Thursday, October 18, 2012

ഈദുല്‍ അസ്‍ഹ 25 ഒക്ടോബര്‍ വ്യാഴാഴ്ച്ച - Notice By Hijri Committe EKM


ഈദുല്‍ അസ്‍ഹ 25 ഒക്ടോബര്‍ വ്യാഴാഴ്ച്ച - Notice By Hijri Committe EKM


പ്രപഞ്ചസൃഷ്‌ടാവായ അല്ലാഹുവിന്റെ നാമത്തില്‍ വായിക്കുക. ഒട്ടിപ്പിക്കുന്ന ഒരു വസ്‌തുവില്‍ നിന്നാണ്‌ മനുഷ്യനെ അവന്‍ സൃഷ്‌ടിച്ചിരിക്കുന്നത്‌. വായിക്കുക, നിന്റെ നാഥന്‍ അങ്ങേയറ്റം ഉദാരശീലനാണ്‌. മനുഷ്യര്‍ക്ക്‌ പേനകൊണ്ട്‌ എഴുതാന്‍ പഠിപ്പിച്ചത്‌ അവനത്രെ. അങ്ങിനെ അവന്‍ മനുഷ്യനെ അറിവില്ലാത്ത വിഷയങ്ങളെക്കുറിച്ച്‌ അറിവ്‌ നേടാന്‍ പഠിപ്പിച്ചു. വി.ഖു. (സൂറ. അലഖ്‌ 1–5).
ഏഴ്‌ ആകാശങ്ങളെ പരസ്‌പരം യോജിപ്പിച്ചുകൊണ്ട്‌ സൃഷ്‌ടിച്ചവനാണവന്‍. പരമകാരുണികനായ അല്ലാഹുവിന്റെ സൃഷ്‌ടികര്‍മ്മത്തില്‍ ഒരു ക്രമക്കേടും നീ കാണുകയില്ല. നീ വീണ്ടും നോക്കുക. വല്ലവിടവും കാണുന്നുണ്ടോ? വീണ്ടും രണ്ടു പ്രാവശ്യം നിന്റെ കണ്ണുകൊണ്ട്‌ ആവര്‍ത്തിച്ചാവര്‍ത്തിച്ചുനോക്കുക. എവിടെയെങ്കിലും ഘടനയില്‍ വല്ല വിടവോ, അനൌചിത്യമോ കാണാന്‍ കഴിയുന്നുണ്ടോ? (ഇല്ല ഒരിക്കലുമില്ല) നിന്റെ കണ്ണ്‌ അവസാനം ക്ഷീണിച്ച്‌ പരാജയമടഞ്ഞ്‌ നിന്നിലേക്ക്‌ തന്നെ തിരിച്ചുവരും. (സൂറ. അല്‍മുല്‍ക്ക്‌ 3,4)
എല്ലാ വസ്‌തുക്കളെയും അവന്‍ സൃഷ്‌ടിക്കുകയും അവക്കെല്ലാം ഓരോ അളവുകളും വ്യവസ്ഥകളും നിര്‍ണ്ണയിക്കുകയും ചെയ്‌തിരിക്കുന്നു. (അല്‍. ഫുര്‍ഖാന്‍)
എല്ലാ വസ്‌തുക്കളെയും അവന്‍ എണ്ണിക്കണക്കാക്കുകയും ചെയ്‌തിരിക്കുന്നു (അല്‍ജിന്ന്‌ –28)
ആകാശഭൂമികളേയും അവക്കിടയിലുളള വസ്‌തുക്കളെയുമെല്ലാം യാതൊരു ലക്ഷ്യവുമില്ലാതെ വെറുതെയങ്ങ്‌ നാം സൃഷ്‌ടിച്ചുവിട്ടിരിക്കയല്ല. യാഥാര്‍ത്ഥ്യങ്ങളെ നിഷേധിക്കുന്നവരുടെ ധാരണയാണത്‌. (സൂറ–സാദ്‌–27)
നിങ്ങളെയെല്ലാം യാതൊരു ലക്ഷ്യവുമില്ലാതെ വൃഥാ നാമങ്ങ്‌ സൃഷ്‌ടിച്ചു വിട്ടിരിക്കയാണെന്ന്‌ നിങ്ങളെങ്ങാനും ധരിച്ചുപോയിട്ടുണ്ടോ? (അല്‍ മുഅ്‌മിനൂന്‍–115)
പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തി, വികസനം, നിയന്ത്രണം പരിപാലനം ഇവയിലൊന്നും തന്നെ കുത്തഴിഞ്ഞ രീതിയല്ല. നിഷ്‌കൃഷ്‌ടവും, വ്യവസ്ഥാപിതവുമായ നടപടികളാണ്‌ സൃഷ്‌ടികര്‍ത്താവ്‌ സ്വീകരിച്ചിരിക്കുന്നത്‌.
അല്ലാഹുവിന്റെ വാക്കുകള്‍ക്ക്‌ ഒരിക്കലും ഒരു മാറ്റവും വരികയില്ല തന്നെ (യൂനുസ്‌ –64)
ഇത്‌ ഖണ്‌ഡിതമായ ഒരു വാക്ക്‌ തന്നെയാകുന്നു. നേരമ്പോക്കല്ല (അല്‍ അഅ്‌ല–13, 14)
സൂര്യചന്ദ്രാദികളുടെ സൃഷ്‌ടിപ്പിനെക്കുറിച്ച്‌ ഖുര്‍ആന്‍ 
സൂര്യന്‍ സ്വന്തം സങ്കേതത്തിലേക്ക്‌ ചലിച്ചുകൊണ്ടിരിക്കുന്നു. സര്‍വ്വരേയും ജയിച്ചടക്കുന്നവനും, സര്‍വ്വജ്ഞനുമായ അല്ലാഹു വ്യവസ്ഥപ്പെടുത്തിയതാണത്‌. ചന്ദ്രനാവട്ടെ, നാം ചില താവളങ്ങള്‍ നിര്‍ണയിച്ചിട്ടുണ്ട്‌. അത്‌ (അവസാനം) പഴയ ഈന്തക്കുലത്തണ്ട്‌ പോലെയായിത്തീരുന്നു. ചന്ദ്രനെ എത്തിപ്പിടിക്കാന്‍ സൂര്യന്‌ കഴിയുകയില്ല. രാവ്‌ പകലിനെ മുന്‍കടക്കുന്നതുമല്ല. ഓരോന്നും ഓരോ സഞ്ചാരപഥത്തില്‍ അനായാസം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. (യാസീന്‍ –38,39,40)
സൂര്യനെ തേജസുറ്റതും ചന്ദ്രനെ പ്രകാശിക്കുന്നതുമാക്കി സൃഷ്‌ടിക്കുകയും ചന്ദ്രന്‌ വ്യത്യസ്‌തദശകള്‍ നിര്‍ണ്ണയിക്കുകയും ചെയ്‌തുവെച്ചിരിക്കുന്നത്‌ അല്ലാഹുവത്രെ. (അതെന്തിന്‌ വേണ്ടിയെന്നറിയാമോ?) കൊല്ലങ്ങളുടെ എണ്ണവും (സമയം, ദിവസം, മാസം) കണക്കും നിങ്ങള്‍ക്ക്‌ ഗ്രഹിക്കാന്‍ കഴിയുന്നതിനുവേണ്ടി ന്യായമായ ആവശ്യാര്‍ത്ഥം തന്നെയാണ്‌അവയെല്ലാം അളളാഹു സൃഷ്‌ടിച്ചിരിക്കുന്നത്‌. ചിന്തിക്കുന്ന (ബോധമുളള) ജനതക്ക്‌ ഇവയിലെല്ലാം അന്തര്‍ഭവിച്ചിരിക്കുന്ന ദൃഷ്‌ടാന്തങ്ങള്‍ അല്ലാഹു വിശദീകരിച്ചുകൊടുക്കുകയാണ്‌. രാവും പകലും മാറി മാറി വരുന്നതിലും ആകാശങ്ങളിലും ഭൂമിയിലും അല്ലാഹു സൃഷ്‌ടിച്ചിട്ടുളള വസ്‌തുക്കളിലും സൂക്ഷ്‌മത പാലിക്കുന്ന ജനങ്ങള്‍ക്ക്‌ തീര്‍ച്ചയായും പല ദൃഷ്‌ടാന്തങ്ങളുമുണ്ട്‌ (യൂനസ്‌–5–6)
സൂര്യനും ചന്ദ്രനും കൃത്യമായ കണക്കനുസരിച്ച്‌ തന്നെയാണ്‌ ചലിച്ചുകൊണ്ടിരിക്കുന്നത്‌  (അര്‍–റഹ്മാന്‍–5)
സമയം, ദിവസം, മാസം, വര്‍ഷം ഇവയെല്ലാം മനുഷ്യര്‍ക്ക്‌ ഗ്രഹിക്കുവാന്‍ കഴിയേണ്ടതിനാണ്‌ സൂര്യചന്ദ്രാദികളെ കൃത്യമായ കണക്കിന്റെ അടിസ്ഥാനത്തില്‍ സൃഷ്‌ടിച്ചിരിക്കുന്നതെന്നും പേനകൊണ്ട്‌ എഴുതാന്‍ പഠിപ്പിച്ച അല്ലാഹു, ഗോളങ്ങളുടെ ചലനങ്ങള്‍ കണക്കുകൂട്ടി ദിവസ, മാസ, വര്‍ഷങ്ങള്‍ നിശ്ചയിക്കുക എന്ന്‌ ഇത്രയും വ്യക്തമായ ഭാഷയില്‍ ഉദ്‌ബോധിപ്പിച്ചിട്ടും, കാര്‍മേഘങ്ങള്‍ കൊണ്ടോ അന്തരീക്ഷ മലിനീകരണംകൊണ്ടോ, കാഴ്‌ചയുടെ പോരായ്‌മകൊണ്ടോ മാസത്തിലെ ഒരു ദിവസം മാത്രം ഇല്ലാതാക്കുക എന്നത്‌ ഖുര്‍ആനില്‍ സത്യസന്ധമായി വിശ്വസിക്കുന്ന ഒരു മുസ്ലിമിന്ന്‌ അംഗീകരിക്കാന്‍ കഴിയുമോ?
അല്ലാഹുവിന്റെ ആയത്തുകള്‍ ഓതിക്കേള്‍പ്പിക്കുമ്പോള്‍ അത്‌ കണ്ണുമടച്ച്‌ സ്വീകരിക്കുക എന്ന്‌ ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നില്ല. മറിച്ച്‌ കാര്യകാര്യകാരണസഹിതം അല്ലാഹുവിശദീകരിച്ചുതരുന്ന കാര്യങ്ങള്‍ മനുഷ്യന്ന്‌ നല്‍കിയിട്ടുളള സവിശേഷബുദ്ധിയുപയോഗിച്ച്‌ കണ്ടെത്തുകയും പിന്‍പറ്റുകയും ചെയ്യുക എന്നാണ്‌ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്‌.
ഇസ്ലാമിന്റെ വിധിവിലക്കുകള്‍ പരിശോധിച്ചാല്‍ കാഴ്‌ചയേക്കാള്‍ പ്രാധാന്യം ബുദ്ധിക്കാണ്‌ എന്ന്‌ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും. ഇസ്ലാമിലെ ആരാധനാ കര്‍മ്മങ്ങള്‍ കണ്ണുളളവര്‍ക്കും. കണ്ണില്ലാത്തവര്‍ക്കും ഒരുപോലെ നിര്‍ബന്ധമാണ്‌. എന്നാല്‍ ബുദ്ധിയില്ലാത്തവര്‍ക്ക്‌ ഇതൊന്നും തന്നെ നിര്‍ബന്ധമില്ല.
കിഴക്ക്‌ ഉദിക്കുന്ന ചന്ദ്രനെ പടിഞ്ഞാറ്‌ അന്വേഷിപ്പിക്കുന്ന നടപടിയാണ്‌ ഇപ്പോള്‍ നേതാക്കള്‍ നമ്മെക്കൊണ്ട്‌ ചെയ്യിപ്പിക്കുന്നത്‌. മാസത്തില്‍ ഒരുദിവസം മാത്രം മറയുന്ന ചന്ദ്രനെ ആ ദിവസം തന്നെ കാണണം എന്ന്‌ ശഠിക്കുന്നത്‌ അല്ലാഹുവിന്റെ സംവിധാനങ്ങളെ പരിഹസിക്കലാണ്‌..,.
29 ദിവസങ്ങളുളള മാസത്തില്‍ 28 ദിവസവും 30 ദിവസങ്ങളുളള മാസത്തില്‍ 29 ദിവസവും ചന്ദ്രക്കലകളെ കാണാന്‍ കഴിയും. അവസാനദിവസത്തില്‍ ചന്ദ്രനെ മായ്‌ചുചകളഞ്ഞത്‌ അതിനെ പ്രത്യക്ഷപ്പെടുത്തുവാന്‍ അല്ലാഹുവിന്‌ കഴിയാഞ്ഞിട്ടല്ല. മറിച്ച്‌ മാറ്റമാസം സംഭവിക്കുന്നത്‌ മനുഷ്യര്‍ക്ക്‌ എളുപ്പത്തില്‍ മനസ്സിലാക്കുവാന്‍ വേണ്ടിയാണ്‌. പക്ഷേ നമ്മുടെ നേതാക്കള്‍ ചെയ്യുന്നതോ? ചന്ദ്രനെ കാണാവുന്ന എല്ലാ ദിവസങ്ങളും നിരീക്ഷണം ഒഴിവാക്കി ഒരു നിലക്കും കാണാന്‍ സാധിക്കാത്ത ദിവസം തന്നെ ചന്ദ്രനെ, അന്വേഷിക്കാന്‍ കല്‍പ്പിച്ചുകൊണ്ട്‌ ജനസാമാന്യത്തെ കളിയാക്കലും, സത്യനിഷേധത്തെ അധികരിപ്പിക്കലുമാണ്‌..,. തങ്ങള്‍ക്ക്‌ മനസ്സിലാകാത്തതും തങ്ങളുടെ അജണ്ടയിലില്ലാത്തതും ദീനിനെതിരാണെന്ന്‌ പ്രചരിപ്പിക്കുകയാണ്‌ അവര്‍. അന്ധകാരത്തില്‍ നിന്നും മോചനം ലഭിക്കണമെങ്കില്‍ അറിവ്‌ നേടണം. അതിന്നുളള അനേകം മാര്‍ഗ്ഗങ്ങള്‍ നമ്മുടെ മുന്‍പില്‍ തുറക്കപ്പെട്ടിട്ടുണ്ട്‌. കഴിഞ്ഞ ചന്ദ്രമാസം 29 ദിവസം പൂര്‍ത്തിയാക്കി തിങ്കളാഴ്‌ച (കറുത്തവാവിന്‌) ദുല്‍ക്കഅദ്‌ അവസാനിക്കുകയും ചൊവ്വാഴ്‌ച ദുല്‍ഹജ്ജ്‌ ആരംഭിക്കുകയും ചെയ്‌തു. 

അമാവാസിയും സൂര്യഗ്രഹണവും സെൌദി അറേബ്യയുടെ ദുല്‍ഹജ്ജും.
എല്ലാ മാസങ്ങളിലും അമാവാസി സംഭവിക്കുന്നുവെങ്കിലും നാം അത്‌ അറിയാതെ പോകുന്നത്‌ അതിനെകുറിച്ച്‌ അന്വേഷിക്കാത്തത്‌ കൊണ്ടും ചന്ദ്രനിരീക്ഷണം നടത്താത്‌കൊണ്ടും നമ്മുക്ക്‌ പ്രത്യക്ഷത്തില്‍ അതാവശ്യം ഇല്ലാത്തതുകൊണ്ടും മാത്രമാണ്‌. യഥാര്‍ത്ഥത്തില്‍ ഒരു ചന്ദ്രമാസത്തിന്റെ അവസാന ദിവസത്തിലാണ്‌ അമാവാസിയുണ്ടാകുന്നത്‌. അപ്പോള്‍ അമാവാസികള്‍ തമ്മിലുളള അകലം ഇരുപത്തിയൊമ്പത്‌ അല്ലെങ്കില്‍ മുപ്പത്‌ ദിവസങ്ങള്‍ ആയിരിക്കും. ഇത്‌ ഖുര്‍ആന്‍ അനുസരിച്ചും നബിയുടെ അധ്യാപനങ്ങള്‍ അനുസരിച്ചും ഗോളശാസ്‌ത്ര പ്രകാരവും തെളിയിക്കപ്പെട്ടിട്ടുളള കാര്യങ്ങളാണ്‌. എല്ലാ അമാവാസിയിലും സൂര്യഗ്രഹണം ഉണ്ടാകാത്തത്‌ അതിന്റെ നിബന്ധനകള്‍ ഒത്തുവരാത്തത്‌ കൊണ്ടാണ്‌. അമാവാസിയുണ്ടാകുന്നത്‌ സൂര്യന്‍ ചന്ദ്രന്‍ ഭൂമി ഇവ ഒരു പ്രതലത്തില്‍ വരുമ്പോഴും അത്‌ സൂര്യഗ്രഹണം ആയി മാറുന്നത്‌ അവകള്‍ ഒരു രേഖയില്‍  വരുമ്പോളും മാത്രമാണ്‌. ചുരുക്കിപറഞ്ഞാല്‍ അമാവാസിയും സൂര്യഗ്രഹണവും ഒന്നുതന്നെ എന്നര്‍ത്ഥം. അമാവാസി നമുക്ക്‌ കാണാന്‍ സാധിക്കുന്നില്ല. സൂര്യഗ്രഹണം നമുക്ക്‌ കാണാന്‍ സാധിക്കുന്നു എന്നുമാത്രം. അപ്പോള്‍ സൂര്യഗ്രഹണം സംഭവിക്കുന്നതും മാസത്തിന്റെ അവസാന ദിവസത്തില്‍ തന്നെയാണ്‌.
എന്നാല്‍ ഈ ദുല്‍ഹജ്ജ്‌ മാസം, പലപ്പോഴും ചെയ്യാറുളളത്‌പോലെ ഈ പ്രാവശ്യവും സെൌദി അറേബ്യ തെറ്റിച്ചാണ്‌ തുടങ്ങിയിരിക്കുന്നത്‌. ബുധനാഴ്‌ച ഒന്നാം തീയ്യതിയാണ്‌ എന്ന്‌ സെൌദി പ്രഖ്യാപിച്ച സ്ഥിതിക്ക്‌  സൂര്യഗ്രഹണം സംഭവിക്കുന്നത്‌ സെൌദിയുടെ കണക്കനുസരിച്ച്‌ ഇരുപതിയെട്ടാമത്തെ ദിവസത്തിലാണ്‌. അമാവാസി സംഭവിക്കുന്നത്‌ അതിനെ അന്വേഷിച്ചാലല്ലാതെ നാം അറിയുകയില്ല. എന്നാല്‍ സൂര്യഗ്രഹണം നാം അന്വേഷിച്ചില്ലെങ്കിലും അറിയേണ്ടിവരും. കാരണം അതിനെകുറിച്ച്‌ പത്രമാധ്യമങ്ങളും ടെലിവിഷന്‍ ചാനലുകളും ധാരാളം സംസാരിക്കാന്‍ തുടങ്ങും. അതുകൊണ്ട്‌ തന്നെ ഈ സമൂഹത്തില്‍ ജീവിക്കുന്ന ആരും തന്നെ അതറിയാതെ പോകുന്നില്ല. മുസ്‌ലീങ്ങള്‍ക്ക്‌ ഗ്രഹണസമയത്ത്‌ നമസ്‌ക്കരിക്കേണ്ടതായും ഉണ്ട്‌.
മാസം മാറുന്നത്‌ കണ്ണ്‌കൊണ്ട്‌ തന്നെ നോക്കി കാണാവുന്ന സന്ദര്‍ഭമാണ്‌ സൂര്യഗ്രഹണം. നാം നോക്കിനില്‍ക്കെ ചന്ദ്രന്‍ സൂര്യനെ മറികടന്നു പോകുന്നത്‌ കാണാം. മാസം മാറുന്നതിനു ഇതിലും വലിയ തെളിവെന്താണ്‌ വേണ്ടത്‌. അമാവാസിയില്‍ നിലാവ്‌ കാണുന്നത്‌ കേരളത്തിലെ പേരും മേല്‍വിലാസവും ഇല്ലാത്ത അല്ലെങ്കില്‍ അത്‌ വെളിപ്പെടുത്താത്ത ചില തീരപ്രദേശത്ത്‌കാരാണ്‌. എന്നാല്‍ സൂര്യഗ്രഹണം ഭൂമിയിലെ എല്ലാ ജനങ്ങള്‍ക്കും നേരിട്ടോ അല്ലെങ്കില്‍ തല്‍സമയ പ്രക്ഷേപണം വഴിയോ കാണാന്‍ സാധിക്കും. അത്‌ മാസം മാറുന്നതല്ല എന്ന്‌ പറയാന്‍ ആര്‍ക്കെങ്കിലും ധൈര്യമുണ്ടോ? മാസം തെറ്റിച്ചു തുടങ്ങാനും അതുകൊണ്ടുതന്നെ അത്‌ ഇരുപത്തിഎട്ടായി ചുരുക്കാനും ഇവര്‍ക്ക്‌ ആരാണ്‌ അധികാരം കൊടുത്തത്‌. മാസം തെറ്റിച്ചു തുടങ്ങുന്നവര്‍ക്കും കണ്ടിട്ടേ മാസം തുടങ്ങാവൂ എന്നു ശഠിക്കുന്നവര്‍ക്കും സത്യനിഷേധത്തിനെതിരെയുമുളള അല്ലാഹുവിന്റെ തന്ത്രമാണ്‌ ഈ സൂര്യഗ്രഹണം. മാസമാറ്റത്തെ നേരിട്ടുതന്നെ അല്ലാഹു കാണിച്ചു കൊടുക്കുകയാണ്‌ സൂര്യഗ്രഹണത്തിലൂടെ. ഇതില്‍നിന്നും ഒളിഞ്ഞുമാറാന്‍ ആര്‍ക്കും സാധ്യമല്ല. ഇരുപത്തിയെട്ടിനു മാസം മാറുന്നത്‌ ബോധിപ്പിക്കേണ്ടിവരും എന്നതില്‍ യാതൊരു സംശയവും വേണ്ട.

ദുല്‍ഹജ്ജ്‌ 9 (അറഫാദിനം) അടുത്ത ബുധനാഴ്‌ചയും ബലിപെരുന്നാള്‍  (ദുല്‍ഹജ്ജ്‌ 10) അടുത്ത വ്യാഴാഴ്‌ചയുമായിരിക്കും. 

എറണാകുളം ടൌണ്‍ഹാളിലും, ആലുവ ടൌണ്‍ഹാളിലും കോഴിക്കോട്‌, തൃശ്ശൂര്‍ , വണ്ടൂര്‍ , ചാവക്കാട്‌ എന്നിവിടങ്ങളിലും അന്നേദിവസം ഈദ്‌ഗാഹ്‌ ഉണ്ടായിരിക്കും.
ഹിജ്‌രി കമ്മറ്റി

Contact : 9605757190,  9895044827,  9746032132

Print ready files pmd&pdf

Click here to read pdf online

--------------------------------------
Posted on behalf of Mr.Abdul raheem, Edappally.

No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.