അലി മണിക്ഫാന്‍ പത്മശ്രീയുടെ നിറവില്‍
അലി മണിക്ഫാന്‍ / ഹാറൂന്‍ കക്കാട്
സമുദ്ര ഗവേഷകന്‍, കൃഷി ശാസ്ത്രജ്ഞന്‍, കപ്പല്‍
നിര്‍മാതാവ്, ഗോള ശാസ്ത്രജ്ഞന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍, ഇസ്‌ലാമിക
ചിന്തകന്‍, ബഹുഭാഷാ പണ്ഡിതന്‍ തുടങ്ങി ഒട്ടേറെ മേഖലകളില്‍ വ്യക്തിമുദ്ര
ചാര്‍ത്തിയ പത്മശ്രീ മുറാദ് ഗണ്ടവറു അലി മണിക്ഫാന്‍ ശബാബ് വാരികയ്ക്ക്
അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നിന്ന്.
പത്മശ്രീ
അലി മണിക്ഫാന്‍ കോഴിക്കോട് ഒളവണ്ണയിലെ വീട്ടില്‍ നിറപുഞ്ചിരിയുമായി
അതിഥികളെ സ്വീകരിക്കുന്ന തിരക്കിലാണ്. ഇപ്പോള്‍ തുടര്‍ച്ചയായി
വന്നുകൊണ്ടിരിക്കുന്ന ഫോണ്‍കോളുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചത് കേരള
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ്
പതിവില്ലാത്ത ആ വിളി വന്നത്. സുഖവിവരങ്ങളന്വേഷിച്ചുള്ള ആ
കുശലാന്വേഷണത്തില്‍ അസാധാരണമായതൊന്നും അലി മണിക്ഫാന് തോന്നിയില്ല. പിറ്റേ
ദിവസം ഡല്‍ഹിയില്‍നിന്ന് കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ വിളിച്ച്
സുഖവിവരങ്ങളന്വേഷിച്ചു. അപ്പോഴും രാജ്യത്തിന്റെ വലിയൊരു ബഹുമതി തന്റെ
കണ്‍മുമ്പിലെത്തിയിരിക്കുന്നു എന്ന വിചാരം ഈ സാധാരണക്കാരന്റെ മനസ്സില്‍
മുളപൊട്ടിയില്ല. രണ്ടു പേരുടെ ഫോണ്‍ സംഭാഷണത്തിലും അത്തരമൊരു ചെറിയ സൂചന
പോലും ഉണ്ടായിരുന്നില്ല.
ജീവിതത്തില്‍ എന്തെങ്കിലും ബഹുമതികള്‍ പ്രതീക്ഷിച്ചിരിക്കുന്ന ഒരു
പ്രകൃതക്കാരനല്ല ഈ സാധു മനുഷ്യന്‍. പിറ്റേ ദിവസം മാധ്യമങ്ങളില്‍ നിന്നാണ്
ഇന്ത്യയുടെ പരമോന്നത ബഹുമതികളില്‍ ഒന്നായ പത്മശ്രീ തന്നെത്തേടി
എത്തിയിരിക്കുന്നു എന്ന വാര്‍ത്ത അദ്ദേഹമറിയുന്നത്. അപ്പോഴും ഇതൊരു മഹാ
സംഭവമാണെന്ന ഭാവമൊന്നും പ്രായത്തിന്റെ ചുക്കിച്ചുളിവുകള്‍ കൈയ്യൊപ്പ്
ചാര്‍ത്തിയ ആ മുഖത്ത് പ്രകടമായില്ല. ഒരു സാധാരണ ദിവസത്തിലെ അനേകം
പത്രവാര്‍ത്തകളിലെ ഒന്നു മാത്രം.
ലാളിത്യവും വിനയവും എങ്ങനെയാണ് ഒരു മഹാ ധിഷണാശാലിയെ നന്മയുടെ പര്യായമായി
മാറ്റിയത് എന്നറിയാന്‍ നാം ഒറ്റത്തവണ അലി മണിക്ഫാനെ കണ്ടാല്‍ മതി.
പണയത്തിനെടുത്ത ചെറിയൊരു വാടക വീട്ടിലാണിപ്പോള്‍ അദ്ദേഹവും സഹധര്‍മിണിയും
താമസം. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന്
ലഭിക്കുന്ന പെന്‍ഷന്‍ തുകയാണ് അവരുടെ ജീവിതോപാധി. സാധാരണക്കാരനില്‍
സാധാരണക്കാരനായ അദ്ദേഹം അഗാധമായ വായനയും നിരീക്ഷണങ്ങളും കൈവിടാതെ
ഗവേഷണങ്ങളുടെ ലോകത്ത് ഇപ്പോഴും കര്‍മോത്സുകനാണ്. പ്രഭാഷണ പരിപാടികള്‍ക്കും
ചര്‍ച്ചകള്‍ക്കും വേണ്ടി ഇന്നും ഒരു യുവാവിന്റെ പ്രസരിപ്പോടെ അദ്ദേഹം
മുമ്പിലുണ്ട്.
സമുദ്ര ഗവേഷകന്‍, കൃഷി ശാസ്ത്രജ്ഞന്‍, കപ്പല്‍ നിര്‍മാതാവ്, ഗോള
ശാസ്ത്രജ്ഞന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍, ഇസ്‌ലാമിക ചിന്തകന്‍, ബഹുഭാഷാ
പണ്ഡിതന്‍ തുടങ്ങി ഒട്ടേറെ മേഖലകളില്‍ വ്യക്തിമുദ്ര ചാര്‍ത്തിയ പത്മശ്രീ
മുറാദ് ഗണ്ടവറു അലി മണിക്ഫാന്‍ ശബാബ് വാരികയ്ക്ക് അനുവദിച്ച പ്രത്യേക
അഭിമുഖത്തില്‍ നിന്ന്.
സംസാരം കുടുംബ ജീവിതത്തില്‍ നിന്ന് തുടങ്ങാം
മിനിക്കോയ് ദ്വീപിലെ മൂസ മണിക്ഫാന്റെയും ഫാത്തിമ മണിക്കയുടെയും മൂന്ന്
മക്കളില്‍ രണ്ടാമനായി 1938 മാര്‍ച്ച് 16-ന് മലികയിലാണ് ഞാന്‍ ജനിച്ചത്.
പിതാവ് മിനിക്കോയ് ദ്വീപിലെ ആമീന്‍ ആയിരുന്നു. അക്കാലത്ത് നാട്ടുഭരണത്തിന്
ചുക്കാന്‍ പിടിച്ചിരുന്ന അധികാരികളായിരുന്നു ആമീന്‍. ഇന്നും ഈ ഭരണ സംവിധാനം
മിനിക്കോയ് ദ്വീപില്‍ നിലവിലുണ്ട്. പക്ഷേ ആമീന്‍മാര്‍ക്ക് അധികാരങ്ങള്‍
പേരിനേ ഉള്ളൂ എന്ന് മാത്രം. മൂന്ന് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും
അടങ്ങുന്ന കുടുംബമാണ് എന്റേത്.
മകന്‍ നേവിയില്‍ ജോലി ചെയ്യുന്നു. മൂന്ന് പെണ്‍മക്കളും അധ്യാപകരായിരുന്നു.
അവരിലൊരാള്‍ മാത്രമേ ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നുള്ളൂ. ഭാര്യ ഖദീജയുടെ
മരണത്തെ തുടര്‍ന്ന് 2011 ജൂലായില്‍ കോഴിക്കോട് നല്ലളത്തെ വലിയകത്ത് സുബൈദയെ
വിവാഹം ചെയ്തു.
കണ്ണൂരും കോഴിക്കോടും ആയിട്ടായിരുന്നു അക്കാലത്ത് ദ്വീപ് നിവാസികള്‍ എല്ലാ
കാര്യത്തിനും ബന്ധപ്പെട്ടിരുന്നത്. ഒമ്പതാം വയസ്സ് വരെ ഞാന്‍ ദ്വീപില്‍
തന്നെയായിരുന്നു. പത്താം വയസ്സില്‍ എന്നെ കണ്ണൂരിലെ എലിമെന്ററി
സ്‌ക്കൂളില്‍ ചേര്‍ത്തു. പതിനഞ്ച് ദിവസം തുടര്‍ച്ചയായി പായ്കപ്പലില്‍
സഞ്ചരിച്ചു വേണം മിനിക്കോയ് ദ്വീപില്‍ നിന്ന് കണ്ണൂരിലെത്താന്‍. കാറ്റും
കോളും നിറഞ്ഞ ആ സാഹസിക യാത്ര എനിക്ക് ജീവിതത്തില്‍ വല്ലാത്ത കൗതുകങ്ങളും
ജിജ്ഞാസകളും പകര്‍ന്നു.
മൂന്ന് വര്‍ഷം കണ്ണൂര്‍ സ്‌ക്കൂളില്‍ പഠിച്ച ശേഷം ദ്വീപിലേക്ക് തന്നെ
മടങ്ങി. അക്കാദമിക പഠനത്തോട് എനിക്ക് വലിയ മതിപ്പ് തോന്നാത്തതിനാല്‍
സ്‌കൂള്‍ വിദ്യാഭ്യാസത്തിന് അതോടെ വിരാമമിട്ടു. തുടര്‍ന്ന്
മീന്‍പിടുത്തത്തില്‍ സജീവമായി. കടലില്‍ എത്ര സമയം വേണമെങ്കിലും നീന്താന്‍
ചെറുപ്രായത്തില്‍ തന്നെ എനിക്ക് കഴിയുമായിരുന്നു. അതിനാല്‍ ഈ ജോലി നന്നായി
ആസ്വദിച്ചാണ് ഞാന്‍ നിര്‍വഹിച്ചത്.
മിനിക്കോയ് ദ്വീപില്‍ പൗരാണിക കാലത്ത് ചെറിയ സ്‌കൂളുകള്‍
പ്രവര്‍ത്തിച്ചിരുന്നെങ്കിലും പിന്നീടത് നാമാവശേഷമായി. 1956-ലാണ് രണ്ടാം
ഘട്ടത്തില്‍ വീണ്ടും സ്‌കൂളുകള്‍ ആരംഭിക്കുന്നത്. അങ്ങനെ ആരംഭിച്ച ആദ്യത്തെ
സ്‌കൂളില്‍ അധ്യാപകനായി എന്നെ അധികാരികള്‍ നിയമിച്ചു. ഏതാനും
വര്‍ഷങ്ങളില്‍ ആ ജോലിയില്‍ തുടര്‍ന്നു. പിന്നീട് ആമീന്റെ ക്ലര്‍ക്കായും
ഞാന്‍ സേവനമനുഷ്ഠിച്ചിരുന്നു.
ഔപചാരിക വിദ്യാഭ്യാസരീതികളോട് പുറംതിരിഞ്ഞുനില്‍ക്കാന്‍ നിമിത്തമായ ഘടകങ്ങള്‍.
നമ്മുടെ രാജ്യത്തെ അക്കാദമിക സമ്പ്രദായങ്ങള്‍ പലതും ശാസ്ത്രീയമല്ല. നാം
പിന്തുടരുന്ന വിദ്യാഭ്യാസരീതി സ്വതന്ത്രചിന്തയെ ഇല്ലാതാക്കുമെന്ന്
ചെറുപ്പത്തിലേ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. വിദ്യാര്‍ഥികളെ അറിവിന്റെ
ലോകത്തേക്ക് സ്വതന്ത്രമായി വിടണം. ഒരു കാര്യം പഠിക്കാന്‍ മനസ്സുണ്ടെങ്കില്‍
എന്തും പഠിച്ചെടുക്കാം. സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് കുട്ടികള്‍ക്ക്
താത്പര്യമില്ലാത്ത കാര്യങ്ങള്‍ പഠിച്ച് സമയം നഷ്ടപ്പെടുത്തുകയാണ്. അതിന്
മാറ്റമുണ്ടാവണം. പ്രായോഗിക ജീവിതത്തിലൂടെ ആര്‍ജിക്കുന്ന അറിവുകള്‍ക്ക് നല്ല
കരുത്തുണ്ടാവും.
ഞാന്‍ ജോലിയില്‍ പ്രവേശിച്ച കാലത്തൊന്നും സര്‍ട്ടിഫിക്കറ്റുകള്‍
ആവശ്യമായിരുന്നില്ല. ഒരാളുടെ കഴിവായിരുന്നു യോഗ്യത. മക്കളും എന്റെ വഴിയേ
തല്‍പരരായി. ജോലി സംബന്ധമായി ഞാന്‍ മിക്കപ്പോഴും യാത്രകളിലായിരുന്നു. ഒരു
സ്ഥലത്ത് സ്ഥിരവാസം പ്രായോഗികമാവാത്ത അന്നത്തെ സാഹചര്യത്തില്‍ അവരെ
ഏതെങ്കിലും സ്ഥാപനത്തില്‍ ചേര്‍ത്ത് പഠിപ്പിക്കുന്നതും പ്രയാസമായിരുന്നു.
അതിനാല്‍ മക്കള്‍ വീട്ടില്‍ നിന്ന് തന്നെ അറിവുകള്‍ സ്വായത്തമാക്കി.
എഴുത്തും വായനയും മനുഷ്യ സംസ്‌കാരത്തെ രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്ക്
വഹിക്കുന്ന ഘടകമാണ്. എന്നാല്‍ പരമ്പരാഗത രീതിയില്‍ തുടര്‍ന്നു വരുന്ന
പലതിലും സ്വഭാവ വിശുദ്ധിക്ക് പ്രാമുഖ്യം ഇല്ലാത്തതാണ്. ഇന്ന് മത്സരാധിഷ്ഠിത
കമ്പോളങ്ങളുടെ ലോകമാണ്. മനുഷ്യന്‍ തന്റെ പെരുമാറ്റവും ഇടപഴകലുകളും
മാന്യമാക്കാന്‍ തയ്യാറാവാത്തിടത്തോളം കാലം എത്ര അറിവ് സമ്പാദിച്ചത് കൊണ്ടും
ഒരു പ്രയോജനവുമില്ല. വലിയവരെ ബഹുമാനിക്കാനും ചെറിയ വരെ സ്‌നേഹിക്കാനും
കഴിയുന്ന മൂല്യാധിഷ്ഠിത ജീവിതം നയിക്കാന്‍ പുതിയ വിദ്യാഭ്യാസ രീതികള്‍
എത്രകണ്ട് പ്രയോജനപ്പെടുന്നു എന്നതാണ് വിലയിരുത്തേണ്ടത്.
സെന്‍ട്രല്‍
മറൈന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സേവനമേഖലയിലേക്ക് ജീവിതം
വഴിമാറി ഒഴുകിയല്ലോ. രണ്ട് പതിറ്റാണ്ട് ദീര്‍ഘിച്ച ആ കാലത്തെ കുറിച്ച്.
എന്റെ ഒരു സുഹൃത്ത് മുഖേനയാണ് സെന്‍ട്രല്‍ മറൈന്‍ റിസര്‍ച്ച്
ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജോലി ഒഴിവുണ്ടെന്ന് അറിഞ്ഞത്. അങ്ങനെ അപേക്ഷ
അയച്ചു. അഭിമുഖം അവര്‍ക്ക് തൃപ്തികരമായതിനാല്‍ ഉടനെ തന്നെ നിയമനവും
ലഭിച്ചു. പിന്നീട് ജീവിതത്തിലെ വലിയ ഒരു കാലഘട്ടം ചെലവഴിച്ചത്
അവിടെയായിരുന്നു. 20 വര്‍ഷം ഈ സ്ഥാപനത്തില്‍ ജോലി ചെയ്തു. ലാബ് അറ്റന്റര്‍
തസ്തികയിലായിരുന്നു നിയമനം. അറുപത് രൂപയായിരുന്നു അന്നത്തെ മാസാന്ത ശമ്പളം.
രണ്ട് രൂപ കൊണ്ട് ഒരു കുടുംബത്തിന് ഒരു ദിവസം സുഖമായി ജീവിക്കാന്‍
കഴിയുന്ന കാലഘട്ടമായിരുന്നു അത്. വൈക്കം മുഹമ്മദ് ബഷീര്‍ ഒരു രൂപക്ക് ഒരു
ആടിനെ വാങ്ങിയ സംഭവം അനുസ്മരിച്ചിരുന്നല്ലോ. അതൊക്കെ ഇന്ന് പറഞ്ഞാല്‍ എത്ര
പേര്‍ക്ക് വിശ്വാസം വരും?
മത്സ്യ ശേഖരണത്തിന്റെ നിരീക്ഷണ ചുമതലയായിരുന്നു അന്നത്തെ പ്രധാന ജോലി. വലിയ
ടൂണ മത്സ്യങ്ങളാണ് ദ്വീപില്‍ കൂടുതലായി ലഭിക്കുന്നത്. ഒരു തൊഴിലാളി എത്ര
മത്സ്യം പിടിക്കുന്നു, മത്സ്യത്തിന്റെ വലുപ്പം, മൊത്തം തൂക്കം തുടങ്ങി
എല്ലാ കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തി ഉയര്‍ന്ന ഉദ്യോഗസ്ഥരെ
അറിയിക്കുക എന്ന ഉത്തരവാദിത്തമാണ് ഞാന്‍ നിര്‍വഹിച്ചിരുന്നത്. ഈ സമയത്താണ്
മത്സ്യ വകുപ്പിന്റെ രേഖയില്‍ യാതൊരു പേരും ഇല്ലാത്ത ഒരു മത്സ്യത്തെ ഞാന്‍
കണ്ടെത്തിയത്. അത് എല്ലാവര്‍ക്കും വലിയ അത്ഭുതമായി.
ഞാനതിനെ കുറിച്ച് ഗവേഷണം നടത്തി. ഇത്തരം മത്സ്യങ്ങള്‍ കടലില്‍
ധാരാളമുണ്ടെന്ന് മനസ്സിലായി. പക്ഷേ, ഇതിനെ പിടിക്കാന്‍ വളരെ
പ്രയാസമാണെന്നും ബോധ്യപ്പെട്ടു. ചൂണ്ടയിലും വലയിലും ഇതിനെ പിടിക്കാന്‍
കഴിയില്ല. വലിയ തിരമാലകള്‍ കടല്‍ത്തീരത്തേക്ക് അടുക്കുമ്പോള്‍
അപൂര്‍വമായാണ് അവയോടൊപ്പം ഈ മത്സ്യങ്ങള്‍ വരുന്നത്. അപ്പോള്‍ ചെറിയ മണല്‍
കുഴികളില്‍ കുടുങ്ങിയാണ് ഇതിനെ ലഭിക്കുന്നത് എന്ന് നിരീക്ഷണത്തിലൂടെ ഞാന്‍
മനസ്സിലാക്കി. ഇതിനെ കുറിച്ചുള്ള വിശദമായ ഗവേഷണ രേഖകള്‍ ഞാന്‍ ഫിഷറീസ്
വകുപ്പിന് സമര്‍പ്പിച്ചു. അങ്ങനെ എന്റെ കണ്ടെത്തലുകള്‍ക്കുള്ള നന്ദി
സൂചകമായി ആ മത്സ്യത്തിന് അബൂദഫ്ദഫ് മണിക്ഫാന്‍ എന്ന് അവര്‍ പേരിടുകയും
ചെയ്തു. റിക്കാര്‍ഡില്‍ പേരില്ലാത്ത മറ്റു ചില മത്സ്യങ്ങളും അന്ന് ഞാന്‍
കണ്ടെത്തിയിരുന്നു. അവയ്ക്കും ഫിഷറീസ് വകുപ്പ് പ്രത്യേക പേരുകള്‍ നല്‍കി.
400-ല്‍ പരം മത്സ്യയിനങ്ങളെ ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജോലി
ചെയ്തിരുന്ന കാലത്ത് മിനിക്കോയ് ദ്വീപില്‍ നിന്ന് ഒരു കല്ലിന്റെ നങ്കൂരം
എനിക്ക് ലഭിച്ചിരുന്നു. ഫിഷറീസ് വകുപ്പ് ഏറെ സമുദ്ര ഖനനം
നടത്തിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. ഇരുമ്പ്
കണ്ടുപിടിക്കുന്നതിനുമുമ്പ് പായക്കപ്പലിന്റെ നങ്കൂരമായി ഉപയോഗിച്ചതാണ് ഈ
കല്ല് എന്ന് ഞാന്‍ കണ്ടെത്തി. ഏകദേശം ബി സി മൂവായിരം വര്‍ഷങ്ങള്‍ക്കു
മുമ്പുള്ളതാണ് ഈ കല്ലെന്ന് കാലനിര്‍ണയം നടത്താന്‍ എനിക്ക് സാധിക്കുകയും
ചെയ്തു. ഇപ്പോള്‍ മറൈന്‍ ആര്‍ക്കിയോളജി വകുപ്പിന്റെ ശേഖരത്തിലാണ് ഈ കല്ല്
സൂക്ഷിച്ചിരിക്കുന്നത്.
ജൈവികതയേയും നൈസര്‍ഗിക ഭാവങ്ങളെയും ഇത്രമേല്‍ സ്‌നേഹിക്കാന്‍ പ്രചോദനം എന്തായിരുന്നു.
പ്രകൃതിയെ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുക, ഒരിക്കലും ഒരു വിധത്തിലും
ചൂഷണോപാധിയായി മാറ്റാതിരിക്കുക എന്ന ബോധം ദ്വീപ് നിവാസികളില്‍ രൂഢമാണ്.
അത്തരമൊരു സംസ്‌കാരത്തിന്റെ പരിരക്ഷയിലാണ് ഞാന്‍ വളര്‍ന്നത്. പരമാവധി
കാര്യങ്ങളെല്ലാം സ്വന്തമായി ചെയ്യണം എന്നതാണ് എന്റെ രീതി. ദ്വീപില്‍
ഞങ്ങള്‍ താമസിച്ചിരുന്ന വീട് ഞാന്‍ സ്വന്തമായി നിര്‍മിച്ചതാണ്. ജനലും
വാതിലുകളും ഒന്നു പോലും വീടിനുണ്ടായിരുന്നില്ല. അതവിടെ
അത്യാവശ്യമായിരുന്നില്ല. അവിടേക്കുള്ള വീട്ടുപകരണങ്ങളും സ്വയം നിര്‍മിച്ചു.
ഞങ്ങള്‍ക്ക് ആവശ്യമായ ആഹാരത്തിനുള്ള സാധനങ്ങളും മത്സ്യവും എല്ലാം വീടിന്റെ
പരിസരത്ത് ഉല്‍പ്പാദിപ്പിച്ചു. പ്രകൃതിയില്‍ നിന്ന് നമുക്ക് ജീവന്‍
നിലനിര്‍ത്താന്‍ അത്യാവശ്യമായത് മാത്രം ഉപയോഗിക്കുക. അത് ജൈവികവും
നൈസര്‍ഗികവുമായ വഴിയിലൂടെ ആവുക എന്നതിലെ വലിയ ആത്മനിര്‍വൃതി ഞാന്‍
അനുഭവിക്കുന്നു.
നിങ്ങളുടെ ശ്രമഫലമായി വൈദ്യുതി സ്വന്തമായി ഉത്പാദിപ്പിച്ച കഥ പ്രസിദ്ധമാണല്ലോ. ആ അനുഭവത്തെ കുറിച്ച്.
അതിര്‍വരമ്പുകളില്ലാതെ എന്തെങ്കിലുമൊക്കെ സ്വന്തമായി ചെയ്യണമെന്ന് എനിക്ക്
ബാല്യകാലം മുതലേ ആഗ്രഹമുണ്ടായിരുന്നു. കാരണം ദ്വീപ് സമൂഹങ്ങളില്‍ വളരെ
സാവധാനത്തിലാണ് പുരോഗതികള്‍ വന്നുകൊണ്ടിരുന്നത്. 1947 ആഗസ്ത് 15 ന് ഇന്ത്യാ
രാജ്യം സ്വാതന്ത്ര്യം നേടിയത് മൂന്ന് മാസം കഴിഞ്ഞ ശേഷമാണ് ലക്ഷദ്വീപില്‍
അറിയുന്നത്. മിനിക്കോയില്‍ സ്വാതന്ത്ര്യ പ്രഖ്യാപനം അറിഞ്ഞത് ആറ് മാസം
കഴിഞ്ഞ ശേഷവും!
ലക്ഷദ്വീപില്‍ വൈദ്യുതി ലഭ്യമായെങ്കിലും ഞങ്ങളുടെ മിനിക്കോയില്‍ ആ വെളിച്ചം
സ്വപ്‌നമായി തന്നെ അവശേഷിച്ചു. അങ്ങനെയാണ് അതിന് പരിഹാരം കാണാന്‍
ശ്രമിച്ചത്. വലിയ പനമരങ്ങള്‍ ദ്വീപില്‍ യഥേഷ്ടം വളരുന്നതാണ്. വീടിനടുത്ത
ഒരു പനമരത്തിന്റെ തലഭാഗം വെട്ടിമാറ്റി അതിന്റെ ഉച്ചിയില്‍ ഡൈനാമിക് യന്ത്രം
ഘടിപ്പിച്ചു. 1987-ലായിരുന്നു ഇത് ചെയ്തത്. അങ്ങനെ നല്ല വൈദ്യുതി
ഉത്പാദിപ്പിക്കാന്‍ സാധിച്ചു.
സ്വന്തമായി രൂപപ്പെടുത്തിയ സൈക്കിളില്‍ തമിഴ്‌നാട്ടില്‍ നിന്ന് ഇന്ദ്രപ്രസ്ഥത്തിലേക്ക് നടത്തിയ യാത്ര ചരിത്രമായതിനെ കുറിച്ച്.
1980-ലായിരുന്നു അത്. സാഹചര്യത്തിന്റെ ഒരു കൗതുകാന്വേഷണമെന്ന് പറയാം അതിനെ.
സൈക്കിളിലായിരുന്നു എന്റെ യാത്രകള്‍. അത് ചവിട്ടാന്‍ ബുദ്ധിമുട്ട്
നേരിട്ടപ്പോഴാണ് ഇങ്ങനെയൊരു പരീക്ഷണം നടത്താന്‍ തുനിഞ്ഞത്. ഡൈനാമിക്
മെഷീന്‍ സൈക്കിളിന്റെ മുന്‍ഭാഗത്തെ ചക്രത്തില്‍ ഘടിപ്പിച്ചാണ് ഇത്
സാധ്യമാക്കിയത്. അത് വിജയം കണ്ടു. ഒരു ലിറ്റര്‍ പെട്രോള്‍ ഉപയോഗിച്ച് 60
കിലോമീറ്ററോളം ഈ സൈക്കിളില്‍ യാത്ര ചെയ്യാം.
ഈ പരീക്ഷണം വിജയകരമായതിനെ തുടര്‍ന്ന് ഞാനും മകനും സൈക്കിളില്‍ ഡല്‍ഹി വരെ
പോയി. തമിഴ്‌നാട്ടില്‍ നിന്ന് പുറപ്പെട്ട ആ യാത്രയില്‍ ഇടയ്ക്ക് ചില
നാടുകളില്‍ രണ്ടും മൂന്നും ദിവസമൊക്കെ വിശ്രമിച്ചാണ് ഞങ്ങള്‍
ഡല്‍ഹിയിലെത്തിയത്. ഇങ്ങനെ 45 ദിവസം കൊണ്ട് അവിടെയെത്തി. ഈ സൈക്കിളിന്റെ
പേറ്റന്റ് ഞാന്‍ നേടിയിരുന്നു. പക്ഷേ, പേറ്റന്റ് കാലവധി കഴിഞ്ഞ ശേഷം
പുതുക്കിയിട്ടില്ല.
വന്യഭൂമികള്‍ ഹരിതാഭമായ പ്രദേശങ്ങളാക്കി തീര്‍ക്കാന്‍ സാങ്കേതിക വിദ്യകളുടെ
സഹായത്താല്‍ ഇപ്പോള്‍ വലിയ ശ്രമകരമായ കാര്യമല്ല. എന്നാല്‍ അക്കാലത്ത്
ഏക്കര്‍ കണക്കിന് ഭൂമിയിലുള്ള താങ്കളുടെ ഹരിതവിപ്ലവം വലിയൊരു സാഹസികത
തന്നെയായിരുന്നില്ലേ.
തമിഴ്‌നാട്ടിലെ വേതാളം കടല്‍ത്തീരത്തായിരുന്നു ആ പരീക്ഷണം. അവിടെ
നട്ടുപിടിപ്പിക്കുന്ന ഏത് തരം വൃക്ഷങ്ങളും അതിവേഗം കരിഞ്ഞുണങ്ങുന്നതായി
അറിഞ്ഞു. തെങ്ങും കമുങ്ങും എന്നുവേണ്ട ഒരു പുല്‍ക്കൊടി പോലും വളരുന്നില്ല!
കടല്‍ത്തീരത്ത് ഒരു മരം പോലും തളിര്‍ക്കുന്നില്ല!
അവിടെ പത്ത് ഏക്കര്‍ തരിശുഭൂമി ഞാന്‍ സ്വന്തമായി വാങ്ങി. ആ സ്ഥലത്ത്
താമസവും തുടങ്ങി. തുടര്‍ന്ന് ഈ പ്രദേശത്തെ നിരന്തരമായി നിരീക്ഷിച്ചു.
എന്തുകൊണ്ടാണ് മരങ്ങള്‍ വളരാത്തതെന്ന് അതുവഴി മനസ്സിലായി. മരങ്ങള്‍ക്ക്
പ്രതിരോധ ശേഷി നഷ്ടമാവുന്നതിന്റെ കാരണങ്ങള്‍ എനിക്ക് ബോധ്യമായി. ആ
കാരണങ്ങളെ പ്രതിരോധിക്കും വിധത്തില്‍ കൃഷി തുടങ്ങി. തീര്‍ത്തും ജൈവിക
രീതിയിലായിരുന്നു എല്ലാം. പ്രയത്‌നം ഫലം കണ്ടു. പത്ത് ഏക്കര്‍ തരിശുഭൂമി
അതിവേഗം പച്ചക്കാടായി വളര്‍ന്നു പന്തലിച്ചു. നാം ഏത് കൃഷിയേയും കൃത്യമായി
സംരക്ഷിക്കാന്‍ തയ്യാറാണെങ്കില്‍ വിജയം സുനിശ്ചിതമാണ്. തമിഴ്‌നാട്ടിലെ
ജീവിതം അവസാനിപ്പിച്ചു മടങ്ങുമ്പോള്‍ ഈ വനഭൂമി കുറച്ച് ഭാഗം ഞാന്‍ വിറ്റു.
ബാക്കിയുള്ളത് മക്കള്‍ക്ക് നല്‍കുകയും ചെയ്തു.
സമുദ്രശാസ്ത്രരംഗത്തെ അറിവുകള്‍ നല്‍കിയ ഉള്‍ക്കാഴ്ചകള്‍ പരാമര്‍ശിക്കാമോ.
ഈ പ്രപഞ്ചം വിസ്മയകരമായ വിജ്ഞാനീയങ്ങളുടെ വലിയ കലവറയാണല്ലോ. ദൈവത്തിന്റെ
അപാരമായ ശക്തി ഓരോ സൃഷ്ടിപ്പിന് പിന്നിലുമുണ്ട്. കാറ്റും മഴയും കോളുമൊക്കെ
നിറഞ്ഞ സാഹചര്യത്തില്‍ കപ്പലില്‍ യാത്ര ചെയ്യുമ്പോള്‍ സമുദ്രമെന്ന മഹാ
സൃഷ്ടിപ്പിന്റെ അതിശയകരമായ വിസ്മയങ്ങള്‍ നമുക്ക് കൂടുതല്‍ ബോധ്യപ്പെടും. ഈ
സാഹചര്യത്തില്‍ വളര്‍ന്നത് കൊണ്ട് ഇതുമായി ബന്ധപ്പെട്ട ചിന്തകളിലും
പ്രവര്‍ത്തനങ്ങളിലും ഞാന്‍ കൂടുതല്‍ ആകൃഷ്ടനാവുകയായിരുന്നു.
സമുദ്രത്തിലെ ജീവജാലങ്ങളേയും സസ്യലതാദികളേയും കുറിച്ച് ഒരുപാട് ഗവേഷണങ്ങള്‍
നടന്നുകൊണ്ടിരിക്കുന്നു. സമുദ്രത്തിലെ അന്തര്‍ഭാഗങ്ങള്‍ നമ്മുടെ
കണക്കുകൂട്ടലുകള്‍ക്കും അപ്പുറം എത്രയോ വിപുലമാണ്.
സമുദ്രത്തെ കുറിച്ച് നാം എത്ര പഠിച്ചാലും അത് പൂര്‍ണമാവില്ല. മനുഷ്യരുടെ
അറിവിന്റെ പരിമിതിയെ സമുദ്രത്തിലെ ജലവുമായി താരതമ്യം ചെയ്തുകൊണ്ടുള്ള
വിശുദ്ധ ഖുര്‍ആന്റെ പരാമര്‍ശം അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സമുദ്ര
ശാസ്ത്രത്തെ കുറിച്ച് വിവിധ യൂണിവേഴ്‌സിറ്റികളില്‍ ഞാന്‍ പ്രബന്ധങ്ങള്‍
അവതരിപ്പിച്ചിട്ടുണ്ട്. കടല്‍, കര, ആകാശം, ബഹിരാകാശം തുടങ്ങിയ മേഖലകളിലെ
ഗവേഷണങ്ങള്‍ എല്ലാം സാഹസികതകളുടെ ലോകമാണ്.
മരവും കയറും മാത്രം ഉപയോഗിച്ച് സ്വന്തമായി കപ്പല്‍ നിര്‍മിച്ച അനുഭവങ്ങള്‍ എങ്ങനെയായിരുന്നു.
അതൊരു കൗതുകകരമായ സംഗതിയായിരുന്നു. അറബിക്കഥയിലെ സിന്ദ്ബാദ് എന്ന സാഹസിക കഥ
പ്രശസ്തമാണല്ലോ. ഇത് ചരിത്രമാണെന്നും കേവലം കഥ മാത്രമാണെന്നും
വിശ്വസിക്കുന്ന യൂറോപ്യന്മാരുണ്ട്. അതില്‍ പരാമര്‍ശിക്കുന്ന പരമ്പരാഗതമായ
ഒരു അറബിക്കപ്പല്‍ ഉണ്ടാക്കാന്‍ കഴിവുള്ള ആരെങ്കിലുമുണ്ടോയെന്ന് ഐറിഷ്
സഞ്ചാരിയായ ടിം സെവര്‍ അന്വേഷിച്ചു.
അത് പുനരാവിഷ്‌കരിക്കാന്‍ മറൈന്‍ ബയോളജിസ്റ്റും സെന്‍ട്രല്‍ മറൈന്‍
റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറുമായിരുന്ന ഡോ. എസ് ജോണ്‍സ്
ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അങ്ങനെയാണ് ആ ദൗത്യം എന്നിലേക്ക് വഴി
തിരിഞ്ഞെത്തിയത്. അറബികളുടെ പാരമ്പര്യ ചരക്കുകപ്പലായ സോഹറിന്റെ നവീകരിച്ച
മാതൃക ഞാന്‍ രൂപകല്പന ചെയ്തു. പെരുമ്പാവൂരില്‍ നിന്ന് കപ്പല്‍
നിര്‍മാണത്തിനുള്ള മരം ഒമാനിലേക്ക് കൊണ്ടുപോയി. അയനി മരവും കയറും
മാത്രമുപയോഗിച്ച് കൈകൊണ്ടാണ് ഈ കപ്പല്‍ നിര്‍മിച്ചത്. ഒരു ഇരുമ്പാണി പോലും
നിര്‍മാണത്തിന് ഉപയോഗിച്ചിട്ടില്ല. 1980ല്‍ ആയിരുന്നു ഈ ദൗത്യം
നിര്‍വഹിച്ചത്. ഒമാനിലെ സൂര്‍ പോര്‍ട്ടില്‍ വെച്ചായിരുന്നു പണികള്‍
ചെയ്തത്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസാണ് ഇതിന്റെ നിര്‍മാണ
ചിലവുകള്‍ പൂര്‍ണമായും വഹിച്ചത്. ഒരു വര്‍ഷം കൊണ്ടാണ് ജോലികള്‍
പൂര്‍ത്തീകരിച്ചത്. തീര്‍ത്തും സാഹസികമായ ഒരു ശ്രമം തന്നെയായിരുന്നു
കപ്പല്‍ നിര്‍മാണം. ഈ കപ്പലില്‍ ഞങ്ങള്‍ യാത്ര ചെയ്തു.
ഒമാനില്‍ നിന്ന് പുറപ്പെട്ട് ചൈന വഴി ഒമാനില്‍ തന്നെ യാത്ര അവസാനിപ്പിച്ചു.
ആറ് മാസമായിരുന്നു ആ യാത്ര. എന്റെ പേരില്‍ ആ കപ്പല്‍ ഒമാന്‍ ഭരണകൂടം
ചരിത്ര സ്മാരകമായി അവിടെ സൂക്ഷിച്ചിരിക്കുകയാണ്. അക്കാലത്ത് ഞാനും
സുഹൃത്തും തകരം കൊണ്ടുള്ള പ്രൊപ്പല്ലര്‍ ഘടിപ്പിച്ച ഒരു ബോട്ടും
നിര്‍മിച്ചിരുന്നു. ലൈറ്റ് ഹൗസിലേക്ക് വരുമ്പോള്‍ കടലിലൂടെ മൂന്നും നാലും
കിലോമീറ്റര്‍ ഈ ബോട്ടിലാണ് ഞങ്ങള്‍ സഞ്ചരിച്ചിരുന്നത്.
ഗോളശാസ്ത്ര മേഖലയിലെ നിരീക്ഷണത്തിലേക്ക് ആകൃഷ്ടനായത് എങ്ങനെയാണ്.
മിനിക്കോയ് ദ്വീപിലെ കാലാവസ്ഥാ നിരീക്ഷണത്തില്‍ ജോലി ചെയ്യാന്‍ എനിക്ക്
അവസരം ഉണ്ടായിരുന്നു. അക്കാലത്ത് വലിയ ബലൂണുകളില്‍ വായു നിറച്ച് കടലിന്
മുകളിലേക്ക് പറത്തിയാണ് കാലാവസ്ഥാ വ്യതിയാനങ്ങള്‍ പഠനവിധേയമാക്കിയിരുന്നത്.
ഈ രംഗത്ത് ആധുനിക ഉപകരണങ്ങള്‍ വരുന്നതിന് മുമ്പ് ഇങ്ങനെ വലിയ ബലൂണുകള്‍
ഉപയോഗപ്പെടുത്തി കാലാവസ്ഥയെ കുറിച്ചുള്ള പഠനങ്ങള്‍ പുരോഗമിക്കുകയായിരുന്നു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ജോലിക്കാലത്ത് ഗോള ശാസ്ത്ര സംബന്ധമായ
കാര്യങ്ങളും ദിവസവും തിയ്യതിയുമൊക്കെ ഉള്‍ക്കൊള്ളുന്ന കാലഗണനയെ കുറിച്ചും
കൂടുതല്‍ പഠിക്കാനും ചിന്തിക്കാനും അവസരമുണ്ടായി. അതിനെ തുടര്‍ന്നാണ്
ലോകത്ത് എവിടെയും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ഏകീകൃത ഹിജ്‌റ കലണ്ടര്‍
സാധ്യമാണെന്ന് എനിക്ക് ബോധ്യമായത്. അതിന് ഉപോത്ബലകമായ കാര്യങ്ങള്‍ ഞാന്‍
സമര്‍ഥിക്കുകയും ചെയ്തു. പക്ഷേ, അക്കാര്യം ഞാനുദ്ദേശിച്ച രൂപത്തില്‍
ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും കഴിഞ്ഞില്ല. അതിന്റെ പേരില്‍ എനിക്കാരോടും
വിദ്വേഷവുമില്ല. എനിക്ക് ബോധ്യമായ സത്യങ്ങള്‍ പറഞ്ഞു എന്ന് മാത്രം.
മിനിക്കോയ് ദ്വീപുകാരന്‍ കേരളം പ്രധാന തട്ടകമാണെന്ന് തിരിച്ചറിഞ്ഞത് എപ്പോഴാണ്.
ലക്ഷദ്വീപിലും തമിഴ്‌നാട്ടിലുമായി കുടുംബസമേതം ജീവിച്ചിരുന്ന ഞാന്‍
1993-ലാണ് കേരളത്തില്‍ താമസമാക്കിയത്. കേരളവുമായി വളരെ അടുത്ത ബന്ധം
കാത്തുസൂക്ഷിക്കുന്ന പാരമ്പര്യമാണല്ലോ പൊതുവെ ദ്വീപ് നിവാസികളുടേത്.
കണ്ണൂരിലെ ഖാലിദ് രാജയുമായി അഗാധമായ ബന്ധമായിരുന്നു മിനിക്കോയ്
ദ്വീപുകാര്‍ക്ക് ഉണ്ടായിരുന്നത്. ഞാന്‍ മൂന്ന് വര്‍ഷം കണ്ണൂര്‍ സ്‌കൂളിലെ
വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തുടങ്ങിയതാണ് എന്റെ കേരള ബന്ധം. ഗോളശാസ്ത്ര
സംബന്ധമായ എന്റെ നിരീക്ഷണങ്ങള്‍ പ്രചരിപ്പിക്കുക എന്നതായിരുന്നു ഇതിന്റെ
മുഖ്യ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് ഞാന്‍ നിരവധി പരിപാടികളിലും
കേമ്പുകളിലും ശില്‍പ്പശാലകളിലും പങ്കെടുത്തിട്ടുണ്ട്.
ബേപ്പൂര്‍, പരപ്പനങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഞാന്‍ താമസിച്ചിരുന്നു.
കോവിഡ് 19 രോഗവ്യാപനം രൂക്ഷമായ സമയത്ത് ഇവിടെനിന്ന് തിരിച്ചുപോയി. മൂന്ന്
മാസം മുമ്പാണ് വീണ്ടും കേരളത്തില്‍ തിരിച്ചെത്തിയത്.
മൂന്ന് പതിറ്റാണ്ടോളം ദീര്‍ഘിച്ച കേരളത്തിലെ ജീവിതവും എനിക്ക് സംതൃപ്തി
മാത്രമേ പ്രദാനം ചെയ്തിട്ടുള്ളൂ. ശിഷ്ടകാലവും തന്നാലാവുന്ന സേവന
പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവണമെന്നാണ് ആഗ്രഹം.
ഒരു വിദ്യഭ്യാസ സ്ഥാപനത്തിലും പഠിക്കാതെ പതിനാല് ഭാഷകള്‍ അനായാസേന കൈകാര്യം ചെയ്യുന്ന പണ്ഡിതനായി മാറാന്‍ കഴിഞ്ഞത് എങ്ങനെയാണ്.
ഓരോ ഭാഷയും ഓരോരോ സംസ്‌കാരങ്ങളുടെ സങ്കേതങ്ങള്‍ കൂടിയാണല്ലോ. വ്യത്യസ്ത
ഭാഷകള്‍ പഠിക്കണമെന്ന ദൃഢനിശ്ചയം രൂപപ്പെട്ടത് ഒരു സംഭവത്തെ തുടര്‍ന്നാണ്.
1984 ല്‍ മിനിക്കോയ് ദ്വീപില്‍ ഒരു പുതിയ കപ്പല്‍ കടലില്‍ ഇറക്കുന്ന
സന്ദര്‍ഭമുണ്ടായി. വലിയ ആഘോഷത്തോടെയും ആഹ്ലാദത്തോടെയുമാണ് പുതിയ കപ്പലുകള്‍
കടലില്‍ ഇറക്കുന്ന ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. അങ്ങനെ ഈ ചടങ്ങ് കടലില്‍
സഞ്ചരിക്കുകയായിരുന്ന ഒരു ഫ്രഞ്ച് കപ്പലിലെ നാവികര്‍ കാണാനിടയായി. പുതിയ
കപ്പലിലെ കൊടികള്‍ ദൂരെ നിന്ന് കണ്ടുകൊണ്ടാണ് അവര്‍ മിനിക്കോയ് തീരത്തേക്ക്
കപ്പല്‍ അടുപ്പിച്ചത്. അന്ന് ഏത് തീരങ്ങളില്‍ കപ്പല്‍ അടുപ്പിക്കുന്നതിനും
ഇന്നത്തെ പോലെ രാജ്യാന്തര നിയമാവലികളോ മറ്റു തടസ്സങ്ങളോ ഉണ്ടായിരുന്നില്ല.
കപ്പലില്‍ നിന്നിറങ്ങിയ നാവികര്‍ ഫ്രഞ്ച് ഭാഷയില്‍ സംസാരിച്ചെങ്കിലും അവിടെ
കൂടിയ ഒരാള്‍ക്കും ഒരക്ഷരം പോലും മനസ്സിലായില്ല. അവസാനം മിനിക്കോയിലെ ഒരു
ഗവണ്‍മെന്റ് ഓഫീസില്‍ ജോലി ചെയ്തിരുന്ന, ഫ്രഞ്ച് ഭാഷ അറിയാവുന്ന വ്യക്തിയെ
കൊണ്ടുവന്നാണ് ഇവരുമായി ആശയവിനിമയം നടത്തിയത്. ഈ സംഭവത്തിന് സാക്ഷിയായ
ഞാന്‍ പരമാവധി ഭാഷകള്‍ പഠിക്കാന്‍ പ്രതിജ്ഞയെടുക്കുകയായിരുന്നു.
മാര്‍ക്കറ്റില്‍ ലഭ്യമായിരുന്ന ഭാഷാജ്ഞാന സഹായ ഗ്രന്ഥങ്ങള്‍ വാങ്ങി സ്വയം
പഠിച്ചു. വായിക്കാനുളള കുറെ പുസ്തകങ്ങള്‍ മിനിക്കോയിലെ ലൈറ്റ് ഹൗസ്
ലൈബ്രറിയില്‍നിന്ന് ലഭിച്ചിരുന്നു. ഹിന്ദി, തമിഴ്, അറബി, മലയാളംം, മഹല്‍,
ഫ്രഞ്ച്, ഉര്‍ദു, ഇംഗ്ലീഷ്, ലാറ്റിന്‍, റഷ്യന്‍, ജര്‍മന്‍, പേര്‍ഷ്യന്‍
തുടങ്ങി 14 ഭാഷകള്‍ സ്വായത്തമാക്കി. ഇതില്‍ ഏഴ് ഭാഷകള്‍ ഇപ്പോഴും ഞാന്‍
ഉപയോഗിക്കുന്നുണ്ട്.
താങ്കളെപ്പോലെ
വ്യത്യസ്ത മേഖലകളില്‍ പ്രാവീണ്യം നേടിയ ശാസ്ത്ര ഗവേഷകരും പണ്ഡിതരും
എന്തുകൊണ്ടാണ് മുസ്ലിംകളില്‍ നിന്ന് ഇപ്പോള്‍ ഉയര്‍ന്നുവരാത്തത്.
പൂര്‍വിക മുസ്‌ലിംകളുടെ ചരിത്രം അഭിമാനാര്‍ഹമായിരുന്നു. എല്ലാ ശാസ്ത്ര
ശാഖകളിലും വ്യുല്‍പത്തി നേടിയ മുസ്ലിംകളുണ്ടായിരുന്നു. പലതിന്റെയും
ഉപജ്ഞാതാക്കള്‍ മുസ്ലിംകളായിരുന്നു. എന്നാല്‍ ഇപ്പോഴും നമുക്കിടയില്‍ മതവും
ശാസ്ത്രവും എതിര്‍ചേരിയില്‍ നില്‍ക്കേണ്ട ശത്രുക്കളാണെന്ന്
വിശ്വസിക്കുന്നവരുണ്ട്. ഇത്തരം അടിസ്ഥാനരഹിതമായ വിശ്വാസങ്ങള്‍ മുസ്ലിംകള്‍
ശാസ്ത്ര ഗവേഷണ മേഖലകളില്‍ നിന്ന് പിന്നോട്ട് പോവാന്‍
ഹേതുവായിരുന്നിരിക്കാം. ഗവേഷണബുദ്ധിയോടെ വസ്തുതകളെ സമീപിക്കുക എന്നതാണ് ഈ
മേഖലയിലെ ശൂന്യത പരിഹരിക്കാനുള്ള മാര്‍ഗം.
പത്മശ്രീ പുരസ്‌കാരം സ്വന്തം കൈകളിലേക്ക് വന്നപ്പോള്‍.
സന്തോഷമുണ്ട്. പക്ഷേ, പ്രത്യേകിച്ചെന്തെങ്കിലും വലിയ കാര്യം സംഭവിച്ചതായി
ഞാന്‍ വിചാരിക്കുന്നില്ല. ജീവിതത്തില്‍ ധനം സമ്പാദിക്കാന്‍ വേണ്ടി
ഞാനൊന്നും ഇതുവരെ ചെയ്തിട്ടില്ല. ചെറുപ്പം മുതലേ അറിവ് നേടാന്‍ വേണ്ടി
മാത്രമാണ് ഞാനാഗ്രഹിച്ചത്. അറിയാന്‍ വേണ്ടിയാണ് ഞാന്‍ പരിശ്രമിച്ചതും.
എണ്‍പത്തിരണ്ടാമത്തെ വയസ്സിലും ആ നിലപാടിന് ഒരു മാറ്റവും വന്നിട്ടില്ല.
അറിവ് സമ്പാദിക്കാന്‍ വേണ്ടിയാണ് ഇപ്പോഴും എന്റെ എല്ലാ പ്രവര്‍ത്തനങ്ങളും. ഈ
പുരസ്‌കാരം എന്നെ മറ്റൊരാളായി മാറ്റുന്നില്ല. മരണം വരെ സാധാരണക്കാരില്‍
ഒരാളായി ഈ ഭൂമിയെ പരുക്കേല്‍പ്പിക്കാതെ ജീവിക്കണമെന്നാണ് എന്റെ എളിയ
ആഗ്രഹം. അതിന് നിങ്ങളുടെയെല്ലാം പ്രാര്‍ഥനകള്‍ ഉണ്ടാവണം.
No comments:
Post a Comment
Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.