Saturday, December 1, 2012

ഹദീസിന്റെ സ്വീകാര്യത ....




ഹദീസിന്റെ സ്വീകാര്യത ശൈഖ്‌ അല്‍ബാനി അവസാന വാക്കല്ല    SHABAB 27 OCT 2012
അഭിമുഖം -
ഡോ. ഹംസ മലയ്‌ബാരി / മുജീബുര്‍റഹ്‌മാന്‍ എടവണ്ണ 
..........

ഖുര്‍ആനിനും ഹദീസിനും പ്രമാണ സമീപനത്തില്‍ സമാന സ്ഥാനം നല്‌കണം, ഖുര്‍ആനെപ്പോലെ ഹദീസും ഒരേ പ്രാധാന്യമുള്ളത്‌ എന്ന വാദവും നാട്ടില്‍ മുഴങ്ങുന്നുണ്ട്‌. ? 

= അഖ്‌ലും നഖ്‌ലും സമന്വയിപ്പിച്ചാണ്‌ ഹദീസ്‌ സ്വീകരിക്കേണ്ടത്‌. നമ്മുടെ ബുദ്ധിക്കു സ്ഥിരപ്പെടുന്നതേ സ്വീകരിക്കൂ എന്നു ശഠിക്കുന്നതും യുക്തിക്കു യാതൊരു തരത്തിലുള്ള സ്ഥാനവും നല്‌കരുതെന്ന വാദവും ഗുണകരമല്ല.
അല്ലാഹു തജല്ലിയായ (വെളിപ്പെട്ട) കാര്യം ഖുര്‍ആന്‍ പറയുന്നു. അതുകൊണ്ടു നമ്മള്‍ അപ്പടി അംഗീകരിക്കുന്നു. ഹദീസിലാണ്‌ ഇക്കാര്യം പറഞ്ഞതെങ്കില്‍ നമ്മള്‍ അതു തള്ളിക്കളയും. ഈസാ നബി(അ)യുടെ ജനനം ഖുര്‍ആന്‍ സംശയരഹിതമായി ബോധ്യപ്പെടുത്തിയതിനാല്‍ നമ്മള്‍ സ്വീകരിക്കുന്നു. മനുഷ്യ പ്രകൃതിക്കും ബുദ്ധിക്കും നിരക്കാത്ത പ്രഖ്യാപനം ഹദീസിലാണെങ്കില്‍ നിഷേധിച്ചിട്ടില്ലെങ്കിലും മൗനം അവലംബിക്കേണ്ടി വരും. ഖുര്‍ആനിലെ ഓരോ ആയത്തും അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യേണ്ടതു മുസ്‌ലിമിന്റെ ബാധ്യതയാണ്‌.
ഏതെങ്കിലും ഒരു ആയത്തു നിഷേധിച്ചാല്‍ മതനിഷേധിയായി. കാരണം ഖുര്‍ആന്‍ മുതവാതിറാണ്‌. എന്നാല്‍ ഹദീസിനെ പൊതുവില്‍ തള്ളുന്നവരും മതത്തില്‍ നിന്നു തെറിക്കും. ഏതെങ്കിലും ഒന്നോ രണ്ടോ ഹദീസുകള്‍ അംഗീകരിക്കാത്തതിനാല്‍ അവന്‍ മതനിഷേധിയോ ഹദീസ്‌ നിഷേധിയോ ആവുകയില്ല. ഇതില്‍ നിന്നു ഖുര്‍ആന്റെയും ഹദീസിന്റെയും സ്ഥാനവും വ്യതിരിക്തതയും വ്യക്തമാകും.


---------------------------------------------------------------

തഫ്ഹീമുല്‍ ഖുര്‍ആനില്‍ നിന്ന്‌

സൂറ ഹജ്ജ് 22:1, ന്‍റെ വ്യാഖ്യാനക്കുറിപ്പ് 1. 

പുനരുദ്ധാനത്തെ സംബന്ധിച്ച ഹദീസുകളെ പറ്റി.... 

"........അതിനാല്‍ നാം ആദ്യമുദ്ധരിച്ച റിപ്പോര്‍ട്ടാണ് മുന്‍ഗണനാര്‍ഹമായിട്ടുള്ളത്. അതിന്റെ നിവേദനസരണി ദുര്‍ബലമാണെങ്കിലും ഖുര്‍ആനുമായുള്ള യോജിപ്പ് ആ ദൌര്‍ബല്യത്തെ ദൂരീകരിക്കുന്നു. രണ്ടാമത്തെ റിപ്പോര്‍ട്ടിന്റെ നിവേദനസരണി പ്രബലമാണെങ്കിലും ഖുര്‍ആന്റെ വ്യക്തമായ വിവരണവുമായുള്ള വിയോജിപ്പ് അതിനെ ദുര്‍ബലമാക്കുകയും ചെയ്യുന്നു...."


സൂറ അം‍ബിയാഅ‌ 21:63 , കുറിപ്പ് 60
"............ഹദീസ് ശാസ്ത്രത്തിന്റെ വീക്ഷണകോണിലൂടെ നോക്കിയാല്‍ ഒരു റിപ്പോര്‍ട്ടിന്റെ നിവേദനപരമ്പര (سَنَد) ഭദ്രമാണ് എന്നത് ആ റിപ്പോര്‍ട്ടിന്റെ മൂലം എത്രതന്നെ വിമര്‍ശനവിധേയമാണെങ്കിലും സ്വഹീഹായി സ്വീകരിക്കേണ്ടത് അനിവാര്യമാക്കുന്നില്ല. ശക്തവും അവലംബനീയവുമായ നിവേദനപരമ്പരകളുള്ളതോടൊപ്പം ഒരു ഹദീസ് തിരസ്കരിക്കപ്പെടുവാന്‍ മൂലം തെറ്റായ രൂപത്തില്‍ ഉദ്ധരിക്കപ്പെടുക, മൂലത്തില്‍ നബി(സ) അരുളിയതായിരിക്കാന്‍ സാധ്യതയില്ലാത്ത പ്രകടമായ അബദ്ധങ്ങളുള്‍കൊള്ളുക. തുടങ്ങി ഒട്ടു വളരെ കാരണങ്ങള്‍ ഉണ്ടാകാവുന്നതാണ്. അതിനാല്‍ നിവേദനപരമ്പരയോടൊപ്പം മൂലവും പരിശോധിക്കേണ്ടതനിവാര്യമാണ്. മൂലത്തില്‍ ഏതെങ്കിലും തരത്തിലുള്ള ദൂഷ്യമുണ്ടെങ്കില്‍ ആ ഹദീസിനെ അപ്പടി സ്വഹീഹായി അംഗീകരിക്കാവതല്ല. ഇബ്റാഹീമി(അ)ന്റെ മൂന്നു `കളവു`കള്‍ വിവരിക്കുന്ന ഹദീസ്, ഒരു പ്രവാചകനില്‍ കളവ് സ്ഥാപിക്കുന്നുവെന്നതിനാല്‍ മത്രമല്ല വിമര്‍ശനവിധേയമാകുന്നത്. സൂക്ഷ്മമായി പരിശോധിച്ചാല്‍ അതില്‍ പറഞ്ഞ മൂന്ന് സംഭവങ്ങളും വ്യാജമാണെന്ന് വ്യക്തമാകുന്നുണ്ട്....... മൂലത്തില്‍ ഇത്തരം കാര്യങ്ങളുള്‍ക്കൊള്ളുന്ന ഹദീസുകളെ അതിന്റെ നിവേദനപരമ്പര ക്ഷതമില്ലാത്തതാണ് എന്ന കാരണത്താല്‍ മാത്രം നബി(സ)യിലേക്ക് ചേര്‍ക്കപ്പെടാന്‍ വാശിപിടിക്കുന്നത് അംഗീകരിക്കാവുന്ന കാര്യമാണോ? ഈ വിധം തീവ്രവാദപരമായ നിലപാടുകളുടെ ദുഷ്ഫലമാണ് ഹദീസ് നിഷേധികളുടെ രംഗപ്രവേശനത്തോളം പുരോഗമിച്ചു കഴിഞ്ഞിട്ടുള്ളത്.... "


സൂറ സ്വാദ് 38:35 , കുറിപ്പ് 35
"...... ഖുര്‍ആന്‍ വാക്യങ്ങള്‍ക്ക് അവയുടെ പ്രത്യക്ഷ അര്‍ഥത്തിലധികം വിവക്ഷ നല്‍കുന്നത് നാലവസ്ഥകളില്‍ മാത്രമേ സാധുവായിരിക്കൂ. ഒന്ന്, ഖുര്‍ആന്‍ വാക്യത്തില്‍ തന്നെ അതിന് സാഹചര്യത്തെളിവുണ്ടായിരിക്കുക. രണ്ട്, ഖുര്‍ആനില്‍ മറ്റെവിടെയെങ്കിലും അത് സൂചിപ്പിച്ചിരിക്കുക. മൂന്ന് ഹദീസുകളില്‍നിന്ന് ആ വിശദീകരണം ലഭിച്ചിട്ടുണ്ടായിരിക്കുക. നാല്, അതിന് സ്വീകാര്യമായ ഒരാധാരമുണ്ടായിരിക്കുക. ഉദാഹരണമായി, ചരിത്രപരമായ കാര്യങ്ങളാണെങ്കില്‍ അംഗീകൃത ചരിത്രത്തില്‍നിന്ന് ആ സംഗ്രഹത്തിന്റെ വിശദാംശം ലഭിച്ചിരിക്കുക. പ്രാപഞ്ചിക അടയാളങ്ങളുടെ പരാമര്‍ശമാണെങ്കില്‍ അവലംബനീയമായ ഗവേഷണങ്ങളിലൂടെ അത് വിശദീകരിക്കപ്പെട്ടിരിക്കുക. ശരീഅത്ത് വിധികളുടെ കാര്യമാണെങ്കില്‍ ഇസ്ലാമിക കര്‍മശാസ്ത്രത്തിന്റെ നിദാനങ്ങള്‍ അത് വ്യക്തമാക്കിയിട്ടുണ്ടായിരിക്കുക. ഇങ്ങനെയുള്ള യാതൊരടിസ്ഥാനവുമില്ലാതെ വെറുതെ കഥകള്‍ ചമച്ച് ഖുര്‍ആന്‍ വാക്യങ്ങളോടു ഘടിപ്പിക്കുന്നത് ശരിയല്ലെന്നാണ് നമ്മുടെ വീക്ഷണം........................ സൂര്യന്‍ മടങ്ങിവരിക, അല്ലെങ്കില്‍ ഒരു മണിക്കൂര്‍ തടഞ്ഞുനിര്‍ത്തുക, ഇതൊന്നും സാധാരണ സംഭവമല്ല. യഥാര്‍ഥത്തില്‍ അങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ടെങ്കില്‍ ലോകം മുഴുവന്‍ അത് കോളിളക്കം സൃഷ്ടിക്കും. എന്നിരിക്കെ അതു സംബന്ധിച്ച പരാമര്‍ശം ചില ഒറ്റപ്പെട്ട നിവേദനങ്ങളില്‍ പരിമിതമാവുക സാധ്യമാണോ?..... "


സൂറ സ്വാദ്  38:35 , കുറിപ്പ് 36
സുലൈമാന്‍ നബിയുടെ പീഢത്തില്‍ "ജഡം" കൊണ്ടു വന്നിട്ടു എന്ന ഭാഗത്തിന്‍റെ വിശദീകരണത്തില്‍ ...
"..... വയറ്റാട്ടി ആ ജഡം അദ്ദേഹത്തിന്‍റെ പീഢത്തില്‍ കൊണ്ടു വന്നു വെച്ചു. ഈ ഹദീസ് അബൂഹുറയ്‍റ നബി(സ) യില്‍ നിന്ന് നിവേദനം ചെയ്തിട്ടുള്ളതും ബുഖാരി,മുസ്ലിം തുടങ്ങിയ പ്രഗല്‍ഭ മുഹദ്ദിസുകള്‍ ഉദ്ധരിച്ചിട്ടുള്ളതുമാകുന്നു. ബുഖാരി തന്നെ ഈ നിവേദനം പല സ്ഥലങ്ങളില്‍ വ്യത്യസ്ത നിവേദനപരമ്പരകളിലൂടെ ഉദ്ധരിച്ചിട്ടുണ്ട്....... നിവേദനം പരിഗണിക്കുമ്പോള്‍ അതിന്‍റെ സാധുതയെ വിമര്‍ശിക്കാനാവില്ല. എങ്കിലും ഹദീസിന്‍റെ ഉള്ളടക്കം മനുഷ്യബുദ്ധിക്ക് തീരെ യോജിക്കുന്നില്ല........... ഈ കഥയെ നിവേദന പരമ്പരയുടെ സാധുതയുടെ ബലം കൊണ്ട് മാത്രം വിഴുങ്ങാന്‍ ശ്രമിക്കുന്നവര്‍ ദീനിനെ പരിഹാസ്യമാക്കുകയാണ്‌ ചെയ്യുന്നത്........ "

 


 


 

1 comment:

  1. വ്യഭിചാരിയെയും വ്യഭിചാരിണിയെയും നൂറ് അടി അടിക്കാന്‍ ഖുര്‍ആന്‍ പറയുന്നു. എറിഞ്ഞു കൊല്ലാന്‍ ഹദീസും പറയുന്നു. ഉമര്‍ (റ)-യുടെ ഒരു ഹദീസാണ് അതിനു നിദാനം എന്നും ഞാന്‍ മനസ്സിലാക്കുന്നു. ഇന്ന് മുസ്ലിം നാടുകളില്‍ ശിക്ഷ നടപ്പാക്കപ്പെട്ടു കൊണ്ടിരിക്കുന്നതും അപ്പടി തന്നെ. അബൂഹുറൈറയുടെ പല ഹദീസുകളും ബുദ്ധിക്ക് നിരക്കാത്തതുണ്ട്. ദോഷം ചെയ്യാന്‍ പ്രേരിപ്പിക്കുന്നവ വരെയുണ്ട്. അമ്പത് വഖ്ത്‌ നമസ്കാരം നിര്ബ്ബന്ധമാക്കപെട്ടു. മുഹമ്മദ്‌ (സ) മൂസ(അ)-നും അല്ലാഹുവിനും ഇടയില്‍ ഒമ്പത് തവണ നടന്നതിനു ശേഷം അഞ്ചു നേരമാക്കി ചുരുക്കപ്പെടുന്നു. ഇവയൊക്കെ ഇതു ഗണത്തില്‍ പെടും എന്നൊന്ന് വിശദീകരിക്കാമോ?

    ReplyDelete

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.