Monday, July 16, 2012

വീണ്ടും റമദാന്‍, വിശ്വാസികള്‍ക്ക് ഒരു മുന്നറിയിപ്പ്‌ -Ramadan 1433 - Notice by EKM team

വീണ്ടും റമദാന്‍, വിശ്വാസികള്‍ക്ക് ഒരു മുന്നറിയിപ്പ്‌

നിങ്ങള്‍ ദീനില്‍ പൂര്‍ണമായും പ്രവേശിക്കുക, വിശ്വാസിയായിക്കൊണ്ടല്ലാതെ നിങ്ങള്‍ മരിക്കാന്‍ ഇടയാകരുത് (വി.ഖു.) പരലോകവിചാരണവേളയില്‍ നിങ്ങള്‍ക്ക് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നില്ലേ എന്ന് അല്ലാഹു (സു.ത.) ചോദിക്കുമ്പോള്‍ ഞങ്ങളുടെ നേതാക്കള്‍ ഞങ്ങളെ വഞ്ചിച്ചു എന്നു മറുപടി പറയുകയും നേതാക്കന്മാര്‍ കൈ ഒഴിയുകയും ചെയ്യുന്ന സന്ദര്‍ഭം വി.ഖു. വിശദീകരിക്കുന്നുണ്ട്. മുമ്പില്‍ നടക്കുന്നയാള്‍ക്ക് വഴിതെറ്റിയാല്‍ പിന്നില്‍ നടക്കുന്നയാള്‍ ശരിയായവഴി കാണിച്ചുകൊടുക്കണം. നേര്‍മാര്‍ഗ്ഗത്തിലേക്ക് വരാന്‍ അദ്ദേഹം തയ്യാറാവുന്നില്ലെങ്കില്‍ പിന്നിലുള്ളവര്‍ ശരിയായ വഴിയിലേക്ക് മാറി നടക്കണമെന്നാണ് മേല്‍ ഖുര്‍ആന്‍ കല്പനകള്‍ പഠിപ്പിക്കുന്നത്.


വി.ഖുര്‍ആനും നബി(സ)യുടെ സുന്നത്തും ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട്  ദീനില്‍ കടത്തിക്കൂട്ടിയ എല്ലാ ബിദ്അത്തുകളും  നിഷ്‌കാസനം ചെയ്യാന്‍ പൂര്‍വ്വകാല പണ്ഡിതന്മാര്‍ ശ്രമിച്ചിട്ടുള്ള ചരിത്രം നമുക്കറിയാം. കാലനിര്‍ണ്ണയവിഷയത്തില്‍ മുസ്ലീംകള്‍ക്കുണ്ടായ വിശ്വാസവ്യതിയാനം നവോത്ഥാന പണ്ഡിതന്മാര്‍ മനസ്സിലാക്കിയിരുന്നു. കെ.എം.മൗലവി (റ) കണക്കിന്റെ വെളിച്ചത്തില്‍ നഷ്ടപ്പെട്ടുപോയ നോമ്പ് നോറ്റുവീട്ടാന്‍ ആഹ്വാനം ചെയ്തിരുന്നു. ഇന്നത്തെ സ്ഥിതിയോ? ഇന്ന് നടപ്പിലുള്ളതും ഇസ്‌ലാമിക വ്യവസ്ഥയും തമ്മില്‍ ഒരു താരതമ്യപഠനം ശരിയായ പാത തിരഞ്ഞെടുക്കാന്‍ നമ്മെ സഹായിക്കും.


മാസപ്പിറവി കണ്ടാലറിയിക്കുക!

മാസപ്പിറവി കണ്ടാലറിയിക്കുക എന്ന ആഹ്വാനം ശഅ്ബാന്‍ അവസാനം പത്രദ്വാരാ നമ്മുടെ മതനേതൃത്വം അറിയിക്കുന്നു. എന്താണ് മാസപ്പിറവി. സൂര്യാസ്തമയശേഷം ചന്ദ്രക്കല കണ്ണുകൊണ്ടു കണ്ടാലാണോ മാസപ്പിറവി ആരംഭിക്കുന്നത്? ചന്ദ്രക്കല കണ്ടില്ലെങ്കില്‍ 30 ദിവസം പൂര്‍ത്തിയാക്കിയാല്‍ വരുന്ന മാസങ്ങളില്‍ 28-ാം ദിവസം കാണുന്ന അവസ്ഥയുണ്ടാകും. അത് നബിവചനത്തിന്നെതിരാകുകയും ചെയ്യും. മാസാവസാനം (29-ാം തീയതി) സൂര്യാസ്തമയശേഷം ചന്ദ്രനെ കാണാന്‍ സാധിക്കുമോ? മാസാവസാനം ചന്ദ്രക്കല നോക്കല്‍ പ്രവാചക ചര്യയില്‍ പെട്ടതാണോ? പൂര്‍വ്വകാല പണ്ഡിതന്മാര്‍ ഇക്കാര്യത്തില്‍ എന്ത് അഭിപ്രായം പറഞ്ഞു? എങ്ങനെയാണ് മുസ്‌ലീംകള്‍ മാസാവസാനം ചന്ദ്രക്കല നോക്കുന്ന സമ്പ്രദായം തുടങ്ങിയത്. എന്താണ് യഥാര്‍ത്ഥ മതവിധി?

മാസപ്പിറവി ഖുര്‍ആനില്‍
ചന്ദ്രക്കലകളെ  സംബന്ധിച്ചു ചോദിക്കുന്നു, പറയുക, അവ (ചന്ദ്രക്കലകള്‍) ജനങ്ങള്‍ക്കും ഹജ്ജിനും തിയതികാണിക്കുന്നു. (2:189) ചന്ദ്രക്കലകള്‍ക്ക് ഭവനങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അവസാനം അത് ഉര്‍ജുനുല്‍ ഖദീം പോലെ ആയിത്തീരുന്നു. (36:39) അലാഹു - ആകാശ ഭൂമികളെ സൃഷ്ടിച്ച നാള്‍ മുതല്‍ കലണ്ടര്‍ സംവിധാനിച്ചിട്ടുണ്ട് എന്ന് 9/36 പറയുന്നു.
ഓരോ ദിവസവും ചന്ദ്രന്‍ അതതുദിവസത്തെ തീയതി കാണിക്കുന്നതായും ചന്ദ്രന്റെ ദൃശ്യമാകുന്ന അവസാനത്തെ കലയെ ഉര്‍ജുനുല്‍ ഖദീം പോലെ ആയിത്തീരുന്നു (പഴകിയ ഈത്തപ്പന കുലച്ചില്‍) എന്നും ഖുര്‍ ആന്‍ വ്യക്തമായി പഠിപ്പിച്ചിരിക്കുന്നു. മാസാവസാനം കാണാന്‍ കഴിയുന്ന കല ഉര്‍ജുനുല്‍ ഖദീം ആണെങ്കില്‍ അടുത്ത ദിവസം മാസത്തിലെ അവസാന ദിവസമാണെന്നും അന്ന് കല കാണുകയില്ലെന്നും സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാക്കാം. അന്ന് മാസപ്പിറവി സംഭവിക്കുന്നു. അടുത്തദിവസം പുതുമാസത്തിന്റെ ഒന്നാം തീയതിയാണെന്നതും തീര്‍ച്ചയാണ്. ഇതിനു പകരം പുതുചന്ദ്രന്റെ ആദ്യത്തെ കല കാണുന്ന ദിവസം പഴയ മാസത്തിന്റെ അവസാനദിവസമാണെന്ന മുസ്ലീം ലോകത്തിന്റെ ധാരണ പരമാബദ്ധമാണ്. ഖുര്‍ ആന്‍ വിശുദ്ധമാണ്.


മാസപ്പിറവി തഫ്‌സീറുകളില്‍

വി.ഖു. 10:5 ആയത്തിന്റെ വിശദീകരണത്തില്‍ ജലാലൈനി തഫ്‌സീര്‍ പറയുന്നത് ഒരു ചന്ദ്രമാസത്തിന്റെ അവസാനത്തെ രണ്ടുദിവസം ചന്ദ്രക്കല കാണുകയില്ല എന്നാണ്. അമാനി മൗലവിയുടെ തഫ്‌സീറിലും പറയുന്നു. “അവസാനം ഒന്നോ രണ്ടോ രാത്രി ചന്ദ്രക്കല അപ്രത്യക്ഷമാവും” എന്ന്. ഖുര്‍ആനില്‍നിന്നും ആദ്യകാല പണ്ഡിതന്മാരും മനസ്സിലാക്കിയിട്ടുള്ളത് മാസാവസാന ദിവസം ചന്ദ്രക്കല (ഹിലാല്‍) കാണുകയില്ല എന്നാണ്. ആദ്യമായി ചന്ദ്രക്കല കാണുന്നത് ഒന്നാം തീയതി സന്ധ്യക്കാണെന്ന് അമാനി മൗലവി 36:39 ആയത്തിന്റെ വിശദീകരണത്തില്‍ എഴുതിയിട്ടുണ്ട്. പുതുചന്ദ്രനെ കാണുന്ന ദിവസം ആണ് മാസാവസാനദിവസമെന്ന തെറ്റിദ്ധാരണ മുസ്‌ലീംകളിലുണ്ടായത് അടുത്ത കാലത്താണ്. ഈ തെറ്റായ സമ്പ്രദായം ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടതില്ലേ? നബി(സ) തന്റെ ജീവിതത്തില്‍ ഒരിക്കല്‍പോലും 29-ാം തീയ്യതി സന്ധ്യക്ക് ഹിലാല്‍ നോക്കിയിട്ടില്ല. നോക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുമില്ല.

മാസപ്പിറവി ശാസ്ത്രത്തില്‍

ഭൂമി ഒരുപ്രാവശ്യം സ്വയം ഭ്രമണത്തിന് എടുക്കുന്ന കാലം ഒരു ദിവസം. ചന്ദ്രന്‍ ഒരു പ്രാവശ്യം ഭൂമിയെ ചുറ്റാനെടുക്കുന്ന കാലം ഒരു മാസം. സൂര്യനു നേരെനിന്നു തുടങ്ങി അതേ സ്ഥാനത്ത് ചന്ദ്രന്‍ തിരിച്ചെത്തുന്ന കാലയളവാണ് ഇസ്‌ലാമിക മാസം. ഇതിന് 29.5 ദിവസം എടുക്കുന്നു. നബി(സ) പറഞ്ഞു മാസത്തില്‍ 29 അല്ലെങ്കില്‍ 30 ദിവസങ്ങളുണ്ടാകും. അതായത് ഭൂമിക്കും സൂര്യനുമിടയില്‍ ചന്ദ്രന്‍ ഒരു നേര്‍രേഖയില്‍ എത്തുന്നത് മുതല്‍ 29/30 ദിവസത്തിനുശേഷം അതേസ്ഥിതിയില്‍ തിരിച്ചെത്തുന്നതുവരെയുള്ള കാലയളവാണ് (ചന്ദ്രന്‍ ഭൂമിക്കുചുറ്റും കറങ്ങുന്നതാണ്) ഇസ്ലാമില്‍ ഒരു മാസം. സൂര്യനും ഭൂമിയും ചന്ദ്രനും ഒരു നേര്‍രേഖയില്‍ സമ്മേളിക്കുന്നതിനെയാണ് ന്യൂമൂണ്‍, അമാവാസി, ഗ്രഹണം എന്നെല്ലാം പറയുന്നത്.  ആസ്‌ട്രോണമിക്കല്‍ എന്‍സൈക്ലോപീഡിയയില്‍ ഒരു മാസത്തിന്റെ അളവും ഇതുതന്നെയാണ്.
ചന്ദ്രന് രണ്ട് അവസ്ഥകളുണ്ട്. ഖുര്‍ആനും ശാസ്ത്രവും അത് വ്യക്തമാക്കുന്നു. മാസത്തിലെ ആദ്യപാതിയില്‍ ചന്ദ്രന്‍ വളരുന്നു. (Waxing crescent) രണ്ടാംപാതിയില്‍ ചന്ദ്രക്കല ചെറുതാവുന്നു (Waning crescent) മാസാവസാനം ചെറുതായിവന്ന് ഒരുദിവസം ചന്ദ്രനെ കാണാതാവുന്നു. അടുത്ത ദിവസം പടിഞ്ഞാറെ ചക്രവാളത്തില്‍ വലുതാവുന്ന കല കാണാന്‍ തുടങ്ങുന്നു. അവസാനമായി കാണുന്ന ചന്ദ്രക്കലയെ ഉര്‍ജുനുല്‍ ഖദീം പോലെ (36:39) എന്ന് ഖുര്‍ആന്‍ പരിചയപ്പെടുത്തിയിരിക്കുന്നു. കാണാതാവുന്ന ദിവസം മാസത്തിലെ അവസാന ദിവസമാണ്. അവസാനം കാണുന്ന കലയുടെ രണ്ടറ്റങ്ങള്‍ (Horns) പടിഞ്ഞാറോട്ടു ലക്ഷ്യം വെയ്ക്കുമ്പോള്‍ മാസാദ്യം കാണുന്ന കലയുടെ രണ്ടറ്റങ്ങള്‍ കിഴക്കോട്ട് ലക്ഷ്യം വെയ്ക്കുന്നു. മാസാവസാനം പ്രഭാതത്തില്‍ കിഴക്കുഭാഗത്താണ് കാണുന്നതെങ്കില്‍ മാസാരംഭത്തില്‍ സന്ധ്യക്ക് പടിഞ്ഞാറില്‍ കാണുന്നു. ഇവ രണ്ടിനുമിടയില്‍  ഒരു ദിവസം കല കാണുന്നില്ല. അന്നാണ് മാസപ്പിറവി ഉണ്ടാകുന്നത്. മാസമാറ്റത്തോടൊപ്പം കലയുടെ ആകൃതിയും മാറുന്നു. മാസാവസാനത്തില്‍ ആദ്യം ചന്ദ്രന്‍ ഉദിക്കുന്നു. ശേഷം സൂര്യനും. അവസാനദിവസം ഭൂമിയില്‍ ഒരിടത്ത് സൂര്യനും ചന്ദ്രനും ഒരുമിച്ച് ഉദിക്കുകയും മദ്ധ്യാഹ്നത്തില്‍ ചന്ദ്രന്‍ സൂര്യനെ മറികടക്കുകയും ചെയ്യുന്നു (36:40). സന്ധ്യക്ക് ആദ്യം സൂര്യന്‍ അസ്തമിക്കുകയും ശേഷം ചന്ദ്രന്‍ അസ്തമിക്കുകയും ചെയ്യുന്നു. സൂറ ശംസില്‍ ഇതാ തലാഹാ എന്ന ആയത്തിനെ തഫ്‌സീര്‍ ഇബ്‌നു കസീര്‍ മാസത്തിലെ ആദ്യപാതിയില്‍ ചന്ദ്രന്‍ സൂര്യനെ പിന്തുടരുന്നു. അവസാനപാതിയില്‍ സൂര്യന്‍ ചന്ദ്രനെ പിന്തുടരുന്നു എന്ന് വിശദീകരിച്ചിരിക്കുന്നു.

ഇസ്‌ലാമിക കലണ്ടര്‍

ഇസ്‌ലാമിലെ സര്‍വ ആരാധനകള്‍ക്കും മതവിധിപ്രകാരം ജീവിതം ചിട്ടപ്പെടുത്താന്‍ കലണ്ടര്‍ അനിവാര്യമാണ്. വി. ഖുര്‍ആനിലെ പ്രധാനമായും 4 ആയത്തുകള്‍ 2: 189, 9:36, 10:5, 36:39 എന്നിവ ചന്ദ്രമാസ കലണ്ടറാണ് ഇസ്‌ലാം അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കിയിരിക്കുന്നു. ഇസ്‌ലാമിലെ ചരിത്ര സംഭവങ്ങളെല്ലാം ചന്ദ്രമാസ കലണ്ടറില്‍ അഥവാ ഹിജ്‌രി കലണ്ടറില്‍ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുണ്യദിനങ്ങളും മാസങ്ങളും ഹിജ്‌രി കലണ്ടറിലാണ്. കഴിഞ്ഞ നൂറ്റാണ്ടു വരെ നമ്മുടെ നാട്ടിലും തിയതി തെറ്റിയാലും ഹിജ്‌രി കലണ്ടര്‍ ഉപയോഗിച്ചിരുന്നു. ഇന്ന് മുസ്‌ലീംങ്ങള്‍ക്ക് ഒരു കലണ്ടറുണ്ടോ? മുസ്‌ലീം രാജ്യങ്ങളില്‍ പ്രാദേശികമായെങ്കിലും കലണ്ടര്‍ ഉപയോഗിക്കുമ്പോള്‍ കേരളത്തില്‍ നവോത്ഥാന പ്രസ്ഥാനങ്ങളടക്കം മുസ്‌ലീം സംഘടനകള്‍ ഇസ്‌ലാമിന്റെ കലണ്ടര്‍ തീര്‍ത്തും തിരസ്‌കരിച്ചിരിക്കുന്നു. സഊദി അറേബ്യ ഈ അടുത്ത കാലത്ത് പൊതു ആവശ്യങ്ങള്‍ക്ക് ഹിജ്‌രി കലണ്ടര്‍ തന്നെ ഉപയോഗിക്കണമെന്ന് ഉത്തരവിറക്കിയിരുന്നു. അതൊന്നും കേരള മുസ്‌ലീം സംഘടനകള്‍ക്ക് ബാധകമല്ല. പണ്ടൊക്കെ ഉറൂസ് നേര്‍ച്ചകള്‍ക്കെങ്കിലും ഹിജ്‌രി കലണ്ടര്‍ ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ അവരും ഇസ്‌ലാമിന്റെ ഈ സുപ്രധാനഭാഗം തമസ്‌കരിച്ചിരിക്കുന്നു. കല്യാണക്കത്തുകളിലും ഇപ്പോള്‍ ഹിജ്‌രി തിയതികള്‍ കാണാറില്ല. കേരളത്തിലെ പ്രമുഖ മുസ്‌ലീം സംഘടനകളുടെ സമ്മേളന പോസ്റ്ററുകള്‍ ശ്രദ്ധിച്ചുനോക്കുക. ഹിജ്‌രി തിയതി കാണുകയില്ല. അവരുടെ പത്രമാസികകളാണെങ്കില്‍ വ്യത്യസ്തമായ തിയതികളുമായിരിക്കും കാണിക്കുക. ഇവരാരും സൂറ തൗബയിലെ 36, 37 ആയത്തുകള്‍ കാണാറില്ലേ? അല്ലാഹുവിന്‌റെ കിതാബിലുളള മാസങ്ങളെ തള്ളിക്കളഞ്ഞ് മനുഷ്യനിര്‍മ്മിതങ്ങളായ കലണ്ടര്‍ കുടിയിരുത്തിയിരിക്കുന്നു. ഇത് മാറ്റി ഇസ്‌ലാമിക കലണ്ടര്‍ തന്നെ ഉപയോഗിക്കണമെന്ന സഊദി അറേബ്യയുടെ തീരുമാനം ഇത്തരുണത്തില്‍ ശ്ലാഘനീയമാണ്. എന്തുകൊണ്ട് കേരള മുസ്‌ലീങ്ങള്‍ക്കും ഈ തീരുമാനം അംഗീകരിച്ചുകൂടാ.


റമദാന്‍ മാസാരംഭം

നബി(സ) ശഅബാന്‍ മാസത്തെ പ്രത്യേകം നിരീക്ഷിക്കുമായിരുന്നു എന്ന് ആയിശ(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസ്(അബൂദാവൂദ്) പ്രകാരം മുസ്‌ലീം സംഘടനകള്‍ ചന്ദ്രക്കലകള്‍ നോക്കുന്നുണ്ടോ? 2012 ജൂണ്‍ 19 ന് ആഗോളസമയം 15.02ന് മാസപ്പിറവി ഉണ്ടായി. അതിനാല്‍ 20.06.12 ബുധനാഴ്ച ശഅബാന്‍ ഒന്നാം തീയതിയാണ്. ഹിന്ദുദിനപത്രത്തിന്റെ കണക്കില്‍ കോഴിക്കോട് ജൂണ്‍ 19-ാം തീയതി 5.43ന് ചന്ദ്രന്‍ ഉദിക്കുകയും ശേഷം 6.06 ന് സൂര്യന്‍ ഉദിക്കുകയും ചെയ്തു. ജൂണ്‍ 20ന് 6.06 ന് സൂര്യന്‍ ഉദിക്കുകയും ശേഷം 6.33 ന് ചന്ദ്രന്‍ ഉദിക്കുകയും ചെയ്തു. 12 മണിക്കൂറിനുശേഷം ഇവ രണ്ടും അസ്തമിക്കുന്നത് ഏതാണ്ട് 51 മിനിറ്റിന്റെ വ്യത്യാസത്തിലായിരിക്കും. ഇതില്‍നിന്ന് ശബാന്‍ ഒന്നിന്റെ ചന്ദ്രക്കല ഒന്നാം തീയതി (20-6-12) അസ്തമയസമയത്ത് മറ്റു തടസ്സങ്ങള്‍ ഒന്നുമില്ലെങ്കില്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ കാണാന്‍ സാധിക്കുമെന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.
അതുപോലെതന്നെ ശഅബാനിലെ അഹില്ല നിരീക്ഷിക്കുന്ന പക്ഷം റമദാന്‍ എന്നു തുടങ്ങുമെന്ന് നേരത്തെ മനസ്സിലാക്കാം. ശഅബാന്‍ 7ന് (26.6.12) ചന്ദ്രന്‍ തലയ്ക്കുമുകളില്‍ പടിഞ്ഞാറുഭാഗത്തായി അര്‍ദ്ധചന്ദ്രനില്‍ അല്‍പ്പം കുറഞ്ഞു കാണാം. ശഅബാന്‍ 23 വ്യാഴാഴ്ച പ്രഭാതത്തില്‍ തലയ്ക്കുമുകളില്‍ അര്‍ദ്ധചന്ദ്രനെ കാണാം. അടുത്ത ദിവസം (13.7.12, വെള്ളി) ചന്ദ്രന്‍ ഹിലാല്‍ (Crescent) രൂപം പ്രാപിക്കുന്നു. ഇതില്‍നിന്ന് അടുത്ത വെള്ളിയാഴ്ച റമദാന്‍ ഒന്നാണെന്ന് മനസ്സിലാക്കാം. നിരീക്ഷണം തുടര്‍ന്നാല്‍ 16.7.12 ബുധനാഴ്ച ഉര്‍ജുനൂല്‍ ഖദീം കാണാന്‍ സാധിക്കും. 19.07.12 വ്യാഴാഴ്ച ചന്ദ്രനനെ കാണുകയില്ല. തഫ്‌സീറുകളില്‍ രേഖപ്പെടുത്തിയപോലെ ചന്ദ്രനെ കാണാത്ത, മാസത്തിലെ അവസാന ദിവസമാണ് വ്യാഴം. അന്ന് ന്യൂമൂണും ചന്ദ്രന്റെ മറ്റു പ്രതിഭാസങ്ങളും നടക്കുന്നു. തുടര്‍ന്നു വെള്ളിയാഴ്ച ഈ വര്‍ഷത്തെ റമദാന്‍ ആരംഭിക്കുന്നു. ഈ തരത്തിലുള്ള ചന്ദ്രകല നിരീക്ഷണമാണ് സൂമൂലിറുഅ്‌യതിഹി എന്ന ഹദീസ് പ്രകാരം നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ഖുര്‍ആന്‍ 2: 189 ന്റെ വിശദീകരണമായാണ് നബി (സ) ജഅലല്ലാഹുല്‍ അഹില്ലത്ത മവാഖീത്തലിന്നാസ് സൂമൂലിറുഅ്‌യത്തീഹി വഫ്ത്വിറുലിറുഅ്‌യതിഹി എന്നു പഠിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഈ ഹദീസിന്റെ അവസാന ഭാഗം മാത്രമെടുത്ത് ആശയക്കുഴപ്പമുണ്ടാക്കുകയാണ് തല്‍പരകക്ഷികള്‍. കേരളത്തില്‍ ഒരു വിഭാഗം ശഅബാന്‍ ആരംഭിച്ചത് 21.06.12 വ്യാഴാഴ്ചയാണ്. മറ്റൊരു വിഭാഗം 22.7.2012 വെള്ളിയാഴ്ചയും ആരംഭിച്ചു. ഇവരില്‍ ഒരുകൂട്ടര്‍ക്ക് വ്യാഴാഴ്ചയും മറ്റൊരുകൂട്ടര്‍ക്ക് വെള്ളിയാഴ്ചയുമാണ് 29-ാം തീയതി. 30 പൂര്‍ത്തിയാക്കി ശനി, ഞായര്‍ ദിവസങ്ങളിലായേ ഇവര്‍ക്ക് നോമ്പ് തുടങ്ങാന്‍ കഴിയുകയുള്ളൂ. അതല്ല ശഅ്ബാന്‍ 29 വ്യാഴാഴ്ച കാപ്പാട്ടുകാര്‍ മാസപ്പിറവി കണ്ടു എന്നു പറഞ്ഞാല്‍ അത് ജലാലൈനിയുടേയും അമാനിതഫ്‌സീറിന്റേയും മാത്രമല്ല അല്ലാഹുവിന്റെ സുന്നത്തായ ശാസ്ത്രത്തിന്റേയും എതിരായതിനാല്‍ കളവാണെന്ന് പറയേണ്ടിവരും. ഇനിയും കണ്ണടച്ചു ഇരുട്ടാക്കാതെ മതനേതാക്കള്‍ കാര്യം പഠിച്ചു മനസ്സിലാക്കി സത്യപാതയിലേക്കു വരണമെന്ന് ദീനുല്‍ ഇസ് ലാമിന്റെ പേരില്‍ അഭ്യര്‍ത്ഥിക്കുന്നു. അല്ലെങ്കില്‍ കാര്യകാരണസഹിതം വസ്തുതകള്‍ നിരീക്ഷിച്ച് പഠിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ നിങ്ങള്‍ തലകുനിക്കേണ്ടി വരും എന്ന് ഓര്‍മ്മപ്പെടുത്തുന്നു.
ചന്ദ്രക്കലകളുടെ വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ അല്‍മനാകുകള്‍ വിവിധ രാജ്യങ്ങളിലെ വാനശാസ്ത്രപഠന ഗവേഷണ കേന്ദ്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ചന്ദ്രമാസങ്ങളുടെ കൃത്യമായ തിയ്യതിയും കലകളും അല്‍മനാകുകളില്‍ നിന്ന് മനസ്സിലാക്കാം. പ്രപഞ്ച സ്രഷ്ടാവിനെ മാത്രം ആരാധിക്കുന്ന മുസ്ലിംകള്‍ മാത്രമാണ് അല്‍മനാകുകള്‍ പ്രസിദ്ധീകരിക്കാതിരിക്കുന്നത് എത്ര ഖേദകരമാണ്.


ഹിജറ കമ്മറ്റിയുടെ ദൗത്യം

ശാസ്ത്രം അല്ലാഹുവിന്റെ സുന്നത്താണ്. വി. ഖുര്‍ ആന്‍ അല്ലാഹുവിന്റെ വചനങ്ങളും. ഇവ രണ്ടും ഭിന്നമാവില്ല. ഇസ്ലാലാം മനുഷ്യകുലത്തിനു നല്‍കിയ കുറ്റമറ്റ കാലഗണനാ നിര്‍ദ്ദേശമാണ് ചന്ദ്രകലമാസ കലണ്ടര്‍.  ഇതിനെ മുസ്‌ലീംകള്‍ തന്നെ തള്ളിക്കളയുന്നത് ശരിയല്ലെന്നു ബോധ്യമായതിനാല്‍ ഹിജ്‌രി കലണ്ടറിന്റെ പുനഃസ്ഥാപനാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന സംഘമാണ് ഹിജ്‌രി  കമ്മറ്റി ഓഫ് ഇന്ത്യ. അല്‍ഹംദുലില്ലാഹ് അതിന്റെ ദൗത്യം പൂര്‍ത്തിയായി വരികയാണ്. സഊദി അറേബ്യ കലണ്ടര്‍ തത്വത്തില്‍ അംഗീകരിച്ചുകഴിഞ്ഞു. ഇനി  അതിലുള്ള പോരായ്മകള്‍ പരിഹരിക്കുകയേ വേണ്ടു. ദക്ഷിണേന്ത്യയില്‍ പലഭാഗങ്ങളിലും ഹിജ്‌രി കലണ്ടര്‍ പ്രകാരം ആരാധനകള്‍ നിര്‍വഹിക്കുന്ന ഒരു സമൂഹം നിലവില്‍ വന്നിരിക്കുന്നു. ഇതിനെ തള്ളിക്കയുന്നവര്‍ അല്ലാഹുവിന്റെ മുമ്പില്‍ കാരണം ബോധിപ്പിക്കാന്‍ ബാധ്യസ്ഥരായിരിക്കും. സമൂഹത്തെ നോമ്പെടുപ്പിക്കുകയും പൂര്‍ത്തീകരിപ്പിക്കുകയും ചെയ്യുന്ന പണ്ഡിതന്മാരുടെ ഉത്തരവാദിത്വം വര്‍ദ്ധിച്ചതാണ്.
എന്റെ സന്ദേശം കേള്‍പ്പിക്കുക. ഹിദായത്ത് നല്‍കുന്നത് ഞാനാണെന്ന് അല്ലാഹു നബി(സ)യെ അറിയിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്. കാല്‍ നൂറ്റാണ്ടുകാലമായി കേരളത്തിലെ പണ്ഡിത നേതൃത്വത്തെ ഞങ്ങള്‍ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു. ബഹുഭൂരിപക്ഷവും മുഖം തിരിക്കുകയായിരുന്നു. മാത്രവുമല്ല തെറ്റിദ്ധാരണ പരത്തി ഹിജ്‌രി  കമ്മറ്റിയെ നശിപ്പിക്കാനാണ് അവര്‍ ശ്രമിച്ചിട്ടുള്ളത്. ഇത്തരുണത്തില്‍ ഈ വിഷയം സ്വന്തം മനസാക്ഷി പണയപ്പെടുത്താതെ, ബുദ്ധിയുപയോഗിച്ച് ചിന്തിച്ച് കാര്യം മനസ്സിലാക്കുകയും പൂര്‍ണ്ണമായും ദീനില്‍ പ്രവേശിച്ച് ഒരു മുസ്‌ലീമായിക്കൊണ്ട് തന്നെ മരിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന സഹൃദയര്‍ക്ക് മുന്നില്‍ ബോധിപ്പിക്കുന്നു.




ചന്ദ്രനിരീക്ഷണവും ചന്ദ്രമാസകലണ്ടറും

ചന്ദ്രനിരീക്ഷണത്തെക്കുറിച്ചും ചന്ദ്രമാസകലണ്ട റിനെക്കുറിച്ചും മള്‍ട്ടിമീഡിയ പ്രസന്റേഷന്റെ സഹായത്തോടെ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ശാസ്ത്രീയമായി വിശകലനം ചെയ്തുകൊണ്ട് വിശദമായി മനസ്സിലാക്കുവാനും പഠിക്കുവാനും ചര്‍ച്ചയില്‍ പങ്കെടുക്കുവാനും ഹിജിരി കമ്മിറ്റി ഓഫ് ഇന്‍ഡ്യ അവസരമൊരുക്കുന്നു. ഈ ഉദ്യമം പരമാവധി പ്രയോജനപ്പെടുത്തുവാന്‍ താങ്കളേയും ബന്ധുമിത്രാദികളേയും സാദരം ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.




Mob : 09605757190, 09895044827,
09961839685, 09962622000,
09946138808
Web : www.hijracalendar.in
Email : admin@hijracalendar.in


Click here to view pdf in new window


To Download, Right click > save target as 
pdf ; Pagemaker pmd ; Unicode

--Send by Abdul raheem, Edappally.


----------------------------------------------------
Related links

KHUTBA-SALAM PALAPETTA-13-JULY-2012, before RAMADAN 1433

RAMADAN MESSAGE by ALI MANIKFAN on 17-07-2012, RAMADAN 1433

മാസപ്പിറവിയും ഗോളശാസ്‌ത്രവും - ലഘുലേഖ

ഇസ്ലാമിക മാസനിര്‍ണ്ണയുമായി ബന്ധപ്പെട്ട് വിവിധ പണ്ഡിതര്‍ക്ക് അയച്ചു കൊടുത്ത ചോദ്യാവലിക്ക് ജനാബ് അലി മാണിക്‍ഫാന്‍ നല്‍കിയ മറുപടി.

ശഅ്ബാന്‍ മാസപ്പിറവി സംഘടനകള്‍ തെറ്റുതിരുത്തണം - ടി.അബ്ദുഷുക്കൂര്‍ ,കോഴിക്കോട്, ജൂലൈ 2012


Meeqatul Qibla and Islamic Calendar - By Ali Manikfan - MONTHLY * islamic voice Vol 13-02 No:146 * FEBRUARY 1999/ RAMADAN 1419H
Ramadan, EID days moon phases from Nautical Almanac (1433H/ 2012AD)


കാലാതിവര്‍ത്തിയായ മതത്തിന് കാലഹരണപ്പെട്ട കലണ്ടറോ? - സന്ദേശയാത്ര

വിശ്വാസികള്‍ക്ക് ഒരു താക്കീത് - (Announcement of Ramadan 1433 & Eid AD 2012)-Notice by Calicut committe

No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.