിലെ ആദ്യത്തെ ചന്ദ്രപ്പിറവിയെ കണ്ണുകൊണ്ട് കണ്ടില്ലെങ്കിലും "ശാസ്ത്രത്തിലൂടെ അറിഞ്ഞാല്‍" മതി എന്നുമുള്ള വാദം സുന്നത്തിന്‌ വിരുദ്ധമാണോ?

4- ഇസ്‍ലാമിക കലണ്ടര്‍ "pure lunar calendar" എന്നാണല്ലോ അറിയപ്പെടുന്നത്. ഇസ്‍ലാമിക മാസത്തിലെ തിയതികള്‍ക്ക്  ആകാശത്തില്‍ കാണുന്ന ചന്ദ്രക്കലകളുമായി ബന്ധമുണ്ടോ? അതായത് ചന്ദ്രക്കലയെ അടിസ്ഥാനമാക്കി അത് ഇന്ന തിയതിയിലേതാണ് എന്ന് പറയാന്‍ കഴിയുമോ? ശഅബാന്‍ മാസം 28,29 തിയതികളില്‍ ആകാശം മേഘാവൃതമായതിനാല്‍ ചന്ദ്രദര്‍ശനം അസാധ്യമായതുകൊണ്ട് 30 പൂര്‍ത്തീകരിക്കുകയും അതിനടുത്ത ദിവസം റമളാന്‍ ആരംഭിക്കുകയും ചെയ്തുവെന്ന് കരുതുക. തുടര്‍ന്നു വന്ന ദിവസങ്ങളില്‍ ചന്ദ്രദര്‍ശനം സാധ്യമായി എന്നും കരുതുക. അപ്പോള്‍ പ്രത്യക്ഷമായ ചന്ദ്രന്റെ വലുപ്പവും, സൂര്യാസ്തമയ സമയത്ത് ആകാശത്തിലെ അതിന്റെ സ്ഥാനവും നിരീക്ഷിച്ചാല്‍ ആ ചന്ദ്രക്കല ഏത് ദിവസത്തിലെയാണെന്ന് മനസ്സിലാക്കാന്‍ കഴിയുമോ? അത് സാധ്യമാണെങ്കില്‍ അന്നേ ദിവസം മുതല്‍ പിന്നോട്ട് എണ്ണി മാസാരംഭം ശരിയായിട്ടാണോ നിര്‍ണ്ണയിച്ചത് എന്ന് കണ്ടെത്താന്‍ കഴിയുമല്ലോ. അപ്പോള്‍ മാസാരംഭം ശരിയായല്ല മനസ്സിലാക്കിയത് എന്നുണ്ടെങ്കില്‍ തുടര്‍ന്ന് വരുന്ന തിയതികള്‍ ശരിപ്പെടുത്തേണ്ടതുണ്ടോ?ഇന്നലെ ആറാം തിയതി എന്ന് വിശ്വസിച്ചതിനാല്‍ നാളെ ഏഴ് എന്ന് പറയുക മാത്രമാണോ രീതി, അതല്ല ഏഴാം ദിവത്തെ ചന്ദ്രക്കലയുമായി ആ തിയതി ഒത്തു വരുന്നുണ്ടോ എന്ന്  പരിശോധിക്കലും വേണ്ടതുണ്ടോ?  "ഒന്നാം തിയതി" മാത്രം കണ്ടുപിടിക്കാനുള്ള ഒരു "ഉപകരണമായാണോ" ഇസ്‍ലാമിക കലണ്ടറില്‍ ചന്ദ്രനെ പരിഗണിക്കുന്നത്?

5-മുഹമ്മദ് നബി (സ) മാസം 29ആം തിയതി ചന്ദ്രനെ നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കി തദടിസ്ഥാനത്തില്‍ ഒന്നാം തിയതി നിശ്ചയിക്കുകയും , തുടര്‍ന്ന് ഓരോ ദിവസവും ഒന്നു വീതം കൂട്ടി അടുത്ത മാസം 29 ല്‍ എത്തുകയും, അന്ന് വീണ്ടും ചന്ദ്രനെ നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കി തദടിസ്ഥാനത്തില്‍ അടുത്ത മാസം നിശ്ചയിക്കുക മാത്രമാണോ ചെയ്തിരുന്നത്. അവര്‍ സ്വീകരിച്ചിരുന്ന തിയതിയും ആകാശത്തില്‍ കാണുന്ന ചന്ദ്രക്കലയും തമ്മില്‍ പൊരുത്തപ്പെടുന്നോയെന്ന പരിശോധന നടത്തിയതായോ, തെറ്റ് പറ്റിയെങ്കില്‍ തിയതി തിരുത്തിയതായോ വല്ല വിവരവും ഉണ്ടോ? 

6- 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യന്‌ ചന്ദ്രനില്‍ പോകുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലുമുള്ള പ്രാപ്തിയില്ലാതിരുന്ന ഒരു കാലത്ത്, പ്രവാചകന്‍റെ പ്രബോധിതര്‍ "അഹില്ലയെ പറ്റി ചോദിക്കുന്നു". അതിന്‌ അല്ലാഹു "അത് മവാഖീതു ലിന്നാസ്" ആണ്‌ എന്ന് മറുപടി നല്‍കി. ശാസ്ത്രം അഭൂതപൂര്‍വ്വമായി വളര്‍ന്ന ഇക്കാലത്ത് അതേ ചോദ്യം ചോദിച്ചാല്‍ "ചന്ദ്രക്കലകള്‍ മവാഖീത്തു ലിന്നാസ്" ആകുന്നതെങ്ങിനെ എന്ന് എപ്രകാരം താങ്കള്‍ വിശദീകരിക്കും. എപ്രകാരമാണ്‌ ചന്ദ്ര നിരീക്ഷണം നടത്തുന്നത് എന്നും അത് എങ്ങിനെ "മവാഖീത്തു ലിന്നാസ്" ആകുന്നു എന്നും വിശദീകരിക്കാമോ? മവാഖീത്ത് എന്ന പദവും വിശദീകരിക്കാമോ?

7-മുസ്‍ലിംകള്‍ക്ക് നിത്യ ജീവിതത്തിലും ആഘോഷവേളകള്‍ക്കും അവലംബമാക്കാന്‍ കഴിയുന്ന ഒരു  ഇസ്‍ലാമിക  കലണ്ടര്‍ ഉണ്ടാക്കാന്‍ കഴിയുമോ? ഇസ്‍ലാമില്‍ ദീനിന്‌ (ആഘോഷങ്ങള്‍ക്കും നോമ്പിനും) ഒരു കലണ്ടറും, ദുനിയാവിന്‌ (ജീവിതാവശ്യങ്ങള്‍ക്ക്) മറ്റൊരു കലണ്ടറും എന്ന ചര്യ പ്രവാചകന്‍റെതാണോ? ചന്ദ്രന്‍റെ നഗ്‍ന നേത്രങ്ങളാലുള്ള കാഴ്‍ച പ്രവാചകന്‍ നോമ്പിന്‍റെ തിയതി നിശ്‍ചയിക്കാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍, കച്ചവടത്തിനും യാത്രക്കും മറ്റും തിയതി നിശ്‍ചയിക്കാന്‍ അദ്ദേഹം എന്ത് മാര്‍ഗ്ഗമാണ്‌ ഉപയോഗിച്ചിരുന്നത്. കാഴ്ചയെ അടിസ്ഥാനപ്പെടുത്തി ഒരു  ഇസ്‍ലാമിക കലണ്ടര്‍ തയ്യാറാക്കാന്‍ കഴിയുമോ?

8-ചന്ദ്രന്‍റെ മത്വ്‌‍ല‍അ‌ എന്നാല്‍ എന്താണ്‌? അത് ഓരോ മാസവും വ്യത്യസ്ഥമായിരിക്കുമോ?  ഒരു മാസത്തില്‍ ഒരേ മത്വ്‌‍ല‍ഇല്‍ വരുന്നതും വരാത്തതുമായ പ്രദേശങ്ങളെ എങ്ങിനെ അറിയാന്‍ കഴിയും? ചന്ദ്രപ്പിറവി വിവരത്തിന്‍റെ സ്വീകരണത്തിന്‌ മത്വ്‌ല‍അ‌ ബാധകമാണോ?

9- ചന്ദ്രപ്പിറവി ദര്‍ശനം ഓരോ പ്രദേശങ്ങളിലും വെവ്വേറെ വേണമോ അല്ല ലോകത്തെവിടെയുണ്ടായാലും മതിയോ? ഇക്കഴിഞ്ഞ (2011) ഈദുല്‍ ഫിത്വര്‍നും വരുന്ന ഈദുല്‍ അള്ഹക്കും സൌദിയില്‍ "കണ്ടു" എന്ന് പറഞ്ഞിട്ടും നാം കേരളക്കാര്‍ സ്വീകരിക്കാതിരുന്നതിന്‍റെ കാരണമെന്താണ്‌? കേരളത്തില്‍ മാസ നിര്‍ണ്ണയം സ്വീകരിക്കാന്‍ വേണ്ട കാഴ്ച്ചയുടെ അതിരുകള്‍ എവിടെ മുതല്‍ എവിടെ വരെയാണ്‌?

10-ചന്ദ്രമാസം 29 ഉം 30ഉം ഉണ്ടാകുന്നതെങ്ങിനെ? പ്രകൃതിയിലെ എന്തെങ്കിലും പ്രതിഭാസങ്ങളുമായി ആ എണ്ണങ്ങള്‍ക്ക് ബന്ധമുണ്ടോ? അതല്ല ഭൂമിയില്‍ നിന്ന് നോക്കുന്നവരുടെ കണ്ണില്‍ പെടാത്ത അവസരങ്ങളില്‍ മാത്രമാണോ മാസത്തില്‍ 30 ദിനങ്ങളുണ്ടാകുന്നത്?

11-സൂര്യാസ്തമയ ശേഷം എത്ര മിനുട്ട് മിനിമം ചക്രവാളത്തില്‍ ചന്ദ്രന്‍ ഉണ്ടായാലാണ്‌ അത് നഗ്‍ന നേത്രം കൊണ്ട് ദൃശ്യമാകുക? 

12-അമാവാസി ദിവസം ഭൂമിയില്‍ (ഏത് പ്രദേശം കണക്കിലെടുത്താലും) പരമാവധി എത്ര മിനിട്ടിന്‍റെ അസ്തമയ വ്യത്യാസം സൂര്യനുമായി ചന്ദ്രന്‌ ഉണ്ടാകും. ആ അളവ് നഗ്‍നനേത്രം കൊണ്ട് കാണാന്‍ മിനിമം വേണ്ട സമയത്തില്‍ കൂടുതലോ അല്ല കുറവോ? ശാസ്ത്രീയമായി ചന്ദ്രക്കല വിവരിക്കുന്നിടങ്ങളില്‍ അമാവാസി ദിവസത്തെ കറുത്ത പൂര്‍ണ്ണവൃത്തമായാണ്‌ അടയാളപ്പെടുത്തുന്നത്. അതായത് അന്നത്തെ ചന്ദ്രക്കല നഗ്‍ന നേത്രം കൊണ്ട് കാണില്ല എന്നര്‍ത്ഥം. എന്നാല്‍ അന്നേദിവസം, പ്രതേകിച്ചും മാസം 29 ഉള്ള ദിവസങ്ങളില്‍ മുസ്‍ലിംകള്‍ അത് കണ്ടതായി സാക്ഷ്യം വഹിക്കുകയും, തഥടിസ്ഥാനത്തില്‍ ആഘോഷങ്ങള്‍ നിശ്‍ചയിക്കപ്പെടുകയും ചെയ്യുന്നു. ഇതില്‍ ആളുകള്‍ "കണ്ട" അറിവാണോ പ്രമാണികം, അല്ല ശാസ്ത്രമോ?

13-ഇസ്‍ലാമിക മാസത്തിലെ പ്രഥമദിനം വ്യത്യസ്ത ദിവസങ്ങളിലായാണ്‌ സാധാരണ ആരംഭിക്കാറ്. ആരംഭത്തില്‍ സംഭവിച്ച ആ വ്യത്യാസം പോലെ തന്നെ തുടര്‍ന്ന് വരുന്ന അര്‍ദ്ധചന്ദ്രന്‍, പൌര്‍ണ്ണമി, ചന്ദ്ര ഗ്രഹണം ഉള്ള മാസമാണെങ്കില്‍ ആ ഗ്രഹണം എന്നിവ ആരംഭത്തില്‍ വന്ന വ്യത്യാസം പോലെതന്നെ വ്യത്യസ്ഥ ദിവസങ്ങളിലായാണോ അതാത് പ്രദേശങ്ങളില്‍ ദൃശ്യമാകുക? ഒരു ദിവസത്തില്‍ ഒരു പ്രത്യേക സമയത്ത് ഒരു പ്രദേശത്ത് കാണുന്ന ചന്ദ്രക്കല തന്നെയാണോ, ലോകത്തെല്ലായിടത്തും അതേ സമയത്ത്,(ചന്ദ്രന്‍ ദര്‍ശനം സാധ്യമാകുന്നിടങ്ങളില്‍) കാണപ്പെടുക? 

14-ഒരു ദിവസം (ഉദാഹരണം വ്യാഴാഴ്ച്ച) പകലിനു ശേഷമുള്ള അസ്തമയത്തോടനുബന്ധിച്ച് പ്രത്യക്ഷപ്പെടുന്ന ചന്ദ്രക്കല ആ ദിവസത്തേതാണോ (അതായത് വ്യാഴാഴ്ച്ചയിലെ), അല്ല വെള്ളിയാഴ്ച്ച ദിവസത്തിന്‍റെയോ? താങ്കളുടെ മറുപടിക്ക് മതപരമായും ശാസ്ത്രീയമായും ഉള്ള തെളിവുകള്‍ എന്താണ്‌?

15- യൂണിവേഴ്‍സല്‍ സമയം, ഇന്‍റര്‍നാഷണല്‍ ഡേറ്റ് ലൈന്‍ എന്നിവ എന്താണ്‌? ഇതിന്‌ മാസനിര്‍ണ്ണയത്തില്‍ എന്ത് പ്രാധാന്യമാണ്‌ ഉള്ളത്? മാറ്റത്തിന്‌ വിധേയമായ മനുഷ്യ നിര്‍മ്മിതങ്ങളായ മാനദണ്ഡങ്ങളെ എങ്ങിനെ മതത്തിന്‍റെയും മാനദണ്ഡമായി ഉപയോഗിക്കും. ഇക്കൊല്ലം പോലും ഡേറ്റ്‍ലൈനിന്‌ അപ്പുറമുള്ളവര്‍ ഇപ്പുറം ചാടാന്‍ കാത്തിരിക്കുന്ന വേളയില്‍ വിശേഷിച്ചും.  ഇവ മുസ്‍ലിംകള്‍ എന്തെങ്കിലും കാര്യത്തിന്‌ നിലവില്‍ ഉപയോഗിക്കുന്നുണ്ടോ?

16-ന്യൂമൂണ്‍ ദിവസം മാസാവസാന ദിവസം എന്ന വാദപ്രകാരം,  ഒരു ദിവസം രാത്രി 23:50hr UT യില്‍ സംഭവിക്കുന്ന ന്യൂമൂണ്‍ പ്രകാരം അതിന്‍റെ പിറ്റേന്ന് പുതുമാസം തുടങ്ങുന്നു. എന്നാല്‍ 00:10Hr ന്‌ ന്യൂമൂണ്‍ സംഭവിക്കുമ്പോള്‍ ഏതാണ്ട് 23 മണിക്കൂര്‍ കഴിഞ്ഞ് അതിന്‍റെ തൊട്ടടുത്ത ദിവസം പുതുമാസാരംഭം കുറിക്കുന്നു. 20 മിനുട്ടിന്‍റെ സമയവ്യത്യാസത്തിലുള്ള രണ്ട് ചന്ദ്രക്കലകള്‍ക്ക് ദിവസം വേര്‍തിരിക്കാന്‍ മാത്രം വ്യത്യാസമുണ്ടാകുമോ? ആ കലയും ദിവസവും തമ്മില്‍ ഒത്തു പോകുമോ?

17- ന്യൂമൂണ്‍ ദിവസം മാസാവസാന ദിവസം എന്ന വാദം സ്വീകരിച്ചാല്‍ ഭൂമിയില്‍ മാസമാറ്റത്തിന്‌ കാരണമാകുന്ന ന്യൂമൂണ്‍ സംഭവിക്കുന്നതിന്‌ മുമ്പേ ചില പ്രദേശത്തുകാര്‍ക്ക് പുതു മാസത്തിലേക്ക് പ്രവേശിക്കേണ്ടതായി വരും. പെരുന്നാള്‍ ദിനമാണെങ്കില്‍ അവര്‍ ഈദ് നമസ്കരിക്കുന്നത് പോലും ചിലപ്പോള്‍ പഴയ മാസത്തില്‍ നിന്നു കൊണ്ടായിരിക്കും. ഇങ്ങനെ ഒരു മുന്‍‍കടക്കല്‍ അനുവദനീയമാണോ? ഭൂമിയില്‍ 30ആം ദിവസത്തില്‍ (അതായത് ന്യൂമൂണ്‍ 30 ആം ദിവസം സംഭവിക്കുമ്പോള്‍) നിലകൊള്ളുമ്പോഴും ചില പ്രദേശത്തുകാര്‍ അമാവാസിക്ക് മുന്നേ പുതു മാസത്തിലേക്ക് കടക്കേണ്ടിവരും. ഈ മുന്‍‍കടക്കല്‍ എപ്രകാരം വിലയിരുത്തുന്നു?

18-ശാസ്ത്രലോകം ഒരു ലൂണാര്‍ കലണ്ടര്‍ ഉപയോഗിക്കുന്നുണ്ട്. ഏറെ നിരീക്ഷണത്തിലൂടെ ക്രമപ്പെടുത്തി കൃത്യമായി മുന്‍കൂട്ടി പ്രവചിച്ചു കൊണ്ട്. രണ്ടു കൂട്ടരും ഒരേ ചന്ദ്രന തന്നെ അവലംബമാക്കുമ്പോള്‍ എങ്ങിനെയാണ്‌, ഇസ്‍ലാമിക കലണ്ടര്‍ scientific lunar calendar ല്‍ നിന്ന് വ്യത്യസ്തമാകുന്നത്?

19- സഞ്ചരിച്ചുകൊണ്ടിരിക്കുന്ന 3 ഗോളങ്ങള്‍ ഒരു നിശ്ചിത സമയത്ത് നേര്‍രേഖയില്‍ വരുന്ന പ്രതിഭാസമാണ്‌ "ന്യൂമൂണ്‍". ആ അവസ്ഥ പരമാവധി എത്ര സമയം വരെ തുടരും? നേര്‍രേഖയില്‍ നിന്നുള്ള മാറ്റം സംഭവിക്കുന്നതോടെ വളരെ നേര്‍ത്ത ഒരു ക്രസന്‍റ് രൂപപ്പെടില്ലേ? ആ ക്രസന്‍റ് അടിസ്ഥാനപ്പെടുത്താന്‍ ഇസ്ലാമികമായി വല്ല വിലക്കുകളും ഉണ്ടോ? നഗ്‍ന നേത്രം കൊണ്ട് ദൃശ്യമാകുന്ന ക്രസന്‍റ് മാത്രമാണ്‌ അടിസ്ഥാനപ്പെടുത്താവൂ എന്നുണ്ടെങ്കില്‍, അതിനുവേണ്ടതായ ക്രസന്‍റ് ന്‍റെ %of illumination, Elongation angle, Age ഇവ എത്രയാണ്‌? 30ആം ദിവസത്തില്‍ നിന്നും പുതുമാസത്തിലേക്ക് പ്രവേശിക്കുമ്പോള്‍, ക്രസന്‍റ് മേല്‍ പറഞ്ഞ അളവുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടാകുമോ?  29ല്‍ നിന്ന് ഒന്നു ആകുമ്പോള്‍ ചന്ദ്രക്കലയുടെ പ്രായമാണ്‌ പ്രധാനമെന്നും, 30 ല്‍ നിന്ന് 1 ആകുമ്പോള്‍ ചന്ദ്രക്കലക്ക് പ്രായം തികയേണ്ടതില്ല എന്നുമുള്ള വിരുദ്ധമായ കല്‍പനയാണോ ഇസ്ലാം നല്‍കിയിട്ടുള്ളത്. മുഹമ്മദ് നബിയുടെ കല്‍പനയനുസരിച്ച് മനസ്സിലാക്കേണ്ടത് 29  എന്ന സാധാരണ അളവില്‍ നിന്ന് മാസത്തിന്‌ 30 എന്ന ദൈര്‍ഘ്യം ഉണ്ടാകാന്‍ കാരണം ഭൂമിയില്‍ നിന്ന് നോക്കുന്ന മനുഷ്യരുടെ കണ്ണില്‍ ചന്ദ്രന്‍ പെട്ടില്ല എന്നതാണോ? 29 കഴിഞ്ഞ് മാസം തുടങ്ങുന്ന വേളയില്‍  പ്രകൃതിയില്‍ സംഭവിക്കുന്ന എന്തൊക്കെ പ്രതിഭാസങ്ങളുണ്ടൊ അതൊക്കെ 30 നും സംഭവിക്കുന്നില്ലേ.  അപ്പോള്‍ 29ന്‌ ചന്ദ്രന്‍ പ്രായം തികയണമെന്നും 30 ന്‌ അത് വേണ്ട എന്നും പറയുന്നത് എന്തുകൊണ്ട്? 

20- നാട്ടിലെ ഭൂരിപക്ഷം പേരും എന്നാണോ പെരുന്നാള്‍  ആഘോഷിക്കുന്നത് അന്നാണ്‌ നമ്മളും ആഘോഷത്തില്‍ പങ്കുചേരേണ്ടത് എന്ന വീക്ഷണക്കരുണ്ട് നമുക്കിടയില്‍. ആ വീക്ഷണത്തോട് താങ്കള്‍ എങ്ങിനെ പ്രതികരിക്കുന്നു? അതാണോ യഥര്‍ത്ഥ രീതി? ശരി എന്ന് ബോധ്യപ്പെട്ടതിൽ ഉറച്ചു നിന്ന്, 1999  ജനുവരി 19ലെ ഈദുല്‍ ഫിത്വര്‍‍ല്‍ അവിഭകത കെ എന്‍ എം ഹിലാല്‍ കമ്മറ്റി ചെയ്തപോലെ ഒറ്റക്ക് ഈദ് നടത്തുകയാണോ വേണ്ടത്?

21-ഇന്ത്യക്കാരനും അമേരിക്കക്കാരനും ഒരേ സമയത്ത് ജുമുഅ നമസ്‍കരിക്കുക അസംഭവ്യമെന്നപോലെ തന്നെയല്ലേ ഒരേ ദിവസം പെരുന്നാള്‍ ആഘോഷിക്കണമെന്ന് പറയുന്നതും?

22- ഇസ്ലാമിക ജീവിതത്തില്‍ പ്രകടമാകുന്ന ഒരു വ്യതിരിക്തത ഇതര മതസ്ഥരില്‍ നിന്ന്, വിശേഷിച്ചും ജൂതരില്‍ നിന്നും, വ്യത്യസ്തമാകുക എന്നതാണ്‌.  ഒരു പാട് വിഷയങ്ങളില്‍ ജൂതരില്‍ നിന്ന് ഭിന്നമായ സമീപനം പഠിപ്പിച്ച പ്രവാചകന്‍ ദിനാരംഭം ജൂതരുടെ രീതി തന്നെ പിന്‍തുടരാന്‍ വല്ല പ്രത്യേക കാരണവുമുണ്ടോ? ജൂതര്‍ ദിനാരംഭത്തില്‍ മാത്രം കൈകടത്തലുകള്‍ നടത്താതെ മൂസാ(അ)ക്ക് അല്ലാഹു പഠിപ്പിച്ചത് പോലെ പിന്‍തുടരുകയായിരുന്നുവോ?

23-നമസ്‍കാര സമയം നിശ്‍ചയിക്കാന്‍ സ്വീകരിക്കുന്ന കണക്കും, അതിന്‍റെ പ്രകൃതിയിലെ നിര്‍ണ്ണയരീതിയും (നിഴല്‍ അളക്കല്‍) യോജിച്ച് വരികയും ഒരേ ഉത്തരം നല്‍കുകയും ചെയ്യുന്നു.  എന്നാല്‍ ചന്ദ്രന്‍റെ കലയെ സംബന്ധിച്ച കണക്കും പ്രവാചകന്‍ പഠിപ്പിച്ച നിര്‍ണ്ണയരീതിയും തമ്മില്‍ പൊരുത്തപ്പെടാതെ വരികയും ചെയ്യുന്നു. അത് കൊണ്ട് ശാസ്ത്രീയമായ ഗണനാരീതി ന്യൂമൂണ്‍ അടിസ്ഥാനപ്പെടുത്തിയായതിനാല്‍ ഇസ്‍ലാമിക ആഘോഷങ്ങള്‍ക്ക് അത് സ്വീകരിക്കാന്‍ പറ്റില്ല എന്ന വാദത്തോട് താങ്കള്‍ എങ്ങിനെ പ്രതികരിക്കുന്നു.

24-ലോകത്തിന്‌ അനുഗ്രഹമായ, ഭാരങ്ങള്‍ ഇറക്കി വക്കാന്‍ വന്ന പ്രവാചകന്‍. മനുഷ്യന്‌ ഞെരുക്കമല്ല, എളുപ്പം ഉദ്ദേശിക്കുന്ന കാരുണ്യവാനായ ദൈവം. എന്നാല്‍ ആ മതം പഠിപ്പിച്ച ആഘോഷ ദിവസ നിര്‍ണ്ണയം മുസ്ലിം ലോകത്തിന് ഭാരമായി മാറിയിരിക്കുകയാണ്‌. ഒരു ഈദ് മുബാറക്ക് വിളിച്ച് പറയാന്‍ പോലും കഴിയാത്ത അവസ്ഥ. ചിലര്‍ ഈദ് ഗാഹില്‍, മറ്റു ചിലര്‍ നോമ്പില്‍, വേറെ ചിലര്‍ നോമ്പും ഈദും കഴിഞ്ഞ് നില്‍ക്കുന്നവര്‍. ഇത്രയും അവ്യക്തത. മുന്‍കൂട്ടി ഒരു അവധി ദിവസം പോലും നിശ്‍ചയിക്കാന്‍ കഴിയാത്ത അവസ്ഥ. ഇതൊക്കെ ഒരു വലിയ കാര്യമാണ്‌ എന്ന നിലക്കല്ല, മറിച്ച് ഇത്ര നിസ്സാരമായ സം‍ഗതി പോലും ചെയ്യാനാകാതെ വീര്‍പ്പ് മുട്ടുന്ന സമൂഹം. ഇസ്ലാം കാലാതിവര്‍ത്തിയാണ്‌, സകലതിനും പരിഹാരം എന്നൊക്കെ പ്രസംഗിക്കുമ്പോഴും കൊല്ലത്തില്‍ 3 ദിവസങ്ങള്‍ പോലും ഐക്യരൂപത്തില്‍ നിശ്ചയിക്കാനുള്ള ഒരു പരിഹാരം പോലും സമര്‍പ്പിക്കപ്പെടാന്‍ കഴിയാതെ നില്‍ക്കുകയല്ലേ മറുഭാഗത്ത്. എന്ത് പറയുന്നു.

25-ചന്ദ്രമാസ നിര്‍ണ്ണയത്തില്‍ ഒരു യോജിപ്പിന് സാധ്യതയുണ്ടോ? എന്താണ്‌ അതിനുള്ള മാര്‍ഗ്ഗം.

-----------------------------------------------------------------------------
ചോദ്യങ്ങളില്‍ എന്തെങ്കിലും വസ്തുതാപരമായ തെറ്റുകള്‍ ഉണ്ടെങ്കില്‍  അത് ചൂണ്ടിക്കാണിച്ച് തിരുത്തി തരണമെന്ന് അപേക്ഷിക്കുന്നു.

---------------------------------
Answers

ഇസ്ലാമിക മാസനിര്‍ണ്ണയുമായി ബന്ധപ്പെട്ട ചോദ്യാവലിക്ക് ജനാബ് അലി മാണിക്‍ഫാന്‍ നല്‍കിയ മറുപടി.  




No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.