Saturday, April 23, 2022

കേരളത്തിലെ “ലോക മുസ്ലിംകളിലെ” ആശയക്കുഴപ്പവും, ഹിജ്രിക്കാരുടെ “അരിക്ക് പകരമുള്ള കല്ലും” !!! 23 Apr 2022 / 1443 Ramadan

വർഷങ്ങളായി നോമ്പ്, പെരുന്നാൾ മുതലായ അവസരങ്ങളോട് ബന്ധപ്പെട്ട കേരളത്തിലെ സോഷ്യൽ മീഡിയ ചർച്ചകൾ ശ്രദ്ധിക്കുന്നവർക്ക് ചില കുറിപ്പുകൾ പരിചിതമായിരിക്കും. ഫിജി, തുടങ്ങിയ ഡേറ്റ്‌ലയിനടുത്ത പ്രദേശങ്ങളിലെ സമയം സൂചിപ്പിക്കുന്ന കുറിപ്പുകളും, “ലോകമുസ്ലിംകളിൽ” നിന്ന് വേറിട്ട് നോമ്പും പെരുന്നാളും ആചരിക്കുന്ന ഹിജ്രിക്കാരുടെ “തനി നിറം” വെളിവാക്കലും.

പതിവ് പോലെ ഇത്തവണയും കുറിപ്പ് വന്നു. പക്ഷെ അതിൽ ചില വ്യത്യാസമുണ്ട്. ആദ്യഭാഗം ഇത് വരെ ഒന്നിച്ച് നോമ്പെടുത്ത കേരളത്തിലെ “ലോകമുസ്ലിംകളിലുണ്ടായ” അഭിപ്രായ വ്യത്യാസത്തെ പറ്റിയാണ്.

ഒരു വിഭാഗം Ex “ലോകമുസ്ലി”മിന് ചന്ദ്രക്കലയുടെ സാന്നിദ്ധ്യം കണക്ക് പ്രകാരം “എന്റെ പറമ്പിലെചക്രവാളത്തിൽ” ഉണ്ടായാൽ മതി. ഈ നിലപാടിനെ,  ……അപാര ധൈര്യം’ എന്ന് പരിഹസിക്കുന്ന മൗലവിയോട് വിനയത്തോടെ തന്നെ പറയട്ടെ, ഇതൊരു ധൈര്യം മാത്രമല്ല, നട്ടെല്ലും ചങ്കൂറ്റവുമാണ്. കണക്കിനെ പരിഗണിക്കാത്ത പുരോഹിതന്മാർ വാഴുന്നിടത്ത് കണക്കിനെ ഉയർത്തിക്കാട്ടി സമൂഹത്തെ പ്രബുദ്ധരാക്കാൻ ഇറങ്ങിത്തിരിച്ച ഹിലാൽ കമ്മിറ്റി അന്ന് കാണിച്ച അതേ ചങ്കൂറ്റവും നട്ടെല്ലും സദുദ്ദേശവും തന്നെയാണീ ചുവടുവെപ്പിന്റെ പ്രചോദനവും. എന്ന് ചങ്കൂറ്റത്തിന്റെ ലക്ഷണമായി ആത്മപ്രശംസ നടത്തപ്പെടുകയും ചെയ്യുന്ന ലേഖകന്റെ കൂട്ടർ.

രണ്ടാമത്തെ Ex “ലോകമുസ്ലിം” “ഒമ്പത് മാസങ്ങൾ കണക്കനുസരിച്ചും മൂന്ന് മാസങ്ങൾ കാഴ്ചയനുസരിച്ചും ഉറപ്പിക്കാമെന്ന” വീക്ഷണക്കാരാണ്.

മൂന്നാമത്തെ ടീം, മേൽ പറയപ്പെട്ട കക്ഷികൾ നിരന്തമായി “ചന്ദ്രക്കല കണ്ടു കൊണ്ടാണ് മാസം തുടങ്ങേണ്ടത് എന്ന് പറഞ്ഞ്  കേട്ട് കൊണ്ടിരുന്നപ്പോൾ, അതിനുള്ളിലെ പൊള്ളത്തരം സ്വയം തിരിച്ചറിഞ്ഞ് അതിന് പരിഹാരവുമായി രംഗത്ത് വന്നു. കാഴ്ചക്ക് വാദിക്കുന്നവർ “സീസണൽ” കാഴ്ചക്കാരാണെന്ന് മനസ്സിലാക്കിയ ഇവർ, 12 മാസവും നബി (സ) ചെയ്തിരുന്ന പോലെ ചന്ദ്രക്കല കണ്ട് കൊണ്ട് മാസാരംഭത്തിനിറങ്ങി.  “അക്ഷരാർത്ഥത്തിൽ” സുന്നത്തിന്റെ വാഹകരായി.

“നല്ല കാറ്റ് കിട്ടുന്ന” മുറി വേണമെന്ന് ലോഡ്ജിൽ മുറി ചോദിച്ചതിന്, നന്നായി കാറ്റ് കിട്ടുന്ന  മറ്റൊരു മുറിയുടെ ചാവി ലോഡ്‌ജ് അറ്റന്റർ കൊടുക്കുമ്പോൾ , “എനിക്ക് അത്രയും കാറ്റ് ആവശ്യമില്ല” എന്ന് നായകൻ പറയുന്ന ഡയലോഗ് പോലെ, മറ്റു ഗ്രുപ്പുകാർ  ഇപ്പോൾ ഇവരോട് പറയുന്നു “അത്രക്ക് സുന്നത്ത് വേണ്ട” എന്ന് !!!.

 

ചുരുക്കത്തിൽ, മുമ്പൊക്കെ ഒന്നിച്ച് നോമ്പ് തുടങ്ങിയ മുൻ “ലോകമുസ്ലിംകൾ” ഈ പരുവത്തിലായത് കൊണ്ട്, ഈ വർഷത്തെ കുറിപ്പിൽ “ലോകമുസ്ലിംകളിൽ “ നിന്ന് ഹിജ്‌രിക്കാരെ പുറത്താക്കാൻ വലിയ ശുഷ്‌കാന്തി പോര.  !!!!!

 

വലിയ ശാസ്ത്രീയ കുതിച്ച് ചാട്ടവും ചങ്കൂറ്റവുമായി ആഘോഷിക്കുന്ന “കാസർകോഡിനും തിരുവനന്തപുരത്തിനും” ഇടയിലുള്ള സൂര്യാസ്തമയ ശേഷമുള്ള ചന്ദ്ര സാന്നിദ്ധ്യം എന്ന കണക്ക്, “നബി(സ)യുടെ കാഴചക്കുള്ള ബദൽ” എന്ന നിലക്ക് പരിഗണിച്ചാൽ അത് തെറ്റാണെന്ന് കാണം.

1 – സൂര്യൻ അസ്തമിക്കുന്നതിന് മുമ്പ് ചന്ദ്രൻ അസ്തമിച്ച നിരവധി അവസരങ്ങളിൽ സൗദി അറേബ്യ ചന്ദ്രക്കല “കണ്ട്” കൊണ്ട് തന്നെ , അടുത്ത് ദിവസം തന്നെ മാസാരംഭം കുറിച്ചിട്ടുണ്ട്. പ്രസ്തുത കാഴചയെ നിങ്ങൾ ഏത് വകയിൽ പെടുത്തും ? കള്ള സാക്ഷ്യം എന്നോ?? നിങ്ങളുടെ കണക്ക് പ്രകാരം മാസം അന്ന് ആരംഭിക്കൽ പാടില്ല.

2-ഈ രീതിപ്രകാരം മാസം തുടങ്ങിയാൽ , നബി(സ) തുടങ്ങിയിരിക്കാൻ സാദ്ധ്യതയുള്ള ദിവസത്തേക്കാൾ മുമ്പായിരിക്കും ഇവർ മാസം തുടങ്ങുക. 5 മിനുട്ട് അസ്തമയ വ്യത്യാസം ഇവർക്ക് മാസമാറ്റത്തിന് നിദാനമാകുമ്പോൾ, സമാന അവസരത്തിൽ നബി(സ) 30 തികച്ചിട്ടാണ് ഉണ്ടാകുക. നബിയുടെ കാലത്ത് 5 മിനുട്ട് മുമ്പ് അസ്തമിച്ചാലും, ശേഷം അസ്തമിച്ചാലും ഒരു പോലെയാണ്. രണ്ടും കാണാനാകില്ല.

വിശദമായി ഈ വിഷയം മുമ്പ് ചർച്ച ചെയ്തിട്ടുണ്ട്. താല്പര്യമുള്ളവർക്ക് അത് ഇവിടെ വായിക്കാം. 

കണക്കുകാരോട് നിങ്ങളുടെ നിലപാടിലെ ചില വിശദീകരണങ്ങൾ ആരായുന്നു.

1- “ചക്രവാളത്തിൽ ചന്ദ്രസാന്നിധ്യമുണ്ടെന്ന ഉറപ്പിൽ പുതുമാസം ആരംഭിക്കാം” –എന്ന പ്രസ്താവന പ്രകാരം  നിങ്ങളൂടെ ചക്രവാളത്തിന്റെ പരിധി ഏത് ? എവിടെ മുതൽ എവിടെ വരെ സ്വീകരിക്കും ? അതിനപ്പുറമുള്ളത് തള്ളുന്നതിന്റെ കാരണമെന്ത് ?

.മാസപ്പിറവിയുടെ കാര്യം വിശദീകരിക്കുമ്പോൾ പ്രവാചകൻ(സ) ആമുഖമായി മുൻകൂട്ടി പറഞ്ഞ് വെച്ച ഒരു പ്രത്യേക കാര്യമുണ്ട്. “നമ്മൾ എഴുതുകയോ കണക്ക് കൂട്ടുകയോ ചെയ്യാത്ത നിരക്ഷരരായ ഒരു ജനതയാണ്” എന്ന്. ആർക്കും വളരെ ലളിതമായി മനസ്സിലാക്കാവുന്ന വലിയൊരു സൂചന.” . ഈ സൂചനകളൊക്കെ “കേരളത്തിന് മാത്രം ബാധകമാണൊ”. കേളത്തിനപ്പുറമുള്ള “എഴുത്തും വായനയുടെയും കാര്യത്തിൽ നിരക്ഷരതയിൽ തന്നെയാണോ നിങ്ങളും.   

2- എത്ര സമയം ചന്ദ്രസാന്നിധ്യമുണ്ടായിരിക്കണം.? മാസമാറ്റത്തിന് എത്ര മിനുട്ട് നിങ്ങൾ പരിഗണിക്കുന്നു മിനിമം സമയം എന്ന നിലയിൽ?

3- റമദാൻ 1 എന്ന ഒരു തിയതിയുള്ള എത്ര ദിവസമുണ്ടായിരിക്കും ? ഹിജ്‌രിക്കാർ മനസ്സിലാക്കുന്നു, ഒരു തിയതിയുള്ള ഒരു ദിവസം മാത്രം എന്ന്. നിങ്ങളോ ?

 

 

ഹിജ്രിക്കാരന്റെ നെടുവീർപ്പും കൂടെക്കൂടാനുള്ള മോഹ”ത്തെ ക്കുറിച്ച്.

ചന്ദ്രന്റെ ഒരു മാസ cycleൽ കൃത്യമായി പ്രവചിക്കാൻ കഴിക്കുന്ന ഒരു പ്രതിഭാസമാണ് ന്യൂമൂൺ. ന്യൂമൂൺ സംഭവിച്ച അടുത്ത നിമിഷം ഏറ്റവും നേർത്ത ചന്ദ്രക്കല രൂപപ്പെടുകയായി. പ്രത്യേക ഉപകരണങ്ങൾ വഴി അതിന്റെ ഫോട്ടൊ പോലും എടുക്കപ്പെട്ടിട്ടുണ്ട്.  വിശദമായ വായനക്ക് താല്പര്യപ്പെടുന്നവർക്ക് അത് ഇവിടെ വായിക്കാം. 

അസ്തമയ സമയം ആപേക്ഷികമാണ്. ന്യൂമൂൺ പോലെ കൃത്യമല്ല. ഒരേ പ്രദേശത്ത് പോലും ഉയരവ്യത്യാസമനുസരിച്ച് അസ്ത്മയ സമയം മാറും.

ന്യൂമൂൺ നടന്ന സമയത്തിന് ശേഷം , ഭൂമിയിൽ സൂര്യാസ്തമയം നടക്കുന്നിടത്തൊക്കെ സൂര്യാസ്തമയ ശേഷം ചന്ദ്ര സാന്നിധ്യം ഉണ്ടാകും.  ന്യൂമൂൺ  നടക്കുന്ന ആ പ്രദേശത്ത് സാധാരണയായി ഏതാണ്ട് 12 മിനുട്ടിനടുത്ത അസ്ത്മയ വ്യത്യാസവും ഉണ്ടാകും.

 ഉദാഹരണമായി,  1443 H/ 1 Apr 2022 ലെ ന്യൂമൂൺ സംഭവിച്ചത് തിരുവനന്തപുരത്തിനടുത്തായിരുന്നു, അന്ന് അവിടെ 13 മിനുട്ടിനടുത്ത് അസ്തമയ വ്യത്യാസം ഉണ്ടായിരുന്നു.

അതുകൊണ്ട് തന്നെ ഹിജ്രി കമ്മറ്റിയുടെ കണക്കിലും ചന്ദ്ര സാന്നിദ്ധ്യമില്ലാതെ പോകുന്നില്ല. വ്യത്യാസമെന്തെന്നാൽ, വിമർശകർ കേരളത്തിന്റെ പരിധിയിൽ മാത്രം ചന്ദ്രനെ ഒതുക്കുമ്പോൾ ,  ഹിജ്രിക്കാർ അത് ആഗോളതലത്തിലും, ആഗോള ദിവസത്തിലും പരിഗണിക്കുന്നു എന്ന് മാത്രം.

ഇതിന് എളുപ്പത്തിൽ നടത്താവുന്ന പരിഹാരം, ഹിജ്രി കമ്മറ്റി പുറത്തിറക്കുന്ന പോലുള്ള ഒരു UNIVERSAL HIJRI CALENDAR  “ശബാബും” പൂറത്തിറക്കുക. അപ്പോൾ തനിയെ IDL, Universal Day, UTC തുടങ്ങിയവയോടുള്ള അലർജി മാറിക്കൊള്ളും. കാസർകോഡിനും തിരുവനന്തപുരത്തിനും ഇടയിൽ “സുരക്ഷിതമായി” നിന്ന് ഹിജ്രി കമ്മറ്റിയെ കല്ലെറിയരുത്, അതിന് പുറത്ത് വന്നാൽ , പിന്നെ രണ്ടു കൂട്ടർക്കും കാര്യമായ വ്യത്യാസം ഉണ്ടാകില്ല.

 

നബിയുടെ അറഫ

നബിയുടെ അറഫ വ്യാഴാഴ്ചയായിരുന്നു. വെള്ളിയാഴ്ച , യൗമുന്നഹറിൽ നടത്തിയ പ്രഭാഷണമാണ്, നബിയുടെ കൂടെ ഹജ്ജ് ചെയതിരുന്നവരിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഇത് സംബന്ധമായി ഏറെ ചർച്ചകൾ നടന്നിട്ടുണ്ട്. അത് ആവർത്തിക്കുന്നില്ല. ലിങ്കുകൾ താഴെ,


അൽ യൗമു അക്മൽത്തു ലകും ദീനുകും.....അവതരണം എന്ന്? എവിടെ വച്ച് ?

നബി(സ) യുടെ അറഫ ???

ഹജ്ജത്തുല്‍വിദ്ദാഅ‌ - പ്രവാചകന്‍റെ ഹജ്ജ് ഏത് ദിവസമായിരുന്നു - തൂലികാ സംവാദം

നബിയുടെ വിടവാങ്ങല്‍ഹജ്ജും പള്ളി ചുവരുകളില്‍ പതിച്ച വലിയ നുണയും ചന്ദ്ര മാസ കലണ്ടറും

 

മാസം മുൻകടക്കൽ.

ന്യൂമൂൺ സംഭവിക്കുന്നതിന് മുമ്പ് പുതു മാസത്തിൽ ഭൂമിയിലെ ഒരു പ്രദേശത്തുള്ളവരും പ്രവേശിക്കരുത് എന്ന “വിലക്ക്” പരാമർശിച്ച വല്ല ഖുർആൻ വചനമോ, ഹദീസോ ഉണ്ടോ ?? വിലക്കാത്തതെല്ലാം അനുവദനീയമാണ്, ( 9 മാസം കലണ്ടർ നോക്കാൻ വിധി കണ്ടെത്തിയ പോലെ).

 

പ്രതീക്ഷയുണ്ട്.

ഗ്രൂപ്പുകൾ മൊത്തത്തിൽ അനഭിലഷണീയമാണെങ്കിലും, ഓരോത്തർക്കും ഇതരിൽ വ്യതിരിക്തത അവകാശപ്പെടാൻ അവർ എന്തെങ്കിലും പുതുതായി കണ്ടെത്തും. അത് ഇവിടെ ഗുണമായി. മൂന്ന് മുജാഹിദിനും ഒരേപോലുള്ള മാസ നിർണ്ണയ നിലപാടാണെങ്കിൽ പിന്നെ , മൂന്നായി നിൽക്കുന്ന പ്രസക്തി എന്ത് ? അതിനാൽ മൂന്ന് വ്യത്യസ്ഥ നിലപാട് സ്വീകരിച്ചു. അതിൽ കേളത്തിന്റെ മാത്രം കണക്ക് സ്വീകരിച്ചവർ “കേരളത്തിന്റെ അതിർത്തിക്കപ്പുറം കടക്കുകയും, ആഗോള കലണ്ടറിനെ പറ്റി ചിന്തിക്കുകയും ചെയ്താൽ” പിന്നെ ഹിജ്രിക്കാരുമായി വലിയ അന്തരമുണ്ടാവില്ല. കാത്തിരുന്ന് കാണാം.

 

-        അനീസ് ആലുവ.

-        23 Apr 2022

 

 

 

 

--

------------------------

In response to :-

മാസപ്പിറവി- നിലപാടുകളും ഒച്ചപ്പാടുകളും

-മൻസൂർ അലി ചെമ്മാട്

മരുന്നിന്റെ ചേരുവകൾ എത്ര നന്നായി അരച്ച് കൊടുത്താലും വൈദ്യർക്ക് ഒട്ടും തൃപ്തിയാവില്ല. “പോരാ, വെണ്ണ പോലെ അരയണം” എന്നായിരിക്കും അങ്ങേരുടെ സ്ഥിരം മറുപടി. സഹികെട്ട ജോലിക്കാർ ഒരിക്കൽ അരച്ച മരുന്നെന്ന വ്യാജേന സാക്ഷാൽ വെണ്ണ തന്നെ വൈദ്യർക്ക് കൊണ്ടുപോയി കൊടുത്തു. പതിവ് പോലെ വിരൽ കൊണ്ട് തോണ്ടി നോക്കിയിട്ട് വൈദ്യർ പറഞ്ഞു, “പോരാ...വെണ്ണ പോലെ അരയണം”.
മാസപ്പിറവി വിവാദത്തിൽ ചില കോണുകളിൽ നിന്നുയരുന്ന ‘പ്രമാണ വാദം’ കാണുമ്പോൾ ഈ വെണ്ണക്കഥയാണോർമ്മ വരുന്നത്. പ്രമാണമെന്ത് പറയുന്നുവെന്നോ തങ്ങൾ പ്രമാണത്തോട് എത്രമാത്രം അകലെയാണെന്നോ ഒന്നും നോക്കാതെ ഇതരന്റെ നിലപാടിന്റെ പ്രമാണ പിൻബലത്തെ സംബന്ധിച്ച് സംശയം പ്രചരിപ്പിക്കലാണ് ചില മൗലവിമാരുടെ ഹോബി.

മാസം കാണലിന്റെയും ഉറപ്പിക്കലിന്റെയും ആകാംക്ഷ മുറ്റിയ സന്ധ്യകളിൽ നാടിന്റെ ശ്രദ്ധാ ബിന്ദുവായി അല്പനേരം വാഴുന്നതിന്റെ പുളകോദ്‌ഗമം അങ്ങിനങ്ങ് മറന്ന് കളയാൻ പറ്റുമോ എന്നാണ് പലരുടെയും ഭാവം. കാപ്പാട്ടെയും മാറാട്ടെയും കൂട്ടായിയിലെയുമൊക്കെ സാക്ഷികളെയൊക്കെ വിസ്തരിച്ച് പൊരിക്കാനും അവരിൽ പലരെ കൊണ്ടും, “തൊപ്പിക്കുടയോളം വട്ടത്തിൽ കണ്ടാലും ഇനി ഞാൻ മിണ്ടൂല” എന്ന് പറയിപ്പിക്കാനുമൊക്കെയുള്ള ആ അവസരം സാങ്കേതിക വിജ്ഞാനത്തിന്റെയും ശാസ്ത്ര പുരോഗതിയുടെയും പേരു പറഞ്ഞ് ഇല്ലാതാക്കാൻ ഒരല്പം മടി കാണും യാഥാസ്ഥിതിക പുരോഹിതന്മാർക്ക്. പക്ഷെ വിവരമുണ്ടെന്ന് ഗണിക്കപ്പെടുന്ന മൗലവിമാരുടെ അവസ്ഥയോ...

മറ്റേത് രംഗങ്ങളിലുമെന്ന പോലെ മാസപ്പിറവി വിഷയത്തിലും സമൂഹത്തിനു മുന്നിൽ നടന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ അഡ്രസ്സിലും ചില കുറിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ പറക്കുന്നുണ്ട്. നിലപാടില്ലായ്മയുടെയും അന്ധമായ വിധേയത്വത്തിന്റെയും ആരോടൊക്കെയോ ഉള്ള വിരോധത്തിന്റെയും ഒക്കെ വൈകൃതവും വൈകല്യവും ആ പ്രതികരണങ്ങൾക്കോക്കെയുണ്ടെന്ന് പറയാതെ വയ്യ. മുകളിൽ സൂചിപ്പിച്ച വെണ്ണക്കഥ പോലെ ‘പ്രമാണം പ്രമാണം’ എന്ന് ഇടക്കിടക്ക് തിരുകി വെക്കുന്നുണ്ടെങ്കിലും അണികളെ തണുപ്പിക്കാനുദ്ദേശിച്ചുള്ള കേവലം സംഘടനാ കുറിപ്പുകൾ മാത്രമാണ് പലതും. മതാനുശാസനകൾ പഠന വിധേയമാക്കാനോ പ്രസ്ഥാനത്തിന്റെ പൈതൃകവും നയനിലപാടുകളും അനുധാവനം ചെയ്യാനോ തയ്യാറാവാതെ അപരനെ ഒന്ന് കൊട്ടാനുള്ള ആവേശമാണ് പലതിന്റെയും പിന്നിലുള്ളത്. ഒരു ഗവേഷണ വിഷയമാണെന്ന ബോധം പോലുമില്ലാതെ സമൂഹമാധ്യത്തിൽ കടിച്ചു കീറുന്ന മൗലവിമാരെന്തിനാണിങ്ങിനെ വിയർപ്പൊഴുക്കുന്നതെന്ന സംശയം സാധാരണക്കാരിൽ പോലും വളർന്ന് വന്നിട്ടുണ്ട്.

-പിന്നോട്ട് കുതിക്കുന്നവരുടെ ദുർന്യായങ്ങൾ:
ഏതായാലും മുജാഹിദുകൾ ശാസ്ത്രത്തിന്റെ പിൻബലത്തോടെ സമർത്ഥിച്ചിരുന്ന, ‘കണക്കിന്റെ‘ കണിശത പുതിയ സാഹചര്യത്തിൽ മാറ്റി വെച്ച്, ഈ കോലാഹലത്തിൽ കൊടിയുയർത്തി രംഗത്ത് വന്ന ചിലർ ഇപ്പോൾ ‘ഉമ്മിയ്യാ’വാൻ മൽസരിക്കുകയാണ്. കണ്ണു കൊണ്ട് തന്നെ പിറ കണ്ടിട്ടേ എല്ലാ മാസവും തുടങ്ങാവൂ എന്ന നിലപാടിൽ മുന്നോട്ട് പോവുകയും നമസ്കാരമുൾപ്പെടെ മത കർമ്മങ്ങൾക്ക് പോലും അടിസ്ഥാനപ്പെടുത്തുന്ന കണക്കിന് മാസനിർണയത്തിൽ പാടെ അയിത്തം കൽപ്പിക്കുകയും ചെയ്തിരുന്ന യാഥാസ്ഥിതിക വിഭാഗത്തെ തിരുത്താൻ പണിപ്പെട്ടിരുന്ന ചില മൗലവിമാരാണിപ്പോൾ പിറകോട്ട് നടക്കുന്നത്. പല അന്ധവിശ്വാസങ്ങളുടെ കാര്യത്തിലും യാഥാസ്ഥിതികരോട് കൈകോർത്ത് നേരത്തെ നയം മാറ്റിയ ഇവർ മാസപ്പിറ വിഷയത്തിലും അവരോട് കൈകോർക്കുന്ന കാഴ്ചയാണ് രണ്ട് വർഷമായി നമ്മൾ കാണുന്നത്. പ്രവാചകന്റെ കാലത്തെ രീതി വള്ളിപുള്ളി വിടാതെ കൂട്ടിപ്പിടിക്കുകയാണത്രെ ഇവർ. ആയിക്കോട്ടെ, എങ്കിൽ എല്ലാ കാര്യങ്ങളിലേക്കുമതങ്ങോട്ട് നടപ്പാക്കാം. നമസ്കാര സമയ നിർണയത്തിന് ‘സുന്നത്തി’ലേക്ക് പോവലാവട്ടെ ആദ്യ പടി. അല്ലാ...സംശയങ്ങൾ കൂടുകയാണ്...ഫിത്വ്‌റ് സകാത്ത് നമ്മൾ അരിയല്ലേ കൊടുക്കുന്നത് അത് പറ്റുമോ മൗലവീ? പള്ളികളിലെ തറാവീഹ് ജമാ‌അത്തിന്റെ കാര്യം അപ്പോ എങ്ങിനെയാ? ഓരോരോ പ്രദേശത്തുകാർക്കും അവരവരുടെ പിറ ദർശനം മാനദണ്ഡമാക്കേണ്ടേ? ബഡ്കലിലെ പിറദർശനം കേരളത്തിലേക്ക് ബാധകമാക്കിയ മാനദണ്ഡം ഈ ‘കണിശ’മായ നിലപാടനുസരിച്ച് ന്യായീകരിക്കാവുന്നതാണോ? പ്രസ്ഥാനത്തിൽ നിന്ന് ഭിന്നിച്ച് പോവും മുൻപ് ഒട്ടേറേ വിഷയങ്ങളിൽ ഭിന്നവീക്ഷണങ്ങൾ പ്രചരിപ്പിച്ചിരുന്നവർ അപ്പോഴൊന്നും പറയാത്ത ഇത്തരം പുത്തൻ വാദങ്ങൾ ഏറ്റെടുത്തത് കൊണ്ടിരിക്കുന്നത് വേർപെടലിനുള്ള ന്യായീകരണത്തിന്റെ പവറ് കൂട്ടാനാണോ ആവോ.

-3 കാഴ്ചയും 9 കണക്കും!!!
യാതൊരു മാനദണ്ഡങ്ങളുമില്ലാതെ ഞാനോ നീയോ വലുതെന്ന ചിലരുടെ ധാർഷ്ട്യത്തിൽ അടുത്തടുത്ത മഹല്ലുകളിൽ വ്യത്യസ്ത ദിവസങ്ങളിൽ നോമ്പും പെരുന്നാളുമാഘോഷിക്കേണ്ടി വന്ന, കേരള മുസ്ലിംകളുടെ ഇന്നലെയുടെ ഗതികേടിനറുതി വരുത്താൻ കണക്കിന്റെ സാധ്യതയും സാധുതയും പഠിപ്പിച്ച് ഒരു പരിധിവരെ ഈ രംഗത്ത് ജാഗരണം സാധ്യമാക്കാൻ കഴിഞ്ഞ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ പേരിൽ തന്നെയാണ് അടുത്ത ഒച്ചപ്പാടും. കണക്കാവാം പക്ഷെ മൂന്ന് മാസങ്ങൾ ഉറപ്പിക്കണമെങ്കിൽ കണ്ണു കൊണ്ടുള്ള കാഴ്ച നിർബന്ധം. മറ്റു മാസങ്ങളോ? അത് വേണ്ട. അതിനു വല്ല തെളിവുമുണ്ടോ? കണക്ക് പ്രകാരം സൂര്യാസ്തമയ വേളയിൽ ചക്രവാളത്തിൽ ചന്ദ്ര സാന്നിധ്യമില്ലാത്ത ദിവസങ്ങളിൽ പിറ നോക്കാതെ മുപ്പത് പൂർത്തിയാക്കാൻ ആഹ്വാനം ചെയ്യുന്നതിന് പ്രമാണത്തിന്റെ പിൻബലമുണ്ടോ?
എല്ലാറ്റിനും ഉത്തരമുണ്ടാവും, പക്ഷെ കണ്ണുകൊണ്ട് കാണുന്നതിന് പകരം കൃത്യമായ ബോധ്യം മതിയെന്ന നിലപാടിനെ പ്രമാണവിരുദ്ധമെന്ന് തള്ളിപ്പറയുമ്പോൾ ആ ഉത്തരങ്ങളൊന്നും മതിയാകാതെ അല്പം വിയർക്കേണ്ടി വരും മൗലവീ. കൃത്യമായ കണക്കനുസരിച്ച് രൂപപ്പെടുത്തിയ കലണ്ടറുകളിൽ നിന്ന് ലഭ്യമാവുന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ മാസനിർണയമാവാം എന്ന നിലപാടിനെ ‘അപാര ധൈര്യം’ എന്ന് പരിഹസിക്കുന്ന മൗലവിയോട് വിനയത്തോടെ തന്നെ പറയട്ടെ, ഇതൊരു ധൈര്യം മാത്രമല്ല, നട്ടെല്ലും ചങ്കൂറ്റവുമാണ്. കണക്കിനെ പരിഗണിക്കാത്ത പുരോഹിതന്മാർ വാഴുന്നിടത്ത് കണക്കിനെ ഉയർത്തിക്കാട്ടി സമൂഹത്തെ പ്രബുദ്ധരാക്കാൻ ഇറങ്ങിത്തിരിച്ച ഹിലാൽ കമ്മിറ്റി അന്ന് കാണിച്ച അതേ ചങ്കൂറ്റവും നട്ടെല്ലും സദുദ്ദേശവും തന്നെയാണീ ചുവടുവെപ്പിന്റെ പ്രചോദനവും.
ബാലചന്ദ്രൻ ചക്രവാളത്തിലില്ലാത്ത ദിനങ്ങളിൽ മുൻകൂട്ടി കലണ്ടറനുസരിച്ച് മാസം പ്രഖ്യാപിക്കുന്നതിനും മൂന്ന് മാസങ്ങളൊഴികെ മറ്റെല്ലാ മാസങ്ങളും കലണ്ടറനുസരിച്ചാവാമെന്ന് ഫത്‌വ നൽകുന്നതിനും നിങ്ങളവലംബിച്ച അതേ ഇജ്തിഹാദ് മതി സർ, ചക്രവാളത്തിൽ ചന്ദ്രസാന്നിധ്യമുണ്ടെന്ന ഉറപ്പിൽ പുതുമാസം ആരംഭിക്കുവാനും. അങ്ങിനെയൊരു തീരുമാനമെടുക്കാനുള്ള പ്രബുദ്ധതയും കെട്ടുറപ്പും നെഞ്ചുറപ്പും തങ്ങളുടെ സംഘടനക്കില്ല എന്നത് കൊണ്ട് മാത്രം ഇതരരെ പരിഹസിക്കാതിരിക്കുന്നതല്ലേ പക്വത. ഗവേഷണാത്മകമായ ഒരു നിലപാടിൽ പരിഷ്കരണങ്ങൾക്കും തിരുത്തലുകൾക്കുമുള്ള സാധ്യത പാടെ നിഷേധിക്കുന്നത് വിനയായേക്കും, പ്രത്യേകിച്ച് മാസപ്പിറ വിഷയത്തിൽ.

-ചിന്തിക്കാം, തിരിച്ചറിയാം:
പ്രവാചകനും സ്വഹാബത്തും 29ന് മാനത്ത് പരതിയത് പുതുചന്ദ്രൻ പിറന്നിട്ടുണ്ടോ എന്നതായിരുന്നു. അവർ അത് കണ്ടില്ലെങ്കിൽ മാസം പിറന്നിട്ടില്ല എന്ന നിഗമനത്തിൽ മുപ്പത് പൂർത്തിയാക്കുകയാണ് ചെയ്യാറ്. നമ്മളോ, പുതുചന്ദ്രൻ ചക്രവാളത്തിൽ ഇത്ര മിനുറ്റ് ഉണ്ട് എന്ന് അറിഞ്ഞ് കൊണ്ട് മാനത്തേക്ക് കണ്ണും നട്ടിരിക്കുന്നു. അത് കണ്ടില്ലെങ്കിൽ, മാസം പിറന്നിട്ടുണ്ട് പക്ഷെ നമ്മളത് കണ്ടിട്ടില്ല എന്ന നിഗമനത്തിൽ മുപ്പത് പൂർത്തിയാക്കുന്നു. ഈ വ്യത്യാസം മാത്രം മതി നമ്മൾ സ്വായത്തമാക്കിയ അറിവും കഴിവും അടിസ്ഥാനപ്പെടുത്തി മാസനിർണയത്തിൽ പ്രമാണവിരുദ്ധമാവാതെ നമ്മളെന്ത് നിലപാടെടുക്കണമെന്ന് തീരുമാനിക്കാൻ. മാത്രമല്ല, 29ന് പിറവി കണ്ടില്ലെങ്കിൽ പിന്നെ 30ന് കാണാൻ പോവുന്നില്ല. കാണലല്ല ഉറപ്പാണ് മാനദണ്ഡമെന്നും അക്കാലത്ത് ആ ഉറപ്പിനുള്ള മാർഗ്ഗമായിരുന്നു കാണൽ എന്നും ഇതിൽ വ്യക്തമാണ്.

മാസപ്പിറവിയുടെ കാര്യം വിശദീകരിക്കുമ്പോൾ പ്രവാചകൻ(സ) ആമുഖമായി മുൻകൂട്ടി പറഞ്ഞ് വെച്ച ഒരു പ്രത്യേക കാര്യമുണ്ട്. “നമ്മൾ എഴുതുകയോ കണക്ക് കൂട്ടുകയോ ചെയ്യാത്ത നിരക്ഷരരായ ഒരു ജനതയാണ്” എന്ന്. ആർക്കും വളരെ ലളിതമായി മനസ്സിലാക്കാവുന്ന വലിയൊരു സൂചന. ഈ സൂചന മറ്റു പല കാര്യങ്ങളിൽ നമ്മൾ ചേർത്ത് വെച്ചു. എഴുതുകയോ കണക്ക് കൂട്ടുകയോ ചെയ്യാത്ത നിരക്ഷരരായ ആ ജനത നമസ്കാര സമയം നിർണയിക്കാൻ മാനദണ്ഡമാക്കിയിരുന്നത് നിഴലിനെയായിരുന്നു. നിഴലളന്ന് നമസ്കാര സമയം കണ്ടെത്തിയിരുന്ന അവരെ അതേ പടി പിൻപറ്റുന്നതിന് പകരം അറിവും കഴിവും വിപുലമായപ്പോൾ പുതിയ മാനദണ്ഡങ്ങളിലൂടെ നമസ്കാര സമയം നിർണയിക്കാൻ തുടങ്ങി. ഏത് മാർഗ്ഗത്തിലൂടെ കണ്ടെത്തിയാലും അനുശാസിക്കപ്പെട്ട സമയക്രമങ്ങൾ തന്നെയാണ് കണ്ടെത്തുന്നതെന്ന ഉറപ്പ് വേണമെന്ന് മാത്രം. ആ ഉറപ്പിന്റെ കാര്യത്തിലിന്ന് ആർക്കും സംശയമില്ല. ചുമരിൽ തൂങ്ങുന്ന കലണ്ടറും ഘടികാരവും നോക്കി ബാങ്ക് വിളിക്കുന്ന മുസ്ലിംകൾക്കാർക്കും ഇന്ന് ഒരു മനസാക്ഷിക്കുത്തുമില്ല. കാരണം ആ ഉറപ്പ് തന്നെ.

-പുതിയ ചിന്തയല്ല:
22 വർഷം മുൻപ് ഈ കുറിപ്പുകാരൻ ശബാബിൽ ഒരു ലേഖനമെഴുതിയിരുന്നു. അതിലുന്നയിച്ച ചില കാര്യങ്ങൾ അനുബന്ധമായി ഇവിടെ ചേർക്കുന്നു.
"....നബി(സ)യുടെ ജനനത്തിനു മുൻപ് സംഭവിച്ച ആനക്കലഹത്തെ കുറിച്ച് ഖുർആനിൽ അല്ലാഹു നബിയോട് ചോദിക്കുന്നത് നീ കണ്ടില്ലേ എന്നാണ്. നബി(സ) ആനക്കലഹം കണ്ണുകൊണ്ട് കണ്ടിരുന്നോ?
ഞാൻ എപ്രകാരം നമസ്കരിക്കുന്നതായി നിങ്ങൾ കണ്ടുവോ, അപ്രകാരം നിങ്ങൾ നമസ്കരിക്കുക എന്ന നബിവചനം നബി(സ)യുടെ നമസ്കാരം കണ്ണ് കൊണ്ട് കണ്ടവർക്ക് മാത്രമാണോ ബാധകമാവുക?
സൂറത്തു യൂസുഫിലെ 4ാം വചനത്തിലെ ‘റ‌അയ്‌തു’ എന്ന പദത്തിന്റെ അർത്ഥം കണ്ണുകൊണ്ടുള്ള കാഴ്ച തന്നെ ആണോ?
‘നിങ്ങളിലാരെങ്കിലും ആ മാസത്തിന് സാക്ഷ്യം വഹിച്ചാൽ അവൻ നോമ്പനുഷ്ഠിക്കട്ടെ’ എന്ന് ഖുർആൻ പറയുന്നു. സാക്ഷ്യത്തിന്റെ മാനദണ്ഡം കണ്ണുകൊണ്ടുള്ള കാഴ്ച മാത്രമാണോ? അല്ലാഹുവിന്റെ ഉണ്മയെ കുറിച്ച് സാക്ഷ്യം വഹിക്കുന്ന നാം ഒരിക്കലും അങ്ങിനെ വാദിക്കില്ലല്ലോ.
മനുഷ്യനെ സൃഷ്ടിക്കുന്നതിനു മുൻപ് തന്നെ, അതായത് ആകാശഭൂമികളെ സൃഷ്ടിച്ചപ്പോൾ തന്നെ വേർതിരിച്ച് നിശ്ചയിക്കപ്പെട്ടതെന്ന് ഖുർആൻ(9:36) വിശേഷിപ്പിക്കുന്ന മാസങ്ങൾ മനുഷ്യന്റെ കാഴ്ചയെ അടിസ്ഥാനമാക്കിയാണ് മാറുന്നതെന്ന് എങ്ങിനെ പറയും?
സൂറ. ഹജ്ജ് 27ാം സൂക്തമനുസരിച്ച് ഒട്ടകപ്പുറത്തും കാൽനടയായും മാത്രമേ ഹജ്ജിന് പോകാവൂ എന്ന് (നേരെ അർത്ഥം നൽകി) വാദിക്കാമോ?
ഒരു കെട്ടിടം പോലെയും ശരീരം പോലെയുമെന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട സമുദായത്തിലെ അംഗങ്ങളുടെ സാക്ഷ്യം മാസനിർണയ മാനദണ്ഡമായി പഠിപ്പിക്കപ്പെടുമ്പോൾ, നാം മാസ നിർണയത്തെ പ്രാദേശികമാക്കി സങ്കുചിതമാക്കുന്നത് എപ്രകാരം ന്യായീകരിക്കും? ഒരാളുടെ സാക്ഷ്യം ഉദയ മേഖലക്കുമപ്പുറത്ത് പിറകെ വരുന്ന ഓരോ പ്രദേശങ്ങൾക്കും ബാധകമാക്കാൻ എന്താണ് തടസ്സം?..............”(ശബാബ് വാരിക 2000 മാർച്ച് 17)
നോക്കൂ, മുജാഹിദുകൾക്കിടയിൽ ആദ്യ പിളർപ്പുണ്ടാവുന്നതിനും മുൻപാണീ ലേഖനം പ്രസിദ്ധീകൃതമാവുന്നത്. അതിനും എത്രയോ വർഷങ്ങൾക്ക് മുൻപേ തന്നെ നിരവധി ചർച്ചകൾക്കും പഠനങ്ങൾക്കും വിഷയീഭവിച്ചിട്ടുള്ള നിലപാടാണ് പിറവി ബോധ്യമാവാൻ കണ്ണ് കൊണ്ടുള്ള കാഴ്ചക്ക് പകരം കൃത്യമായ അറിവ് മതി എന്നത്. വിശുദ്ധ ഖുർആനിൽ തന്നെ റആ എന്ന പദം വിവിധ അർത്ഥങ്ങളിൽ ഉപയോഗിച്ചിട്ടുണ്ടെന്നതും കണ്ണ് കൊണ്ട് കാണുക എന്ന മാർഗ്ഗം പഠിപ്പിക്കുമ്പോൾ തന്നെ തങ്ങളുടെ നിരക്ഷരതയും കണക്കിലും എഴുത്തിലുമുള്ള അറിവില്ലായ്മയും ചേർത്ത് പറയുന്നുവെന്നതും ഈ വീക്ഷണത്തിന് പിൻബലമേകുന്നു.

-ഹിജ്രിക്കാരന്റെ നെടുവീർപ്പും കൂടെക്കൂടാനുള്ള മോഹവും:
ഇങ്ങിനെയൊക്കെ പറഞ്ഞ് വരുമ്പോൾ ഒരു കോണിൽ വമ്പിച്ച ആഘോഷം നടക്കുന്നതും തമാശയാണെങ്കിലും പറയാതിരിക്കരുതല്ലോ. വല്ലാത്ത നെടുവീർപ്പാണ് ആ പാളയത്തിൽ നിന്നുയർന്നത്. “മൂന്നു പതിറ്റാണ്ടായി ഹിജ്റ കമ്മിറ്റി പറയുന്നിടത്തു എത്തുന്നേയുള്ളൂ മർകസുദ്ദഅവ, വരട്ടെ. വഴിക്കുവാ . അവകാശ വാദം അനുവദിച്ചു തരുന്നു. വലിയ ധീരത” എന്നൊക്കെയുള്ള ഊറ്റം പറച്ചിൽ കേട്ട് ഊറിച്ചിരിക്കുകയല്ലാതെ എന്ത് ചെയ്യാൻ. മർകസു‌ദ്ദ‌അവ പറയുന്നതെന്താണെന്ന് പോലും മനസ്സിലാക്കാൻ അങ്ങേർക്ക് കഴിഞ്ഞിട്ടില്ല, അല്ല, അതൊക്കെ വേർതിരിച്ച് മനസ്സിലാക്കാനുള്ള കഴിവും സന്നദ്ധതയുമുണ്ടെങ്കിൽ ബുദ്ധി, ഒരു വ്യക്തിയുടെ തലയിലുദിച്ച ആശയത്തിനായി പണയം വെച്ച് തൗഹീദി പ്രബോധന പ്രസ്ഥാനത്തിന്റെ എതിർപക്ഷത്ത് നിലയുറപ്പിക്കുമായിരുന്നില്ലല്ലോ.

“പടച്ചവനേ, മുജാഹിദുകളിലെ ഏതെങ്കിലുമൊരു വിഭാഗത്തെ ഇതേറെറടുക്കുന്നവരാക്കിത്തരേണമേ എന്ന തങ്ങളുടെ ഒരു പതിറ്റാണ്ടായ പ്രാർത്ഥന പടച്ചവൻ സ്വീകരിച്ചെന്ന്” ആശ്വാസം കൊള്ളുന്നത് ജനങ്ങളെ വിഡ്ഡികളാക്കാനല്ലാതെ മറ്റെന്തിനാണ്? മർകസു‌ദ്ദ‌അവ ഹിജ്രി കമ്മിറ്റിയുടെ നൂതനവാദത്തിന്റെ ഒരംശം പോലും ഏറ്റെടുത്തിട്ടില്ലെന്നും അവരുടെ വിതണ്ഡവാദങ്ങളെ പ്രമാണബദ്ധമായി പൊളിച്ചടുക്കാൻ സജ്ജരായി മർകസു‌ദ്ദ‌അവ ഇന്നും രംഗത്തുണ്ടെന്നും ആർക്കാണറിയാത്തത്? “നെല്ല് ഉമ്മ കുത്തിയാലും മരുമകൾ കുത്തിയാലും മകൾ കുത്തിയാലും അരിയായി കിട്ടിയാൽ മതി” എന്ന് പറഞ്ഞ് മർകസുദ്ദ‌അവയും ഹിജ്രി കമ്മിറ്റിയും ഒരേ ആശയത്തിലാണെന്ന് ആർത്ത് വിളിക്കാൻ ഇവരെ പ്രേരിപ്പിക്കുന്നത് രണ്ട് പതിറ്റാണ്ടോളം കൊണ്ടു നടന്നിട്ടും പോയിടത്തു നിന്നെല്ലാം ആട്ടിയകറ്റപ്പെട്ടതിന്റെ അപകർഷതാ ബോധം മാത്രമാണ്. ഉമ്മ നെല്ല് കുത്തുമ്പോൾ മരുമകൾ കല്ലാണ് കുത്തിക്കൊണ്ടിരിക്കുന്നതെന്നും മരുമകളുടെ ഉരലിൽ നിന്ന് അരി പ്രതീക്ഷിച്ചിരിക്കുന്നത് പൊട്ടത്തരമാണെന്നും ഹിജ്രിക്കാർ എത്രയും നേരത്തെ തിരിച്ചറിഞ്ഞാൽ അത്രയും നന്ന്. ഇസ്ലാമിന്റെ മാനദണ്ഡപ്രകാരം സൗദിയിൽ പ്രഖ്യാപിക്കപ്പെടുന്ന നോമ്പും പെരുന്നാളും ഇതുപോലെത്തന്നെ എപ്പോഴെങ്കിലും മണിക്ഫാന്റെ മാനദണ്ഡ പ്രകാരമുള്ള നോമ്പും പെരുന്നാളിനോട് യാദൃശ്ചികമായി ഒത്തുവന്നാൽ, സൗദി ഇതാ ഞങ്ങളെ അംഗീകരിച്ചിരിക്കുന്നേ എന്ന ആർപ്പുവിളികൾ മുൻപ് പലപ്പൊഴും കേട്ടിട്ടുള്ള മുജാഹിദുകൾക്ക് ഈ ഊറ്റം പറച്ചിലും പടക്കം പൊട്ടിക്കലും ഹിജ്രിക്കാരുടെ സ്വയം ആശ്വാസം കണ്ടെത്താനുള്ള സഹതാപാർഹമായ പ്രകടനങ്ങളായേ കാണാനാവൂ.

ചക്രവാളത്തിൽ ഹിലാലിന്റെ സാന്നിധ്യമുണ്ടായാൽ മതി, അത് കണ്ണ് കൊണ്ട് കാണേണ്ടതില്ല എന്ന മുജാഹിദുകൾക്കിടയിൽ പതിറ്റാണ്ടുകളായി ചർച്ചയിലുള്ള ഒരു നിലപാടാണ് മർകസു‌ദ്ദ‌അവ ഇപ്പോൾ സ്വീകരിച്ചിട്ടുള്ളത്. ഒരു വേള,ഹിലാൽ കമ്മിറ്റിയുടെ നേതൃത്വം വഹിച്ചിരുന്ന പണ്ഡിതന്മാർ പോലും ഈ വീക്ഷണത്തെ അനുകൂലിക്കുന്നവരുണ്ടായിരുന്നു. ഈ ചർച്ചയുടെ ഭാഗമായിട്ടാണ് മുകളിൽ ഉദ്ധരിച്ച ശബാബിലെ ലേഖന പരാമർശങ്ങൾ ഈയുള്ളവൻ അത്രയും കാലം മുൻപ് എഴുതിയത്. ആ ലേഖനത്തിലും ഹിജ്രികമ്മിറ്റിയുടെ വാദങ്ങളിലെ വിഡ്ഡിത്തങ്ങളും പ്രവാചകാധ്യാപന ലംഘനങ്ങളും വിശദമായി പരാമർശിച്ചിട്ടുമുണ്ട്.

“നിങ്ങളതിനെ കണ്ടാൽ നോമ്പ് നോൽക്കുക, അതിനെ കണ്ടാൽ നോമ്പ് അവസാനിപ്പിക്കുക” എന്നും “നിങ്ങൾ ഹിലാലിനെ കാണാതെ നോമ്പ് നോൽക്കരുത്. അത് കാണാതെ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യരുത്” എന്നുമൊക്കെയുള്ള മാസനിർണയ മാനദണ്ഡത്തിലേക്ക് വിരൽ ചൂണ്ടുന്ന ഹദീസുകളിൽ ‘അത്’ എന്ന് പ്രവാചകൻ വിശേഷിപ്പിച്ചത് ഹിലാലിനെയാണെന്നതിൽ ഒരു തർക്കവും ലോക മുസ്ലിംകൾക്കിടയിലില്ല. ഈ കുറിപ്പിൽ പരാമർശിച്ച ഹിജ്രി അല്ലാത്ത മൂന്ന് നിലപാടുകളും ഇതേ ഹിലാലിനെ മാനദണ്ഡമാക്കിക്കൊണ്ടുള്ളതാണ്. ആ ഹിലാലിന്റെ പിറവി ബോധ്യപ്പെടാൻ വ്യത്യസ്ത രീതികൾ അവലംബിക്കുന്നുവെന്നത് മാത്രമാണ് ഇവരിലെ വിയോജിപ്പുകളുടെ അടിസ്ഥാനം. ഒരു കൂട്ടർ കണക്കിനെ തീരെ പരിഗണിക്കാതെ എല്ലാ മാസവും കാണണമെന്ന വീക്ഷണവും ഒമ്പത് മാസങ്ങൾ കണക്കനുസരിച്ചും മൂന്ന് മാസങ്ങൾ കാഴ്ചയനുസരിച്ചും ഉറപ്പിക്കാമെന്ന ഒരു വീക്ഷണവും മുഴുവൻ മാസങ്ങളും ഉറപ്പിക്കാൻ കണക്ക് തന്നെ അവലംബിച്ചാൽ മതി എന്ന മറ്റൊരു വീക്ഷണവുമാണവ. സ്വാഭാവികമായും മതപരമായ ഗവേഷണാത്മക നിലപാട് എന്ന ആനുകൂല്യം ഈ മൂന്ന് വീക്ഷണങ്ങൾക്കുമുണ്ട്. ഓരോ വീക്ഷണക്കാരും അവരവരുടെ വീക്ഷണങ്ങളുടെ അന്യൂനതയും പ്രാമാണികതയും പ്രായോഗികതയും സമർത്ഥിക്കാനും മറ്റുള്ളവയിലെ പോരായ്മകൾ ചൂണ്ടിക്കാണിക്കാനും ശ്രമിക്കുന്നതും സ്വാഭാവികം തന്നെ.

എന്നാൽ പ്രവാചകൻ പഠിപ്പിച്ച ഹിലാൽ എന്ന മാനദണ്ഡം അട്ടിമറിച്ച് പകരം മിഹാഖ്(ന്യൂമൂൺ) ആയി നിശ്ചയിക്കുകയും പ്രമാണങ്ങൾ ദുർവ്യാഖ്യാനിക്കുകയും പരിശുദ്ധ ഹജ്ജ് കർമ്മത്തോടനുബന്ധിച്ച് സമാന്തര അറഫ സംഘടിപ്പിക്കുക പോലുള്ള ലോകമുസ്ലിംകൾക്കിടയിൽ കേട്ടുകേൾവി പോലുമില്ലാത്ത നെറികേടുകൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന ഹിജ്രി കമ്മിറ്റിയുടെ വാദങ്ങളും നിലപാടും ഒരിക്കലും ഇജ്തിഹാദിന്റെ പരിധിയിൽ പോലും വരുന്നതല്ല.

പ്രവാചകന്റെ മാസ നിർണയ മാനദണ്ഡവും ഹിജ്രിക്കാരുടെ മാനദണ്ഡവും രണ്ടാണെന്നത് മനസ്സിലാക്കാൻ ഒരുദാഹരണം പറയാം, ഹിജ്‌റ 10ാം വര്‍ഷം ദുല്‍ഹിജ്ജ 9 (AD 632 മാർച്ച് 6) വെളളിയാഴ്ചയായിരുന്നു നബി(സ)യുടെ പ്രസിദ്ധമായ അറഫ എന്ന് തെളിയിക്കുന്ന മൂന്ന് ഹദീഥുകള്‍ ഇമാം ബുഖാരി 45, 4604, 7268 നമ്പറുകളിലായി ഉദ്ധരിച്ചിട്ടുണ്ട്. മുസ്‌ലിം പണ്ഡിതന്‍മാര്‍ നിരാക്ഷേപം അംഗീകരിച്ച ഒരു വിഷയമാണിത്. എന്നാൽ ഹിജ്രികമ്മിറ്റി ഉയർത്തിക്കാണിക്കുന്ന കലണ്ടറനുസരിച്ചാണെങ്കിൽ ഏത് ദിവസമായിരിക്കും ആ വർഷത്തെ ദുല്‍ഹജ്ജ് 9 എന്ന് പരിശോധിക്കുക. എ ഡി 632 ഫെബ്രുവരി 25 ചൊവ്വാഴ്ച രാത്രിയാണ് ന്യൂമൂണ്‍ അഥവാ കറുത്ത വാവ്. ഹിജ്രി കമ്മിറ്റിയുടെ കലണ്ടറനുസരിച്ച് ഫെബ്രുവരി 26 ബുധനാഴ്ച ദുല്‍ഹജ്ജ് ഒന്നാവണം. അപ്പോള്‍ ദുല്‍ഹജ്ജ് 9 വ്യാഴാഴ്ചയാവണം. പക്ഷെ നബി(സ) അറഫയില്‍ സമ്മേളിച്ചത് വെളളിയാഴ്ചയായിരുന്നല്ലോ. പ്രവാചകൻ ദുൽഹജ്ജ് 9 ആയി പ്രഖ്യാപിച്ച ദിനമല്ല ഹിജ്രി കമ്മിറ്റി കണക്കാക്കുന്ന ദുൽഹജ്ജ് 9 എന്നത് തന്നെ മതിയല്ലോ, ‘ഉമ്മ നെല്ല് കുത്തുമ്പോൾ മരുമകൾ കല്ലാണ് കുത്തിക്കൊണ്ടിരിക്കുന്നതെന്നും’ മരുമകളുടെ ഉരലിൽ നിന്ന് അരി പ്രതീക്ഷിച്ചിരിക്കുന്നത് അബദ്ധമാണെന്നും മനസ്സിലാക്കാൻ.

ഇനി, ഹിജ്രിക്കാരൻ തന്റെ കുറിപ്പ് അവസാനിപ്പിക്കുമ്പോൾ മർകസുദ്ദ‌അവക്കാരോട് ഉന്നയിക്കുന്ന അഭ്യർത്ഥനയാണ് മറ്റൊരു തമാശ. അതിപ്രകാരം: “വരുന്ന മെയ് ഒന്ന് ഞായറാഴ്ച പരസ്യമായി നിങ്ങൾ നടത്തുന്ന ഈദുഗാഹ് കൃത്യമായ ഗോളശാസ്ത്ര കണക്കനുസരിച്ചാക്കാൻ മുൻകൂട്ടി തയ്യാറെടുക്കുക.” മെയ് ഒന്നിന്റെ തങ്ങളുടെ പെരുന്നാളിലേക്ക് കുറച്ചാളുകളെ കിട്ടിയാലോ എന്ന വ്യാമോഹം തരക്കേടില്ല. പക്ഷെ പ്രവാചകൻ പറഞ്ഞതിനേക്കാൾ മണിക്ഫാൻ പറഞ്ഞതിനെ പ്രമാണമാക്കാൻ യഥാർത്ഥ മുസ്ലിംകൾക്ക് സാധ്യമല്ലെന്ന് ദയവായി മനസ്സിലാക്കുക. മർകസുദ്ദ‌അവക്കാരുടെ മാസനിർണയത്തിലുള്ള നിലപാട് ഹിജ്രിയുടെ വിതണ്ഡ വാദങ്ങളോട് കൂട്ടിക്കെട്ടാൻ ഒരിക്കലും കഴിയില്ല. കാരണം, ഇത്തവണത്തെ ഈദുൽഫിത്വറിന്റെ കാര്യമെടുത്താൽ തന്നെ ബോധ്യമാകും. സൂര്യാസ്തമയ സമയത്ത് ചക്രവാളത്തിൽ ഹിലാലിന്റെ സാന്നിധ്യം നോക്കിയായിരുന്നു പ്രവാചകൻ മാസം നിർണയിച്ചിരുന്നത്. ഈ വരുന്ന ഏപ്രിൽ 30ന് മഗ്‌രിബിന് നമ്മുടെ ചക്രവാളത്തിൽ ഹിലാലിന്റെ സാന്നിധ്യമില്ലെന്ന് മാത്രമല്ല ആ മഗ്‌രിബിനു മുൻപോ എന്തിന്, നമ്മൾ മെയ് ഒന്നിലേക്ക് പ്രവേശിക്കുന്നതിനു മുൻപോ ന്യൂമൂൺ പോലും സംഭവിക്കുന്നില്ല. മെയ് ഒന്നിലേക്ക് പ്രവേശിക്കുമ്പോൾ പോലും സംഭവിക്കാത്ത ന്യൂമൂണിന്റെ പേരിലാണ് ഹിജ്രിക്കാർ മെയ് ഒന്നിന് ഈദാഘോഷിക്കുന്നത്. അതിലേക്കാണ് ഇപ്പോൾ ഇവർ മർകസുദ്ദ‌അവയെ ക്ഷണിക്കുന്നത്. റമദാനിൽ നിങ്ങൾക്കൊപ്പം പെരുന്നാളാഘോഷിക്കാൻ മുജാഹിദുകളില്ല കൂട്ടരേ. മരുമകൾ ഉരലിലിട്ട് കൊല്ലങ്ങളായി കുത്തിക്കൊണ്ടിരിക്കുന്നത് കല്ലാണെന്നും അതിൽ നിന്നും അരി കിട്ടാൻ പോവുന്നില്ലെന്നും കുറച്ച് കൂടി വ്യക്തമായിട്ടുണ്ടാവുമല്ലോ. മർകസുദ്ദ‌അവയുടെ നിലപാടിനെ കൊച്ചാക്കാൻ, അവർ ഹിജ്രിയുമായി ഒട്ടാൻ പോവുകയാണെന്ന് വോയ്സും ടെക്സ്റ്റും പോസ്റ്റ് ചെയ്ത് രസിക്കുന്ന വേറേ ചില മൗലവിമാരെയും സോഷ്യൽ മീഡിയയിൽ കാണുന്നുണ്ട്. അവരും സംഘടനാപരമായ അസഹിഷ്ണുത വെടിഞ്ഞ് വിഷയത്തിന്റെ മർമ്മം പഠിക്കട്ടെ എന്നേ പറയാനുള്ളൂ. ✍️
22.04.22







No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.