Pages

Friday, April 5, 2013

Malayalam Translation of "2000 Years Civil Hijri Comparative Calendar"- Fadhl N. M. Ahmed

2000 വര്‍ഷത്തെ ഹിജ്‍രി സിവില്‍ കലണ്ടര്‍ - ഒരു താരതമ്യ പഠനം.

ഡോ: ഫദ്‍ല്‍ നൂര്‍ മുഹമ്മദ് അഹമ്മദ് (സൌദി അറേബ്യ)

മൊഴിമാറ്റം : അബ്ദുള്‍ ഗഫൂര്‍ ,പട്ടാമ്പി


കരുണാനിധിയായ അല്ലാഹുവിന്‍റെ നാമത്തില്‍ .
സര്‍വ്വ സ്തുതിയും സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിന്‌ മാത്രം. അവന്‍റെ കരുണയും രക്ഷയും തിരുദൂതരിലും കുടുംബത്തിലും അനുചരരിലും ഉണ്ടാകട്ടെ.

ആമുഖം
അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ പൌരാണിക ജനങ്ങള്‍ കാലഗണനക്ക് ചന്ദ്ര വൃദ്ധിക്ഷയ ചാക്രികതയാണ്‌ ഉപയോഗപ്പെടുത്തിയത്. അവര്‍ ചാന്ദ്ര വൃദ്ധിക്ഷയങ്ങള്‍ അതിനായി നിരീക്ഷണം നടത്തിയിരുന്നു. ഒരു ഏകീകൃത കലണ്ടറോ, വര്‍ഷാരംഭത്തെ സൂചിപ്പിക്കാന്‍ ഒരു തിയതിയോ അവര്‍ക്കില്ലായിരുന്നു.

എന്നാല്‍ ഹിജ്‍റി കലണ്ടര്‍ ആരംഭിച്ചത് ഉമര്‍ ബിന്‍ ഖത്താബ് (റ)ന്‍റെ ഭരണകാലത്താണ്‌. (ക്രിസ്തുവര്‍ഷം 634-644). ലളിതമായ മൂന്ന് അടിസ്ഥാന നിര്‍ദ്ദേശങ്ങളുമായാണ്‌ അത് നിര്‍ദ്ദേശിക്കാപ്പെട്ടത്.

ഒന്ന്:
തിരുദൂതന്‍ മുഹമ്മദ് മുസ്തഫാ (സ) മക്കയില്‍ നിന്നും യഥ്‍രിബി (മദീന) യിലേക്ക് ഹിജ്‍റ പോയ വര്‍ഷം ഹിജ്‍റി കലണ്ടറിലെ ഒന്നാമത്തെ വര്‍ഷമായിരിക്കണം.

രണ്ട്:
ഒരു ചാന്ദ്ര വര്‍ഷം മുഹറം മുതല്‍ ദുല്‍ഹജ്ജ് വരെ പന്ത്രണ്ട് മാസങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കണം.

മൂന്ന്:
ഓരോ മാസങ്ങളുടേയും ദൈര്‍ഘ്യം അതാതു മാസങ്ങളിലെ ചാന്ദ്ര വൃദ്ധിക്ഷയ ചാക്രികതക്കനുപൂരകമായിരിക്കണം.
പലായനത്തിന്‌ അറബി ഭാഷയില്‍ ഹിജ്‍റ എന്നു പറയുന്നു. ആയതിനാല്‍ ഈ കലണ്ടര്‍ ഹിജ്‍റി കലണ്ടര്‍ എന്നറിയപ്പെട്ടു.

വളരെ ലളിതമാണ്‌ ഹിജ്‍റി കലണ്ടറിന്‍റെ നിയമങ്ങള്‍ എങ്കിലും ഭാവികാലത്തിലേയും ഭൂതകാലത്തിലെയും തിയതികള്‍ കണക്ക് കൂട്ടിയെടുക്കുക എന്നത് സങ്കീര്‍ണ്ണപ്രശ്‍നമാണ്‌. ജ്യോതിശാസ്ത്രമെന്നാല്‍ പ്രപഞ്ചത്തേയും അതിലെ വസ്തുക്കളേയും ഗണിതശാസ്ത്രത്തിന്‍റെ കൃത്യമായ അടിത്തറയില്‍ വിശകലന പഠനം നടത്തുന്ന വിജ്ഞാനശാഖയാണ്‌. അതു തന്നെയാണ്‌, ഭൂതകാലത്തിലെയും ഭാവികാലത്തിലെയും ഏതൊരു തിയതിയും ഗണിച്ചു മനസ്സിലാക്കാന്‍ ഉചിതമായ ആയുധം. പക്ഷെ, ഇത് ഉപയോഗിക്കുന്നതിന്‌ മുമ്പ് ഓരോ നിബന്ധനകളിലും ഏതാനും കാര്യങ്ങള്‍ ഓര്‍മ്മിക്കേണ്ടിയിരിക്കുന്നു. യാഥാര്‍ത്ഥ്യങ്ങളിലൂടെ നമുക്ക് അല്‍പം പിന്നോട്ട് പോകാം.

മൂന്നാമത്തെ നിബന്ധന ഓരോ മാസങ്ങളുടേയും ദൈര്‍ഘ്യം അതാതു മാസങ്ങളിലെ ചാന്ദ്ര വൃദ്ധിക്ഷയ ചാക്രികത്തിന്‌ (Lunar Cycle) സമാനമാകണം എന്നാണല്ലോ?

ശാസ്ത്രീയമായി ചന്ദ്രന്‍ ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തില്‍ ഭൂമിക്ക് ചുറ്റും ഒരു വട്ടം പരിക്രമണം നടത്തുന്ന കാലമാണത്. അത് ഒരു പരിക്രമണത്തിന്‌ ശേഷം അടുത്ത ദിവസത്തേക്ക് പ്രവേശിക്കുന്നു. ആയതിനാല്‍ ദിവസം അഥവാ തിയതി മാസത്തിന്‍റെ ഒരു ഏകകമാണ്‌. ഒരു ചന്ദ്രമാസം രണ്ട് അമാവാസികള്‍ക്കിടയിലെ കാലദൈര്‍ഘ്യമാണ്‌. മറ്റൊരു വാക്കില്‍ അമാവാസി ഒരു ചാദ്രമാസത്തിലെ അവസാന ദിവസത്തിന്‍റെയും മറ്റൊരു ചന്ദ്രമാസത്തിന്‍റെ ആദ്യ ദിവസത്തിന്‍റെ ആരംഭത്തിന്‍റെയും സൂചകമാണ്‌.

വാനശാസ്ത്രത്തില്‍ സൂര്യ-ചന്ദ്ര സംഗമസമയങ്ങള്‍ (Astronomical Conjunction) നിര്‍ണ്ണയിക്കുന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്‌. അതു നിത്യ ജീവിതത്തില്‍ കരയിലും കടലിലും ആകാശത്തും നാവിഗേഷനും മറ്റും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഇതേ മാര്‍ഗ്ഗങ്ങള്‍ തന്നെ ആകാശത്തില്‍ ചന്ദ്രന്‍റെ ദൃശ്യസ്ഥാനങ്ങള്‍ കണക്കാക്കാന്‍ ഉപയോഗിക്കാവുന്നതാണ്‌.

രണ്ടാമത്തെ നിബന്ധന ഒരു ചന്ദ്രവര്‍ഷം മുഹറം മുതല്‍ ദുല്‍ ഹിജ്ജാ വരെ പന്ത്രണ്ട് മാസങ്ങളായിരിക്കണമെന്നതാണല്ലോ. ഹിജ്‍റ കലണ്ടറിലെ മാസങ്ങളുടെ ഘടന മുഹറം മുതല്‍ ആരംഭിച്ച്, സ്വഫര്‍ , റബീഉല്‍ അവ്വല്‍ , റബീഉല്‍ ഉഖ്റാ, ജമാദുല്‍ ഊലാ, ജമാദുല്‍ ഉഖ്‍റാ, റജബ്, ശ‍അബാന്‍, റമദാന്‍, ശവ്വാല്‍ , ദില്‍ ഖ‍അദ, ദുല്‍ ജഹിജ്ജ എന്നിവയിലൂടെ കടന്ന് പോകുകയും ചെയ്യുന്നു.
ഒന്നാമത്തെ നിബന്ധനയില്‍ ഹിജ്‍റാ വര്‍ഷാരംഭത്തിന്‍റെ സൂചകമായി ഹിജ്‍റ വര്‍ഷത്തിലെ ആദ്യ ദിവസം കണ്ടെത്തേണ്ടിയിരിക്കുന്നു. ഈ പ്രശ്‍നത്തിന്‌ ജൂത-ചൈനീസ്-ഹിന്ദു-ജൂലിയന്‍ കലണ്ടറുകള്‍ താരതമ്യ വിശകലനത്തിന്‌ ഉപയോഗപ്പെടുത്തണം. അക്കാലത്ത് വിപുലമായി ഉപയോഗത്തിലുണ്ടായിരുന്നതും ചരിത്ര നാളുകളിലെല്ലാം കൊണ്ടു നടന്നതും മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ കൃത്യമായതും ജൂലിയന്‍ കലണ്ടറായിരുന്നു. കൂടുതല്‍ സ്വീകാര്യങ്ങളായ ആഴ്ചയിലെ ദിനങ്ങളും, ഹിജ്‍റ വര്‍ഷത്തിലെ ആദ്യ ദിനവും കണക്കു കൂട്ടിയെടുത്തത് ജൂലിയന്‍ കലണ്ടര്‍ അടിസ്ഥാനമാക്കിയാണ്‌. അത് ക്രിസ്തു വര്‍ഷം 622 ജൂലായ് 15 ആയിരുന്നു. ഹിജ്‍‍റ ആദ്യ വര്‍ഷത്തിലെ ആദ്യ തിയതിയും കണ്ടെത്താന്‍ അതിനു മുമ്പ് കഴിഞ്ഞ വര്‍ഷത്തിലെ ദില്‍ ഹിജ്ജ മാസത്തിലെ അവസാന ദിവസം കണ്ടെത്തണം. അന്ന് ഒരു ഭാഗിക സൂര്യ ഗ്രഹണം സംഭവിച്ചു. അതു പ്രകാരം ഹിജ്‍റ വര്‍ഷം ഒന്ന് മുഹറം ഒന്ന് , ക്രിസ്തു വര്‍ഷം 622 ജൂലായ് 15 എന്ന ജൂലിയന്‍ തിയതിയില്‍ ആയിരുന്നു.

ഈ അടിസ്ഥാന സൂചക തിയതിയും, അന്താരാഷ്ട്രാ സമയമാറ്റ രേഖയും (International date line) ഉപയോഗപ്പെടുത്തി 1972ല്‍ ഉമ്മു ഖുറാ എന്ന പേരില്‍ ഒരു കലണ്ടര്‍ പ്രസിദ്ധപ്പെടുത്തി. ഈ കലണ്ടര്‍ കണക്ക് കൂട്ടാന്‍ അവലംബിച്ചത് സൂര്യ-ചന്ദ്ര സമാഗമ (astronomical conjunction) സമയ കണക്ക്  കൂട്ടിയായിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, മേല്‍ അടിസ്ഥാനങ്ങളില്‍ ഊന്നിയ കലണ്ടറുകള്‍ 1999 (ക്രി വ) വരെ തയ്യാറാക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. 1999ല്‍ ''അല്‍ മുഖറം കലണ്ടര്‍'' എന്ന പേരില്‍ 100 വര്‍ഷത്തേക്കുള്ള ഒരു ഹിജ്‍റി-ഗ്രിഗോറിയന്‍ താരതമ്യ കലണ്ടര്‍ ആവിഷ്‍കരിച്ചു. ഇതും സൂര്യ ചന്ദ്ര ദൃശ്യ സംഗമം (astronomical conjunction) അടിസ്ഥാനമാക്കിയായിരുന്നു . ഇരു കലണ്ടറുകളും സൌദി ഭരണകൂടം ഔദ്യോഗിക താരതമ്യ കലണ്ടറായി അംഗീകരിച്ചിരുന്നു.

2000 വര്‍ഷത്തെ താരതമ്യ ദിനങ്ങളുമായി ഒരു കലണ്ടര്‍ നിര്‍മ്മിക്കുക എന്ന ആശയം ഈ വഴിക്കുള്ളതാണ്‌. അതിന്‍റെ പ്രവര്‍ത്തനം 1972 ന്‌ ആരംഭിച്ചു. സൂര്യ-ചന്ദ്ര സംഗമ (astronomical conjunction) നിയമം തന്നെയാണ്‌ ഇതിനും അടിസ്ഥാനം. ഗവേഷകര്‍ക്കും പണ്ഡിതന്മാര്‍ക്കും ചരിത്രകാരന്മാര്‍ക്കും ഒരു റഫറന്‍സായി ഇതുപയോഗിക്കുകയും ചെയ്യം.



വിഷയം - അവതരണം
പ്രപഞ്ചാരംഭത്തില്‍ തന്നെ സ്പേസിനോടൊപ്പം സമയവും സൃഷ്ടിക്കപ്പെട്ടിരുന്നു. ആരും അന്ന് ജീവിച്ചിരുന്നില്ല എന്നതിനാലും രേഖപ്പെടുത്താന്‍ ഉപകരണമില്ലാതിരുന്നതിനാലും അതെപ്പോള്‍ സംഭവിച്ചുവെന്ന് ആര്‍ക്കുമറിയില്ല. പ്രപഞ്ച വിജ്ഞാനത്തില്‍ മഹാസ്ഫോടനം എന്നറിയപ്പെടുന്ന ഒരു വിസ്ഫോടനവും തുടര്‍ന്നു വന്ന ഇന്‍ഫ്ലേഷന്‍ (inflation) എന്ന ദ്രുത വികാസവുമാണ്‌ പ്രപഞ്ചാരംഭമായി കണക്കാക്കപ്പെടുന്നത്. വീണ്ടും ദശകോടികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ്‌ വസ്തുക്കളും ജീവികളുമെല്ലാം ഉല്‍ഭവിച്ചത്. പിന്നെയും ദശലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ക്ക് ശേഷമാണ്‌ രാജ്യങ്ങളും സമൂഹങ്ങളും മതങ്ങളുമെല്ലാം ഉണ്ടായത്.

ഒരു ഘടികാരത്തിന്‍റെ ഇടവിട്ട ടിക്-ടിക് നാദങ്ങള്‍ എന്തോ ഒന്ന് കടന്നു പോകുന്ന പ്രതീതി നമ്മില്‍ ഉണ്ടാക്കുന്നു. സമയത്തെക്കുറിച്ച് നമ്മുടെ ധാരണയും അതാണ്‌. ഘടികാരങ്ങളും വാച്ചുകളുമെല്ലാം മണിക്കൂര്‍ മിനുട്ട് സെക്കന്‍റ് മുതലായ ഹൃസ്വ കാല സമയ യൂണിറ്റുകളെ രേഖപ്പെടുത്തുന്നു. എന്നാല്‍ കലണ്ടറുകള്‍ വര്‍ഷങ്ങള്‍, മാസങ്ങള്‍ , തിയതികള്‍ മുതലായ ദീര്‍ഘകാല യൂണിറ്റുകളെ രേഖപ്പെടുത്തുന്നു. മനുഷ്യന്‌ രാഷ്ടീയം,മതപരം മുതലായ ആവശ്യങ്ങള്‍ക്കു ദീര്‍ഘകാല സമയ ഗണന ആവശ്യമാണ്‌. ഈ ആവശ്യങ്ങളാണ്‌ ചൈനീസ്, മായന്‍, ഹിന്ദു, ജൂത, സിക്ക്, ജൂലിയന്‍, ഗ്രിഗോറിയന്‍ കലണ്ടറുകള്‍ക്ക് ജന്മം നല്‍കിയത്. ഇവയെല്ലാം സൌര കലണ്ടറുകളോ ചാന്ദ്രക്കലണ്ടറുകളോ ആയിരുന്നു. അവയുടെ പരിക്രമണ ചക്രങ്ങളാണ്‌ അവക്കടിസ്ഥാനമായെടുത്തത്.

ചരിത്രത്തില്‍ നിലനിന്ന പല ചാന്ദ്ര കലണ്ടറുകളും 12,13 അല്ലെങ്കില്‍ അതിലധികവും മാസങ്ങളോട് കൂടിയവ ആയിരുന്നു. അതു പോലെ പല ചന്ദ്ര കലണ്ടറുകളിലും മാസങ്ങള്‍ക്ക് 29 മുതല്‍ 35 വരെ ദിവസങ്ങളുമുണ്ടായിരുന്നു. ആദ്യ കാല അറബി സമൂഹം ഈ ചാന്ദ്ര കലണ്ടറുകളാണ്‌ ഉപയോഗിച്ചത്.

ചന്ദ്രന്‍ ഭൂമിയുടെ തൊട്ടടുത്ത അയല്‍ക്കാരനാണ്‌. ആകാശഗോളത്തിലെ അതിന്‍റെ ദൃശ്യചലനം ഏറ്റവും വേഗത്തിലുമാണ്‌. അതിന്‍റെ വൃദ്ധിക്ഷയങ്ങളും വേലിയേറ്റ വേലി ഇറക്കങ്ങളും മറ്റും മാനവ സംസ്കാര ആരംഭത്തില്‍ തന്നെ ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. അതിനാല്‍ സംസ്കാരങ്ങളെല്ലാം അവരുടെ ദീര്‍ഘകാല സമയ ഗണനത്തിന്‌ ചാന്ദ്ര കലണ്ടര്‍ ഉപയോഗിച്ചു. (വര്‍ഷങ്ങള്‍ , മാസങ്ങള്‍ , തിയതികള്‍ , ആഴ്ച ദിനങ്ങള്‍ മുതലായവ)

ചന്ദ്രന് മറ്റ് ആകാശവസ്തുക്കള്‍ക്കൊപ്പം പടിഞ്ഞാറോട്ട് ഒരു ദൃശ്യ ചലനമുണ്ട്. അതോടൊപ്പം സൂര്യനെ പ്പോലെ കിഴക്കോട്ടും ഒരു ദൃശ്യ ചലനമുണ്ട്. ഏകദേശം സൂര്യന്‍റെ ചലനത്തിന്‍റെ 12 മടങ്ങ് വേഗതയിലാണ്‌ ചന്ദ്രന്‍റെ കിഴക്കോട്ടുള്ള ദൃശ്യ ചലനം. ഒരു പശ്ചാത്തല സ്ഥിര നക്ഷത്രത്തിന്‌ ആപേക്ഷികമായി ഭൂമിക്കു ചുറ്റും ഒരു വട്ടം പരിക്രമണം നടത്തുന്നതിന്‌ 27 1/2 ദിവസമെടുക്കും. ഈ കാലയളവിനെ ''നക്ഷത്രകാലം'' (Sidereal period) എന്ന് പറയുന്നു. എന്നാല്‍ സൂര്യന്‌ ആപേക്ഷികമായി ചന്ദ്ര വൃധിക്ഷയങ്ങളുടെ ഒരു ചക്രം (Cycle) വേറെയുണ്ട്. ഏകദേശം 29 1/2 ദിനങ്ങളുള്ള ഈ കാലദൈര്‍ഘ്യത്തെ സൌരമാസം (Synodic period) എന്നോ ലൂണേഷന്‍ എന്നോ വിളിക്കുന്നു. ജ്യോതിശാസ്ത്രത്തിലെ ഗണനകള്‍ക്ക് നക്ഷത്ര കാലം (Sidereal) സൂര്യ കാലത്തേക്കാള്‍ (Synodic) പ്രാധാന്യമര്‍ഹിക്കുന്നു. എന്നാല്‍ ലൂണേഷന്‍ ആണ്‌ ചാന്ദ്ര വൃധിക്ഷയ നിരീക്ഷണത്തിനും, കലണ്ടര്‍ നിര്‍മ്മാണത്തിനും ഉപയോഗിക്കുന്നത്.

ഹിജ്‍റി കലണ്ടര്‍ , ചന്ദ്രന്‍റെ ഭൂമിക്ക് ചുറ്റുമുള്ള പരിക്രമണത്തേയും ഭൂമിയുടെ സൂര്യന്‌ ചുറ്റുമുള്ള പരിക്രമണത്തേയും അടിസ്ഥാനമാക്കിയ പൂര്‍ണ്ണമായ ഒരു ചന്ദ്ര കലണ്ടര്‍ ആണ്‌. ഈ ചലനങ്ങള്‍ രണ്ട് തരമാണ്‌.

ഒന്ന് : ഭൂമി അതിന്‍റെ അക്ഷത്തില്‍ ഭ്രമണം ചെയ്യുന്നു.
ഭൂമിയുടെ ഈ ചലനമാണ്‌ ചന്ദ്രന്‍റെ സൂര്യന്‍ നക്ഷത്രങ്ങള്‍. എന്നിവയുടെ ദൃശ്യ ചലനങ്ങള്‍ക്ക് (apparent movement) അടിസ്ഥാനം.

രണ്ടാമത്തെ ചലനം; ഭൂമിയുടെ സൂര്യന്‌ ചുറ്റുമുള്ള പരിക്രമണമാണ്‌. അത് ചന്ദ്രനേയും അതിനോടൊപ്പം കൊണ്ട് പോകുന്നു. സൂര്യ-ചന്ദ്രന്മാരുടെ നിശ്ചിത സ്ഥിര നക്ഷത്രങ്ങളുടെ പശ്ചാത്തലത്തില്‍ ഖഗോളത്തില്‍ (Celestial sphere) ഉള്ള ദൃശ്യ ചലനം ഇതു മൂലം സംഭവിക്കുന്നു. ഇവയുടെ ഭ്രമണ പഥങ്ങള്‍ പരസ്പരം ഏകദേശം 5 ഡിഗ്രി 9 മിനുട്ട് ചരിഞ്ഞ് ആണ്‌ കിടക്കുന്നത്. മാസത്തിലൊരിക്കല്‍ ഇവയിലൊന്ന് മറ്റു രണ്ടിനുമിടയില്‍ വരുന്നു. ചന്ദ്രന്‍, ഭൂമി എന്നിവക്കാപേക്ഷികമായി സൂര്യന്‍ ദൃശ്യ നിശ്ചലമാകയാല്‍ മാസം മുഴുവനും ചന്ദ്രന്‍റെ വൃദ്ധി ക്ഷയങ്ങള്‍ അനുഭവപ്പെടുന്നു.
ചാന്ദ്ര കേന്ദ്രം, ഭൂമിക്കും സൂര്യനും ചന്ദ്രനും ഇടയില്‍ ഒരേ തലത്തില്‍ വരുമ്പോള്‍ അവയുടെ കേന്ദ്രങ്ങള്‍ ഒരേ രേഖയില്‍ വരുമ്പോള്‍ കണ്‍ജന്‍ക്ഷന്‍ (conjunction) സംഭവിക്കുന്നു. ഈ അവസ്ഥയില്‍ ചന്ദ്രനെ ''ന്യൂ മൂണ്‍' (New moon) എന്ന് പറയുന്നു.  ആ ദിവസത്തെ "അമാവാസി ദിനം" (conjunction day) എന്ന് പറയുന്നു.



ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിലടിസ്ഥാമായി ചന്ദ്രന്‍ ഭാഗികമായി മറയപ്പെടുകയും ഭാഗിക സൂര്യ ഗ്രഹണം സംഭവിക്കുകയും ചെയ്യുന്നു. അതു പോലെ ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്‍റെ തോതനുസരിച്ച് ചിലപ്പോള്‍ വളയ ഗ്രഹണവും (Ring like Solar Eclipse) ചിലപ്പോള്‍ പൂര്‍ണ്ണ ഗ്രഹണവും (Total Eclipse) സംഭവിക്കുന്നു. ചന്ദ്രന്‍റെ ഇരുണ്ട ഭാഗം ഈ അവസ്ഥയില്‍ ഭൂമിയിലേക്ക് അഭിമുഖമായിരിക്കും. അതിനാല്‍ കണ്‍ജന്‍ക്ഷന്‍ (conjunction) സമയത്ത് ചന്ദ്രക്കല ദൃശ്യമല്ല. ചന്ദ്രനിലെ ചില ഉയര്‍ന്ന പര്‍വ്വതങ്ങള്‍ ഈ സമയം ഭൂമിയില്‍ നിന്നും ദൃശ്യമാകുമെങ്കിലും സൂര്യന്‍റെ അതിപ്രഭ കാരണം നഗ്നനേത്രം കൊണ്ട് അവ ദൃശ്യമാകില്ല. എന്നാല്‍ ദൂരദര്‍ശിനി ഉപയോഗിച്ചുള്ള ഫോട്ടോകളില്‍ അവ ദൃശ്യമാകും. 'കൊറോണ' എന്നു വിളിക്കുന്ന സൂര്യ അന്തരീക്ഷത്തില്‍ ചൂടു വാതകങ്ങളാണുള്ളത്. അവിടത്തെ താപം 20 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസ് ആണെങ്കിലും, സൌര ഉപരിതലത്തില്‍ 6000 ഡിഗ്രിയോളം മാത്രമെയുള്ളൂ. പൂര്‍ണ്ണ ഗ്രഹണം കാണാന്‍ കഴിയുന്ന സ്ഥലത്തു നിന്നും 'കൊറോണ'യും ദര്‍ശിക്കാവുന്നതാണ്‌.
ചന്ദ്രന്‍ അതിന്‍റെ ഭ്രമണ പഥത്തിലൂടെ നീങ്ങുമ്പോള്‍ അതിന്‍റെ ദൃശ്യ ഭാഗങ്ങള്‍ പ്രകാശിതമാകുന്നു. ഇത് സൂര്യനും ചന്ദ്രനും തമ്മിലെ കോണകലം വ്യത്യാസപ്പെടുമ്പോഴാണ്‌. ഈ കോണിക വ്യത്യാസത്തെ ''ഇലോങ്ങേഷന്‍'' (elongation) എന്നു പറയുന്നു. ഈ അകലം 8 മുതല്‍ 10 ഡിഗ്രി വരെ ആകുമ്പോള്‍ (സൂര്യ ചന്ദ്ര സംഗമ സമയത്തിന്‌ 16 മുതല്‍ 18 വരെ മണിക്കൂറുകള്‍ക്ക് ശേഷം) പുതു ചന്ദ്രന്‍ 'കൊറോണ'യില്‍ നിന്നും പുറത്തു വരികയും ദൃശ്യമാകുകയും ചെയ്യും. ഇതിന്‍റെ ഫോട്ടോയും എടുക്കാവുന്നതാണ്‌. ഇത് സംഭവിക്കുന്നത് സൂര്യ-ചന്ദ്ര സംഗമത്തിന്‍റെ (Conjunction) അടുത്ത ദിവസമായിരിക്കും.

ചാന്ദ്ര വൃദ്ധിക്ഷയങ്ങള്‍ നമുക്ക് ഭൂമിയില്‍ നിന്നും നിരീക്ഷിക്കാം. ഒരാള്‍ ചന്ദ്രനില്‍ നിന്നും ഭൂമിയെ ആണ്‌ നിരീക്ഷിക്കുന്നതെങ്കില്‍ ഭൂമിക്കും വൃദ്ധിക്ഷയങ്ങള്‍ ഉള്ളതായി കാണാം. ചന്ദ്ര വൃദ്ധിക്ഷയങ്ങളില്‍ നിന്നും വ്യത്യസ്തമായി എതിര്‍ ദിശയില്‍ ആയിരിക്കും അത്. സൂര്യ-ചന്ദ്ര സംഗമ സമയം ജ്യോതിശാസ്ത്രത്തില്‍ മുന്‍ ചന്ദ്രമാസത്തിന്‍റെ അന്ത്യത്തെ സൂചിപ്പിക്കുന്നു. അത് ഏകദേശം 29 1/2 ദിനങ്ങളാണ്‌.  ജ്യോതിശാസ്ത്രത്തില്‍ അത് ഒരു പുതിയ ചന്ദ്ര മാസത്തിന്‍റെ ആരംഭത്തെ സൂചിപ്പിക്കുന്നു. പുതു ചന്ദ്ര ദര്‍ശനം അനിയന്ത്രിതമായ (uncontrollable factors)  ഒരു പാട് ഘടകങ്ങളെ ആശ്രയിച്ചാണ്‌ നിലനില്‍ക്കുന്നത്. അവയാകട്ടെ ഗണിതപരമായോ, നിരീക്ഷണപരമായോ സ്ഥാപിക്കുവാന്‍ കഴിയുകയുമില്ല. കാലാവസ്ഥ അനുകൂലമെങ്കില്‍ , സാധാരണഗതിയില്‍ ചന്ദ്രക്കല conjunction ന്‌ അടുത്ത ദിവസമാണ്‌ ദൃശ്യമാകുന്നത്.   29-ആം ദിവസം കാലാവസ്ഥാ പ്രശ്നം കൊണ്ടോ, മറ്റോ പുതു ചന്ദ്രന്‍ ദൃശ്യമായില്ലെങ്കില്‍ നിരീക്ഷണ ചാന്ദ്ര കലണ്ടറില്‍ (Observable Lunar Month) , ആ മാസം 30 ദിനങ്ങളുണ്ടാവും.

യൂണിവേഴ്സല്‍ സമയം അടിസ്ഥാനമാക്കിയാണ്‌‌ സൂര്യ-ചന്ദ്ര സംഗമം conjunction കണക്കാക്കുന്നത്. അതു പോലെ ജൂലിയന്‍ തിയതിയും ഉപയോഗിക്കുന്നു (Julian Day Number -JDN) . ജൂലിയന്‍ ഡേ നമ്പര്‍ എന്നത് BC 4713 ജനുവരി 1 തിങ്കളാഴ്ച മുതല്‍ ഉള്ള ദിവസങ്ങളുടെ എണ്ണമാണ്‌ (absolute count of days). ഇംഗ്ലണ്ട്, ഫ്രാന്‍സ്, അള്‍ജീരിയ മുതലായ സ്ഥലങ്ങളിലൂടെ കടന്നു പോകുന്ന രേഖാംശം (Longitude) ആണ്‌ ജൂലിയന്‍ തിയതിക്കടിസ്ഥാനം. ജൂലിയന്‍ ഡേ നംബറിന്‍റെയും യൂണിവേഴ്സല്‍ സമയത്തിന്‍റെയും അടിസ്ഥാനത്തിലാണ്‌ ജൂലിയന്‍ , ഗ്രിഗോറിയന്‍, ഹിജ്‍റി മുതലായ അനേകം കലണ്ടറുകള്‍ ആവിഷ്കരിച്ചത്.

താരതമ്യ കലണ്ടര്‍
2000 വര്‍ഷത്തെ ഒരു താരതമ്യ കലണ്ടര്‍ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല.  ഓരോ ദിവസത്തേയും വിവരങ്ങള്‍ കടലാസുകളില്‍ ശേഖരിച്ചു വെക്കുകയും, അനേക വാള്യങ്ങളിലായി അച്ചടിച്ചിറക്കുകയും ചെയ്യേണ്ടതുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഈ പുസ്തകത്തിലെ പട്ടികകള്‍ ഹിജ്‍റി മാസത്തിലെ അവസാനത്തെ തിയതിയും അവക്ക് സമാനമായ ജൂലിയന്‍/ഗ്രിഗോറിയന്‍ കലണ്ടറിലെ തിയതിയും കൊടുത്തിരിക്കുന്നു. സൂര്യ-ചന്ദ്ര ദൃശ്യ സംഗമം (Conjunction) എല്ലായിപ്പോഴും സംഭവിക്കുന്നത് ഹിജ്‍റി മാസത്തിലെ അവസാന ദിനത്തിലാണ്‌.  പട്ടികയിലെ ഓരോ നിരയിലും സൂര്യ-ചന്ദ്ര സംഗമത്തിന്‍റെ (Conjunction) സമയവും കൊടുത്തിരിക്കുന്നു.  ഓരോ മാസത്തിന്‍റെയും അവസാന തിയതികള്‍ ലഭിക്കുന്ന ഈ പട്ടികകള്‍ ഒരു താരതമ്യ കലണ്ടര്‍ തയ്യാറാക്കാനുള്ള ശരിയായ വിവരങ്ങളാണ്‌ ഇപ്രകാരം ഓരോ പേജില്‍ ആറ്‌ മാസത്തെ കലണ്ടറുകള്‍ ഉള്‍ക്കൊള്ളിക്കുന്നു.


ഈ കലണ്ടറിന്‍റെ ഒരു പോരായ്മ നമുക്ക് ഏതെങ്കിലും ഒരു വര്‍ഷത്തിന്‍റെ മാത്രം പട്ടിക ലഭിച്ചാല്‍ ആ മാസത്തിന്‍റെ ആദ്യ ദിവസം കണ്ടെത്താന്‍ സാധ്യമല്ല.  എന്നാല്‍ തുടര്‍ച്ചയായ രണ്ടു വര്‍ഷങ്ങളിലെ പട്ടിക ഉപയോഗപ്പെടുത്തി അതിലെ തിയതികളിലെ ഒഴുക്കു കണക്കു കൂട്ടി വിശകലനം നടത്തിയാല്‍ ഇത് ലഭിക്കുന്നതാണ്‌.


അതു പോലെ ഹിജ്‍റി വര്‍ഷം ആരംഭിക്കുന്ന തിയതി (01 / 01/ 01 H) കണ്ടെത്തുന്നതിന്‌, വായനക്കാരന്‍ ആദ്യം മുഹറം മാസത്തിലെ അവസാനദിവസം കണ്ടെത്തണം. അതായത് മുഹറം 29 വ്യാഴം , അത് ആഗസ്റ്റ് 12 622 ആകുന്നു. അവിടെ നിന്നും പിന്നോട്ട് എണ്ണിയാല്‍ മുഹറത്തിലെ പ്രധമ ദിനത്തില്‍ എത്തിച്ചേരുന്നു.  മുഹറം ഒന്ന് എന്നത് 622 AD ജൂലായ് 15 വ്യാഴാഴ്ച ആയിരുന്നു. പ്രസ്താവ്യമായ മറ്റൊരു കാര്യം, 1/1/1H യുടെ മുമ്പത്തെ ദിവസം അഥവാ AD 622 ജൂലായ് 14 ബുധനാഴ്ച ദുല്‍ഹജ്ജ് 30 ന്‌ ഉണ്ടായ കണ്ജങ്ക്ഷന്‍  UT 5 മണിക്ക് ആയിരുന്നു. (അത് ഒരു ഭാഗിക സൂര്യഗ്രഹണത്തോടൊപ്പം ആയിരുന്നു.)


ഈ താരതമ്യ കലണ്ടര്‍ തയ്യാറാക്കാന്‍ 1582 ന്‌ മുമ്പുള്ള കാലത്തേക്ക് ജൂലിയന്‍ കലണ്ടര്‍ നിര്‍മ്മാണ തത്വങ്ങളും അതിന്‌ ശേഷമുള്ള കാലഘട്ടത്തേക്ക് ഗ്രിഗോറിയന്‍ കലണ്ടര്‍ നിര്‍മ്മാണ തത്വങ്ങളും ഉപയോഗിച്ചു.

അവ താഴെ പറയും പ്രകാരമാണ്‌:
1 - 1700, 1800, 1900 എന്നീ വര്‍ഷങ്ങള്‍ ലീപ് വര്‍ഷങ്ങള്‍ അല്ലാതാക്കി. എന്നാല്‍ 400 കൊണ്ട് ഹരണം സാധ്യമാവുന്ന 1600, 2000 വര്‍ഷങ്ങള്‍ ലീപ് വര്‍ഷങ്ങളുമായി തുടരുന്നു.
2 -  ഒക്ടോബര്‍ 4, 1582 ന്‍റെ തൊട്ടടുത്ത ദിവസം ഒക്ടോബര്‍ 15, 1582 ആയി കണക്കാക്കി.

ഇതെല്ലാം താരതമ്യ കലണ്ടറില്‍ ഉള്‍ക്കൊള്ളിച്ചു. ഈ മാറ്റം ഹിജ്‍റ കലണ്ടറില്‍ 990 H ലെ പട്ടികയില്‍ ദൃശ്യമാണ്‌. ആ വര്‍ഷം മുതല്‍ പട്ടികകളില്‍ ജൂലിയന്‍ / ഗ്രിഗോറിയന്‍ എന്നു തലവാചകം നല്‍കി തിരിച്ചു കാണിച്ചു. ഇതെല്ലാം ജൂലിയന്‍ / ഗ്രിഗോറിയന്‍ കലണ്ടറുകളില്‍ വന്ന് 10 ദിവസത്തെ വ്യത്യാസം കാരണമായിരുന്നു.


കടപ്പാട്
ദഹ്‍റാനിലെ കിംഗ് ഫഹദ് യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആന്‍റ് മിനറല്‍സിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലുള്ള എന്‍റെ മകന്‍ ഡോ: ആദില്‍ അഹമ്മദിനോട് ഈ പുസ്തകത്തിന്‍റെ കമ്പ്യൂട്ടര്‍ പതിപ്പ് തയ്യാറാക്കിയതിനും , ഹിജ്‍റി കലണ്ടറിന്‍റെ അവസാനരൂപം തയ്യാറാക്കാന്‍ സഹായിച്ചതിനും കടപ്പാടുണ്ട്.  അതു പോലെ ജിദ്ദയിലെ ബക്‍രി നാവിഗേഷന്‍ കമ്പനിയിലെ ഡയറക്‍ടര്‍ ക്യാപറ്റന്‍ ഫര്‍ഹത്ത് സിദ്ധീക്കിയോടുള്ള നന്ദി ഇവിടെ സൂചിപ്പിക്കുന്നു.  രിയാദ് 'റോള്‍സ് റോയ്‍സ്' കമ്പനിയുടെ റീജനല്‍ മാനേജര്‍ മി. നിസാമുദ്ദീന്‍ ഇത്തരത്തില്‍ ഒരു കലണ്ടര്‍ പ്രസിദ്ധീകരിച്ച വ്യക്തിയാണ്‌.  അദ്ദേഹത്തോടും നന്ദിയുണ്ട്. ജിദ്ദയിലെ 'അജ്‍വ' ഗ്രൂപ്പിലെ ഹാര്‍ഡ്‍വെയര്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ മി. അബ്ദുള്‍ ലത്തീഫ് ഉസ്‍മാന്‍, ഹിജ്‍റി കമ്മറ്റി ഓഫ് ഇന്ത്യയുടെ പ്രധാന ഓര്‍ഗണൈസര്‍ P.M.സിറാജുദ്ദീന്‍ എന്നിവരോട് കലണ്ടര്‍ നിര്‍മ്മിക്കാന്‍ സഹായിച്ചതിന്‌ നന്ദിയുണ്ട്.
അവസാനമായി ഹിജ്‍റി കമ്മറ്റി ഓഫ് ഇന്ത്യയുടെ പ്രധാന ഉപദേഷ്ടാവ് മി. അലി മാണിക്‍ഫാനോട്, അദ്ദേഹത്തിന്‍റെ കലണ്ടര്‍ വ്യാപന പരിശ്രമങ്ങള്‍ക്ക് നന്ദിയുണ്ട്.  അദ്ദേഹം കണ്‍ജങ്ക്ഷന്‍ (Conjunction)  അടിസ്ഥാനമാക്കിയ കലണ്ടര്‍ നിര്‍മ്മിക്കുകയും, അതു വിവിധ രാജ്യങ്ങളില്‍ പ്രചരിപ്പിക്കുകയും , അതു മൂലം ലോക മുസ്‍ലിം സമൂഹത്തെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
സൌദി രാജ കുടുംബത്തോട് ഇക്കാര്യത്തില്‍ ഞാന്‍ വളരെയധികം കടപ്പെട്ടിരിക്കുന്നു. എനിക്കു സൌദി അറേബ്യയില്‍ ജോലി ലഭിക്കാനും, എന്‍റെ സ്വപ്നങ്ങള്‍ പൂവണിയിക്കാനും ആയത് അവരുടെ പിന്തുണ കൊണ്ടാണ്‌.
ഇന്ത്യ, പാക്കിസ്ഥാന്‍, ബ്രിട്ടന്‍ മുതലായ രാജ്യങ്ങളിലെ ജനങ്ങളോറ്റും ഞാന്‍ കടപ്പെട്ടിരിക്കുന്നു.

ഗ്രന്ഥകാരനെക്കുറിച്ച് 


ഡോ. ഫദ്‍ല്‍ നൂര്‍ മുഹമ്മദ് അഹമ്മദ് പ്രസിദ്ധ സൌദി ജ്യോതി ശാസ്ത്രജ്ഞനാണ്‌. അദ്ദേഹം രിയാദ് കിംഗ് സഊദ് യൂണിവേഴ്സിറ്റിയിലെ മുന്‍ ആസ്ട്രോണമി തലവനും, രിയാദിലെ കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഓഫ് സയന്‍സ് ആന്‍റ് ടെക്‍നോളജിയുടെ ഗവേഷന വിഭാഗം മുന്‍ തലവനുമാണ്‌.
അദ്ദേഹത്തിന്‍റെ പിതാവ് ഇന്ത്യയിലെ ഭോപാല്‍ സ്റ്റേറ്റില്‍ നിന്നും മഹാരാഷ്ട്ര സംസ്ഥാനത്തിലെ നാഗപൂരിലേക്ക് മാറി താമസിച്ചു. 1927 ല്‍ നാഗപൂരിലാണ്‌ അദ്ദേഹം ജനിച്ചത്. ചെറുപ്പം മുതല്‍ ജ്യോതിര്‍ഗോളങ്ങളില്‍ തല്‍പരനായിരുന്നു. 14 ആമത്തെ വയസ്സില്‍ സ്വന്തമായി അദ്ദേഹം ഒരു ദൂരദര്‍ശിനി നിര്‍മ്മിച്ചു.  പരിസരവാസികള്‍ അദ്ദേഹത്തെ ''ചാന്ദ്‍വാല ബാബു'' (ചന്ദ്ര നിരീക്ഷകന്‍) എന്നു വിളിച്ചു.


1946 ല്‍ അദ്ദേഹം നാഗപൂരിലെ അന്‍ജുമന്‍ ഹൈസ്കൂളില്‍ നിന്നും ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. പിന്നീട് നാഗപൂര്‍ യൂണിവേഴ്‍സിറ്റിയില്‍ നിന്നും സയന്‍സ്, അപ്ലൈഡ് മാത്തമാറ്റിക്‍സ്, ഗണിതം, ഫിസിക്‌സ്, ആസ്ട്രോണമി എന്നിവയില്‍ ബാച്ചിലര്‍ ബിരുദം നേടി 1950 ല്‍ പാക്കിസ്ഥാനിലേക്കു പോയി. ഫിസിക്‌സില്‍ മാസ്റ്റര്‍ ബിരുദം നേടിയത് ലാഹോറിലെ പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ നിന്നായിരുന്നു.

ചെറുപ്പകാലത്തെ അദ്ദേഹത്തിന്‍റെ ആഗ്രഹമായിരുന്ന ജ്യോതിശാസ്ത്ര പഠനം സഫലീകരിക്കാന്‍ ഒരു കോളേജില്‍ നിന്നും മറ്റൊരു കോളേജില്‍ ഫിസിക്‌സ് അദ്ധ്യാപകനായി അദ്ദേഹം ജോലി ചെയ്‍തു. ഇറാക്കി വിദ്യാഭ്യാസ വകുപ്പില്‍ ബഗ്ദാദില്‍ 1957 ല്‍ അസോസിയേറ്റ് പ്രൊഫസറായി ചേര്‍ന്നു. 1958 ല്‍ ഉപരിപഠനത്തിനായി അദ്ദേഹം ബ്രിട്ടനില്‍ പോവുകയും എഡിന്‍ബറോ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്‌ടറേറ്റ് നേടുകയും ചെയ്തു. പോസ്റ്റ് ഡോക്‌ടറല്‍ പഠനം നടത്തിയത് 1964ല്‍ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയിലായിരുന്നു.

1965 ല്‍ പാക്കിസ്ഥാനില്‍ തിരിച്ചെത്തിയപ്പോള്‍ SUPAR CO (Space and Upper Atmoshere Research and Commission) കറാച്ചിയില്‍ ജോലിയില്‍ പ്രവേശിച്ചു.
പാക്കിസ്ഥാനിലെ ആദ്യ വാന നിരീക്ഷണ കേന്ദ്രം കറാച്ചി യൂണിവേഴ്സിറ്റിയില്‍ അദ്ദെഹത്തിന്‍റെ മേല്‍ നോട്ടത്തിലാണ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.
1968 ല്‍ അദ്ദേഹം രിയാദിലെ കിംഗ് സഊദ് യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു. സൌദി അറേബ്യയിലെ വന്‍ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിര്‍മ്മാണ മേല്‍നോട്ടം വഹിക്കാനായിരുന്നു അത്. രാജ്യ രക്ഷാ മന്ത്രി സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരനാണ്‌ പിന്നീട് അത് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

ഈ നിരീക്ഷണ കേന്ദ്രം കിംഗ് സഊദ് യൂണിവേഴ്സിറ്റിയില്‍ നിന്നും കിംഗ് അബ്ദുള്‍ അസീസ് സിറ്റി ഓഫ് സയന്‍സ് ആന്‍റ് ടെക്‍നോളജിക്കു കൈമാറി. അതോടൊപ്പം അദ്ദേഹത്തെ അവിടത്തെ ഗവേഷണ വിഭാഗം തലവനായി നിയമിച്ചു.   ധാരാളം ഗവേഷണങ്ങള്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ അവിടെ നടന്നു. ലേസര്‍ റേഞ്ചിങ് ഒബ്സര്‍വേറ്ററി ,മാസപ്പിറവി ദര്‍ശനം എന്നിവ അവയില്‍ ചിലതു മാത്രം. 1990 ല്‍ ഡോ. ഫദ്‍ല്‍ ജോലിയില്‍ നിന്നും വിരമിച്ചുവെങ്കിലും അദ്ദേഹം കര്‍മ്മനിരതനാണ്‌. 1999 ല്‍ പ്രസിദ്ധീകരിക്കുകയും 2004-05 വര്‍ഷങ്ങളില്‍ പുന:പ്രസിദ്ധീകരിക്കുകയും ചെയ്ത പ്രപഞ്ച വിജ്ഞാനത്തിലും, കണികാഭൌതികത്തിലും അദ്ദേഹം രചിച്ച പുസ്തകമാണ്‌ അവസാനത്തേത്. ഡല്‍ഹിയില്‍ നിന്നുള്ള ഒരു ഉറുദു ശാസ്ത്ര മാസികയില്‍ അദ്ദേഹത്തിന്‍റെ വിജ്ഞാനം യുവതലമുറക്ക് കൈമാറാന്‍ ലേഖനങ്ങള്‍ എഴുതാറുണ്ട്.


-------------------------
Related links

Preview of "2000 Years Civil Hijri Comparative Calendar"- Fadhl N. M. Ahmed



Fwd: 2000 Years Civil Hijri Comparative Calendar has been published ! ALHUMDULILLAH !
Buy online : http://www.amazon.com/Years-Civil-Hijri-Comparative-Calendar/dp/1477443606

No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.