2015 ജൂലൈ 17ന് ലോകം ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചപ്പോള്‍ കേരളം നോമ്പെടുത്തു. 16.7.15ന് സൂര്യാസ്‌തമയ ശേഷം 12 മിനുട്ട് കഴിഞ്ഞ് ചന്ദ്രന്‍ അസ്‌തമിക്കുന്നതിനാല്‍ ഹിലാല്‍ കണ്ടാല്‍ അറിയിക്കണമെന്ന് ഖാദിമാരും ഹിലാല്‍ കമ്മിറ്റിയും കെ.ജെ.യുവും പ്രസ്‌താവനയിറക്കി. റമദാന്‍ അവസാന ദിവസമായ ജുലൈ 16ന് ചന്ദ്രനെ കാണുകയില്ലെന്നു പണ്ഡിതന്‍മാര്‍ക്കറിയാമായിരുന്നു. പക്ഷെ, തങ്ങള്‍ സ്വയം സൃഷ്‌ടിച്ചു തുടര്‍ന്നുവരുന്ന 29–ാം തിയ്യതിയിലെ ചന്ദ്രക്കല ദര്‍ശനം തെറ്റാണെന്നു സമ്മതിക്കാന്‍ സന്നദ്ധമല്ലാത്തതിനാല്‍ ഇത്തരത്തില്‍ പ്രസ്‌താവനയിറക്കുകയും ഹിലാല്‍ കണ്ടില്ലെന്നു പറഞ്ഞു അടുത്ത ദിവസത്തേക്ക് നീട്ടിവെക്കുകയുമാണ് പുതിയ അടവുനയം. ഖാദിമാര്‍ ഈ നയം തുടര്‍ന്നപ്പോള്‍ ഹിലാല്‍ കമ്മിറ്റിക്ക് ലോകത്തോടൊപ്പം പെരുന്നാള്‍ നടത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ അരീക്കോടിനടുത്ത് പൂങ്കുടിയില്‍ ചന്ദ്രന്‍ അസ്‌തമിച്ച ശേഷം ഒരു കുന്നിന്‍ മുകളില്‍ ഹിലാല്‍ കണ്ടുവെന്ന ഒരാളുടെ അവകാശവാദത്തെ തള്ളിക്കളയാന്‍ അവര്‍ക്കായില്ല. സ്വന്തമായി തീരുമാനമെടുക്കാനുള്ള 1978 ലെ ആര്‍ജ്ജവം നഷ്‌ടപ്പെട്ടുപോയതിനാല്‍ ഖാദിമാരെ കുറ്റംപറഞ്ഞ് സമാധാനമടയുകയായിരുന്നു. മാസപ്പിറവി കണ്ടയാള്‍ മുജാഹിദല്ല, ഖാദിമാര്‍ ധൃതി കാണിച്ചു, കൂടിയാലോചന ഉണ്ടായില്ല എന്നെല്ലാമാണ് ശബാബ് വാരികക്ക് പറയാനുണ്ടായിരുന്നത്. ഖുര്‍ആനിനും നബിചര്യക്കും പ്രപഞ്ച നിയമ വ്യവസ്ഥക്കും വിരുദ്ധമായതും തങ്ങളുടെ തന്നെ കൃതികളില്‍ രേഖപ്പെടുത്തിയ വസ്‌തുതകള്‍ക്കു വിരുദ്ധവുമാണ് ഇവരുടെ നിലപാടുകളെന്നു ജനം തിരിച്ചറിഞ്ഞിരിക്കുന്നു. താഴെ പറയുന്ന അഭിപ്രായങ്ങള്‍ ശ്രദ്ധിക്കുക.
മാസപ്പിറവി പണ്ഡിതാഭിപ്രായം
``ന്യൂമൂണ്‍(കറുത്തവാവ്) എന്ന അവസ്ഥയില്‍ നിന്നും ചന്ദ്രന്‍ പുറത്ത് വന്നു 16–20 മണിക്കൂറുകള്‍ക്ക് ശേഷമാണ് അത് ആകാശത്തില്‍ പ്രത്യക്ഷമാവുന്നത്. ഈ ഹിലാലിനെ കാണുകയെന്നതാണ് ഇസ്‌ലാമില്‍ മാസമാറ്റത്തിന്റെ മാനദണ്ഡം''(ന്യൂമൂണും മാസപ്പിറവിയും – ആമുഖം ഡോ.ഇ.കെ.അഹമ്മദ് കുട്ടി, പ്രസിഡന്റ് കെ.എന്‍.എം).
``അങ്ങിനെ ചന്ദ്രന്റെ പ്രായം 16 മണിക്കൂര്‍ കഴിഞ്ഞ ശേഷം സൂര്യന്‍ അസ്‌തമിച്ച് പടിഞ്ഞാറന്‍ ചക്രവാളത്തില്‍ പിറവിയെടുക്കുന്ന ചന്ദ്രന് മാത്രമേ നവചന്ദ്രന്‍ എന്നു പറയുകയുള്ളൂ.'' (ന്യൂമൂണും മാസപ്പിറവിയും പേജ്. 38. എ.അബ്‌ദുല്‍ ഹമീദ് മദീനി, പ്രസിഡന്റ് കെ.ജെ.യു). (മേല്‍ പ്രസ്‌താവനകള്‍ ശാസ്‌ത്രവിരുദ്ധമാണ്. ന്യൂമൂണ്‍ സംഭവിക്കുന്ന നിമിഷത്തില്‍ തന്നെ ഹിലാല്‍ പ്രത്യക്ഷമാവുന്നതാണ്. 24 മണിക്കൂര്‍ പ്രായവും 48 മിനുട്ട് അസ്‌തമയ വ്യത്യാസവുമുണ്ടെങ്കില്‍ മാത്രമേ കണ്ണുകൊണ്ട് കാണുകയുള്ളൂ).
``15.4 മണിക്കൂറില്‍ താഴെ പ്രായത്തില്‍ ബാലചന്ദ്രനെ നഗ്ന നേത്രങ്ങള്‍കൊണ്ട് ലോകത്ത് ആരും തന്നെ കണ്ടിട്ടില്ല. അത് (15.4 മണിക്കൂര്‍ പ്രായത്തില്‍ കണ്ടത്) 100 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഇപ്പോള്‍ അന്തരീക്ഷ മലിനീകരണവും മറ്റും കാരണം 24 മണിക്കൂറെങ്കിലും കഴിഞ്ഞാല്‍ മാത്രമേ ചന്ദ്രനെ കാണുകയുള്ളൂ''(മാസപ്പിറവി നബിചര്യയിലും ശാസ്‌ത്രത്തിലും–പേജ് 73, 74. കെ.എന്‍.എം പ്രസിദ്ധീകരണം).
``മാസാവസാനത്തിലെ ഒന്നോ രണ്ടോ രാത്രികളില്‍ ചന്ദ്രനെ കാണുകയില്ല''(ഖു. 10:05 ആയത്തിന്റെ വ്യാഖ്യാനത്തില്‍ ജലാലൈനി–അമാനി മൌലവി എന്നിവരുടെ വ്യാഖ്യാനം). ആദ്യമായി ചന്ദ്രക്കല കാണുന്നത് ഒന്നാമത്തെ ദിവസം രാത്രിയിലാണ്''(36:39 ആയത്തിന്റെ വ്യാഖ്യാനം–അമാനി മൌലവി).
``ന്യൂമൂണ്‍(അമാവാസി) എന്നാല്‍ നോ മൂണ്‍ ആണ്. മഹാഖ് എന്നാണു അതിന് പറയുക. അന്ന് ചന്ദ്രനെ കാണുകയില്ല.''(ഇടിമൂഴിക്കല്‍ സംവാദത്തില്‍ കെ.എന്‍.എം പണ്ഡിതന്‍മാര്‍).
വാക്കുകള്‍ ഒന്ന് പ്രവൃത്തി വേറെ
മേല്‍പ്പറഞ്ഞ ഖുര്‍ആനിക തത്വങ്ങളെല്ലാം പുസ്‌തകങ്ങളിലെഴുതി ജനങ്ങളെ പഠിപ്പിക്കുന്ന ആളുകള്‍ തന്നെയാണ് ന്യൂമൂണ്‍ ദിവസം ചന്ദ്രക്കല കാണാന്‍ സാധ്യതയുണ്ട് കാണ്ടാല്‍ അറിയിക്കണമെന്ന് ആഹ്വാനം ചെയ്‌തത്. തങ്ങളുടെ കലണ്ടര്‍ പ്രകാരം 7.06ന് അസ്‌തമിച്ച ചന്ദ്രനെ 7.09ന് കണ്ടു എന്ന് ഒരാള്‍ അവകാശപ്പെട്ടപ്പോള്‍ പ്രസ്‌തുത കാഴ്‌ച തെറ്റാണെന്നു പറയുന്നതിന്നു പകരം ഖാദിമാരെ കുറ്റപ്പെടുത്തുന്നതിന്റെ യുക്തി മനസ്സിലാവുന്നില്ല. മുകളില്‍ കൊടുത്ത ഉദ്ധരണികളാണോ അവരുടെ പ്രസ്‌താവനകളാണോ തെറ്റിയതെന്ന് വായനക്കാര്‍ വിലയിരുത്തുക.
ഹിജ്‌രി കമ്മിറ്റി മുകളില്‍ കൊടുത്ത ഖുര്‍ആനിക വചനങ്ങളെ പൂര്‍ണമായും ഉള്‍ക്കൊള്ളുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്നു. ചെറുതായിക്കെണ്ടിരിക്കുന്ന കല ചന്ദ്രമാസത്തിലെ രണ്ടാംപാതിയിലും വലുതായിക്കൊണ്ടിരിക്കുന്ന കല ആദ്യപാതിയിലുമാണ്. കല ചെറുതായി വന്നു ഒരു ദിവസം തീരെ കാണാതാവുന്നു. തുടര്‍ന്നു വലുതാവാന്‍ തുടങ്ങുന്നു. പ്രസ്‌തുത ദിവസം സൂര്യനും ചന്ദ്രനും ഒരേ മന്‍സിലില്‍ ആയതിനാല്‍ ചന്ദ്രനെ കാണുകയില്ല. മാസത്തിലെ ഒന്നാം ദിവസം സന്ധ്യക്ക് ആദ്യകല കാണുന്നു. ചന്ദ്രന്റെ തളര്‍ച്ചയും വളര്‍ച്ചയും നോക്കിക്കണ്ട് തിയ്യതികള്‍ നിശ്ചയിക്കാനാണ് നബി(സ)കല്‌പിച്ചിട്ടുള്ളത്. ഇതാണ് ``സുമൂ ലി–റുഅ്‌യതിഹി'' എന്ന ഹദീസിന്റെ പാഠം ഈ ഖുര്‍ആനികവും ശാസ്‌ത്രീയവുമായ മാനദണ്ഡം സ്വീകരിച്ച് കലണ്ടറുണ്ടാക്കി ആരാധനകള്‍ നടത്തുകയാണു ഹിജ്‌രി കമ്മിറ്റി ചെയ്യുന്നത്. വാക്കും പ്രവര്‍ത്തിയും തമ്മില്‍ ബന്ധമില്ലാത്ത(ലിമ തകൂലൂന മാലാ തഫ്‌അലൂന്‍) പണ്ഡിതന്‍മാരെ അന്ധമായി തഖ്‌ലീദ് ചെയ്യുന്നവരും ഇസ്‌ലാമിക മാനദണ്ഡം തെറ്റിച്ചു മാസപ്പിറവി നിശ്ചയിക്കുന്നതിനാല്‍ വമ്പിച്ച ആശയക്കുഴപ്പങ്ങള്‍ ഉണ്ടാവുകയും പ്രതിസന്ധികള്‍ സൃഷ്‌ടിക്കപ്പെടുകയും ചെയ്യുന്നു. പ്രമാണവിരുദ്ധമായി തീരുമാനമെടുക്കുന്നതിനാല്‍ റമദാന്‍ ഒന്നിന്നു ഭക്ഷണം കഴിച്ചും ശവ്വാല്‍ ഒന്നിന് നോമ്പെടുത്തും ഹറാം ചെയ്യാനിടവരുന്നു. തെറ്റു മനസ്സിലാക്കിയിട്ടും അതു തിരുത്താന്‍ സംഘടനകള്‍ തയ്യാറാവാത്തത് കൊണ്ട് വിശ്വാസികള്‍ സ്വയം തിരുത്തുകയാണു വേണ്ടത്.
ഈദുല്‍ അദ്‌ഹയും തെറ്റിക്കുമോ?
2015 ആഗസ്‌ത് 14 വെള്ളിയാഴ്‌ച 14.54(ഡഠ)ന്ന് മാസപ്പിറവി സംഭവിച്ചു. 15.08.15 ശനിയാഴ്‌ച ദുല്‍ഖഅദ ഒന്നാം തിയ്യതിയായിരുന്നു. പക്ഷെ കേരള മുസ്‌ലിംകള്‍ക്ക് 16.8.15 ഞായറാഴ്‌ചയായിരുന്നു ഒന്നാം തിയ്യതി. എന്നാല്‍ 13.9.15 ഞായറാഴ്‌ച ഭാഗിക സൂര്യഗ്രഹണത്തോടുകൂടിയ ന്യൂമൂണ്‍ അഥവാ മാസപ്പിറവി സംഭവിക്കുന്നതാണ്. കേരളത്തില്‍ സൂര്യനസ്‌തമിച്ച ശേഷം 5 മിനുട്ട് കഴിഞ്ഞ് ചന്ദ്രന്‍ അസ്‌തമിക്കുന്നു. പ്രസ്‌തുത കല കണ്ണുകൊണ്ട് കാണാന്‍ സാദ്ധ്യമല്ല. ഇത് ശാസ്‌ത്ര വിധി മാത്രമല്ല. മുകളില്‍ കൊടുത്ത ഉദ്ധരണികള്‍ പ്രകാരമുള്ള പണ്ഡിതന്‍മാരുടെ അഭിപ്രായങ്ങളുമാണ്. പ്രാദേശിക സമയം 12.25ന് ഗ്രഹണം സംഭവിക്കുന്നത് കന്യാകുമാരിക്ക് തെക്കു ഭാഗത്തായിട്ടാണ്. 6 മണിക്കൂര്‍ പ്രായമുള്ള ചന്ദ്രക്കല കാണുകയില്ലെന്നാണല്ലോ പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. പക്ഷെ, ഹിലാല്‍ പ്രത്യക്ഷമായാല്‍ നമ്മുടെ ചക്രവാളത്തല്‍ ഉണ്ടായാലും ഇല്ലെങ്കിലും മാസപ്പിറവി നടന്നു എന്ന് മനസ്സിലാക്കണം. ഗ്രഹണം മനുഷ്യര്‍ അനുഭവിക്കുകയും നമസ്‌കരിക്കുകയും ചെയ്‌താല്‍ അവര്‍ മാസപ്പിറവിക്കു സാക്ഷികളായി(2:185). കാരണം സൂര്യഗ്രഹണവും ന്യൂമൂണും ഒന്നുതന്നെയാണ്. ഗ്രഹണത്തിനു തൊട്ടുമുമ്പ് ചെറുതായിക്കൊണ്ടിരിക്കുന്ന ചന്ദ്രക്കലയുടെ രണ്ടറ്റം പടിഞ്ഞാറുഭാഗത്തേക്ക് ലക്ഷ്യം വെച്ചുകാണാവുന്നതാണ്. ഗ്രഹണം കഴിഞ്ഞാല്‍ വളരുന്ന ചന്ദ്രക്കലയുടെ രണ്ടറ്റം കിഴക്കോട്ടു ലക്ഷ്യം വെച്ചും കാണാവുന്നതാണ്. ഇതാണു മാസപ്പിറവി. സൂര്യ–ചന്ദ്ര ഗ്രഹണങ്ങള്‍ അല്ലാഹുവിന്റെ മഹത്തായ രണ്ടു ദൃഷ്‌ടാന്തങ്ങളാണ്. വിശ്വാസികള്‍ അതു മനസ്സിലാക്കി ഉള്‍ക്കൊള്ളാന്‍ തയ്യാറാവണം.
12.9.15 ശനിയാഴ്‌ച ദുല്‍ഖഅദ 29ഉം 13.9.15 ഞായറാഴ്‌ച 30–ാം തിയ്യതിയുമായിരിക്കും. കേരള മുസ്‌ലിംകള്‍ക്ക് ഞായറാഴ്‌ച 29–ാം തിയ്യതിയായിരിക്കുമല്ലോ. അതിനാല്‍ ഹിലാല്‍ കണ്ണുകൊണ്ട് കണ്ടെങ്കില്‍ മാത്രമേ 14.9.15 തിങ്കളാഴ്‌ച ദുല്‍ഹിജ്ജ മാസം ആരംഭിക്കുകയുള്ളൂ എന്നാണ് പറച്ചിലെങ്കിലും ശവ്വാല്‍ പിറവിപോലെയുള്ള കാഴ്‌ച നാടകങ്ങള്‍ ആവര്‍ത്തിച്ചേക്കാം.
ദുല്‍ഹിജജ്ജ മാസപ്പിറവിയുടെ കാഴ്‌ച
ദുല്‍ഹിജ്ജ മാസപ്പിറവി നോക്കണമെന്നോ കാണണമെന്നോ പറയുന്ന യാതൊരു ഹദീസും ലഭ്യമല്ല. ``കാഴ്‌ചയുടെ അടിസ്ഥാനത്തില്‍ തുടങ്ങാനും അവസാനിപ്പിക്കാനും പറഞ്ഞിട്ടുള്ളത് നോമ്പിനെ സംബന്ധിച്ചാണ്. ദുല്‍ഹിജ്ജ പിറവിയെ സംബന്ധിച്ചോ ഈദുല്‍ അദ്‌ഹ ആചരിക്കുന്നതിനെ സംബന്ധിച്ചോ അത്തരം നിര്‍ദ്ദേശങ്ങളില്ല. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് മുസ്‌ലിംകള്‍ ദുല്‍ഖഅദ 29ന് പിറവി നോക്കാന്‍ ആഹ്വാനം ചെയ്യുന്നത്? ദുല്‍ഹിജ്ജ ഹജ്ജിന്റെ മാസമാണ്. ഹജ്ജിന്റെ കാലം നിശ്ചയിക്കേണ്ടതെങ്ങിനെയെന്ന് ഖുര്‍ആന്‍ കല്‌പനയുണ്ട്. അതനുസരിച്ച് പ്രവര്‍ത്തിക്കേണ്ടത് മുസ്‌ലിംകള്‍ക്ക് നിര്‍ബന്ധമാണ്. ``ചന്ദ്രക്കലകളെ സംബന്ധിച്ച് ചോദിക്കുന്നു. പറയുക: അത് ജനങ്ങള്‍ക്ക്(പൊതുവായും) ഹജ്ജിന്റെയും കാലനിര്‍ണയത്തിനുള്ള അടയാളമാകുന്നു.''(2:189) ഹജ്ജിന്റെ കാലം(ദുല്‍ഹിജ്ജ 08 മുതല്‍13 വരെയുള്ള ദിവസങ്ങള്‍) നിശ്ചയിക്കേണ്ടത് ഒന്നുമുതല്‍ 7 വരെയുള്ള കലകള്‍(അഹില്ല) നിരീക്ഷിച്ച് 7–ാം തിയ്യതി ഉറപ്പിച്ചാണെന്ന ഖുര്‍ആന്‍ കല്‌പന സ്വീകരിക്കാന്‍ മുസ്‌ലിംകള്‍ തയ്യാറായാല്‍ ലോക മുസ്‌ലിംകള്‍ക്ക് ഒരുമിച്ച് ഒരേദിവസം ബലിപെരുന്നാള്‍ ആഘോഷിക്കാനും ഹജ്ജ് നിര്‍വ്വഹിക്കാനും കഴിയുന്നതാണ്. അതിനു പകരം 29–ാംനു സന്ധ്യക്ക് ഹിലാല്‍ നോക്കാന്‍ പോയാല്‍ പെരുന്നാള്‍ പലദിവസങ്ങളിലാവുമെന്നതില്‍ അത്ഭുതപ്പെടാനില്ല.
ഈദുല്‍ ഫിത്വറില്‍ ഉണ്ടായ തരത്തിലുള്ള ഊഹാപോഹങ്ങളും അരക്ഷിതാവസ്ഥയും ഇനി ഉണ്ടാവാതിരിക്കട്ടെ. ഖുര്‍ആന്‍ കല്‌പന പ്രകാരം എല്ലാ ദിവസവും ചന്ദ്രക്കല നോക്കി തിയ്യതി നിശ്ചയിച്ച് മാസം അവസാനിക്കുന്നത് നേരിട്ട് അനുഭവപ്പെട്ട് മനസ്സിലാക്കി പുതുമാസം ആരംഭിക്കുന്ന, തികച്ചും കൃത്യതയാര്‍ന്നതും ലോകത്തെല്ലാം ഒരേദിവസം മാസം ആരംഭിക്കാന്‍ സാധിക്കുന്നതിന്നായി അല്ലാഹു സു.ത നിശ്ചയിച്ചിരിക്കുന്ന സംവിധാനം വഴി മനുഷ്യസമുദായമൊന്നടങ്കം ഏകോപിച്ച് ഈദുല്‍ അദ്‌ഹയും ഹജ്ജും നടത്തുവാന്‍ തയ്യാറാവണമെന്ന് ഒരിക്കല്‍ കൂടി ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു.
ഹിജ്‌രി കമ്മിറ്റി ഓഫ് ഇന്ത്യ
കോഴിക്കോട് – 1
ദുല്‍ഹിജ്ജ 01 : 14.9.2015 തിങ്കളാഴ്‌ച, ദുല്‍ഹിജ്ജ 09: 22.09.2015 ചൊവ്വ അറഫാദിനം
ദുല്‍ഹിജ്ജ 10: 23.09.2015 ബുധനാഴ്‌ച ഈദുല്‍ അദ്‌ഹ
പെരുന്നാള്‍ നമസ്‌കാരം കോഴിക്കോട് സ്‌നേഹാജ്ഞലി ഓഡിറ്റോറിയം: രാവിലെ 8 മണിക്ക്.
final_notice_matter.pdf
notice_mater.pmd
No comments:
Post a Comment
Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.