Tuesday, October 6, 2015

ഹജ്ജത്തുല്‍ വിദാഇലെ അറഫാദിവസം - ഫാറൂഖ് കോളേജ് യൂണിറ്റ് നോട്ടീസ് 2015 Sept




വീണ്ടും ശബാബില്‍ അലമ്പിയ അറഫാദിന ചര്‍ച്ച

2015 ആഗസ്റ്റ് 28ലെ ശബാബ് വാരികയില്‍ 'ഹജ്ജത്തുല്‍ വിദാഇലെ അറഫാദിവസം' എന്ന എ. അബ്ദുല്‍ ഹമീദ് മദീനി എഴുതിയ ലേഖനം മാറ്റമൊന്നുമില്ലാതെ തലവാചകം മാത്രം മാറ്റി 'നബി(സ)യുടെ അറഫ' എന്ന നോട്ടീസാക്കി ഫാറൂഖ് കോളേജ് കെ.എന്‍.എം. യൂണിറ്റ് (മര്‍കസുദ്ദഅ്‌വ) ഇറക്കിയത് കണ്ടിരിക്കുമല്ലോ. ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യയുടെ സെക്രട്ടറി അബ്ദുല്‍ ശുക്കൂറിനെയും ബഹുമാന്യ പണ്ഡിതനും ശാസ്ത്രചിന്തകനുമായ അലി മണിക്ഫാന്‍ സാഹിബിനെയും വ്യക്തിഹത്യ നടത്തിയും താഴ്ത്തിക്കെട്ടിയും നിശിതമായി വിമര്‍ശിക്കുന്നതായിരുന്നു പ്രസ്തുത ലേഖനം എന്നു ഖേദത്തോടെ ഉണര്‍ത്തുകയാണ്. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് (2010 ഡിസംബര്‍ 3) ശബാബില്‍ വന്ന അബ്ദുല്‍ ശുക്കൂറിന്റെ ലേഖനത്തില്‍ നിന്നൊരു വാചകം ഉദ്ധരിച്ച ശേഷം  - 'ഉദ്ധരണിയില്‍ നിന്ന് ലേഖകന്റെ ശാസ്ത്രബോധവും ചരിത്രബോധവും അജ്ഞതയും ഏതു സാധാരണക്കാരനും മനസ്സിലാക്കാവുന്നതാണ്' - എന്നു പറയുന്നു. 2010 ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ച മേല്‍ ലേഖനസാഹചര്യം ശബാബ് മറക്കരുത്. നബി(സ)യുടെ അറഫ വെള്ളിയാഴ്ച എന്നു സ്ഥാപിച്ചുകൊണ്ടുള്ള അബ്ദുല്‍ ഹമീദ് മദീനിയുടെയും കെ.പി സക്കരിയ്യയുടെയും സംയുക്ത ലേഖനത്തിനു മറുപടിയായാണ് ശുക്കൂര്‍ സാഹിബ് പ്രസ്തുത ലേഖനം ശബാബിലേക്കയച്ചത്. അതുടനെ പ്രസിദ്ധീകരിക്കാതെ കാത്തുവെച്ച് മദീനി, സക്കരിയ്യ, മന്‍സൂറലി ചെമ്മാട് എന്നിവരുടെ മറുപടി ലേഖനസഹിതമാണ് അത് പ്രസിദ്ധീകരിച്ചത്. തെറ്റായ അനേകം പരാമര്‍ശങ്ങളും വ്യാഖ്യാനങ്ങളും ആരോപണങ്ങളും മൂന്നു പേരും അതില്‍ ഉന്നയിച്ചിട്ടുണ്ടായിരുന്നു. അതിന് വിശദമായ മറ്റൊരു ലേഖനം ശബാബിലേക്ക് ശുക്കൂര്‍ സാഹിബ് വീണ്ടും അയച്ചുവെങ്കിലും ഇന്നേവരെ അതു വെളിച്ചം കണ്ടിട്ടില്ല. (ഇതാണ് മാന്യമായ പത്രധര്‍മ്മം?!) ഇപ്പോള്‍ ആറിത്തണുത്ത് അഞ്ചു വര്‍ഷത്തിനു ശേഷമിതാ പുതുതായി യാതൊന്നുമില്ലാതെ 03.12.10 ശബാബ് ലേഖനത്തിലെ ഒരു പരാമര്‍ശം അതേപടി ആവര്‍ത്തിച്ച ലേഖനവും അതിന്റെ ഈച്ചക്കോപ്പി നോട്ടീസും പ്രസിദ്ധീകരിച്ചിരിക്കുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ മാസപ്പിറവി നിശ്ചയത്തില്‍ പറ്റിയ അമളിയും വൈക്ലബ്യവും വഷളത്തരവും ജനങ്ങളില്‍ നിന്ന് മറച്ചു വയ്ക്കാനും അണികളുടെ ശ്രദ്ധ തിരിച്ച് തല്‍ക്കാലം പിടിച്ചു നില്‍ക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോള്‍ ഈ ട്രിപ്പീസ് കളി. പ്രസ്തുത സ്‌പെഷ്യല്‍ ലേഖനവും നോട്ടീസും വായിച്ചാല്‍ തോന്നും, ലോകത്ത് ഇന്ന് മുസ്‌ലിംകള്‍ നേരിടുന്ന ഏറ്റവും ഗുരുതരപ്രശ്‌നം 14 നൂറ്റാണ്ടുമുമ്പ് നബി(സ)യുടെ അറഫാദിവസം വ്യാഴമോ വെള്ളിയോ ആയിരുന്നോ എന്നറിയാത്തതാണ് എന്ന്! വരാനിരിക്കുന്ന ഈ വര്‍ഷത്തെ അറഫാ നോമ്പും ഈദുല്‍ അള്വ്ഹായും പുതുവര്‍ഷാരംഭമായ മുഹറം ഒന്ന്, ആശൂറാ, താസൂആ തുടങ്ങിയവ ഏതു ദിവസങ്ങളിലാണെന്നുമുള്ളതൊന്നുമല്ല ശബാബിനും അതിലെ എഴുത്തുകാര്‍ക്കും പ്രധാനം. വരുന്ന വിശേഷ ദിവസങ്ങളുടെ പരിശുദ്ധിയും പവിത്രതയും ഐക്യവും ലംഘിക്കപ്പെടാതെ ലോകമുസ്‌ലിംകള്‍ ഒന്നടങ്കം കൃത്യമായ തിയ്യതിയിലും ദിവസത്തിലും പ്രമാണ നിബദ്ധതയോടെയും ശാസ്ത്രീയമായും എങ്ങനെ സാക്ഷാല്‍കരിക്കും എന്നു ചിന്തിക്കാനും പഠിക്കാനും പ്രഖ്യാപിക്കാനുമുള്ള ഘട്ടമാണിത്. അപ്പോഴാണ് ഈ വിഷയത്തില്‍ പഠനവും ഗവേഷണവും ത്യാഗവും നടത്തുന്നവരെ പരിഹസിക്കുകയും ഇകഴ്ത്തുകയും മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നത്. ഇതാണിപ്പോഴത്തെ ഏറ്റവും വലിയ നവോത്ഥാനമെന്ന പോലെ!
നബി(സ)യുടെ അറഫ നടന്ന ദിവസം വ്യാഴമോ വെള്ളിയോ എന്ന കാര്യത്തില്‍ ചരിത്രഗ്രന്ഥങ്ങളിലും ഹദീസുകളിലും വൈരുദ്ധ്യാഭിപ്രായങ്ങളുണ്ട്. യൂറോപ്യന്മാരും ശിയാപക്ഷപാതികളും ഓറിയന്റലിസ്റ്റുകളും സിയോണിസ്റ്റ് ലോപികളും രചിച്ച ചരിത്രഗ്രന്ഥങ്ങളെ അവലംബിച്ച് രചന നടത്തിയവരുണ്ട്. ഒരു കാലത്തും മുസ്‌ലിംകള്‍ ശാസ്ത്രീയമായി വളരാനും വികസിക്കാനും ഇടവരാതിരിക്കാന്‍ കരുതിക്കൂട്ടി മുസ്‌ലിംകളെ വഴിതെറ്റിച്ചവരുമുണ്ട്. അപ്പോള്‍ പിന്നെ നമുക്കു സത്യം കണ്ടെത്താന്‍ കൃത്യമായ വഴി ശാസ്ത്രീയമായ ഗവേഷണം തന്നെയാണ്. അന്യൂന പ്രപഞ്ചവ്യവസ്ഥയായ ഗണിത, ഗോളശാസ്ത്ര പ്രകാരം മുന്നോട്ടും പിന്നോട്ടും ആയിരമായിരം വര്‍ഷങ്ങളുടെ കണക്കുകള്‍ തെറ്റാതെ കൂട്ടി കണ്ടുപിടിക്കാന്‍ കഴിയുന്ന കാലഘട്ടത്തിലാണു നാമിന്നുള്ളത്. ആ മാനദണ്ഡം സ്വീകരിക്കാന്‍ നാം തയ്യാറായാല്‍ പ്രമാണങ്ങളിലുള്ളതില്‍ ഏതാണ് ശരിയായതെന്നു മനസ്സിലാകും. അതനുസരിച്ച് ഏറ്റവും കൃത്യതയാര്‍ന്ന ശരിയിലെത്തിച്ചേരുവാന്‍ കഴിയും. ഏതായാലും പരാമര്‍ശ ലേഖനത്തിലെ വിഷയങ്ങളിലേക്കു കടക്കാം.
''ബലിപെരുന്നാള്‍ വെള്ളിയാഴ്ചയായിരുന്നു എന്ന ഇബ്‌നു അബ്ബാസിന്റെ റിപ്പോര്‍ട്ട്, ശൈഖ് നാസറുദ്ദീന്‍ അല്‍ബാനി ശരിവെച്ചതായി ഇബ്‌നു കസീര്‍ തഫ്‌സീറില്‍ രേഖപ്പെടുത്തിയിരിക്കുന്നു''എന്ന ശുക്കൂറിന്റെ ലേഖനത്തിലെ പരാമര്‍ശത്തില്‍ ഭാഷാപരമായ ഒരു പിഴവുണ്ടെന്നും ആയതിനാല്‍ ഇബ്‌നു കസീര്‍ തഫ്‌സീറില്‍ അടിക്കുറിപ്പായി(എീീ േചീലേ) രേഖപ്പെടുത്തിയിരിക്കുന്നു എന്നാക്കി തിരുത്തണമെന്നും അദ്ദേഹം ശബാബിലേക്ക് ലേഖനം പ്രസിദ്ധീകരിക്കുന്നതിന് മുമ്പെതന്നെ കത്തെഴുതിയിരുന്നു. എന്നാല്‍ അതില്‍ തിരുത്താതെ ലേഖനം അപ്പടി പ്രസിദ്ധീകരിച്ചതിനു ശേഷം ഇറങ്ങിയ ലക്കത്തില്‍ അദ്ദേഹത്തിന്റെ പ്രസ്തുത കത്ത് ശബാബ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങിനെയൊരു തിരുത്ത് പ്രസിദ്ധീകരിച്ചു കഴിഞ്ഞ സ്ഥിതിക്ക് ലേഖനത്തിലെ ആ പരാമര്‍ശത്തിന്റെ പേരില്‍ വിമര്‍ശിക്കുന്നത് തികഞ്ഞ നീതികേടാണെന്നു പറയാതെ വയ്യ.
വിമര്‍ശകന്‍ ഇബ്‌നു അബ്ബാസി(റ)ന്റെ മേല്‍ പറഞ്ഞ ഹദീസ് സ്വഹീഹ് അല്ലെന്നോ ശൈഖ് അല്‍ബാനി ശരിവെച്ചിട്ടില്ലെന്നോ പറയാത്തതെന്താ?. ഇബ്‌നു കസീര്‍ തഫ്‌സീറിന്റെ പുതിയ എഡിഷനില്‍ പ്രസാധകര്‍ നല്‍കിയ കുറിപ്പിലാണ് അല്‍ബാനി ശരിവെച്ചതായ റിപ്പോര്‍ട്ടുള്ളത്. ഇത് നിഷേധിക്കാനാണ് വിമര്‍ശകര്‍ തയ്യാറാവേണ്ടത്. അതിന്നു തയ്യാറാവാതെ ലേഖനത്തിലെ ഭാഷാപരമായ നിസ്സാര പിഴവിനെ, (ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം എന്ന പറഞ്ഞ പോലെ) ആയത് തിരുത്തിയിട്ടും ഗൗനിക്കാതെ ഒരിക്കലെഴുതിയ വാചകങ്ങള്‍ 5 വര്‍ഷത്തിന്നു ശേഷം വീണ്ടും എഴുതി അപമാനിക്കാന്‍ ശ്രമിച്ചത് ഖേദകരമായിപ്പോയി. ഏതായാലും പുതിയ ലേഖനത്തിലെ ചില പരാമര്‍ശങ്ങള്‍ വായനക്കാര്‍ക്ക് വേണ്ടി താഴെ വിശദീകരിക്കുന്നു. 
1. ഹജ്ജത്തുല്‍ വിദാഅ് എന്നതാണോ ഹിജ്ജത്തുല്‍ വദാഅ് എന്നതാണോ ഭാഷാപരമായി ശരിയായ പ്രയോഗമെന്ന് ആദ്യമായി ശബാബ് വിശദീകരിക്കണമെന്നപേക്ഷ.
2. ദുല്‍ഖഅ്ദ 29 ബുധനാഴ്ച അസ്തമയശേഷം നബി(സ)യും സ്വഹാബിമാരും ദുല്‍ഹിജ്ജ മാസപ്പിറവി കാണുകയും ദുല്‍ഹിജ്ജ ഒന്നു വ്യാഴാഴ്ചയായി പ്രഖ്യാപിക്കുകയും ചെയ്തു.''എന്ന പരാമര്‍ശം തെളിയിക്കാന്‍ ദുര്‍ബ്ബലമായ ഹദീസിന്റെ കഷ്ണം പോലും ഉദ്ധരിക്കാന്‍ സാധിച്ചിട്ടില്ല. ഇബ്‌നു ഹസം പറഞ്ഞ കാര്യമാണ് ഉന്നയിക്കുന്നത്. ഇതുപോലെ പല പണ്ഡിതന്മാരും അങ്ങനെ വിശ്വസിക്കുകയും പറയുകയും ചെയ്യുന്നത് തെളിവല്ല. ഹദീസില്‍ നിന്നോ ഖുര്‍ആനില്‍ നിന്നോ തെളിവുവേണം.
3. ചന്ദ്രമാസം 29ന് സൂര്യാസ്തമയശേഷം ചന്ദ്രക്കല കാണാന്‍ കഴിയുകയില്ല എന്നത് ശാസ്ത്രസത്യമാണ്. പ്രത്യേകിച്ചും കിഴക്കെ അര്‍ദ്ധഗോളത്തില്‍ കാഴ്ചയുടെ ലാഞ്ചനപോലുമുണ്ടാവില്ല. ദിനാരംഭ പ്രദേശത്ത് നിന്നും മക്കയിലേക്ക് 9 മണിക്കൂര്‍ സമയദൈര്‍ഘ്യമാണുള്ളത്. അവിടെ ന്യൂമൂണ്‍ സംഭവിച്ചാല്‍ 9+6: 15 മണിക്കൂര്‍ പ്രായത്തിലായിരിക്കും മക്കയില്‍ സൂര്യാസ്തമയ സമയത്ത് ചന്ദ്രന്നുണ്ടാവുക. 16 മണിക്കൂറിന്നു ശേഷം പടിഞ്ഞാറെ ചക്രവാളത്തില്‍ ഉദയം ചെയ്യുന്ന ചന്ദ്രനെയാണ് ഹിലാല്‍ എന്ന് പറയുക എന്നാണ് മദീനി തന്റെ 'ന്യൂമൂണും മാസപ്പിറവിയും' എന്ന പുസ്തകത്തില്‍ പറയുന്നത്. നബി(സ) തന്റെ ജീവിതത്തില്‍ ഒരു പ്രാവശ്യംപോലും 29ന് മഗ്‌രിബ് നമസ്‌കാരം നീട്ടിവെച്ച് പടിഞ്ഞാട്ടേക്ക് മാസപ്പിറവി നോക്കാന്‍ പോവുകയോ പോവാന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ഉണ്ടെങ്കില്‍ ഹദീസ് കൊണ്ടുവരികയാണു വേണ്ടത്.
4. ശുക്കൂര്‍ അലി മണികുഫാനിന്റെ പ്രധാന ശിഷ്യനൊന്നുമല്ല. പലരുടെയും കൂട്ടത്തില്‍ ഒരു സാധാരണ ശിഷ്യന്‍ മാത്രമാണ്. അലി മണികുഫാനെ ഗുരുവായി അഭിമാനത്തോടെ അദ്ദേഹം അംഗീകരിക്കുന്നു. ഇന്നു കേരളത്തില്‍ ഒരു കാലിച്ചായ പോലും പ്രതിഫലം വാങ്ങാതെ വിജ്ഞാനം പകര്‍ന്നു നല്‍കാന്‍ മണികുഫാന്‍ അല്ലാതെ മറ്റാരാണുള്ളത്? നല്ല ഭക്ഷണം, വാഹനം, വീട് തുടങ്ങിയ ലൗകിക സുഖങ്ങളില്‍ കാലിടറാതെയും ഗള്‍ഫില്‍ നിന്നുനേടിയ വിജ്ഞാനം അവരുടെ ചെലവില്‍ തന്നെ ഇവിടെയും വിറ്റു കാശാക്കാതെയും ബഹളമേതുമില്ലാതെ ഈ ഭൂമിയില്‍ അഹങ്കാരം ഒട്ടുമില്ലാതെ തന്റെ സാന്നിധ്യമറിയിച്ച് വിനയാന്വിതനായി നടന്നു നീങ്ങുന്ന മണികുഫാന്റെ ശിഷ്യനാവാന്‍ സാധിച്ചതിന് അദ്ദേഹം അല്ലാഹുവിന് സ്തുതി പറയുന്നുണ്ട്.
5. അദ്ദേഹത്തിന്റെ ലേഖനത്തിലെ രണ്ടുദ്ധരണികളെടുത്ത് അവ പരസ്പര വിരുദ്ധമാണണെന്നു പറയുന്നു. ഇതില്‍ എവിടെയാണ് വൈരുദ്ധ്യമുള്ളത്. ന്യൂമൂണിന്റെ കണക്കുനോക്കിയിട്ടല്ല ചന്ദ്രക്കല നിരീക്ഷണം നടത്തി ഉര്‍ജ്ജൂനുല്‍ ഖദീം കണ്ട പുതുമാസപ്പിറവി കണക്കാക്കുകയെന്ന തത്വം തന്നെയാണ് രണ്ടു ഉദ്ധരണിയിലുമുള്ളത്. ആദ്യാന്ത്യവൈരുദ്ധ്യം സ്വന്തം ലേഖനത്തിലാണുള്ളത്.
6. ന്യൂമൂണ്‍ അടിസ്ഥാനമാക്കി ജൂതന്‍മാര്‍ കലണ്ടറുണ്ടാക്കി എന്ന പ്രസ്താവന ശരിയല്ല. ന്യൂമൂണ്‍ എന്ന ശാസ്ത്രസാങ്കേതിക പേരില്‍ കണക്ക് മനസ്സിലാക്കിയത് അടുത്ത കാലത്താണ്. പക്ഷെ ഓരോ മാസത്തിലും മാസാവസാനം എന്നായിരുന്നു എന്നു തുടക്കത്തില്‍ തന്നെ മനസ്സിലാക്കാന്‍ എല്ലാകാലത്തും സാധിച്ചിരുന്നു. ജൂതന്‍മാരുടെ കലണ്ടര്‍ ന്യൂമൂണ്‍ അടിസ്ഥാനത്തിലല്ല. അവരുടെ കലണ്ടറില്‍ 29, 30, 29, 30 എന്നിങ്ങനെ ദിവസങ്ങള്‍ നിശ്ചിതക്രമമായ എണ്ണമാണ്. അവരുടെ കലണ്ടറിലെ ദിവസം സൂര്യാസ്തമയം മുതല്‍ ആരംഭിക്കുന്നു. മതപരമായ ആവശ്യങ്ങള്‍ക്ക് ഹിലാല്‍ കാണുന്നതു മുതല്‍ ആരംഭിക്കുന്നു. മാത്രമല്ല മാസപ്പിറവി കാണാന്‍ ആദ്യമായി കമ്മിറ്റിയുണ്ടാക്കിയ ജൂതറബ്ബിയാണ് ഹില്ലല്‍. നബി(സ) ഈ സമ്പ്രദായം നിരാകരിക്കുകയും 29, 30, 29 എന്നിങ്ങനെ മാസങ്ങള്‍ക്ക് ദിവസങ്ങള്‍ നിശ്ചിതമാക്കി വെക്കരുത്. അല്ലാഹു നിശ്ചയിച്ച ദിവസങ്ങള്‍ അഹില്ലയുടെ അടിസ്ഥാനത്തില്‍ എണ്ണിക്കണക്കാക്കിയെടുക്കണം എന്നു പഠിപ്പിക്കുകയായിരുന്നു അപ്പേള്‍ 29കളും 30കളും ദിവസങ്ങളുള്ള മാസങ്ങള്‍ അടുത്തടുത്തു വന്നേക്കും. നിര്‍ഭാഗ്യവശാല്‍ ജൂതപാരമ്പര്യമാണ് ഇന്ന് മുസ്‌ലിംകള്‍ പിന്തുടരുന്നത് അതപ്പടി പിന്തുടരുന്നവര്‍ അതുപറഞ്ഞ് മറ്റുള്ളവരെ ആക്ഷേപിക്കുകയാണിപ്പോള്‍.
7. നബി(സ)യുടെ അറഫ വെള്ളിയാഴ്ചയായിരുന്നു എന്ന ഒരു പരാമര്‍ശം ചന്ദ്രമാസപ്പിറവിയെ സംബന്ധിച്ച പുസ്തകത്തില്‍ മണിക്കുഫാന്‍ എഴുതിയിട്ടുണ്ട് എന്നത് ശരിയാണ്. അത് ഹിജ്ജത്തുല്‍ വദാഇനെ സംബന്ധിച്ച് മാത്രം ഗവേഷണം നടത്തുന്നതിന് മുമ്പാണ്. ഹിജ്ജത്തുല്‍ വദാഇനെ സംബന്ധിച്ച പഠനത്തില്‍ അറഫ വ്യാഴാഴ്ചയായിരുന്നു എന്നു ബോധ്യമായപ്പോള്‍ മണിക്കുഫാന്‍ വ്യക്തമായ തെളിവുസഹിതം ആയത് വ്യക്തമാക്കിപ്പറഞ്ഞു. അതുകൊണ്ടാണല്ലോ ഹമീദ് മദീനി എതിര്‍ത്തു ലേഖനമെഴുതേണ്ടിവന്നത്. അപ്പോള്‍ പിന്നെ തിരുത്തപ്പെട്ട ഒരു വിഷയത്തില്‍ പണ്ട് അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കേണ്ടതുണ്ടോ? മണിക്കുഫാന്‍ മാത്രമല്ലല്ലോ പഴയതും പുതിയതുമായ അഭിപ്രായമുള്ളവര്‍. പല പണ്ഡിതന്‍മാരും അഭിപ്രായങ്ങള്‍ തിരുത്തിയിട്ടില്ലെ? ഇമാം ശാഫി(റ)ക്ക് ജദീദും ഖദീമുമായ അഭിപ്രായമില്ലെ? മുജാഹിദ് പ്രസ്ഥാന സ്ഥാപകരായ മഹാപണ്ഡിതന്‍മാരുടെ അഭിപ്രായം തന്നെയാണോ ഇപ്പോള്‍ പ്രസ്ഥാനത്തിലുള്ളത്?
8. ബുഖാരി ഉദ്ധരിച്ച ഹദീസുകള്‍ ദുര്‍ബലമാണെന്നോ അതില്‍ ജൂതായിസമുണ്ടെന്നോ ഞങ്ങളാരും പറഞ്ഞിട്ടില്ല. ജൂതന്റെ ചോദ്യത്തില്‍ ആണ് സംശയം പ്രകടിപ്പിച്ചിട്ടുള്ളത്. നിഴലിനെ നോക്കി വെടിവെക്കരുത്. മൂന്നു ഹദീസുകള്‍ കൂട്ടിവായിക്കുകയും ചരിത്രവുമായി ചേര്‍ത്തു വെക്കുകയുംമാത്രമാണ് ചെയ്തിട്ടുള്ളത്. ഇബ്‌നു അബ്ബാസ്(റ)പറഞ്ഞത് ബലിദിനവും വെള്ളിയാഴ്ചയും ഒരുമിച്ചുവന്നു എന്നാണ്. ഇത് സ്വഹീഹാണെന്ന് അല്‍ബാനി സാക്ഷ്യപ്പെടുത്തുന്നു. ഉമര്‍(റ)ല്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ലൈലത്തുല്‍ ജുമുഅ എന്നും മറ്റൊരു ഹദീസില്‍ യൗമു ജുമുഅത്തി എന്നുമാണുള്ളത്. യൗമുജുമുഅത്തി എന്നതിനെ യൗമുല്‍ ജുമുഅ എന്നു തെറ്റായി വായിക്കപ്പെടുകയാണുണ്ടായത്. അതിനാലാണ് പ്രസ്തുത ഹദീസ് റിപ്പോര്‍ട്ട് ചെയ്ത സുഫ്‌യാന്‍ തന്റെ ഗുരു യൗമുല്‍ ജുമുഅ എന്നു പറഞ്ഞിട്ടുണ്ടോ എന്ന് സംശയം പ്രകടിപ്പിച്ചിട്ടുള്ളത്. ഈജിപ്ഷ്യന്‍ ചരിത്രകാരനായ ഹൈക്കലിന്റെ നബിചരിത്രത്തില്‍ നബി(സ) അറഫയില്‍ നിന്നു മടങ്ങി അശിയ്യ എന്ന സമയത്ത് (രാത്രി ഭക്ഷണസമയം) വഴിയില്‍ വെച്ചാണ് മേല്‍ ആയത്ത് ഇറങ്ങിയതെന്ന് പറയുന്നു. ഇതെല്ലാം കൂട്ടിവായിച്ചാല്‍ അറഫ വ്യാഴാഴ്ച പകലായിരുന്നു എന്നും മഗ്‌രിബിനു ശേഷം മടങ്ങിയ നബി(സ)ക്ക് വഴിയില്‍ ആയത്ത് ഇറങ്ങിയെന്നും വെള്ളിയാഴ്ച മിനായിലെ പ്രസംഗത്തിന്റെ അവസാനത്തില്‍ ദീന്‍ പൂര്‍ത്തിയാക്കിയ ആയത്ത് നബി(സ) ജനങ്ങളെ ഓതിക്കേള്‍പ്പിച്ചു എന്നും മനസ്സിലാകുന്നു. ഇതാണ് ശരിയായിട്ടുള്ളതും.
സത്യം വിജയിച്ചു; സത്യം വിജയിക്കുക തന്നെ ചെയ്യും
അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താന്‍ ശ്രമിക്കരുതെന്ന് ഖുര്‍ആന്‍ താക്കീത് ചെയ്തിട്ടുണ്ട്. സത്യം വിജയിക്കുക തന്നെ ചെയ്യുമെന്നു ഖുര്‍ആന്‍ പറയുന്നു. അഞ്ചുവര്‍ഷം മുമ്പ് എഴുതിയ ലേഖനം വീണ്ടും പൊടിതട്ടിയെടുത്ത് 'ശബാബ്' എന്തിനു പ്രസിദ്ധീകരിച്ചു എന്ന് അത്ഭുതപ്പെട്ടു നില്‍ക്കെയാണ് ലേഖനത്തിന്റെ അവസാനഭാഗം ശ്രദ്ധയില്‍പെട്ടത്. സത്യം വെളിച്ചത്തു കൊണ്ടുവരാന്‍ നിഷേധിയുടെ തൂലിക തന്നെ അല്ലാഹു ഉപാധിയാക്കിയിരിക്കുകയാണ്. ഹിജ്ജത്തുല്‍ വദാഇലെ യൗമുന്നഹ്ര്‍  (ബലിദിനം) വെള്ളിയാഴ്ചയായിരുന്നു എന്ന് അസന്നിഗ്ധമായി തെളിഞ്ഞിരിക്കുന്നു. പ്രസ്തുത ഹദീസ് സഹീഹാണെന്ന് നാസറുദ്ദീന്‍ അല്‍ബാനി(റ)മാത്രമല്ല, കെ.ജെ.യു പ്രസിഡന്റും ശബാബും ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. വെള്ളിയാഴ്ച ബലിദിനമാണെങ്കില്‍ വ്യാഴാഴ്ച അറഫാദിനമാണല്ലോ. വ്യാഴാഴ്ച അറഫയാണെങ്കില്‍ ഒന്നാം തിയ്യതി ബുധനാഴ്ചയുമായിരിക്കും. ചൊവ്വാഴ്ച ന്യൂമൂണ്‍ ദിനത്തില്‍ സൂര്യാസ്തമയത്തിന് മുമ്പെ ചന്ദ്രന്‍ അസ്തമിച്ചുപോയിട്ടും നബി(സ)ബുധനാഴ്ച ഒന്നാം തിയ്യതിയായി നിശ്ചയിച്ചു. അതായത് 29-ന് സന്ധ്യക്ക് ചന്ദ്രക്കല നോക്കിയിട്ടില്ല, കണ്ടിട്ടില്ല, അഹില്ല നോക്കി മാസം അവസാനിക്കുന്നതിന്നു സാക്ഷിയായാല്‍ അത് പിറവിയുടെയും സാക്ഷിത്യമാണെന്ന് മനസ്സിലാക്കിയായിരുന്നു എന്നും സുവ്യക്തമായിരിക്കുന്നു. ഇതില്‍ നിന്നും മക്കയില്‍ മഗ്‌രിബിന് മുമ്പ് അല്ല, ഫജറിന് മുമ്പായി ന്യൂമൂണ്‍ ഉണ്ടാവുക എന്നതാണ് മാസപ്പിറവിയുടെ മാനദണ്ഡമെന്നും മനസ്സിലായിരിക്കുന്നു.


<<<<<<<<<<<<<<<<

നബിയുടെ ഹിജ്ജത്തുല്‍ വദാഅ് ഏത് ദിവസം? (പുനര്‍വായനയ്ക്ക്)
മുഹമ്മദ് നബി(സ)യുടെ ഹിജ്ജത്തുല്‍ വദാഅ് ഏത് ദിവസമാണെന്ന കാര്യത്തില്‍ ലോകത്ത് ഭിന്നാഭിപ്രായമാണുള്ളത്. യഥാര്‍ത്ഥ ദിവസം ഏതെന്ന കാര്യത്തില്‍ അന്വേഷണം നടത്താന്‍ മഹാഭൂരിപക്ഷവും ശ്രമിക്കുന്നില്ല. ഊഹങ്ങളിലും കെട്ടുകഥകളിലും കഴിച്ചുകൂട്ടുകയാണ് സമൂഹം. ചരിത്രകാരന്മാര്‍ ഏകകണ്ഠമായി രേഖപ്പെടുത്തിയ നബി(സ)യുടെ മകന്‍ ഇബ്രാഹീമിന്റെ മരണം 27.01.632അഉ യിലായിരുന്നു. അത് ഹി. 10-ാം വര്‍ഷം ശവ്വാല്‍ 30, തിങ്കളാഴ്ചയായിരുന്നുവല്ലോ. അന്ന് ഒരു സൂര്യഗ്രഹണവുമുണ്ടായിരുന്നു. സൂര്യഗ്രഹണം സംഭവിക്കുന്നത് മാസത്തിന്റെ അവസാന ദിവസത്തിലായിരിക്കും. അതിന് വ്യവസ്ഥാപിത പ്രപഞ്ച നിയമപ്രകാരം മാറ്റമുണ്ടാകുകയില്ല. 
ആ തിയ്യതിയെ അടിസ്ഥാനമാക്കി 30.10.10ഒ = 27.01.632 തിങ്കള്‍ എന്നു മനസ്സിലാക്കാം.
അപ്പോള്‍ ദുല്‍ഖഅ്ദ് ഒന്ന് ചൊവ്വാഴ്ചയായിരുന്നു.
ദുല്‍ഖഅ്ദ് 25ന് വെള്ളിയാഴ്ച നബി(സ) നാളെ ഹജ്ജിന് പുറപ്പെടുമെന്നറിയിച്ചു. (അതായത്, ചൊവ്വക്ക് ചൊവ്വ 22, ബുധന്‍ 23, വ്യാഴം 24, വെള്ളി 25, ഇതാണ് ശരിയായ കണക്ക്).
നബിയും അനുചരന്മാരും ശനിയാഴ്ച ബലിമൃഗങ്ങളെയെല്ലാം ഒരുക്കി തയ്യാറാക്കി ളുഹര്‍ 4 റക്അത്ത് നമസ്‌കരിച്ച് പുറപ്പെട്ടു. അതായത് ദുല്‍ഖഅ്ദ് 26 ശനി. അന്ന് അസ്വറിന് ദുല്‍ഹുലൈഫയില്‍ (ഇന്ന് അബ്‌യാര്‍ അലി) മീഖാത്തില്‍ എത്തി. അവിടെ വെച്ച് രണ്ട് റക്അത്ത് അസ്വര്‍ ഖസ്വ്‌റാക്കി നമസ്‌കരിച്ചു. അന്ന് രാത്രി അവിടെ കിടന്നുറങ്ങി. ദുല്‍ഖഅ്ദ് 27ന് ഞായറാഴ്ച സുബ്ഹിക്ക് ശേഷം നബി(സ) പറഞ്ഞു: ജിബ് രീല്‍(അ) വന്നു പറഞ്ഞു. ''ഇത് ബറക്കത്താക്കപ്പെട്ട സ്ഥലമാണ്. ഇവിടെ രണ്ട് റക്അത്ത് നമസ്‌കരിച്ചേ പോകാവൂ.'' അങ്ങിനെ അവര്‍ കുളിച്ച് ശുദ്ധിയായി ഇഹ്‌റാം ചെയ്ത് രണ്ട് റക്അത്ത് നമസ്‌കരിച്ചു. അത് ളുഹര്‍ നമസ്‌കാരമായിരുന്നു. അവിടെ വെച്ച് തല്‍ബിയ്യത്ത് ചൊല്ലി പുറപ്പെട്ടു. അങ്ങിനെ അടുത്ത ശനിയാഴ്ച (ദുല്‍ഹിജ്ജ 4) വൈകുന്നേരം 'ദൂത്തുവാഅ്' എന്ന സ്ഥലത്ത് എത്തുന്നു. അസ്വര്‍ ഖസ്വറാക്കി നമസ്‌കരിച്ച് അവിടെ താമസിച്ചു. രാവിലെ കുളിച്ച് ഹറമിലേക്ക് പ്രവേശിച്ചു. അത് ഞായറാഴ്ച (ദുല്‍ഹിജ്ജ 5) ആയിരുന്നു. അങ്ങനെ ഉംറ നിര്‍വ്വഹിച്ചു.
''ദുല്‍ഖഅ്ദ് 5 ബാക്കിയുള്ളപ്പോള്‍ യാത്ര പുറപ്പെട്ടു'' എന്ന ഹദീസ് ഇബ്‌നു ഹജര്‍ ഗവേഷണം ചെയ്ത് 4 ആണെന്ന് സ്ഥിരീകരിച്ചു തിരുത്തിയിട്ടുണ്ട്. അത് പ്രത്യേകം ശ്രദ്ധേയമാണ്. അത് ഫത്തഹുല്‍ ബാരിയില്‍ ഉണ്ട്. ആ യാത്രയില്‍ റസൂലും സ്വഹാബികളും 8 രാത്രികളാണ് എടുത്തത്. സാധാരണ മദീനത്തു നിന്നും മക്കയിലേക്കുള്ള യാത്രാദൂരം 8 രാത്രികളാണ്. അതില്‍ 4 ദിവസം ദുല്‍ഹിജ്ജിന്റേതാണ്. അപ്പോള്‍ നാം നോക്കേണ്ടത് ഞായറാഴ്ച ദുല്‍ഹിജ്ജ് എത്രയെന്നാണ്. അപ്പോള്‍ ദുല്‍ഹിജ്ജ് 5ന് ഞായറാഴ്ചയാണെന്നു കാണാം. അവിടെനിന്ന് എണ്ണിക്കഴിഞ്ഞാല്‍ വെള്ളിയാഴ്ച ദുല്‍ഹിജ്ജ് പത്താണെന്ന് തന്നെ മനസ്സിലാകുന്നു. അതായത് അറഫ - വ്യാഴാഴ്ചയും യൗമുനഹര്‍ (ബലിപെരുന്നാള്‍) വെള്ളിയാഴ്ചയുമാണെന്ന് കാണാം.
ഠമയൗഹമശേീി
ദുല്‍ഖഅദ്: 25 വെള്ളിയാഴ്ച.  ശനി - രാത്രി 1.  ഞായര്‍ - രാത്രി 2.  തിങ്കള്‍ - രാത്രി 3.
ചൊവ്വ - രാത്രി 4. അതായത് ദുല്‍ഖഅ്ദില്‍ 4 രാത്രികള്‍.
ദുല്‍ഹിജ്ജ ബുധന്‍ - 1 രാത്രി.  വ്യാഴം - 2 രാത്രി.  വെള്ളി - 3 രാത്രി. ശനി - 4 രാത്രി.  
ഞായര്‍ - 5 രാത്രി. ഹറമില്‍. അതായത് ദുല്‍ഹിജ്ജയില്‍ 5 രാത്രികള്‍.
ദുല്‍ഹിജ്ജഃ 5ന് ഞായറാഴ്ച നബി(സ)യും സ്വഹാബത്തും ഉംറ നിര്‍വ്വഹിച്ചു. തുടര്‍ ദിവസങ്ങള്‍ ഹജ്ജിനുവേണ്ടി കാത്തിരുന്നു.
ദുല്‍ഹിജ്ജഃ 6 - തിങ്കള്‍, 7 - ചൊവ്വ, 8 - ബുധന്‍ - (മിനായിലെത്തി ഹജ്ജില്‍ പ്രവേശിച്ചു,) 9 - വ്യാഴം - അറഫാദിനം. 10. വെള്ളി - യൗമുന്നഹ്ര്‍ (ബലിപെരുന്നാള്‍). (മുസ്ദലിഫയിലേക്ക് പോകും വഴിയില്‍ വെച്ചാണ് 'അല്‍ യൗമ അക്മല്‍ത്തുലക്കും.' മതം പൂര്‍ത്തിയായ സൂക്തം - നബിക്ക് ലഭിച്ചത്. അതിന്റെ പ്രഖ്യാപനം പിറ്റേ ന്ന് മിനായില്‍ വെച്ചാണ് പ്രവാചകന്‍ നടത്തിയത്.
അപ്പോള്‍ നബി(സ) അറഫ വ്യാഴാഴ്ചയും യൗമുന്നഹ്ര്‍ (ബലിപെരുന്നാള്‍) വെള്ളിയാഴ്ചയുമാണെന്ന് ബോധ്യമായി.
എന്നാല്‍ പലതവണ, മുമ്പും വിശദീകരിക്കുകയും മറുപടി നല്‍കുകയും ചെയ്തിട്ട് വീണ്ടും വീണ്ടും അബ ദ്ധം ലജ്ജയില്ലാതെ അച്ചടിച്ചു വിടുകയും അതിന്നായി വാശിപിടിക്കുകയും ചെയ്യുന്നവര്‍ തിരുത്താന്‍ തയ്യാറില്ലാത്തവരാണ്. എന്നാല്‍ അവയുടെ സത്യം ഗ്രഹിക്കാനാഗ്രഹിക്കുന്നവര്‍ക്കുവേണ്ടി എഴുതട്ടെ.
''മേല്‍പറഞ്ഞ ഒരു ന്യൂനതയും ഇല്ലാത്ത സ്വഹീഹായ ഹദീസുകള്‍ മുഴുവന്‍ തള്ളിക്കളഞ്ഞ് നബി(സ)യുടെ ഹജ്ജുത്തുല്‍ വിദാഇലെ അറഫാദിവസം വ്യാഴാഴ്ചയാണെന്നു വരുത്താന്‍ ചിലര്‍ തീവ്രശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. കാരണം എന്താണെന്നല്ലേ. കറുത്തവാവ് അടിസ്ഥാനമാക്കിയുള്ള മാസനിര്‍ണ്ണയം മുസ്‌ലിംകളുടെ ഇടയില്‍ നടപ്പില്‍ വരുത്തുന്നത് ന്യായീകരിക്കാന്‍ വേണ്ടി.'' (ശബാബ് വാരിക 06/09/13). 
ഈ വിഷയത്തില്‍ സൂക്ഷ്മപഠനം നടത്തുകയോ തിയ്യതികള്‍ പില്‍ക്കാലത്തുള്ള യൂറോപ്യന്‍ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയത് അപ്പടി പകര്‍ത്തിപ്പോരുകയോ ചെയ്തവര്‍ നബി(സ)യുടെ ഹിജ്ജത്തുല്‍ വദാഅ് വെള്ളിയാഴ്ചയാണെന്നു സ്ഥാപിക്കാന്‍ സാഹസപ്പെടുകയാണ് ചെയ്യുന്നത്. പല വിഷയങ്ങളിലും സംഭവിച്ച അബദ്ധങ്ങള്‍ സ്ഥിരീകരിക്കാന്‍ പലപ്പോഴും നമ്മുടെ പണ്ഡിതന്മാര്‍ ഹദീസുഗ്രന്ഥങ്ങളെയാണല്ലോ അവലംബിക്കാറുള്ളത്. എന്നാല്‍ ചില ഹദീസുകളില്‍ പരസ്പര വൈരുദ്ധ്യങ്ങളായിട്ടാണ് തിയ്യതികള്‍ പലതും കൊടുത്തിട്ടുള്ളത്. ഈ യാഥാര്‍ത്ഥ്യം കരുതിക്കൂട്ടി മറച്ചു വെയ്ക്കപ്പെടുന്നു. ഉദാഹരണത്തിനു നബിജന്മത്തിയ്യതി തിങ്കളാഴ്ചയാണ് എന്നത് സത്യസന്ധമാണ്. അന്ന് ഒരു ചന്ദ്രഗ്രഹണമുണ്ടായി എന്നതും സത്യമാണ്. എന്നാല്‍ തിയ്യതി പറഞ്ഞപ്പോള്‍ 9 എന്നും 12 എന്നും 14 എന്നും 17 എന്നും മറ്റുമായി പല പല റിപ്പോര്‍ട്ടുകള്‍ ഹദീസുകളില്‍ കാണാം. ചന്ദ്രഗ്രഹണം പൗര്‍ണ്ണമിയിലല്ലാതെ സംഭവിക്കില്ല. ഒമ്പതിനോ പന്ത്രണ്ടിനോ ഗ്രഹണമുണ്ടായെന്നു വന്നാല്‍ റബ്ബിന്റെ പ്രപഞ്ചവ്യവസ്ഥ തകര്‍ന്നു എന്നാണര്‍ത്ഥം.
അതുപോലെ നബിയുടെ ഹജ്ജിന്റെ യാത്രയ്ക്കിടയില്‍ ദുല്‍ഖഅ്ദഃ 29നു മാസം കണ്ടു എന്നു ചിലര്‍ ആവര്‍ ത്തിച്ചു തട്ടിവിടുന്നു. (ശബാബ് വാരിക 06/09/2013) ഒരു ലക്ഷത്തോളം സ്വഹാബിമാരോടൊപ്പം യാത്ര ചെയ്ത റസൂലിനോട് ഏതു സ്വഹാബിയാണ് മാസം കണ്ട വിവരം പറഞ്ഞത്? ഏതു ഹദീസു ഗ്രന്ഥത്തിലാണ് 29ന് മാസം കണ്ടു എന്നു വ്യക്തമായി പറയുന്നത്? ആവേശത്തോടെയുള്ള ആ യാത്രയില്‍ അവര്‍ എവിടെവെച്ച് എപ്പോള്‍ മാസം കണ്ടു? 29നു ചന്ദ്രനു കലയില്ല കാണാത്ത ദിവസമാണ് എന്ന പ്രപഞ്ചയാഥാര്‍ത്ഥ്യം അന്നു തകര്‍ന്നുപോയോ? അതല്ല പ്രവാചകന്റെ മുഅ്ജിസത്തിന്റെ ഭാഗമായി അല്ലാഹു 29നു സെപ്ഷ്യലായി ചന്ദ്രക്കല കാട്ടിക്കൊടുത്തെന്ന് ആരെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ? ഇതൊന്നുമില്ല എന്നതാണ് സത്യം.
ചരിത്രകാരന്മാരും ഹദീസ് റിപ്പോര്‍ട്ടര്‍മാരും ഉദ്ധരിക്കുന്ന തിയ്യതികളിലും മറ്റും സംഭവിക്കുന്ന വൈരുദ്ധ്യങ്ങള്‍ കണ്ടുപിടിച്ച് യഥാര്‍ത്ഥ്യം ഏതെന്ന് പുറത്തുകൊണ്ടുവരാന്‍ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ നമുക്കിന്നു ലഭ്യമാണ്. അത് അവലംബിക്കുക മാത്രമേ പരിഹാരമുള്ളൂ. അല്ലാതെ തര്‍ക്കിച്ചും ഭല്‍സിച്ചും സ്ഥാപിക്കാന്‍ കഴിയില്ല. ആധുനിക ഗണിത ഗോള ശാസ്ത്രജ്ഞാനം ഉപയോഗിച്ച് അതു കണ്ടുപിടിക്കാന്‍ ഒരു പ്രയാസവുമില്ല. അതനുസരിച്ച് ആയിരക്കണക്കില്‍ വര്‍ഷങ്ങള്‍ മുന്നോട്ടും പിന്നോട്ടുമുള്ള തിയ്യതികള്‍ നിമിഷങ്ങള്‍ കൊണ്ട് കണ ക്കു കൂട്ടിയെടുക്കാന്‍ കഴിയും. ഈ ലേഖനത്തില്‍ അതാണ് സ്വീകരിച്ചിട്ടുള്ളത്. ശാസ്ത്രീയമായി തെളിയിക്കേണ്ട വിഷയങ്ങള്‍ക്ക് അല്ലാഹുവിന്റെ പ്രപഞ്ചത്തിലെ ഒരിക്കലും തെറ്റാത്ത കണക്ക് (വി.ഖു 55: 5)ന്റെ ദൃഷ്ടാന്തങ്ങളും (ആയത്തുകള്‍) വൈരുദ്ധ്യങ്ങളോ എതിരഭിപ്രായങ്ങളോ ഇല്ലാത്ത സര്‍വ്വസമ്മതമായ കുറ്റമറ്റ പ്രവാചകചര്യയുടെ കൃത്യമായ ചരിത്രരേഖയും തന്നെയാണ് അവലംബിക്കേണ്ടത്. അല്ലാതെ തര്‍ക്കശാസ്ത്രമല്ല. സത്യം സത്യമായി കാണാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ.  
>>>>>>> >>>>>>>>>>>>>>>>>>>



13.09.2015 ഞായറാഴ്ച 6.55 UT ക്ക് ചന്ദ്രന്‍ സൂര്യനെ മറികടന്നതോടെ മാസമാറ്റം നടന്നു. അമാവാസി ദിവസം (New Moon Day) മാസാവസാന ദിവസമാണ്. പിറ്റേന്ന് (14.09.2015 തിങ്കള്‍) ദുല്‍ഹിജ്ജ മാസം ഒന്നാം തിയതിയായതിനാല്‍ 23.09.2015 ചൊവ്വാഴ്ച ദുല്‍ഹിജ്ജ 9 ആണ്. അന്നു ഹാജിമാര്‍ അറഫയില്‍ നില്‍ക്കുകയും അവരല്ലാത്ത ലോകമുസ്‌ലിംകളെല്ലാം അറഫാദിന നോമ്പനുഷ്ഠിക്കുകയും ചെയ്തുകൊണ്ട് ലോക മുസ്‌ലിം ഐക്യം സാക്ഷാല്‍ക്കരിക്കണം. 23.09.15 ബുധനാഴ്ച ഹാജിമാര്‍ കല്ലേറിനും മുടിയെടുക്കലിനും ശേഷം ബലികര്‍മമം നടത്തണം. അന്നേദിവസം ലോകമുസ്‌ലിംകള്‍ ഈദുല്‍ അള്വ്ഹായുടെ നമസ്‌കാരവും ശേഷം ബലികര്‍മ്മവും നടത്തണം. തിയ്യതിയും ദിവസവും തെറ്റിക്കാന്‍ പാടില്ല. അതിനു രാജകീയ തീരുമാനം ഉണ്ടായാലും ശരി.

ഹിജ്‌റ കമ്മറ്റി ഓഫ് ഇന്ത്യ
ഫാറൂഖ് കോളേജ് യൂണിറ്റ്

No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.