Tuesday, September 30, 2014

ബലിപെരുന്നാള്‍ തീരുമാനം പുനഃപരിശോധിക്കണം (1435 H , 2014 OCT)



ബലിപെരുന്നാള്‍ തീരുമാനം പുനഃപരിശോധിക്കണം (1435 H , 2014 OCT)

കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ ദുല്‍ഹിജ്ജ മാസപ്പിറവി നിശ്ചയിച്ചത് അങ്ങേയറ്റം ലാഘവബുദ്ധിയോടെയാണ്. ഇസ്‌ലാമിലെ അടിസ്ഥാന പ്രമാണം വിശുദ്ധ ഖുര്‍ആനും നബിചര്യയുമാണ്. കേരളത്തില്‍ ദുല്‍ഹിജ്ജ മാസപ്പിറവി നിശ്ചയിച്ച രീതിക്ക് ഖുര്‍ആനില്‍ നിന്നോ നബിചര്യയില്‍ നിന്നോ യാതൊരു തെളിവും ഹാജരാക്കാന്‍ കഴിയില്ല. ആദ്യ ചന്ദ്രക്കല കണ്ണുകൊണ്ട് കാണുമ്പോഴാണ് മാസപ്പിറവി സംഭവിക്കുക എന്നതാണ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും മുസ്‌ലിം മതസംഘടനകള്‍ അവകാശപ്പെടുന്നത്. എന്നാല്‍ കേരളത്തില്‍ മാത്രമാണ് ഞായറാഴ്ച പെരുന്നാള്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയില്‍ മറ്റെല്ലാ സംസ്ഥാനങ്ങളിലും തിങ്കളാഴ്ചയാണ് പെരുന്നാള്‍. ഇത് കേരളത്തിലെ മാസപ്പിറവി നിശ്ചയത്തെ സംശയാസ്പദമാക്കുന്നു. ഈദുല്‍ഫിത്വര്‍ ശവ്വാല്‍ ഒന്നിനാണ്. 2014 ജൂലൈ 29 ചൊവ്വാഴ്ചയായിരുന്നു കേരളത്തില്‍ പെരുന്നാള്‍. അതനുസരിച്ച് 29-ാം ദിവസം (ആഗസ്ത് 26) ആരും മാസപ്പിറവി കണ്ടതായി അറിയിച്ചിട്ടില്ല. 27 ബുധനാഴ്ച 30 ദിവസം പൂര്‍ത്തിയാക്കി 28.8.14 വ്യാഴാഴ്ചയാണ് കേരളത്തില്‍ ദുല്‍ഖഅദ മാസം ആരംഭിച്ചത് 25.9.14 വ്യാഴാഴ്ച(29ന്)യാണ് ദുല്‍ഹിജ്ജയുടെ പിറവി നോക്കേണ്ടത്. അന്ന് ആരും മാസപ്പിറവി കണ്ടിട്ടില്ലാത്തതിനാല്‍ 26.9.14ന് 30 ദിവസം പൂര്‍ത്തിയാക്കി. 27.9.14 ശനിയാഴ്ചയാണ് ദുല്‍ഹിജ്ജ ഒന്നാം തിയ്യതി ആവേണ്ടത്. അതനുസരിച്ച് 5-ാം തിയ്യതി അറഫയും 6-ാം തിയ്യതി തിങ്കളാഴ്ച ബലിപെരുന്നാളും ആയിരിക്കണം. ഇന്ത്യാ ഉപഭൂഖണ്ഡം ഒന്നടങ്കം തിങ്കളാഴ്ച പെരുന്നാളാഘോഷിക്കുമ്പോള്‍ കേരളത്തില്‍ മാത്രം എങ്ങിനെ ഞായറാഴ്ച പെരുന്നാളായി എന്നത് അന്വേഷിച്ചറിയേണ്ടതുണ്ട്. 23.10.14 ന് സൂര്യഗ്രഹണം നടക്കുന്നു. അന്ന് ദുല്‍ഹിജ്ജ 29 ആണ്. മാസത്തിന്റ അവസാനദിവസമാണ് സൂര്യഗ്രഹണം അഥവാ ന്യൂമൂണ്‍ സംഭവിക്കുന്നത്. ഗ്രഹണത്തോട് കൂടി മാസം മാറുന്നതായി ബഹു.യൂസുഫുല്‍ ഖറദാവി ഫത്‌വ നല്‍കിയിട്ടുണ്ട്. ന്യൂമൂണോട് കൂടി മാസം മാറുന്നതായി പ്രൊഫ.കെ.അഹമ്മദ് കുട്ടി സാഹിബ് എഴുതിയിട്ടുണ്ട്. എന്നാല്‍ കേരള മുസ്‌ലിംകള്‍ക്ക് ഗ്രഹണദിവസം ദുല്‍ഹജ്ജ് 28 ആകുന്നുള്ളു. മാസത്തില്‍ 29 അല്ലെങ്കില്‍ 30 ദിവസങ്ങളുണ്ടാവുമെന്ന് നബി(സ)യുടെ ഹദീസില്‍ വന്നത് പ്രകാരം കേരളത്തിലെ മാസപ്പിറവി തീരുമാനം തെറ്റാണെന്ന് വ്യക്തമാകുന്നതാണ്.

കേരള മുസ്‌ലിംകള്‍ ഒന്നുകില്‍ ലോകമുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കുകയോ അതല്ലെങ്കില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കുകയോ ചെയ്യാതെ സ്വതന്ത്രമായി നില്‍ക്കുന്നതിന്റെ പ്രത്യയശാസ്ത്രം വിശദീകരിക്കേണ്ടതുണ്ട്.

ഖുര്‍ആനില്‍ പറഞ്ഞ ചന്ദ്രന്റെ മന്‍സിലുകളും(Elongation angle) ചന്ദ്രക്കലകളുടെ വലിപ്പ വ്യത്യാസവും(Phases) ഹിസാബ് (Calculation) നടത്താനുള്ള  അറിവ്(Data) ആയി മനസ്സിലാക്കി ആധുനിക ഗോളശാസ്ത്ര വിജ്ഞാനങ്ങള്‍ ഉപയോഗപ്പെടുത്തി മുന്‍കൂട്ടി കലണ്ടര്‍ തയ്യാറാക്കുന്ന ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യ ബലിപെരുന്നാള്‍ 4.10.14 ശനിയാഴ്ചയായി നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇതാണ് സത്യമെന്ന് തിരിച്ചറിയുകയും കേരള മുസ്‌ലിം മതനേതൃത്വം അവരുടെ തെറ്റായ തീരുമാനം തിരുത്തി ശനിയാഴ്ച ബലിപെരുന്നാളായി പ്രഖ്യാപിക്കണമെന്ന് ദീനുല്‍ ഇസ്‌ലാമിന്റെ പേരില്‍ അഭ്യര്‍ത്ഥിക്കുന്നു.


ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യ
കോഴിക്കോട്-1

http://islamic-month-discussion.2305289.n4.nabble.com/file/n4640761/Hijri_Notice%5B1%5D.jpg








No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.